അന്ത്യപ്രവാചകനായ മുഹമ്മദ്(സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അരുളിച്ചെയ്തു, ”ഇസ്ലാമികസമൂഹമേ, നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുകയും അവര്‍ക്ക് മാന്യമായ സ്ഥാനം നല്‍കുകയും ചെയ്യുക.” എന്നാല്‍ ഇസ്ലാമിക കാഴ്ചപ്പാടുള്ള എത്ര പേര്‍ സ്ത്രീകളെ മാനിക്കുകയും അവര്‍ക്ക് മാന്യമായ സ്ഥാനം നല്‍കുകയും ചെയ്യുന്നുണ്ട്. അവസാനം 1440 വര്‍ഷത്തിനുശേഷം ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി വേണ്ടിവന്നു മുത്തലാഖ് എന്ന പുരുഷമേധാവിത്വത്തില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കാന്‍. പരിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു, ”ഭൂമിയില്‍ ഒരു വിവാഹബന്ധം തകരുമ്പോള്‍ ദൈവത്തിന്റെ സിംഹാസനം പ്രകമ്പനം കൊള്ളുന്നു.” ഇസ്ലാമിലെ ഏറ്റവും വെറുക്കപ്പെട്ട കാര്യമായാണ് തലാഖിനെ പറഞ്ഞിരിക്കുന്നത്. അതും മൂന്ന് തലാഖ് ഒന്നിച്ചുചൊല്ലുന്ന മുത്തലാഖിനെയല്ല. മുത്തലാഖ് ‘ഹറാം’ ആണെന്ന് ഖുര്‍ആന്‍ പ്രത്യേകം പറയുന്നുണ്ട്.
മുത്തലാഖ് നിയമത്തിനെതിരെ പടവാളുയര്‍ത്തുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഖുര്‍ആന്‍ അര്‍ത്ഥമറിഞ്ഞ് വായിച്ചുനോക്കുകയാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒന്നിച്ചുജീവിക്കാന്‍ തീരെ സാധ്യമല്ലെങ്കില്‍ ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഭാഗത്തുനിന്നും ആദ്യം മദ്ധ്യസ്ഥന്മാര്‍ ചെന്ന് രണ്ടുപേരേയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുക. മദ്ധ്യസ്ഥം നടന്നില്ലെങ്കില്‍ മാത്രം ഭാര്യയും ഭര്‍ത്താവും മൂന്ന് ചന്ദ്രമാസക്കാലം ഒരേ കിടക്ക പങ്കിടുകയും ആ മൂന്ന് മാസം സ്ത്രീക്ക് പുരുഷന്‍ ചിലവിന് കൊടുക്കുകയും വേണം. ഇതിനെ ഇദ്ദഃകാലം എന്ന് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ഈ കാലഘട്ടത്തില്‍ ലൈംഗികബന്ധം നിഷിദ്ധമാണ്. സ്ത്രീ ഗര്‍ഭവതി ആണൊ എന്നറിയുന്നതിനാണിത്. അതുപോലെ ഒരു കൗണ്‍സിലിംഗ് കൂടിയാണിത്. സ്ത്രീ ഗര്‍ഭവതിയാണെങ്കില്‍ കുഞ്ഞിനെ പ്രസവിച്ച് ഇരുപതുമാസം കുഞ്ഞിനെ മുലയൂട്ടുന്നതുവരെ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുതന്നെ കഴിയണം. ഇക്കാലയളവ് മുഴുവന്‍ ഭാര്യയുടേയും കുഞ്ഞിന്റേയും ചിലവുകളും പുരുഷന്‍തന്നെ വഹിക്കേണ്ടതാണ്. ഇനി ഭാര്യ ഗര്‍ഭവതിയല്ലെങ്കില്‍ ഭാര്യക്ക് ഭര്‍ത്താവ് എന്തൊക്കെ കൊടുത്തിട്ടുണ്ടോ അതൊന്നും തിരിച്ചുവാങ്ങാതെ ആദ്യ തലാഖ് കൊടുക്കാം. ഇതുപോലെ മൂന്ന് പ്രാവശ്യം തലാഖ് കൊടുത്താല്‍ മാത്രമെ മുത്തലാഖ് ആവുകയുള്ളൂ. ഇത് ഖുര്‍ആന്‍ പറയുന്നതാണ്. ഇതില്‍ പറഞ്ഞ ആദ്യ മൂന്നുമാസത്തിനുള്ളില്‍ തന്നെ ഇവര്‍ ഒന്നിക്കും എന്ന് ദൈവത്തിനറിയാം. അതുകൊണ്ടാണ് ദൈവം ഇങ്ങനെത്തെ ഒരു നിബന്ധനവെച്ചത്. ഇതിനിടയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ വീണ്ടും മൂന്നുമാസം കാത്തിരിക്കണം. എന്നാല്‍ ഇന്നു നടക്കുന്നതെന്താണെന്ന് മുസ്ലീം സഹോദരി സഹോദരന്മാര്‍ ഒന്നു വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അതല്ലാതെ കഥയറിയാതെ ആട്ടം കാണുന്ന പോലെ മുത്തലാഖ് നിയമത്തിനെതിരെ പോകുകയല്ല വേണ്ടത്.
