ഭാരതത്തില്‍ ഭാഷയുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പുരാതന കാലത്തു തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. വൈയാകരണന്മാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, നൈയായികന്മാര്‍, പൂര്‍വ്വമീംമാംസകര്‍ എന്നിവര്‍ വ്യത്യസ്ത ദിശകളില്‍ നിന്നുകൊണ്ട് ഭാഷയെ അതിവിപുലമായിത്തന്നെ വിശകലനം ചെയ്തിരുന്നു. പാശ്ചാത്യരായ ഭാഷാപണ്ഡിതന്മാര്‍ ഇവരുടെ പിന്തുടര്‍ച്ചക്കാര്‍ മാത്രമാണ്. ഭാരതീയരുടെ അഗാധവും വിസ്തൃവുമായ വിജ്ഞാന ഭണ്ഡാരത്തെയാണ് പാശ്ചാത്യ ഭാഷാ-ശാസ്ത്രജ്ഞന്മാര്‍ ആശ്രയിച്ചത്. അമേരിക്കയിലെ പ്രസിദ്ധ പണ്ഡിതനായ നോം ചോംസ്‌കി, ഫെര്‍ഡിനന്റ് ദേ സൊസൂര്‍ (യൂറോപ്പിലെങ്ങും അറിയപ്പെട്ടിരുന്ന വിദേശിയായ സംസ്‌കൃത ഭാഷാ പണ്ഡിതന്‍) തുടങ്ങിയവര്‍ ഈ വാസ്തവം അംഗീകരിക്കുന്നുണ്ട്. മാത്രവുമല്ല, പാശ്ചാത്യ ഭാഷാ-ശാസ്ത്ര ചര്‍ച്ച സജീവമായത് 20-ാം നൂറ്റാണ്ടില്‍ മാത്രമാണ്.
നോം ചോംസ്‌കി ഭാഷയെ അപഗ്രഥിച്ചത് ഭര്‍തൃഹരിയുടെ തത്ത്വവീക്ഷണത്തിനു സമാനമായിട്ടായിരുന്നു. ചോംസ്‌കിയുടെ സിദ്ധാന്തം ഇപ്രകാരമാണ് : ഒരു ശിശു ജനിക്കുന്നതു തന്നെ വ്യാകരണത്തിന്റെ ഘടനയുമായിട്ടാണ്. ജന്മനായുള്ള ഈ വിധാനത്തിലേക്ക് പുറത്തുനിന്ന് വാക്കുകള്‍ പ്രവേശിക്കുന്നു. ഇപ്രകാരമാണ് കുട്ടിക്ക് ഭാഷ സ്വായത്തമാകുന്നത്. ഇതുകൊണ്ടാണ് വ്യാകരണം പ്രത്യേകിച്ചു പഠിക്കാതെ തന്നെ കുട്ടികള്‍ മാതൃഭാഷ സംസാരിച്ചു തുടങ്ങുന്നത്. നമുക്കറിയാം വാക്കുകള്‍ പഠിക്കുന്നതല്ല അവയുടെ പ്രയോഗം അഥവാ വ്യാകരണം പഠിക്കുന്നതാണ് കൂടുതല്‍ പ്രയാസമെന്നത്. എന്നാല്‍ വ്യാകരണം പഠിക്കാതെ തന്നെ മാതാപിതാക്കളുടെ ഭാഷാ പ്രയോഗത്തില്‍ നിന്നുപോലും കുട്ടികള്‍ ഭാഷ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നും ചോംസ്‌കിയുടെ നിഗമനമിതാണ് : മനുഷ്യന് ജന്മനാ കിട്ടിയിട്ടുള്ള സിദ്ധികളില്‍ വ്യാകരണവും പെടുന്നു.
