സ്വയം പ്രഖ്യാപിത ഖലീഫ അല്‍ ബാഗ്ദാദിയും അവസാനിക്കുമ്പോള്‍
സുപ്രധാന പ്രഖ്യാപനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നുവെന്ന വിവരം ഒക്ടോബര്‍ 26ന് രാത്രി വൈകിയാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഐസ്‌ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിയെ സൈന്യം വധിച്ചിരിക്കാമെന്ന സൂചനകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ലോകത്തിന് നല്‍കി. പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിച്ചിരുന്ന അല്‍ഖ്വയ്ദ തലവന്‍ ബിന്‍ലാദനെ വധിച്ചതിന് സമാനമായി ഐഎസ്‌ഐഎസ് തലവന്‍ ബാഗ്ദാദിയും അമേരിക്കന്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ച് പിറ്റേ ദിവസം അമേരിക്കന്‍ പ്രസിഡന്റ് പത്രസമ്മേളനം നടത്തിയതോടെ ഭീകരതയ്‌ക്കെതിരായ പോരാട്ടം നടത്തുന്ന ലോക രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളെല്ലാം നിശ്വാസമുതിര്‍ത്തു. ലോകത്തിലെ ഒന്നാം നമ്പര്‍ ഭീകരനേതാവാണ് കൊല്ലപ്പെട്ടത്!
അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് അമേരിക്കയുടെ ബാഗ്ദാദി വേട്ട. തുര്‍ക്കിയില്‍ പിടിയിലായ ഐഎസ്‌ഐഎസ് ഭീകരന്‍ ഇസ്മയില്‍ അല്‍ ഇതാവിയെ ഇറാഖി സേനയ്ക്ക് കൈമാറിയിരുന്നു. ഇയാളില്‍ നിന്ന് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ശേഖരിച്ച വിവരങ്ങളാണ് ബാഗ്ദാദിയിലേക്ക് നയിച്ചത്. തുര്‍ക്കിയോട് ചേര്‍ന്നുള്ള സിറിയയുടെ വടക്കന്‍ പ്രവിശ്യയായ ഇദ്‌ലിബിലെ ബരിഷാ ഗ്രാമത്തിലെ ഒരു വീടിനുള്ളിലാണ് ബാഗ്ദാദി ഒളിവില്‍ കഴിയുന്നതെന്ന വിവരം സ്ഥിരീകരിക്കുന്നത് ബാഗ്ദാദിയുടെ ഒരു ഭാര്യയെ പിടികൂടുന്നതോടെയാണെന്നാണ് ലഭിക്കുന്ന വിവരം. ഐഎസ് വിട്ടയച്ച കുര്‍ദ്ദുകളില്‍ ഒരാള്‍ ഒളിസങ്കേതം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കി. വടക്കന്‍ സിറിയയിലെ അമേരിക്കന്‍ സഖ്യകക്ഷിയായി പ്രവര്‍ത്തിച്ച എസ്ഡിഎഫും വിവരങ്ങള്‍ കൈമാറി.
സങ്കേതം തിരിച്ചറിഞ്ഞതോടെ അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളും ഡ്രോണ്‍ വിമാനങ്ങളും ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഐഎസിന്റെ എതിര്‍ ഗ്രൂപ്പായ നുസ്‌റ ഫ്രണ്ട് ജിഹാദികളുടെ കേന്ദ്രമായ ഇവിടെ ഐഎസ് നേതൃത്വത്തിന് അഭയം നല്‍കിയെന്നത് രഹസ്യാന്വേഷണ ഏജന്‍സികളെ അത്ഭുതപ്പെടുത്തി. ഇവിടെ താമസിച്ച് ഐഎസിനെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു ബാഗ്ദാദിയുടെ ലക്ഷ്യമെന്നാണ് അമേരിക്കന്‍ വാദം.
അന്തിമ ഓപ്പറേഷന്‍ നടക്കുന്നതിന് മുമ്പ് രണ്ടു തവണ ബാഗ്ദാദിയെ ലക്ഷ്യമിട്ട് സൈനിക നടപടി ആരംഭിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ പഴുതുകളുമടച്ചുള്ള മൂന്നാം ശ്രമത്തില്‍ അമേരിക്കന്‍ സുരക്ഷാസേന ലക്ഷ്യം കണ്ടെത്തി.
