കൊല്ലമൊന്നു കഴിയുമ്പോഴേക്ക് ടോക്യോവില്‍ പതിനെട്ടാം ഒളിമ്പിക്‌സിന് പതാക ഉയരുകയാണ്. ഇതോടെ ജപ്പാന്റെ തലസ്ഥാനമായ ഈ നഗരം രണ്ടുതവണ ഒളിമ്പിക്‌സിനു ആതിഥേയത്വം വഹിച്ചുവെന്ന ബഹുമതിക്ക് അര്‍ഹമാവുകയും ചെയ്യും. ഇതിനുമുമ്പ് ആഥന്‍സ്, പാരീസ്, ലണ്ടന്‍ എന്നിവയാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഇതിനു മുമ്പ് 1964ല്‍ ആണ് ടോക്യോയില്‍ വെച്ച് ഒളിമ്പിക്‌സ് നടന്നിട്ടുള്ളത്.
രണ്ടാം ലോകമഹായുദ്ധത്തിനു കാരണക്കാരായി എന്ന കുറ്റം ചുമത്തി ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റി (ഐ.ഓ.സി) 1948ല്‍ ജര്‍മനിയോടൊപ്പം ജപ്പാനെയും ഒളിമ്പിക്‌സില്‍ നിന്നു വിലക്കിയിരുന്നതാണ്. ആ വിലക്കില്‍ നിന്ന് ഉയര്‍ന്നാണ് ജര്‍മനിയും (1972, മ്യൂണിച്ച്) ജപ്പാനും മത്സരം സംഘടിപ്പിക്കാനുള്ള അംഗീകാരം കരസ്ഥമാക്കിയത്. ”ലോകം ഇതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയാനുഭവമാകും ടോക്യോ ഒളിമ്പിക്‌സ്” എന്ന ജപ്പാന്റെ വാഗ്ദാനം വെറും വീണ്‍വാക്കുകളായില്ല എന്ന് സാങ്കേതിക രംഗത്ത് ഈ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അറിവുള്ളവര്‍ അനുകൂലിക്കുമെന്ന് നിശ്ചയം.
നീലയും വെള്ളയും നിറങ്ങള്‍ കലര്‍ന്ന ‘മിറൈറ്റോല’ യാണ് ടോക്യോ ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്നം. ഭാവി എന്നര്‍ത്ഥം വരുന്ന ‘മിറൈ’, അനശ്വരം എന്നര്‍ത്ഥം വരുന്ന ‘തോല’ എന്നീ രണ്ടു ജപ്പാനീസ് വാക്കുകള്‍ ചേര്‍ന്നതാണ് ഇത്. ജപ്പാനീസ് കലാകാരനായ റയോ തനിഗുച്ചിയാണ് ഇതിന്റെ രൂപകല്‍പന നിര്‍വ്വഹിച്ചിട്ടുള്ളത്.
ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക്‌സാവും 2020 ജൂലായ് 20 മുതല്‍ ആഗസ്റ്റ്് ഒമ്പത് വരെ ടോക്യോയില്‍ നടക്കുക. മുപ്പത്തിമൂന്ന് ഇനങ്ങളിലായി 339 സ്വര്‍ണമെഡലുകള്‍ക്കായി പതിനൊന്നായിരത്തോളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. 2008നു ശേഷം തിരിച്ചുവരുന്ന ബേസ്‌ബോള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കരാട്ടെ, സ്‌കേറ്റ് ബോര്‍ഡിംഗ്, സര്‍ഫിംഗ്, സ്‌പോര്‍ട്‌സ് ക്ലൈംബിംഗ് എന്നീ നാലു പുതിയ മത്സരയിനങ്ങള്‍ ഇക്കുറിയുണ്ട്.(കബഡിയുള്‍പ്പെടുത്തി കിട്ടാനുള്ള ഭാരതത്തിന്റെ ശ്രമം 2024ല്‍ ഫലപ്രാപ്തിയടഞ്ഞേക്കും) നാല്‍പത്തി രണ്ട് വേദികളിലായാണ് മത്സരം നടക്കുക.
