പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ കേരളത്തില്‍ നിലനിന്ന മൂന്നു മതങ്ങളെക്കുറിച്ചുള്ള സാരവും നിരൂപണവും ചട്ടമ്പി സ്വാമികള്‍ രചിച്ചിട്ടുണ്ട്. ആ മതങ്ങളുടെ, ഉപദേശങ്ങളുടെ സത്ത എന്താണെന്നും സംഘടിതമായ പൗരോഹിത്യ വര്‍ഗം എങ്ങനെ അവയുടെ ഉപദേശങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് പ്രലോഭനങ്ങളിലൂടെയും വിശ്വസങ്ങളിലൂടെയും സമ്പത്തും അധികാരവും തങ്ങളില്‍ നിര്‍ത്താന്‍ തന്ത്രപരമായി ശ്രമിക്കുന്നു എന്നും സാധാരണക്കാരെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ ഗ്രന്ഥങ്ങളുടെ ഉദ്ദേശ്യം. അവയില്‍ ഹിന്ദുമതത്തെയും ക്രിസ്തുമതത്തെയും കുറിച്ചുള്ള ഗ്രന്ഥങ്ങളാണ് നമുക്ക് ഇന്ന് ലഭ്യമായിട്ടുള്ളത്.
ഹിന്ദുമതത്തെക്കുറിച്ചുള്ളവയാണ് വേദാന്തസാരവും വേദാധികാര നിരൂപണവും. ഹൈന്ദവ ദര്‍ശനത്തെ, അതിലെ ഏകവും അദ്വിതീയവുമായ ആത്മതത്ത്വത്തെ മനസ്സിലാക്കുന്നതിന് വളരെ ലളിതമായ രീതിയില്‍ രചിച്ച പ്രകരണഗ്രന്ഥമാണ് ‘വേദാന്തസാരം’. സമൂഹം ആര്‍ജ്ജിച്ച ജ്ഞാനസമ്പത്തുകളൊക്കെ വേദങ്ങളായാണ് ക്രോഡീകരിച്ചിരിക്കുന്നത്. അവ പൊതുപൈതൃകമാണ്. വേദപഠനം നിഷേധിക്കലെന്നാല്‍ അറിവിന്റെ മേഖലകളില്‍നിന്ന് അകറ്റി നിര്‍ത്തുകയാണ്. ജ്ഞാനസമ്പാദനത്തിന്; മനുഷ്യന്റെ ഭൗതിക ആവശ്യങ്ങളും ഒപ്പം ആത്മീയ ആവശ്യങ്ങളും നിറവേറ്റാന്‍ ഉതകുന്ന അറിവായ വേദങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും ഏതു ജാതിയിലെയും സ്ത്രീക്കും പുരുഷനും അര്‍ഹതയുണ്ടെന്ന് ദുര്‍വ്യാഖ്യാനഖണ്ഡനത്തിലൂടെയും യുക്തിവിചാരത്തിലൂടെയും സ്ഥാപിക്കുന്ന ഗ്രന്ഥമാണ് വേദാധികാര നിരൂപണം. വേദസംസ്‌കാരത്തിന്റെ പവിത്രത പുനഃസ്ഥാപിക്കാനും സാര്‍വ്വലൗകികമാക്കാനുമുള്ള ശ്രമമാണ് അത്. ഒരു ജനതയ്ക്ക് വിജ്ഞാനം നിഷേധിച്ചാല്‍ അവരുടെ ഭൗതിക സ്വത്തുക്കളും അധികാരവും തങ്ങളുടെ നിയന്ത്രണത്തില്‍ ഇരിക്കും എന്ന തന്ത്രത്തിന് നേര്‍ക്കുള്ള കേരളത്തിലെ ആദ്യത്തെ പ്രഹരമാണ് ‘വേദാധികാരനിരൂപണം’.
