ഭാരതത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍പ്പെടുന്ന മണിപ്പൂരില്‍ അവിടെയുള്ള നാഗാ -കുക്കി -മെയ്തി ഗോത്രങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വംശീയ സംഘര്‍ഷമുണ്ടായി. അവിടെ കാലങ്ങളായി നിലനില്‍ക്കുന്ന ചില തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം ലഭിക്കണമെങ്കില്‍ ആ കൊച്ചു സംസ്ഥാനത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, ജനസംഖ്യാവിതാനം എന്നിവ അറിയണം. ഭാരതം സ്വതന്ത്രയാവുമ്പോള്‍ മണിപ്പൂര്‍ ഒരു നാട്ടുരാജ്യമായിരുന്നു. 1949 ഒക്ടോബറില്‍ മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. 1956 ല്‍ ഇതൊരു കേന്ദ്ര ഭരണ പ്രദേശമായി. 1972 ല്‍ മണിപ്പൂരിന് പൂര്‍ണ്ണസംസ്ഥാന പദവി ലഭിച്ചു.
ചുറ്റും മലനിരകളാല്‍ ചുറ്റപ്പെട്ട് നടുക്ക് ഒരു സമതല പ്രദേശം, ഇതാണ് മണിപ്പൂരിന്റെ ഭൂമിശാസ്ത്രം. തലസ്ഥാനമായ ഇംഫാല്‍ ഈ സമതലത്തിലാണുള്ളത്. മണിപ്പൂരിലെ ആകെ വിസ്തീര്‍ണത്തിന്റെ 90% മലനിരകളാണ്. ബാക്കി പത്തു ശതമാനമാണ് ഈ സമതല നഗര പ്രദേശം. ഇനി ജനസംഖ്യാ വിതാനത്തിലേക്ക് വന്നാല്‍ 90% മലനിരകളില്‍ താമസിക്കുന്നത് 35% ജനങ്ങള്‍ മാത്രമാണ്. ബാക്കി 10 % വരുന്ന സമതലത്തില്‍ താമസിക്കുന്നത് 65% ജനങ്ങളാണ്. മണിപ്പൂരിലെ ജനസംഖ്യയില്‍ 53% അവിടുത്തെ ആദിമ നിവാസികളായ, മണിപ്പൂരി എന്നു പൊതുവെ അറിയപ്പെടുന്ന മെയ്തി വിഭാഗക്കാരാണ്. ഇവര്‍ സമതലവാസികളാണ്. ബാക്കിയുള്ളവര്‍ സമീപ സംസ്ഥാനങ്ങളില്‍ നിന്നും മണിപ്പൂരിലേക്ക് കുടിയേറിയ നാഗ-കുക്കി ഗോത്രവംശജരാണ്. ഇവര്‍ മലനിരകളിലാണ് താമസം. ഇതില്‍ നിന്ന് തന്നെ ജനസംഖ്യാവിതാനത്തിലുള്ള അസമത്വം വ്യക്തമാകും.
മെയ്തികള്‍ കൂടുതലും ഹിന്ദുക്കളാണെങ്കിലും, അവര്‍ക്കിടയില്‍ ഏകദേശം പത്ത് ശതമാനത്തോളം ക്രിസ്ത്യന്‍ മുസ്ലിം മതക്കാരുണ്ട്. നാഗാ- കുക്കി-സോമികള്‍ പ്രധാനമായും ക്രിസ്ത്യാനികളാണ്. 2011 ലെ സെന്‍സസ് പ്രകാരം മണിപ്പൂരില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഏതാണ്ട് തുല്യമായ 41%വീതം ജനസംഖ്യയുണ്ട്. (ഇപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ മതം ഒരു വിഷയമേയല്ല. വംശങ്ങളിലെ മത പ്രാതിനിധ്യം മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ് ഇക്കാര്യം വിശദീകരിച്ചത്).