ഓപ്പറേഷന്‍ ബാഗ്ദാദി
ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളത്തില്‍ നിന്നാണ് 26ന് വൈകിട്ട് അഞ്ചുമണിയോടെ യുഎസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് വിങ്ങായ ഡെല്‍റ്റ ഫോഴ്‌സ് എട്ട് ഹെലികോപ്റ്ററുകളില്‍ വടക്കന്‍ സിറിയ ലക്ഷ്യമാക്കി നീങ്ങിയത്. യുദ്ധവിമാനങ്ങളും ഡ്രോണുകളും കമാണ്ടോ നീക്കത്തിന് അകമ്പടി സേവിച്ചു. 70 മിനുറ്റ് നീണ്ട പറക്കലിനൊടുവില്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തിന് സമീപമെത്തിയപ്പോള്‍ ഐഎസ് ഭീകരര്‍ ഹെലികോപ്റ്ററുകള്‍ക്ക് നേരേ വെടിയുതിര്‍ത്തു. ഭീകരര്‍ ഒളിച്ചിരുന്ന രണ്ട് വീടുകള്‍ മിസൈലുകളുപയോഗിച്ച് തകര്‍ത്തു. തുടര്‍ന്ന് ബാഗ്ദാദിയുടെ വീടിന്റെ മതില്‍ തകര്‍ത്ത് അകത്തു പ്രവേശിച്ച ഡെല്‍റ്റ ഫോഴ്‌സ് നിരവധി ഐഎസ് ഭീകരരെ വെടിവെച്ചിട്ട ശേഷമാണ് ബാഗ്ദാദിയെയും കുടുംബത്തെയും കണ്ടെത്തിയത്. പ്രത്യേക പരിശീലനം ലഭിച്ച സൈന്യത്തിലെ നായയാണ് വീടിനടിയിലെ തുരങ്കത്തിലൊളിച്ച ബാഗ്ദാദിയെ കണ്ടെത്തിയത്. ഇയാളും മക്കളും രണ്ടു ഭാര്യമാരും ടണലിനടിയില്‍ വെച്ച് പിടിയിലകപ്പെട്ടു. ഇതേ തുടര്‍ന്ന് സ്വയം പൊട്ടിച്ചാവുകയായിരുന്നു എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പതിനഞ്ചു മിനുറ്റിനുള്ളില്‍ ഡിഎന്‍എ പരിശോധിച്ച് കൊല്ലപ്പെട്ടത് ബാഗ്ദാദിയാണെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു.
ബാഗ്ദാദിയെ കണ്ടെത്തിയ നായയ്ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. അമ്പതോളം സൈനിക ദൗത്യത്തില്‍ പങ്കെടുത്തിട്ടുള്ള നായ നാലു വര്‍ഷമായി സേനയുടെ ഭാഗമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാണ്ട് ജനറല്‍ ഫ്രാങ്ക് മക്കെന്‍സി വെളിപ്പെടുത്തി. സിറിയയും തുര്‍ക്കിയും ഇറാഖും അടക്കമുള്ള രാജ്യങ്ങളുടെ നിര്‍ണ്ണായക ഭാഗങ്ങള്‍ അടക്കി ഭരിച്ച ഐഎസ്‌ഐഎസ് മേധാവി ബാഗ്ദാദി മരണഭയത്താല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ടണലിലൂടെ ഓടുകയായിരുന്നെന്ന് സൈനിക നടപടിയില്‍ പങ്കെടുത്ത ഡെല്‍റ്റ ഫോഴ്‌സ് സൈനികര്‍ പിന്നീട് വെളിപ്പെടുത്തി.
റഷ്യയുടേയും തുര്‍ക്കിയുടേയും ഇറാഖിന്റെയും പൂര്‍ണ്ണ സഹകരണത്തോടെയായിരുന്നു ബാഗ്ദാദി വേട്ടയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ അറിയിച്ചു. സൈനിക നടപടിയില്‍ സഹകരിച്ച രാജ്യങ്ങള്‍ക്ക് അമേരിക്ക നന്ദിയും അറിയിച്ചിട്ടുണ്ട്.
