1962ലെ ചൈനീസ് ആക്രമണത്തെക്കുറിച്ചുള്ള ഹെന്‍ഡേഴ്‌സണ്‍ ബ്രൂക്‌സ് – പി.എസ്. ഭഗത് കമ്മിറ്റി ചൈനീസ് ആക്രമണത്തിനുശേഷം 4 മാസം കഴിഞ്ഞാണ് രൂപംകൊണ്ടത്. ലഫ്റ്റ്‌നന്റ് ജനറല്‍ ഹെന്‍ഡേഴ്‌സണ്‍ ബ്രൂക്‌സും, ബ്രിഗേഡിയര്‍ ഭഗത്തും മികച്ച പട്ടാള ഓഫീസര്‍മാരെന്നു പേരുകേട്ടവരായിരുന്നു. 1963 മെയ് മാസത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. ഇതിനുശേഷം 51 വര്‍ഷത്തോളം ദല്‍ഹി സൗത്ത് ബ്ലോക്കില്‍ വെളിച്ചം കാണാതെ പൊടിപിടിച്ചിരിക്കാനായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ വിധി. 1963-ല്‍ പ്രതിരോധമന്ത്രിയായിരുന്ന യശ്‌വന്ത്‌റാവു ചൗഹാന്‍ പറഞ്ഞത് ഈ റിപ്പോര്‍ട്ട് പുറത്തായാല്‍ ദേശീയസുരക്ഷിതത്വവും അതിര്‍ത്തിയില്‍ കാവലിരിക്കുന്ന പട്ടാളക്കാരുടെ ആത്മവീര്യവും തകരും എന്നാണ്. 2012-ല്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയും ഈ റിപ്പോര്‍ട്ട് വെളിച്ചം കാണാന്‍ അനുവദിച്ചില്ല.
ബ്രൂക്‌സ് ഭഗത് റിപ്പോര്‍ട്ട് പറയുന്നതെന്താണ്? 1962ലെ യുദ്ധപരാജയം മിലിട്ടറി പരാജയമല്ല മറിച്ച് രാഷ്ട്രീയമായ പരാജയമാണ് എന്നാണ്. ഇതാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. നാലുതരം പരാജയങ്ങളാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ പക്കല്‍ നിന്നും ഉണ്ടായതെന്നാണ് കമ്മിറ്റി പറയുന്നത്.
ഒന്നാമത്തെ പരാജയം
തിബറ്റന്‍ പ്രശ്‌നത്തില്‍ തിബറ്റിനെ ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വം സഹായിച്ചില്ല. ഒട്ടേറെത്തവണ സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള തിബറ്റന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥനയേയും പാശ്ചാത്യശക്തികളുടെ നിര്‍ദ്ദേശങ്ങളെയും ജവഹര്‍ലാല്‍ നെഹ്‌റു വകവച്ചില്ല. മാവോയിസ്റ്റ് ചൈനയുടെ തിബറ്റ് പിടിച്ചെടുക്കലിനെതിരെ യാതൊരുവിധ നടപടിയും കൈക്കൊണ്ടില്ല. ഇതിനിടയില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം കൊറിയന്‍പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത ജവഹര്‍ലാല്‍ നെഹ്‌റു അതില്‍ അഭിപ്രായപ്പെട്ടത് ”ഞങ്ങള്‍ക്ക് തിബറ്റ് ചെറിയ കാര്യമാണ്” എന്നാണ്.
ഐക്യരാഷ്ട്രസഭയിലെ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് ലഭിച്ച അപൂര്‍വ്വാവസരം ചൈനയ്ക്ക് വേണ്ടി നഷ്ടപ്പെടുത്തി. തിബറ്റന്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാന്‍ തയ്യാറാവാതിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഒരു ചെറിയ രാജ്യമായ എല്‍ സാല്‍വഡോര്‍ (El salvador)) ഈ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ബി.എന്‍. റാവുവിനോട് ഇത് അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നത് തടയാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. 1952ല്‍ ചൈന നിശ്ചയിച്ചുറപ്പിച്ച രീതിയില്‍ തിബറ്റ് പിടിച്ചെടുത്തപ്പോള്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ നെഹ്‌റു തയ്യാറായില്ല.