പാശ്ചാത്യരാജ്യങ്ങള്‍ക്കു മേല്‍ക്കൈയുള്ള അന്തര്‍ദേശീയ കായിക സംഘടനകള്‍ തങ്ങള്‍ക്കനുകൂലമായ വിധത്തില്‍ നിയമങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുക സാധാരണമാണ്. ഉദാഹരണം: ഹോക്കിയിലെ ആസ്‌ട്രോ ടര്‍ഫ്. ഈ ഏര്‍പ്പാട് വന്നതിനുശേഷം ഹോക്കിയില്‍ നമുക്കുണ്ടായിരുന്ന ആധിപത്യം നഷ്ടപ്പെട്ടു എന്നുതന്നെ പറയാം. (ഇക്കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത് കളി നിയമങ്ങള്‍ അറിഞ്ഞ്, കളിയെപ്പറ്റി എഴുതിയിരുന്ന, പിന്നീട് തിരക്കഥാകൃത്തായി മാറിയ ടി. ദാമോദരനാണ്) 2022ല്‍ ബെര്‍മിംഗ്ഹാമില്‍ നടക്കാനിരിക്കുന്ന ‘കോമണ്‍വെല്‍ത്ത് ഗെയിംസി’ല്‍ ഷൂട്ടിംഗ് മത്സരം ഒഴിവാക്കിയതാണ് ഇതിനു ഏറ്റവും പുതിയ ഉദാഹരണം. നമുക്ക് ഒട്ടേറെ മെഡല്‍ സാധ്യതകളുള്ള ഇനമായിരുന്നു ഇത്. ഷൂട്ടിംഗ് ഒഴിവാക്കി ആതിഥേയര്‍ക്ക് (ബ്രിട്ടന്‍) താത്പര്യമുള്ള പുതിയ ഒരു ഇനം ഉള്‍പ്പെടുത്താനാണ് നീക്കം. ഗെയിംസ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഭാരതത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഒളിമ്പിക്‌സിലേക്ക് തന്നെ വരാം. ‘ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍സ് ജൂലായ് അവസാനം പുറത്തിറക്കിയ ലോകറാങ്കിംഗില്‍ മലയാളികളടക്കമുള്ള നമ്മുടെ താരങ്ങള്‍ ടോപ് റാങ്കിംഗില്‍ വന്നുവെന്നത് ശുഭോദര്‍ക്കമായ വാര്‍ത്തയാണ്. എങ്കിലും ഇരുപതിലും മേലേയാണ് അവരുടെ റാങ്കിംഗ്. അതായത് അവര്‍ക്കും മേലേ ലോകത്തില്‍ ഇരുപതു താരങ്ങളുണ്ടെന്ന് സാരം. എന്നാലും ഹോക്കിയിലും (പുരുഷന്മാര്‍), ദ്യുതിചന്ദ് (200, 400 മീറ്റര്‍ ഓട്ടം), അനുറാണി, നീരജ്, ചോപ്ര (ജാവലിന്‍ ത്രോ) മേരികോം (ബോക്‌സിംഗ്), സൈന നേവാള്‍, പി.വി. സിന്ധു (ബാഡ്മിന്റണ്‍), ഹീന സിദ്ധു (ഷൂട്ടിംഗ്), ദീപിക (അമ്പെയ്ത്ത്) തുടങ്ങിയവരിലും നമുക്ക് ന്യായമായും പ്രതീക്ഷ വെച്ചുപുലര്‍ത്താം.
ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു തീരാകളങ്കമായാണ് 1972ലെ മ്യൂണിച്ചിലെ മത്സരങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. പലസ്തീന്‍ മുസ്ലിം ഭീകരവാദികള്‍ നുഴഞ്ഞുകയറി ഒമ്പതു ഇസ്രായേലി അത്‌ലറ്റുകളെ ബന്ദികളാക്കുകയും പിന്നീട് വധിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണിത്. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ ഏഴു നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് മത്സരം മുപ്പത്തിനാലു മണിക്കൂര്‍ നിര്‍ത്തിവെക്കേണ്ടതായും വന്നു.
ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെയല്ലാതെ മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ലെന്നുള്ള സാഹചര്യത്തില്‍ ‘കൂടുതല്‍ വേഗം, കൂടുതല്‍ ഉയരം, കൂടുതല്‍ ശക്തി’ എന്ന ഒളിമ്പിക് മുദ്രാവാക്യം ലോക അത്‌ലറ്റുകള്‍ അന്വര്‍ത്ഥമാക്കും എന്ന് ഉറപ്പ്.