ഇതിനു സമാനമായ ഒരു വാദം നേരത്തെ പ്രശസ്ത ജര്‍മന്‍ തത്ത്വജ്ഞാനിയായ ഇമാന്വല്‍ കാന്റ് നടത്തിയിരുന്നു. എന്നാല്‍ അത് മനുഷ്യന്റെ ജ്ഞാന സമ്പാദനത്തെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നാം മനസ്സിലാക്കുന്ന ലോകത്തിന്റെ അടിസ്ഥാന ഘടന നമ്മുടെ മനസ്സിലാണ് സ്ഥിതിചെയ്യുന്നത്. മനുഷ്യന്‍ ലോകത്തിന്റെ അടിസ്ഥാന ഘടനയും കൊണ്ടത്രേ ജനിക്കുന്നത്. ജന്മനാ കിട്ടിയിട്ടുള്ള ഈ അടിസ്ഥാന ഘടനയിലേക്ക് പുറത്തുനിന്ന് ഇന്ദ്രിയ വിഷയങ്ങള്‍ പതിക്കുന്നു. ഇവ രണ്ടും ചേരുമ്പോള്‍ അറിവാകുന്ന അനുഭവമായിത്തീരുന്നു. പുറമെ നിന്നു പ്രവേശിക്കുന്ന ഇന്ദ്രിയ വിഷയങ്ങളില്‍ അവയെ ചിട്ടപ്പെടുത്തുന്നതിനാവശ്യമായ വിധാനം അടങ്ങിയിട്ടില്ല, അവയെ ചിട്ടപ്പെടുത്താതെ അനുഭവം സാധ്യവുമല്ല. അതിനാല്‍ നമുക്ക് അനുഭവവേദ്യമാകുന്ന പുറംലോക വിഷയങ്ങളെ ക്രമീകരിച്ച് അറിവാക്കുന്ന അടിസ്ഥാന ഘടന ലോകത്തിന്റേതല്ല, നമ്മുടെ മനസ്സിന്റേതാണ്.
ഇപ്രകാരം ഭാഷയുടെയും ലോകത്തിന്റെയും അടിസ്ഥാന ഘടനകള്‍ മനുഷ്യന്റെ ഉള്ളിലാണെന്ന വീക്ഷണത്തിന്റെ ഉറവിടം ഭാരതീയരുടെ അതീന്ദ്രിയ വിജ്ഞാന ഭണ്ഡാരം തന്നെയാണ്. മനുഷ്യന്‍ ഭൗതികലോകത്തെ അറിയുന്നതിനും സാമൂഹിക വിനിമയത്തിനുമായി പ്രത്യേകതരം സംവിധാനങ്ങളും കൊണ്ടു ജനിക്കുന്നു. ഈ വിധാനങ്ങള്‍ പുറമെ നിന്നു പ്രവേശിക്കുന്ന വിഷയങ്ങളിലാണ് സ്ഥിതിചെയ്യുന്നതെന്നു ധരിക്കുന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ മിഥ്യാധാരണകളില്‍ ഒന്നായി കരുതപ്പെടുന്നു.
ഭാഷയെ സംബന്ധിച്ച പ്രധാന ചര്‍ച്ചാവിഷയം ഇതാണ്: അര്‍ത്ഥം ഗ്രഹിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് പുറമെ നിന്നു പഠിച്ചെടുക്കുന്ന വാക്കുകളാണോ അതോ വ്യക്തിയുടെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന വ്യാകരണമാണോ? അതായത് വാക്കുകളുടെ സ്വതന്ത്രമായ അര്‍ത്ഥങ്ങള്‍ക്കാണോ അതോ അവയെ ചിട്ടപ്പെടുത്തി വാക്യമാക്കുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന വ്യാകരണത്തിനാണോ കൂടുതല്‍ പ്രാധാന്യം? ഈ ചോദ്യത്തിന് പദവാദികളായ നൈയായികന്മാര്‍ വാദിച്ചതിപ്രകാരമാണ്: വാക്കുകള്‍ ചേര്‍ത്താണ് വാക്യമുണ്ടാക്കുന്നത്, അതിനാല്‍ അര്‍ത്ഥ വിനിമയ കാര്യത്തില്‍ അവിഭാജ്യഘടകം വാക്കുകളാണ്, വാക്കുകളുടെ അര്‍ത്ഥമില്ലാതെ വാക്യമുണ്ടാകുന്നില്ല. പക്ഷെ വൈയാകരണന്മാര്‍ (പാണിനി, പതഞ്ജലി, ഭര്‍തൃഹരി, സൊസൂര്‍, ചോംസ്‌കി മുതലായവര്‍) വാദിച്ചതു മറിച്ചാണ്: വാക്കുകള്‍ നിശ്ചിത രീതിയില്‍ ചേര്‍ന്നു വാക്യമായിത്തീരുമ്പോഴാണ് വാക്കുകള്‍ക്ക് ശരിയായ അര്‍ത്ഥം, അതായത് പ്രസക്തമായ അര്‍ത്ഥം വിനിമയം ചെയ്യാന്‍ സാധിക്കുന്നത്. അതിനാല്‍ ഒരു വാക്കിന്റെ സ്വതന്ത്രമായ അര്‍ത്ഥത്തിന്, വ്യാകരണത്താല്‍ യോജിപ്പിക്കപ്പെടുന്ന വാക്യത്തിന്റെ അത്രയും പ്രസക്തിയില്ല. അതായത് വാക്കുകളുടെ സ്വതന്ത്രമായ അര്‍ത്ഥങ്ങള്‍ എപ്രകാരം യോജിപ്പിക്കപ്പെടുന്നു എന്നതാണ് വാക്കുകളെ അര്‍ത്ഥവിനിമയ കാര്യത്തില്‍ പ്രസക്തമാക്കുന്നത്. വൈയാകരണന്മാരുടെ അഖണ്ഡവാദമെന്നറിയപ്പെടുന്ന ഈ സിദ്ധാന്ത പ്രകാരം ഒരു വാക്യത്തിനു മാത്രമേ പ്രത്യേക സന്ദര്‍ഭത്തെ ധ്വനിപ്പിക്കാന്‍ സാധിക്കൂ. വാക്കുകള്‍ക്ക് സ്വതന്ത്രമായ അര്‍ത്ഥങ്ങള്‍ ഉണ്ടെങ്കിലും അവയെ വ്യാകരണമാണ് സന്ദര്‍ഭോചിതമായി അര്‍ത്ഥവത്താക്കുന്നത്.
