സമുദ്രവസനേ ദേവീ
പര്‍വതസ്തന മണ്ഡലേ
വിഷ്ണുപത്‌നി നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ
സമുദ്രങ്ങള്‍ ഉടയാടയായിട്ടുള്ളവളും പര്‍വതങ്ങള്‍ സ്തനങ്ങളായുള്ളവളും വിഷ്ണുപത്‌നിയുമായ ദേവീ എന്റെ പാദസ്പര്‍ശത്തെ ക്ഷമിയ്‌ക്കേണമേ എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു ഒരു കാലഘട്ടം പുലര്‍ന്നിരുന്നത്. ജീവിക്കുന്നത് വിശുദ്ധമായ സ്ഥലത്തിലാണെന്ന വിശ്വാസം തന്നെ ഇന്ന് അപ്രസക്തമായിരിക്കുന്നു. വിഭവങ്ങളുടെ മിതമായ ഉപഭോഗവും മനുഷ്യന് വഴങ്ങാതിരിക്കുന്നു. നിലനില്‍ക്കുന്നതിനെ സ്വന്തം വിയര്‍പ്പിനാല്‍ നനച്ചും പതിന്മടങ്ങ് പൊലിപ്പിച്ചും അടുത്ത തലമുറയ്ക്ക് കൈമാറുക എന്ന ധര്‍മ്മം ജീവിതത്തിന്റെ പുസ്തകത്തില്‍ നിന്നുതന്നെ മാഞ്ഞുപോയി. കാല്‍ക്കീഴിലെ മണ്ണും ഒലിച്ചുപോകുമ്പോഴും പ്രവര്‍ത്തനശൈലിയില്‍ യാതൊരു മാറ്റവുമില്ലാതെ ഇവയൊന്നും തങ്ങളെ ബാധിക്കുകയില്ല എന്ന മൂഢവിശ്വാസത്തില്‍ കയറിക്കിടന്നുറങ്ങുകയാണ് ബഹുഭൂരിപക്ഷവും വരുന്ന മനുഷ്യരാശി.
ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠ ചുരുക്കം ചിലരിലൊതുങ്ങാതെ, അത് ഓരോ സാധാരണക്കാരന്റെയും ചുമതലയായി മാറണം. താന്‍ ജീവിക്കുന്ന ഒരു തുണ്ടുനിലത്തിനെ പ്രയത്‌നത്താല്‍ ആരോഗ്യാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാം, തന്റെയോ പൂര്‍വ്വികരുടെയോ ചെയ്തികളാല്‍ നഷ്ടപ്പെട്ടുപോയ ശക്തിസൗന്ദര്യം അതിന് തിരിച്ചു നല്‍കേണ്ടത് തന്റെ കടമയാണ് എന്നീ തിരിച്ചറിവുകള്‍ തന്നെ വലിയ പരിഹാരമാര്‍ഗ്ഗമാകുകയാണ്. അതോടൊപ്പം തന്നെ സാമൂഹ്യപ്രതിബദ്ധതയും വേണം. സ്വന്തം മതില്‍ക്കെട്ടിനുള്ളില്‍ താന്‍ അനുവര്‍ത്തിച്ച കാര്യങ്ങള്‍ ബൃഹത്തായ വെളിയിടങ്ങളിലും സാധ്യമാണ് എന്ന് വ്യക്തി തിരിച്ചറിയുമ്പോള്‍ അയാള്‍ മുഴുവന്‍ പരിസ്ഥിതിയുടെയും രക്ഷകനായി മാറുന്നു. തന്റെ പറമ്പിലെ മാലിന്യങ്ങള്‍ മറ്റൊരിടത്തേയ്ക്ക് തട്ടിക്കളയുകയോ വഴിയിലുപേക്ഷിക്കുകയോ ചെയ്യാത്തത്ര വളര്‍ച്ചയെങ്കിലും അയാള്‍ക്കുണ്ടാകണം. വിഷകരമായ വസ്തുക്കള്‍ കത്തിക്കുമ്പോള്‍ അത് അനേകം കുഞ്ഞുമക്കളുടെ ശ്വാസകോശങ്ങളെ രോഗബാധിതമാക്കുകയും ദുര്‍ബലപ്പെടുത്തുകയുമാണെന്ന ബോധം ഉണ്ടാകണം. ഇത്തരം ചെറിയ ചെറിയ ഉണര്‍ച്ചയിലൂടെയും പ്രവര്‍ത്തനത്തിലൂടെയും രത്‌നഗര്‍ഭയായ ഈ ഭൂമിയെ നമുക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞേക്കാം.