രണ്ടാമത്തെ പരാജയം
പഞ്ചശീലതത്ത്വങ്ങളാണ് നെഹ്‌റുവിന്റെ ഭാഗത്തു നിന്നുണ്ടായ അടുത്ത തെറ്റ്. തിബറ്റിനുനേരെയുള്ള ചൈനയുടെ അതിക്രമങ്ങളും പിടിച്ചെടുക്കലും നിര്‍വ്വികാരമായി വീക്ഷിച്ച അന്നത്തെ കേന്ദ്രഗവണ്‍മെന്റ് ചൈനയുടെ ഈ നടപടിയെ അംഗീകരിക്കുകയായിരുന്നു. ഇതിനുശേഷമാണ് ‘ഹിന്ദി-ചീനി ഭായി ഭായി’ എന്ന ചരിത്രപരമായ പഞ്ചശീല പ്രഖ്യാപനത്തില്‍ ഇന്ത്യയും ചൈനയും 1954 ഏപ്രില്‍ 29ന് ഒപ്പുവെച്ചത്. ഈ ഉടമ്പടിയെക്കുറിച്ച് പാര്‍ലമെന്റില്‍ 1954 മെയ് 18ന് ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രഖ്യാപനം ‘നമ്മള്‍ സ്വാതന്ത്ര്യത്തിനുശേഷം നടത്തിയ ഏറ്റവും മികച്ച നീക്ക’ മാണിതെന്നായിരുന്നു. ഇതില്‍ ഏറ്റവും ദുരന്തമായത് ചൈനീസ് ടിബറ്റും ഇന്ത്യയും തമ്മിലുള്ള കച്ചവട ഉടമ്പടിയായിരുന്നു. ഇത് തിബറ്റിന്മേലുള്ള ചൈനീസ് അധിനിവേശത്തെ ഇന്ത്യ അംഗീകരിച്ചതിന് തുല്യമായിരുന്നു. ഇത് വര്‍ഷങ്ങളോളം ഭാരതം തിബറ്റുമായി പുലര്‍ത്തിപ്പോന്ന ധാര്‍മ്മികബന്ധങ്ങള്‍ക്കെതിരായ ഉടമ്പടിയായിരുന്നു. 1914ലെ ഷിംലാ ഉടമ്പടിയുടെ നഗ്നമായ ലംഘനം കൂടിയായിരുന്നു. അന്ന് ഈ ഉടമ്പടിയില്‍ ബ്രിട്ടീഷുകാര്‍ ചൈനയെ വെറും കാഴ്ചക്കാരായി മാത്രമേ പരിഗണിച്ചിരുന്നുള്ളു.
ചൗ – എന്‍ലായ് (അന്നത്തെ ചൈനീസ് പ്രസിഡന്റ്) അമേരിക്കന്‍ പ്രസിഡന്റായിരുന്ന നിക്‌സണോട് പറഞ്ഞതിതാണ്; ”ഞങ്ങളാണ് പഞ്ചതത്ത്വങ്ങള്‍ (പഞ്ചശീലങ്ങള്‍) മുന്നോട്ട് വച്ചത്. അത് നെഹ്‌റു അംഗീകരിച്ചു. എന്നാല്‍ നെഹ്‌റുവിനത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.”
തിബറ്റുള്‍പ്പെടെയുള്ള സുഹൃദ് രാജ്യങ്ങള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ചൈനയും ഉടമ്പടിയുടെ അന്തഃസത്ത പാലിക്കാതെ ഒപ്പിട്ട് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ അത് ലംഘിച്ചു. 1962ല്‍ ചൈന ഇന്ത്യന്‍ പ്രദേശങ്ങളെ ആക്രമിച്ചതോടെ പഞ്ചശീല ഉടമ്പടി അന്ത്യശ്വാസം വലിച്ചു.
