പാനിപ്പത്ത് (ഹരിയാന): ധര്‍മ്മാവിഷ്‌കാരത്തിലൂടെ രാഷ്ട്രത്തിന്റെ യശസ്സുയര്‍ത്താന്‍ പരിശ്രമിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. പട്ടികല്യണയില്‍ ശ്രീ മാധവ് ജനസേവ ന്യാസ് പുതുതായി നിര്‍മ്മിച്ച സേവാസാധന ഗ്രാമവികസന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനവും സാധനയും ഗ്രാമജീവിതവുമാണ് ധര്‍മ്മാവിഷ്‌കാരത്തിന്റെ മാര്‍ഗങ്ങള്‍. ഇതിന്റെ ആധാരത്തില്‍ രാഷ്ട്രത്തിന്റെ മഹത്വം സ്ഥാപിക്കാന്‍ കഴിയും. ലോകം ഇപ്പോള്‍ പ്രതീക്ഷയോടെയാണ് ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നത്. മുഴുവന്‍ മാനവരാശിയുടെയും ക്ഷേമം ഉറപ്പാക്കുന്നതിന് ആര്‍എസ്എസ് പ്രതിജ്ഞാബദ്ധമാണെന്നും പ്രതിസന്ധി ഘട്ടത്തില്‍ ശ്രീലങ്ക, ഉക്രൈന്‍, സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലൊക്കെ ഹിന്ദു സ്വയംസേവക് സംഘ് പ്രവര്‍ത്തകര്‍ ജനസേവയില്‍ മുഴുകിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം കുടുംബങ്ങളുടെ പങ്കാ ളിത്തത്തോടെയാണ് ഗ്രാമവികാസ യജ്ഞത്തില്‍ ജനസേവാന്യാസ് മുന്നേറുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. ഓരോ സ്വയംസേവകനും പദ്ധതിയുടെ പിന്നിലെ ചാലകശക്തിയാണ്, മുഴുവന്‍ സമൂഹത്തിന്റെയും ഊര്‍ജ്ജം അതിലുണ്ട്. സേവനപ്രവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇത്തരം പദ്ധതികളില്‍ ഇടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറ് ഗ്രാമങ്ങള്‍ ദത്തെടുത്ത് സ്വാശ്രയ ഗ്രാമ വികസനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തി ക്കുന്ന ജനസേവാന്യാസ് നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കുന്നതിന് ശ്രീവിശ്വകര്‍മ കൗശല്‍ വിശ്വവിദ്യാലയവുമായി ധാരണാപത്രവും ഒപ്പുവച്ചു.