ജൂത പാരമ്പര്യത്തില്‍ ജനിച്ച കാറല്‍ മാര്‍ക്‌സിന്റെ ജൂത വിരോധം അഡോള്‍ഫ് ഹിറ്റ്‌ലറെപ്പോലെ അന്ധവും ചിലപ്പോഴൊക്കെ കൂടുതല്‍ കഠിനവുമായിരുന്നു. ജൂതമതക്കാരനല്ലായെന്നത് ഹിറ്റ്‌ലറുടെ വിരോധത്തിനും വെറുപ്പിനും ന്യായീകരണമൊന്നുമല്ലെങ്കിലും ചില വിശദീകരണങ്ങള്‍ സാധ്യമാണ്. എന്നാല്‍ മാര്‍ക്‌സിന്റെ കാര്യത്തില്‍ വളരെ വിചിത്രമാണ് ഈ ജൂതവിരോധം. യൂറോപ്പില്‍ ജൂതവിരോധം വളരെ ശക്തമായിരുന്ന ഒരു കാലത്താണ് മാര്‍ക്‌സ് ജൂതന്മാരെയും ജൂതമതത്തെയും കടന്നാക്രമിച്ചത്. തന്റെ ജൂത പാരമ്പര്യം മാര്‍ക്‌സ് മറച്ചുപിടിക്കുകയോ അതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയോ ചെയ്തതിനെക്കുറിച്ച് ജീവചരിത്രകാരനായ ഇസയ്യ ബെര്‍ളിന്‍ പറയുന്നത് ഇങ്ങനെയാണ്:
”താന്‍ ഒരു ജൂതനായിരുന്നു എന്ന കാര്യം മാര്‍ക്‌സോ ഏംഗല്‍സോ ഒരിക്കല്‍പ്പോലും പരാമര്‍ശിച്ചില്ല. അതേസമയം ജൂതമതക്കാരായ വ്യക്തികളെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ പരാമര്‍ശങ്ങള്‍, പ്രത്യേകിച്ച് ഏംഗല്‍സിന് എഴുതിയ കത്തുകളിലേത് വിഷലിപ്തമാണ്. തന്റെ ജൂതജന്മം മാര്‍ക്‌സിന് വ്യക്തിപരമായ ഒരു കളങ്കമായി മാറിയിരുന്നു. മറ്റുള്ളവരെ കുറ്റപ്പെടുത്തി ഇത് അവഗണിക്കാന്‍ കഴിഞ്ഞില്ല…” (132)
തങ്ങളുടെ നായകനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാകയാല്‍ ജൂതവിദ്വേഷം വമിക്കുന്ന മാര്‍ക്‌സിന്റെ എഴുത്തുകള്‍ അതിന്റെ സൂക്ഷിപ്പുകാരായ അനുയായികള്‍ മുക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തുവെന്നാണ് നതാനിയേല്‍ വെയ്ല്‍ പറയുന്നത്. ജൂതവിരോധം അണപൊട്ടിയൊഴുകുന്ന മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ദുര്‍ഗന്ധപൂരിതമായ ഭാഷ കുറെയൊക്കെ അനുയായികള്‍ നശിപ്പിച്ചു. ജര്‍മന്‍ സോഷ്യലിസ്റ്റും ജൂതനേതാവുമായിരുന്ന ഫെര്‍ഡിനാന്റ് ലസ്സാലിനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചുകൊണ്ടുള്ള മാര്‍ക്‌സിന്റെ കത്തിന് എഴുതിയ മറുപടിയില്‍ ഏംഗല്‍സ് ലസ്സാലിനെ വിശേഷിപ്പിക്കുന്നത് ‘അയാള്‍ ബ്രസ്ലോവില്‍നിന്നുള്ള വഴുവഴുത്ത ജൂതനല്ലാതെ മറ്റാരുമല്ല’ എന്നാണ്. തനിക്ക് അസഹ്യനായ വ്യക്തിയാണ് ലസ്സാലെന്നും ഏംഗല്‍സ് കൂട്ടിച്ചേര്‍ക്കുന്നു. സോവിയറ്റ് പണ്ഡിതനായ ഡേവിഡ് റിയാസനോവാണ് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ഈ കത്തുകള്‍ പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. പിന്നീട് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സ്റ്റാലിന്‍ റിയാസനോവിനെ പുറത്താക്കി.
മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കത്തുകള്‍ ജര്‍മന്‍ സോഷ്യലിസ്റ്റുകളുടെ കയ്യിലെത്തിയപ്പോള്‍ പാര്‍ട്ടി താല്‍പ്പര്യം മുന്‍നിര്‍ത്തി അവ വളച്ചൊടിച്ചു. എഡിറ്റര്‍മാരായ അഗസ്റ്റ് ബാബേലും എഡ്വേര്‍ഡ് ബേണ്‍സ്റ്റെയിനും ചില കത്തുകള്‍ നശിപ്പിച്ചു. ചില കത്തുകളിലെ ഭാഷാപ്രയോഗങ്ങള്‍ ഒഴിവാക്കി. പാര്‍ട്ടി പിന്തുണയാര്‍ജിക്കാന്‍ ശ്രമിക്കുന്നവരുടെ ദേശീയവും വംശീയവുമായ വികാരങ്ങളെ മുറിപ്പെടുത്താതിരിക്കാനായിരുന്നു ഇത്. ഈ പത്രാധിപന്മാരില്‍ ബേണ്‍സ്റ്റെയിന്‍ ഒരു ജൂതനായിരുന്നുവെന്നും ഓര്‍ക്കണം. ശാസ്ത്രീയ സോഷ്യലിസ്റ്റുകളാണെന്ന് അവകാശപ്പെടുന്നവരും, ബൂര്‍ഷ്വാ പണ്ഡിതന്മാരുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നവരുമാണ് ഇപ്രകാരം തെളിവുകള്‍ നശിപ്പിച്ചതെന്ന് നതാനിയേല്‍ വിമര്‍ശിക്കുന്നു. മാര്‍ക്‌സിന്റെ രോഗാതുരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ജൂതവിരോധം പല നിലകളില്‍ നിര്‍ണായകമാണ്. ആവര്‍ത്തിച്ചു പ്രകടിപ്പിക്കുന്ന ഈ വിദ്വേഷം മാര്‍ക്‌സിന്റെ മനസ്സില്‍ ആഴത്തില്‍ വേരോടിയിട്ടുള്ളതായിരുന്നു.