കുക്കികള്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും മ്യാന്‍മറിലും വ്യാപിച്ചുകിടക്കുന്നു. അവരില്‍ ഭൂരിഭാഗവും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മ്യാന്‍മറില്‍ നിന്ന് മണിപ്പൂരിലേക്ക് കുടിയേറിയവരാണ്. ഇംഫാല്‍ താഴ്വരയിലെ മെയ്തികള്‍ക്കും താഴ്‌വരയിലേക്ക് കൊള്ളയടിക്കാന്‍ എത്താറുണ്ടായിരുന്ന നാഗന്മാര്‍ക്കും ഇടയില്‍ ഒരു കോട്ടയായി പ്രവര്‍ത്തിക്കാന്‍ മെയ്തി രാജാക്കന്മാര്‍ മണിപ്പൂരിലെ കുന്നുകളില്‍ കുക്കികളെ കുടിയിരുത്തി. പിന്നീട്, നാഗാലാന്‍ഡിലെ കലാപസമയത്ത്, നാഗന്മാര്‍ ആവശ്യപ്പെട്ട പ്രത്യേക നാഗാസംസ്ഥാനത്തിന്റെ ഭാഗമാകേണ്ട പ്രദേശങ്ങളില്‍ കുക്കികള്‍ താമസമാക്കിയതായി നാഗാ തീവ്രവാദികള്‍ ആരോപിച്ചു. 1993-ല്‍ മണിപ്പൂരില്‍ ക്രൂരമായ നാഗ-കുക്കി കലാപം ഉണ്ടായി, അതില്‍ നൂറിലധികം കുക്കികള്‍ നാഗാകളാല്‍ കൊല്ലപ്പെട്ടു.
മണിപ്പൂര്‍ അസംബ്ലിയിലും മെയ്തികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുണ്ട്. കാരണം, സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളില്‍ 40 എണ്ണവും ജനസംഖ്യ കൂടിയ ഇംഫാല്‍ താഴ്വരയില്‍ നിന്നുള്ളതാണ്. ഇതാകട്ടെ കൂടുതലും മെയ്തികള്‍ അധിവസിക്കുന്ന പ്രദേശവും.
നിലവില്‍ മെയ്തികള്‍ പട്ടികവര്‍ഗ്ഗ (എസ്.ടി) പദവി ഉള്ളവരല്ല. 1948-ല്‍ മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാകുന്നതിന് മുമ്പ് മെയ്തികള്‍ക്ക് പട്ടികവര്‍ഗ്ഗ (എസ്.ടി) പദവി ഉണ്ടായിരുന്നു. എന്നാല്‍ മണിപ്പൂര്‍ ഇന്ത്യയില്‍ ലയിച്ചപ്പോള്‍, മെയ്തികള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഹിന്ദുക്കളായി മാറിയതിനാല്‍ അവരെ പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തി. എസ്.ടി പദവി കൊണ്ടുള്ള ഗുണങ്ങള്‍ അറിയാത്തതിനാല്‍ 1948-ല്‍ അവര്‍ പരാതിപ്പെട്ടില്ല. മണ്ഡല്‍ കമ്മീഷനുശേഷം, മെയ്തികള്‍ക്ക് ഒബിസി പദവിയും ലഭിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ 27 -ാമത് ഭേദഗതി പ്രകാരം 1971 ല്‍ നിലവില്‍ വന്ന ആര്‍ട്ടിക്കിള്‍ 371 സി ആണ് മണിപ്പൂരിലെ ഗിരിവര്‍ഗ്ഗക്കാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നത്. ഗിരിവര്‍ഗ്ഗക്കാരായ എം.എല്‍.എ മാരുടെ കമ്മിറ്റികള്‍ രൂപീകരിച്ചു മലമ്പ്രദേശങ്ങളുടെ ഭരണ കാര്യങ്ങള്‍ പ്രത്യേകം കൈകാര്യം ചെയ്യുന്നതിന് അവരെ അനുവദിക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 371 സി. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ രൂപീകരണത്തെത്തുടര്‍ന്ന്, കേന്ദ്ര ഗവണ്‍മെന്റ് 1950ലെ Constitution (Scheduled Tribes) Order, പാസ്സാക്കി. ഇത് പ്രകാരം നാഗന്മാര്‍ക്കും കുക്കികള്‍ക്കും പട്ടികവര്‍ഗ്ഗ (എസ്.ടി ) പദവി ലഭിച്ചു. എന്നാല്‍ നാഗന്മാരുമായി സാംസ്‌കാരിക സമാനതകള്‍ പങ്കിടുന്ന മെയ്തികള്‍ ആ പദവിയില്‍ നിന്നും പുറത്തായി. കാലക്രമേണ കുക്കികളും നാഗന്മാരും എസ് ടി പദവി കൊണ്ട് ലഭ്യമാകുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൂടി ഉപയോഗിച്ച് സാമൂഹികമായും സാമ്പത്തികമായും ഏറെ മുന്നാക്കമായി. ഇതിന് പിന്നാലെയാണ് മണിപ്പൂര്‍ ഭൂപരിഷ്‌കരണവും ഭൂ റവന്യൂ നിയമവും പ്രകാരം 1960-ല്‍ സംസ്ഥാനത്ത് ആദിവാസികളല്ലാത്തവര്‍ ആദിവാസി ഭൂമി വാങ്ങുന്നത് നിരോധിച്ചത്.
