ഭരണകൂടവും അധികാരവര്‍ഗ്ഗവും ഉദ്യോഗസ്ഥ, രാഷ്ട്രീയ, സാമ്പത്തിക ശക്തികളും ഒറ്റപ്പെടുത്താനും അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാനും നിരന്തരമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പ്രതിരോധിച്ച് നില്‍ക്കാനും അവകാശപ്പെട്ടവ തിരിച്ചു പിടിക്കാനുമുള്ള തീവ്ര പരിശ്രമം വനവാസി വിഭാഗത്തില്‍ നിന്നു തന്നെ നടന്നു വരികയാണ്. നിലില്‍പ്പിനായി മണ്ണും പരിസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വിദ്യയും അറിവും സമ്പാദിച്ച ഗോത്രജനത തിരിച്ചറിയുകയും രാഷ്ട്രീയ-സാമൂഹിക വേര്‍തിരിവില്ലാതെ ഒന്നിച്ചൊന്നായ് അണിനിരക്കുകയുമാണ്. ഒന്നിച്ച് നിന്ന് നേടിയ ചില വിജയങ്ങള്‍ താഴെ സൂചിപ്പിക്കുന്നു.
അധര്‍മ്മത്തെ കീഴ്‌പ്പെടുത്തിയ ധര്‍മ്മവിജയം
കയ്യേറി കയ്യേറി വനവാസികളുടെ ശ്മശാനവും കയ്യേറി. തുടര്‍ന്ന് വ്യാജരേഖകള്‍ ഉണ്ടാക്കിയ ഭൂമിയില്‍ വനവാസികള്‍ സംഘടിതമായി കയറി, ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി. പിന്നീട് കേസായി. ജില്ല ഭരണാധികാരികള്‍ ഇടപെട്ടു. ഒരു വിഭാഗം ഭരണാധികാരികള്‍ കയ്യേറിയവര്‍ക്ക് കൂട്ട് നിന്നു. ഒടുവില്‍ കേരള വനവാസി വികാസകേന്ദ്രം കൊട്ടമ്പം പണിയ സ്മശാനത്തിനായി ഹൈക്കോടതിയില്‍ കേസ് കൊടുത്തു. തുടര്‍ന്ന് കോടതി വര്‍ഗ്ഗീസ് കുപ്പമഠത്തിന്റെ വാദം തള്ളി. ഒടുവില്‍ ജില്ലാ ഭരണകൂടം 100 വര്‍ഷം പഴക്കമുള്ള പണിയ ശ്മശാനമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അധികാരികളുടെ കണ്ണുതുറക്കാന്‍ ഹൈക്കോടതി ഇടപെടേണ്ടി വന്നു.
അമ്പലവയല്‍ പഞ്ചായത്തിന്റെ വാര്‍ഡ് 2 ല്‍ 16 കുടുംബങ്ങളിലായി 60 ല്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന വനവാസി ഗ്രാമമാണ് കൊടമ്പം. ഈ വനവാസി ഗ്രാമത്തിന് 50 സെന്റ് വരുന്ന ശ്മശാനം ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി ഈ ശ്മശാനത്തിലാണ് ശവസംസ്‌കാരം നടത്താറുള്ളത്. 