മത, സാംസ്‌കാരിക, രാഷ്ട്രീയ, മേഖലകളിലെ അധിനിവേശത്തിനെതിരെയുള്ള ഹിന്ദുവിന്റെ ധൈഷണിക നിലപാടാണ് ചട്ടമ്പി സ്വാമികളുടെ ക്രിസ്തുമത നിരൂപണം. ഈ ഗ്രന്ഥത്തിന്റെ രചനാകാലത്ത് ക്രിസ്തുമതം, അധിനിവേശശക്തിയുടെ സ്ഥാനത്തുനിന്ന മതമായിരുന്നു എന്നേ ഉള്ളൂ. അതിനു മുമ്പും ശേഷവും മറ്റു മതങ്ങളും വിദേശ ശക്തികളും ഇതേ ശ്രമം നടത്തിയ, തുടരുന്ന ചരിത്രം നമുക്ക് മുന്നിലുണ്ട്. അധിനിവേശത്തിന് തന്ത്രങ്ങള്‍ മെനഞ്ഞ ആന്തരിക ശക്തികള്‍ക്കെതിരെയാണ് വേദാധികാര നിരൂപണമെങ്കില്‍ അതിലും അപകടകാരികളായ ബാഹ്യ ശക്തികള്‍ക്കെതിരെയാണ് ക്രിസ്തുമത നിരൂപണം ആയുധമെടുക്കുന്നത്. ചരിത്രം നല്‍കിയ പാഠങ്ങളെ അവഗണിക്കുക ആത്മഹത്യാപരമാണ്. അതുകൊണ്ടു തന്നെ സ്വാമികളുടെ ക്രിസ്തുമത നിരൂപണം ഇന്നും പ്രസക്തമാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഹിന്ദുസമൂഹത്തിന് അകത്തു നിന്നും പുറത്തുനിന്നും ശക്തമായ വെല്ലുവിളികളെയാണ് നേരിടേണ്ടി വന്നത്. ഹിന്ദു പുരോഹിത വര്‍ഗം അടിച്ചേല്‍പ്പിച്ച ക്രൂരമായ ജാതി വിവേചനങ്ങളും, ആ സാഹചര്യത്തെ ചൂഷണം ചെയ്തുകൊണ്ട് ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനത്തിന് വേണ്ടി നല്‍കിയ പ്രലോഭനങ്ങളുമായിരുന്നു അവ. ഈ രണ്ടു ധാരകളും ഹിന്ദു സമൂഹത്തെ അപ്പാടെ നാശത്തിലേക്കു തള്ളിവിട്ടുകൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തില്‍ അതിനെ നേരിടാന്‍ ചട്ടമ്പിസ്വാമികള്‍ മുന്നോട്ടു വച്ച വിപ്ലവകരമായ ആയുധങ്ങളാണ് വേദാധികാരനിരൂപണവും ക്രിസ്തുമത നിരൂപണവും. ചട്ടമ്പിസ്വാമികള്‍ 1889 ല്‍ പൂര്‍ണമാക്കിയ ഒരു ഗ്രന്ഥമാണ് ക്രിസ്തുമതനിരൂപണം. ‘ക്രിസ്തുമത ഛേദനം’ എന്നപേരിലും ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തുമത നിരൂപണം രചിക്കാനുണ്ടായ സാഹചര്യം വിദ്യാനന്ദ തീര്‍ത്ഥപാദര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.
‘ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോള്‍ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനം പൂര്‍വാധികം ശക്തിപ്പെട്ടു. ക്ഷേത്രാരാധനയ്ക്കുപോകുന്ന ഭക്തരായ ഹിന്ദുക്കളെ തടഞ്ഞു നിര്‍ത്തി ‘പിശാചിനെ തൊഴാന്‍ പോകരുതെന്നും സത്യദൈവത്തില്‍ വിശ്വസിച്ച് തങ്ങളുടെ മതത്തില്‍ ചേരണ’മെന്നും പാതിരിമാര്‍ ധൈര്യമായി പ്രസ്താവിക്കുമായിരുന്നു. അവരുടെ പ്രഖ്യാപനത്തെ എതിര്‍ക്കുന്നതിനോ നിരുത്സാഹപ്പെടുത്തുന്നതിനോ അന്ന് ഹിന്ദുക്കളില്‍ ആരും തന്നെ മുന്നോട്ടുവന്നില്ല. ആ ചുറ്റുപാടിലാണ് ചട്ടമ്പിസ്വാമികള്‍ ഷണ്‍മുഖദാസന്‍ എന്ന പേരുവെച്ച് ക്രിസ്തുമതനിരൂപണമെന്ന പുസ്തകം പ്രസിദ്ധപ്പെടുത്തിയത്.
