”ഡിഗ്രി കഴിഞ്ഞതിന് ശേഷം എറണാകുളത്ത് ജോലി കിട്ടി. താമസം ഹോസ്റ്റലിലേക്ക് മാറ്റി. മലപ്പുറത്തേത് പോലെ വീട്ടുകാരുടെ നിയന്ത്രണങ്ങളോ ദൃഷ്ടിയോ ഇല്ല. സമ്പൂര്‍ണ സ്വാതന്ത്ര്യം. എന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് നിയന്ത്രണങ്ങള്‍ ഇല്ലാതെ ഞാന്‍ ജീവിക്കുവാന്‍ തുടങ്ങി.
അവിടെയും മുസ്ലിം കുട്ടികളോട് കൂട്ടുകൂടാനായിരുന്നു എനിക്ക് താല്‍പ്പര്യം. എന്റെ മുസ്ലിം ആഭിമുഖ്യം മനസ്സിലാക്കിയ അവര്‍ എന്നെ നന്നായി പ്രോത്സാഹിപ്പിച്ചു. അവര്‍ എനിക്ക് ഖുറാന്‍ നല്‍കുകയും ഫാത്തിയ ഓതാന്‍ പഠിപ്പിക്കുകയും ചെയ്തു. കൂടുതല്‍ പഠിക്കാനായി എന്റെ സുഹൃത്തുക്കള്‍ എന്നോട് എറണാകുളത്ത് എസ്.ആര്‍.എം റോഡിലുളള ദവാത്തുല്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന് പഠിക്കുവാന്‍ ഉപദേശിച്ചു. ഞാനത് അപ്പോള്‍ തന്നെ അനുസരിച്ചു.
ജോലിക്കാരിയായതുകൊണ്ട് പുലര്‍ച്ചെയുള്ള ക്ലാസില്‍ തന്നെ ചേര്‍ന്നു. രാവിലെ 6 മുതല്‍ 9 വരെ. തന്നെപ്പോലെ തന്നെ ഒരുപാട് ഹിന്ദു സ്ത്രീകള്‍ മതം മാറാനായി അവിടെ ഉണ്ടായിരുന്നു. മുസ്ലിം പെണ്‍കുട്ടിയെ പ്രേമിച്ച് മതം മാറാന്‍ വന്ന ഒരു ഹിന്ദു യുവാവും അവിടെ ഉണ്ടായിരുന്നു. ഉദ്ദേശം മുപ്പത്തഞ്ചോളം പേര്‍ അപ്പോള്‍ അവിടെ മതം പഠിക്കാന്‍ ഉണ്ടായിരുന്നു. കൊല്ലത്തുള്ള ഒരു ഹിന്ദു വിധവ അവരുടെ കുടുംബത്തിന് പള്ളി കമ്മറ്റിയുടെ സഹായം കിട്ടാന്‍ വേണ്ടി മതം മാറാന്‍ വന്നിരുന്നു.
ഹിന്ദുമതത്തെ പരമാവധി താറടിച്ച് സംസാരിക്കലാണ് ഇസ്ലാം മതപഠനത്തിലെ ഒരു സിലബസ്. ഇസ്ലാമിനെ മഹത്വവല്‍ക്കരിക്കാനാണ് ഈ താറടി. ഇസ്ലാമിക് സെന്ററില്‍ നിന്ന് പല പുതിയ അറിവുകളും കിട്ടി. അതിലൊന്ന് ഇന്ത്യയല്ല നമ്മുടെ രാജ്യം എന്നതായിരുന്നു. ഇതെനിക്കൊരു പുതിയ അറിവായിരുന്നു. യഥാര്‍ത്ഥ ഇസ്ലാമിക രാജ്യം അറബി രാജ്യങ്ങളിലാണ്. ഈ ലോകത്തെ ദാറുല്‍ ഹര്‍ബില്‍ നിന്ന് ദാറുല്‍ ഇസ്ലാമിലേക്ക് കൊണ്ടുവരണം. അന്ധവിശ്വാസങ്ങളോ അനാചാരങ്ങളോ ഇല്ലാത്ത ഏക സത്യമതം ഇസ്ലാമാണ്.
