ദേശീയ വിദ്യാഭ്യാസ നയത്തില്‍ (2020) നിര്‍ദ്ദേശിക്കപ്പെട്ട പല പരിഷ്‌ക്കാരങ്ങളും നടപ്പായിത്തുടങ്ങി. പല തട്ടുകളിലുള്ള കൂടിയാലോചനകളും പദ്ധതി വിഹിതങ്ങളുടെ വകയിരുത്തലും നടക്കുന്നു. രാജ്യമാകെ ആവേശത്തോടെ, പ്രതീക്ഷയോടെ, ഇതൊക്കെ നോക്കിക്കൊണ്ടിരിക്കെ കേരളത്തില്‍ പതിവുപോലെ റിവേഴ്‌സ് ഗിയറിലാണ് കാര്യങ്ങളുടെ പോക്ക്. എന്‍.ഇ.പി അറബിക്കടലില്‍ താഴ്ത്തണം എന്നാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. നവീന ആശയങ്ങളൊന്നും പരിഗണിക്കാതെ ഏറെക്കുറെ അന്ധമായ രാഷ്ട്രീയ ധാരണകളുടെ പ്രേരണയാല്‍, അധികാരഗര്‍വ്വിനാല്‍, പരിഷ്‌ക്കരണ ശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുവാനുള്ള സംഘടിത നീക്കങ്ങളാണ് നടക്കുന്നത്. സംസ്ഥാന രൂപീകരണത്തിനുശേഷം ദേശീയതലത്തിലുണ്ടായ എല്ലാ വിദ്യാഭ്യാസ നവീകരണ ശ്രമങ്ങള്‍ക്കും കേരളത്തില്‍, ഈ ദുര്‍ഗതിയുണ്ടായിട്ടുണ്ടെന്നും ഓര്‍ക്കണം. മറ്റെല്ലായിടത്തും നടപ്പായിക്കഴിഞ്ഞ ശേഷം ഇനി നിവൃത്തിയില്ലെന്നു വരുമ്പോള്‍ മാത്രം അര്‍ദ്ധമനസ്സോടെ, അന്ത:സ്സാരശൂന്യമാക്കിത്തീര്‍ത്ത രീതിയില്‍, ഓരോന്നും ഏറ്റെടുക്കുകയാണ് നമ്മുടെ പതിവ്. പുതിയ വിദ്യാഭ്യാസ നയത്തിന് അങ്ങനെയൊരു ഗതികേടുണ്ടാകാതിരിക്കണമെങ്കില്‍ കേരളം അതേപ്പറ്റി വിചാരപ്പെട്ടുകൊണ്ടേയിരിക്കണം. ആവശ്യക്കാരുടെ മൗനം പ്രതിലോമ ശക്തികള്‍ക്ക് വളമായി മാറും. അത് അനുവദിച്ചുകൂടാ.
ഗുണമേന്മയുള്ള വിദ്യാഭ്യാസം രാജ്യത്ത് ജനിച്ചു വളരുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ്. അനന്ത വൈവിധ്യങ്ങളുടെ മഹാരാജ്യമായ ഇന്ത്യയില്‍ ഈ അവകാശം അക്ഷരാര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെടുക ക്ഷിപ്രസാധ്യമല്ല. തിരിച്ചറിയാനാകാത്തവിധം വ്യത്യസ്തതകളാല്‍ ആവരണം ചെയ്യപ്പെട്ട ജീവിതാവസ്ഥകളാണ് ഓരോ സമൂഹത്തിനുമുള്ളത്. സ്വഭാവികമായും ഓരോരുത്തരുടെയും ജീവിതക്രമം അവരവരുടെ വിദ്യാഭ്യാസത്തെ സ്വാധീനിക്കും. നഗരങ്ങളില്‍ നിന്നും വിളിച്ചാല്‍ കേള്‍ക്കാത്ത അകലത്തിലാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഇന്നും പുലരുന്നത്. നഗരങ്ങളിലെന്നപോലെ ഭരണ സംവിധാനത്തിന്റെ നോട്ടമെത്തുന്ന ഇടങ്ങളല്ല ഗ്രാമങ്ങള്‍. സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായുമെല്ലാം താരതമ്യമില്ലാത്ത വിധം അകലം പാലിക്കുന്നവയാണ് നമ്മുടെ ഗ്രാമനഗരങ്ങള്‍. ലോകത്താകെ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച ഉദാരവല്‍ക്കരണ – സ്വകാര്യവല്‍ക്കരണ – ആഗോളവല്‍ക്കരണ നയങ്ങളാകട്ടെ ഈ അന്തരം ഒട്ടും കുറച്ചില്ലെന്നു മാത്രമല്ല അതു കൂടാന്‍ കാരണമാവുകയും ചെയ്തു. സമ്പന്നന്‍ കൂടുതല്‍ സമ്പന്നനാവുകയും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനാവുകയും ചെയ്തു.
സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഭരണഘടനാ വാഗ്ദാനമായിട്ടും അതിനായി പ്രത്യേക നിയമനിര്‍മ്മാണം നടപ്പിലാക്കേണ്ടി വന്ന (2009) സാഹചര്യമിതാണ്. അതിനുമുമ്പ് 1986 ലെ നൂതന ദേശീയ വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസം സാര്‍വ്വത്രികമാകേണ്ടതിന്റെ അനിവാര്യത എടുത്തുപറയുകയുണ്ടായി. ഒട്ടേറെ കര്‍മ്മ പരിപാടികളും അതു മുന്നോട്ടുവെച്ചു. വിദ്യാഭ്യാസ മേഖലയില്‍ പുതിയ ഒരു ഉണര്‍വ്വ് സൃഷ്ടിക്കുന്നതിനും ചില സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്നതിനും താഴെ തട്ടുവരെ വിദ്യാഭ്യാസം ചര്‍ച്ചാവിഷയമാകുന്നതിനുമെല്ലാം പദ്ധതി സഹായകമായി. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ പരിഷ്‌കൃത രൂപം 1992ല്‍ പുറത്തുവന്നപ്പോഴും വ്യാപകമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.
ഇതില്‍നിന്നെല്ലാം വ്യത്യസ്തമായതും മാറുന്ന സാമൂഹ്യ ക്രമത്തിന് അനുയോജ്യമായതുമായ, ഘടനാപരമായ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള, നിര്‍ദ്ദേശങ്ങളോടെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പദ്ധതിയുടെ ആധാര ശിലകളായി പരിഗണിക്കപ്പെടേണ്ട ചില സങ്കല്‍പനങ്ങള്‍ ആമുഖത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. (പട്ടിക -1 കാണുക)
പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരടു രൂപം പുറത്തു വന്നതുമുതല്‍ തന്നെ രാജ്യത്തിനകത്തും പുറത്തും അത് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. അത് ഇപ്പോഴും തുടരുന്നു. ഒരു ജനാധിപത്യ ഭരണസംവിധാനത്തില്‍ ഇത്തരം ചര്‍ച്ചകള്‍ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. കുറവുകള്‍ നികത്തപ്പെടാനും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും ആഴത്തിലുള്ള വിശകലനങ്ങളും വിശദീകരണങ്ങളും സഹായകമാവുകയും ചെയ്യും. അതൊക്കെ വസ്തുനിഷ്ഠമാകണമെന്നുമാത്രം.
പദ്ധതി ഇഴകീറി പരിശോധിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. നൂതനാശയങ്ങള്‍ എന്ന നിലയില്‍ കണക്കാക്കപ്പെടുന്നവയും അതിനാല്‍തന്നെ വിമര്‍ശന വിധേയമാവുകയും ചെയ്ത നിര്‍ദ്ദേശങ്ങളെ വേറിട്ടെടുത്ത് പരിശോധിക്കുകയാണ് ചെയ്യുന്നത്. ഇതൊരു ദേശീയ പദ്ധതിയാണെന്നും രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ പ്രാവര്‍ത്തികമാകേണ്ടതാണെന്നുമുള്ള വസ്തുതകള്‍ മുഖവിലയ്‌ക്കെടുക്കുമ്പോള്‍ മാത്രമേ ഇത്തരമൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ എന്ന് ആദ്യമേ വ്യക്തമാക്കട്ടെ. കേരളമല്ല ഇന്ത്യ, വിശിഷ്യാ സ്‌കൂള്‍തല വിദ്യാഭ്യാസ കാര്യത്തില്‍.
