മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ച് നായര്‍ സമൂഹത്തെ ഒന്നടങ്കം അപമാനിച്ച മാതൃഭൂമി ദിനപത്രം വീണ്ടും ഹിന്ദുവിരോധവുമായി രംഗത്തു വന്നിരിക്കുകയാണ്. ഐതിഹ്യപെരുമയുള്ള പെരുന്തച്ചനെ ക്രിസ്ത്യാനിയായി അവതരിപ്പിച്ചുകൊണ്ടാണ് മാതൃഭൂമിയുടെ രണ്ടാം വരവ്. സപ്തംബര്‍ 15 ലെ വാരാന്ത്യപതിപ്പില്‍ ആലങ്കോട് ലീലാകൃഷ്ണന്റേതായി വന്ന, ‘ഇവര്‍ പുഴപോലെ ഒഴുകി മറഞ്ഞവര്‍’ എന്ന ലേഖനത്തിലാണ് അടിസ്ഥാനരഹിതവും വിവാദപരവുമായ പരാമര്‍ശം. വ്യാജചരിത്രം നിര്‍മ്മിച്ച് വിശ്വകര്‍മ്മജരെയും, ഹിന്ദുസമൂഹത്തെ ഒന്നാകെയും അവഹേളിക്കുന്ന മാതൃഭൂമിയുടെയും, ആലങ്കോട് ലീലാകൃഷ്ണന്റേയും ശ്രമങ്ങള്‍ ഹൈന്ദവസമൂഹം കണ്‍തുറന്ന് കാണേണ്ടതാണ്. ഇതിനായി പന്തിരുകുലചരിത്രവും പാരമ്പര്യവും, പെരുന്തച്ചന്റെ മഹിമയും, വൈഭവവും നാം മനസ്സിലാക്കണം. മതശക്തികള്‍ ആഗോളാടിസ്ഥാനത്തില്‍ നടത്തിവരുന്ന ആസൂത്രിത മതവത്ക്കരണ ശ്രമങ്ങളും, കാര്യപദ്ധതികളും നാം അറിയണം. ഇതിനുള്ള ശ്രമമാണ് ഈ ലേഖനത്തിലൂടെ നടത്തുന്നത്. പാടിപ്പതിഞ്ഞ പന്തിരുകുലത്തിന്റെ ഐതിഹ്യം ഈ അര്‍ത്ഥത്തിലാണ് നാം കാണേണ്ടതും വിലയിരുത്തേണ്ടതും.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെ പ്രചുരപ്രചാരം നേടിയ പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ മുതിര്‍ന്ന തലമുറയ്ക്ക് പാടിപ്പഴകിയ പാട്ടുപോലെ സുപരിചിതമാണ്. ഐതിഹ്യമായതുകൊണ്ട് അത് വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. ഐതിഹ്യങ്ങള്‍ സമൂഹമനസ്സിന്റെ ഓര്‍മ്മകളില്‍ ജ്വലിച്ചുനില്‍ക്കുന്നവയാണ്.
മലയാണ്മയെ മഹത്വവത്ക്കരിച്ചതില്‍ പന്തിരുകുല കഥയ്ക്ക് തിളക്കമാര്‍ന്ന സ്ഥാനമാണുള്ളത്. വിവിധ ജാതിഗോത്രങ്ങളില്‍ പിറന്നവരെല്ലാം ഒരേ തത്വത്തിന്റെ വികാസപരിണാമങ്ങളാണെന്ന് ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്ന ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലം.
വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങളില്‍ ഒരാളും, പണ്ഡിതശ്രേഷ്ഠനുമായിരുന്നു വരരുചി എന്ന ബ്രാഹ്മണന്‍. അദ്ദേഹം പഞ്ചമി എന്ന പറയകുലത്തില്‍പ്പെട്ട സ്ത്രീയെ വിവാഹം ചെയ്തു. വിവാഹശേഷമാണ് പത്‌നി പറയകുലത്തില്‍പ്പെട്ടവളാണെന്ന് വരരുചി അറിഞ്ഞത്. വിധി എന്നൊന്നില്ല, ഞാന്‍ അതിനെ ജയിക്കും എന്ന് പ്രഖ്യാപിച്ച വരരുചിക്ക് വിധിക്ക് കീഴടങ്ങേണ്ടിവന്നു. ഇത് ഈശ്വരേച്ഛയാണെന്ന് വിശ്വസിച്ച് അവരിരുവരും ദേശയാത്രയ്ക്ക് പുറപ്പെടുന്നു. യാത്രാമദ്ധ്യേ പത്‌നി പ്രസവിക്കുന്നു. കുട്ടിയെ ജനിച്ച സ്ഥലത്ത് ഉപേക്ഷിച്ച് വീണ്ടും യാത്ര തുടരുന്നു. ഓരോ കുട്ടിെയ പ്രസവിക്കുമ്പോഴും വരരുചി കുട്ടിക്ക് വായുണ്ടോ എന്ന് പഞ്ചമിയോട് വിളിച്ചു ചോദിക്കും. വായുണ്ട് എന്ന് പഞ്ചമി പറഞ്ഞാല്‍ ”വായ കൊടുത്ത ഈശ്വരന്‍ ഇരയും കൊടുക്കും” എന്ന് പറഞ്ഞ് കുട്ടിയെ ഉപേക്ഷിച്ച് യാത്ര തുടരും. ഇതായിരുന്നു പതിവ്. പതിനൊന്ന് കുട്ടികളെയും വഴിയിലുപേക്ഷിച്ച് 12-ാമത്തെ കുട്ടിക്ക് വായ്യിലാത്തതിനാല്‍ കൂടെ കൂട്ടാന്‍ തയ്യാറായി. 12-ാമത്തെ മകന്‍ വായില്ലാ കുന്നിലപ്പന്‍ എന്ന ഈശ്വര അവതാരമായി പ്രതിഷ്ഠിക്കപ്പെട്ടു.
ആദ്യത്തെ പതിനൊന്ന് കുട്ടികളെയും വിവിധ ജാതിയില്‍പ്പെട്ടവര്‍ കുലാചാരങ്ങള്‍ അനുഷ്ഠിച്ച് വളര്‍ത്തുന്നു. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍, വെളുത്തേടന്‍, ആശാരി, പാണന്‍ തുടങ്ങി നാനാജാതികളില്‍പ്പെടുന്നവര്‍ അന്നത്തെ സാമൂഹ്യസാഹചര്യത്തില്‍ കുട്ടികളെ വളര്‍ത്താന്‍ തയ്യാറായി എന്നത് ശ്രേഷ്ഠമായ ഒരു കാര്യമാണ്. പതിനൊന്ന് കൈകളില്‍, പതിനൊന്ന് സ്ഥലങ്ങളിലായിട്ടാണ് വളര്‍ന്നതെങ്കിലും ശൈശവം പിന്നിട്ടപ്പോള്‍ പതിനൊന്ന് പേരും, തങ്ങള്‍ ഒരേ അച്ഛന്റേയും അമ്മയുടേയും മക്കളാണെന്ന് മനസ്സിലാക്കി പരസ്പരം സ്‌നേഹത്തോടെ വര്‍ത്തിക്കാന്‍ തുടങ്ങി. മാതാപിതാക്കളുടെ മരണശേഷം അച്ഛന്റെ ശ്രാദ്ധ ദിവസം ഒരുമിച്ച് വന്ന് ശ്രാദ്ധമൂട്ടുകയും ചെയ്തു വന്നു. ഇതാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ സംഗ്രഹിച്ച ഐതിഹ്യകഥ. അഗ്നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, വള്ളോന്‍, നാറാണത്ത് ഭ്രാന്തന്‍, ഉപ്പുകുറ്റന്‍, വടുതലനായര്‍, പാണനാര്‍, പാക്കനാര്‍, അകവൂര്‍ ചാത്തന്‍, കാരയ്ക്കലമ്മ, വായില്ലാ കുന്നിലപ്പന്‍ എന്നീ പന്ത്രണ്ടുപേരില്‍ വരരുചി പഞ്ചമി ദമ്പതികള്‍ക്ക് മൂന്നാമനായി ജനിച്ച പുത്രനാണ് ഉളിയന്നൂര്‍ തച്ചന്‍ എന്ന പെരുന്തച്ചന്‍. പന്തിരുകുലത്തിലെ മറ്റുള്ളവരെപ്പോലെ ഒരു ദിവ്യനായിരുന്നു പെരുന്തച്ചനും.