ഉഷ്ണത്തിന്റെ വറചട്ടിയില്‍ വേവുമ്പോഴും കുടിവെള്ളമില്ലാതെ ദൂരങ്ങള്‍ താണ്ടുമ്പോഴും നമ്മള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ഈ ചെറിയ സംസ്ഥാനം വളരെയേറെ പരിസ്ഥിതി സൗഹൃദമുള്ളതാണെന്ന്. അറബിക്കടലോരത്തുള്ള ഈ ഭൂഭാഗത്തിലെ ഒന്നുരണ്ടു ജില്ലയൊഴിച്ച് ബാക്കിയെല്ലാം ജലസ്പര്‍ശമേല്‍ക്കുന്നതാണ്. മണ്ണ് ആര്‍ദ്രമാണ്. മരുസ്വഭാവമോ ഊഷരതയോ ഇല്ലാത്ത മണ്ണില്‍ വിളയാത്തവ ചുരുക്കമാണ്.
44 നദികള്‍ പശ്ചിമഘട്ടത്തില്‍ നിന്നുദ്ഭവിച്ച് ഈ കരയെ ഉര്‍വരയാക്കി ഒഴുകുന്നുമുണ്ട്. കരയിലേയ്ക്കു കയറിക്കിടക്കുന്ന കായലുകളുടെ സമൃദ്ധിയില്‍ അവള്‍ ജനജീവിതം സമ്പുഷ്ടമാക്കുന്നു. ശുദ്ധജലതാടകങ്ങളുടെ നിറവ് വേണ്ടുവോളമുള്ള ഈ മണ്ണിലും ജലദൗര്‍ലഭ്യമോ എന്നതിശയിക്കാം. ലഭിക്കുന്ന ജലസമ്പത്ത് വേണ്ടവിധത്തില്‍ സംരക്ഷിക്കായ്കയാണ് ഇതിന് കാരണമാകുന്നത്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍, പെയ്യുന്ന ജലത്തിന്റെ സിംഹഭാഗവും കടല്‍ ജലമായി മാറുകയാണ്. ജലം ഒഴുകിപ്പോകാതെ, മണ്ണില്‍ത്തന്നെ സംഭരിച്ചു വയ്ക്കുവാന്‍ കഴിയുന്ന തണ്ണീര്‍ത്തടങ്ങള്‍, കുളങ്ങള്‍, നിലങ്ങള്‍ ഇവയുടെ എണ്ണത്തില്‍ വന്ന ഗണ്യമായ കുറവ് വരള്‍ച്ചയ്ക്കും ജലദൗര്‍ലഭ്യത്തിനും ഒരു കാരണമാണ്. ഈ പ്രതിസന്ധിയെ നേരിടാന്‍ ഫലപ്രദമായ പരിഹാരമാര്‍ഗ്ഗം കണ്ടെത്തേണ്ടത് ഇന്നിന്റെ അനിവാര്യമായ ആവശ്യമായി മാറിയിരിക്കുന്നു.
കേരളത്തിന്റെ തനതായ കെട്ടിടനിര്‍മ്മാണശൈലി പ്രകൃതിയോട് ചേര്‍ന്നിണങ്ങിയതാണ്. മണ്ണില്‍ ചുട്ടെടുത്ത ഇഷ്ടികയും മരവുമുപയോഗിച്ചുള്ള വസതികള്‍ ശീതോഷ്ണങ്ങളെ മിതമാക്കി മനുഷ്യന്റെ ആവാസത്തെ പരിരക്ഷിച്ചിരുന്നു. വലിയ കോണ്‍ക്രീറ്റ് കൂടുകളിലിരുന്ന് ചൂടുപിടിക്കുകയും ശീതീകരണയന്ത്രത്തിന്റെ മുരള്‍ച്ച കേള്‍ക്കാതെ ഉറങ്ങാനാകാതെയും ഇരിക്കുന്ന മനുഷ്യന്‍ ഇതോര്‍ക്കേണ്ടതാണ്. കാറ്റ് നിര്‍ബാധം കയറിയിറങ്ങുകയും ആകാശക്കാഴ്ചകള്‍ നടുമുറ്റത്തിന്റെ തുറസ്സിലൂടെ ഗൃഹാന്തര്‍ഭാഗത്ത് പ്രതിഫലിക്കുകയും ചെയ്തിരുന്ന പൂര്‍വ്വഹര്‍മ്മ്യങ്ങള്‍ നമുക്കുണ്ടായിരുന്നു. അത് ശാന്തമാക്കിയിരുന്നത് മനസ്സും ശരീരവുമായിരുന്നു. വലിപ്പത്തിന്റെയും പൊലിമയുടെയും പിന്നാലെ പാഞ്ഞ് സ്വയം നഷ്ടപ്പെടുത്തിയ ആ വസതികള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഹൃദയമായിരുന്നു.