ഭ്രാന്തമായ മുന്‍വിധികള്‍
മാര്‍ക്‌സും ഏംഗല്‍സും അന്താരാഷ്ട്രവാദികളായിരുന്നില്ല, വംശീയവാദികളായിരുന്നുവെന്നതിന് ജൂതവിദ്വേഷം വമിക്കുന്ന ഇരുവരുടെയും കത്തുകള്‍ എത്ര വേണമെങ്കിലും തെളിവു നല്‍കുന്നു. ജൂതന്മാരോട് മാത്രമല്ല, താണവരായി കരുതപ്പെട്ട മറ്റ് ജനവിഭാഗങ്ങളോടും ഇവര്‍ക്ക് വിദ്വേഷമായിരുന്നു. മാര്‍ക്‌സിനെ അനുസരിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കെതിരെയും അധിക്ഷേപം ചൊരിയുന്ന രീതിയും മാര്‍ക്‌സ്-ഏംഗല്‍സ് കത്തിടപാടുകളില്‍ പ്രകടമാണ്.
”മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കത്തിടപാടുകളില്‍ കാണുന്നതിനെക്കാള്‍ കുറവാണ് ഹിറ്റ്‌ലറുടെ രഹസ്യസംഭാഷണങ്ങളില്‍ പ്രസരിക്കുന്ന വിദ്വേഷവും നശീകരണവുമെന്നത് വിചിത്രമായി തോന്നാം. ഇതിന് ഒരു വിശദീകരണമുണ്ട്. ആറ് ദശലക്ഷം ജൂതന്മാരെ ഗ്യാസ് ചേമ്പറിലേക്കയച്ചും, ദശലക്ഷക്കണക്കിന് സ്ലാവുകളെയും മറ്റ് റഷ്യക്കാരെയും അമിതാധ്വാനം ചെയ്യിപ്പിച്ചും പട്ടിണിക്കിട്ടും ഇല്ലാതാക്കുകയാണ് ഹിറ്റ്‌ലര്‍ ചെയ്തതെങ്കില്‍ മാര്‍ക്‌സിനും ഏംഗല്‍സിനും അതിന് കഴിഞ്ഞില്ല. സര്‍വനാശകമായ യുദ്ധം സ്വപ്‌നം കാണാന്‍ മാത്രമേ ഇരുവര്‍ക്കും കഴിഞ്ഞുള്ളൂ. മുഴുവന്‍ ജനങ്ങളും ഉന്മൂലനം ചെയ്യപ്പെടുന്നത് ഭാവനയില്‍ കാണുകയായിരുന്നു ഇവര്‍” (133)എന്നാണ് നതാനിയേല്‍ വെയ്ല്‍ എഴുതുന്നത്.
ചുവന്ന ഹിറ്റ്‌ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന മാര്‍ക്‌സിന്റെ കടുത്ത വംശീയവിദ്വേഷം മറച്ചുപിടിക്കാന്‍ ജീവചരിത്രകാരന്മാര്‍ പല കുതന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ഇതിലൊന്നാണ് ഫ്രാന്‍സ് മെഹ്‌റിംഗ് എഴുതിയ ‘ഔദ്യോഗിക’ ജീവചരിത്രം. ഈ പുസ്തകത്തിന്റെ ഇന്‍ഡക്‌സില്‍ ജൂതവിരോധം, ജൂതന്മാര്‍ എന്നൊന്നും കാണിച്ചിട്ടില്ലാത്തത് ബോധപൂര്‍വമാണ്. മാര്‍ക്‌സിന്റെ ‘ജൂതപ്രശ്‌നത്തെക്കുറിച്ച്’ എന്ന കുപ്രസിദ്ധമായ ലേഖനത്തെക്കുറിച്ച് പറയുന്ന ഒരു ചെറിയ ഭാഗമുണ്ട്. ”പ്രായോഗിക ജൂതമതം എന്നത് പൂര്‍ണവികാസം പ്രാപിച്ച ക്രൈസ്തവ ലോകമല്ലാതെ മറ്റൊന്നുമല്ല” എന്നു തെറ്റിദ്ധരിപ്പിക്കാനാണ് ഇതില്‍ ശ്രമിക്കുന്നത്. മാര്‍ക്‌സിനെ ഒരു ജൂത വിരോധിയായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മാര്‍ക്‌സിസ്റ്റ് പണ്ഡിതനായ ഡേവിഡ് മക്‌ലെല്ലാനും പറയുന്നുണ്ട്. ജൂഡായിസം എന്ന വാക്കിന്റെ ജര്‍മന്‍ ഭാഷയിലെ തത്ഭവം ‘ജുസെന്‍ടം’ ആണ്. വാണിജ്യം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. മാര്‍ക്‌സിന്റെ മനസ്സിലുണ്ടായിരുന്ന ഈ അര്‍ത്ഥത്തിലാണ് ലേഖനത്തിലുടനീളം പ്രയോഗിച്ചിട്ടുള്ളത് എന്നൊക്കെയാണ് ഏറെ പണിപ്പെട്ട് മക്‌ലെല്ലാന്‍ വിശദീകരിക്കുന്നത്. ‘പ്രായോഗിക ജൂതമതം’ ഇതിന്റെ ഉയര്‍ന്നഭാവം ആണെന്നും, മുതലാളിത്തം ഇല്ലാതാക്കിയാണ് ജൂതന്മാരുടെ വിമോചനം സാധ്യമാക്കേണ്ടതെന്നുമൊക്കെ മാര്‍ക്‌സ് ചിന്തിച്ചതായാണ് മക്‌ലെല്ലാന്‍ കണ്ടുപിടിക്കുന്നത്. മാര്‍ക്‌സിനോടുള്ള ആരാധനയില്‍നിന്ന് വരുന്ന നിഷ്‌കളങ്കമായ ഈ വിശദീകരണം തെളിവുകള്‍ക്ക് മുന്നില്‍ നിലനില്‍ക്കില്ല.
