ഒഡീഷക്കാരന്‍ കേശവ് പണി നിര്‍ത്തിപ്പോയപ്പോള്‍ ശ്രീമതിയ്ക്ക് ഒട്ടേറെ പരാതി. ഒന്നും കണ്ടറിഞ്ഞു ചെയ്യില്ല. വേണ്ടാത്ത ചെടി നിര്‍ത്തും വേണ്ടത് പറിച്ചു കളയും, ഇതൊന്നും തൊടരുത് എന്ന് പറഞ്ഞ് കുറച്ചു കഴിഞ്ഞു ചെന്ന് നോക്കിയാല്‍ അവിടെ ഒന്നും കാണുകയില്ല.
ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു:
‘നീ ഇതൊക്കെ മലയാളത്തില്‍ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് കുറച്ചു ഹിന്ദി പഠിക്ക് അല്ലെങ്കില്‍ ഒഡിയ പഠിക്ക്.’
‘അവനു മലയാളം അറിയാലോ. പിന്നെ എല്ലാത്തിനും തല കുലുക്കി സമ്മതിക്കുകയും ചെയ്തു.’
‘ഹ ഹ.. മലയാളികള്‍ അറബി നാട്ടില്‍ ചെന്നാല്‍ അങ്ങനെയാ… ഒന്നും ഒട്ട് മനസ്സിലാവില്ല തലയാട്ടി സമ്മതിക്കുകയും ചെയ്യും.അവസാനം അറബിയുടെ ‘മുക്ക് മാഫി’ (ബുദ്ധിശൂന്യന്‍) എന്ന ചീത്ത വിളി കേള്‍ക്കുകയും ചെയ്യും.’
‘മുമ്പ് തമിഴ്‌നാട്ടുകാര്‍ പണിക്കാരായിരുന്നപ്പോള്‍ ഇത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ അവരൊക്കെ പോയി.’
‘ശരിയാണ്. തമിഴ്‌നാട്ടിലെ തൊഴില്‍ ക്ഷാമം നിലച്ചു. കേന്ദ്ര സര്‍ക്കാറുമായി യോജിച്ചുള്ള പ്രവര്‍ത്തനം അവിടെ പുരോഗതിയുണ്ടാക്കി. താമസിയാതെ ഒഡീഷയും ആ വിധമാകും. പിന്നെ അവിടെ നിന്ന് ആരും വരില്ല. അവിടെയൊക്കെ ഭരിക്കുന്നത് പ്രധാനമന്ത്രിയുടെ പാര്‍ട്ടിയല്ല. പ്രതിപക്ഷമാണ്. പക്ഷെ കേരളത്തിലെ പോലെയുള്ള വിരോധം അവിടെയില്ല. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കില്‍ പുരോഗതി ത്വരിതഗതിയിലാവും. അതിനാണ് പ്രധാനമന്ത്രി ‘ഡബിള്‍ എന്‍ജിന്‍ ഗ്രോത്ത്’ എന്നൊക്കെ പറയുന്നത്.
സ്വല്‍പ്പ നേരം ആലോചിച്ചു അവള്‍ പറഞ്ഞു.
‘കേരളത്തില്‍ കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ കേന്ദ്രത്തിലും കോണ്‍ഗ്രസ്സായിരുന്നില്ലോ. കേരളത്തില്‍ നിന്ന് ഏഴ് കേന്ദ്രമന്ത്രിമാരുണ്ടായിരുന്നല്ലോ എന്നിട്ടെന്തായി? എന്ത് പുരോഗതി ?’
നല്ല ചോദ്യം.
‘ആ സമയം കേന്ദ്രത്തില്‍ അഴിമതിയ്ക്കായിരുന്നു മുന്‍ഗണന. ആ കാരണം കൊണ്ട് തന്നെ അവര്‍ നശിച്ചു നാനാവിധമായി.’
‘ഹ..ഹ… ആ സുന്ദരഭരണം ഇനിയും വരും എന്ന് സ്വപ്‌നം കണ്ടു നടക്കുന്നവര്‍ കേരളത്തില്‍ ധാരാളം ഉണ്ടല്ലോ.’