ഘടനാപരമായ മാറ്റം
സ്‌കൂള്‍ തലത്തില്‍ നടപ്പാക്കുന്ന ഘടനാപരമായ മാറ്റമാണ് എന്‍.ഇ.പിയെ ശ്രദ്ധേയമാക്കുന്ന ഒന്നാമത്തെ ഘടകം. 10+2 എന്ന നിലവിലുള്ള രീതി ഉടച്ചുവാര്‍ത്ത് 5+3+3+4 എന്ന മട്ടിലാക്കുന്നു. ഒന്നാമത്തെ ഫൗണ്ടേഷണല്‍ ഘട്ടത്തെ 3+2 എന്ന രീതിയില്‍ വീണ്ടും വിഭജിക്കുന്നു. ആറു വയസ്സ് പൂര്‍ത്തിയാക്കി ഒന്നാം ക്ലാസില്‍ വരുന്ന കുട്ടി എട്ട് വയസ്സില്‍ ഫൗണ്ടേഷനല്‍ സ്റ്റേജ് വിടുന്നു. പിന്നെ മൂന്നുവര്‍ഷത്തെ പ്രിപ്പറേറ്ററിയും തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ മിഡില്‍ സ്റ്റേജും പൂര്‍ത്തിയാക്കി സെക്കന്ററിയില്‍ ചേരാനുള്ള യോഗ്യത നേടുന്നു. 9,10,11,12 ക്ലാസുകളുള്ള ഹയര്‍സെക്കന്ററി തലം ഒരു യൂനിറ്റായി പരിഗണിക്കപ്പെടും. തൊട്ടുമുമ്പു വന്ന പദ്ധതി പ്രകാരം എട്ടാം ക്ലാസ് യു.പിയിലേക്കും അഞ്ചാം ക്ലാസ് എല്‍.പി.യിലേക്കും മാറ്റപ്പെട്ട കാര്യം ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
പദ്ധതി ശിശുവിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രാധാന്യം എടുത്തു പറയണം. പഠനത്തിന്റെ ശക്തമായ അടിത്തറയായി ഇ.സി.സി.ഇ വിഭാവന ചെയ്യപ്പെടുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ അതിന്റെ പിന്നാക്കാവസ്ഥയുടെ പ്രഥമകാരണം ശിശുവിദ്യാഭ്യാസം നേരിട്ട അവഗണനയാണെന്നു കാണാം. ഗ്രാമപ്രദേശങ്ങളില്‍, അതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കിടയില്‍, ശിശുവിദ്യാഭ്യാസം നാമമാത്രമാണ്. കേരളത്തില്‍പോലും അംഗനവാടികള്‍ നേരത്തെ മുതലുണ്ടെങ്കിലും അവ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലല്ലെന്നോര്‍ക്കണം. ജനനം മുതല്‍ എട്ടു വയസ്സുവരെയുള്ള സുപ്രധാനഘട്ടം ഇ.സി.സി.ഇയുടെ പരിധിയില്‍ വരും വിധമാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിനാവശ്യമായ പാഠ്യപദ്ധതി ചട്ടക്കൂട് ദേശീയവിദ്യാഭ്യാസഗവേഷണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി തയ്യാറാക്കണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍സിഇആര്‍ടി അതു സംബന്ധിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. തൊട്ടറിഞ്ഞുപഠിക്കുന്ന, സെന്‍സറി മോട്ടോര്‍ സ്റ്റേജ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഘട്ടം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുകയാണ്.
സമ്പന്നമായ രാജ്യത്തിന്റെ പ്രാദേശിക വിഭവങ്ങള്‍ കുട്ടികളുടെ പഠനപുരോഗതിക്കായി വിനിയോഗിക്കപ്പെടേണ്ടതിന്റെ അനിവാര്യത ഇവിടെ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അംഗനവാടികളും ശിശുവാടികളും ശാക്തീകരിക്കപ്പെടണം. പരിശീലനം സിദ്ധിച്ച അദ്ധ്യാപികമാര്‍ അവിടങ്ങളില്‍ നിയോഗിക്കപ്പെടണം. ഒന്നാം ക്ലാസിനു മുമ്പുള്ള ബാലവാടികളെപ്പറ്റി പദ്ധതി ഊന്നിപ്പറയുന്നുണ്ട്. സ്‌കൂളിലെ പാഠ്യപദ്ധതിയുടെ പുന:സംഘാടനമാണ് വാസ്തവത്തില്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിന് ശക്തമായ അടിത്തറപാകുക എന്നതിനൊപ്പം അക്ഷരാര്‍ത്ഥത്തില്‍ അത് സാര്‍വത്രികമാക്കുക എന്നതും പദ്ധതിയുടെ താല്‍പര്യമാണ്.
