അടുത്തിടെ സദ്ഭരണവും വികസനവും പഠിക്കാനുള്ള സംഘത്തില്‍ അംഗമായി ഗുജറാത്തില്‍ പോയിരുന്നു. ഗുജറാത്തിലെ നാനാമേഖലകളിലും ആ സംസ്ഥാനം കൈവരിച്ചിട്ടുള്ള അഭൂതപൂര്‍വ്വമായ നേട്ടം ഒരു പരിധിവരെ അത്ഭുതാദരങ്ങളോടെയാണ് ഞങ്ങള്‍ കണ്ടത്. അവസാനം മുഖ്യമന്ത്രിയുമായി സംസാരിക്കുമ്പോള്‍ കേരളത്തില്‍ നിന്നുവന്ന ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ കുറിച്ച് അദ്ദേഹത്തോട് ആരാഞ്ഞു. അദ്ദേഹം അറിഞ്ഞിട്ടില്ല. അത് ചീഫ് സെക്രട്ടറിതലത്തില്‍ കണ്ടു പോയതായിരിക്കും. പക്ഷേ, ഗുജറാത്തിനെ കുറിച്ചുള്ള കേരളത്തില്‍ പ്രചരിക്കുന്ന മോശം കഥകള്‍ പറഞ്ഞപ്പോള്‍ കേരളത്തിലെ വ്യാവസായിക സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ ഗുണപരമായ എന്ത് കണ്ടാലും അത് സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, കേരളത്തിലെ വ്യാവസായികരംഗത്ത് ഗുജറാത്തിന് മാതൃകയാക്കാവുന്ന എന്താണ് നമുക്ക് കാട്ടിക്കൊടുക്കാനുള്ളത്?
കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും സാമ്പത്തിക വിദഗ്ദ്ധരും പ്രാമാണികന്മാരായ ഉദ്യോഗസ്ഥരും എപ്പോഴെങ്കിലും വരുംകാല കേരളത്തെ കുറിച്ച് കാര്യമാത്രപ്രസക്തമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ? രാഷ്ട്രീയത്തിനതീതമായി 50 വര്‍ഷത്തിനു ശേഷമുള്ള കേരളം എന്തായിരിക്കണമെന്ന ഗൗരവതരമായ ഒരു ചര്‍ച്ച അല്ലെങ്കില്‍ പ്ലാന്‍ ഏതെങ്കിലും തരത്തില്‍ ഉണ്ടായിട്ടുണ്ടോ? ഇതൊക്കെ പോകട്ടെ, 1950 ല്‍ ആരംഭിച്ച പ്ലാനിംഗ് കമ്മീഷന്‍ 50 വര്‍ഷം പിന്നിട്ടപ്പോള്‍ കേരളത്തിലെ ആസൂത്രണരംഗത്ത് കഴിഞ്ഞ 50 വര്‍ഷം എന്ത് നടന്നു എന്ന് ഒരു വിലയിരുത്തല്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നന്വേഷിച്ചു. സംസ്ഥാന ആസൂത്രണബോര്‍ഡ് ഈ തരത്തിലുള്ള ഒരു പഠനം എവിടെയും നടത്തിയിട്ടില്ല. 50 വര്‍ഷത്തെ സംഗ്രഹിത വിവരശേഖരണം ഒരുതലത്തിലും ഉണ്ടായിട്ടില്ല. രാഷ്ട്രീയത്തിനും അഴിമതിക്കും കൊള്ളക്കും അപ്പുറം കേരളത്തിന്റെ മാറി മാറി വന്ന ഭരണകൂടങ്ങള്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും നാനാമേഖലകളിലെയും സമഗ്രവികസനത്തിനും എന്തെങ്കിലും ഒരു പദ്ധതി, രൂപരേഖ എവിടെയെങ്കിലും ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടോ? ഇല്ല. ഇവിടെയാണ് ഭരണകൂടത്തിന്റെ ഇരുട്ടില്‍ തപ്പല്‍ വ്യക്തമാകുന്നത്.