ദേശാടനകാലത്ത് തൃത്താലയിലെ വഴിയമ്പലത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു വരരുചിയും പഞ്ചമിയും. വിശ്വകര്‍മ്മ കുലത്തില്‍പ്പെട്ട മൂത്താശ്ശാരിയുടെ അയല്‍വാസിയായ വേലു ആശാനാണ് കുട്ടിയെ കണ്ടത്. മൂത്താശാരിക്ക് മക്കള്‍ ഇല്ലാതിരുന്നതിനാല്‍ വേലു ആശാന്‍ കുട്ടിയെ വളര്‍ത്താനായി നല്‍കി. ആ കുട്ടി മൂത്താശാരിയില്‍നിന്ന് തച്ചുശാസ്ത്രവും മറ്റ് ശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കി, ലോകം മുഴുവന്‍ അറിയപ്പെടുന്ന പെരുന്തച്ചനായി. ഭരണാധികാരിയുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണ് പെരുന്തച്ചന്‍ തൃത്താലയില്‍ നിന്ന് ആലുവായ്ക്കടുത്തുള്ള ഉളിയന്നൂരിലേക്ക് മാറിത്താമസിച്ചത്.
ആലുവായില്‍ പെരിയാറിന്റെ തീരപ്രദേശത്തുള്ള ഒരു തുരുത്താണ് ഉളിയന്നൂര്‍ ഗ്രാമം. അവിടെ പെരുന്തച്ചന്റെ പിന്‍ഗാമികളായി ആറു തച്ചന്‍ കുടുംബക്കാര്‍ ഇന്നും താമസിക്കുന്നു. കുടുംബത്തിലെ മൂത്തയാളെ പെരുന്തച്ചനെന്നപേരിലാണ് അറിയപ്പെടുന്നത്. തറവാട്ടുകാരണവരും, കുലാചാര്യനുമായ പെരുന്തച്ചനെ വേണ്ട വിധത്തില്‍ ആചരിക്കാത്തതിന്റെ പേരില്‍ ഈ തച്ചന്‍ കുടുംബക്കാര്‍ ഏറെ ദുരിതമനുഭവിക്കേണ്ടിവന്നു. ദുരിത പരിഹാരാര്‍ത്ഥം പെരുന്തച്ചന് ക്ഷേത്രം പണിയണമെന്നാണ് പ്രശ്‌നവിചാരത്തില്‍ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രനിര്‍മ്മതി ഉളിയന്നൂരില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഉളിയന്നൂര്‍ ഗ്രാമത്തിന്റെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന ഉളിയന്നൂര്‍ മഹാദേവക്ഷേത്രം പെരുന്തച്ചന്റെ ശില്പവൈദഗ്ധ്യത്തിന്റെ മകുടോദാഹരണമായി ഇന്നും പ്രശോഭിക്കുന്നു. അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ക്ഷേത്രത്തിന്റെ ഭീമാകാരമായ വട്ടശ്രീകോവില്‍ ഏറെ അകലെനിന്ന് നോക്കിയാല്‍ പോലും കാണാവുന്നതാണ്. ശ്രീകോവിലില്‍നിന്ന് സോപാനത്തിലേക്ക് ഇറങ്ങുമ്പോള്‍ തല ഉയരത്തില്‍ മുട്ടും എന്ന് തോന്നും. എന്നാല്‍ സംശയിച്ച് തലകുനിച്ചാല്‍ മുട്ടിയത് തന്നെ. സംശയിക്കാതെ ഇറങ്ങിയാല്‍ പ്രശ്‌നമില്ല. ഭഗവാന്റെ അടുത്തേക്ക് വരാന്‍ ശങ്കവേണ്ട എന്നാണ് പെരുന്തച്ചന്‍ ഇതിലൂടെ വ്യക്തമാക്കിയത്.