‘കേരളത്തില്‍ അഴിമതിയ്ക്ക് മാത്രമല്ല ദുര്‍ഭരണത്തിനും പ്രിയം ഏറും. ഇപ്പോഴത്തെ ഭരണത്തിനെ പിന്തുണയ്ക്കാനും ആളുണ്ടല്ലോ. നിര്‍മ്മാണമേഖലയിലും മറ്റും തൊഴില്‍ സുലഭമാണെങ്കിലും തൊഴിലൊക്കെ പുറം പണിക്കാര്‍ക്ക്. ഇവിടെ തൊഴിലാളി ക്ഷാമം രൂക്ഷവും. തൊഴിലിനായി മലയാളി എപ്പോഴും കേരളത്തിന് പുറത്തേയ്ക്ക്. വിചിത്രം തന്നെ. പുറത്ത് നിന്ന് വന്നവര്‍ക്ക് അതിഥി തൊഴിലാളികള്‍ എന്ന് സ്‌നേഹ നാമവും. അവരിപ്പോള്‍ ഫാക്ടറികളില്‍ മാത്രമല്ല, ഹോട്ടലുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, തയ്യല്‍, സൂപ്പര്‍ മാര്‍ക്കറ്റ് ജോലിക്കാര്‍ എന്ന് വേണ്ട നെഹ്റു ട്രോഫി വള്ളം കളിയിലെ തുഴച്ചില്‍ക്കാര്‍ വരെയായി. ഡ്രൈവര്‍മാര്‍, അധ്യാപകര്‍, മറ്റു സര്‍ക്കാര്‍ ജോലിക്കാര്‍ എന്നിവരൊഴിച്ച് ബാക്കി എല്ലാം പൂജാരിമാര്‍ പള്ളിമുക്രിമാര്‍ വരെ ഔട്ട് സോഴ്സ്ഡ് ആയി. ക്രമേണ സര്‍ക്കാര്‍ ജോലിക്കാരും അവരാകും.’
‘നല്ലതാണ്. മലയാളികള്‍ മറുനാടന്‍മാരും മടിയന്മാരും ആവുമ്പോള്‍ ജോലിക്ക് ഇവിടെ ആരെങ്കിലും ഉണ്ടാകുമല്ലോ.’
‘അല്ലെങ്കിലും പുറത്ത് നിന്നുള്ള സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല. ദേവേന്ദ്രന്റെ തേരാളി മാതലിയെ കുറിച്ച് കേട്ടിട്ടില്ലേ?’
‘രാമായണത്തില്‍ വായിച്ചിട്ടുണ്ട്. ദേവേന്ദ്രന്റെ ആജ്ഞപ്രകാരം സ്വര്‍ഗ്ഗ ലോകത്ത് നിന്ന് ഭൂമിയില്‍ ഇറങ്ങി വന്ന…?’
‘അതെ.. രാമന്‍ ആവശ്യപ്പെട്ടിട്ടല്ലെങ്കിലും രാമരാവണ യുദ്ധത്തില്‍ രാമനെ സഹായിക്കാന്‍ ദേവേന്ദ്രന്‍ തന്റെ തേരും തേരാളിയായ മാതലിയെയും നല്‍കി. മാതലി മാരുത വേഗത്തില്‍ തേര് തെളിച്ചു രാവണനെ ഞെട്ടിച്ചു കളഞ്ഞു. രാവണന്‍ തേരില്‍ കയറി മായാവിയായി യുദ്ധം ചെയ്തു വരികയായിരുന്നു. രാമനാകട്ടെ പാവം കാല്‍ നടയായും അത് കണ്ട് ദേവന്മാര്‍ പരിതപിച്ചു അങ്ങനെ തേരും തേരാളിയും ഔട്ട് സോഴ്സ് ചെയ്യപ്പെട്ടു.’
‘ഹ..ഹ.. അല്ലെങ്കിലും രാമാവതാരം തന്നെ രാവണ നിഗ്രഹത്തിനായി ഉണ്ടായതല്ലേ? ഭൂമിയിലെ ദുഷ്ടതയ്ക്ക് അറുതി വരുത്താന്‍ ഇവിടെ ആളില്ലെങ്കില്‍ സ്വര്‍ല്ലോകത്ത് നിന്ന് ആളെത്തും അല്ലെ ?’ അവള്‍ ബുദ്ധിമതിയായി.