എന്താണ് കേരളത്തില്‍ അടിസ്ഥാനപരമായ പ്രശ്‌നം? അമിതമായ രാഷ്ട്രീയവത്കരണം, മാറി മാറി വരുന്ന മുന്നണികളുടെ അഴിമതി പിന്നെ, ഒരുതരം കഴുത്തറുപ്പന്‍ ട്രേഡ് യൂണിയന്‍ വത്കരണം. കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തെ തകര്‍ക്കുന്നത് മുഖ്യമായും സിഐടിയു എന്ന ട്രേഡ് യൂണിയന്‍ പ്രസ്ഥാനമാണ്. കേരളത്തില്‍ എന്തൊക്കെ നല്ലത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോ അതിനെയെല്ലാം എതിര്‍ക്കുകയും തോല്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സിഐടിയു ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മോഹന്‍ലാലിന്റെ വരവേല്‍പ്പ് സിനിമയില്‍ പറഞ്ഞിരുന്ന അതേ അന്തരീക്ഷത്തിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തെ ഒരു മുന്‍ പട്ടാളക്കാരന്‍ കടന്നുപോയത് – രാജ്‌മോഹന്‍ കൈമള്‍. കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്തു. പട്ടാളത്തില്‍ നിന്ന് വിരമിച്ചശേഷം വിദേശരാജ്യങ്ങളില്‍ പണിയെടുത്ത് നാട്ടില്‍ മടങ്ങിവന്നു. സ്ഥലം വാങ്ങി ഒരു ഫാം തുടങ്ങി. അഞ്ച് ബസ്സുകള്‍ വാങ്ങി. ഒപ്പം സാമൂഹ്യരംഗത്തും പ്രവര്‍ത്തിച്ചു. കിളിരൂര്‍ എന്‍എസ്എസ് കരയോഗം പ്രസിഡണ്ടായിരുന്നു. ബിജെപിയുടെ ഏറ്റുമാനൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു.
ഒരു പട്ടാളക്കാരന്റെ ധീരതയും ദേശാഭിമാനബോധവും കൈവെടിയാതെ എന്നും നാട്ടുകാര്‍ക്കൊപ്പം നിലകൊണ്ട രാജ്‌മോഹന്‍ 2018 ല്‍ സര്‍ക്കാര്‍ സൃഷ്ടിച്ച പ്രളയത്തില്‍ ഇരകളായ നാട്ടുകാരെ രക്ഷപ്പെടുത്താന്‍ ബസ്സുകള്‍ 24 മണിക്കൂറും സൗജന്യമായി ഓടിച്ചു. അതോടൊപ്പം ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനവുമായി അദ്ദേഹമുണ്ടായിരുന്നു. ദുരന്തത്തിന്റെ മഴ പെയ്‌തൊഴിഞ്ഞപ്പോള്‍ പഞ്ചായത്തില്‍ വീടില്ലാത്തവരുടെ പട്ടിക അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വന്നു. സ്വന്തമായി വീടില്ലാത്ത 102 കുടുംബങ്ങള്‍. 55 കുടുംബങ്ങള്‍ക്ക് ഒരു സെന്റ് വസ്തു പോലും സ്വന്തമായില്ല. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫണ്ട് ഉണ്ട്. സ്ഥലം വാങ്ങാന്‍ നല്‍കുന്നത് രണ്ടുലക്ഷം രൂപയാണ്. ആ രണ്ടുലക്ഷം രൂപയ്ക്ക് മൂന്നുസെന്റ് സ്ഥലം എവിടെയും കിട്ടാതെ വന്നതോടെ വീടില്ലാത്തവര്‍ക്ക് വീട് വെയ്ക്കാന്‍ കഴിയാത്ത സാഹചര്യം അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. പട്ടാളത്തിലും വിദേശത്തും കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊടുത്ത് വാങ്ങിയ 40 സെന്റ് സ്ഥലം വീട് നിര്‍മ്മിക്കാനായി ലൈഫ് മിഷന് വിട്ടുകൊടുത്തു. കൂടാതെ അവിടേക്ക് റോഡ് നിര്‍മ്മിക്കാനാവശ്യമായ സ്ഥലവും വാങ്ങിക്കൊടുത്തു. തിരുവാര്‍പ്പ് പഞ്ചായത്തിലെ കിളിരൂര്‍ കുന്നുപുറം വാര്‍ഡില്‍ കിടപ്പാടമില്ലാതിരുന്ന 50 കുടുംബങ്ങള്‍ക്ക് വീടുണ്ടായത് അങ്ങനെയാണ്.

