വീട്ടില്‍ മന്ത്രോച്ചാരണവും മണിയടിയുമൊക്കെ ഉണ്ടെങ്കിലും അത് എന്താണെന്നോ എന്തിനാണെന്നോ ആരും പറഞ്ഞു കൊടുത്തിരുന്നില്ല. അന്വേഷിച്ചുമില്ല. അങ്ങിനെ ഒരു ശീലം ഇല്ല. കണ്ടതെല്ലാം അതേപടി അനുകരിക്കുന്നതായിരുന്നു രീതി. ഇത് മൂലം ആകര്‍ഷണം അപ്പുറത്തേക്കായി. ചര്‍ച്ച തുടങ്ങി. ആചാര്യന്‍ പറഞ്ഞു. സ്മിതയുടെ കൂട്ടുകാരികളോട് ജാതി മത പരിഗണന വെച്ച് വീട്ടുകാര്‍ വില കുറച്ച് പെരുമാറിയെങ്കില്‍ അത് തെറ്റ്.
അതിഥികളെ ദേവതുല്യരായി സ്വീകരിക്കണമെന്നാണ് സനാതന പ്രമാണം. എന്നാല്‍ സ്മിത ഇപ്പോള്‍ വിശ്വസിക്കുന്ന ബൈബിളില്‍ ഇതര മതസ്ഥരോട് എങ്ങിനെ പെരുമാറാനാണ് പറഞ്ഞിട്ടുള്ളത്? സ്മിതയെ കൊണ്ട് തന്നെ വായിപ്പിച്ചു. അന്യ ദേവന്മാരെ ആരാധിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലാനാണ് ആവര്‍ത്തന പുസ്തകം 17: 2-7 ല്‍ യഹോവ പറയുന്നത്.
ഒരു നഗരത്തില്‍ അന്യ ദൈവാരാധന നടന്നാല്‍ നഗരം തന്നെ കത്തിക്കണമെന്നും ആവര്‍ത്തന പുസ്തകം 13:12 – 16 ല്‍ പറയുന്നു. ‘നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് വസിക്കാന്‍ നല്‍കുന്ന നഗരങ്ങളിലൊന്നില്‍ നിങ്ങളുടെ ഇടയില്‍ നിന്ന് ചില നീചന്മാര്‍ ചെന്ന് നമുക്ക് പോയി മറ്റ് ദേവന്മാരെ സേവിക്കാം എന്ന് നീ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെക്കുറിച്ച് പറഞ്ഞ് ആ നഗരവാസികളെ വശീകരിച്ചു എന്ന് കേട്ടാല്‍ നീ അത് തിരക്കി അന്വേഷിച്ച് താത്പര്യപൂര്‍വം വിസ്തരിച്ചറിയണം. അത്തരം ഒരു മ്ലേച്ഛത നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുവെന്നത് സത്യവും തീര്‍ച്ചയും ആയാല്‍ ആ നഗരവാസികളെ നീ നിശ്ചയമായും വാളിന് ഇരയാക്കണം.’
മേല്‍ വായിച്ച വാചകങ്ങളുടെ അര്‍ത്ഥവും വ്യാഖ്യാനവും പറഞ്ഞ് കൊടുത്ത് അടുത്ത ഖണ്ഡിക വായിക്കുവാന്‍ സ്മിതയോട് ആചാര്യന്‍ നിര്‍ദ്ദേശിച്ചു. ‘സകല നിവാസികളും കന്നുകാലികളടക്കം ആ നഗരം വാള്‍ കൊണ്ട് നിശ്ശേഷം നശിപ്പിക്കണം. നീ അതിലെ കൊള്ളമുതലെല്ലാം അവിടെ മൈതാനത്തില്‍ കൂട്ടണം. നഗരവും അതിലെ എല്ലാ കൊള്ളമുതലും നിന്റെ ദൈവമായ കര്‍ത്താവിനുള്ള ഒരു ഹോമബലിയായി തീയില്‍ നശിപ്പിക്കണം. അത് എക്കാലവും ഒരു പാഴ് കൂമ്പാരമായി കിടക്കട്ടെ. അത് വീണ്ടും പണിയരുത്.’
പറയുവാനുള്ളത് സ്മിതയോട് പറയുമെന്നല്ലാതെ സ്മിതയുടെ വീട്ടുകാര്‍ അന്യമതസ്ഥരായ കൂട്ടുകാരികളോട് എപ്പോഴെങ്കിലും പരുഷമായോ മോശമായോ പെരുമാറിയിട്ടുണ്ടോ.? ആചാര്യന്‍ ചോദിച്ചു.