അഖണ്ഡവാദത്തിനു പ്രാധാന്യമേറുന്നത് വാക്കിന്റെ ഘടകങ്ങളിലേക്ക് തിരിയുമ്പോഴാണ്. വിവിധങ്ങളായ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയാണ് വാക്കുകള്‍ നിര്‍മ്മിക്കുന്നത്. അതുകാരണം അക്ഷരങ്ങള്‍ക്കാണ് ആശയം പ്രകടമാക്കുന്നതില്‍ വാക്കിനെക്കാള്‍ പ്രാധാന്യമെന്ന് ആരും വാദിക്കാറില്ല. അക്ഷരങ്ങള്‍ ചേര്‍ക്കാതെ വാക്കില്ലെങ്കിലും അക്ഷരങ്ങള്‍ക്ക് വെവ്വേറെ നിന്നുകൊണ്ട് അര്‍ത്ഥം നല്‍കാന്‍ കഴിയില്ല. അവ യോജിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് അര്‍ത്ഥമുള്ള വാക്കായിത്തീരുന്നത്. ഇവിടെ പ്രധാന വിഷയം മറ്റൊന്നാണ്. അതായത് വിവിധങ്ങളായ അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കാകുമ്പോള്‍ അക്ഷരങ്ങള്‍ക്കിടയില്‍ വിഭിന്നതയുടെ വിടവുകള്‍ ഉണ്ട്. ഉദാ: ‘ഭവനം’എന്ന വാക്കില്‍ മൂന്നു വിവിധ ശബ്ദങ്ങള്‍ക്കിടയില്‍ വിടവുകളുണ്ട്. എന്നാല്‍ ആ വാക്ക് പ്രകടമാക്കുന്ന അര്‍ത്ഥത്തില്‍ വിടവുകളില്ല, അത് ഏകമാണ്, അഖണ്ഡമാണ്. അതായത് വാക്കിന്റെ ശബ്ദങ്ങള്‍ക്ക് വൈവിധ്യമുണ്ടെങ്കിലും അതിന്റെ അര്‍ത്ഥത്തിനു വൈവിധ്യമില്ല. ഇതെങ്ങനെ വിശദീകരിക്കും? ഇവിടെയാണ് പദവാദികള്‍ക്ക് ഉത്തരം മുട്ടുന്നത്.