ഇതിനിടെ തന്റെ ഒന്നരയേക്കര്‍ സ്ഥലം കായികപരിശീലനത്തിനുള്ള മൈതാനം, അങ്കണവാടി, ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്‌കൂള്‍ എന്നിവയ്ക്ക് വിട്ടുകൊടുക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനമനുസരിച്ച് അഞ്ചുസെന്റ് സ്ഥലം അങ്കണവാടിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഇതിനിടെ അദ്ദേഹത്തിന്റെ അഞ്ച് ബസ്സുകളില്‍ ഒന്നിന്റെ ജീവനക്കാരന്‍ അധികവേതനം ആവശ്യപ്പെട്ട് യൂണിയന്‍ വഴി നോട്ടീസ് നല്‍കി.മനഷ്ടത്തിലായ സര്‍വ്വീസില്‍ നിയമമനുസരിച്ചുള്ള വേതനമേ കൊടുക്കാന്‍ പറ്റൂ എന്ന നിലപാട് എടുത്തതോടെ ബസ്സ് കൊടികുത്തി വഴിയില്‍ പിടിച്ചിട്ടു. സിഐടിയു യൂണിയന്‍, കിടപ്പാടം പണയംവെച്ച് വാങ്ങുന്ന ബസ്സുകള്‍ മുടക്കാന്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒരു സമരമുറയാണിത്. രാജ്‌മോഹനും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കൊടികുത്തി മുടക്കിയ ബസ്സിന്റെ മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ടൈംസ്‌ക്വയറില്‍ ഇരിക്കാന്‍ ഉപയോഗിച്ച തരത്തിലുള്ള ഒരു ഇരുമ്പുകസേരയില്‍ കോട്ടും സ്യൂട്ടുമിട്ട് ലോട്ടറി കച്ചവടം തുടങ്ങി. ഇത് പാര്‍ട്ടിക്കാരെയും സി ഐ ടി യു.വിനെയും ഒരേപോലെ പ്രകോപിപ്പിച്ചു. ഇതിനിടെ പ്രശ്‌നം കോടതിയിലുമെത്തി. കോടതിയില്‍ നിന്ന് രാജ്‌മോഹന് അനുകൂലമായ വിധിയുണ്ടായി. ചെങ്കൊടി മാറ്റി ബസ് സര്‍വ്വീസ് നടത്താന്‍ കോടതി ഉത്തരവിട്ടു.
