കഴിഞ്ഞ ജനുവരി 14ന് ആര്‍.എസ്. എസ്സിനെ തൊട്ട് ഹറാമായിത്തീര്‍ന്നിരിക്കുന്നു ജമാഅത്തെ ഇസ്ലാമി. ഇത് ലീഗു തറവാട്ടിലെ ഒന്നാം കാര്യസ്ഥന്‍ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഫത്വയാണ്. ആര്‍.എസ്.എസ്സുകാരുമായി ദല്‍ഹിയില്‍ വെച്ച് ജമാഅത്തെ നേതാക്കള്‍ ചര്‍ച്ച നടത്തി എന്നു കേട്ടതേ ഒന്നാം കാര്യസ്ഥന്റെ ഈ ഫത്വ വന്നു. ”ഇപ്പോള്‍ ഈ ചര്‍ച്ചയ്ക്കുള്ള ഒരു സാഹചര്യവും ഇന്ത്യാ മഹാരാജ്യത്തില്ല. മതേതര വിശ്വാസപ്രമാണങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ ആര്‍.എസ്.എസ്സുമായി സന്ധിസംഭാഷണം നടത്തുന്നത് അപകടകരമാണ്” എന്ന് രണ്ടാം കാര്യസ്ഥന്‍ എം.കെ.മുനീറും സ്വന്തം ഫത്വയിറക്കി. മറ്റു മുസ്ലിം സംഘടനകളുടെ ഫാസിസ്റ്റുവിരുദ്ധ പോരാട്ടത്തിനു ശക്തിപോരാ എന്നു വാദിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ തന്നെ ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്തിയതാണ് സുന്നിവിഭാഗമായ സമസ്ത നേതാക്കളെ പ്രകോപിപ്പിച്ചത്. എന്തായാലും ഇത്ര ഗുരുതരമായ പാതകം ചെയ്ത ജമാഅത്തെക്കാരെ വെറുതെ വിട്ടുകൂടാ. അതിനെ കാഫിറാക്കി പ്രഖ്യാപിച്ചാലോ? മുഖാത്ത (ഊരുവിലക്ക്) വിധിച്ച് ഒറ്റപ്പെടുത്തിയാലോ? ഇതൊന്നും പോരാ ടി. ആരിഫലി ഉള്‍പ്പെടെയുള്ള ജമാഅത്തെ നേതാക്കളെ കുനിച്ചുനിര്‍ത്തി മത്തല്‍കൊണ്ട് ചന്തിയ്ക്ക് ഹദ്ദടി നല്‍കിയാലോ! ഏതു ശിക്ഷ നല്‍കിയാലാണ് ഈ കുറ്റത്തിനു പരിഹാരമാകുക? ലീഗുനേതാക്കളും സമസ്തക്കാരും മുജാഹിദുകളും എല്ലാം ചേര്‍ന്നു തീരുമാനിക്കാനിരിക്കുന്നേയുള്ളൂ.
ദല്‍ഹിയില്‍വെച്ച് ജമാഅത്തെ ഇസ്ലാമിക്കാരും മറ്റു ചില മുസ്ലിം മതപണ്ഡിതന്മാരും ആര്‍.എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി എന്ന് കേട്ടപ്പോള്‍ ‘സന്തോഷംകൊണ്ട് ഇരിക്കാന്‍ വയ്യേ’ എന്ന അവസ്ഥയിലെത്തിയത് കെ.എന്‍.എം. മുജാഹിദ് വിഭാഗക്കാരാണ്. അവര്‍ കോഴിക്കോട്ട് നടത്തിയ ഒരു പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ പി. എസ്.ശ്രീധരന്‍പിള്ളയെ ക്ഷണിച്ചിരുന്നു. അതിന്റെ പേരില്‍ ഏറെ പുകിലു ണ്ടാക്കിയത് ജമാഅത്തെക്കാരായിരുന്നു. അവരാണല്ലോ അതിലും വലിയ കുരുക്കിലായത് എന്നതാണിവരുടെ സന്തോഷത്തിന്റെ ഹേതു. ലീഗു തറവാട്ടിലെ കാരണവന്മാര്‍ക്കു മുറുക്കാന്‍ ചെല്ലവുമായി അകമ്പടി സേവിക്കുന്ന കോണ്‍ഗ്രസ്സിലെ കെ.മുരളീധരനുമുണ്ട് ആര്‍.എസ്.എസ് – മുസ്ലീം സംഘടനാ ചര്‍ച്ചയെക്കുറിച്ച് അഭിപ്രായം. ഈ ചര്‍ച്ച മതേതരശക്തികള്‍ നടത്തുന്ന പോരാട്ടം ദുര്‍ബ്ബലപ്പെടുത്തുമത്രെ. ഭഗവാനേ ഇങ്ങനെ പോയാല്‍ നമ്മുടെ ‘മതേതരത്വം’ എവിടെപ്പോയി രക്ഷപ്പെടും?