മൂന്നാമത്തെ പരാജയം
ചൈനയെ വേണ്ട സമയത്ത് തളയ്ക്കാതിരുന്നതാണ് നെഹ്‌റുവിന്റെ മറ്റൊരു പരാജയം. ബിഎന്‍ മുള്ളിക് എന്ന നെഹ്‌റുവിന്റെ ഇന്റലിജന്‍സ് ചീഫ് 1952ല്‍ ചൈന ഭാരതത്തിന്റെ അക്‌സായി ചിന്‍ പ്രദേശത്തെ മ്യൂള്‍പാത (കോവര്‍കഴുത നടക്കുന്ന പാത) ജീപ്പ് ട്രാക്കായി വലുതാക്കിക്കൊണ്ടിരിക്കുന്ന കാര്യം നെഹ്‌റുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 1953ല്‍ ഈ പാത ഒരു ഹൈവേയാക്കി മാറ്റിയതും നെഹ്‌റുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. 1955ല്‍ ഇരുവശത്തേയും സൈനികര്‍ തമ്മിലും ഏറ്റുമുട്ടല്‍ പതിവായിരുന്നു. ചൈനയിലെ നഗരമായ ജിന്‍ സിയാങ്ങും തിബറ്റുമായി ബന്ധപ്പെടാനുള്ള ഒരു പാത ഇന്ത്യയിലെ അക്‌സായി ചിന്‍ വഴി ചൈന നിര്‍മ്മിച്ചുവെന്ന വിവരം 1957ല്‍ ചൈനീസ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. 1959 വരെ ഇക്കാര്യത്തെപ്പറ്റി നെഹ്‌റു ഒരക്ഷരം മിണ്ടാന്‍ തയ്യാറായില്ല. ചൈനീസുകാര്‍ക്ക് അംഗീകരിച്ച വിസകളില്ലെന്ന് മാത്രം സൂചിപ്പിച്ചുകൊണ്ട് ഒരു കത്ത് ചൈനയ്ക്കയച്ചിരുന്നുവെന്നുമാത്രമായിരുന്നു നെഹ്‌റുവിന്റെ മറുപടി. ഈ പ്രശ്‌നം ഐക്യരാഷ്ട്രസഭയിലുന്നയിക്കാന്‍ നെഹ്‌റുവും വി.കെ.കൃഷ്ണ മേനോനും തയ്യാറായില്ല. ഐക്യരാഷ്ട്രസഭ ഇത് കടന്നുകയറ്റമായി ചിത്രീകരിച്ചിട്ടില്ല എന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കുകയായിരുന്നു ഇരുവരും ചെയ്തത്.
നാലാമത്തെ പരാജയം
യുദ്ധത്തിനുവേണ്ടി യാതൊരുവിധ തയ്യാറെടുപ്പും നടത്തിയില്ല. ചൈനയിലെ വിദേശകാര്യമന്ത്രിയായിരുന്ന ചെന്‍യി വി.കെ. കൃഷ്ണ മേനോനോട് 1962 മദ്ധ്യത്തില്‍ ഉറപ്പു പറഞ്ഞിരുന്നത് ചൈനക്കാരെ കുടിയൊഴിപ്പിക്കുന്ന ഇന്ത്യന്‍ ആര്‍മിക്കെതിരെ തന്റെ രാജ്യം യാതൊരുവിധ പ്രകോപനവുമുണ്ടാക്കുകയില്ല എന്നായിരുന്നു. ചൗ എന്‍ ലായ് 1960ല്‍ പറഞ്ഞത് ഇന്ത്യയും ചൈനയും തമ്മില്‍ ഇക്കാര്യത്തില്‍ യുദ്ധസാദ്ധ്യതയില്ലെന്നാണ്. എന്നാല്‍ വിവേകിയായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ചൈനയുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് മുമ്പേ നല്‍കിയ മുന്നറിയിപ്പ് ജവഹര്‍ലാല്‍ നെഹ്‌റുവും വി.കെ. കൃഷ്ണ മേനോനും പുച്ഛിച്ചു തള്ളുകയായിരുന്നു. ഇതിന്റെയൊക്കെ ഫലമായി പലരും പ്രതീക്ഷിച്ചിരുന്ന ചൈനീസ് ആക്രമണം നവംബര്‍ 18ന് റെസാങ്ങ് ലാ (Rezang La))യില്‍ ആരംഭിച്ചു. തന്റെ വ്യക്തിപരമായ സുരക്ഷ പരിഗണിക്കാതെ മേജര്‍ ഷൈത്താന്‍ സിങ്ങ് ഒരു പ്ലാറ്റൂണ്‍ പോസ്റ്റില്‍ നിന്നും മറ്റൊരു പ്ലാറ്റൂണ്‍ പോസ്റ്റിലേക്ക് നിരന്തരം യാത്ര ചെയ്ത് തന്റെ പട്ടാളക്കാരെ വീരോചിതമായ യുദ്ധം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ആയിരത്തിലധികം ചൈനീസ് പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ സൈനിക നടപടിയില്‍ ജീവന്‍ നഷ്ടപ്പെട്ടു. യുദ്ധം അവസാനിച്ചപ്പോള്‍ മേജന്‍ ഷൈത്താന്‍ സിങ്ങിന്റെ മൃതദേഹം വെടികൊണ്ട് കൊടും തണുപ്പില്‍ തണുത്തു വിറങ്ങലിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പൂരിലാണ് ഈ വീരസൈനികന്റെ അന്തിമ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മാരണാനന്തര ബഹുമതിയായി പരംവീര്‍ചക്ര നല്‍കി അദ്ദേഹത്തെ രാഷ്ട്രം ആദരിച്ചു.