40 വര്‍ഷം മുമ്പെ ശ്മശാനഭൂമിയോട് ചേര്‍ന്ന് 2 ഏക്കര്‍ സ്ഥലം വര്‍ഗ്ഗീസ് കുപ്പമഠത്തില്‍ എന്ന വ്യക്തി കറുപ്പന്‍ ചെട്ടിയാര്‍ എന്ന വ്യക്തിയുടെ കൈയില്‍ നിന്ന് വാങ്ങുകയും ചെയ്തു. തുടര്‍ന്ന് വര്‍ഗ്ഗീസ് ശ്മശാനഭൂമി വര്‍ഷങ്ങളായി കയ്യേറികൊണ്ടിരുന്നു. നിലവില്‍ 50 സെന്റ് വരുന്ന ശ്മശാനഭൂമി 5 സെന്റ് ഭൂമിയായി ചുരുങ്ങിയിരുന്നു. 2017 ല്‍ കൊട്ടമ്പം കോളനിയില്‍ വെള്ള എന്ന അമ്മ മരണപ്പെട്ട് ശ്മശാനഭൂമിയില്‍ അടക്കം ചെയ്യാന്‍ ഗ്രാമവാസികള്‍ എത്തിയപ്പോള്‍ ബത്തേരി രൂപതയുടെ കീഴിലുള്ള ചീങ്ങേരി പള്ളിയില്‍ ജനങ്ങളെ സംഘടിപ്പിച്ച് ശവസംസ്‌കാരത്തെ സംഘടിതമായി വന്ന് തടയുകയുണ്ടായി. പിന്നീട് മറ്റൊരാളെ അടക്കം ചെയ്തതിന് മുകളില്‍ വെള്ള എന്ന അമ്മയെ അടക്കം ചെയ്യുകയായിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി ഹിന്ദു ഐക്യവേദി, കേരള വനവാസി വികാസ കേന്ദ്രം എന്നീ സംഘടനകള്‍ ഇടപെട്ടുവരുന്ന പ്രശ്‌നമാണ്. കൊട്ടമ്പം പണിയ ശ്മശാനസംരക്ഷണ സമിതി എന്ന സമിതി രൂപീകരിക്കുകയും നിയമനടപടികള്‍ നടത്തിവരികയും ചെയ്തു. 45 സെന്റ് ശ്മശാനഭൂമി വര്‍ഗ്ഗീസ് കൈവശം വച്ചുവരുന്നതുമാണ്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ (ഭൂരേഖ) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമായി പറയുന്നു.
വര്‍ഗ്ഗീസ് നിലവില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ടിന് മറുപടിയായി കൗണ്ടര്‍ ഫയല്‍ ചെയ്യുന്നതിന് കേരള വനവാസി വികാസ കേന്ദ്രം ഹൈക്കോടതി വക്കീലിനെ 2019 മെയ് 6ന് കേസ് ഏല്‍പ്പിച്ചു. ഹൈക്കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ 3 സഹോദരി സഹോദരന്മാര്‍ കൊട്ടമ്പം പണിയ ഗ്രാമത്തില്‍ മരണപ്പെടുകയുണ്ടായി. അത്തരം സമയങ്ങളില്‍ കയ്യേറിയ ഭൂമിയില്‍ ശവസംസ്‌കാരചടങ്ങുകള്‍ നടത്തേണ്ടതായി വന്നിട്ടുണ്ട്. തടയാന്‍ ശ്രമിച്ചവരെ നിലക്ക് നിര്‍ത്താന്‍ സാധിച്ചത് ജനപിന്തുണകൊണ്ടാണ്.