ഏറ്റുമാനൂര്‍ ഉത്സവത്തിന്ഒത്തു കൂടുന്ന ഹിന്ദുക്കളെ സുവിശേഷപ്രസംഗം കേള്‍പ്പിക്കാന്‍ അന്നു കോട്ടയത്തുനിന്നു ക്രിസ്ത്യന്‍ മിഷണറിമാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ മുന്നില്‍ വരിക പതിവായിരുന്നു. അങ്ങനെയുള്ള ഘട്ടത്തില്‍ കാളികാവു നീലകണ്ഠപ്പിള്ള എന്ന പ്രഭാഷകനെ ‘ക്രിസ്തുമതനിരൂപണം’ എഴുതിക്കൊടുത്തു പഠിപ്പിച്ച് ഏറ്റുമാനൂര്‍ ക്ഷേത്രപരിസരത്തില്‍വെച്ച് ആദ്യമായി സ്വാമികള്‍ പ്രസംഗിപ്പിച്ചു. തുടര്‍ന്നു നീലകണ്ഠപ്പിള്ളയും കരുവാ കൃഷ്ണനാശാനും കേരളമൊട്ടുക്കും സഞ്ചരിച്ചു ക്രിസ്തുമതനിരൂപണത്തിലെ ഭാഗങ്ങള്‍ പ്രസംഗിച്ച് ബന്ധപ്പെട്ട ആശയങ്ങള്‍ പ്രചരിപ്പിച്ച് മതപരിവര്‍ത്തന ശ്രമങ്ങളെ കുറെയൊക്കെ സ്തംഭിപ്പിച്ചു.’
മാനസികപരിവര്‍ത്തനം കൊണ്ടല്ല, ലൗകികപ്രലോഭനങ്ങള്‍ കൊണ്ടാണ് ഹിന്ദുവര്‍ഗത്തില്‍പ്പെട്ട ഹരിജനങ്ങളും മറ്റും ക്രിസ്തുമതത്തിലേക്കു മാറാന്‍ നിര്‍ബന്ധിതരായത് എന്ന വസ്തുത എല്ലാവര്‍ക്കും അറിയാമായിരുന്നു. മതപ്രചാരണത്തേക്കാള്‍ സ്വസമുദായവികാസമാണ് ക്രിസ്തുമത പ്രവാചകരുടെ ലക്ഷ്യമെന്നുകൂടി ന്യായമായി ഊഹിക്കാവുന്നതാണ്. ഇങ്ങനെ ഹിന്ദുക്കള്‍ അന്യമതത്തിന്റെ പേരില്‍ അന്യസമുദായങ്ങളില്‍ ലയിക്കുന്നതിന് അന്നത്തെ സവര്‍ണ്ണ ഹിന്ദുക്കളും കാരണക്കാരായിരുന്നു.