രാജ്യസുരക്ഷ, സുഹൃത് രാജ്യങ്ങളോടുള്ള ബന്ധം എന്നിവയില്‍ ദിശാബോധമില്ലാത്ത, മുട്ടുവിറയ്ക്കുന്ന നിലപാടായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റേത് എന്നാണ് ഹെന്‍ഡേഴ്‌സണ്‍ ബ്രൂക്‌സ്, പി.എസ്.ഭഗത് കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
കാശ്മീരിന്റെ കിഴക്കുഭാഗത്തുള്ള 32,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് (അക്‌സായി ചിന്‍) ഭാരതത്തിന് 1962ലെ ചൈനീസ് ആക്രമണത്തിലൂടെ നഷ്ടപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ തിബറ്റിന്റെ സഹായാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ നെഹ്‌റു ഗവണ്‍മെന്റിന് ചൈനീസ് പ്രീണനത്തിന്റെ ഫലമെന്ന നിലയില്‍ കിട്ടിയ തിരിച്ചടിയായിരുന്നു ഇത്. അക്‌സായി ചിന്‍ പ്രദേശം ചൈനയ്ക്ക് തിബറ്റുമായി ബന്ധപ്പെടാനുള്ള ഇടവഴിയായിരുന്നു. അത് നേടാനവര്‍ ചതി പ്രയോഗിച്ചു. നേടിയെടുക്കുകയും ചെയ്തു.
1963ലാണ് പാകിസ്ഥാന്‍ കയ്യേറിയ കാശ്മീര്‍ ഭാഗമായ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്റെ അയ്യായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമി അവര്‍ ചൈനയ്ക്ക് കൈമാറിയത്. ഇതുമൂലം ചൈനയുടെ പ്രതിരോധ സൈനികശക്തി ഇന്ത്യയുടെ തലസ്ഥാനത്തിന്റെ തൊട്ടടുത്ത് നിലയുറപ്പിക്കുന്നസ്ഥിതിയായി.
നെഹ്‌റുവിന്റെ മറ്റ് മണ്ടത്തരങ്ങള്‍
ശ്രീനഗര്‍ താഴ്‌വരയുടെ വിസ്തൃതി 16,000 ചതുരശ്ര കിലോമീറ്ററാണ്. ജമ്മുപ്രദേശം 26,300 ച. കിലോമീറ്ററുണ്ട്. ലഢാക്കിന്റെത് 59,200 ചതുരശ്ര കിലോമീറ്റാണ്. ഭൂരിഭാഗം പ്രദേശവിസ്തൃതിയുള്ള, ജനങ്ങള്‍ അധിവസിക്കുന്ന ജമ്മു-ലഢാക്ക് ഭാഗത്തെ ജനവികാരം മാനിക്കാതെയാണ് ആര്‍ട്ടിക്കിള്‍ 370വഴി കാശ്മീരിനെ ഒരു പ്രത്യേകാവകാശമുള്ള സംസ്ഥാനമാക്കി മാറ്റാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തീരുമാനമെടുത്തത്. 1.25 ബില്ല്യണ്‍ ഭാരതജനതയുടെ അജയ്യശക്തിയെയാണ് വെറും 16,000 ചതുരശ്രകിലോമീറ്ററിലുള്ള 35 ലക്ഷം ജനങ്ങളിലെ വിലയ്‌ക്കെടുക്കപ്പെട്ട കുറച്ച് ഇസ്ലാമിക തീവ്രവാദികള്‍ പാകിസ്ഥാന്റെ സാമ്പത്തിക സഹായത്തോടെ ദശാബ്ദങ്ങളായി വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്.
