മലയാള സാഹിത്യ നിരൂപണ രംഗത്തെ ‘സൗമ്യഭാരതി’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പ്രൊ. എസ്. ഗുപ്തന്‍നായര്‍ക്ക് നൂറാം ജന്മവാര്‍ഷികം. 1919 ആഗസ്റ്റ് 22 നായിരുന്നു ജനനം. മലയാളഭാഷയേയും സാഹിത്യത്തേയും വിലപ്പെട്ട സംഭാവനകള്‍കൊണ്ട് ധന്യമാക്കിയ ഗുപ്തന്‍നായരുടെ ‘മനസാസ്മരാമി’ എന്ന ആത്മകഥയിലെ അവസാനവാക്കുകള്‍ ഇതായിരുന്നു: ”എവിടെയാണ് ഞാനിപ്പോള്‍? അസ്തമയസൂര്യന്റെ തിരോധാനവിസ്മയം കടല്‍ത്തീരത്തിരുന്നു കാണുകയല്ലേ? ഏതുമഹാനട്ടുവന്റേതാണീ ചിലമ്പൊലി? ഇളകിമറിയുന്ന കടല്‍ത്തിരക്കുമപ്പുറത്തുള്ള ഉള്‍ക്കടല്‍ മുതല്‍ ഗംഭീരോദാര നഭസ്സുവരെ വ്യാപിക്കുന്നതും മേലോട്ടുവേരുകളുള്ളതും അധോഭാഗത്ത് ബഹുശാഖിയോടുകൂടിയതുമായ അവ്യയവും അനാദ്യന്തവുമായ ആ മഹാ വൃക്ഷത്തെ ചിദാകാശത്തില്‍ തെളിഞ്ഞുകണ്ടില്ലേ? ആ പാതാള നഭസ്ഥലാന്തം വ്യാപിച്ചുനില്‍ക്കുന്ന ആ പരമ ജ്യോതിസ്സില്‍ ലയിക്കാന്‍ കാലം വൈകി.” ഇതെഴുതിയത് 2005 ജനുവരിയില്‍. ഒരു വര്‍ഷം കഴിഞ്ഞ് 2006 ഫെബ്രുവരിയില്‍ അദ്ദേഹം മലയാളനാടിനോട് യാത്ര പറയുകയും ചെയ്തു.
നിറഞ്ഞ ചിന്തയും തെളിഞ്ഞ ഭാഷയും കൊണ്ട് നിരൂപകനെന്ന നിലയിലും അദ്ധ്യാപകനെന്ന നിലയിലും മലയാളത്തിന്റെ ഒരു കാലഘട്ടമായിരുന്നു ഗുപ്തന്‍നായര്‍. അദ്ദേഹം സാഹിത്യവിമര്‍ശനരംഗത്ത് ‘സൗമ്യഭാരതി’യായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. പ്രസംഗവേദികളിലടക്കം വിവാദം ഉണ്ടാക്കാന്‍ ഇടയുള്ള കാര്യങ്ങള്‍പോലും വിവാദരഹിതമായി അവതരിപ്പിക്കുക എന്നത് അദ്ദേഹത്തിനുമാത്രം സ്വായത്തമായ കഴിവായിരുന്നു. ആ സവിശേഷതയെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ പറയാം. ഇഷ്ടമില്ലാത്തവയെ മൗനം കൊണ്ട് വിമര്‍ശിക്കുകയാണ് എന്റെ പതിവ്. അഷ്ടാംഗഹൃദയസാത്വികതയായിരുന്നു എനിക്ക് മുന്നില്‍. ആയുര്‍വ്വേദത്തെ ജീവിത ദര്‍ശനമാക്കിയ അച്ഛനില്‍ നിന്നും ലഭിച്ചതാകാം ഈ പാരമ്പര്യം. അപൂര്‍വ്വവൈദ്യന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒളശ്ശ ശങ്കരപ്പിള്ളയാണ് പിതാവ്. ഓച്ചിറ ചെങ്ങാലപ്പള്ളിവീട്ടില്‍ ശങ്കരിയമ്മ മാതാവും. അമ്മയില്‍ നിന്ന്പാട്ടും അച്ഛനില്‍ നിന്ന്പ്രസംഗ പാടവവും. പാട്ട് ഔപചാരികമായി പഠിച്ചിട്ടില്ല. തിരുവനന്തപുരത്ത് നവരാത്രിമണ്ഡപത്തില്‍ നടന്നിരുന്ന കച്ചേരികള്‍ കേട്ടാണ് രാഗങ്ങളില്‍ പരിജ്ഞാനം നേടിയത്.
