ഭോപ്പാല്‍: ഭാരതവിഭജനം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അതുകൊണ്ട് തന്നെ ആ തെറ്റ് തിരുത്തണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വീരബലിദാനി ഹേമു കലാനിയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനം അബദ്ധമാണെന്ന് പാകിസ്ഥാനിലെ ജനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാരതത്തില്‍ നിന്ന് വേര്‍പിരിഞ്ഞവര്‍ ഇന്ന് സങ്കടത്തിലാണ്. അതുകൊണ്ടുതന്നെ ആ തെറ്റ് തിരുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതമാതാവിനെ ഉപാസനാദേവതയാക്കിയ മാര്‍ക്കണ്‌ഡേയനാണ് ഹേമു കലാനി. സഹപ്രവര്‍ത്തകരെ ചൂണ്ടിക്കാട്ടിയാല്‍ ജീവന്‍ വിട്ടുതരാമെന്ന വിദേശ ഭരണാധികാരികളുടെ ഭീഷണിയെ അചഞ്ചലത കൊണ്ടാണ് ആ പത്തൊമ്പതുകാരന്‍ നേരിട്ടത്. സിന്ധ് ദേശവും സിന്ധി സമാജവും ഭാരത സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏറെ ധീരന്മാരെ സംഭാവന ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ഭരണ സംവിധാനത്തിന്റെ ദിശയും ആശയവും ജനതയുടെ സ്വഭാവവും സംസ്‌കാരവുമായി പൊരുത്തപ്പെടണം. ആ ആഗ്രഹപൂര്‍ത്തീകരണത്തിനാണ് ഹേമു കലാനി ജീവന്‍ ബലിയര്‍പ്പിച്ചത്. ഹേമുവിന്റെ ആദര്‍ശമാണ് സിന്ധി സമാജം പിന്തുടര്‍ന്നത്. പ്രാചീനകാലം മുതല്‍ സനാതന സംസ്‌കാരത്തിന്റെ സ്വാധീനം ലോകമെമ്പാടും ഉണ്ടായിരുന്നു. ഭാരതീയ സംസ്‌കൃതിയുടെ ത്യാഗമൂല്യങ്ങളുള്ള ജീവിതമാണ് ലോകത്തെ മുന്നോട്ട് നയിച്ചത്. മഹാഭാരതത്തിലും രാമായണത്തിലും സിന്ധിനെക്കുറിച്ചും സിന്ധു നദിയെക്കുറിച്ചും പരാമര്‍ശമുണ്ട്. ആ സിന്ധുവിനെ ഭാരതത്തിന് മറക്കാനാകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പരിപാടിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പങ്കെടുത്തു.