സമീപകാലത്തവതരിച്ച മറ്റൊരു കൊടിയ സാമൂഹ്യവിപത്താണ് വര്‍ദ്ധിച്ചുവരുന്ന വിദേശപ്പണം. അവനവന്‍ അധ്വാനിക്കാതെ എത്തിച്ചേരുന്ന പണം അപകടകാരിയാണ്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഈ സമ്പദ്‌വ്യവസ്ഥ, മലയാളിയുടെ അധ്വാനത്തെ സ്വാഗതം ചെയ്യുന്ന മനസ്സിനെ മാറ്റിയിരിക്കുന്നു.
കൃഷി പ്രധാന ഉപജീവനമാര്‍ഗ്ഗമായിരുന്ന കേരളം, ആരോഗ്യസമ്പുഷ്ടവും വിഷരഹിതവുമായ ഭക്ഷണം സ്വന്തം കൃഷിയിടങ്ങളിലും പറമ്പിലും ഉത്പാദിച്ചിരുന്ന ജീവിതശൈലി ഉപേക്ഷിച്ച്, അന്യസംസ്ഥാനക്കാരന്‍, നിരോധിക്കപ്പെട്ട വിഷം തളിച്ച് നമുക്കുതരാനായി മാത്രം ഉത്പാദിപ്പിക്കുന്ന പഴത്തിന്റെയും പച്ചക്കറിയുടെയും അരിയുടെയും ഉപഭോക്താവായി മാറുന്നു. മഹാരോഗങ്ങള്‍ പിടിപെട്ടാലും അധ്വാനത്തിന്റെ മഹത്വത്തെ അറിയാന്‍ മടിക്കുന്നു. വൈകിയെത്തുന്ന വിവേകം പോലെ നമ്മിലെ കര്‍ഷകനെ ഉണര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന സംരംഭങ്ങള്‍ പ്രത്യാശ നല്‍കുന്നവയാണ്.
തനതായ രൂപത്തിനു വരുത്തുന്ന മാറ്റം പ്രകൃത്യാ ഉള്ളതിലെന്തിലും വിലോമഭാവം സൃഷ്ടിക്കുന്ന കുന്നും പുഴയും പാടവും നിറഞ്ഞ ഭൂപ്രകൃതിയാണ് കേരളം. കുന്നില്‍ നിന്നൊലിച്ചിറങ്ങി പുഴയാകുന്ന ജലം നിലങ്ങളിലെത്തുന്നു. വര്‍ഷം മുഴുവന്‍ നെല്‍കൃഷി നിറഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍. കന്നിക്കൊയ്ത്തും മകരകൊയ്ത്തും കഴിഞ്ഞ് വീണ്ടും വിത്തുവിതച്ച് ഹരിതാഭമാക്കുന്നു. അനേകമാസങ്ങളില്‍ ഭൂമിയുടെ നിറം പച്ചയാണ്. പിന്നീടത് പവിഴപ്പട്ടണിയുന്നു. ഇതേ നിറങ്ങള്‍ മനുഷ്യജീവിതത്തിലും പ്രതിഫലിക്കുന്നു. അത്തരം കാര്‍ഷികസംസ്‌കാരത്തിലധിഷ്ഠിതമായ ജനജീവിതം പെട്ടെന്ന് മാറിമറയുകയും മണ്ണിന്റെ നെല്‍ക്കലവറകള്‍ കോണ്‍ക്രീറ്റ് കൊട്ടാരങ്ങളും വ്യവസായസമുച്ചയങ്ങളും നിര്‍മ്മിക്കാന്‍ നികത്തുകയും ചെയ്യുമ്പോള്‍, ഉണ്ട ചോറിന്റെ സ്മരണയില്ലാത്ത നന്ദികേടിന്റെ ആള്‍രൂപങ്ങളായി മാറുകയാണ് നാം. ഈ കളി തീക്കളിയാണെന്ന സൂചന, ക്ഷമയുടെ പാരമ്യത്തിലെത്തിയ പ്രകൃതി പലവട്ടം തന്നു കഴിഞ്ഞിരിക്കുന്നു.