‘എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. ഇവിടെയുള്ളവര്‍ തെല്ലെങ്കിലും ശ്രമിക്കണം അപ്പോള്‍ സഹായം താനെ വരും. ദേവേന്ദ്രനും മാതലിയും പുരാണങ്ങളിലും, ബൗദ്ധ ജൈന കഥകളിലുമൊക്കെ ഉണ്ട്. അവര്‍ അവിടെയെല്ലാം അവരുടെ സര്‍വ്വീസ് ഔട്‌സോഴ്‌സ് ചെയ്യുന്നുണ്ട്.’
‘വേറെ ഏതില്‍ ..?’
‘ബൗദ്ധരുടെ ജാതക കഥകളിലൊന്നില്‍..കേള്‍ക്കൂ..
ഒരു രാജ്യത്ത് ഒരു ദുഷ്ടനായ ഭരണാധികാരിയുണ്ടായിരുന്നു. അദ്ദേഹം വലിയ ധിക്കാരിയായിരുന്നു. ആരെയും കൂസില്ല.
തിരുക്കുറലിലെ ഭാഷയില്‍ പറഞ്ഞാല്‍ കടുംചൊല്ലന്‍, വെങ്കോലന്‍…’
‘അതൊക്കെ എന്താ ?’
‘കടുംചൊല്ലന്‍ എന്ന് പറഞ്ഞാല്‍ പരുഷ വാക്കുകള്‍ സംസാരിക്കുന്നവന്‍. ഉദാഹരണത്തിന് പരനാറി, കുലംകുത്തി ഇത്യാദി..
വെങ്കോലന്‍ എന്ന് വെച്ചാല്‍ ക്രൂരന്‍ ..ക്രൂരകൃത്യങ്ങളില്‍ പങ്കെടുത്ത് ജനങ്ങളെ ഉപദ്രവിക്കുന്നവന്‍..’
‘എന്നിട്ട് പറയൂ.. ‘
‘ഈ രാജാവ് ഖജനാവ് മുടിപ്പിച്ച് സുഖലോലുപതയില്‍ മുഴുകും, വിനോദയാത്രകള്‍ നടത്തി ധൂര്‍ത്തടിക്കും, കടമെടുത്ത് പൊങ്ങച്ചം കാട്ടും, നികുതി വര്‍ദ്ധിപ്പിച്ച് ജനത്തിന്റെ നട്ടെല്ലൊടിക്കും. അങ്ങനെ ജനം പൊറുതി മുട്ടി. സ്വര്‍ഗ്ഗ ലോകത്തിലും ഈ ദുഷ്ടതകള്‍ വിഖ്യാതമായി. ദേവന്മാര്‍ അവിടത്തെ ഔട്‌സോഴ്‌സിംഗ് ചീഫായ ദേവേന്ദ്രന്റെ അടുത്ത് കാര്യങ്ങള്‍ ബോധിപ്പിച്ചു..
ദേവേന്ദ്രന്‍ ഒരു നായാടിയുടെ വേഷത്തിലും മാതലി ഒരു വലിയ ഘോര ഭീകരനായ നായയുടെ വേഷത്തിലും ഭൂമിയിലേക്ക് ഇറങ്ങി.