തിബറ്റ് ഭാരതത്തിന് പ്രസക്തിയില്ലാത്ത രാജ്യമായിരുന്നോ? ഈ ചോദ്യത്തിനുത്തരം കൈലാസ-മാനസ സരോവര്‍ നമുക്ക് നല്‍കുന്നുണ്ട്. ഈ മേരുപര്‍വ്വത പ്രദേശം ധാര്‍മ്മികമായും വിശ്വാസപരവുമായും ഭാരതത്തിന്റെ അദ്ധ്യാത്മികശക്തിയുടെ ഊര്‍ജ്ജകേന്ദ്രമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുഹമ്മദന്‍ ആക്രമണകാരികള്‍ നളന്ദയും തക്ഷശിലയും ചുട്ടെരിച്ചപ്പോള്‍ വേദങ്ങളും ഉപനിഷത്തുക്കളുമുള്‍പ്പെടെയുള്ള നമ്മുടെ അത്യപൂര്‍വ്വഗ്രന്ഥങ്ങള്‍ സംരക്ഷിക്കപ്പെട്ടത് ലാമമാരുടെ പര്‍വ്വത വിഹാരങ്ങളിലാണ്. അതാണ് ഇന്ന് നമുക്ക് വിജ്ഞാനത്തിന്റെ സാഗരമായി ഭാരതീയപ്രജ്ഞയുടെ വെളിച്ചം വീശുന്നത്.
മറ്റൊരു തരത്തില്‍ തിബറ്റന്‍ പീഠഭൂമി ചൈന കയ്യടക്കിയപ്പോള്‍ ലോകത്തിന്റെ മേല്‍ക്കൂരയെന്നറിയപ്പെടുന്ന ടിബറ്റിലെ വിശാലമായ ശുദ്ധജലസ്രോതസ്സാണ് ചൈനയുടെ കൈപ്പിടിയിലമര്‍ന്നത്. പ്രചണ്ഡമായ ജലശേഷിയുള്ളതും ഒഴുക്കുള്ളതുമായ സിന്ധു, സത്‌ലജ്, ബ്രഹ്മപുത്ര, അരുണ, നു, മേകോങ്ങ്, യാങ്ങ്‌സേ എന്നീ നദികളുടെ ഉത്ഭവസ്ഥാനമാണ് തിബറ്റിലെ ഭീമന്‍ ഹിമപര്‍വ്വതങ്ങള്‍. സരയൂ, ബ്രഹ്മപുത്ര, വിതസ്‌നാ (ഝലം) സിന്ധു എന്നീ നദികളുടെ ഉത്ഭവം തിബറ്റിലെ കൈലാസപര്‍വ്വതത്തിന്റെ താഴ്‌വരയിലുള്ള മാനസസരോവരത്തില്‍ നിന്നാണ്. 300 ഓളം വലുതും ചെറുതുമായ ഡാമുകളും കൂറ്റന്‍ ടണലുകളും 12ഓളം എയര്‍ബേസുകളുമൊക്കെയാണ് ചൈന ഈ ടിബറ്റന്‍ ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്നത്.
ഭാരത അതിര്‍ത്തിയിലുള്ള ചുംബാ താഴ്‌വാരത്തില്‍ ചൈന റോഡുകളും വന്‍ സൈനിക സംവിധാനങ്ങളും ഒരുക്കിക്കൊണ്ടിരിക്കുന്നു. ഈ താഴ്‌വാരത്തോടുചേര്‍ന്നാണ് സിക്കിം, അരുണാചല്‍പ്രദേശ്, മ്യാന്മര്‍, ഭൂട്ടാന്‍ എന്നീ ഭാരതപ്രദേശങ്ങളും സുഹൃദ് രാജ്യങ്ങളുമുള്ളത്. ഇന്ന് ഈ പ്രദേശങ്ങളെല്ലാം തങ്ങളുടെ സാമ്രാജ്യത്തിന്റെ അവിഭാജ്യഘടകങ്ങളാക്കാന്‍ ‘അധിനിവേശ നയം’ പിന്തുടരുന്ന ചൈനയുടെ തലയ്ക്ക് ‘അക്രമശക്തി’ നല്‍കിയത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും വി.കെ.കൃഷ്ണമേനോന്റേയും ഭീരുത്വ നയങ്ങളായിരുന്നു. ഈ നയത്തില്‍ നിന്നുള്ള മാറ്റമാണ് ദോക്‌ലാം പോലുള്ള വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കാണിച്ചുതരുന്നത്. ഇത് ആത്മാഭിമാനത്തിന്റെ പുതിയ യുഗം നമുക്ക് മുന്നില്‍ കാഴ്ചവെക്കും.