ആലുവയ്ക്കും എറണാകുളത്തിനും ഇടയ്ക്കുള്ള പുളിമൂട്ടിലില്‍ ക്ഷേത്രത്തിന്റെ ആവശ്യത്തിലേക്കായി കുളം കുത്താന്‍ പെരുന്തച്ചനെ നിയോഗിച്ചു. എന്നാല്‍ കുളം വട്ടത്തില്‍ വേണം, ചതുരത്തില്‍ വേണം, ത്രികോണാകൃതിയില്‍ വേണം എന്നെല്ലാം പറഞ്ഞ് ഊരാളര്‍ തമ്മില്‍ തര്‍ക്കമായി. ഇത് കേട്ട് നിന്ന പെരുന്തച്ചന്‍ നിങ്ങള്‍ എല്ലാരുടേയും ആഗ്രഹപ്രകാരം കുളം നിര്‍മ്മിക്കാം എന്ന് പറഞ്ഞ് നിര്‍മ്മാണം ആരംഭിച്ചു. കുളം പൂര്‍ത്തിയായപ്പോള്‍ ഓരോ ദിക്കില്‍നിന്ന് നോക്കിയാല്‍ കുളം ഓരോ രീതിയില്‍ കാണപ്പെട്ടു. കുളത്തിലിറങ്ങിയാല്‍ ദിക്കേതെന്ന് അറിയാനും കഴിയില്ല. അതു കാരണം കുളത്തിലിറങ്ങി ബ്രാഹ്മണര്‍ക്ക് സന്ധ്യാവന്ദനങ്ങള്‍ ചെയ്യാന്‍ കഴിയാതെയായി. ഈ പ്രസിദ്ധമായ കുളം ഇന്ന് മിക്കവാറും മണ്ണ് മൂടിക്കിടക്കുകയാണ്.
ചേന്നമംഗലത്ത് നിന്നും, പറവൂരിലെ പ്രാചീന ക്ഷേത്രത്തിലേക്ക് (ഇന്ന് പള്ളിയാണ്) ആറിനടിയില്‍ക്കൂടി ഒരു തുരങ്കവും, ഉളിയന്നൂര്‍ ഗ്രാമത്തെ ചാലക്കുടിപ്പുഴയുടെ വടക്കേക്കരയുമായി ബന്ധിപ്പിക്കുന്ന പാലവും പെരുന്തച്ചന്‍ നിര്‍മ്മിച്ചതായി പറയുന്നു. ആറ്റിനടിയിലൂടെയുള്ള ഈ തുരങ്കം ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്നതിനുള്ള സങ്കേതമായി പറവൂര്‍ തമ്പുരാക്കന്മാര്‍ ഉപയോഗിച്ചിരുന്നു. അറപ്പുവാള്‍ ഉപയോഗിച്ച് മരമറുക്കുന്ന വിദ്യ ആദ്യമായി പ്രയോഗിക്കുന്നത് പെരുന്തച്ചനാണെന്നു പറയപ്പെടുന്നു.
ഒരു ദിവസം ജ്യേഷ്ഠനായ അഗ്നിഹോത്രിയെ കാണാന്‍ അതിരാവിലെ പെരുന്തച്ചന്‍ ഇല്ലത്തെത്തി. അന്വേഷിച്ചപ്പോള്‍ അദ്ദേഹം സഹസ്രാവര്‍ത്തി കഴിക്കുകയാണെന്ന് അറിവ് കിട്ടി. ഇത് കേട്ട് അദ്ദേഹം മുറ്റത്ത് ഒരു കുഴി കുഴിച്ചു. അതിന് ശേഷം അന്വേഷിച്ചപ്പോള്‍ അദ്ദേഹം ആദിത്യനമസ്‌കാരം ചെയ്യുകയാണെന്ന് പറഞ്ഞു. അപ്പോള്‍ വീണ്ടും ഒരു കുഴി കുഴിച്ചു. ഇങ്ങനെ ഓരോ പൂജയും അഗ്നിഹോത്രി ചെയ്യുമ്പോള്‍, പെരുന്തച്ചന്‍ ഓരോ കുഴി കുഴിച്ചു. ഉച്ചയോടെ പൂജകള്‍ പൂര്‍ത്തീകരിച്ച് അഗ്നഹോത്രി പുറത്തെത്തിയപ്പോള്‍, വന്നിട്ട് ഒരുപാട് നേരമായോ, മുഷിഞ്ഞ് കാണുമല്ലേ എന്ന് അദ്ദേഹം അന്വേഷിച്ചു. മറുപടിയായി പെരുന്തച്ചന്‍ പറഞ്ഞു. എനിക്ക് വേണ്ടത്ര പണിയുണ്ടായിരുന്നത് കൊണ്ട് മുഷിഞ്ഞില്ല എന്നും അങ്ങ് ഓരോ പൂജ ചെയ്യുമ്പോഴും ഞാന്‍ ഓരോ കുഴി കുഴിച്ചു, ഒന്നിലും വെള്ളം കണ്ടില്ല. അനേകം കുഴികള്‍ക്ക് പകരം ഒരു കുഴിയായിരുന്നെങ്കില്‍ വെള്ളം കാണുമായിരുന്നു എന്നും പറഞ്ഞു. പല ഈശ്വരന്മാരെ ആരാധിക്കുന്നതിന് പകരം ഒരീശ്വരനെ പൂജിച്ചാല്‍ ഫലമുണ്ടാകുമെന്ന വസ്തുതയാണ് പെരുന്തച്ചന്‍ കാണിച്ചുതന്നതെന്ന് അഗ്നിഹോത്രിക്ക് മനസ്സിലായി. ഓരോ കുഴിയും നിത്യവും കുഴിക്കുകയാണെങ്കില്‍ വെള്ളം കാണുമെന്നും, ഇതിലെല്ലാം അടിയൊഴുക്കുകള്‍ ഒന്നുതന്നെയായിരിക്കുമെന്നും അഗ്നിഹോത്രി മറുപടി പറഞ്ഞു.
