ആര്‍.എസ്.എസ്സുകാര്‍ പ്രതികളായ കേസിലെ തെളിവുകള്‍ വിജയന്‍ സഖാവിന്റെ പോലീസ് നശിപ്പിക്കുന്നു? മാര്‍ക്‌സിസ്റ്റ് പോലീസിന് സംഘി ബന്ധമോ? കേസ് നിസ്സാരമായതല്ല, ഇടതു നേതാക്കളുടെ മാനസപുത്രന്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസാണ്. ആശ്രമത്തില്‍ തീ കാണും മുമ്പേ സ്വാമി സഖാവും വിജയന്‍ സഖാവും ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പോലീസിന് എന്തെങ്കിലും തുമ്പു കിട്ടണ്ടേ? എവിടെ പ്രതികള്‍ എന്നു നാട്ടാരാകെ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. അതും ഫലിച്ചില്ല. ഒടുവിലാണ് ശൂന്യതയില്‍ നിന്ന് പ്രതികളെയും തെളിവും സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത്. വൈകിയില്ല ഒരു കൊല്ലം മുമ്പ് ആത്മഹത്യ ചെയ്ത പ്രകാശന്‍ ഒന്നാം പ്രതിയായി. ശബരി എന്നയാള്‍ കൂട്ടു പ്രതിയായി. മറ്റൊരു ആര്‍.എസ്.എസ്സുകാരന്‍ അറസ്റ്റിലായി. തലശ്ശേരി ഫസല്‍ വധക്കേസില്‍ വിചിത്ര തെളിവുണ്ടാക്കിയ ഉദ്യോഗസ്ഥന് ഇതിലപ്പുറവും സാധിക്കും.
പ്രശ്‌നം അവിടെയല്ല. ഒന്നാമത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തെളിവുകള്‍ വേണം അറസ്റ്റിന് ആധാരമാകാന്‍. അതു പുറത്തു വന്നാല്‍ എല്ലാം പൊളിയും. അതിനാല്‍ മുന്‍ അന്വേഷണ സംഘം കണ്ടെത്തിയ ഫോണ്‍ രേഖകള്‍, കയ്യെഴുത്ത് പ്രതികള്‍, മൊഴികള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍ ഒന്നും കാണാനില്ല എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. തെളിവുകള്‍ ആരാണ് നശിപ്പിച്ചത്? എന്തിനാണ് നശിപ്പിച്ചത് എന്നു ചോദിക്കരുത്. ആശ്രമം കത്തിച്ച കേസ് ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവെക്കാനുള്ള കുത്സിത ബുദ്ധിയാണ് ഇതിനു പിന്നില്‍ എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാകും.
Comments