‘എങ്ങള ഗ്രൗണ്ട് എങ്ങക്ക്’
സുല്‍ത്താന്‍ ബത്തേരി നഗരത്തോട് ചേര്‍ന്നു കിടക്കുന്ന കിടങ്ങില്‍ ഗ്രാമത്തിലുള്ള ഞങ്ങളുടെ ഗ്രൗണ്ട് നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂര്‍വ്വികര്‍ കളിച്ചു വളര്‍ന്നതും, ഇന്നും ഉപയോഗിക്കുന്നതുമാണ്. എന്നാല്‍ നവംബര്‍ 16 ന് രാവിലെ 8 മണിക്ക് ആര്‍.ടി.ഒ ഉദ്യോഗസ്ഥരും പൊലീസും ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരും ഗ്രൗണ്ട് പിടിച്ചെടുക്കുന്നതിന് അവിടെ എത്തുകയും ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നവരെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ ഗ്രൗണ്ട് സര്‍ക്കാര്‍ ആര്‍.ടി.ഒയ്ക്ക് നിയമപരമായി നല്‍കിയിട്ടുണ്ട് എന്നറിയിച്ചു. ഗോത്രജനതയെ സംബന്ധിച്ച് ഗ്രൗണ്ട് നഷ്ടപ്പെടുക എന്നത് ചിന്തിക്കാന്‍ സാധിക്കാത്തതാണ്. 3 വയസ്സ് മുതല്‍ 30 വയസ്സ് വരെ ഉള്ള വിദ്യാര്‍ത്ഥികളും യുവാക്കളും രാവിലെയും വൈകുന്നേരങ്ങളിലും കായിക പരിശീലനം നടത്തുന്ന ഗ്രൗണ്ടാണ് ഇത്. മാത്രവുമല്ല ഈ ഗ്രൗണ്ടില്‍ പരിശീലനം ലഭിച്ച വനവാസി കുട്ടികള്‍ക്ക് ജില്ലാ, സംസ്ഥാന തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. കൂടാതെ രാജ്യസുരക്ഷാ മേഖലയിലും പൊലീസ് വകുപ്പിലും വനം വകുപ്പിലും ജോലി ലഭിക്കുന്നതിന് ഈ ഗ്രൗണ്ടിലുള്ള പരിശീലനം സഹായിച്ചിട്ടുണ്ട്.
വനവാസികളായ ഞങ്ങളുടെ ഭൂമി പലരും കയ്യേറിയപ്പോഴും തട്ടിപ്പറിച്ചപ്പോഴും അത്തരം ഭൂമികള്‍ തിരിച്ചുപിടിച്ച് നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. വയനാട്ടില്‍ 2132 ആളുകള്‍ സബ്കലക്ടര്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ച് നല്‍കണമെന്ന് അപേക്ഷ നല്‍കിയിരുന്നു. 21/01/2009 ലെ CA 104E/05/01/899/01/7099/01-ാം നമ്പര്‍ കേസില്‍ സുപ്രീം കോടതി വിധി ഉണ്ടായിട്ടും ആദിമനിവാസികളുടെ ഭൂമികള്‍ തിരിച്ചു പിടിച്ചു നല്‍കാന്‍ കഴിയാത്ത സര്‍ക്കാരുകളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഇന്ന് ഗോത്രജനതയുടെ കൈവശം ഉള്ള ഭൂമികള്‍ കൈക്കലാക്കുകയും പിടിച്ചെടുക്കുകയും ഞങ്ങളുടെ കുട്ടികള്‍ കളിച്ചുവളരേണ്ടതും ഞങ്ങളുടെ പൂര്‍വ്വികര്‍ അടക്കം ഉപയോഗിച്ചുവന്നതുമായ ഗ്രൗണ്ട് പിടിച്ചെടുക്കാനും കാണിക്കുന്ന ആവേശം ഗോത്രജനതയ്ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിച്ച് നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഉണ്ടാകില്ലായിരുന്നു.
സ്വതന്ത്രഭാരതത്തിന് മുമ്പെ ബ്രിട്ടീഷുകാര്‍ ഗോത്രജനതയുടെ വിഭവങ്ങള്‍ കൊള്ള ചെയ്തു. എന്നാല്‍ ഗോത്രജനതയുടെ ഭൂമി തട്ടിപ്പറിച്ചില്ല. ഭാരതം സ്വതന്ത്രമായതിനു ശേഷം പ്രത്യേകിച്ച് കേരളത്തില്‍ വയനാട് ജില്ലയില്‍ സമ്പത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭരണകൂടത്തിന്റെയും സഹായത്തോടെ ഗോത്രജനതയുടെ ഭൂമി പലരും കൈക്കലാക്കി. ഒരു വശത്ത് ആദിമനിവാസികളോടുള്ള അവഗണനയും മറുവശത്ത് പൊള്ളയായ ആദിമവാസി സ്‌നേഹവും കാണിച്ച് ഗോത്ര ജനതയെ പറ്റിക്കാമെന്ന് ഭരണകൂടവും, ഉദ്യോഗസ്ഥരും കരുതുന്നു.
സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി ഗോത്ര ജനത പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന കിടങ്ങില്‍ ഗ്രൗണ്ട് നഷ്ടപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. പ്രത്യക്ഷസമരത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെയും 5 കോടി വിലവരുന്ന കളിസ്ഥലം നിലനിര്‍ത്തി. ഗ്രാമവാസികള്‍ പ്രതിഷേധപ്രകടനം, പൊതുയോഗം, അധികാരികള്‍ക്ക് പരാതി, സ്‌പെഷല്‍ ഊരുകൂട്ടം അടക്കം നടത്തി. അവരുടെ ആവശ്യത്തിന് മുന്നില്‍ മുട്ടുമടക്കി മുനിസിപ്പാലിറ്റിയും ഭരണകൂടവും ഊരുകൂട്ടത്തില്‍ പ്രമേയം പാസ്സാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയില്‍ പൊതുസ്ഥലങ്ങള്‍ ഉണ്ട്, മിച്ചഭൂമിയുണ്ട്. ആര്‍.ടി.ഒ ഡിപ്പാര്‍ട്ട്‌മെന്റിന് കിടങ്ങില്‍ ഗ്രാമവാസികളുടെ ഗ്രൗണ്ട് നല്‍കുക എന്നത് മുനിസിപ്പാലിറ്റിയുടെ താല്‍പര്യമായിരുന്നു. പ്രതിപക്ഷ കക്ഷികള്‍ മൗനം പാലിച്ചു. ഗ്രാമവാസികളുടെ ആവശ്യപ്രകാരം വനവാസി വികാസകേന്ദ്രം ഈ വിഷയം ഏറ്റെടുത്തു. അഖില ഭാരതീയ ജനജാതി സുരക്ഷ മഞ്ചിന്റെ കേരള ഘടകമായ ഗോത്ര അവകാശ സംരക്ഷണ സമിതിയുടെയും കിടങ്ങില്‍ ഗ്രൗണ്ട് സംരക്ഷണ സമിതിയുടെയും പേരില്‍ ഹൈക്കോടതിയില്‍ കേസ് നടത്തിയതിനെ തുടര്‍ന്നാണ് ഗ്രൗണ്ട് നിലനിര്‍ത്താന്‍ സാധിച്ചത്. ഗ്രാമവാസികള്‍ രാഷ്ട്രീയത്തിന് അതീതമായി ഒന്നായി സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ഒപ്പം നിന്നതിന്റെ ഫലമാണ് ഈ വിജയം.
ഗോത്രജനതയുടെ ഭൂമി, കൃഷിസ്ഥലം, കളിസ്ഥലം, ആവാസമേഖല എല്ലാം തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്യുകയും കേരളത്തിലെ ഗോത്രജനതയുടെ ഭൂമി കയ്യേറിയവരെ സംരക്ഷിക്കാന്‍ നിയമസഭയില്‍ നിയമനിര്‍മ്മാണം വരെ നടത്തുകയും ചെയ്യുന്ന മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്കെതിരെയും ഭരണകൂടത്തിനെതിരെയും ശക്തമായ സമരത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും നഷ്ടപ്പെട്ടവ തിരിച്ച് പിടിക്കേണ്ടതുണ്ട്. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്.
സ്വതന്ത്ര ഭാരതത്തിന് മുമ്പെ ബ്രിട്ടീഷുകാര്‍ വിഭവകൊള്ള നടത്തി ഉപദ്രവിച്ചപ്പോള്‍ സംഘടിതമായി ബ്രിട്ടീഷുകാരെ നേരിട്ട ചരിത്രമാണ് ഗോത്രജനതയ്ക്കുള്ളത് സ്വതന്ത്ര്യം നേടി 75 പിന്നിടുന്ന ഈ കാലഘട്ടത്തിലും രാഷ്ട്രീയ കോമരങ്ങള്‍ ഗോത്രജനതയുടെ ആവാസ വ്യവസ്ഥിതിയ്ക്കും നിലനില്‍പ്പിനും ഭീഷണിയാകുന്നു.