ക്ഷേത്രശൃംഖലകളാല്‍ സമൃദ്ധമായ ഗ്രാമപ്രകൃതിയാണ് കേരളത്തിന്റേത്. ആരാധനാലയം എന്നതിനുപരി ക്ഷേത്രം ഒരു പരിസ്ഥിതി സംരക്ഷണകേന്ദ്രം കൂടിയാണ്. ക്ഷേത്രക്കുളമെന്ന ജലസംഭരണിയും കാവുകളുടെ വൃക്ഷ-ജൈവ വൈവിധ്യവും നമ്മള്‍ അനുഭവിക്കുന്നു. ആരാധിക്കപ്പെടുന്ന അരയാലുകള്‍ തണല്‍ നല്‍കിയും പ്രാണവായുവിന്റെ പ്രധാന ദാതാവായും നിലകൊള്ളുന്നു.
ലോകത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നാണ് ദൈവത്തിന്റെ നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ സംസ്ഥാനം. കൃഷി വ്യവസായവല്‍ക്കരിക്കപ്പെടുന്നതുവരെ ഈ മനോഹരമായ സ്ഥലത്തിന് അതിന്റെ ജൈവവൈവിധ്യം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. റബ്ബര്‍ തുടങ്ങിയ നാണ്യവിളകളുടെ ആധിപത്യം, കേരളത്തെ ഒരു പാരിസ്ഥിതിക ശവപ്പറമ്പാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു എന്നാണ് പ്രമുഖ സസ്യശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. സസ്യ-ജന്തുജാലങ്ങളുടെ സമൃദ്ധി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളം ഗൗരവമേറിയ പരിസ്ഥിതിപ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഗോളകുടിയേറ്റക്കാരനായ മലയാളി നാട്ടിലേയ്‌ക്കൊഴുക്കുന്ന പണംകൊണ്ടു സൃഷ്ടിക്കുന്ന സാമ്പത്തികവ്യവസ്ഥ നാടിന്റെ കാര്‍ഷികസംസ്‌കാരത്തിന് കത്തിവയ്ക്കുന്നു. കാര്‍ഷിക സംസ്‌കൃതി, വിയര്‍ക്കുന്നവന്‍ ഉണ്ണുമ്പോഴുള്ള സംതൃപ്തിയാണ് നല്‍കുന്നതെങ്കില്‍, വ്യാവസായിക സംസ്‌കാരം സ്വാഗതം ചെയ്യുന്നത്, മറ്റു മനുഷ്യര്‍ക്കും ജീവിക്കാനവകാശമുള്ള ലോകം വിഷലിപ്തമാക്കി നേടുന്ന കൊള്ളലാഭത്തെയാണ്.
പ്ലാസ്റ്റിക് കുപ്പികളും ബാഗുകളുമാണ് നമ്മുടെ നദികളില്‍ പൊങ്ങിക്കിടക്കുന്നത്. ഇന്ന് പുണ്യക്ഷേത്രങ്ങളുടെ താഴ്‌വരയിലൂടെ ഒഴുകുന്ന പമ്പാനദിപോലും മാലിന്യമടിഞ്ഞ് മൃതപ്രായയായിരിക്കുന്നു. വിസ്തൃതമായ കരകളോടുകൂടി ഒഴുകിയ രാജകീയകാലത്തിന്റെ വിളറിയ മുഖം മാത്രമാണ് നാം ഇന്നു കാണുന്നത്. ഈ നദിയെ അതിന്റെ പൂര്‍വ്വാവസ്ഥയിലേയ്ക്കു കൊണ്ടുവരാന്‍ പമ്പാസംരക്ഷണസമിതി തന്നെ ആവശ്യമാണ്. പമ്പാനദി ഒഴുകുന്ന പത്തനംതിട്ട ജില്ല, അച്ചന്‍കോവില്‍, മണിമല തുടങ്ങിയ മറ്റ് ആറുകളാലും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെങ്കിലും രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. ജീവജലം മലിനീകരിക്കപ്പെടുമ്പോഴുള്ള ഗുരുതരാവസ്ഥ ലഘൂകരിക്കാനെങ്കിലും പ്രാദേശിക ഭരണസമിതികള്‍ക്ക് അവരുടെ മാലിന്യസംസ്‌കരണ പദ്ധതികള്‍ വഴി കഴിയണം. മാലിന്യമുക്ത പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തണം. വീടുവീടാന്തരമുള്ള ബോധവല്‍ക്കരണം നടത്തുന്നതും അത്യന്താപേക്ഷിതമാണ്.