ക്രിസ്തുമതസാരം
‘ക്രിസ്തുമതത്തെ ഖണ്ഡിക്കണമെന്നു മാത്രമല്ല ആ മതത്തിലെ തത്വങ്ങള്‍ ഹിന്ദുക്കള്‍ മനസ്സിലാക്കുകയും അതും ഹിന്ദുമതവും തമ്മില്‍ താരതമ്യപഠനം ചെയ്യണമെന്നും കൂടി ചട്ടമ്പിസ്വാമികള്‍ ആ ഗ്രന്ഥപ്രസിദ്ധീകരണം കൊണ്ടുദ്ദേശിച്ചിരുന്നു. അതിനാല്‍ ആ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം ക്രിസ്തുമതസാരമായിട്ടും രണ്ടാംഭാഗം ‘ക്രിസ്തുമതനിരൂപണ’മായിട്ടുമാണ് അദ്ദേഹമെഴുതിയത്. ബൈബിളില്‍ അടങ്ങിയിരിക്കുന്ന ക്രിസ്തുമത തത്വങ്ങളുടെ ചുരുക്കം ഭംഗിയായി ക്രിസ്തുമതസാരത്തില്‍ അദ്ദേഹം അടക്കിയിട്ടുണ്ട്.
ഭാരതീയ ദാര്‍ശനിക ദൃഷ്ടിയില്‍ക്കൂടി ആ തത്വങ്ങളെ നിരൂപണം ചെയ്കയാണ് രണ്ടാംഭാഗത്തില്‍ ചെയ്തിരിക്കുന്നത്. അന്നത്തെ ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷത്തിനും ക്രിസ്തുമതതത്ത്വങ്ങളെക്കുറിച്ച് ശരിയായ ബോധമില്ലായിരുന്നു. ബൈബിളിലെ കുറെ കഥകളും ഉപദേശങ്ങളും കാണാതെ പഠിക്കുക മാത്രമേ അക്കൂട്ടര്‍ അന്നു ചെയ്തിരുന്നുള്ളൂ. അതുകൊണ്ട് ക്രിസ്തുമതത്തിലെ സിദ്ധാന്തങ്ങളും ആചാരാനുഷ്ഠാനക്രമങ്ങളും അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ക്രിസ്തുമതസാരം അവര്‍ക്കുകൂടി വളരെ പ്രയോജനപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. അതുപോലെ അന്നത്തെ കേരളത്തിലെ ഹിന്ദുക്കളില്‍ വളരെയധികം പേര്‍ക്കും ഹിന്ദുമതതത്വങ്ങളും അറിയുവാന്‍ പാടില്ലായിരുന്നു. മിഷണറിമാര്‍ ഹിന്ദുമതതത്വങ്ങളെ നിരൂപണംചെയ്തു നിന്ദിക്കുമ്പോള്‍ അതിനു സമാധാനംപറയുവാന്‍ അന്നത്തെ ഹിന്ദുസമുദായത്തിനു അല്പം പോലും കഴിവില്ലായിരുന്നു. അതിനാല്‍ ഹിന്ദുമത ബോധമുണ്ടാക്കുവാനും, പാതിരിമാരുടെ വാദങ്ങള്‍ക്ക് ഉചിതമായ മറുപടി പറഞ്ഞ് അവരുടെ മതം മാത്രമേ സത്യവും പരിശുദ്ധവുമായിട്ടുള്ളൂ എന്ന വാദത്തെ തകര്‍ക്കാനുമാണ് ചട്ടമ്പിസ്വാമികള്‍ ശ്രമിച്ചത്.
‘അതിനുവേണ്ടി സ്വാമികള്‍ തിരഞ്ഞെടുത്തത് കാളിയാങ്കല്‍ നീലകണ്ഠപ്പിള്ളയേയും കരുവാ കൃഷ്ണനാശാനേയുമാണ്…. തിരുവിതാംകൂറില്‍ കോട്ടയത്തുനിന്നു വടക്കോട്ട് നീലകണ്ഠപ്പിള്ളയും കോട്ടയത്തുനിന്നു തെക്കോട്ട് കൃഷ്ണനാശാനും മതപ്രസംഗത്തിനു നിയോഗിക്കപ്പെട്ടു. ഹിന്ദുമതത്തെക്കുറിച്ചു പ്രസംഗിക്കുകയും ആ തത്വങ്ങളിലും ഹൈന്ദവപുരാണകഥകളിലും ക്രിസ്ത്യന്‍ പാതിരിമാര്‍ പുറപ്പെടുവിക്കാറുള്ള ആക്ഷേപങ്ങള്‍ക്ക് ഉചിതമായ സമാധാനം പറഞ്ഞ് ഹിന്ദുമതവൈശിഷ്ട്യം സ്ഥാപിക്കുകയുമായിരുന്നു ആ പ്രസംഗങ്ങളിലെ പരിപാടി’ (വിദ്യാനന്ദതീര്‍ത്ഥപാദര്‍, 1962).
