പാവപ്പെട്ടവന്റെയും പട്ടിണിക്കാരന്റെയും ആളാണെന്നു നെഞ്ച് വിരിച്ച് പറയുന്ന കമ്മ്യൂണിസ്റ്റ് സഖാവ് കേരള മുഖ്യന്‍ വിജയന്‍ സഖാവിന്റെ മാതൃക സ്വീകരിക്കാന്‍ പല ഭരണാധികാരിമാരും മത്സരിക്കുന്നു എന്നാണ് ഇടതുപക്ഷ വ്യാഖ്യാനം. ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഉദാഹരണം തന്നെ നമ്മുടെ മുമ്പിലുണ്ട്. കോടികള്‍ മുടക്കി ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാനും അവിടെ കാലിത്തൊഴുത്തു പണിയാനും ഒന്നാം നിലയില്‍ കയറാന്‍ ലിഫ്റ്റ് വെക്കാനുമൊക്കെ വിജയന്‍ സഖാവ് കാണിച്ച മാതൃക കെജ്‌രിവാളിന് നല്‍കിയ പ്രേരണ ചില്ലറയല്ല. അത്രയ്‌ക്കൊന്നുമില്ലെങ്കിലും കുറച്ചു കോടികള്‍ മുടക്കി മുഖ്യമന്ത്രിയുടെ വീട് നവീകരിക്കാന്‍ കെജ്‌രിവാളും തയ്യാറായി. 45 കോടി ചെലവാക്കിയത് പുതിയ വീടു പണിയാനല്ല, തടിയിലുള്ള ഇന്റീരിയര്‍ പണി ചെയ്യാനും അത്യാഢംബര കര്‍ട്ടണ്‍ സ്ഥാപിക്കാനും വിയറ്റ്‌നാമില്‍ നിന്നുള്ള മാര്‍ബിള്‍ പതിക്കാനുമാണ്.
ജനപ്രതിനിധികളായി അധികാരത്തിലേറുന്നവര്‍ ജനങ്ങളുടെ നികുതിപ്പണം സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി ധൂര്‍ത്തടിക്കരുത് എന്ന് ഉപദേശിച്ചയാളാണ് കെജ്‌രിവാള്‍. ഒരു മുഖ്യമന്ത്രിക്ക് നാലോ അഞ്ചോ മുറിയുള്ള ഒരു വീടുമതി എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. മാതൃകാജീവിതം നയിക്കുന്ന ഈ നേതാവ് മുഖ്യമന്ത്രിയായാല്‍ ഒരേക്കര്‍ വിസ്തൃതിയില്‍ വിപുലമായ സൗകര്യമുള്ള ദല്‍ഹി മുഖ്യമന്ത്രിയുടെ ഭവനം കയ്യൊഴിഞ്ഞ് ലളിത ജീവിതത്തിന് പറ്റിയ ചെറിയ വീടു തിരഞ്ഞെടുക്കും എന്നാണ് ആം ആദ്മിക്കാര്‍ കരുതിയത്. അതുണ്ടായില്ല എന്നു മാത്രമല്ല ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് 45 കോടി ചെലവഴിച്ച് വീടിന്റെ ആഢംബര സൗകര്യം കൂട്ടുകയാണ് അദ്ദേഹം. മുഖ്യന്റെ വീടിന് പഴക്കമുണ്ടെന്നും സീലിങ്ങ് പൊളിഞ്ഞുവീഴുന്നു എന്നുമാണ് ആം ആദ്മി പാര്‍ട്ടി വക്താവിന്റെ ന്യായീകരണം. ആഢംബര കര്‍ട്ടണ്‍, വിയറ്റ്‌നാം മാര്‍ബിള്‍ എല്ലാം കൊണ്ട് സീലിങ്ങ് പുതുക്കാന്‍ കഴിയും എന്നത് പുതിയ അറിവാണ്. ദല്‍ഹി മുഖ്യന്റെ അഴിമതി വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അക്കാര്യത്തിലും മാതൃക വിജയന്‍ സഖാവ് തന്നെയായിരിക്കും.