യഥാര്‍ത്ഥത്തില്‍ സോഷ്യലിസത്തെയും കമ്യൂണിസത്തെയും പരസ്യമായി എതിര്‍ക്കുന്ന കാലത്തും (മാര്‍ക്‌സിന്റെ ഈ ഭൂതകാലം മാര്‍ക്‌സിസ്റ്റുകള്‍ക്ക് പൊതുവെ അജ്ഞാതമാണ്) മാര്‍ക്‌സ് ജൂതവിരോധം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രൈസ്തവരെപ്പോലെ തങ്ങള്‍ക്കും പൗരാവകാശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിവേദനത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊളോണിലെ ജൂതമത നേതാക്കള്‍ ‘റൈനിഷ് സെയ്റ്റുംഗ്’ എന്ന ജര്‍മന്‍ പത്രത്തിന്റെ എഡിറ്ററായിരുന്ന മാര്‍ക്‌സിനെ സമീപിക്കുന്നുണ്ട്. ഒരു ക്രൈസ്തവ രാഷ്ട്രത്തില്‍ കഴിയുന്നത്ര തുളകളുണ്ടാക്കാന്‍ ഈ ആവശ്യത്തെ പിന്തുണച്ച മാര്‍ക്‌സ് പക്ഷേ ”ഇസ്രായേലികളുടെ മതം ഓക്കാനമുണ്ടാക്കുന്നതാണ്” എന്നും പറയുന്നു. ‘the israelite religious widerlitch’ എന്നാണ് മാര്‍ക്‌സിന്റെ വാക്കുകള്‍. ‘വൈഡര്‍ലിച്ച്’ എന്ന ജര്‍മന്‍ വാക്കിന് അസഹനീയം, ജുഗുപ്‌സാവഹം എന്നുമൊക്കെ അര്‍ത്ഥമുണ്ട്. മാര്‍ക്‌സിനെ വെള്ളപൂശാന്‍ ‘ജൂതപ്രശ്‌നത്തെക്കുറിച്ച്’ എന്ന ലേഖനത്തെ അനുയായികള്‍ ദുര്‍വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജൂതന്മാര്‍ക്കെതിരെയുള്ള അക്രമാസക്തവും നിന്ദ്യവുമായ ഒരു കടന്നാക്രമണമായിരുന്നു അത്. ”ജൂതന്മാരുടെ സാമൂഹ്യ വിമോചനം എന്നത് ജൂതസ്വഭാവത്തില്‍നിന്ന് അക്കൂട്ടരെ മോചിപ്പിക്കലാണ്” എന്നു പ്രഖ്യാപിക്കുകയാണല്ലോ മാര്‍ക്‌സ്. വംശീയ ഉന്മൂലനമെന്നതാണ് ഇതിന്റെ പ്രായോഗിക അര്‍ത്ഥം.
ജൂതമതത്തെക്കുറിച്ചും അവരുടെ സംസ്‌കാരത്തെക്കുറിച്ചും അറിയാത്ത ഒരാളാണ് ഇങ്ങനെ എഴുതിയതെങ്കില്‍ അക്കാലത്തെ മുന്‍വിധികളാണ് ഇതിന് കാരണമെന്ന ഒഴികഴിവ് പറയാം എന്നാണ് നതാനിയേല്‍ വെയ്ല്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ തന്റെ കുടുംബ പശ്ചാത്തലം, പാരമ്പര്യം എന്നിവയില്‍നിന്ന് താന്‍ പറയുന്നത് നുണക്കഥകളാണെന്ന് മാര്‍ക്‌സിനുതന്നെ അറിയാമായിരുന്നു. മാര്‍ക്‌സിന്റെ പൂര്‍വികരില്‍ വലിയൊരു വിഭാഗം ജൂത പുരോഹിതന്മാരായിരുന്നു. ജൂതസ്വഭാവം വിലപേശലും പണത്തോടുള്ള ആരാധനയുമാണെങ്കില്‍ തനിക്ക് വിദ്യാഭ്യാസം നല്‍കാന്‍ ത്യാഗങ്ങളനുഷ്ഠിച്ച സ്വന്തം കുടുംബത്തെക്കുറിച്ച് മാര്‍ക്‌സിന് എന്താണ് പറയാനുണ്ടാവുക? സ്വന്തം മാതാപിതാക്കളെ തന്നെയാണ് മാര്‍ക്‌സ് നിന്ദിക്കുന്നത്. മാര്‍ക്‌സിന്റെ ഈ പ്രബന്ധം പ്രസിദ്ധീകരിക്കുന്ന കാലത്ത് ജര്‍മനിയിലെ ജൂതന്മാരില്‍ പകുതിയിലേറെപ്പേരും കൈത്തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കുന്നവരായിരുന്നു. ഇതൊന്നും കാണാന്‍ കൂട്ടാക്കാത്ത ഹെഗലിന്റെ ശിഷ്യനും ജര്‍മന്‍ മതചിന്തകനുമായ ബ്രൂണോ ബയറിന്റെ ജൂതവിരുദ്ധ ജല്‍പ്പനങ്ങള്‍ കടംകൊള്ളുകയാണ് മാര്‍ക്‌സ് ചെയ്തത്. ജൂതമതസ്ഥര്‍ ആരാധനയുടെ ഭാഗമായി നരബലി നടത്തുന്നവരാണെന്നും മറ്റുമുള്ള ദുഷ്പ്രചാരണം കെട്ടഴിച്ചുവിട്ട് വംശീയ ഉന്മൂലനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് മാര്‍ക്‌സ് ഈ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. മതപരവും വംശീയവുമായ വിദ്വേഷത്തിനു മാത്രമല്ല, കൂട്ടക്കൊലയ്ക്കും പ്രേരിപ്പിക്കുന്നതായിരുന്നു ഇത്. ”ജൂത സ്ത്രീകളെയും കുട്ടികളെയുമൊക്കെ ഗ്യാസ് ചേമ്പറിലേക്ക് നയിച്ചവര്‍ മാര്‍ക്‌സിന്റെ ‘ജൂതപ്രശ്‌നത്തെക്കുറിച്ച്’ എന്ന ലേഖനം വായിച്ചവരാണോ എന്നു വ്യക്തമല്ലെന്നും, വായിച്ചിട്ടുണ്ടെങ്കില്‍ അവരെ നരഹത്യകള്‍ക്ക് പ്രേരിപ്പിച്ചിരിക്കാം”(134) എന്നുമാണ് വെയ്ല്‍ വിലയിരുത്തുന്നത്.
മാര്‍ക്‌സിന്റെ പേക്കിനാവ്
മാര്‍ക്‌സിന് പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നുവല്ലോ ഗൊയ്‌ഥെ. ബ്രിട്ടീഷ് ആധിപത്യത്തിനു കീഴില്‍ ഇന്ത്യന്‍ സാമൂഹ്യഘടന തകരുന്നതില്‍ കണ്ണീര്‍ പൊഴിക്കേണ്ടതില്ലെന്ന് മാര്‍ക്‌സ് പറയുന്നത് ഗൊയ്‌ഥെയുടെ വരികള്‍ ഉദ്ധരിച്ചാണ്. ”ചെറിയ മനുഷ്യരുടെ ദ്രോഹബുദ്ധി എന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്” എന്നും ഗൊയ്‌ഥെ ഒരിക്കല്‍ പറയുകയുണ്ടായി. മരിക്കുന്നതുവരെ മാര്‍ക്‌സ് നിലനിര്‍ത്തിയ ജൂതവിരോധം ഇത്തരമൊന്നായിരുന്നു. മാര്‍ക്‌സിനെയും ഏംഗല്‍സിനെയും സോഷ്യലിസത്തിലേക്ക് ജ്ഞാനസ്‌നാനം ചെയ്യിച്ചയാളാണ് മോസസ് ഹെസ്. മാര്‍ക്‌സിനോട് ഒരുതരം ആരാധനയായിരുന്നു ഹെസിന്. റൂസോ, വോള്‍ട്ടയര്‍, ഹെഗല്‍ എന്നിവരുടെ അറിവും ഫലിതബോധവും സമന്വയിച്ചയാളാണ് മാര്‍ക്‌സ് എന്നാണ് ഹെസ് പറഞ്ഞിട്ടുള്ളത്. ഈ മനുഷ്യനോട് മാര്‍ക്‌സ് എന്താണ് ചെയ്തതെന്നോ? പണമില്ലാതെ വിഷമിച്ചിരുന്ന സസനോഫ് എന്ന ഒരു റഷ്യന്‍ യുവാവിനെ ഹെസ് സാമ്പത്തികമായി സഹായിക്കുകയും അയാള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഏംഗല്‍സിനെഴുതിയ കത്തില്‍ ഈ യുവാവിനെയും ഹെസിന്റെ ഭാര്യ സിബിലിയെയും ബന്ധിപ്പിച്ച് അവരെ സ്വഭാവഹത്യ ചെയ്യുന്ന പരാമര്‍ശങ്ങളാണ് മാര്‍ക്‌സ് നടത്തുന്നത്. ”ഹെസിന്റെയും ഭാര്യയുടെയും കഥകള്‍ ചിരിക്ക് വക നല്‍കുന്നതാണ്” എന്നു ഏംഗല്‍സ് മറുപടി നല്‍കുകയും ചെയ്തു. മോസെസ് ഹെസ് ഒരു ജൂതനായതാണ് മാര്‍ക്‌സിനെ ഇതിനൊക്കെ പ്രേരിപ്പിച്ചത്. ‘തീസിസ് ഓണ്‍ ഫ്യൂയര്‍ബാഗ്’ എന്ന പ്രബന്ധത്തിലും മാര്‍ക്‌സ് ജൂതമതസ്ഥരെക്കുറിച്ച് വളരെ മോശമായ പരാമര്‍ശം നടത്തുന്നുണ്ട്. മനുഷ്യ പ്രയത്‌നങ്ങളെ ‘വൃത്തികെട്ട ജൂതപ്രവൃത്തിയായാണ്’ ഫ്യൂയര്‍ബാഗ് കണ്ടതെന്നാണ് മാര്‍ക്‌സ് എഴുതുന്നത്. മാര്‍ക്‌സിന്റെ രചനകളിലുടനീളം ഇത്തരം പരാമര്‍ശങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാമെന്ന് വെയ്ല്‍ നിരീക്ഷിക്കുന്നു.
