ആഗസ്റ്റ് 3
സ്വാമി ചിന്മയാനന്ദ സമാധിദിനം
ഭാരതീയ ധര്‍മ്മപ്രചാരം നിര്‍വ്വഹിച്ച ആചാര്യന്മാരിലൊരാളാണ് സ്വാമി ചിന്മയാനന്ദന്‍. ചിന്മയന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജ്ഞാനസ്വരൂപന്‍ എന്നാണ്. അദ്ദേഹം ജ്ഞാനസ്വരൂപന്‍ മാത്രമായിരുന്നില്ല; കര്‍മ്മയോഗിയും, ഭഗവദ്ഗീതയും ഭാരതീയ തത്വചിന്തകളും ലോകമെമ്പാടും പ്രചരിപ്പിച്ച ഋഷീശ്വരനുമായിരുന്നു. യുഗപ്രഭാവനായ ഈ ആത്മീയാചാര്യന്റെ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ സുദീര്‍ഘമായ നാലു പതിറ്റാണ്ടുകാലം ഭാരതത്തിലും വിദേശത്തും മാറ്റൊലി കൊണ്ടിരുന്നു.
ശ്രീനാരായണഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും കേരള നവോത്ഥാനത്തിനു ദാനം നല്‍കിയ മണ്ണില്‍ നിന്നും ഗീതാസന്ദേശ പ്രചാരണം ജീവിത ദൗത്യമായി സ്വീകരിച്ച മറ്റൊരു ആചാര്യശ്രേഷ്ഠനും ജന്മം കൊള്ളുകയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനം ഭാരതത്തിലും വിദേശങ്ങളിലുമായി ചിന്മയ പ്രസ്ഥാനങ്ങളും മറ്റു സനാതന ധര്‍മ്മ സന്യാസിശ്രേഷ്ഠന്മാരും മഠങ്ങളും ശിഷ്യപരമ്പരകളും അവരുള്‍പ്പെട്ട വിദ്യാഭ്യാസ – സാംസ്‌കാരിക കേന്ദ്രങ്ങളും ഭക്തി പുരസ്സരം പൂജാദികര്‍മ്മങ്ങളോടെ, സേവനപ്രവര്‍ത്തനങ്ങളിലൂടെ ആചരിച്ചുവരുന്നു.
അഭിനവ പാര്‍ത്ഥസാരഥി എന്ന് ചിന്മയാനന്ദ സ്വാമികളെ വിശേഷിപ്പിക്കാറുണ്ട്. വരേണ്യവര്‍ഗത്തിന്റെ അടഞ്ഞ വാതിലുകള്‍ക്കകത്തുമാത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഗീതാശാസ്ത്രം തുറന്ന വേദികളില്‍ സാമാന്യജനങ്ങള്‍ക്കു പകര്‍ന്നു കൊടുത്ത ഗീതാചാര്യനെ ശ്രീകൃഷ്ണന്റെ പ്രതിനിധിയായോ വിഭൂതിയായോ കാണുന്ന ഭക്തി സങ്കല്പത്തിനപ്പുറം ഈ സംബോധനയ്ക്ക് മാനമുണ്ട്. ഏകാന്തതയില്‍ വസിക്കുന്ന ഋഷിയോ യജ്ഞശാലയിലെ ഗുരുവോ മാത്രമായിരുന്നില്ല സ്വാമിജി. മനുഷ്യന്റെ ആത്മവൈശിഷ്ട്യത്തെ ആകെ സ്പര്‍ശിക്കുന്ന സമ്പൂര്‍ണതയായിരുന്നു.