ക്രിസ്തുമത സാരവും ക്രിസ്തുമത നിരൂപണവും
ക്രിസ്തുമതത്തെക്കുറിച്ചുള്ളഗ്രന്ഥങ്ങളാണ് ക്രിസ്തുമതസാരവും ക്രിസ്തുമത നിരൂപണവും. ക്രിസ്തുമതതത്ത്വങ്ങളുടെ മനോഹരമായ സംഗ്രഹമാണ് ക്രിസ്തുമതസാരം. സനാതനധര്‍മ്മത്തെ ദുര്‍വ്യാഖ്യാനിച്ച് പത്തൊമ്പതാം നൂറ്റാണ്ടിനൊടുവില്‍ വൈദേശിക മതപൗരോഹിത്യം നടത്തിയ മതാധിനിവേശത്തിനെതിരെ കൂര്‍പ്പിച്ച ധൈഷണിക നിലപാടുകളാണ് ക്രിസ്തുമത നിരൂപണം. മതമല്ല, കൊളോണിയല്‍ ശക്തികളുമായിച്ചേര്‍ന്നുനിന്ന് മതപരിവര്‍ത്തനത്തിനു ശ്രമിച്ച സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതസംവിധാനമാണ് അതില്‍ വിമര്‍ശിക്കപ്പെടുന്നത്. അന്നത്തെ ക്രൈസ്തവമിഷണറി സംവിധാനം ഇന്ന് ഒരു പ്രതീകം മാത്രമാണ്. ചട്ടമ്പിസ്വാമികളുടെ കാലത്തേക്കാള്‍ അപകടകരമായ അവസ്ഥയിലാണ് ഇന്ന് സമൂഹം.
മത, രാഷ്ട്രീയ, സാമ്പത്തിക ലക്ഷ്യങ്ങളോടെ, മാദ്ധ്യമങ്ങളും സാങ്കേതിക വിദ്യകളുടെ സര്‍വസാദ്ധ്യതകളും സാമൂഹമനഃശാസ്ത്രവും വിദഗ്ധമായി ഉപയോഗപ്പെടുത്തി, ഭാരതീയമൂല്യങ്ങളെ നശിപ്പിക്കാനുള്ള ശ്രമം അധിനിവേശ ശക്തികള്‍ വിദൂരദേശങ്ങളില്‍ നിന്ന് മാത്രമല്ല ഹൈന്ദവസമൂഹത്തിനകത്തു നിന്ന് തന്നെ ആരംഭിച്ചിരിക്കുന്നു. മത, സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ, മേഖലകളിലെ അധിനിവേശത്തിനെതിരെ സനാതനധര്‍മ്മത്തിന്റെ നിലപാട് സ്വാമികള്‍ ‘ക്രിസ്തുമതനിരൂപണ’ത്തില്‍ വ്യക്തമാക്കിയത് എന്നത്തെയുംകാള്‍ ഇന്ന് പ്രസക്തമായിരിക്കുന്നു.