ഇല്ല.
സ്മിതക്കുള്ള പോലെ സ്വാതന്ത്യം കൂട്ടുകാരികള്‍ക്ക് വീട്ടില്‍ കാരണവന്മാര്‍ നല്‍കിയില്ല. അത് ധര്‍മത്തിന്റെ കുഴപ്പം കൊണ്ടല്ല. അറിവില്ലായ്മ കൊണ്ടാണ്. എന്നാല്‍ ക്രൈസ്തവ അടിസ്ഥാന വിശ്വാസം അന്യമതസ്ഥരെ ഭൂമിയില്‍ നിന്ന് തന്നെ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആവര്‍ത്തന പുസ്തകം എന്നെക്കൊണ്ട് പിന്നെയും വായിപ്പിച്ചു. ‘അന്യമതസ്ഥരുടെ ആരാധനാലയങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കുക.
നിങ്ങള്‍ പുറന്തള്ളാന്‍ പോകുന്ന ജനതകള്‍ അവരുടെ ദേവന്മാരെ സേവിച്ചിരുന്ന എല്ലാ സ്ഥലങ്ങളും ഉന്നത പര്‍വതങ്ങളും മലകളും എല്ലാ പച്ചമരങ്ങളും തീര്‍ച്ചയായും നശിപ്പിക്കണം. അവരുടെ ബലിപീഠങ്ങള്‍ നിങ്ങള്‍ തകര്‍ക്കണം. സ്തംഭങ്ങള്‍ ഇടിച്ചു നിരത്തണം. അവരുടെ അശേറ പ്രതിഷ്ഠ തീയില്‍ ചുട്ടു കളയണം. അവരുടെ ദേവന്മാരുടെ കൊത്തു രൂപങ്ങള്‍ വെട്ടി വീഴ്ത്തണം. അവരുടെ പേരുകള്‍ ആ സ്ഥലത്ത് നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യുക. (ആവര്‍ത്തന പുസ്തകം 12ാം അദ്ധ്യായം 1-4 വരെ)
സ്മിത ഇതൊക്കെ ആദ്യമായി കേള്‍ക്കുന്ന കാര്യങ്ങളായിരുന്നു. കൂട്ടുകാരും പറഞ്ഞിട്ടില്ല. അവര്‍ക്ക് അറിവില്ലായിരിക്കും. സ്മിതയുടെ കൂട്ടുകാരികളോട് അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞ പോലെ ഭക്ഷണം കഴിച്ച പാത്രം കഴുകേണ്ടതിനെക്കുറിച്ചല്ല ബൈബിള്‍ പറയുന്നത്. ഇതില്‍ വംശീയ വിദ്വേഷത്തിന്റെ അംശങ്ങള്‍ കാണാം. മറ്റ് ജനവിഭാഗങ്ങളോടും വംശങ്ങളോടും ഉള്ള ബൈബിളിലെ ശത്രുതയെക്കുറിച്ച് കൂട്ടുകാരികള്‍ പറഞ്ഞു തന്നിട്ടുണ്ടോ? ആചാര്യന്റെ ചോദ്യം.
ഇല്ല. എന്റെ മറുപടി.
അദ്ദേഹം വീണ്ടും ബൈബിള്‍ പഴയ നിയമം എന്നെക്കൊണ്ട് വായിപ്പിക്കുവാന്‍ തുടങ്ങി. ‘നിന്റെ ദൈവമായ കര്‍ത്താവ് കല്‍പ്പിച്ചിരിക്കുന്നത് പോലെ ഹിത്തിയരേയും, അമോരിയരേയും കനാനിയരേയും പെരിസിയരേയും ഹിവിയരേയും യെബുസിയരേയും നീ നിശ്ശേഷം നശിപ്പിക്കണം. ‘ബൈബിളിലെ ഏക ദൈവമായ യഹോവ അസഹിഷ്ണുതയുടെ ഉഗ്രരൂപമാണ്. വായന കുറച്ചു കൂടി മുന്നോട്ട് പോയി. ക്രിസ്തുമതത്തിലെ പാപ സിദ്ധാന്തവും രക്ഷാസിദ്ധാന്തവുമെല്ലാം ചര്‍ച്ചക്ക് വന്നു. അവിടം കടന്ന് ചര്‍ച്ച സനാതനധര്‍മത്തിലേക്ക് കടന്നു. ഹിന്ദു ധര്‍മത്തിന്റെ യഥാര്‍ത്ഥ പേരാണ് സനാതന ധര്‍മം എന്നുള്ളത്.