യാതൊരു ആവശ്യവുമില്ലാതെയും തന്റെ എഴുത്തിലേക്ക് മാര്‍ക്‌സ് ജൂതവിരോധം വലിച്ചിഴച്ചുകൊണ്ടുവരുന്നുണ്ട്. ജീവചരിത്രകാരനായ സൗള്‍ കുസ്സിയേല്‍ പഡോവെര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു: ”സാരഗര്‍ഭമായ ഉദ്ധരണികളുടെ സമാഹാരമായ ‘തീസിസ് ഓണ്‍ ഫ്യൂയര്‍ബാഗ്’ എന്ന തന്റെ പ്രബന്ധത്തിലും ക്രിസ്തുമതത്തിന്റെ ‘വൃത്തികെട്ട ജൂതഘടകം’ എന്ന മുന്‍വിധി ആവശ്യമാണെന്ന് മാര്‍ക്‌സ് ചിന്തിച്ചു. മാര്‍ക്‌സിന്റെ സ്വകാര്യ കത്തുകളിലും ലെവിയുടെ ജൂതമൂക്ക്, കൊള്ളപ്പലിശക്കാര്‍, ജൂതച്ചെറുക്കന്‍, നീഗ്രോ ജൂതന്‍ എന്നിങ്ങനെയുള്ള ജൂത വിരുദ്ധ പരാമര്‍ശങ്ങളും പരിഹാസവും സമൃദ്ധമായി ഉപയോഗിച്ചു. ആത്മനിന്ദ എന്നര്‍ത്ഥമുള്ള സെല്‍ബ്‌സ്താസ് (selbsthass) എന്ന ജര്‍മന്‍ സങ്കല്‍പംകൊണ്ട് ഈ വിരോധം വിശദീകരിക്കാന്‍ കഴിഞ്ഞേക്കും. സ്വന്തം ആത്മാവില്‍നിന്ന് കാലമോ അനുഭവങ്ങളോ പിഴുതെറിയാത്ത ഒരു പുണ്ണായിരുന്നു മാര്‍ക്‌സിന്റെ ജൂതവിരോധം.” (135) ഈ വിദ്വേഷത്തിന് മാര്‍ക്‌സ് ഒരു സൈദ്ധാന്തിക വിശദീകരണം നല്‍കുന്നുവെന്നതാണ് ഇതിലും വിചിത്രമായ കാര്യം.
മാര്‍ക്‌സിന്റെ ജൂതവിദ്വേഷം എടുത്തുകാട്ടുമ്പോള്‍ നതാനിയേല്‍ വെയ്ല്‍ മറ്റൊരു സംഭവം പറയുന്നത് ഇങ്ങനെയാണ്: മാര്‍ക്‌സിനെ ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണില്‍ എഴുതിച്ചയാളാണല്ലോ ചാള്‍സ് എ.ഡാന. ഫ്രാങ്കോയിസ് ചാള്‍സ് മാരി ഫോരിയര്‍ രൂപംനല്‍കിയ ചില കിറുക്കന്‍ ആശയങ്ങളെ മാതൃകയാക്കി ബ്രൂക് ഫാം എന്നയാള്‍ രൂപീകരിച്ച ഒരു സമൂഹ കൂട്ടായ്മയില്‍ അഞ്ച് വര്‍ഷം താമസിച്ചയാളാണ് ഡാന. അപരിഷ്‌കൃതമായ ജൂതവിരോധം കൊണ്ടു നടന്നയാളായിരുന്നു ഫോരിയര്‍. കടുത്ത ജൂതവിരോധികളെ ശിഷ്യന്മാരാക്കുകയും ചെയ്തു. മാര്‍ക്‌സിനെ കണ്ടുമുട്ടിയ ഡാനയ്ക്ക് തങ്ങള്‍ക്കിടയില്‍ പൊതുവായ ചിലതുണ്ടെന്ന് മനസ്സിലായി. ‘ജൂസ് ബില്‍’ എന്ന ഒരു ലേഖനം മാര്‍ക്‌സ് ട്രിബ്യൂണില്‍ എഴുതുകയുണ്ടായി. ബ്രിട്ടീഷ് പ്രജകളുടെ അവകാശങ്ങളിലേറെയും ജൂതന്മാര്‍ക്കും നല്‍കാനുദ്ദേശിക്കുന്ന ബില്ലായിരുന്നു അത്. ‘പരിഷ്‌കരണ പ്രഹസനം’ എന്നാണ് മാര്‍ക്‌സ് അതിനെ വിശേഷിപ്പിച്ചത്. ജൂതമതക്കാരനായ ബ്രിട്ടീഷ് ബാങ്കറും രാഷ്ട്രീയ നേതാവുമായ ബാരണ്‍ ലയണല്‍ ഡി റോത്‌ചൈല്‍ഡ് എന്നയാളുടെ നേട്ടത്തിനുവേണ്ടിയാണ് ഈ ബില്ലെന്നായിരുന്നു മാര്‍ക്‌സിന്റെ നിലപാട്. ബ്രിട്ടീഷ് പാര്‍ലമെന്റിനെ വളരെക്കാലമായി ഭരിക്കുന്നത് പലിശയ്ക്ക് പണംകൊടുപ്പായതിനാല്‍ ഈ ബില്‍ തീര്‍ത്തും അസംബന്ധം എന്നു പരിഹസിക്കാനും മാര്‍ക്‌സ് മറന്നില്ല.