അങ്ങനെ സത്യമതം എന്റെ ശ്വാസത്തിന്റെ ഭാഗമായി. ഓരോ ശ്വാസത്തിലും സത്യമതത്തിന്റെ ഗന്ധം എനിക്കനുഭവപ്പെട്ടു. അങ്ങനെ ആ പഠന കാലത്ത് ചിത്ര ജി.കൃഷ്ണന്‍ എന്ന പേര് മാറ്റി ഞാന്‍ നസ്‌റിന്‍ എന്ന മുസ്ലിം പേര് സ്വീകരിച്ചു മതം മാറി. നിസ്‌കാരം തുടങ്ങി. ഒരു സമ്പൂര്‍ണ മുസ്ലിം മതപ്രചാരികയാകുക, മറ്റുളളവരെയും സത്യമതത്തിലേക്ക് നയിക്കുക എന്നതായിരുന്നു ലക്ഷ്യം. പര്‍ദ്ദയിട്ട് അവരുടെ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഇസ്ലാമിസ്റ്റുകള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അപ്പോഴൊന്നും ഞാന്‍ ഒഴുകിക്കൊണ്ടിരിക്കുന്ന വഴികളെപ്പറ്റി എന്റെ വീട്ടുകാര്‍ക്ക് ഒന്നും അറിയില്ലായിരുന്നു. ഞാന്‍ ഒന്നും അറിയിച്ചിരുന്നില്ല. കാരണം വീട്ടുകാര്‍ വിഷമിക്കും. എല്ലാ മതങ്ങളും ഒന്നാണെന്ന് പറയുന്ന അച്ഛന് ഇതൊന്നും ബാധിക്കില്ല. പക്ഷെ അമ്മയും ചേട്ടനും അങ്ങനെയല്ല.
അങ്ങനെ ഒരു ദിവസം ചിത്ര ഗോപാലകൃഷ്ണന്‍, നസ്‌റിന്‍ ആയ വിവരം വീട്ടിലറിഞ്ഞു. വീട്ടില്‍ നിന്നുള്ള ഫോണ്‍ വിളി ഞാന്‍ കണക്ക് കൂട്ടിയിരുന്നുവെങ്കിലും ആ കണക്കില്‍ പ്രതീക്ഷിക്കാത്ത ഒന്ന് സംഭവിച്ചു. അച്ഛനെക്കുറിച്ചുള്ള എന്റെ ധാരണയായിരുന്നു അത്. അച്ഛനായിരുന്നു എന്നെ തിരിച്ച് വിളിച്ചവരില്‍ മുമ്പന്‍. എല്ലാ മതങ്ങളും ഒന്നാണെന്ന് പഠിപ്പിച്ച അച്ഛനും അമ്മയും അടക്കം എല്ലാവരും വിളിച്ചുകൊണ്ടേയിരുന്നു. തകര്‍ന്ന പോലെയായിരുന്നു എല്ലാ വിളികളും.
സത്യമതത്തില്‍ നീന്തി തുടിച്ചിരുന്ന എനിക്ക് ഈ വിളികളെല്ലാം അങ്ങേയറ്റം അരോചകമായിരുന്നു. ഇസ്ലാമിക കാഴ്ചപ്പാടില്‍ അമുസ്ലിമുകളായ എല്ലാവരും അവര്‍ മാതാപിതാക്കളായാല്‍ പോലും സത്യനിഷേധികളും കാഫിറുകളുമാണ്. സത്യമതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച എന്നെ തടയുവാന്‍ ശ്രമിക്കുന്ന ഈ കാഫിറുകളെ പരുഷമായി തന്നെ നേരിടുവാന്‍ ഞാന്‍ നിശ്ചയിച്ചു. ആ നേരത്താണ് അച്ഛന്റെ ഫോണ്‍ വിളി വരുന്നത്. അച്ഛനെന്നല്ല ഒരാളും ഇനി തിരിച്ച് വിളിക്കാത്ത രീതിയില്‍ ഞാനന്ന് അച്ഛനോട് പരുഷമായി സംസാരിച്ചു. ആ സംസാരത്തിന്റെ വിജയലഹരിയില്‍ ഇരിക്കേ എനിക്കൊരു ഫോണ്‍ വന്നു. അച്ഛന് ഹാര്‍ട്ട് അറ്റാക്കായി മാവേലിക്കര സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. മകളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. എല്ലാ മതങ്ങളും ഒന്നാണെന്ന് പഠിപ്പിച്ച അച്ഛന്‍ സഖാവിന് ഇങ്ങനെ വരുമോ? മനസ്സ് സന്ദേഹിക്കാതിരുന്നില്ല. അച്ഛനെക്കുറിച്ച് വന്ന വാര്‍ത്ത സത്യമായിരുന്നു.