ശങ്കരപ്പിള്ള വൈദ്യന്, മകനെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ മകന്‍ അച്ഛനോട് അനുവാദം ചോദിക്കാതെ മലയാളം ഓണേഴ്‌സിന് ചേര്‍ന്നു. പുളിമാനപരമേശ്വന്‍പിള്ളയും ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിയും സഹപാഠികളുമായിരുന്നു. അവസാനവര്‍ഷം കെ.എം.ജോര്‍ജ്ജുമെത്തി. ചങ്ങമ്പുഴ സതീര്‍ത്ഥ്യനായിരുന്നു. തൊട്ടുതാഴത്തെ ക്ലാസില്‍ ചങ്ങമ്പുഴയുണ്ടായിരുന്നു. അപൂര്‍വ്വം ചില ക്ലാസ്സുകള്‍ അധ്യാപകര്‍ ഒന്നിച്ചെടുത്തിരുന്നു. ഡോ. പി.സി. അലക്‌സാണ്ടറും സി.എം.സ്റ്റീഫനും ഇംഗ്ലീഷ് ക്ലാസ്സുകളില്‍ ഒന്നിച്ചുണ്ടായിരുന്നു. കെ.ആര്‍.നാരായണനും ടി.എന്‍.ഗോപിനാഥന്‍നായരും അബു എബ്രഹാമും താഴത്തെ ക്ലാസ്സുകളില്‍.
1941-ല്‍ ഗുപ്തന്‍ നായര്‍ക്ക് ഓണേഴ്‌സ് ബി.എയ്ക്ക് രണ്ടാം റാങ്ക് ലഭിച്ചു. ഒന്നാം റാങ്ക് ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിക്കായിരുന്നു. വാചാ പരീക്ഷയ്ക്ക് എസ്. ഗുപ്തന്‍നായര്‍ക്ക് പോകാന്‍ കഴിഞ്ഞില്ല. സമയത്ത് കത്ത് കിട്ടാതെ പോയതാണ് കാരണം. തുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ കേരളത്തിലെ നാടകവേദി എന്ന വിഷയത്തെ അധികരിച്ച് ഗവേഷണം നടത്തി. പക്ഷേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇക്കാലത്ത് നടനായും അറിയപ്പെട്ടു. ഇതിനിടയില്‍ അല്പകാലം കായംകുളത്തും തമ്പാനൂരുമുള്ള ട്യൂട്ടോറിയല്‍ കോളേജുകളില്‍ അധ്യാപകനായി. ഏതാനും മാസം ഒരു മലയാളപത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററുമായി. പ്രധാനമായും ലീഡര്‍ റൈറ്റര്‍. അസംബ്ലി സമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1945-ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അദ്ധ്യാപകനായി. സുമുഖനും പാട്ടുകാരനും സഹൃദയനുമായ പുതിയ അദ്ധ്യാപകനെ വിദ്യാര്‍ത്ഥികള്‍ (വിദ്യര്‍ത്ഥിനികളും) പെട്ടെന്ന് ഇഷ്ടപ്പെട്ടു. അധ്യാപകന്‍ ഭേദപ്പെട്ട ഒരു ടെന്നീസ് കളിക്കാരന്‍ കൂടിയായത് ശിഷ്യരുടെയിടയില്‍ കൂടുതല്‍ സമ്മതനാകാന്‍ കാരണമായി. പി.വിശ്വംഭരന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, സി.എന്‍ ശ്രീകണ്ഠന്‍നായര്‍, (ആദ്യകാല കമ്മ്യൂണിസ്റ്റ്) തുടങ്ങിയവര്‍ അന്നത്തെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളായിരുന്നു.
1958 ല്‍ ഗുപ്തന്‍നായര്‍ക്ക് തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് രണ്ടാം ഗ്രേഡ് പ്രൊഫസറായി സ്ഥലംമാറ്റമായി. തുടര്‍ന്ന് പാലക്കാട്, എറണാകുളം കോളേജുകളില്‍ അദ്ധ്യാപകനായും അഞ്ച് വര്‍ഷം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും പിന്നീട് വീണ്ടും കോഴിക്കോട് സര്‍വ്വകലാശാലയിലും അദ്ധ്യാപകനായും ഗുപ്തന്‍നായര്‍ സേവനം അനുഷ്ഠിച്ചു. 1978 ല്‍ പിരിഞ്ഞുവെങ്കിലും കേരള സര്‍വ്വകലാശാലയില്‍ വീണ്ടും മൂന്നുവര്‍ഷക്കാലം എമിററ്റഡ് പ്രൊഫസറായി. തുടര്‍ന്ന് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും (83-84) സാഹിത്യ അക്കാദമിയുടെയും (1984 – 88) അദ്ധ്യക്ഷപദം അലങ്കരിച്ചു. മാവേലിക്കര എ.ആര്‍.രാജരാജ വര്‍മ്മ സ്മാരകത്തിന്റെ സ്ഥാപകാദ്ധ്യക്ഷനായിരുന്നു ഗുപ്തന്‍നായര്‍. 2006 വരെ ആ സ്ഥാനം തുടര്‍ന്നു.