1916 മെയ് 8-ാം തീയതി പൂതമ്പള്ളി പാറുക്കുട്ടിയമ്മയുടെയും കുട്ടന്‍ മേനോന്റെയും മൂത്തമകനായി ജനിച്ച ബാലകൃഷ്ണന്‍ ആത്മീയ ഔന്നത്യത്തിന്റെ കൊടുമുടികള്‍ കീഴടക്കിയത് കേവലം യാദൃച്ഛിക പരിണാമമായിരുന്നില്ല. രാജയോഗത്തില്‍ ജനിച്ച ഈ കുട്ടി ലോക പ്രശസ്തനായിത്തീരും എന്ന് ജാതകം കുറിച്ച ജ്യോത്സ്യന്‍ പ്രവചിച്ചപ്പോള്‍ തന്നേക്കാള്‍ പ്രസിദ്ധനായ ഒരു അഭിഭാഷകനായിത്തീരുമെന്നേ ആ അച്ഛന്‍ കരുതിയുള്ളൂ. വളരെ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ബാലകൃഷ്ണന്റെ വീട്ടില്‍ ചട്ടമ്പി സ്വാമികള്‍ വരുമായിരുന്നു. ഒരുപക്ഷെ ചട്ടമ്പിസ്വാമികളുടെ ദര്‍ശനം അന്ന് ആ ബാല മനസ്സില്‍ ആദ്ധ്യാത്മികതയുടെ വിത്തിട്ടിരിക്കാം. ലഖ്‌നോ സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. ബിരുദം നേടിയ ബാലകൃഷ്ണന് സ്വാതന്ത്ര്യസമര പ്രക്ഷോഭവുമായി ബന്ധപ്പെട്ടു കുറെക്കാലം ഒളിവില്‍ കഴിയേണ്ടിവന്നു. പഞ്ചാബില്‍ വെച്ച് ഒടുവില്‍ പോലീസ് പിടിയിലായി.
ജയില്‍ മോചിതനായ അദ്ദേഹത്തിന് ടൈഫോയിഡ് പിടിപെട്ടു. വഴിയരികില്‍ വീണുകിടന്ന അദ്ദേഹത്തെ മാതൃനിര്‍വിശേഷമായ സ്‌നേഹത്തോടെ ഒരു സ്ത്രീ കൂട്ടിക്കൊണ്ടുപോയി പരിചരിക്കുകയുണ്ടായി. പിന്നീട് ബറോഡയില്‍ നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ റിപ്പോര്‍ട്ടറായി. ഈ കാലത്ത് അദ്ദേഹം നിയമബിരുദമെടുത്തു. ഈ സമയങ്ങളിലൊക്കെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറിവന്നുകൊണ്ടിരുന്നു. ഈശ്വരന്റെ ആവശ്യകതയെ പറ്റി സ്വയം മനസ്സിലാക്കി ചിന്തിച്ചുകൊണ്ടിരുന്നു. ആത്മീയ ആചാര്യന്മാരായ അരവിന്ദന്‍, വിവേകാനന്ദന്‍, ദയാനന്ദ സരസ്വതി എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു പഠിച്ചുകൊണ്ടിരുന്നു. നാസ്തികന്‍ വിശ്വാസിയും സന്യാസിയുമായ ചരിത്രമാണ് പിന്നീടുണ്ടായത്. നിയമം പഠിച്ചുവെങ്കിലും അഭിഭാഷകനായില്ല; പത്രക്കാരനായി മാറി, പിന്നീട് പത്രവാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന മഹാഗുരുവായി മാറി.
ഭാരതം അടിമത്തത്തില്‍ കിടന്നു വിഷമിക്കുമ്പോള്‍ ആയിരക്കണക്കിനു സന്ന്യാസിമാര്‍ ഹിമാലയസാനുക്കളില്‍ ഒന്നും ചെയ്യാതെ തപസ്സനുഷ്ഠിക്കുന്നത് ഒരു തരത്തിലുള്ള ഒളിച്ചോട്ടമോ കൃത്യനിര്‍വ്വഹണത്തിനുള്ള വിമുഖതയോ ആണെന്ന് അദ്ദേഹം വിലയിരുത്തി. അരവിന്ദന്‍ പോലും സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിജ്വാലകളില്‍ നിന്നും ആശ്രമ ജീവിതത്തിലേക്കു പിന്‍വാങ്ങിയതിന്റെ രഹസ്യം അദ്ദേഹം കണ്ടെത്താന്‍ ശ്രമിച്ചു. ഈ ഉത്തരത്തിനുവേണ്ടിയാണ് ഹിമാലയത്തിലേക്കു യാത്രയായത്. സന്യാസിമാരുടെ ‘പൊള്ളയായ’ ജീവിതത്തെ പൊതുജനസമക്ഷം തുറന്നുകാട്ടുവാന്‍ പുറപ്പെട്ട പത്രപ്രവര്‍ത്തകനായ യുവാവ് പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വ്വാശ്രമം വെടിഞ്ഞ് സര്‍വ്വസംഗപരിത്യാഗിയായ സന്യാസിയായി മാറിയത് ജീവിത നിയോഗമാവാം. ഹരിദ്വാര്‍ മുതല്‍ ഋഷികേശ് വരെയുള്ള വിവിധ ആശ്രമങ്ങളിലെ നിരവധി സന്യാസിശ്രേഷ്ഠന്മാരുമായി സമ്പര്‍ക്കം ചെയ്ത് അവസാനം അദ്ദേഹം ഋഷികേശിലുള്ള സ്വാമി ശിവാനന്ദയുടെ ആശ്രമത്തിലെത്തി. സന്യാസിമാരുടെ ജീവിത ദര്‍ശനങ്ങളിലെ സത്യം അന്വേഷിച്ചിറങ്ങിയ ആ യാത്ര ഒരു വലിയ സന്യാസിയുടെ പാദങ്ങളില്‍ പര്യവസാനിച്ചു.