അഖണ്ഡവാദികളായ വൈയാകരണന്മാര്‍ക്ക് ഇതിനുത്തരമുണ്ട്. അവരുടെ വീക്ഷണം പദവാദികളുടേതുപോലെ വ്യവച്ഛേദകമല്ല (ഭാഷയെ വിശകലനം ചെയ്തു ഘടകങ്ങളാക്കി അവയെ അടിസ്ഥാന തത്ത്വങ്ങളായി കാണുന്നതല്ല), മറിച്ച് ഉദ്ഗ്രഥനമാണ്, യോജിപ്പിക്കലാണ്. ഇതുപ്രകാരം വാക്കിന്റെ കാര്യത്തില്‍ അക്ഷരങ്ങള്‍ക്കിടയിലും വാക്യത്തിന്റെ കാര്യത്തില്‍ വാക്കുകള്‍ക്കിടയിലും യഥാര്‍ത്ഥത്തില്‍ വിടവുകളില്ല. ഒരു സൂക്ഷ്മശക്തി ഇവയിലുടനീളം അടിസ്ഥാനമായി വര്‍ത്തിച്ചുകൊണ്ട് ഈ ഘടകങ്ങളെ കോര്‍ത്തിണക്കുന്നുണ്ട്. ഇതുകാരണമാണ് ഒരാള്‍ ആശയം പ്രകടമാക്കുമ്പോള്‍, ആശയമെന്നത് സൂക്ഷ്മമായ മനോവിഷയമാണെങ്കിലും അത് സ്ഥൂലവാക്കായി പുറപ്പെട്ട് (ഉച്ചരിക്കപ്പെടുന്ന വൈഖരി ശബ്ദം) ഭൗതിക ശബ്ദതരംഗങ്ങളായി സഞ്ചരിച്ച്, അതു ഗ്രഹിക്കപ്പെടുന്ന മനുഷ്യന്റെ മനസ്സില്‍ വീണ്ടും ആശയമായി (മനസ്സിന്റെ വിഷയമായി) തെളിയുന്നത്. ഇപ്രകാരം ശാരീരികവും ഭൗതികവും മാനസികവും ആയ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ആശയത്തെ ഇത്തരം വിടവുകളിലൂടെ കടത്തുന്നത് ഈ തലങ്ങളിലുടനീളം സ്ഥിതമായിരിക്കുന്ന സൂക്ഷ്മശക്തി കാരണമാണ്. ഈ സൂക്ഷ്മശക്തി നിമിത്തമാണ് ഒരാള്‍ക്ക് തന്റെ ആശയത്തെ സ്ഥൂലരൂപത്തിലുള്ള വാക്കായി ഉച്ചരിക്കാന്‍ സാധിക്കുന്നതും ശ്രോതാവിന് ഭൗതികതലത്തിലൂടെ കടന്നുവരുന്ന ശബ്ദത്തെ ആശയമായി ഗ്രഹിക്കാന്‍ സാധിക്കുന്നതും. അതായത് ഒരു മനസ്സിലെ ആശയം വാക്കായി മാറി മറ്റൊരു മനസ്സില്‍ വീണ്ടും ആശയമായി മാറുന്നത് സര്‍വ്വവ്യാപിയായ ഈ അടിസ്ഥാന തത്ത്വത്തിന്റെ സാന്നിധ്യം കാരണമാണ്. ഈ സൂക്ഷ്മശക്തിയെ വൈയാകരണന്മാര്‍ ‘സ്‌ഫോടം’ എന്നു വിളിച്ചു. ഭര്‍തൃഹരി അദ്ദേഹത്തിന്റെ “വാക്യപദീയം” എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ പറയുന്നതിപ്രകാരമാണ്: സ്‌ഫോടമാണ് യഥാര്‍ത്ഥത്തില്‍ ഭാഷയുടെ അടിസ്ഥാന തത്ത്വം, ഇത് സൂക്ഷ്മമായ ശബ്ദ ഊര്‍ജ്ജമാണ്. എന്നാല്‍ ആശയവിനിമയത്തിനായി വാക്ക് ഉച്ചരിക്കുമ്പോഴും അതിന്റെ അര്‍ത്ഥം ഗ്രഹിക്കുമ്പോഴും ഇത് പ്രകടമാകുന്നു.
വൈദിക ശാസ്ത്രപ്രകാരം ശബ്ദഊര്‍ജ്ജം വാക്കിന്റെ മാത്രം ആത്യന്തികാവസ്ഥയല്ല. ഇതുതന്നെയാണ് ഭൗതിക ലോകത്തിന്റെ മുഴുവന്‍ അടിസ്ഥാന ഊര്‍ജ്ജം. ശബ്ദഊര്‍ജ്ജ തരംഗങ്ങളാണ് ലോകത്തില്‍ മറ്റ് ഊര്‍ജ്ജ രൂപങ്ങളായി മാറുന്നതെന്ന വസ്തുത ആധുനിക ഭൗതിക ശാസ്ത്രവും ശരിവെയ്ക്കുന്നതാണ്. സ്ഥാവരജംഗമങ്ങളെല്ലാം തന്നെ ഈ ഊര്‍ജ്ജ സ്രോതസ്സിനെ ആശ്രയിച്ചിരിക്കുന്നു. ഈ ശബ്ദം തന്നെയാണ് മനസ്സിനുള്ളില്‍ വ്യാകരണ രൂപത്തിലും സ്ഥിതിചെയ്യുന്നത്. വൈയാകരണന്മാരുടെ ഈ സ്‌ഫോടത്തെ പുരാതന ഋഷിമാര്‍ ബ്രഹ്മമെന്നു വിളിച്ചു. രണ്ടു ശബ്ദങ്ങളുടെയും അര്‍ത്ഥം ഒന്നു തന്നെ.