തിരുവാര്‍പ്പ് പോലീസിന്റെ സാന്നിധ്യത്തില്‍ ബസ് എടുക്കാനെത്തിയ രാജ്‌മോഹനെ സിഐടിയു നേതാവ് രാജീവന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു. പോലീസ് ഓടിയെത്തി പിടിച്ചുമാറ്റിയെങ്കിലും അദ്ദേഹത്തിന് മര്‍ദ്ദനമേറ്റിരുന്നു. ഹൈക്കോടതി ഉത്തരവനുസരിച്ച് കൊടി മാറ്റാനുള്ള ചുമതല പോലീസിനായിരുന്നില്ലേ? പോലീസല്ലേ കൊടി മാറ്റി ബസ് സര്‍വ്വീസിന് നല്‍കാനുള്ള കോടതി നിര്‍ദ്ദേശം പാലിക്കേണ്ടത്? കോടതി ഉത്തരവിട്ടാല്‍ പോലും ഒരു വ്യവസായിക്ക് സംരക്ഷണമൊരുക്കാന്‍ അയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കാതിരിക്കാന്‍ ബാധ്യതയുള്ള കേരള പോലീസ് ആരെയാണ് ഭയക്കുന്നത്? അവര്‍ക്ക് നീതി നിര്‍വ്വഹണത്തോടാണോ ഭരണകക്ഷിയോടാണോ കൂറ് എന്നകാര്യം ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു. രാജ്‌മോഹന്‍ എന്ന വ്യവസായിക്ക്, മുന്‍ പട്ടാളക്കാരന് ഏറ്റ ഓരോ തല്ലും കേരളാ പോലീസിനും സംസ്ഥാന ഭരണകൂടത്തിനും മാത്രമല്ല, അയാള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ച ബഹുമാനപ്പെട്ട ഹൈക്കോടതിക്കും കൂടിയാണ് കൊണ്ടത് എന്നകാര്യം മറക്കരുത്.
ആന്തൂരില്‍ എം.വി.ഗോവിന്ദന്റെ ഭാര്യ വ്യവസായത്തിന് സൗകര്യവും സംരക്ഷണമൊരുക്കി(!)! പ്രവാസി വ്യവസായിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് നമ്മള്‍ മറന്നിട്ടില്ല. കൊല്ലം ചടയമംഗലത്ത് സിപിഐ.ക്കാരനായ വ്യവസായിയെ വ്യവസായം പൂട്ടിച്ച് ജീവിതം കുട്ടിച്ചോറാക്കിയതും മറന്നിട്ടില്ല. വി-ഗാര്‍ഡും എംആര്‍എഫും മാത്രമല്ല, രക്ഷപ്പെടാന്‍ സാധ്യതയുള്ള വ്യവസായികള്‍ മുഴുവന്‍ തമിഴ്‌നാട്ടിലേക്ക് ചേക്കേറുകയാണ്. വ്യവസായം കൊണ്ടുവരാനെന്ന പേരില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ പലതവണ വിദേശത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ എത്ര പുതിയ വ്യവസായം കൊണ്ടുവന്നു എന്ന് പറയാന്‍ കഴിയുമോ? എത്ര കോടിയുടെ വിദേശനിക്ഷേപം കേരളത്തില്‍ വന്നു? കേരളത്തില്‍ വരാന്‍ തയ്യാറാകുന്ന വ്യവസായങ്ങള്‍ ഒന്നടങ്കം മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. എന്തിനേറെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ പോലും വ്യവസായം തുടങ്ങിയത് അന്ന് ബിജെപി ഭരിച്ചിരുന്ന കര്‍ണ്ണാടകത്തിലാണ്. കേരളത്തില്‍ വ്യവസായത്തിനുള്ള അന്തരീക്ഷമില്ലെന്ന് പരോക്ഷമായി സമ്മതിക്കലല്ലേ ഇത്? ഇല്ലെങ്കില്‍ എന്തുകൊണ്ട് വീണ വിജയന്‍ കേരളത്തില്‍ ബിസിനസ്സ് തുടങ്ങാതെ ബാംഗ്ലൂരില്‍ തുടങ്ങിയെന്ന് സാമാന്യജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടുന്ന ഒരു വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിയും വ്യവസായവകുപ്പും തയ്യാറാകണം.