നായാടി നായയുമായി ഓരോ ദിക്കിലും നടന്നു പ്രസ്തുത രാജാവിന്റെ കൊട്ടാരവാതില്‍ക്കല്‍ എത്തി. നായ ഭീകരമായി കുരയ്ക്കാന്‍ തുടങ്ങി. കൂറ്റന്‍ നായയുടെ ഭൗ.. ഭൗ എന്നുള്ള ഭീകര കുര ദിഗന്തങ്ങളെ നടുക്കി. ജനം ഭയന്ന് വിറച്ചു. രാജാവ് ഭയന്ന് ആരുടെ നായയാണ്, എന്തിനാണ് അത് കുരയ്ക്കുന്നത് എന്ന് അന്വേഷിച്ചു. ഒരു നായാടിയും അയാളുടെ നായയും ആണത്. വിശന്നിട്ടാണ് അത് കുരയ്ക്കുന്നത് എന്ന് കേട്ട് രാജാവ് അതിന് നിറയെ ഭക്ഷണം കൊടുക്കാന്‍ പറഞ്ഞു. ഭക്ഷണം കഴിച്ചിട്ടും അതിന്റെ കുര മാറിയില്ല. വിശ്രമിക്കാന്‍ നല്ല സ്ഥലം കൊടുത്തു എന്നിട്ടും കുര മാറിയില്ല. അവസാനം രാജാവ് അതിന്റെ ഉടമസ്ഥനായ നായാടിയെ വിളിച്ചു ചോദിച്ചു. നായാടി കൂസാതെ പറഞ്ഞു ‘അധര്‍മ്മികളും ജനങ്ങളെ ഉപദ്രവിക്കുന്നതുമായ രാജാക്കളുള്ള രാജ്യത്തില്‍ ചെന്നാല്‍ അതിങ്ങനെയാണ്.. അത് കേട്ടതും രാജാവിന്റെ ഭയം വര്‍ദ്ധിച്ചു. രാത്രിയില്‍ ഉറക്കമില്ലാതെയായി.. താമസിയാതെ അദ്ദേഹത്തിന്റെ സ്വഭാവം മാറിയിരിക്കാം.. പക്ഷെ ആ കുര ഇപ്പോഴും ഇവിടെ കേരളത്തില്‍ വരെ കേള്‍ക്കാം… ഇല്ലേ?’
‘ആളെ പേടിപ്പിക്കാതിരിക്കൂ.. രാത്രി വല്ല കുര കേട്ടാല്‍ ഇനി അത് മാതലി ആണെന്ന് തോന്നും’ എന്ന് പറഞ്ഞു അവള്‍ ചിരിച്ചുകൊണ്ട് അടുക്കളയിലേയ്ക്ക് കേറിപ്പോയി.
ഞാന്‍ ചിന്തയില്‍ ആമഗ്‌നനായി.
കണ്‍ഫ്യൂഷ്യസിനോട് ഒരിക്കല്‍ ഒരു ശിഷ്യന്‍ ചോദിച്ചു.
‘ഒരു നല്ല ഭരണകൂടത്തിന്റെ ഒഴിച്ചു കൂടാത്ത ഘടകങ്ങള്‍ എന്തൊക്കെയാണ് ?’
‘ഭക്ഷണം, ആയുധം, ഭരണത്തിലുള്ള ജനതയുടെ വിശ്വാസം.’
‘ഈ മൂന്നില്‍ ഒന്ന് ഉപേക്ഷിക്കാന്‍ പറഞ്ഞാല്‍ ഏതാവും താങ്കള്‍ ഉപേക്ഷിക്കുക ?’
‘ആയുധങ്ങള്‍’
‘ബാക്കി ഉള്ളവയില്‍ ഒന്ന് കൂടി ഉപേക്ഷിക്കേണ്ടി വന്നാല്‍?’
‘ഭക്ഷണം’
‘ഭക്ഷണമില്ലാതിരുന്നാല്‍ ആളുകള്‍ മരിച്ചുപോവില്ലേ ?’
‘മരണം സര്‍വ്വ സാധാരണമല്ലേ? കാലാകാലങ്ങളായി എത്ര പേരെ അത് പിടികൂടി.. എന്നാല്‍ ജനങ്ങള്‍ക്ക് ഭരണത്തില്‍ വിശ്വാസമില്ലാതിരുന്നാല്‍ ഭരണകൂടം മാത്രമല്ല രാജ്യം തന്നെ നശിക്കും.’
ഭാരതീയര്‍ക്കും ലോകരാഷ്ട്രങ്ങള്‍ക്കും ഭാരതത്തോടുള്ള വിശ്വാസ്യതയും മലയാളികള്‍ക്ക് കേരളത്തിലെ ഭരണത്തോടുള്ള അപ്രതിപത്തിയും…ഓര്‍ത്ത് ഞാന്‍ ചിന്താകുലനായി.