പെരുന്തച്ചന് തന്നെക്കാള്‍ യോഗ്യനായ മകനുണ്ടായിരുന്നു. പെരുന്തച്ചൻ മകന്റെ കഴിവില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് മകന് കിട്ടുന്ന പ്രാധാന്യത്തില്‍ അസൂയ ഉണ്ടായെന്നും, മകന്‍ ജീവിച്ചിരുന്നാല്‍ തന്റെ പേരിന് മങ്ങലേല്‍ക്കുമെന്നും പെരുന്തച്ചന്‍ ചിന്തിച്ചു എന്നും പറയുന്നു. അങ്ങനെയിരിക്കെ ക്ഷേത്രത്തിന്റെ പണി നടന്നുകൊണ്ടിരിക്കെ പെരുന്തച്ചന്‍ മുകളിലും, മകന്‍ താഴെയിരുന്നുമാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ഈ അവസരത്തില്‍ കയ്യില്‍നിന്ന് വീതുളി മകന്റെ കഴുത്തിലേക്കിട്ട് മകനെ കൊലപ്പെടുത്തിയെന്നും, അതല്ല കൈയ്യബദ്ധത്തില്‍ ഉളി വഴുതി വീണ് മകന്‍ മരണപ്പെട്ടതാണെന്നും പറയുന്നു. ഈ സംഭവത്തോടെ പെരുന്തച്ചന്‍ വളരെ മനോവിഷമത്തിലാണ് കഴിഞ്ഞുവന്നിരുന്നത്. ഭാര്യ ജാനുവിന്റെയും, സഹോദരങ്ങളുടെയും സാന്ത്വനങ്ങള്‍ ഫലം കണ്ടില്ല.
തൃത്താലയ്ക്ക് എട്ട് കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന പന്നിയൂര്‍ അമ്പലത്തിന്റെ പണി നടന്ന് കൊണ്ടിരിക്കുന്ന അവസരത്തില്‍ ഒരു ഭാഗത്തെ പണി പൂര്‍ത്തിയാകുമ്പോള്‍ മറുഭാഗം ഇടിഞ്ഞുവീഴും, ഇതുമൂലം പണി മുഴുമിപ്പിക്കാന്‍ സാധിച്ചില്ല. ”പന്നിയൂര്‍ അമ്പലം പണി മുടിയില്ല” എന്ന് പറഞ്ഞ് ഉളിയും മുഴക്കോലും ചുമരില്‍ തിരുകി വെച്ച് പെരുന്തച്ചന്‍ കുലത്തൊഴിലിനോട് വിട പറഞ്ഞു. ഇന്നും ആശാരിമാരുടെ മുഴക്കോലിന്റെ അളവ് ശേഖരിക്കുന്നത് പെരുന്തച്ചന്റെ മുഴക്കോലിന്റെ അളവിലാണെന്നാണ് പറയുന്നത്.