പാതിരിമാരുടെ വാദങ്ങള്‍ക്കുള്ള മറുപടി
ബോധേശ്വരന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു ‘ഈ രാജ്യത്തെ ക്രിസ്തുമതപ്രചാരണം സ്വാമിയിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങളെന്താണെന്ന് അറിയണമെന്നുള്ളവര്‍ ‘ക്രിസ്തുമത നിരൂപണം’ ഒന്നു വായിച്ചിരിക്കേണ്ടതാണ്. ഭാരതത്തിന്റെ സംസ്‌കാരത്തെയും തദ്വാരാ ഭാരതത്തെയും സംരക്ഷിക്കണമെന്നുള്ളവര്‍ക്ക് ഈ രാജ്യത്ത് വിദേശീയമതങ്ങളെ അടിച്ചേല്‍പ്പിക്കുവാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സമചിത്തതയോടെ കഴിഞ്ഞു പോകുവാന്‍ ഒക്കുന്നതല്ലല്ലോ. സ്വാമികളുടെ ഈ കൃതി ഭാരതീയ ദാര്‍ശനികന്മാരുടെ വീക്ഷണകോണില്‍ക്കൂടി ഒരു മതപ്രമാണത്തെ സമീപിക്കുന്ന സമ്പ്രദായത്തില്‍പ്പെട്ടതാണ്. എന്നാല്‍ കരുവാ കൃഷ്ണനാശാന്‍ കളിയാങ്കല്‍ തുടങ്ങിയ ശിഷ്യസത്തന്മാര്‍ ആ വഴിക്കുള്ള മതഖണ്ഡനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഉഗ്രതരമാക്കിച്ചെയ്തിരുന്നു എന്ന് എനിക്ക് മനസ്സിലാക്കുവാന്‍ സംഗതിയായിട്ടുണ്ട്. വെളിയില്‍നിന്നുള്ള യാതൊരുബോധനങ്ങളും ലഭിക്കാനില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ക്കുവേണ്ടത് എന്താണെന്നറിയാന്‍ സ്വാമികള്‍ക്ക് ഉണ്ടായിരുന്ന കഴിവുകളെ വേണ്ടവര്‍ വേണ്ടതരത്തില്‍ കണ്ടറിഞ്ഞില്ലാ എന്നുള്ളത് വിശിഷ്യാ പ്രസ്താവിക്കണമെന്നില്ലല്ലോ (ബോധേശ്വരന്‍, 1953).
മിഷണറിമാരുടെ വിദ്യാഭ്യാസ സേവനങ്ങള്‍
മിഷണറിമാരുടെ ഇംഗ്ലീഷ് ഔപചാരിക വിദ്യാഭ്യാസ സേവനങ്ങള്‍ പ്രധാനമായി മതവും പാശ്ചാത്യ സംസ്‌കാരവും പ്രചരിപ്പിക്കാനുള്ള മാര്‍ഗങ്ങളായിരുന്നു. വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും സൗകര്യങ്ങളെയും, പാഠപുസ്തകങ്ങളെയും ഈ ഉദ്ദേശ്യം നിറവേറ്റാനാവുംവിധമാണ് അവര്‍ നിര്‍മ്മിച്ചിരുന്നത്. കവലപ്രസംഗകര്‍ക്ക് ഹൈന്ദവ ക്രൈസ്തവ ദര്‍ശനങ്ങള്‍ ഒന്നുമറിയില്ലായിരുന്നെങ്കിലും; ഹിന്ദുവിന്റെ ദൗര്‍ബല്യങ്ങളെയും സംസ്‌കാരത്തെയും പഠിച്ചിട്ടുതന്നെയാണ് ക്രിസ്തുമതപണ്ഡിതന്മാര്‍ മതപരിവര്‍ത്തനത്തിനുള്ള ഇത്തരം തന്ത്രങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഇതിനു വേണ്ടി അവര്‍ തദ്ദേശീയരായ പണ്ഡിതന്മാരെയും സമൂഹത്തില്‍ ഉന്നതപദവികളില്‍ ഉണ്ടായിരുന്നവരെയും പ്രലോഭിപ്പിച്ച് ഉയര്‍ന്ന ജോലികളില്‍ നിയമിക്കുകയോ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരികയോ ചെയ്തു. ഇവരെകൊണ്ടു തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായ പാഠപുസ്തകങ്ങളും ഗ്രന്ഥങ്ങളും ലഘുലേഖകളും ഉണ്ടാക്കി. ചാത്തുമേനോന്റെ അജ്ഞാനകുടീരം, ത്രിമൂര്‍ത്തിലക്ഷണം, ഡീക്കണ്‍കോശിയുടെ പുല്ലേലിക്കുഞ്ചു തുടങ്ങിയവയും പാതിരിമാര്‍ തന്നെ രചിച്ച ഘാതകവധം, കുരുട്ടുവഴി, മറുജന്മം, സത്യജ്ഞാനോദയം തുടങ്ങി (ഐസക്, 2022) എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളും പത്തൊമ്പതാം നൂറ്റാണ്ടില്‍ നമുക്ക് ചൂണ്ടിക്കാണിക്കാനാവും. പലതും അവര്‍ പാഠപുസ്തകങ്ങളാക്കി. അങ്ങനെ യുവതലമുറയെ സ്വാധീനിക്കാന്‍ അവര്‍ക്കു നിഷ്പ്രയാസം സാധിച്ചു.