സ്വാമി ശിവാനന്ദ സരസ്വതിയില്‍ നിന്നും സന്യാസദീക്ഷ സ്വീകരിച്ച സന്ദര്‍ഭം സ്വാമിജി ഇങ്ങനെ വിവരിക്കുന്നു. ”എന്റെ ഗുരുനാഥന്‍ 1949ലെ ശിവരാത്രി ദിവസം എനിക്കുതന്നത് കര്‍മ്മ ചൈതന്യത്തിന്റെ കാഷായമായിരുന്നു. സനാതനമായ സന്യാസത്തിന്റെ മൂലമന്ത്രങ്ങളായിരുന്നു. ജപ തപ ധ്യാനം കൊണ്ട് ഉണങ്ങി ഉള്‍ക്കരുത്ത് കൈവരിച്ച പഞ്ചമുഖ രുദ്രാക്ഷമായിരുന്നു. നൂറുപുരുഷായുസ്സുകൊണ്ട് ആര്‍ജ്ജിക്കാവുന്നതത്രയും എന്റെ ഗുരുനാഥന്‍ ആറുവര്‍ഷം കൊണ്ട് എനിക്ക് പകര്‍ന്നു തന്നു. മന്ത്രദീക്ഷ സ്വീകരിച്ചത് സ്വാമി ശിവാനന്ദയില്‍ നിന്നായിരുന്നെങ്കിലും ചിന്മയാനന്ദജിയുടെ ഗുരുവെന്ന് പരക്കെ അറിയപ്പെടുന്നത് തപോവനസ്വാമികളാണ്. ജീവന്മുക്തനായ സ്വാമി തപോവനം പൊതുവെ ശിഷ്യന്മാരെ സ്വീകരിക്കാറില്ല. ഒരിക്കല്‍പോലും ഉത്തരകാശിയില്‍ നിന്നും താഴെക്കിറങ്ങി വന്നിട്ടില്ല. തപോവന സ്വാമിയും ചിന്മയാനന്ദജിയും തമ്മിലുള്ള ഗുരുശിഷ്യബന്ധം അത്ഭുതകരമായിരുന്നു. ശ്രീരാമകൃഷ്ണപരമഹംസരും സ്വാമി വിവേകാനന്ദനും തമ്മിലുള്ള ബന്ധത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ശ്രീരാമകൃഷ്ണപരമഹംസര്‍ അറിയപ്പെട്ടത് വിവേകാനന്ദനിലൂടെയായിരുന്നു. അതുപോലെ തപോവന സ്വാമികള്‍ അറിയപ്പെട്ടത് സ്വാമി ചിന്മയാനന്ദനിലൂടെയായിരുന്നു.
വേദാധ്യായനത്തിനുശേഷം തപസ്സും പ്രാര്‍ത്ഥനയുമായി ഹിമാലയ സാനുക്കളില്‍ തന്നെ ജീവിക്കുവാന്‍ സ്വാമിജി ആഗ്രഹിച്ചില്ല. അദ്ദേഹം സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ഇറങ്ങി വരികയായിരുന്നു. 1953ല്‍ പൂനയിലായിരുന്നു സ്വാമിജിയുടെ ആദ്യ പ്രഭാഷണം. ആ പ്രഭാഷണത്തില്‍ ശ്രോതാക്കളായി പതിനെട്ടു പേരാണുണ്ടായത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു…’ എന്ന ഗീതാസന്ദേശത്തിലൂടെ, ഹൈന്ദവ നവോത്ഥാനത്തിലൂടെ, ലോകം മുഴുവന്‍ ഭഗവദ് ഗീതായജ്ഞങ്ങള്‍ നടത്തുകയുണ്ടായി. അലസത പൂണ്ട് നിദ്രയിലാണ്ട യുവാക്കളെ അദ്ദേഹം തട്ടിയുണര്‍ത്തുകയായിരുന്നു. വിദേശരാജ്യങ്ങളിലെ രാജാക്കന്മാരും ഭരണാധികാരികളും സ്വാമിജിയുടെ യജ്ഞത്തില്‍ മുഖ്യപങ്കാളികളും ശ്രോതാക്കളുമായിരുന്നു. വിമാനയാത്രയില്‍ സ്വാമിജി റിക്കാര്‍ഡ് സ്ഥാപിക്കുകയുണ്ടായി.