പക്ഷെ എന്നിലെ ഇസ്ലാം എന്നെ വിട്ടില്ല. താന്‍ അച്ഛനെ കാണുവാന്‍ പോയാല്‍ അവര്‍ പിന്നെ വിടില്ല. മൂന്ന് ദിവസം അങ്ങനെ കടന്നുപോയി. അച്ഛന്റെ രോഗം ഗുരുതരമായി കൊണ്ടിരിക്കുന്നതായി ഞാനറിഞ്ഞു. വന്ന് കയറിയ ഒരു മതത്തിന് വേര്‍തിരിക്കാവുന്നതിലും ആഴമുണ്ടായിരുന്നു ഞാനും അച്ഛനും തമ്മിലുളള ബന്ധത്തിന്. അച്ഛനെ കാണണമെന്ന വികാരത്തില്‍ ഞാന്‍ വീര്‍പ്പ് മുട്ടി. അങ്ങനെ നാലാം ദിവസം അച്ഛനെ കാണാന്‍ മാവേലിക്കരയിലേക്ക് പോയി. വീട്ടുകാര്‍ തിരിച്ച് വിട്ടില്ലെങ്കിലും തിരിച്ച് വരാന്‍ കഴിയുമെന്ന സ്വന്തം വിശ്വാസത്തിന്മേലായിരുന്നു ആ യാത്ര. കൈയില്‍ കിട്ടിയ എന്നെ കളയുവാന്‍ വീട്ടുകാര്‍ക്ക് കഴിയുമായിരുന്നില്ല.
ഞാന്‍ ഏകദേശം വീട്ടുതടങ്കലിലായ അവസ്ഥയിലായി. ഇതെല്ലാം അള്ളാഹുവിന്റെ പരീക്ഷണമാണെന്നും ഇനി തിരിച്ച് പോകാന്‍ പറ്റിയില്ലെങ്കില്‍ അള്ളാഹുവിന് വേണ്ടി മരിക്കാമെന്നും ആലോചിച്ചു. ഇങ്ങനെ ഒരു മാസം കടന്നുപോയി. ഇതിനിടയില്‍ പൂജ, മന്ത്രവാദം, കൈവിഷം, വഴിപാടുകള്‍, ജോത്സ്യന്‍ എന്നു തുടങ്ങി ഒരു പാവം ഹിന്ദുവിനറിയാവുന്ന മേഖലകളിലേക്കൊക്കെ എന്നെ വീട്ടുകാര്‍ കൊണ്ടുപോയി. അവര്‍ക്കാര്‍ക്കും എന്റെ ഒരു ചോദ്യത്തിനും മറുപടി തരാന്‍ കഴിഞ്ഞിരുന്നില്ല. ഏക ദൈവമായ അള്ളാഹുവിനാല്‍ ഉണ്ടാക്കപ്പെട്ട സത്യമതമായ ഇസ്ലാമിനേക്കാള്‍ എന്ത് മഹത്വമാണ് കല്ലിനെയും പാമ്പിനേയും പുജിക്കുന്ന മതത്തിന് പറയുവാനുള്ളത്?