തൊഴില്‍ക്ഷാമം അനുഭവിക്കുന്ന ഗോത്രജനത
കേരളത്തില്‍ തൊഴില്‍ രഹിതരായ ആദിമവാസികളുടെ എണ്ണം വളരെ കൂടുതലാണ്. അതായത് 18നും 44 വയസ്സിനുമിടയില്‍ 70794 യുവതീയുവാക്കള്‍ തൊഴില്‍ രഹിതരാണെന്ന് 2011 ലെ സെന്‍സസിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ വനവാസികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സംരംഭം തുടങ്ങുന്നതിനും 2013 വരെ എസ്.ജി.എസ്.വൈ (സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരാര്‍ക്കാര്‍) പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ 50,000 രൂപ വരെ ജാമ്യരഹിത തുക ലഭ്യമായിരുന്നു. എന്നാല്‍ 2013 ന് പി.കെ. ജയലക്ഷ്മി മന്ത്രിയായിരിക്കെ ഈ പദ്ധതി പൂര്‍ണ്ണമായും എടുത്തുകളഞ്ഞു. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ വനവാസി വിഭാഗത്തില്‍പ്പെടുന്ന ഒരു മന്ത്രിയില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള നടപടി വന്നത് വനവാസികള്‍ക്ക് വേദനാജനകമായി. ഈ പദ്ധതിക്ക് പകരമായി പുതിയ പദ്ധതി കൊണ്ടുവരുമെന്ന് വകുപ്പ് തലത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട് എങ്കിലും നാളിതുവരെ കേരളത്തില്‍ പകരം പദ്ധതി നിലവില്‍ വന്നില്ല.
1972ല്‍ സ്ഥാപിതമായ കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രധാനമായും സ്വയംതൊഴില്‍ വായ്പകളും വിദ്യാഭ്യാസം, വിവാഹം മുതലായ ആവശ്യങ്ങള്‍ക്കുള്ള ഇതര വായ്പകളും നല്‍കുന്ന ഒരു വികസന ധനകാര്യ സ്ഥാപനമാണ്. കോര്‍പ്പറേഷന്റെ മുഖ്യകാര്യാലയം തൃശ്ശൂരിലും ജില്ലാ കാര്യാലയങ്ങള്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നു. വിവിധ വായ്പകള്‍ നല്കുന്നത് ജില്ലാ കാര്യാലയങ്ങള്‍ വഴിയാണ്. ഈ സ്ഥാപനം വഴി കേരളത്തിലെ യുവാക്കള്‍ക്കും യുവതികള്‍ക്കും തൊഴില്‍ നേടുന്നതിനും വിവാഹ വായ്പ, വിദ്യാഭ്യാസ വായ്പ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പ പദ്ധതി, ബെനിഫിഷ്യറി ഓറിയന്റഡ് പദ്ധതി, ആദിമവാസി മഹിള ശാക്തികരണ യോജന, പട്ടികവര്‍ഗ്ഗ സംരംഭര്‍ക്കുള്ള വായ്പ പദ്ധതി, ഓട്ടോറിക്ഷ വായ്പ പദ്ധതി, ചെറുകിട വ്യവസായ വായ്പ, ആദിമവാസി ശിക്ഷറിന്‍ യോജന (വിദ്യാഭ്യാസ വായ്പ) എന്നീ വായ്പകള്‍ യുവതി-യുവാക്കള്‍ക്ക് ഈ സ്ഥാപനത്തില്‍ നിന്ന് എടുക്കണമെങ്കില്‍ നിലവില്‍ രണ്ട് ജാമ്യ വ്യവസ്ഥകളാണ് നിലനില്‍ക്കുന്നത്. 1. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം, 2. വസ്തു ജാമ്യം. രണ്ടാമത് പറയുന്ന വസ്തു ജാമ്യം സ്വീകരിക്കാന്‍ തുടങ്ങിയിട്ട് മൂന്നോ നാലോ വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഇതില്‍ തന്നെ ആദ്യത്തെ ജാമ്യ വ്യവസ്ഥയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യം കേരളത്തിലെ വനവാസികളിലെ 95.7% ആളുകള്‍ക്കും സ്വീകാര്യമല്ല. രണ്ടാമത്തെ ജാമ്യവ്യവസ്ഥയായ വസ്തുജാമ്യം കേരളത്തില്‍ 50 സെന്റിന് മുകളില്‍ ഭൂമിയുള്ള വനവാസികള്‍ എന്ന് പറയുന്നത് 13584 (12.66 %) പേരാണ്. ഇവര്‍ക്ക് മാത്രമാണ് വസ്തുജാമ്യ വ്യവസ്ഥ സ്വീകാര്യമാകുന്നത്. ഇതില്‍ തന്നെ കേരളത്തിലെ 87.34% (471255) വരുന്ന ആദിമവാസി ജനങ്ങള്‍ക്ക് വസ്തു ജാമ്യത്തിന് ആവശ്യമായ ഭൂമിയില്ലാത്തതിനാല്‍ വസ്തു ജാമ്യവ്യവസ്ഥ സ്വീകാര്യവുമല്ല.
വര്‍ഷം തോറും കേന്ദ്രഗവണ്‍മെന്റ് കോടിക്കണക്കിന് രൂപ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനായി നല്‍കുന്നു എങ്കിലും വനവാസികള്‍ക്ക് ഈ സ്ഥാപനം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 100 കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് ജോലി നല്‍കുന്ന ഒരു സംവിധാനം മാത്രമായി ഈ സ്ഥാപനം മാറിയിരിക്കുന്നു.

ഇന്ത്യയിലെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പ്രാദേശികഭരണകൂടങ്ങളാണ് തദ്ദേശീയ ഭരണ സ്ഥാപനങ്ങളായ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ. കെട്ടിടങ്ങളും സ്ഥാപനങ്ങളും നിര്‍മ്മിക്കാനും നടത്തിക്കൊണ്ടുപോകാനും അനുമതി നല്‍കുന്നത് തദ്ദേശീയ ഭരണ സ്ഥാപനങ്ങളാണ്. കേരളത്തില്‍ തദ്ദേശീയ ഭരണ സ്ഥാപനങ്ങള്‍ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കുകയും പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നുണ്ട്. നിയമപരമായി സംവരണ തത്വം പാലിച്ചാണ് അത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. എന്നാല്‍ കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഗോത്ര ജനതയുടെ കണക്കുകള്‍ എടുത്തു പരിശോധിക്കുമ്പോള്‍ 100 ല്‍ 1 ശതമാനം പോലും ഗോത്രജനതയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇല്ല. ഉദാഹരണത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ട്രൈബല്‍ പോപ്പുലേഷന്‍ ഉള്ള വയനാട് ജില്ലയിലെ ഷോപ്പിംഗ് കോപ്ലക്‌സുകളില്‍ അവര്‍ക്ക് നല്‍കിയത് നിലവില്‍ 29 റൂമുകളാണ്. ഇവയില്‍ ഒന്നും തന്നെ ഗോത്രജനതയുടെ കൈവശമല്ല. 23 പഞ്ചായത്തും 3 മുനിസിപ്പാലിറ്റിയുമുള്ള വയനാട് ജില്ലയില്‍ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംവരണതത്വം പാലിച്ചിട്ടില്ല