ഐതിഹ്യവും നാട്ടറിവുകളും കേട്ടറിവുകളും ഇതായിരിക്കെ കേരളത്തിലെ പ്രധാന ദിനപത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ പെരുന്തച്ചനെയും, പന്തിരുകുലചരിത്രത്തെയും അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ്. ഇതിനായി കേസരി ബാലകൃഷ്ണപിള്ള രേഖപ്പെടുത്തിയ അടിസ്ഥാനമില്ലാത്ത ചില കണ്ടെത്തലുകളെ കടമെടുക്കുകയും ചെയ്യുന്നു. പെരുന്തച്ചനും ഉപ്പുകൂറ്റനും ക്രിസ്ത്യാനികളും, വള്ളോന്‍ ബുദ്ധമതക്കാരനും, കാരക്കല്‍മാത ജൈനമതക്കാരിയും ആണെന്ന കണ്ടെത്തലാണ് ആലങ്കോട് ലീലാകൃഷ്ണന്‍ ലേഖനത്തിലൂടെ പ്രഖ്യാപിച്ചത്. ചരിത്രത്തിന്റെ അടിവേരുകള്‍ എന്ന ഗ്രന്ഥത്തിലെ വരികള്‍ കടമെടുത്ത ആലങ്കോട് ലീലാകൃഷ്ണന്‍ അതേ പുസ്തകം അവതാരിക പുറം 12 ല്‍ പ്രശസ്ത സാഹിത്യ നിരൂപകന്‍ പ്രൊഫസര്‍ എസ്. ഗുപ്തന്‍ നായര്‍ സാറിന്റെ നിരീക്ഷണത്തെ മുഖവിലയ്‌ക്കെടുത്തില്ല എന്നത് അംഗീകരിക്കാന്‍ കഴിയുമോ?
എസ്. ഗുപ്തന്‍ നായര്‍ നിരീക്ഷിക്കുന്നു. ”വരരുചിയും, കുമാരിലഭട്ടനും, സുകുമാര കവിയും ഒരാളാണെന്നും, ഉളിയന്നൂര്‍ തച്ചനാണ് കാനായി തൊമ്മനെന്നും കേസരി ബാലകൃഷ്ണപിള്ള പറയുമ്പോള്‍ ചരിത്രം കാടുകയറുകയാണെന്ന് പറയാതെ തരമില്ല. കേരളത്തിലെ മഹാക്ഷേത്രങ്ങള്‍ പണിയാന്‍ തച്ചുശാസ്ത്രത്തിന്റെ കൊടുമുടി കയറിയ മഹാശില്പികളുടെ നാട്ടിലെങ്ങും മൂത്താശാരിമാര്‍ ഇല്ലായിരുന്നുവെന്നും എങ്ങാണ്ട് നിന്ന് ഒരു കാനായി തൊമ്മന്‍ വരേണ്ടി വന്നുവെന്നും സര്‍വ്വസമുദായ മൈത്രിക്ക് വേണ്ടി പറയുന്നതില്‍ വലിയ വൈരുദ്ധ്യമുണ്ട്.” ഇത് വളരെ ബോധപൂര്‍വ്വം ഹിന്ദുക്കളില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ്. ആലങ്കോട് ലീലാകൃഷ്ണന്റെ ഇടുങ്ങിയ സാമൂഹ്യബോധവും, രാഷ്ട്രീയ ചിന്തകളുമാണ് ഇത്തരത്തിലുള്ള ഒരു രചനയ്ക്ക് കാരണമായിട്ടുള്ളത്.
പന്തിരുകുലചരിത്രത്തില്‍ ഒരിടത്തുപോലും പരാമര്‍ശിച്ചിട്ടില്ലാത്ത കാര്യം ഉണ്ടെന്ന് വരുത്തി ഹൈന്ദവസമൂഹത്തെയും, പെരുന്തച്ചനെ കുലാചാര്യനായി കാണുന്ന വിശ്വകര്‍മ്മ സമൂഹത്തെയും അപമാനിക്കുകയാണ്. മാതൃഭൂമി ഇതിന് കൂട്ടുനില്‍ക്കുന്നത് കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല.