കേരളത്തില്‍ നിന്ന് സിപിഎം സഖാക്കളും സിഐടിയുവും വളഞ്ഞിട്ട് ആക്രമിച്ചതിനെ തുടര്‍ന്ന് തെലങ്കാനയിലേക്ക് പറിച്ചുനട്ട കിറ്റെക്‌സിന്റെ പുതിയ ഫാക്ടറി ജൂലൈ മാസത്തില്‍ ഉദ്ഘാടനം ചെയ്യും. 1350 ഏക്കറില്‍ ഏഴ് കെട്ടിടങ്ങളിലായി ഉയര്‍ന്ന ഫാക്ടറിയില്‍ 20,000 ത്തിലേറെ പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. കൂടാതെ പരോക്ഷമായി 18,000 പേര്‍ക്ക് കൂടി ജോലി ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. 40,000-50,000 ത്തിനും ഇടയില്‍ മലയാളികള്‍ക്ക് ലഭിക്കേണ്ട തൊഴിലവസരമാണ് തെലങ്കാനയ്ക്ക് ലഭിക്കുന്നത്. ഇതിന് ഉത്തരവാദി ആരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമോ?
കഴിഞ്ഞില്ല, എത്രകാലമായി കേരളത്തിലെ വ്യവസായാന്തരീക്ഷവും സാമൂഹ്യാന്തരീക്ഷവും സിഐടിയു എന്ന തൊഴിലാളി യൂണിയന്‍ മലീമസമാക്കാന്‍ തുടങ്ങിയിട്ട്. അട്ടിമറിക്കൂലി മുതല്‍ നോക്കുകൂലി വരെയുള്ള കൊള്ളകള്‍ മാത്രമല്ല, ഏതെങ്കിലും പാവപ്പെട്ടവന്‍ ലൈഫ് പദ്ധതിയില്‍ വീടു വെയ്ക്കാന്‍ ഇഷ്ടിക വാങ്ങിയാല്‍ പോലും അത് വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ഇറക്കാന്‍ സമ്മതിക്കാതെ ആയിരക്കണക്കിന് രൂപ നോക്കുകൂലിയായി ആവശ്യപ്പെടുന്ന സിഐടിയു ഒരു തൊഴിലാളി സംഘടനയാണോ കൊള്ളക്കാരുടെ കൂട്ടായ്മയാണോ എന്നകാര്യം അവര്‍ തന്നെ വ്യക്തമാക്കട്ടെ. ഇന്ന് കേരളസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ട പ്രസ്ഥാനമായി സിഐടിയു മാറിയിരിക്കുന്നു. കേരളത്തിലെ പൊതു സമൂഹത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ സിഐടിയു എന്ന പ്രസ്ഥാനം ഉണ്ടാക്കിയത്ര അവമതിപ്പ് മറ്റൊരു സംഘടനക്കുമില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ട് നികൃഷ്ടജീവി എന്നുപറഞ്ഞത് സിഐടിയുവിനെ ഓര്‍ത്ത് ആകാനേ തരമുള്ളൂ. സിഐടിയു നേതാക്കളുടെ സ്വത്ത് വിവരം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ തയ്യാറാകുമോ? കെ. ചന്ദ്രന്‍ പിള്ളയും കെ.എന്‍. രവീന്ദ്രനാഥും അടക്കം ചില നിസ്വാര്‍ത്ഥരൊഴികെ ബാക്കിയുള്ള നേതാക്കളുടെ രമ്യഹര്‍മ്മങ്ങളും കൂപ്പര്‍ കാറുകളും ഇന്നോവകളും ഒക്കെ എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കാന്‍ സിഐടിയു നേതൃത്വത്തിനോ സിപിഎം നേതൃത്വത്തിനോ കഴിയുമോ? കോട്ടയത്തെ പ്രശ്‌നം തൊഴില്‍വകുപ്പ് ഒത്തുതീര്‍ത്തു. പക്ഷേ, കേരളത്തിന്റെ പ്രശ്‌നം അവസാനിക്കുന്നില്ല. അത് അവസാനിക്കണമെങ്കില്‍ സിഐടിയു എന്ന പ്രസ്ഥാനം ഇല്ലാതാകണം.