പരിസ്ഥിതിയോട് കാണിക്കുന്ന അനാസ്ഥ അന്നനാളത്തെയും ആമാശയത്തെയും ബാധിക്കുന്ന കാന്‍സറായും ശ്വാസകോശരോഗങ്ങളായും ഭീതിദമായ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുന്നു. കുട്ടികളിലെ അസ്വാഭാവികമായ ഭാരവര്‍ദ്ധന ഏതൊക്കെ വികലമായ ചുറ്റുപാടുകളിലൂടെ സൃഷ്ടിക്കപ്പെടുന്നതാണെന്ന് തിരിച്ചറിയാനാകാതെ ആശുപത്രികളില്‍ നിന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേയ്ക്ക് പരക്കം പായുന്ന നമ്മുടെ അവസ്ഥയെ സ്വയംകൃതാനര്‍ത്ഥം എന്ന് ചുരുക്കിപ്പറയാം.
തീന്‍മേശയില്‍ നിന്ന് വിഷപാത്രം നീക്കുക എന്ന ഉദ്ദേശത്തോടുകൂടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. ജൈവകൃഷിസമ്പ്രദായം കൃഷിയുടെ ആവശ്യകതയെക്കുറിച്ച്, കുറഞ്ഞപക്ഷം സ്വന്തം കുടുംബത്തിനുവേണ്ടിയുള്ള പഴവും പച്ചക്കറിയുമെങ്കിലും ഉത്പാദിപ്പിക്കുക എന്ന താല്പര്യം ഉണര്‍ത്തിയിട്ടുണ്ട്. സാധാരണജനം ഒരു വിപത്തിനെ തിരിച്ചറിയുമ്പോള്‍ മാത്രമാണ്, ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ഏതു തിരക്കിനിടയിലും ഒരു ചെടി നട്ട്, പരിപോഷിപ്പിച്ച് വിളവെടുക്കുക വഴി വ്യക്തി, ഒരു വലിയസേവനം അവനവനും സമൂഹത്തിനും ചെയ്യുകയാണ്.
കുഴിച്ചും വെട്ടിയും തുരന്നും കയ്യടക്കുന്ന ഭൂമിയുടെ സമ്പത്ത് മനുഷ്യനിലെ ദുരയെ തൃപ്തമാക്കുന്നില്ല. ഇതിനെല്ലാം ചുട്ടമറുപടിയായി മാരകരോഗങ്ങള്‍ അവനെ വേട്ടയാടുന്നു. അസ്തിത്വം തന്നെ അസ്ഥിരമാകുമ്പോഴും പാരിസ്ഥിതികബോധം ഉണ്ടാകണമെന്ന് അവന്‍ തെല്ലും ആഗ്രഹിക്കുന്നില്ല. പ്രകൃതിബോധവും അവനില്ല. പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല എന്ന പ്രാഥമികമായ അറിവുപോലും മനുഷ്യന് ഇല്ലാതെ പോകുന്നു.
ഒരിക്കല്‍ ജലസമൃദ്ധിയാല്‍ അനുഗ്രഹിക്കപ്പെട്ടിരുന്ന നാം ഇന്ന് കടുത്ത വരള്‍ച്ച നേരിടുന്നതിന്റെ കാര്യങ്ങള്‍ പലതാണ്. വനനശീകരണം, റബ്ബര്‍ക്കാടുകളുടെ വളര്‍ച്ച, നദീതീരങ്ങളിലെ മണല്‍ ഖനനം, ജലസംഭരണികളായി പ്രവര്‍ത്തിക്കുന്ന പാടശേഖരങ്ങള്‍ പോലെയുള്ള താണനിലങ്ങളുടെ നികത്തല്‍, ഇവയെല്ലാം അപായകരമായ വിധത്തില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് കുറച്ചിരിക്കുന്നു. തല്‍ഫലമായി കിണറുകള്‍ വരളുന്നു. സസ്യമൃഗജാലങ്ങളില്‍ ഈ ജലക്ഷാമം വന്‍മാറ്റങ്ങള്‍ വരുത്തുന്നു. സൂക്ഷ്മതലങ്ങളിലെ ജൈവസമ്പത്ത് തകരുന്നു. ഇവയൊന്നും നാം ഇപ്പോഴും അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുന്നില്ല. പശ്ചിമഘട്ടത്തില്‍ നിന്ന് നദീജലം മുഴുവന്‍ സമുദ്രത്തിലെത്തുന്ന ഒരു ചരിവുതലമായിട്ടാണ് കേരളത്തിന്റെ പ്രകൃതി. തണ്ണീര്‍ത്തടങ്ങളുടെയും വനങ്ങളുടെയും അഭാവം, ഈ ജലം വളരെക്കുറച്ചുമാത്രം മണ്ണിനടിയില്‍ ശേഖരിക്കപ്പെടുന്നതിന് കാരണമാകുന്നു. 44 നദികളില്‍ 4 എണ്ണം മാത്രമാണ് കുറെയെങ്കിലും ജലം നിറഞ്ഞതായി കാണപ്പെടുന്നത്. ബാക്കി 40 ഉം നാമമാത്രമായി മെലിഞ്ഞും വരണ്ടും നിലകൊള്ളുന്നു.