ഒരു മുന്‍ വിപ്ലവകാരിയും സ്വിസ് പ്രകൃതി ശാസ്ത്ര പണ്ഡിതനുമായ കാള്‍ വോഗ്റ്റ്, മാര്‍ക്‌സിന്റെ നിശിത വിമര്‍ശകനായിരുന്നു. കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ നേതാവെന്ന നിലയക്ക് മാര്‍ക്‌സ് തന്റെ പദവി ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനും പണാപഹരണത്തിനും ഉപയോഗിക്കുകയാണെന്ന് വോഗ്റ്റ് കുറ്റപ്പെടുത്തുകയുണ്ടായി. തനിക്കെതിരായ ഈ ആരോപണങ്ങളെക്കുറിച്ച് ലണ്ടനിലെ ‘ഡെയ്‌ലി ടെലിഗ്രാഫ്’ എഡിറ്റര്‍ മോസസ് ജോസഫ് ലെവി ചര്‍ച്ച ചെയ്തത് മാര്‍ക്‌സിനെ ക്രുദ്ധനാക്കി. സംസ്‌കാരശൂന്യമായാണ് മാര്‍ക്‌സ് ഇതിനോട് പ്രതികരിച്ചത്. ”ലണ്ടനിലെ എല്ലാ കക്കൂസുകളും തെംസ് നദിയിലേക്കാണ് മാലിന്യം തള്ളുന്നത്. ഇതുപോലെ സര്‍വ സാമൂഹ്യ മാലിന്യങ്ങളും ഡെയ്‌ലി ടെലിഗ്രാഫ് എന്ന സെന്‍ട്രല്‍ സെവറില്‍ അടിഞ്ഞുകൂടുകയാണ്.” ഈ പ്രധാന ഓവുചാലിന്റെ രസതന്ത്രജ്ഞനാണ് ലെവിയെന്നും ”വഴിയാത്രക്കാരെ നില്‍ക്കൂ, മൂത്രമൊഴിച്ചിട്ടു പോകൂ” എന്നൊരു ബോര്‍ഡ് ലെവിയുടെ ഓഫീസിനു മുന്നില്‍ സ്ഥാപിക്കണമെന്നുവരെ മാര്‍ക്‌സ് പരിഹസിച്ചു. റോബര്‍ട്ട് പയ്ന്‍ എഴുതിയ മാര്‍ക്‌സിന്റെ ജീവചരിത്രത്തില്‍ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ”മാര്‍ക്‌സിന്റെ ലൈംഗികമായ പേക്കിനാവുകളും നിരാശയും, ജൂതവിദ്വേഷവും തന്റെ ജൂതപ്രകൃതത്തെക്കുറിച്ചുള്ള നിതാന്തബോധവും, ഒറ്റപ്പെടലും ശാരീരിക ദൗര്‍ബല്യങ്ങളും ഭ്രാന്തമായ ക്ലേശങ്ങളും, ആരാധിക്കുന്നതും അസൂയപ്പെടുത്തുന്നതുമായ എല്ലാം നശിപ്പിക്കുന്നതിനുള്ള ത്വരയുമാണ്” (136) മാര്‍ക്‌സ് ഇങ്ങനെയൊക്കെ വിഷം തുപ്പാന്‍ കാരണമെന്നാണ് പയ്ന്‍ പറയുന്നത്.
മരണം വരെ ജൂതവിരോധം
ജൂതപാരമ്പര്യമുള്ള മാര്‍ക്‌സ് അത് മറച്ചുപിടിക്കാന്‍ ഒരു ജൂതനായ ജോസഫ് ലെവിയെ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത്. സ്വന്തം തെറ്റുകള്‍ ഇരകളുടെമേല്‍ ആരോപിക്കുന്നതായി ഫ്രോയ്ഡ് പറയുന്ന മനോരോഗമാണിതത്രേ. മാര്‍ക്‌സിനെ ഇത്രയേറെ ക്രുദ്ധനാക്കാന്‍ മാത്രം ലെവി എന്താണ് ചെയ്തതെന്നും അറിയേണ്ടതുണ്ട്. മാര്‍ക്‌സിന്റെ പിതാമഹന്‍ മതംമാറി ലെവിയില്‍നിന്ന് ആദ്യം മാര്‍ക്‌സ് ലെവി എന്നും, പിന്നീട് മാര്‍ക്‌സ് എന്നും പേരുകള്‍ സ്വീകരിച്ചതിനെക്കുറിച്ച് ജോസഫ് ലെവി സൂചിപ്പിച്ചതാണ് മാര്‍ക്‌സിന്റെ സമനില തെറ്റിച്ചത്. മികച്ച എഡിറ്ററെന്ന് പേരെടുത്തയാളാണ് ലെവി. ലണ്ടനില്‍ വസിച്ച് തന്റെ അറിവും പിടിപാടും ഉപയോഗിച്ച്, ദുര്‍വൃത്തിയൊന്നുമില്ലാതെ വിജയം വരിച്ച ജൂതമതക്കാരനാണ് ലെവി എന്നത് മാര്‍ക്‌സിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
രാഷ്ട്രീയത്തിലെ ജൂതവിദ്വേഷത്തിന്റെ ഉപജ്ഞാതാവായി മാര്‍ക്‌സിനെ ആരും കാണുന്നില്ല. അത്യന്തം ഹീനമായ ആ പദവി ‘ശാസ്ത്രീയ വംശീയ വാദം’ അവതരിപ്പിച്ച ജോസഫ് ആര്‍തര്‍ ഡി ഗോബിനോ എന്ന ഫ്രഞ്ചുകാരന് അവകാശപ്പെട്ടതാണ്. 1853-55 കാലത്ത് ഗോബിനൊ എഴുതിയ പ്രബന്ധത്തിലാണ് ഇതുള്ളത്. എന്നാല്‍ ഗോബിനോവിനെക്കുറിച്ച് മാര്‍ക്‌സിന് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. ജൂതകുടുംബത്തില്‍ ജനിച്ച് ക്രിസ്തുമത വിഭാഗമായ പ്രൊട്ടസ്റ്റന്റ് സഭയിലേക്ക് മാറിയ ആളാണ് മാര്‍ ക്‌സ്. പ്രൊട്ടസ്റ്റന്റുകാരുടെ ജൂതവിരോധം മുഴുവനും മാര്‍ക്‌സ് ഉള്‍ക്കൊണ്ടു. തന്റെ കാലത്തെ ഏതൊരു ജര്‍ മന്‍ പ്രൊട്ടസ്റ്റന്റിനെയും പോലെയാണ് മാര്‍ക്‌സും ജൂതവിരോധിയായത്.