എന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കേരളത്തില്‍ മുഴുവന്‍ നാം എടുത്ത് പരിശോധിച്ചാല്‍ സമാനമായ രീതിയില്‍ തന്നെയാണ് എന്ന് കാണാന്‍ സാധിക്കും. ആയിരക്കണക്കിന് കച്ചവടത്തിന് അനുയോജ്യമായ റൂമുകള്‍ കേരളത്തില്‍ സംവരണ അടിസ്ഥാനത്തില്‍ ഉണ്ടാകേണ്ടതാണ്. ഇത്തരം റൂമുകള്‍ കണ്ടെത്തി ഗോത്രജനതയെ കച്ചവടം ചെയ്യിപ്പിക്കാന്‍, സംരംഭകരാക്കാന്‍ പ്രാപ്തരാക്കണം. ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. സംവരണ തത്വം പാലിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാനതലത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
എം.ബി.എ കഴിഞ്ഞ നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ന് ഗോത്ര മേഖലയില്‍ ഉണ്ട്. ഹോട്ടല്‍മാനേജ്‌മെന്റ്, ഫാര്‍മസി, ഫിസിയോതെറാപ്പി, ചെറുകിട ഉല്‍പ്പന്ന നിര്‍മ്മാണം, തയ്യല്‍-മുള ഉല്‍പ്പന്ന നിര്‍മ്മാണം, കരകൗശല നിര്‍മ്മാണം, പന ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കല്‍ ഇത്തരത്തില്‍ വിവിധ മേഖലയില്‍ കഴിവുള്ള യുവതീ യുവാക്കളെ കണ്ടെത്തി അവര്‍ക്ക് മുകളില്‍ സൂചിപ്പിച്ച ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ റൂമുകള്‍ നല്‍കിയാല്‍ നിരവധി വ്യക്തികളെ സംരംഭകരാക്കാനും സാമ്പത്തികമായി ഗോത്രജനതയെ ഉയര്‍ത്താനും സാധിക്കും. സമാനമായ അവസ്ഥയാണ് പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയുടെ കാര്യത്തിലും. നിരവധി പെട്രോള്‍ പമ്പുകള്‍ ഗോത്രജനതയുടെ പേരിലുണ്ട്. പലര്‍ക്കും തുച്ഛമായ തുക നല്‍കി ബിനാമികള്‍ നടത്തിവരുന്നതായി കാണാന്‍ സാധിക്കും. പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നിവ നേടിയെടുക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് ഗോത്ര ജനതയ്ക്ക് വ്യക്തമായി അറിയില്ല. ഇത്തരം കാര്യങ്ങള്‍ എങ്ങനെ നേടിയെടുക്കണമെന്ന് സര്‍ക്കാരും ബന്ധപ്പെട്ട പട്ടികവര്‍ഗ്ഗ വകുപ്പും വിവരങ്ങള്‍ നല്‍കുന്നുമില്ല. അതുകൊണ്ട് തന്നെ വര്‍ഷങ്ങളായി ഇക്കാര്യങ്ങള്‍ അറിയുന്ന ഗോത്രവിഭാഗത്തിലെ ചുരുക്കം ചില വ്യക്തികള്‍ മുഖാന്തിരം ഏജന്‍സികള്‍ ശരിയാക്കാന്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നതായും അറിയുന്നു. അത്തരത്തില്‍ ചിലര്‍ കണ്ണൂര്‍ ജില്ലയിലും മറ്റ് തൊട്ടടുത്ത ജില്ലകളിലും ഗ്യാസ് ഏജന്‍സിയും പെട്രോള്‍ പമ്പും വാങ്ങിയെടുത്ത് വില്‍പ്പന നടത്തിയതായും അറിയുന്നു. ഇത്തരം വ്യക്തികള്‍ക്കെതിരെ കേന്ദ്രഗവണ്‍മെന്റ് അന്വേഷണം നടത്തി നടപടി എടുക്കേണ്ടതുണ്ട്.
(തുടരും)