സനാതനം എന്നാല്‍ നിത്യമുള്ളത് ഒരിക്കലും നശിക്കാത്തത് എന്നൊക്കെ അര്‍ത്ഥം. ഈശ്വരീയമായ എന്ന അര്‍ത്ഥവും ഉണ്ട്. സനാതനന്‍ എന്നാല്‍ പരമേശ്വരന്‍. പരമേശ്വരന്‍ സ്ഥാപിച്ച വ്യവസ്ഥയും ശ്രേയോപ്രേയോ മാര്‍ഗവുമാണ് സനാതന ധര്‍മം. അതായത് ധര്‍മതത്വത്തിന്റെയും ധര്‍മമാര്‍ഗത്തിന്റെയും സ്ഥാപകന്‍ പരമേശ്വരന്‍ ആണ് എന്നര്‍ത്ഥം. ധര്‍മം എന്നാല്‍ എന്നും നിലനില്‍ക്കുന്നതും സൃഷ്ടിക്കും സ്ഥിതിക്കും ലയത്തിനും കാരണമായ ഈശ്വരന്റെ പ്രപഞ്ച വ്യവസ്ഥ (ഋതം, ധര്‍മ്മ തത്വം).
ഈ പ്രപഞ്ചത്തെ അതായി തന്നെ നിലനിര്‍ത്തുകയും അതിലെ ജീവജാലങ്ങളെയെല്ലാം ചേര്‍ത്തിണക്കി, കൂട്ടി യോജിപ്പിക്കുകയും ചെയ്യുന്ന ഈശ്വരീയ ശക്തി വിശേഷത്തെ, ഈശ്വരന്റെ നിയമ വ്യവസ്ഥയെ സനാതന ധര്‍മം എന്ന് പറയുന്നു. ഈശ്വരന്‍ തന്നെ സൃഷ്ടിച്ച ഈ ധര്‍മ്മം ചിരപുരാതനവും നിത്യനൂതനവുമാണ്. പരമഗുരുവായ പരമേശ്വരനാണ് ഈ ധര്‍മത്തിന്റെ സ്ഥാപകന്‍. ഈ പ്രപഞ്ച രഹസ്യത്തെ ഋഷികളിലേക്ക് അന്തര്‍ ബോധത്തിലൂടെ പകര്‍ന്ന് നല്‍കിയതും പരമേശ്വരന്‍ തന്നെയാണ്. ശ്രീ പരമേശ്വരനാല്‍ സ്ഥാപിതമായ ഈ ധര്‍മം ആര്‍ഷ ഗുരു പരമ്പരകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
സനാതന ധര്‍മ്മ സ്ഥാപകനായ പരമേശ്വരന്‍ നിത്യന്‍ ആണ്. ഈശ്വരന്‍ ശാശ്വതനും അനശ്വരനും സാര്‍വത്രികനും സാര്‍വ്വ കാലികനും സാര്‍വ്വലൗകീകനും, സാര്‍വ്വജനീനനും ആദ്യന്ത വിഹിനനുമാണ്. സനാതനത്വം ഇല്ലാത്തയാള്‍ ഈശ്വരനേ അല്ല എന്ന് ഋഷികള്‍ ഉറപ്പിച്ച് പറയുന്നു. എന്നും ഉണ്ടായിരിക്കുന്ന അവസ്ഥയാണ് സനാതനത്വം. ആ പേരിലാണ് സനാതന ധര്‍മം പോലും നിലനില്‍ക്കുന്നത്. മറ്റുള്ള എല്ലാ മതത്തിനും മനുഷ്യരാണ് സ്ഥാപകര്‍.
മനുഷ്യനും ഈശ്വരനും തമ്മില്‍ ഒരുപാട് അന്തരം ഉണ്ട്. മനുഷ്യന്‍ ദേശ, കാല, പാത്രത്തിന് അനുസൃതമായി ജീവിക്കുന്ന ഒരാള്‍ മാത്രം. സനാതനനായ പരമേശ്വരനെ സാക്ഷാത്കരിക്കുവാന്‍ വേണ്ടിയുള്ളതാണ് സനാതന ധര്‍മം. മറ്റുള്ള മതങ്ങളില്‍ ദൈവ സങ്കല്‍പ്പങ്ങളാണ് ഉള്ളത്. എന്നാല്‍ സനാതന ധര്‍മത്തില്‍ സ്ഫുരിക്കുന്നത് ഈശ്വരദര്‍ശനമാണ്.
