ഗര്‍ജ്ജിച്ച് നില്‍ക്കുന്ന ആ യന്ത്ര മൃഗത്തിനു മുന്നില്‍ അവര്‍ പരസ്പരം കൈകോര്‍ത്തു നിന്നു. പ്രായം മൂടിയ കേളുവിന്റെ കണ്ണുകള്‍ കലങ്ങി മറിഞ്ഞിരുന്നു. മണ്ണില്‍ ആഴ്ന്നിറങ്ങിയ പച്ചഞരമ്പുകളെ പിഴുതെറിയാന്‍ വ്യഗ്രതപ്പെട്ട് ആ ഭീമയന്ത്രം മുരടനക്കി നിന്നു. ഈ മണ്ണുമാന്തി യന്ത്രത്തെ മുന്നോട്ടെടുക്കാന്‍ അവര്‍ സമ്മതിക്കില്ല. ദുര്‍ബലരെങ്കിലും ഈ വയസ്സര്‍ തീര്‍ത്ത മനുഷ്യമതിലിനപ്പുറം ഒരു വലിയ ലോകമുണ്ട്. ഒരുകൂട്ടം വയസ്സരുടെ ലോകം. പാടിയും ആടിയും മണ്ണില്‍ പൊന്ന് വിളയിച്ച പച്ചച്ച ലോകം. മണ്ണില്‍ ആഴ്ന്നിറങ്ങിയ പച്ച ഞരമ്പുകളിലേക്ക് ഇടംകണ്ണിട്ടാണ് യന്ത്രമൃഗത്തിന്റെ നില്‍പ്പ്. ലാത്തിയും തൊപ്പിയുമണിഞ്ഞ പൊലീസുകാര്‍ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
‘ഞങ്ങള്‍ക്കൊന്നും കേള്‍ക്കണ്ട. ഇത് ഞങ്ങളുടെ മണ്ണ്, ഞങ്ങളുടെ ജീവന്‍’.
യന്ത്രക്കണ്ണുകള്‍ ചുവപ്പിച്ച് മണ്ണുമാന്തി യന്ത്രം വീണ്ടും ഉറക്കെ ഗര്‍ജ്ജിച്ചു. ശക്തിയോടെ കറുത്ത പുകവിട്ടു. അവര്‍ പരസ്പരം കൈകള്‍ മുറുക്കിപിടിച്ചു. കാക്കിക്കാര്‍ ലാത്തിയുമായി അടുത്തടുത്ത് വരുമ്പോള്‍ അവര്‍ പരസ്പരം നോക്കി.
”എല്ലാവരും ഉണ്ട് കൂടെ. ചാത്തുക്കുട്ടിയും പറങ്ങോടനും അപ്പുണ്ണിയും കറുപ്പനും എല്ലാവരുമുണ്ട്. ഞങ്ങള്‍ ഏഴുപേരും ഒറ്റക്കെട്ട്”.
തള്ളിമാറ്റാന്‍ വന്ന പൊലീസുകാരന്റെ മുഖത്തേക്ക് പറങ്ങോടന്‍ ചുമച്ച് ചുമച്ച് കാര്‍ക്കിച്ച് തുപ്പി. കലികൊണ്ട അയാള്‍ റബ്ബര്‍ പിടിയിട്ട ലാത്തികൊണ്ട് പറങ്ങോടന്റെ തലയ്ക്കടിച്ചു. തലപൊട്ടി ചോരതെറിച്ചു. അവര്‍ താഴെ വീണു. ഒരു പൊലീസുകാരന്‍ കേളുവിന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടി. വായില്‍ നിന്നും ചോര ചാടി. അവരുടെ നിലവിളികള്‍ക്കിടയിലൂടെ ലാത്തികള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേള്‍ക്കാം. വീണുകിടന്ന അവര്‍ക്കരികിലൂടെ ജെ.സി.ബിയും ടിപ്പര്‍ ലോറികളും വലിയ ഞരക്കത്തോടെ കടന്നുപോയി.
ആദ്യം അവര്‍ അപ്പുണ്ണിയുടെ വാഴകളെ കൊന്നു. മണ്ണിട്ട് അടക്കം ചെയ്തു. പിന്നെ പറങ്ങോടന്റേയും കറുപ്പന്റേയും, എല്ലാം മണ്ണിട്ട് മൂടി. അവസാനം കേളുവിന്റെ നെല്‍പ്പാടവും. കേളു ഉറക്കെ കരഞ്ഞു. നിലവിളിച്ചു. ടിപ്പറുകളുടെ ശബ്ദത്തില്‍ ആ വൃദ്ധവിലാപം ആരും കേട്ടില്ല. കേളുവിന്റെ തലയ്ക്ക് ഭാരം കൂടിവരുന്നതായി തോന്നി. ബൂട്ട് പതിഞ്ഞ നെഞ്ചില്‍ വലിയ വേദന.
ബോധമുണരുമ്പോള്‍ മുന്‍പില്‍ വലിയ മൈതാനമാണ്. വിജനമായ ശവപ്പറമ്പുപോലെ. ജീവനോടെ കുഴിച്ചുമൂടിയ ആയിരം ജീവനുകള്‍ ഭൂമിക്കടിയില്‍ കിടന്ന് നിലവിളിക്കുന്നത് പോലെ. അതിരുകളില്‍ കൂര്‍ത്ത കമ്പികള്‍ കൊണ്ട് വേലി കെട്ടിയിരിക്കുന്നു. ഇരുമ്പുഗേറ്റില്‍ ഒരു കാവല്‍ക്കാരനും. കറുത്ത് തടിച്ച് കൊമ്പന്‍ മീശയുള്ള ഒരാള്‍. കാതില്‍ ചുവന്ന കല്ല് പതിച്ച വലിയ കടുക്കനിട്ട ഭീകരന്‍.