ഇതോടെ അവരുടെ മലമ്പ്രദേശങ്ങളില്‍ മറ്റുള്ളവര്‍ക്ക് സ്ഥലം വാങ്ങാന്‍ കഴിയുകയില്ല എന്ന നിയമപരമായ വിലക്കുവന്നു. എന്നാല്‍ മെയ്തികള്‍ ഏറെയുള്ള താഴ്വരയില്‍ ആ പരിരക്ഷയില്ല. The Manipur Hill Areas District Councils Act 1971 മലമ്പ്രദേശങ്ങള്‍ക്ക് വര്‍ദ്ധിച്ച അധികാരങ്ങള്‍ നല്‍കി. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് സംസ്ഥാനത്തുടനീളം ഭൂമി വാങ്ങാന്‍ കഴിയുമെങ്കിലും, ഇംഫാല്‍ താഴ്വരയിലും പടിഞ്ഞാറുള്ള ചെറിയ ജിരിബാം സമതലങ്ങളിലും ജീവിക്കുന്ന, ആകെ ജനസംഖ്യയില്‍ ഭൂരിപക്ഷമായ, മെയ്തി സമുദായത്തിന് അതേ സ്വാതന്ത്ര്യം നല്‍കിയില്ല.
മലയോര മേഖലകള്‍ക്ക് വലിയ തോതില്‍ സ്വയംഭരണാവകാശവും പുറമെ നിന്നുള്ളവരുടെ പ്രവേശനം പോലും വിലക്കുന്ന രീതിയിലുള്ള സംരക്ഷണവും നല്‍കിയപ്പോള്‍ നാഗാ -കുക്കി തുടങ്ങിയ ഗോത്രവര്‍ഗ്ഗക്കാര്‍ അടുത്തതായി താഴ്‌വരയിലേക്ക് ഇറങ്ങാന്‍ തുടങ്ങി. ഇത് താഴ്വരയിലെ ജനസംഖ്യാ സമ്മര്‍ദ്ദം കൂടുതല്‍ വഷളാക്കി. ഇതോടെ തങ്ങളുടെ വംശത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് എസ്.ടി പദവി ലഭിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് മെയ്തികള്‍ തിരിച്ചറിഞ്ഞു. കൂടാതെ മലനിരകളില്‍ നിന്ന് താഴ്വരയിലേക്കുള്ള കുടിയേറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാ സമ്മര്‍ദ്ദവും അവരെ ഭയചകിതരാക്കി. നിലവില്‍ ഒബിസി പദവിയുള്ള മെയ്തികള്‍ക്ക് സംവരണം ഒരു വിഷയമല്ല. പക്ഷെ അവരുടെ സ്വത്വത്തെയും നിലനില്പിനെയും അട്ടിമറിക്കുന്ന രീതിയിലുള്ള കുടിയേറ്റം പ്രശ്നമാണ്. എസ്.ടി പദവി ലഭിച്ചാല്‍ മെയ്തികള്‍ക്ക് ജനവാസം കുറഞ്ഞ കുന്നുകളിലേക്ക് കുടിയേറാന്‍ കഴിയുകയും ചെയ്യും. എന്നാല്‍ മെയ്തികള്‍ എസ്.ടി പദവി നേടി മലനിരകളില്‍ ഭൂമി വാങ്ങാന്‍ തുടങ്ങുന്നതും സംവരണാനുകൂല്യങ്ങളുടെ പങ്കുപറ്റുന്നതും കുക്കി -നാഗാ വംശങ്ങള്‍ പാടെ എതിര്‍ക്കുന്നു.