സനാതന ധര്‍മത്തില്‍ സ്വര്‍ഗമുണ്ടോ? സ്മിതക്ക് സംശയം തീരുന്നില്ല.
സെമിറ്റിക് മതസ്ഥര്‍ പറയുന്നതും സ്വപ്‌നം കാണുന്നതുമെല്ലാം നിത്യ സ്വര്‍ഗമാണ്. അത് തികച്ചും അസംബന്ധമാണ്. കാരണം ഒറ്റ ജന്മമേ ഉള്ളുവെന്ന് അവര്‍ പറയുന്നു. 60 -70 വര്‍ഷം ജീവിക്കുന്ന ഈ ഒരു ജന്മം കൊണ്ട് അവര്‍ പറയുന്ന നിലവാരത്തിലേക്കോ ഈശ്വര സാക്ഷാത്കാരത്തിലേക്കോ എത്തുക അസാദ്ധ്യം. സെമിറ്റിക് മതങ്ങളുടെ മുമ്പില്‍ രണ്ട് വഴികളാണ് ഉള്ളത്. സ്വര്‍ഗം, നരകം.ഇവരുടെ മതം അന്ധമായി പിന്തുടരുന്ന ആളുകള്‍ക്ക് സ്വര്‍ഗവും അല്ലാത്തവര്‍ക്ക് നരകവും.
ശരിയും തെറ്റും തീരുമാനിക്കുന്നത് മതഗ്രന്ഥമാണ്. ഉദാഹരണത്തിന് യേശുക്രിസ്തുവില്‍ പാപമോചനം ഏല്‍ക്കാത്തവര്‍ക്ക് നരകം എന്ന് പറയുമ്പോള്‍ ബുദ്ധന്‍, മഹാവീരന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങി ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികളൊന്നും സ്വര്‍ഗത്തില്‍ ഉണ്ടാകില്ല. ഇതൊരു തെറ്റായ കാഴ്ചപ്പാടാണ്.
സനാതന ധര്‍മത്തില്‍ കര്‍മ്മഫലം അനുസരിച്ചുള്ള പുനര്‍ജന്മവും സ്വര്‍ഗപ്രാപ്തിക്ക് പകരം ഈശ്വരസാക്ഷാത്കാരവുമാണ് ലക്ഷ്യം വെക്കുന്നത്. മോക്ഷം അഥവാ സ്വാതന്ത്ര്യമാണ് സനാതന ധര്‍മത്തിന്റെ പരമമായ ജീവിത ലക്ഷ്യം. കേവലനായ പരമേശ്വരന് മാത്രമേ പൂര്‍ണ സ്വാതന്ത്യം നല്‍കാന്‍ കഴിയു. ഓരോ മനുഷ്യനും വികാസം പ്രാപിക്കുന്നതും പരിണാമത്തിന് വിധേയനാകുന്നതും ഈ ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടിയിട്ടാണ്. നിഷ്‌കളങ്കമായ ഭക്തിയോടെ ഈശ്വരോപാസന ചെയ്താല്‍ ആര്‍ക്കും ഈശ്വരീയാനുഭൂതി ഉണ്ടാകും.
യേശുദേവനെ നമ്മള്‍ കാണുന്നത് പരമേശ്വര ദര്‍ശനം ബോദ്ധ്യപ്പെട്ട ഒരു സനാതന ധര്‍മാചാര്യന്‍ ആയിട്ടാണ്. കാരണം പരമേശ്വര ദര്‍ശനവുമായിട്ട് യേശുദേവന്റെ ദര്‍ശനത്തിന് ഒരു പാട് സാമ്യമുണ്ട്. ഈശ്വരനെ സ്‌നേഹമായി ആദ്യം അവതരിപ്പിച്ചത് സനാതന ധര്‍മമാണ്. അനിര്‍വ്വചനീയ പ്രേമസ്വരൂപമാണ് ഈശ്വരന്റെ പ്രകൃതം. ഇത് തന്നെയാണ് ദൈവം സ്‌നേഹമാണ് എന്ന് പറഞ്ഞതിലൂടെ യേശുക്രിസ്തുവും ഉദ്ദേശിച്ചത്. പകയുടെയും പ്രതികാരത്തിന്റെയും ദൈവമായിട്ടാണ് പഴയ നിയമം യഹോവയെ അവതരിപ്പിക്കുന്നത്. എന്നാല്‍ യേശു ഭാരതീയ പക്ഷത്താണ്.