സ്വാമിജിയുടെ പ്രവര്‍ത്തനത്തിന്റെ ആദ്യകാലത്തുതന്നെ ചിന്മയമിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അറുപതുകളില്‍ ബോംബെയില്‍ സാന്ദീപനി സാധനാലയം നിലവില്‍ വന്നു. ഇന്നു ഭാരതത്തിലെ മിക്ക ആത്മീയ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന സന്ന്യാസിമാര്‍ സാന്ദീപനി ആശ്രമത്തില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്. അവിടെവെച്ച് 1964ല്‍ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ രൂപീകരണത്തില്‍ പൂജനീയ ഗുരുജിയോടൊപ്പം സ്വാമിജിയും മുഖ്യപങ്ക് വഹിക്കുകയുണ്ടായി. സ്വാമിജിയുടെ ഗീതാജ്ഞാനയജ്ഞങ്ങള്‍ നടക്കാത്ത ഒറ്റ നഗരം പോലും ഭൂപടത്തില്‍ കാണുകയില്ല. ചൈനയില്‍ സ്വാമിജിയുടെ ഗീതാജ്ഞാനയജ്ഞത്തോടൊപ്പം ഭഗവദ്ഗീതയുടെ അയ്യായിരം കോപ്പികളാണ് വിറ്റത്. ഗീതാജ്ഞാനയജ്ഞം തന്റെ ജീവിത ദൗത്യമായി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. എന്തുകൊണ്ട് ജ്ഞാനയജ്ഞത്തിന് ഭഗവദ്ഗീത തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് അദ്ദേഹത്തിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു: ”ബുദ്ധിമാനും സംശയാലുവുമായ അര്‍ജ്ജുനന്റെ ധര്‍മ്മസങ്കടം ആധുനിക മനുഷ്യന്റെയും അവസ്ഥയാണ്. അവര്‍ക്കുള്ള ധര്‍മ്മശാസ്ത്രവും കര്‍മ്മമാര്‍ഗ്ഗവും ഉപദേശിക്കുവാന്‍ ഗീതപോലെ മറ്റൊന്നില്ല.” ഭാരതീയ ദര്‍ശനങ്ങളുടെയും സര്‍വ്വോപരി ഭഗവത്ഗീതയുടെയും മഹത്വം ലോകമെമ്പാടും വ്യാപിപ്പിച്ചത് സ്വാമിജിയായിരുന്നു.
പുതിയ സഹസ്രാബ്ദത്തില്‍ ലോകജനതയുടെ നേതൃത്വം ഭാരതത്തിനായിരിക്കുമെന്നും പുതിയ ഉണര്‍വ്വിന്റെ ശബ്ദം ഭഗവദ്ഗീതയില്‍ നിന്നായിരിക്കുമെന്നും സ്വാമിജി പറഞ്ഞിരുന്നു. 1993 ആഗസ്റ്റ് 3-ാം തീയതി പ്രഭാതത്തില്‍ അമേരിക്കയിലെ സാന്റിയാഗോയില്‍ വെച്ച് അദ്ദേഹം പരമപദം പ്രാപിച്ചു. ആ ഭൗതിക ശരീരം ഹിമാചല്‍ പ്രദേശിലെ സിദ്ധബാരിയിലെ പവിത്രമായ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ”ഏറ്റവും വിവേകപൂര്‍ണ്ണമായ ജീവിതം, ആദ്ധ്യാത്മിക ജീവിതരീതി തന്നെയാണ് എന്ന” ഗുരുദേവന്റെ വാക്കുകള്‍ നമുക്കു മനസ്സില്‍ സൂക്ഷിക്കാം.