മ്യാന്‍മാറുമായി വളരെ നീണ്ട അതിര്‍ത്തി പങ്കിടുന്നുണ്ട് മണിപ്പൂര്‍. അവിടെനിന്നുള്ള കുക്കികളുടെ അനധികൃത കുടിയേറ്റമാണ് മറ്റൊരു തിളയ്ക്കുന്ന വിഷയം. ഇത് മൂലം സംസ്ഥാനത്തെ മലയോര ജില്ലകളിലെ ജനസംഖ്യയില്‍ അസാധാരണമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചയ്ക്ക് പേരു കേട്ട സംസ്ഥാനമായ ബിഹാറിനേക്കാളും വളരെ കൂടിയ വളര്‍ച്ചാ നിരക്ക് ഈ മലമ്പ്രദേശങ്ങള്‍ രേഖപ്പെടുത്തുന്നു എന്നതാണ് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലെ സെന്‍സസ് ഡാറ്റ കാണിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്ന രീതിയില്‍ മണിപ്പൂരിലെ ഗിരിവര്‍ഗ്ഗക്കാര്‍ അവരുമായി ഒത്തുകളിക്കുന്നു എന്നാണ് മെയ്തികളുടെ ആരോപണം. ഇവര്‍ ബര്‍മീസ് കുടിയേറ്റക്കാര്‍ക്ക് വ്യാജ ഡോക്യുമെന്റേഷന്‍ ലഭ്യമാക്കിയിരുന്നു എന്ന് ആരോപണമുണ്ട്.
മ്യാന്‍മറില്‍ സൈന്യം നടത്തിയ അട്ടിമറിക്ക് ശേഷം കുക്കി ജനതയെ അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ കുടിയേറ്റക്കാരുടെ അനധികൃത കടന്നുകയറ്റം കുത്തനെ വര്‍ദ്ധിച്ചു. ഭാഷയിലും സംസ്‌കാരത്തിലും രൂപത്തിലും പ്രാദേശിക കുക്കികളുമായി സാമ്യമുള്ളതിനാല്‍ അനധികൃത കുക്കി കുടിയേറ്റക്കാര്‍ക്ക് മണിപ്പൂരിലെ മലയോര ജില്ലകളില്‍ സ്ഥിരതാമസമാക്കാന്‍ എളുപ്പമാണ്. സംരക്ഷിത വനഭൂമിയിലാണ് പുതിയ കുക്കി ഗ്രാമങ്ങള്‍ വരുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് അത്തരത്തിലുള്ള ഒരു ഗ്രാമം അടുത്തിടെ സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു, പക്ഷെ ഈ ഗ്രാമം നൂറ്റാണ്ടുകളായി അവിടെയുണ്ടെന്ന് പ്രതിഷേധിക്കുന്ന കുക്കികള്‍ അവകാശപ്പെട്ടു. ഇതോടെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ എന്‍ആര്‍സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) വേണമെന്ന് മെയ്തികള്‍ ആവശ്യപ്പെടാന്‍ തുടങ്ങി.
സെന്‍സസ് രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍, സംസ്ഥാനത്തിന്റെ ജനസംഖ്യാ ഘടനയില്‍ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങള്‍ കാണാം. 1971-ല്‍ മെയ്തി ഗോത്രവര്‍ഗ്ഗ അനുപാതം 63:31 എന്നായിരുന്നു. എന്നാല്‍ അത് പിന്നീട് 53:41 എന്ന രീതിയില്‍ അട്ടിമറിക്കപ്പെട്ടു.