അള്ളാഹുവിനും വീട്ടുകാര്‍ക്കും ഇടയില്‍ അള്ളാഹുവിനെ ആരാധിച്ചു കൊണ്ട് ഞാന്‍ നിന്നു. ഇങ്ങനെയിരിക്കെയാണ് ആര്‍ഷ വിദ്യാസമാജം എന്നൊരു സ്ഥാപനത്തെക്കുറിച്ച് തിരുവനന്തപുരത്തുള്ള ഒരു അനില്‍ ജി ഞങ്ങളോട് പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇനി ഒരാളെ കാണാനും ഒരു താല്‍പര്യവുമുണ്ടായില്ല. വൃഥാവിലായ ഒരുപാട് യാത്രകള്‍ കഴിഞ്ഞു. എന്നാല്‍ വീട്ടുകാര്‍ അങ്ങനെയായിരുന്നില്ല. അവര്‍ക്ക് തന്നെ തിരിച്ച് കിട്ടിയേ മതിയാകുമായിരുന്നുള്ളൂ. ആര്‍ഷവിദ്യാ സമാജമെങ്കില്‍ ആര്‍ഷവിദ്യാസമാജം. 2014 ആഗസ്റ്റ് 28 ന് ഞാന്‍ ആര്‍ഷ വിദ്യാ സമാജത്തിലെത്തി.
സമാജത്തിന്റെ ഇടപെടല്‍ ഞാന്‍ പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു. ഏകപക്ഷീയമായ ക്ലാസ്സുകള്‍ക്കും പഠിപ്പിക്കലിനും ദൈവഭയം ജനിപ്പിക്കുന്നതിനും പകരം ഇവിടെ ചര്‍ച്ചയാണ്. ഖുറാനില്‍ പ്രപഞ്ചസത്യം കണ്ട് നില്‍ക്കുന്ന എന്നോട് എന്നാല്‍ നമുക്ക് ഖുറാനെപ്പറ്റി തന്നെ സംസാരിക്കാമെന്ന് അവിടുത്തെ ആചാര്യന്‍ മനോജ് ജി പറഞ്ഞപ്പോള്‍ എനിക്ക് അദ്ഭുതമായി. ഹിന്ദുമതം പറയുവാന്‍ വന്ന ആള്‍ക്ക് ഖുറാനെപ്പറ്റി എന്തറിയാം.ഞാന്‍ പ്രതീക്ഷിച്ചത് വലിയൊരു ക്ലാസോ അതുപോലെ മറ്റെന്തെങ്കിലോ ആണ്.
ആചാര്യന്‍ പറഞ്ഞു. ‘സംവാദങ്ങളുടെ കുറിപ്പ് എഴുതി സൂക്ഷിക്കണം. ഖുറാന്‍ വായിക്കുകയും യുക്തിപൂര്‍വം ചിന്തിക്കുകയും ഒടുവില്‍ ഇസ്ലാം തന്നെ ശരി എന്ന് തോന്നുകയും ചെയ്യുകയാണെങ്കില്‍ ചിത്ര ആ വഴിക്ക് പോകണം. ആരും തടയില്ല. ഞാന്‍ സമ്മതിച്ചു. മുസ്ലിമായി തിരിച്ച് പോകാന്‍ കഴിയുമെന്ന് തന്നെയായിരുന്നു വിശ്വാസം.