എന്തെങ്കിലും ഒരു സൗന്ദര്യപിണക്കം ഉണ്ടായാല്‍ ഉടനെതന്നെ ഒന്നിച്ച് മൂന്ന് തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കുകയല്ലെ ഇന്ത്യയിലെ മുസല്‍മാന്‍ ചെയ്യുന്നത്. ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് നിയമം വളച്ചൊടിക്കുകയല്ലെ ഇത്രയും നാള്‍ ചെയ്തിരുന്നത്. എന്നിട്ട് അതിന് ശരീഅത്ത് എന്ന പേരും പറയുന്നു. ഇതിനെതിരെ പ്രതികരിക്കാനും നിയമം കൊണ്ടുവരാനും നമ്മുടെ ഇന്ത്യയില്‍ കരുത്തന്മാര്‍ ഉണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലെ! ഇതിനുമുമ്പ് എത്ര മന്ത്രിസഭകള്‍ സ്വതന്ത്ര ഇന്ത്യയില്‍ വന്നുപോയി. അവരാരും എന്തേ ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നില്ല. വര്‍ഗ്ഗീയതമാത്രം മുതല്‍ മുടക്കായിട്ടുള്ള ‘സുഡാപ്പികളൊ’ (എസ്.ഡി.പി.ഐ) മറ്റു ഇസ്ലാമിക സംഘടനകളൊ എന്തേ ഇതിനെതിരെ ശബ്ദമുയര്‍ത്തിയില്ല? അതിനുത്തരം ഒന്നേയുള്ളൂ. ഇവരുടെ തലപ്പത്തിരിക്കുന്ന പലരും പലവട്ടം മുത്തലാഖ് ചെയ്തവരാണ്. ഇനിയും വകുപ്പുണ്ടെങ്കില്‍ മുത്തലാഖ് ചെയ്യാന്‍ സന്നദ്ധരുമാണ്. അന്ത്യപ്രവാചകന്‍ തന്നെ ഒരു അനുയായി മൂന്ന് തലാഖ് (മുത്തലാഖ്) ഒന്നിച്ചുചൊല്ലിയപ്പോള്‍ അത് സാധുവല്ല എന്ന് പറഞ്ഞത് ചരിത്രത്തില്‍ കാണാം. പിന്നെ എന്തിനാണിവര്‍ മുത്തലാഖ് നിയമത്തെ എതിര്‍ക്കുന്നത് എന്നാണ് മനസ്സിലാവാത്തത്.