ക്രിസ്തുവിന്റെ ഉപദേശികളെക്കുറിച്ചുള്ള അജ്ഞത
ബൈബിള്‍ അത് രചിച്ച് പല നൂറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷമാണ് ക്രിസ്ത്യന്‍ രാജ്യങ്ങളില്‍പോലും പുരോഹിതന്മാര്‍ക്കു കൂടി ലഭ്യമായത്. വിശ്വാസികള്‍ക്ക് അത് തീര്‍ത്തും അപ്രാപ്യമായിരുന്നു. അച്ചടിവ്യാപനത്തോടെയാണ് ബൈബിള്‍ ജനകീയമായതും വിശ്വാസികളുടെ കൈകളില്‍ അത് എത്തിച്ചേര്‍ന്നതും. കേരളത്തില്‍ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമതസാരവും ക്രിസ്തുമത നിരൂപണവും എഴുതുന്ന കാലത്ത് പോലും മലയാളം ബൈബിള്‍ പ്രചാരത്തില്‍ വന്നിരുന്നില്ല. ബെയ്‌ലിയുടെയും ഗുണ്ടര്‍ട്ടിന്റെയും ബൈബിള്‍ വിവര്‍ത്തനങ്ങള്‍ ചുരുക്കം പ്രദേശങ്ങളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1889 ല്‍ ബൈബിള്‍ സൊസൈറ്റി സത്യവേദപുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് ക്രൈസ്തവര്‍ എങ്ങും ബൈബിള്‍ വായിച്ചു തുടങ്ങുന്നത് (പോള്‍ മണലില്‍, 2022). ഇതിനും മുമ്പ് തന്നെ സ്വാമികള്‍ ക്രിസ്തുമതസാരവും ക്രിസ്തുമതനിരൂപണവും രചിച്ചു കഴിഞ്ഞു.