എന്നാല്‍ ഖുറാനെപ്പറ്റി നടന്ന ചര്‍ച്ചകള്‍ എന്നെ മാറ്റി മറിച്ചു. ഞാന്‍ കേട്ടതും പഠിച്ചതുമല്ലാത്ത വേറൊരു ഭാഗം ഖുറാനുണ്ടായിരുന്നു. ഇതവര്‍ പുറത്ത് പറയാറില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ശാസ്ത്രമാണെന്ന് പറഞ്ഞപ്പോള്‍ ഖുറാനിലെ ശാസ്ത്രത്തില്‍ നിന്ന് തന്നെ തുടങ്ങി. ഭൂമി പരന്നതാണെന്നതുതൊട്ട് രാപ്പകലുകളുടെ സൃഷ്ടി തൊട്ട് ആകാശവും ഭൂമിയും സൃഷ്ടിക്കുന്നതുവരെയുള്ള കാര്യങ്ങളെല്ലാം വായിച്ച് ഞാനാകെ പതറി. ഭൂമി നിങ്ങളെയും കൊണ്ട് ചാഞ്ഞു പോകാതിരിക്കുവാന്‍ അതില്‍ ഭാരമുള്ള പര്‍വതങ്ങളെ അവന്‍ (അള്ളാഹു) സ്ഥാപിച്ചിരിക്കുന്നു. ഇങ്ങനെയുളളവയായിരുന്നു വചനങ്ങള്‍. ഇസ്ലാമിക വൈദ്യം, ഖുറാനിലെ സ്ത്രീ, ജിഹാദ്, എന്നിങ്ങനെ ഖുറാനിലെ ഓരോ ഭാഗമായി ആചാര്യന്‍ എന്നെ കൊണ്ട് തന്നെ വായിപ്പിച്ചു. ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്ന എന്റെ ആത്മകഥയില്‍ ഞാനിതെല്ലാം വിസ്തരിച്ച് എഴുതിയിട്ടുണ്ട്.
ആര്‍ഷ വിദ്യാസമാജത്തിലെ എന്റെ ജീവിത പാഠങ്ങള്‍ ഞാന്‍ വീട്ടിലോ സ്‌കൂളിലോ കൂട്ടുകാരില്‍ നിന്നോ പഠിക്കാത്ത പാഠങ്ങളായിരുന്നു. എനിക്കിതെല്ലാം ആദ്യത്തെ അറിവുകളായിരുന്നു.
അറിവില്ലായ്മകൊണ്ട് ഒരു പാട് തെറ്റുകള്‍ സംഭവിച്ചു. എന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ കണ്ണുനീരിലും വേദനയിലും ചവിട്ടിയാണല്ലോ ഞാനിവിടെ വരെ എത്തിയത്. ഒരു മതത്തിന്റെ പേരില്‍ എത്ര ക്രൂരമായിട്ടായിരുന്നു അവരോടുള്ള എന്റെ പെരുമാറ്റം. എന്നെപ്പോലെ അജ്ഞരായ എത്രയോ ആളുകള്‍. കെണികളില്‍പ്പെട്ടവരും പെടാനിരിക്കുന്നവരും. ഇനിയുള്ള ജീവിതം ഇവര്‍ക്ക് വേണ്ടി ജീവിച്ചാലെന്താ? മനസ്സില്‍ ഒരു ലക്ഷ്യം മുള പൊട്ടി.
ഞാന്‍ ഈ കാര്യം ആചാര്യനോട് പറഞ്ഞു. ആര്‍ഷവിദ്യാ സമാജത്തിന്റെ ധര്‍മ പ്രചാരികയായി പ്രവര്‍ത്തിക്കണം. ഞാന്‍ കാര്യമായിട്ടാണ് ഇത് സംസാരിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘വലിയൊരു ദൗത്യമാണ് ആര്‍ഷവിദ്യാ സമാജത്തിനുള്ളത്. വീട്ടുകാരുമായി ഒക്കെ ആലോചിച്ചേ തീരുമാനം എടുക്കാവൂ. അല്ലെങ്കില്‍ ഭാവിയില്‍ ചിത്രക്ക് തന്നെ ഇത് ബുദ്ധിമുട്ടാകും. ആത്മീയ മാര്‍ഗം വളരെ കാഠിന്യമേറിയതാണ്. അവയെ തരണം ചെയ്യുക എളുപ്പമല്ല.’
എന്നാല്‍ എന്റെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു. ധര്‍മ്മത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ എന്റെ ഗുരുവിനോടൊപ്പം അവസാന ശ്വാസം വരെയുണ്ടാകുമെന്ന് ഞാന്‍ ഉറപ്പു നല്‍കി. ഞാന്‍ ഇന്ന് ആര്‍ഷ വിദ്യാ സമാജത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകയാണ്. ധര്‍മ പ്രചാരികയാണ്.. സന്തോഷം. അഭിമാനം.”
(തുടരും)