എഎസ്‌ഐഎസും ബാഗ്ദാദിയും
തുര്‍ക്കിയും സിറിയയും ഇറാഖും കേന്ദ്രീകരിച്ച് സുന്നി ഇസ്ലാമിക രാഷ്ട്രത്തിന്റെ രൂപീകരണമായിരുന്നു ഐഎസിന്റെ ലക്ഷ്യം. ലോകമെങ്ങുമുള്ള മുസ്ലിം രാഷ്ട്രങ്ങളെ ആദ്യപടിയായും മറ്റു രാഷ്ട്രങ്ങളെ പിന്നീടും ഈ ഖിലാഫത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ് ലക്ഷ്യമിട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ് എന്ന ആദ്യ നാമം പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ എന്നാക്കി മാറ്റി. ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐഎസ് എന്ന പേരിലാണ് ഇവര്‍ ലോകമെങ്ങും ഭീകരത വിതയ്ക്കാന്‍ ശ്രമിച്ചത്. ഇന്ത്യയില്‍ നിന്ന് നൂറിലേറെ പേര്‍ ഐഎസില്‍ ചേര്‍ന്ന് മുസ്ലിം രാഷ്ട്രരൂപീകരണത്തിനായി ആക്രമണങ്ങള്‍ നടത്തി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മറ്റു ലോക രാജ്യങ്ങളിലും ഐഎസ് സ്വാധീനം ശക്തമായിരുന്നു. ഐഎസ് ഭീകരന്‍ എന്നതിലുപരി ഐഎസ് സ്ഥാപകന്‍ കൂടിയാണ് അബുബക്കര്‍ അല്‍ ബാഗ്ദാദി. ഇറാഖില്‍ ജനിച്ച ബാഗ്ദാദിയെ 2014ല്‍ ഐഎസ് ഖലീഫയായി പ്രഖ്യാപിച്ചു. ഇറാഖിലും സിറിയയിലുമായി പരന്നു കിടന്ന 45,377 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് 2017ല്‍ ഐഎസിന്റെ അധീനതയിലുണ്ടായിരുന്നത്. മറ്റു രാജ്യങ്ങളിലായി 7300 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും ഐഎസ് ഭരിച്ചു.
സ്ത്രീകളോടും കുട്ടികളോടും ചെയ്ത ക്രൂരതകളാണ് ഐഎസിനെ ലോകത്തിന് മുന്നില്‍ നാണംകെടുത്തിയത്. യസീദി യുവതികളെ ലൈംഗിക അടിമകളാക്കി ഐഎസ് ഭീകരര്‍ നടത്തിയ ക്രൂരതകള്‍ സമാനതകളില്ലാത്തതായിരുന്നു. ലൈംഗിക അടിമച്ചന്തകള്‍ പോലും ഐഎസ് സ്വാധീന മേഖലകളില്‍ അവര്‍ നടപ്പാക്കി. പ്രവാചകന്റെ പിന്‍ഗാമിയായി സ്വയം പ്രഖ്യാപിച്ച് ലോകത്തെയാകെ ആക്രമണങ്ങളിലേക്ക് നയിച്ച് സമാധാനം തകര്‍ത്ത ബാഗ്ദാദിയുടെ തെറ്റായ നടപടികളുടെ അവസാനമാണ് അമേരിക്കന്‍ ഡെല്‍റ്റ ഫോഴ്‌സിന്റെ സൈനിക നടപടിയോടെ സംഭവിച്ചത്. പുതിയ ബിന്‍ ലാദനും അല്‍ ബാഗ്ദാദിയും ഉയര്‍ന്നു വരാതെ ഇരിക്കേണ്ട ഉത്തരവാദിത്വം മുസ്ലിം സമൂഹത്തിനുണ്ടെന്ന ഓര്‍മ്മപ്പെടുത്തലും ബാഗ്ദാദിയുടെ അന്ത്യം നല്‍കുന്നു.