മൂന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളുള്ള പ്രിപ്പറേറ്ററി ഘട്ടവും പ്രധാനമാണ്. പ്രീ-ഓപറേഷണല്‍ സ്റ്റേജില്‍ വരുന്ന കുട്ടികള്‍, ടീനേജിനു തൊട്ടുമുമ്പുള്ള കാലം. പ്രവര്‍ത്തനഘട്ടം എന്നും വിളിക്കാം. ഒന്നാം ഘട്ടത്തെപ്പോലെ കാര്യക്ഷമമായ പരിശീലനം കിട്ടിയ അധ്യാപകര്‍ അനിവാര്യമായ ഘട്ടമാണിതും. കട്ടികുറഞ്ഞ പാഠപുസ്തകങ്ങള്‍ അത്യാവശ്യം. വീടും പരിസരവുമായുള്ള കുട്ടിയുടെ ബന്ധം ശക്തമാകുന്ന പഠനകാലം. പ്രവര്‍ത്തിച്ചു പഠിക്കുക എന്ന തത്വം പ്രായോഗികതലത്തില്‍ കൊണ്ടുവരേണ്ട കാലം.
മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളുടെ ഘട്ടമായ മിഡില്‍ സ്റ്റേജിലേയ്ക്കാണ് പിന്നെ കുട്ടികള്‍ പോകുന്നത്. സ്വതന്ത്രചിന്തയുടെയും സംഘപ്രവര്‍ത്തനങ്ങളുടെയും സവിശേഷ നൈപുണികളുടെയും കാലമാണിത്. തൊഴിലധിഷ്ഠിത പഠനത്തിന്റെ ആദ്യപാഠങ്ങള്‍ ലഭ്യമാകേണ്ട ഘട്ടം. ഇവിടെയാണ് വിഷയാടിസ്ഥാനത്തിലുള്ള അധ്യാപകര്‍ ആവശ്യമായി വരുന്നത്. വൊക്കേഷണല്‍ അധ്യാപകരും ഈ ഘട്ടത്തില്‍ സഹായത്തിനുണ്ടാകണം.
കുറെക്കൂടി സങ്കീര്‍ണമാണ് സെക്കന്ററി ഘട്ടം. വിമര്‍ശനാത്മക-സര്‍ഗാത്മക ചിന്തകളുടെ കാലമാണിത്. കുട്ടികള്‍ അവരുടെ ജീവിതഗതി ഏതെന്നു തെരഞ്ഞെടുക്കുന്ന നിര്‍ണ്ണായക ഘട്ടം. ബോധനശാസ്ത്രം ഒരു വിഷയമായി പരിഗണിക്കപ്പെടും. സാങ്കേതികവിദ്യയുടെ ഉയര്‍ന്ന വിതാനങ്ങള്‍ കുട്ടികള്‍ക്കായി സജ്ജീകരിക്കപ്പെടും. പത്താം ക്ലാസിനു ശേഷം ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം താല്‍ക്കാലികമായി നിര്‍ത്താം. ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തി പഠനം തുടരുകയും ചെയ്യാം.
പാഠപുസ്തകങ്ങളുടെ വൃഥാസ്ഥൂലത കുറയ്ക്കുമെന്ന് എന്‍ഇപി വാഗ്ദാനം ചെയ്യുന്നുണ്ട്. വിമര്‍ശനാത്മക ചിന്തയ്ക്ക് മുന്‍തൂക്കം നല്‍കുന്നതും അന്വേഷണാധിഷ്ഠിതവും ഗവേഷണാത്മകവും ചര്‍ച്ചകളിലൂടെയും വിശകലനങ്ങളിലൂടെയും വിപുലീകരിക്കപ്പെടുന്നതുമായ പഠനസമ്പ്രദായം പ്രോത്സാഹിപ്പിക്കപ്പെടും. സഹവര്‍ത്തിതപഠനത്തിനു മുന്‍തൂക്കം നല്‍കും. അനുഭവാധിഷ്ഠിത പഠനത്തില്‍ കലാ-കായിക മേഖലകളുടെ ഉദ്ഗ്രഥനത്തിനു സ്ഥാനമുണ്ടാകും. സെക്കന്ററി തലത്തില്‍ വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. കായികവിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, തൊഴിലധിഷ്ഠിത നൈപുണികള്‍, കൈത്തൊഴിലുകള്‍ – ഇങ്ങനെ വൈവിധ്യപൂര്‍ണ്ണമായ വഴികളില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ബഹുഭാഷാ സമീപനത്തിനു മുന്‍തൂക്കം നല്‍കുമ്പോള്‍ തന്നെ പഠനമാധ്യമം പരമാവധി മാതൃഭാഷയായിരിക്കാന്‍ എന്‍ഇപി നിഷ്‌കര്‍ഷ പുലര്‍ത്തുന്നുണ്ട്. ത്രിഭാഷാപദ്ധതി തുടരുമെന്നും വ്യക്തമാക്കുന്നു.