ബഹുഭാര്യത്വം ഇസ്ലാം പണ്ട് അനുവദിച്ചിരുന്നു. ഇസ്ലാം മതത്തിന്റെ ആരംഭകാലത്ത് അനേകം പുരുഷന്മാര്‍ യുദ്ധത്തില്‍ മരണമടയുകയും ധാരാളം വിധവകളും നിരാലംബരായ സ്ത്രീകളും ഉണ്ടാവുകയും ചെയ്തു. ഇവരെ പുനരധിവസിപ്പിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് 1440 വര്‍ഷം മുമ്പ് ബഹുഭാര്യത്വം ചില നിബന്ധനകളോടെ അനുവദിച്ചു. ഇതിന്റെ നിബന്ധനകള്‍ കേട്ടാല്‍ ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്യാന്‍ ആരുംതന്നെ മുതിരില്ല. പിന്നീട് വന്നവര്‍ അവരുടെ സൗകര്യാര്‍ത്ഥം (ഇസ്ലാമിക പണ്ഡിതന്‍മാര്‍ വരെ) ഈ നിബന്ധനകളൊഴിവാക്കി മുത്തലാഖ് കര്‍മ്മം തുടര്‍ന്നുപോന്നു. നിബന്ധനകള്‍ ഇതായിരുന്നു, ഒരു ഭാര്യ നിലവിലുള്ളപ്പോള്‍ വേറെ വിവാഹം കഴിക്കണമെങ്കില്‍ നിലവിലുള്ള ഭാര്യയുടെ സമ്മതമാണ് ആദ്യം വേണ്ടത്.
രണ്ടാമത്, ഒരാള്‍ക്ക് എത്ര ഭാര്യമാരുണ്ടോ അത്രയും ഭാര്യമാരെ ഒരുപോലെ കാണണം. പ്രവാചകന്‍ പറഞ്ഞിരിക്കുന്നത് തന്നെ അപ്രകാരമാണ്. ”ഒരു ഭാര്യക്ക് ഒരു ചാക്കില്‍ നിന്നും ധാന്യം വാങ്ങികൊടുക്കുകയാണെങ്കില്‍ മറ്റു ഭാര്യമാര്‍ക്കും അതേ ചാക്കില്‍ നിന്നും അതേ അളവില്‍ ധാന്യം നീ കൊടുക്കുക.” ഇന്ന് അതാണൊ നടക്കുന്നത്? ഒരു വിവാഹം കഴിച്ച് അതില്‍ ‘ഞൗണിക മുട്ടയിട്ടപോലെ’ കുറേ കുട്ടികളുണ്ടാകുമ്പോള്‍ ഉടനെ ആ ഭാര്യക്ക് തലാഖ് കൊടുത്ത് അടുത്തതിനെ തേടി പോകുകയാണ് മുസ്ലിം പണ്ഡിതന്മാര്‍ പോലും ചെയ്യുന്നത്. ഈ മുസ്ലീം പണ്ഡിതന്മാരുടെ അനുയായികളില്‍ നിന്നും മറ്റെന്താണ് നാം പ്രതീക്ഷിക്കേണ്ടത്?
അതുപോലെ റസൂല്‍(സ) പറഞ്ഞു, ”നിന്റെ ഭാര്യമാരുടെ അടുത്ത് നീ തുല്യത കാണിക്കുക.” എന്നു വച്ചാല്‍ ദിവസത്തില്‍ അല്ലെങ്കില്‍ ആഴ്ചയില്‍ എത്ര സമയം ഒരു ഭാര്യയുടെ അടുത്ത് ഒരാള്‍ ചിലവഴിക്കുന്നു എങ്കില്‍ മറ്റു ഭാര്യമാരുടെ അടുത്തും തുല്യസമയം ചിലവഴിക്കണം. എത്രയാളുകള്‍ ഇതുപോലെ ചെയ്യുന്നുണ്ട്? ഈ അനാചാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ വേണ്ടിയാണ് ഇന്ത്യയില്‍ ബിജെപിയും ബിജെപിയുടെ സമുന്നത നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും മുത്തലാഖ് നിയമം കൊണ്ടുവന്നത്. ഇത് മനസ്സിലാക്കി ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ ഉണര്‍ന്നു കഴിഞ്ഞു എന്നതിന്റെ തെളിവാണ് നമ്മുടെ കൊച്ചുകേരളത്തില്‍ പോലുമുണ്ടായ മുത്തലാഖ് കേസുകളും അറസ്റ്റുകളും. എന്നിട്ടുമെന്തേ മുസ്ലീം യുവത്വം ഇത് കണ്ടില്ലെന്ന് നടിക്കുന്നത്?