ക്രിസ്തുമതസാരം ഗ്രഹിക്കാതെയും ബൈബിള്‍ പഠിക്കാതെയുമാണ് ഉപദേശിമാര്‍ കവലകളില്‍ നിന്നും ഹിന്ദുമതത്തെ ആക്ഷേപിച്ചു പ്രസംഗിച്ചുകൊണ്ടിരുന്നത്. 1878-79 വര്‍ഷങ്ങളില്‍ സ്വാമികള്‍ തമിഴ്‌നാട്ടിലെ ഒരു ക്രിസ്ത്യന്‍ പുരോഹിതന് ശിഷ്യപ്പെട്ടു. അവിടെ ലഭ്യമായ ബൈബിളിന്റെ തമിഴ് പരിഭാഷ ഉപയോഗിച്ചാണ് ബൈബിളിലും ക്രൈസ്തവ ദൈവശാസ്ത്രങ്ങളിലുമൊക്കെ സ്വാമി ജ്ഞാനമാര്‍ജ്ജിക്കുന്നത് (രാമന്‍ നായര്‍ & സുലോചനാ ദേവി). അതില്‍ നിന്നുമാണ് ക്രിസ്തുമതസാരം എന്ന ഗ്രന്ഥം ജനിക്കുന്നത്. ബൈബിളിന്റെ സത്തയാണ് ഒരളുക്കിലെന്നപോലെ സ്വാമികള്‍ ഈ ചെറുപുസ്തകത്തില്‍ സംഗ്രഹിച്ചിരിക്കുന്നത്. ഏറ്റുമാനൂരില്‍ അങ്ങനെയൊരു പണ്ഡിതന്റെ മുന്നിലാണ് ബൈബിള്‍ കണ്ടിട്ടില്ലാത്ത ഉപദേശിമാര്‍ പരിഹാസ്യമായ കവല പ്രസംഗം നടത്തിയത്. നിരക്ഷരരും ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ഗ്രാമീണരെ സ്വാധീനിക്കാന്‍, പ്രലോഭിപ്പിക്കാന്‍ സ്വര്‍ഗ്ഗവും ഭക്ഷണവും സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ പ്രസംഗങ്ങള്‍ ധാരാളം മതിയാവുമായിരുന്നു.
ദൈവങ്ങളും പുരോഹിതന്മാരും
മതം മാറി നമ്മള്‍ അവരുടെ മതത്തില്‍ ചേരുമ്പോള്‍ അവരുടെ ദൈവം നമ്മള്‍ക്ക് അനുഗ്രഹങ്ങള്‍ തരുമെന്നാണ് ഈ മതപ്രചാരകര്‍ പറയുന്നത്. അത് ശുദ്ധഭോഷ്‌കാണ്. അത് സാദ്ധ്യമാണെങ്കില്‍ സ്വന്തം മതത്തിലെ വിശ്വാസത്തിലൂടെയും നാം ആരാധിച്ചുകൊണ്ടിരുന്ന ദൈവങ്ങള്‍ക്ക് അതെ അനുഗ്രഹങ്ങള്‍ നല്‍കാനുള്ള പ്രാപ്തി ഉണ്ടായിരിക്കുമല്ലോ (വര്‍ഗ്ഗീസ്, 2022). നമ്മുടെ മാതാപിതാക്കള്‍ക്ക് സ്‌നേഹവും കരുണയും കരുതലും നമുക്ക് നല്‍കാനാവില്ല; എന്നാല്‍ അയല്‍വീട്ടിലെ മാതാപിതാക്കള്‍ക്ക് കഴിയും എന്ന് പറയുന്നതിന് സമമാണ് ആ പ്രലോഭനം. നമ്മെ ഈ നിലയിലെത്തിച്ചത് മാതാപിതാക്കളും അവര്‍ക്കുള്ള ശക്തിയും അവര്‍ നേടിയെടുത്ത ഭൗതിക സൗകര്യങ്ങളുമാണല്ലോ. അവയുപേക്ഷിച്ചു മറ്റൊരു പിതാവിനെ തേടിപ്പോകുന്നതിലെ ചിന്താശൂന്യതയാണ് മതപരിവര്‍ത്തനത്തിലും കാണുക. എന്നാല്‍ ഈ യുക്തികളൊന്നും അന്ന് പാതിരിമാര്‍ക്കു മുന്നിലുണ്ടായിരുന്ന മനുഷ്യര്‍ക്ക് പ്രസക്തമായിരുന്നില്ല. അവരുടെ പുരോഹിതന്മാര്‍ അവരെ ക്രൂരമായി ചൂഷണം ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു, അതില്‍ നിന്നും സ്വതന്ത്രരാവുകയാണ് അന്ന് അവരുടെ പ്രധാന ആവശ്യം. മറ്റൊരു ചൂഷണത്തിലേക്കാണോ ചെന്നെത്തുന്നത് എന്നത് പിന്നത്തെ കാര്യമാണല്ലോ.
(തുടരും)