ഈ ഐതിഹ്യത്തിന്റെ പുറംതോട് പൊളിച്ച് അകത്ത് കടന്നാല്‍ കിട്ടുന്ന കാതലെന്താണ്? പറയന്‍ തൊട്ട് നമ്പൂതിരിവരെയുള്ള ജാതികളെല്ലാം ഒരേ അച്ഛനമ്മമാരുടെ മക്കളാണ്, അവരുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരേ ഈശ്വരചൈതന്യവുമാണെന്നാണ്. ഈ ഐതിഹ്യത്തിന്റെ പിന്നില്‍ ചിരിത്രാംശമുണ്ടോ എന്ന് പരിശോധിക്കേണ്ടത് അതിന് യോഗ്യതയുള്ളവരാണ്. സാഹിത്യവിമര്‍ശകര്‍ എന്ന് പട്ടം ചാര്‍ത്തി കിട്ടിയവര്‍ പലരും അവരുടെ സങ്കല്പങ്ങളേയും ചിന്തകളേയും ചില ഉദ്ദേശ്യത്തോടുകൂടി പ്രയോഗിക്കുകയാണ്. അവര്‍ അതിനായി തരംതാണ പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നു. ഇത്തരത്തില്‍ പന്തിരുകുല കഥയിലെ കഥാപാത്രങ്ങളെ അവര്‍ ക്രിസ്ത്യാനിയും, മുസ്ലീമും, ബൗദ്ധനും, ജൈനനും ആക്കി തീര്‍ക്കുന്നു. മഹത്തായ വീക്ഷണത്തെ വികലമാക്കി തീര്‍ക്കുവാനുള്ള ചില ശ്രമങ്ങള്‍ക്ക് മാധ്യമങ്ങളും ബുദ്ധിജീവികളും, കപട സാസ്‌കാരികനായകരും കൂട്ടുനില്‍ക്കുന്നു. പന്തിരുകുലങ്ങളിലെ പന്ത്രണ്ട് മക്കളുടെയും വേരുകള്‍ ഏതാണ്, തലമുറയില്‍ പെട്ടവര്‍ ആരാണ് എന്നീ വിവരങ്ങള്‍ സ്ഥലപ്പേരുകള്‍ അടക്കം ഇന്ന് ലഭ്യമാണ്. അവയുടെ അടിസ്ഥാനത്തില്‍ ഒരു ഗവേഷണം നടത്തുന്നത് നന്നായിരിക്കും. ഇത്രയേറെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു ഐതിഹ്യത്തിന് അടിസ്ഥാനമായി ഒരു ചരിത്രവുമില്ലെന്ന് കരുതുന്നത് യുക്തിശൂന്യമായിരിക്കും. ഈ ഐതിഹ്യത്തില്‍ പറയുന്ന 12 പണ്ഡിതശ്രേഷ്ഠന്മാരില്‍ 8 പേര്‍ എ.ഡി 592 മുതല്‍ 667 വരെ ജീവിച്ചിരുന്ന നാല്‍പ്പത്തിരണ്ടാം ചേരമാന്‍ പെരുമാളായ കുലശേഖരന്‍ ഒന്നാമന്റെ സാഹിത്യസദസ്സിലെ അംഗങ്ങളായിരുന്നു എന്ന് കേരള ഹിസ്റ്ററി ഓണ്‍ മാര്‍ച്ച് എന്ന ഗ്രന്ഥത്തില്‍ കാണുന്നു.
ചില യാഥാസ്ഥിതിക വാദികള്‍ പെരുന്തച്ചന്‍ വിശ്വകര്‍മ്മജനല്ല എന്ന വാദം ഉയര്‍ത്തി ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പെരുന്തച്ചന്‍ ജന്മം കൊണ്ട് വിശ്വകര്‍മ്മജനാണ് എന്ന് ആരും പറഞ്ഞിട്ടില്ല. കര്‍മ്മം കൊണ്ട് വിശ്വകര്‍മ്മജനാണ് എന്ന് ഒരാള്‍ക്കും സംശയം ഉണ്ടാവേണ്ടതില്ല എന്നതാണ് പരമമായ സത്യം. ഉളിയന്നൂര്‍ തച്ചന്‍ പെരുന്തച്ചനായത് തൃത്താലയിലെ മൂത്താശാരിയില്‍ നിന്ന് തച്ചുശാസ്ത്രത്തെ തന്നിലേക്ക് ആവാഹിച്ചതിലൂടെയാണ് എന്നും സൃഷ്ടിവൈഭവത്തിന്റെ മൂര്‍ത്തിമദ്ഭാവമായി തീര്‍ന്നതുകൊണ്ടുമാണെന്ന് ആര്‍ക്കാണ് സംശയം ഉള്ളത്?