യാതൊരു തത്വദീക്ഷയുമില്ലാതെ നടത്തുന്ന മണല്‍ ഖനനം ആവാസവ്യവസ്ഥയെ മുഴുവനായും തകര്‍ത്തു തരിപ്പണമാക്കുന്നു. കരയിലും ജലത്തിലുമുള്ള ജൈവസമൃദ്ധിയെയും വൈവിധ്യത്തെയും ഇതു മോശമായി ബാധിക്കുന്നു.
സസ്യ-ജന്തുജാലങ്ങളുടെ സമൃദ്ധിക്ക് ജലത്തിന്റെ സന്തുലിതാവസ്ഥ പരിപാലിക്കുന്നതിലുള്ള പങ്ക് വിസ്മരിച്ചുകൊണ്ടാണ് നമ്മുടെ പ്രവൃത്തി. നദികളുടെ അടിത്തട്ടുകള്‍ പ്രജനനകേന്ദ്രങ്ങളായുള്ള അനേകം അപൂര്‍വ്വ ജന്തുശേഖരങ്ങളെ വംശനാശത്തിലേയ്ക്കു തള്ളിയിട്ടുകൊണ്ടുള്ള ദുരനിറഞ്ഞ പ്രവൃത്തികളാണ് മനുഷ്യന്റേത്. നദികളില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ആഴങ്ങള്‍ മരണക്കെണി ഒരുക്കുന്നു. നാടിന്റെ ഞരമ്പുകളായ നദികളില്‍ ഭൂരിഭാഗത്തിലും ഒഴുകുന്നത് ജീവജലത്തിനുപകരം വ്യാവസായിക മാലിന്യങ്ങള്‍ നിറഞ്ഞ വിഷദ്രവമാണ്.
ഭൂമി ഉപഭോഗത്തിനു മാത്രമുള്ള അരങ്ങായി അധഃപതിപ്പിക്കുന്നു. കാടുവെട്ടിത്തെളിക്കുകയും അവ തരിശുഭൂമിയാക്കി റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് കൈമാറുകയും ചെയ്യുമ്പോള്‍, കിടപ്പാടമില്ലാതാകുന്നവരെപ്പോലെ അസംഖ്യം ജീവജാലങ്ങള്‍ അലഞ്ഞും അനാഥരായും ഇല്ലാതാകുന്നു. അവയെക്കുറിച്ച് തെല്ലും അനുതാപമില്ലാത്ത മനുഷ്യമുന്നേറ്റം അവനവനുതന്നെ കെണിയൊരുക്കുകയാണ്. വനാന്തര്‍ഭാഗത്തു മാത്രം കാണുന്ന രാജവെമ്പാല തുടങ്ങിയ ജീവികള്‍, അവയുടെ ആവാസവ്യവസ്ഥയില്‍ സംഭവിക്കുന്ന അസന്തുലിതാവസ്ഥ കൊണ്ട് ഉള്‍ക്കാടിന്റെ ശൈത്യമേഖല വിട്ട് പുറംലോകത്തിന്റെ ഉഷ്ണഭൂമിയിലെത്തുന്നു. പശ്ചിമഘട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വന്‍തോതിലെ വനനശീകരണവും റബ്ബര്‍പോലെയുള്ള നാണ്യവിളകളുടെ വിസ്തൃതിയും മണ്ണിന്റെ ജലസംഭരണശേഷി തകര്‍ത്തുകളഞ്ഞിരിക്കുന്നു. പ്രകൃത്യാ ഉള്ള വിളകള്‍ മണ്ണൊലിപ്പ് തടഞ്ഞു നിര്‍ത്തിയിരുന്നു. ഇവ സ്ഥാനഭ്രഷ്ടരായതിനാല്‍ പ്രതലത്തിന്റെ മണല്‍ഘടന മാറുന്നതനുസരിച്ച് വിനാശകരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. മണ്ണിന്റെ ഉപരിഘടനയിലെ ഈ മാറ്റം പല നദികളിലെയും ജലലഭ്യത കുറയ്ക്കുകയും അവ ചില ഋതുക്കളില്‍ മാത്രം നദിയായി നിലകൊള്ളുകയും ചെയ്യുന്നു.