പ്രൊഫ. ഗുപ്തന്‍നായര്‍ എഴുത്തിന്റെ ഹരിശ്രീ കുറിച്ചത് കോളേജ് മാസികകളില്‍ കൂടിയാണ്. ആദ്യകാലലേഖനങ്ങള്‍ അതിലൂടെയാണ് വെളിച്ചം കണ്ടത്. സി.വി.കുഞ്ഞുരാമന്റെ നവജീവനില്‍ ആദ്യത്തെ നിരൂപണം വന്നു. കൊല്ലത്തെ പ്രസിദ്ധീകരണങ്ങളായിരുന്ന മലയാളരാജ്യവും പ്രഭാതവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചു. എഴുത്തു രംഗത്ത് മാതൃഭൂമിയുടെ അംഗീകാരം ആദ്യം മുതലേ ഉണ്ടായിരുന്നു. ദീര്‍ഘകാലം ഗ്രന്ഥാലോകത്തിന്റെ പത്രാധിപരായി സേവനം അനുഷ്ഠിക്കാനും ഗുപ്തന്‍നായര്‍ക്ക് കഴിഞ്ഞിരുന്നു.
പണ്ഡിതന്‍, നിരൂപകന്‍, അദ്ധ്യാപകന്‍, പ്രസംഗകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന ഗുപ്തന്‍നായര്‍ ഈടും നീടുമുറ്റ നിരവധി പ്രധാന കൃതികളുടെ കര്‍ത്താവാണ്. ആധുനിക സാഹിത്യം, ക്രാന്തദര്‍ശികള്‍, ഇസങ്ങള്‍ക്കപ്പുറം, കാവ്യസ്വരൂപം, തിരയും ചുഴിയും, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍ (ചങ്ങമ്പുഴ കവിയും മനുഷ്യനും) കേസരിയുടെ വിമര്‍ശം, സമാലോചനയും പുനരാലോചനയും, ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികള്‍, തുളുമ്പും നിറകുടം, കണ്‍സൈസ് ഇംഗ്ലീഷ് – മലയാളം ഡിക്ഷണറി, വിവേകാനന്ദ സൂക്തങ്ങള്‍, കേരളവും സംഗീതവും, സി.വി രാമന്‍പിള്ള, ചങ്ങമ്പുഴ, ഗുപ്തന്‍നായരുടെ ലേഖനങ്ങള്‍, അങ്ങനെ നീണ്ടുപോകുന്നു ആ അഗാധപാണ്ഡിത്യത്തിന്റെ അനശ്വര സൃഷ്ടികള്‍. വ്യക്തിപരമായ പക്ഷപാതങ്ങള്‍ അദ്ദേഹത്തിന്റെ നിരൂപണങ്ങളില്‍ ഒരിക്കലും പ്രതിഫലിച്ചിരുന്നില്ല. അതുകൊണ്ട് നിഷ്പക്ഷനിരൂപകനായി ആദ്യം മുതല്‍ അറിയപ്പെട്ടു. രചനയുടെ വേളയില്‍ താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയവീക്ഷണങ്ങള്‍ക്കപ്പുറത്തായിരിക്കണം സാഹിത്യകാരന്‍ നിലകൊള്ളേണ്ടതെന്ന കാര്യം അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു.
അച്ഛന്റെ അനന്തിരവള്‍ ഭഗീരഥിയെയാണ് വിവാഹം കഴിച്ചത്. മൂന്നു മക്കള്‍ : ലക്ഷ്മി (കോളേജദ്ധ്യാപികയായിരുന്നു) ഭര്‍ത്താവ് രവീന്ദ്രന്‍നായര്‍ ഫാക്ടില്‍ അഗ്രോണമിസ്റ്റായിരുന്നു. എം.ജി ശശിഭൂഷണ്‍ (യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും വിരമിച്ചു) അവിടെ തന്നെ ഭാര്യ എസ്.ബിന്ദുവിനും ജോലി. ശശിഭൂഷണ്‍ ചുവര്‍ചിത്രങ്ങള്‍, വാസ്തുശില്പം എന്നിവയില്‍ പ്രത്യേകം വിജ്ഞാനം സമ്പാദിച്ചിട്ടുണ്ട്. മൂന്നാമത്തെ മകള്‍ സുധാ ഹരികുമാര്‍ (യൂണിവേഴ്‌സിറ്റി ഓഫീസില്‍ സെക്ഷന്‍ ഓഫീസറായിരുന്നു).