ഈ മാറ്റത്തിന്റെ ഭൂരിഭാഗവും ക്രമേണയല്ല, 90-കളില്‍ സംസ്ഥാനത്ത് കലാപം ഉടലെടുത്തതിന് ശേഷം പെട്ടെന്ന് സംഭവിച്ചതാണ്. 1991-2011 കാലഘട്ടത്തില്‍ സംസ്ഥാനത്തിന്റെ ശരാശരി ജനസംഖ്യാ വളര്‍ച്ച 55 ശതമാനമാണെങ്കില്‍, മലയോര ജില്ലകളായ സേനാപതി, ചന്ദേല്‍ എന്നിവയിലെ ജനസംഖ്യാ വര്‍ദ്ധനവ് യഥാക്രമം 130 ശതമാനവും 108 ശതമാനവും ആണ്.
ഈ സാഹചര്യത്തിലാണ് 2012 ല്‍, മെയ്തി സമുദായത്തിലെ ചിലര്‍ തങ്ങള്‍ക്കു മുന്‍പ് ലഭ്യമായിരുന്ന എസ്.ടി പദവി പുനഃസ്ഥാപിച്ചു കിട്ടുന്നതിന് മണിപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. മണിപ്പൂരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് മുമ്പ് തങ്ങള്‍ എസ്ടി ആയിരുന്നു എന്നും ഈപദവി പുനഃസ്ഥാപിക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തങ്ങള്‍ ഗോത്രവര്‍ഗ്ഗക്കാര്‍ ആണെന്ന് തെളിയിക്കുന്നതിന് നിരവധി തെളിവുകള്‍ അവര്‍ നിരത്തി. 2023 മാര്‍ച്ചില്‍ മെയ്തികളുടെ ആവശ്യത്തില്‍ നാലാഴ്ചയ്ക്കകം കേന്ദ്ര ആദിവാസി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു..
ഇതുകൂടാതെ കുക്കികളുടെ രണ്ട് തീവ്രവാദ സംഘടനകളായ കുക്കി നാഷണല്‍ ആര്‍മി, സോമി റെവല്യൂഷണറി ആര്‍മി എന്നിവയുമായുള്ള ത്രികക്ഷി സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍സ് (എസ്ഒഒ) ചര്‍ച്ചകള്‍ സംസ്ഥാന മന്ത്രിസഭ പിന്‍വലിച്ചിരുന്നു, ഒരു ദശാബ്ദത്തിലേറെ മുമ്പ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കുക്കി സംഘടനകളും ഒപ്പുവെച്ച വെടിനിര്‍ത്തലാണ് എസ്ഒഒ കരാര്‍. എന്നാല്‍ ഈ കരാറിന്റെ മറവില്‍ സേനാ നീക്കം ഇല്ലാതിരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലെ മലനിരകളില്‍ വന്‍ തോതില്‍ വനനശീകരണവും കറുപ്പ് കൃഷിയും ഹെറോയിന്‍ നിര്‍മ്മാണവും നടത്തുകയായിരുന്നു കുക്കി തീവ്രവാദികള്‍. ‘സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതം എന്നിവയില്‍ ആദിവാസികള്‍ എന്ന പേരില്‍ വന്‍ തോതിലുള്ള ഭൂമി കയ്യെറ്റമാണ് ഇവര്‍ നടത്തിയത്. ഇതിനി തുടരാന്‍ പറ്റില്ല’ എന്നുള്ള ഉറച്ച നിലപാടാണ് മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടത്. ‘സംസ്ഥാന സര്‍ക്കാരിന്റെ വനസമ്പത്ത് സംരക്ഷിക്കുന്നതിനും പോപ്പി കൃഷി ഉന്മൂലനം ചെയ്യുന്നതിനുമുള്ള നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല’ എന്ന നിലപാട് മന്ത്രിസഭ ആവര്‍ത്തിച്ചു.
അതേത്തുടര്‍ന്ന്, ഗോത്രവര്‍ഗക്കാരുടെ ആധിപത്യമുള്ള കുന്നുകളിലെ വന്‍തോതിലുള്ള പോപ്പി ഫീല്‍ഡുകള്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നശിപ്പിക്കുകയും മയക്കുമരുന്ന് വ്യാപാരം തടയുന്നതിനായി നിരോധിത വനങ്ങളില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുകയും ചെയ്തു. ഇത് കുക്കികള്‍ക്കിടയില്‍ കടുത്ത നീരസത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ‘മയക്കുമരുന്നിനെതിരെയുള്ള യുദ്ധം’ ക്യാമ്പയ്നില്‍ മലമ്പ്രദേശങ്ങളിലെ പല അനധികൃത നിര്‍മ്മാണങ്ങളും നശിപ്പിക്കപ്പെട്ടു. ഈ നിര്‍മ്മാണങ്ങള്‍ ദേവാലയങ്ങള്‍ ആണെന്നാണ് കുക്കികള്‍ പറയുന്നത്.