കൂടുതല്‍ കാലവും വരണ്ടുകിടക്കുന്ന നദികള്‍ കേരളത്തിന്റെ പതിവു കാഴ്ചയാകുന്നു. അനിയന്ത്രിത മണല്‍ ഖനനം വരുത്തിയ മറ്റൊരു വിനയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി വന്നിരിക്കുന്ന ഭൂഗര്‍ഭ ജലനിരപ്പിലെ താഴ്ച. ഫലപ്രദമായ ജലസംസ്‌കരണം നടക്കാത്തതിനാല്‍, വ്യാവസായികമാലിന്യങ്ങളുടെ കൂമ്പാരമായി മാറിയ, നമ്മുടെ നദികളിലെ മാലിന്യനിരക്ക്, അനുവദനീയമായ പരിമിതികള്‍ക്ക് അപ്പുറം കടന്നുപോയിരിക്കുന്നു.
മലിനമാക്കപ്പെട്ടും നഷ്ടപ്പെട്ടും പോകുന്ന ജലസ്രോതസ്സുകളെ തിരിച്ചുപിടിക്കാന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അനേകം സംഘടനകളും വ്യക്തികളുമുണ്ട്. നമ്മുടെ കേരളത്തില്‍ അധികാരത്തിന്റെ ഏറ്റവും ചെറിയ കേന്ദ്രം പോലും അഴിമതി നിറഞ്ഞതായിരിക്കുമ്പോള്‍ വ്യക്തികളുടെ പ്രകൃതിസ്‌നേഹം ഒന്നുകൊണ്ടുമാത്രം രൂപീകൃതമായ ഇത്തരം സംഘടനകളുടെ സേവനം സ്തുത്യര്‍ഹമാണ്. വംശനാശം നേരിടുന്ന പല സസ്യങ്ങളെയും പ്രകൃതിവ്യവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു അവര്‍. പ്രകൃതിയുടെ ഭാഗമായ സസ്യശൃംഖല ഓരോന്നും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്ന സത്യത്തെ ചൂണ്ടിക്കാണിച്ചുതരികയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ചില സസ്യങ്ങളെ മാത്രമല്ല, ഒരു വ്യവസ്ഥമുഴുവന്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ മുന്നോട്ടുപോകുന്നത്. പരസ്പരം ആശ്രയിച്ചു നില്‍ക്കുന്ന സസ്യശൃംഖലയുടെ പുനരുദ്ധാരണം വഴി ജലസമൃദ്ധിയെയാണ് നാം തിരികെ കൊണ്ടുവരുന്നത്. നദികള്‍ക്ക് നിലനില്‍ക്കുവാന്‍ വനങ്ങളും വനങ്ങള്‍ക്ക് സസ്യസമ്പത്തും വേണം. ജലവും സസ്യവും തമ്മില്‍ ഇവ്വിധം ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ട് പ്രകൃതിയുടെ സസ്യവത്ക്കരണം അവശ്യമായ രക്ഷാനടപടിയാണ്. വനപ്രകൃതിയില്‍ നിന്നാണ് നാഗരികതയും സംസ്‌കാരവും ഉടലെടുത്തത് എന്ന സത്യം നാം വിസ്മരിച്ചുകൂടാ.