ബൈബിളിലെ ഒരു പ്രധാന പ്രയോഗമാണ് പിതാവായ ദൈവം. ഈ ആശയം വരുന്നത് സനാതന ധര്‍മത്തില്‍ നിന്നാണ്. യേശു ക്രൈസ്തവരുടെ ഏക ദൈവമായ യഹോവയെ, യഹോവയെന്ന് ഒരിക്കലും വിളിച്ചിട്ടില്ല. പകരം ഈശ്വരനെ പിതാവെന്നാണ് വിളിച്ചത്. ദൈവത്തെ പിതാവ്, സ്വര്‍ഗീയ പിതാവ്, നല്ല പിതാവ് എന്നൊക്കെ യേശു വിശേഷിപ്പിക്കുന്നു. പിതാവും മാതാവുമായി ഈശ്വരനെ അവതരിപ്പിക്കുന്നത് സനാതന ധര്‍മത്തില്‍ മാത്രമാണ്. പിതാമഹന്‍ എന്നത് പരമേശ്വരന്റെ ഒരു ഗുണനാമം കൂടിയാണ്
മാതാ ച പാര്‍വ്വതി ദേവി
പിതാ ദേവോ മഹേശ്വര
ബാന്ധവ: ശിവ ഭക്താശ്ച
സ്വദേശോ ഭുവനത്രയം
-ശ്രീ ശങ്കരാചാര്യര്‍
ത്വമേവ മാതാ ച പിതാ ത്വമേവ
ത്വമേവ ബന്ധുശ്ച സഖാ ത്വമേവ
ത്വേമവ വിദ്യാ ദ്രവിണം ത്വമേവ
ത്വേമവ സര്‍വ്വം മമ ദേവ ദേവ
അര്‍ത്ഥം – പരമേശ്വര, അങ്ങ് എന്റെ അച്ഛനും അമ്മയും ബന്ധുവും സുഹൃത്തും ഗുരുവും എല്ലാമാണ്.
സനാതന ധര്‍മത്തിന്റെ ലക്ഷ്യം ഈശ്വര സാക്ഷാത്കാരമാണ്. ഈശ്വരന്‍ നല്‍കിയ ജ്ഞാനമാണ് വേദം. വേദമാണ് സനാതന ധര്‍മത്തിന്റെ അടിത്തറ. മാനവന്റെ സമ്പൂര്‍ണ ജീവിത വ്യവസ്ഥകളെ നിയന്ത്രിക്കുന്ന അഥവാ എങ്ങിനെ ജീവിക്കണം, പെരുമാറണം എന്ന് പഠിപ്പിക്കുന്ന ശാസ്ത്രമായതുകൊണ്ട് ഇതിനെ മാനവധര്‍മശാസ്ത്രം എന്നും വിളിക്കുന്നു. സ്വയം അറിയുകയാണിതില്‍. മോക്ഷ പ്രാപ്തി എന്ന ആശയം തന്നെ സനാതന ധര്‍മത്തില്‍ മാത്രമേയുള്ളൂ. മണിക്കൂറുകള്‍ നീണ്ട വിശദമായ ഒരു ചര്‍ച്ച അവിടെ നടന്നു. താന്‍ പോയ വഴി തെറ്റായിരുന്നുവെന്ന് സ്മിത ആചാര്യനോട് തുറന്ന് സമ്മതിച്ചു.
തനിക്കുണ്ടായ ഒരു വിശ്വാസമാറ്റം നാട്ടിലും വീട്ടിലുമുണ്ടാക്കിയ അസ്വസ്ഥതകളുടെ ഗൗരവത്തെക്കുറിച്ച് അപ്പോഴാണ് സ്മിത ചിന്തിക്കുന്നത്. ആര്‍ഷ വിദ്യാസമാജത്തിലെ ഒരു പഠിതാവായി യഥാര്‍ത്ഥ ജന്മധര്‍മം പഠിപ്പിക്കുവാനാണ് തന്നെ ഇവിടെ കൊണ്ടുവന്നത്. താന്‍ വീട്ടുകാര്‍ക്കും സനാതന ധര്‍മത്തിനും വഴങ്ങുന്നു. തുടര്‍ന്ന് സ്മിത ആര്‍ഷ വിദ്യാ സമാജത്തിലെ പഠിതാവായി. ഇപ്പോള്‍ മുഴുവന്‍ സമയ ധര്‍മപ്രചാരികയായി പ്രവര്‍ത്തിക്കുന്നു.
(തുടരും)