മണിപ്പൂരില്‍ ബിജെപിയുടെ ആദ്യഭരണം ആരംഭിച്ച 2017 മുതല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ മലനിരകളിലെ ആയിരക്കണക്കിന് ഏക്കര്‍ പോപ്പി തോട്ടങ്ങള്‍ സര്‍ക്കാര്‍ നിശ്ചയ ദാര്‍ഢ്യത്തോടെ നശിപ്പിച്ചു. കിഴക്കന്‍ മണിപ്പൂരിലെ അഞ്ച് ജില്ലകള്‍ മ്യാന്‍മറുമായി 400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു, മ്യാന്‍മറുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് വേലി കെട്ടിയിരിക്കുന്നത്, ഈ പ്രദേശത്ത് ധാരാളം മയക്കുമരുന്ന് കടത്തല്‍ നടക്കുന്നു. മണിപ്പൂരിലെ അഞ്ച് മലയോര ജില്ലകളില്‍ (ഉഖ്രുല്‍, സേനാപതി, കാങ്പോക്പി, കാംജോങ്, തെങ്നൗപല്‍, ചുരാചന്ദ്പൂര്‍) പോപ്പി കൃഷി ഒരു പ്രധാന വരുമാനമാര്‍ഗ്ഗമാണ്. മോര്‍ഫിന്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ മലയോര മേഖലകളില്‍ ഈ ചെടി വളര്‍ത്തുന്നത് എളുപ്പത്തിലുള്ള വരുമാനം ഉറപ്പാക്കുന്നു. കുടിയേറ്റക്കാരായ ജനത സ്വാഭാവികമായും ഇതിലേക്ക് തിരിയുന്നു.
യഥാര്‍ത്ഥത്തില്‍ മലയോരമേഖലയിലെ പോപ്പി തോട്ടങ്ങള്‍ നശിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം. ഈ വിഷയത്തില്‍ പുകഞ്ഞിരുന്ന മലയോരം, മെയ്തിയെ എസ്ടിയായി തരംതിരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ കേന്ദ്രത്തിന് അഭ്യര്‍ത്ഥന അയക്കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോട് ഏപ്രിലില്‍ പറഞ്ഞതോടെ ആളിക്കത്തുകയായായിരുന്നു.
നൂറ്റാണ്ടുകളായി പരസ്പര വൈരികള്‍ ആയിരുന്നു നാഗ – കുക്കി ഗോത്രങ്ങള്‍. മനുഷ്യത്വം മരവിച്ച രീതിയില്‍ ഈ രണ്ടു വിഭാഗങ്ങളും കൂട്ടക്കൊലകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ മെയ്തി എന്നൊരു മുഖ്യ എതിരാളിയെ ലഭിച്ചപ്പോള്‍ ഈ രണ്ടു ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളും താത്കാലികമായി യോജിച്ചു. ഏപ്രില്‍ 27 ന് ചുരാചന്ദ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓപ്പണ്‍ ജിം അവര്‍ കത്തിച്ചു. അതിനെത്തുടര്‍ന്ന് മെയ് 3 നാണ് അക്രമം അരങ്ങേറുന്നത്. മെയ്തികളുടെ ആവശ്യത്തില്‍ അനുകൂല പരാമര്‍ശം നടത്തിയ ഹൈക്കോടതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ (എടിഎസ്യുഎം- ATSUM )ചുരാചന്ദ്പൂരിലെ ടോര്‍ബംഗ് ഏരിയയില്‍ ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിന്’ (ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ച്) ആഹ്വാനം ചെയ്തു. തൊട്ടുപിന്നാലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ ടോര്‍ബംഗ് പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടു. ടോര്‍ബംഗിലെ മാര്‍ച്ചിനിടെ, എകെ-47 പോലുള്ള അത്യാധുനിക ആയുധങ്ങളുമായി ഒരു ജനക്കൂട്ടം മെയ്തികളെ ആക്രമിച്ചു. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. കുക്കി ആദിവാസി തീവ്രവാദി ഗ്രൂപ്പിലെ അംഗങ്ങളാണ് ഈ അക്രമികള്‍ എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ തൊട്ടുപിന്നാലെ മെയ്തികള്‍ ആയുധമെടുത്ത് പ്രതിരോധിക്കാന്‍ തുടങ്ങി. മെയ് 4 ന്, ഇംഫാലില്‍ മെയ്തികളും ആദിവാസികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. ഇതോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ച കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ സുരക്ഷാ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 355 നടപ്പിലാക്കുകയും മണിപ്പൂരിന്റെ സുരക്ഷ ഏറ്റെടുക്കുകയും ചെയ്തു. അക്രമം തടയാന്‍ സൈന്യം, സിആര്‍പിഎഫ്, അസം റൈഫിള്‍സ്, സംസ്ഥാന പൊലീസ് എന്നിവയ്ക്കൊപ്പം റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും വിന്യസിച്ചു. ആയുധമെടുത്തവരെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിട്ടു.