പരിസ്ഥിതിസംരക്ഷണത്തില്‍ കണ്ടല്‍ക്കാടുകളുടെ സേവനം വളരെയേറെയാണ്. വെള്ളപ്പൊക്കം മണ്ണൊലിപ്പ്, കൊടുങ്കാറ്റ് എന്നിവയെ തടയുന്നതോടൊപ്പം ഭൂഗര്‍ഭജലത്തെ പരിപോഷിപ്പിക്കുകയും മത്സ്യസമൃദ്ധിക്ക് കാരണമാകുന്ന രീതിയില്‍ അവയ്ക്ക് ജീവല്‍വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. വലിയ വിസ്തൃതിയില്‍ വ്യാപിച്ചു കിടന്നിരുന്ന കണ്ടല്‍ക്കാടുകള്‍ പരിസ്ഥിതിയില്‍ ചെയ്യുന്ന സേവനം വിസ്മരിച്ചതുകൊണ്ടും അവയെ പരിരക്ഷിക്കാതിരുന്നതുകൊണ്ടും മാത്രമാണ് വ്യാപ്തിയാര്‍ന്ന ഈ വനസമൂഹം ചുരുങ്ങിപ്പോയത്. മനുഷ്യജന്യമായ ഇടപെടലുകള്‍ കൊണ്ടും വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള അമിത ഉപഭോഗം കൊണ്ടും കൃഷിഭൂമിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതുകൊണ്ടും നഷ്ടമാകുന്ന ഈ തീരദേശവനസമ്പത്തിനെ എന്തുവിലകൊടുത്തും നിലനിര്‍ത്തേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്. ജലപ്പക്ഷികള്‍, മത്സ്യം, സസ്യവൈവിധ്യം തുടങ്ങി പലതും പരിപോഷിപ്പിക്കപ്പെടുന്ന ഇത്തരം ആവാസവ്യവസ്ഥകള്‍ സന്തുലിതമായ നിലയില്‍ പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയില്‍ വിനാശകരമായ മാറ്റമുണ്ടാക്കുന്ന ഒന്നാണ് പാറമടകളുടെ ഖനനം. നിരന്തരമായി പാറപൊട്ടിക്കുന്നതിനുപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളും കാതടപ്പിക്കുന്ന സ്‌ഫോടനവും മനുഷ്യന്റെ വാസസ്ഥലങ്ങള്‍ക്ക് ഭീഷണിയായിരിക്കുന്നു. ചിതറിത്തെറിക്കുന്ന കരിങ്കല്‍ച്ചീളുകളും റോഡുകളിലൂടെ അഞ്ചുമിനിറ്റിടവിട്ട് കടന്നുപോകുന്ന കരിങ്കല്‍ ലോറികളും ഈ കല്ലുകള്‍ പൊടിക്കുന്ന കേന്ദ്രങ്ങള്‍ പുറത്തുവിടുന്ന സിലിക്കാപൊടിയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
പത്തനംതിട്ട ജില്ലയില്‍ ഏതാണ്ട് 800 കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഗ്രാമം മുഴുവന്‍ പൊട്ടിത്തെറികളുടെ ശബ്ദംകേട്ട് രാത്രികളില്‍ ഉറങ്ങാതെ ഇരിക്കുന്നു. പ്രാദേശിക സംരക്ഷണ സമിതികളുടെ ശക്തമായ ഇടപെടല്‍ ഉണ്ടെങ്കില്‍ പോലും അവയെ നിര്‍വീര്യമാക്കുന്ന രീതിയില്‍ രാഷ്ട്രീയക്കാരുടെയും കുത്തകമുതലാളിമാരുടെയും സ്വാധീനം പ്രകടമാകുന്നു. അനിയന്ത്രിതവും വീണ്ടുവിചാരമില്ലാത്തതുമായ കരിങ്കല്‍ഖനനവും ധാതുക്കളുടെ ചൂഷണവും പ്രകൃതിയുടെ തനതായ ഘടനയെ തകര്‍ത്തുകൊണ്ട് രൂക്ഷമായ ജലക്ഷാമത്തിനും ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍ക്കും കാരണമാകുന്നു.
പരമാവധി പേര്‍ക്ക് പരമാവധികാലം പ്രയോജനപ്പെടുന്ന രീതിയില്‍ പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കുക എന്ന വിവേകമാണ് നമുക്കിപ്പോള്‍ ഉണ്ടാകേണ്ടത്. ആവാസവ്യവസ്ഥ തകര്‍ന്നതും പ്രകൃതിദുരന്തങ്ങള്‍ നിരന്തരം വേട്ടയാടുന്നതുമായ ഭൂമിയാണോ നാം വരുന്ന തലമുറയ്ക്ക് കൈമാറേണ്ടത് എന്ന ചോദ്യം പ്രസക്തിയേറിയതാണ്. പ്രകൃതിസംരക്ഷണം ഓരോ സാധാരണ പൗരന്റെയും ചുമതല ആണെന്നും അത് ശാസ്ത്രജ്ഞന്റെയോ സാമൂഹ്യ വിമര്‍ശകന്റെയോ പരിസ്ഥിതി പ്രവര്‍ത്തകന്റെ മാത്രമോ ആയ ഉത്തരവാദിത്തമല്ലെന്നും തിരിച്ചറിയുമ്പോള്‍, ഉണര്‍ന്നുവരുന്ന പരിസ്ഥിതിബോധത്തിന്റെ വന്‍പ്രക്ഷോഭങ്ങള്‍, ലാഭക്കൊതിയന്മാരായ വ്യാവസായിക-രാഷ്ട്രീയ ശക്തികളുടെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.