പെരുന്തച്ചനെ മതവത്ക്കരിക്കാനുള്ള ആഗോള അജണ്ടയാണ് ഇവിടെ നടക്കുന്നത് എന്ന് ഹൈന്ദവസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അയ്യപ്പനെ കളരി പഠിപ്പിച്ചയാള്‍ എന്ന വിശേഷണം നല്‍കി ആര്‍ത്തുങ്കല്‍ വലിയച്ചനെ വെളുത്തച്ചനാക്കുന്നവര്‍, ചേരമാന്‍ പെരുമാള്‍ മതം മാറി മക്കയ്ക്ക് പോയി എന്ന വാദം ഉയര്‍ത്തുന്നവര്‍, ദൈവസഹായം പിള്ള എന്ന തിരുവിതാംകൂറിന്റെ പടത്തലവന്‍ മതംമാറി എന്നവകാശപ്പെടുന്നവര്‍, ആസൂത്രിതമായി പെരുന്തച്ചനെയും മതം മാറ്റാനുള്ള ശ്രമം നടത്തുകയാണ്. ഹിന്ദുസമുദായ ആചാര്യന്മാരെയും, സമൂഹത്തിലെ പ്രധാന വ്യക്തിത്വങ്ങളെയും ഇതിനുമുന്‍പും മതവത്ക്കരിക്കാന്‍ ശ്രമിച്ചതിന്റെ ചരിത്രവും ഇതോട് കൂട്ടിവായിക്കുമ്പോഴാണ് ആഗോള അജണ്ടയുടെ വ്യാപ്തി മനസ്സിലാകുക.
ആശാരിപ്പണി ചെയ്തിരുന്നു എന്ന് മതഗ്രന്ഥങ്ങളില്‍ അടക്കം പ്രതിപാദിക്കുന്ന ജോസഫിന്റെയും, മേരിയുടെയും പുത്രനായ കാല്‍വരിജാതനെ ഹിന്ദുവായി കാണാനും, യേശു ലോകം മുഴുവന്‍ വെളിപ്പെടുത്തിയ സത്യം ഹൈന്ദവതത്ത്വങ്ങളുടെ പകര്‍പ്പാണെന്നും ഉള്ള വസ്തുതയെക്കുറിച്ച് ഒരു വരിയെങ്കിലും ലേഖനത്തിലോ, കഥയിലോ, കവിതയിലോ ഉള്‍പ്പെടുത്താന്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കുന്നവര്‍ തയ്യാറാകുമോ? ഇത്തരത്തില്‍ എഴുതിയാല്‍ എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിച്ച് പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി തയ്യാറാകുമോ? ഇതിനും ഹൈന്ദവസമൂഹത്തിന് ഉത്തരം ലഭിക്കണം.
എന്നോ പറഞ്ഞുകേട്ട്, ഐതിഹ്യത്തിലൂടെ പാടിപ്പതിഞ്ഞ പന്തിരുകുലം കഥ വീണ്ടും പ്രചരിക്കുന്നത് മാറ്റത്തിന്റെ തുടക്കം എന്ന നിലയിലാണ്. ഭാരതീയ ദാര്‍ശനികതയുടെ ഏറ്റവും ലളിതവും പ്രകടവുമായ ഉദാഹരണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് പന്തിരുകുല കഥ. ഇത് പന്ത്രണ്ട് കുലങ്ങളുടെ കഥയല്ല, ഏകത്വ ദര്‍ശനത്തിന്റെ ജീവിത ചിത്രമാണ്. ജാത്യാതീത സൗഹാര്‍ദ്ദത്തിന്റെ ഇതിഹാസ രേണുക്കള്‍ പടര്‍ന്ന ചരിത്രഭൂമിയിലേക്ക് പുതിയ കേരളത്തെ ആനയിക്കാനുള്ള ചരിത്രദൗത്യമാണ് പന്തിരുകുല ഐതിഹ്യത്തിനുള്ളത്. അതിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കുന്നതിലൂടെ നടത്തുന്നത് എന്ന് നാം തിരിച്ചറിയണം.
(ഹിന്ദുഐക്യവേദി
ജനറല്‍ സെക്രട്ടറിയാണ്
ലേഖകന്‍)