‘സ്ഫുട്’ എന്ന ധാതുവിനെ ആശ്രയിക്കുന്ന ‘സ്‌ഫോട’ത്തിന്റെയും ‘ബൃഹ്’ ധാതുവില്‍ നിന്നുത്ഭവിക്കുന്ന ബ്രഹ്മത്തിന്റെയും അര്‍ത്ഥം ‘പൊട്ടിപ്പുറപ്പെടുക’ എന്നാണ്. വേദങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ശബ്ദബ്രഹ്മത്തിന്റെ പ്രസക്തി ഇവിടെ വ്യക്തമാകുന്നുണ്ട്. ശബ്ദബ്രഹ്മമാകുന്ന വിത്ത് പൊട്ടി വികസിച്ചുകൊണ്ടിരിക്കുന്നതാണ് ഭൗതിക ലോകം. ഇതിന്റെ ധ്വനി ‘ഓം’ ഉച്ചരിക്കുന്നതുപോലുള്ള ഒരു മുഴക്കമാണ്. ഇതിനാലാണ് ഭാരതീയര്‍ സൃഷ്ടിയുടെ അടിസ്ഥാനതത്ത്വമായി ‘ഓം’ എന്ന ശബ്ദത്തെ ധ്യാനിക്കുന്നത്. ഇതു സര്‍ഗ്ഗശക്തിയായതിനാല്‍ ഭൗതിക സൃഷ്ടി മുഴുവന്‍ ഇതിനെ ആശ്രയിച്ചിരിക്കുന്നു. ഈ ശക്തിയുടെ ചലനമാണ് കാലത്തിനു തുടക്കം കുറിച്ചത്. ഇതിന്റെ വികാസത്താലാണ് ദിക്കും ദിശയും ഉടലെടുത്തത്. വസ്തുക്കളും ജീവികളും ഈ ശക്തിയില്‍ നിന്നുത്ഭവിക്കുകയും ഇതിനെ ആശ്രയിച്ച് നിലനില്‍ക്കയും ഇതില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നു. അനേകമായിരിക്കുന്ന വസ്തുക്കളെയും ജീവികളെയും കോര്‍ത്തിണക്കുന്നത് ശബ്ദതത്ത്വമാണ്. ശബ്ദം അക്ഷരമാകുന്നു, അതായത് നാശമില്ലാത്ത അനശ്വരതത്ത്വമാകുന്നു. ഇതിനാലാണ് നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ശബ്ദങ്ങളെ കുറിക്കുന്നതിന് ‘അക്ഷരം’ എന്ന വാക്ക് പ്രയോഗത്തില്‍ വന്നത്. ശബ്ദതത്ത്വം അനശ്വരമായതിനാലാണ്, വൈയാകരണന്മാരുടെ ദര്‍ശനമനുസരിച്ച്, വ്യാകരണമെന്നത് വാക്കുകള്‍ പ്രയോഗിക്കുന്നതിലുള്ള അപാകതയെ ദൂരീകരിക്കുക (വാങ്മലാനാം ചികിത്സിതം) മാത്രമല്ല ചെയ്യുന്നത്, അത് മോക്ഷമാര്‍ഗ്ഗവും (അപവര്‍ഗ്ഗസ്യ ദ്വാരം) കൂടിയാകുന്നത്.
ഇപ്രകാരം ഭൗതികത്തെ മുഴുവന്‍ വഹിക്കുന്ന സൂക്ഷ്മശക്തിയാണ് ‘വാക്ക്’. വാഗ്‌ദേവതയായ സരസ്വതിയെ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ സര്‍ഗ്ഗശക്തിയായി അവതരിപ്പിച്ചിരിക്കുന്നതിന്റെ സാരവും ഇതുതന്നെയാണ്. പക്ഷെ ഇത്തരം കാര്യങ്ങളൊന്നും ഗ്രഹിക്കാന്‍ മെനക്കെടാത്ത ചില നിരീശ്വരവാദികളുടെയും ഭൗതികവാദികളുടെയും അന്ധമായ ചിന്ത, സരസ്വതി ബ്രഹ്മാവിന്റെ പുത്രിയോണോ പത്‌നിയാണോ എന്നതു മാത്രമാണ്.