ഭാഷാപഠനത്തിനു നല്‍കുന്ന ഊന്നല്‍ എന്‍ഇപിയെ വേറിട്ടതാക്കുന്നുണ്ട്. മിഡില്‍ സ്റ്റേജില്‍ വെച്ചുതന്നെ ‘ഇന്ത്യയിലെ ഭാഷകള്‍’ എന്ന പൊതുവിഷയത്തില്‍ പ്രോജക്ട് തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഏതെങ്കിലും ഒരു ശ്രേഷ്ഠഭാഷയെപ്പറ്റി പ്രത്യേകം പഠനം നടത്തേണ്ടതുമുണ്ട്. നിലവിലെ എല്ലാ ഭാഷകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ചില വിദേശ ഭാഷകള്‍ പഠിക്കാനുള്ള അവസരവും നല്‍കുന്നു. സംസ്‌കൃതത്തിനു നല്‍കുന്ന പ്രാധാന്യവും എടുത്തുപറയണം.
മിഡില്‍ സ്റ്റേജില്‍ വെച്ചുതന്നെ ഏതെങ്കിലും തൊഴില്‍ പഠിക്കണമെന്നു നിര്‍ദ്ദേശമുണ്ട്. പത്തു ദിവസത്തെ ‘ബാഗില്ലാക്കാലം’ സവിശേഷമായ പരിപാടിയാണ്. പ്രാദേശികതലത്തില്‍ ശ്രദ്ധേയരായ തൊഴില്‍വിദഗ്ധരുമായുള്ള ഇടപെടലിനുള്ള സുവര്‍ണാവസരമാണിത്. ക്യാമ്പിന്റെ രൂപത്തില്‍ വിഭാവന ചെയ്യപ്പെട്ട ഈ പരിപാടി അതതു പ്രദേശങ്ങളുടെ കാമ്പുകണ്ടെത്താന്‍ കുട്ടികളെ സഹായിക്കുമെന്നുറപ്പാണ്.
വ്യത്യസ്തമേഖലകളില്‍ പ്രതിഭ തെളിയിച്ച കുട്ടികള്‍ക്കായി വിവിധതരം ക്ലബ്ബുകളും സര്‍ക്കിളുകളും നിര്‍ദ്ദേശിച്ചിരിക്കുന്നു. അവനവന്റെ അഭിരുചിയും താല്‍പര്യത്തിനുമനുസരിച്ചുള്ള കൂട്ടായ്മകളിലൂടെ വിവിധ മേഖലകളില്‍ ഉയര്‍ന്നുപോകാന്‍ ഇത് കുട്ടികളെ സഹായിക്കും.
ഘടനാപരമായ മാറ്റത്തിലോ ഓരോ തട്ടിലുമായി നിര്‍ദ്ദേശിക്കപ്പെട്ട പരിഷ്‌ക്കരണത്തിലോ അരുതാത്തതായി ഒന്നും കണ്ടെത്താനാവില്ല. മുമ്പത്തെ എന്‍ഇപിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട താരതമ്യേന എളുപ്പത്തില്‍ നടപ്പാക്കാമായിരുന്ന ഘടനാമാറ്റം പോലും കേരളത്തില്‍ നിലവില്‍വന്നിട്ടില്ല എന്നത് കേരളത്തിന്റെ മാത്രം പ്രശ്‌നമാണ്. എയ്ഡഡ് മേഖല കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന സമ്പ്രദായമാണ്. രാജ്യത്ത് മറ്റെവിടെയും ഇത്തരമൊരു സംവിധാനമില്ല. ശമ്പളവും ആനൂകൂല്യങ്ങളും നല്‍കുന്നത് പൊതുഖജനാവില്‍ നിന്നാണെങ്കിലും നിയമനാധികാരി മാനേജരാണ്. അതിനാല്‍ മാനേജ്‌മെന്റിന്റെ സൗകര്യത്തിനനുസരിച്ച് താളം പിടിക്കാന്‍ ഭരണസംവിധാനം ഇവിടെ നിര്‍ബന്ധിതമാവുന്നു. ടങഇ കള്‍ രൂപീകരിക്കാന്‍ പോലും, പേരിലൊരു മാനേജ്‌മെന്റുള്ളതല്ലാതെ മറ്റൊരു കുഴപ്പവുമില്ലാതിരുന്നിട്ടും, ഇവിടത്തെ എയ്ഡഡ് വിഭാഗം തയ്യാറായില്ലെന്നോര്‍ക്കണം. പല കാരണങ്ങളാല്‍ അവരെ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെടുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍, കേരളത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു മാത്രം ഒരു ദേശീയ പദ്ധതിയെ അതിന്റെ സമഗ്രതയില്‍ വിലയിരുത്താനാവില്ല.
(തുടരും)