പ്രായാധിക്യവും രോഗങ്ങളുംകൊണ്ട് മനഃശക്തി ചോര്‍ന്നതോടെ ആശയങ്ങളിലുള്ള തീവ്രത മാര്‍ക്‌സിന് നഷ്ടമായി. പക്ഷേ അപ്പോഴും ജൂതവിദ്വേഷം പഴയതുപോലെ മാറ്റമില്ലാതെ തുടര്‍ന്നു. മാര്‍ക്‌സിന്റെ അന്ത്യകാലത്തുപോലും ‘ജൂത പ്രശ്‌നത്തെക്കുറിച്ച്’ എന്ന പ്രബന്ധം ജര്‍മന്‍ സോഷ്യലിസ്റ്റ് പ്രസ് പുനഃപ്രസിദ്ധീകരിച്ചു. മാര്‍ക്‌സിന്റെ അനുമതിയോടെയാണ് ഇതെന്ന് കരുതപ്പെടുന്നു. ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാപകനും സങ്കുചിതമനസ്‌കനുമായിരുന്ന വില്‍ഹെം ലിബ്‌നെക്റ്റ് മാര്‍ക്‌സിന്റെ ‘ജൂതസ്വഭാവത്തെക്കുറിച്ചുള്ള കണ്ടുപിടുത്തങ്ങളെ’ പ്രശംസിച്ചു. ലെനിന്റെ ഭരണകാലത്ത് വിദ്യാഭ്യാസകാര്യങ്ങളുടെ തലവനായിരുന്ന അനാടോളി ലുണചാര്‍സ്‌കിയാവട്ടെ ‘പ്രതിഭയുടെ ശരിയായ പ്രഹരം’ എന്നും ‘ഇക്കാലത്തും തീര്‍ത്തും സാധുതയുള്ളത്’ എന്നുമൊക്കെ മാര്‍ക്‌സിന്റെ ജൂത പഠനത്തെ വാഴ്ത്തി!
മാര്‍ക്‌സിന്റെ ജൂതവിദ്വേഷം നിറയുന്ന രചനകള്‍ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ജൂതന്മാര്‍ ചരിത്രത്തിലും തത്വചിന്തയിലുമൊന്നും താല്‍പ്പര്യമില്ലാത്തവരും പണത്തെ ആരാധിക്കുന്നവരും വിലപേശുന്നവരുമാണെന്നും മറ്റുമുള്ള ‘കണ്ടുപിടുത്തങ്ങള്‍’ സോവിയറ്റ് യൂണിയനില്‍ പരക്കെ വിശ്വസിക്കപ്പെടുകയും, അത് ജൂതവിദ്വേഷത്തിന് ആക്കം കൂട്ടുകയും ചെയ്തു. 1970 കളുടെ അന്ത്യമായതോടെ ഈ ജൂതവിദ്വേഷവും മിഥ്യാധാരണകളും അതിന്റെ പരമാവധിയിലെത്തി. മാര്‍ക്‌സിന്റെ ജൂതവിരുദ്ധ സാഹിത്യം വ്യാപകമായി അച്ചടിച്ചിറക്കിയതിനാല്‍ സോവിയറ്റ് യൂണിയനില്‍ മാര്‍ക്‌സ് കൂടുതല്‍ ബഹുമാനിതനായി. എന്നാല്‍ ഇതേ മാര്‍ക്‌സ് ഒരു ജൂതനായിരുന്നുവെന്ന സത്യം മാത്രം സോവിയറ്റ് ജനതയെ അറിയിച്ചില്ല.
മാര്‍ക്‌സിനെ തള്ളി മകളും ഏംഗല്‍സും
മാര്‍ക്‌സിന്റെ ജൂതവിരോധം അതേപടി ഉള്‍ക്കൊണ്ട ഏംഗല്‍സ് ചിലപ്പോഴൊക്കെ അതിനെ അതിവര്‍ത്തിക്കുകയും ചെയ്തു. ഒരു ജൂതനായിരുന്ന മാര്‍ക്‌സ് സ്വന്തം ജനതയെ ഇങ്ങനെ നിന്ദിക്കുമ്പോള്‍ അത് തെറ്റാണെന്ന് ഏംഗല്‍സിന് എങ്ങനെ പറയാനാവും എന്നാണ് നതാനിയേല്‍ വെയ്ല്‍ ചോദിക്കുന്നത്. ജൂതവിരോധിയായിരുന്ന മാര്‍ക്‌സ് ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ നിന്നില്ല. തന്റെ ജൂതപാരമ്പര്യം ചര്‍ച്ചയാവുമെന്ന് ഭയന്നായിരുന്നു ഇത്. എന്നാല്‍ ഈ തന്ത്രം മാര്‍ക്‌സിന്റെ രാഷ്ട്രീയ ശത്രുവും വിപ്ലവകരമായ അരാജകത്വത്തിന്റെ വക്താവുമായിരുന്ന മിഖായേല്‍ ബകുനിന്‍ പൊളിച്ചു. മാര്‍ക്‌സിന്റെ തനിനിറം ബകുനിന്‍ തുറന്നുകാട്ടി.
”യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സ് ഒരു ഹീബ്രുവാണ്. അനുഗൃഹീതമായ ഈ ഗോത്രത്തിന്റെ സ്വഭാവ സവിശേഷതകളും ദൗര്‍ബല്യങ്ങളും മാര്‍ക്‌സ് ആര്‍ജിച്ചിട്ടുണ്ട്. ഭീരുത്വത്തോളമെത്തുന്ന ക്ഷിപ്രകോപം, അസാധാരണമാംവിധം സ്ഥാനമോഹിയും പൊങ്ങച്ചക്കാരനും വഴക്കാളിയും അസഹിഷ്ണുവും, യഹോവയെപ്പോലെ എല്ലാം അടക്കി ഭരിക്കുന്നവനും, തന്റെ പൂര്‍വികരുടെ ദൈവമായ യഹോവയെപ്പോലെ ഭ്രാന്തിനോളമെത്തുന്ന പ്രതികാരദാഹിയുമാണ് മാര്‍ക്‌സ്.” (137)
റൈനിഷ് സെയ്റ്റുംഗ് പത്രത്തിന്റെ സര്‍വാധിപതിയായി വാണിരുന്ന മാര്‍ക്‌സ് അതിന്റെ വിയന്ന ലേഖകനായി കടുത്ത ജൂതവിരോധിയായ എഡ്വേര്‍ഡ് വോണ്‍ മുള്ളര്‍ ടെല്ലെറിംഗ് എന്നയാളെ നിയമിച്ചു. മാര്‍ക്‌സ് പ്രശംസകൊണ്ടുമൂടിയ ഇയാള്‍ പിന്നീട് മാര്‍ക്‌സിനെതിരെ തുറന്നടിച്ചു. ഭീരുവും വെളുത്തുള്ളി മണക്കുന്നവനും ഒരു ജെസ്യൂട്ടിനെപ്പോലെ അഹങ്കാരിയും മുഖ്യ ജൂതപുരോഹിതനുമാണ് എന്നൊക്കെ മാര്‍ക്‌സിനെ വിശേഷിപ്പിക്കുന്ന ഒരു ലഘുലേഖ ടെല്ലെറിംഗ് പ്രസിദ്ധീകരിച്ചു. ഈ ആക്രമണത്തിനു മുന്‍പില്‍ മാര്‍ക്‌സ് ഒരു എലിയെപ്പോലെ പതുങ്ങി. എങ്ങനെ മറുപടി പറയാനാവും? താന്‍ ഒരു ജൂതനായിരുന്നുവെന്ന സത്യം മാര്‍ക്‌സിന് നിഷേധിക്കാനാവില്ലല്ലോ. ടെല്ലെറിംഗിനെക്കാള്‍ രൂക്ഷമായി ജൂതന്മാരെ വിമര്‍ശിക്കുന്നയാളുമാണല്ലോ.
മാര്‍ക്‌സിന്റെ മരണശേഷം ഏംഗല്‍സ് ജൂതവിരോധം കയ്യൊഴിഞ്ഞു. മാര്‍ക്‌സിന്റെ കാല്‍പ്പാടുകള്‍ പിന്തുടരാന്‍ ബാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞു. ജൂത വിദ്വേഷിയായിരുന്ന തന്റെ പഴയ യജമാനന്‍, ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ലല്ലോ. മാര്‍ക്‌സ് മരിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് 1881 ല്‍ മാര്‍ക്‌സിന്റെ ജൂതവിരുദ്ധ നിലപാടുകള്‍ ‘ബാലിശവും വിഡ്ഢിത്തവും’ ആണെന്ന് ഏംഗല്‍സ് പറയുകയുണ്ടായി. മാര്‍ക്‌സ് മരിച്ച് ഏഴ് വര്‍ഷം കഴിഞ്ഞ് 1890 ല്‍ ജൂതവിരോധം ഫ്യൂഡല്‍ സോഷ്യലിസത്തിന്റെ പ്രതിലോമപരമായ ഫലമാണെന്ന് പ്രസ്താവിക്കുന്ന ഒരു കത്ത് വിയന്നയിലെ ‘ആര്‍ബിറ്റര്‍ സെയ്റ്റുംഗ്’ എന്ന പത്രത്തില്‍ ഏംഗല്‍സ് എഴുതി. തൊഴിലാളി പ്രസ്ഥാനത്തിന് നല്‍കിയ സേവനത്തിന് ജൂതമതക്കാരായ ബുദ്ധിജീവികളെ ഏംഗല്‍സ് പ്രശംസിക്കുകയും ചെയ്തു. മരണാനന്തരമുള്ള മാര്‍ക്‌സിന്റെ ഒറ്റപ്പെടല്‍ ഇവിടെയും അവസാനിക്കുന്നില്ല. മാര്‍ക്‌സിന്റെ ഇളയ മകള്‍ എലീനര്‍ ലണ്ടനിലെ ജൂതന്മാര്‍ക്കിടയില്‍ ജോലി ചെയ്യുകയും, താന്‍ ഒരു ജൂതമതക്കാരിയാണെന്ന് അഭിമാനത്തോടെ പറയുകയും ചെയ്തു. ശരിക്കും ഒരു പിതൃഘാതക. ചരിത്രത്തിന്റെ മധുരമായ പ്രതികാരം എന്നല്ലാതെ എന്തുപറയാന്‍!
(തുടരും)
അടിക്കുറിപ്പുകള്‍:-
132. Karl Marx, Isaiah Berlin
133. Marx- Racist, Nathaniel Weyl
134. Ibid
135. Karl Marx-An intimate biography,
Saul Kussiel Padover
136. Marx, Robert Payne
137. State and Anarchi, Mekhail Bakunin