എന്തായാലും നിലവില്‍ മണിപ്പൂരിലെ സംഘര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ചു തന്നെ അടിച്ചമര്‍ത്തിയിട്ടുണ്ട്. അതിനിടെ കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യന്‍ കലാപമാണ് എന്നുള്ള പ്രചാരണങ്ങള്‍ നടന്നു. കോണ്‍ഗ്രസ്സ്, കമ്യൂണിസ്റ്റ് -ഇസ്ലാമിസ്റ്റ് കൂട്ടുകെട്ടായിരുന്നു ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ മണിപ്പൂരില്‍ നടന്ന സംഘര്‍ഷത്തില്‍ മതം ഒരു കക്ഷിയേയല്ല. മെയ്തി വിഭാഗത്തില്‍ ഏതാണ്ട് പത്തു ശതമാനത്തിലേറെ മുസ്ലിം -ക്രിസ്ത്യന്‍ മത വിശ്വാസികളാണ്. അവരും എതിര്‍ ഗോത്രത്തിനെതിരെ പ്രതിരോധ സജ്ജരായി രംഗത്തുണ്ടായിരുന്നു. അതില്‍ നിന്ന് തന്നെ മതമല്ല, വംശമാണ് അവിടെ വിഷയം എന്ന് നമുക്ക് കാണാവുന്നതാണ്.
ആസ്ട്രേലിയയില്‍, ആദിവാസികള്‍ എന്ന് വിളിക്കപ്പെടുന്ന തദ്ദേശീയരായ ആസ്ട്രേലിയക്കാര്‍, ആ ദേശത്തെ യഥാര്‍ത്ഥ ജനത ദയനീയമായ അവസ്ഥയില്‍ കാടുകളില്‍ ചിതറിക്കിടക്കുന്നതു പോലുള്ള ദുര്‍ഗതി ഉണ്ടാകാതിരിക്കാന്‍ പ്രതിരോധത്തിനിറങ്ങിയേ മതിയാകൂ എന്നുള്ള പ്രചാരണം മെയ്തികളെ വര്‍ദ്ധിത വീര്യത്തോടെ രംഗത്തിറക്കി എന്ന് പറയാതെ വയ്യ. പക്ഷെ അക്രമം തുടങ്ങാന്‍ കുക്കി നാഗാ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് വേറെ കാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് മാത്രം.
ജനസംഖ്യാവിതാനത്തെ അട്ടിമറിക്കുന്ന രീതിയില്‍ ഏതെങ്കിലും ഒരു വിഭാഗം മനഃപൂര്‍വം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളാണ് മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ കാതല്‍. ഇതുകൊണ്ടു തന്നെ അങ്ങനെയുള്ള ഓരോ അട്ടിമറി ശ്രമത്തെയും നാം കരുതലോടെ കാണേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും പ്രസക്തിയും അവിടെയാണ്.
(ജനം ടിവി വെബ് ഡിവിഷന്‍ ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകന്‍)
Comments