മദിച്ചു മേഞ്ഞ യന്ത്രങ്ങളെയൊന്നും ഇപ്പോള്‍ അവിടെ കാണുന്നില്ല. പക്ഷെ ഒന്ന് ചെവി കൂര്‍പ്പിച്ചാല്‍ ദൂരെയെവിടെയോ നിന്ന് അവയുടെ ഗര്‍ജ്ജനം കേള്‍ക്കുന്നുണ്ട്. ഈ
മൈതാനത്തിനു മുന്നില്‍ ഇപ്പോള്‍ കേളുമാത്രമാണുള്ളത്. പറങ്ങോടനേയും അപ്പുണ്ണിയേയും ചാത്തുക്കുട്ടിയേയും ആരേയും അവിടെ കാണാനില്ല.
”അവരെല്ലാം എവിടെപോയി?
അവരുടെ കൂരകളെല്ലാം ഇപ്പോള്‍ മണ്ണിലകപ്പെട്ടിരിക്കുന്നു. പക്ഷെ, എവിടെ അവരെല്ലാം?”
ഉച്ചവെയില്‍ വിയര്‍പ്പ് പൊടിച്ചപ്പോള്‍ ലാത്തിമുനകൊണ്ട നെറ്റിയില്‍ നീറ്റലുണ്ടായി. അവിടെ രക്തം കട്ടപിടിച്ചിരിക്കുന്നു. ഇരുമ്പ് വേലിയുടെ അങ്ങേപ്പുറത്ത് ഒരു കൂരയുണ്ട്. അതൊഴിച്ച് മറ്റെല്ലാം ഇപ്പോള്‍ മണ്ണിനടിയിലാണ്. കേളുവിന്റെ കൂരയാണത്. അയാള്‍ അങ്ങോട്ട് നടന്നു. നടക്കാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. നെഞ്ചില്‍ വലിയ വേദന. ശ്വാസമെടുക്കുമ്പോള്‍ വാരിയെല്ലുകള്‍ നുറുങ്ങുന്നതുപോലെ. കാലുകള്‍ നിലത്തൂന്നാന്‍ കഴിയാതെ വന്നപ്പോള്‍ കേളു വേലിയില്‍ പിടിച്ചു നിന്നു. വേലിയില്‍ തൊട്ടതും തടിച്ച കാവല്‍ക്കാരന്‍ ഇരുമ്പുകസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു. അയാളുടെ കയ്യില്‍ കറുത്തുനീണ്ട ഒരു ദണ്ഡ് ഉണ്ടായിരുന്നു. മുഷ്ടി ചുരുട്ടി അയാള്‍ കേളുവിനെ തുറിച്ചു നോക്കി. ഏച്ചുവച്ച് വിറച്ചുവിറച്ച് കേളു നടന്നു.
തന്റെ കാല്‍പ്പെരുമാറ്റം കേട്ടിട്ടാവണം മണിക്കുട്ടി കൂടിനുള്ളില്‍ കിടന്നു കരഞ്ഞു. കേളു കൂരയ്ക്കു മുന്‍പിലെത്തി. കൂരയ്ക്കകത്തേയ്ക്ക് കടക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. കൂരയുടെ കളിമണ്‍ചുമരിനോട് ചേര്‍ത്താണ് ആ ദുഷ്ടര്‍ വേലി കെട്ടിയിരിക്കുന്നത്. ഉള്ളിലേക്ക് കടക്കാന്‍ ഒരു വഴിയുമില്ലാതായിരിക്കുന്നു. നെഞ്ചിനകത്ത് നല്ല വേദന. കണ്ണുകളില്‍ വീണ്ടും ഇരുട്ട് കയറുന്നതുപോലെ. കേളു മണ്‍ചുമരില്‍ ചാരി ഇറയത്തിരുന്നു. വളരെ പ്രയാസപ്പെട്ടാണ് ശ്വാസമെടുക്കുന്നത്. ഇടയ്ക്കിടയ്ക്ക് കിതച്ച് ചുമക്കുമ്പോള്‍ ഉള്ളിലെവിടെയോ കെട്ടികിടന്ന കഫവും രക്തവും പുറത്ത് ചാടുന്നു. ഉറക്കെ ചുമക്കുമ്പോള്‍ മണിക്കുട്ടി കൂടിനുള്ളില്‍ പിടഞ്ഞ് കരയുന്നുണ്ട്. നേരം ഇരുട്ടുകയാണ്, വേദനയും.
ചുമച്ച് ചുമച്ച് ചുമര്‍ നിറയേ രക്തചിത്രങ്ങള്‍ പടര്‍ന്ന് കയറി. ശ്വാസംകിട്ടാതെ നെഞ്ചിന്‍കൂട് ഭീകരമായി ഉയര്‍ന്നു താഴ്ന്നു. പൊടുന്നനെ കാലുകളില്‍ ചെറിയ മാര്‍ദവത്വം തോന്നി. നെഞ്ചില്‍ ഏതോ നേര്‍ത്ത രോമങ്ങള്‍ ഇഴയുന്നു. മണിക്കുട്ടിയാണ്! എങ്ങനേയോ കൂടുതുറന്ന് അവള്‍ പുറത്തു വന്നിരിക്കുന്നു. വേദനകൊണ്ട് പുകയുന്ന വാരിയെല്ലുകളില്‍ നനുത്ത രോമങ്ങള്‍കൊണ്ട് തലോടുകയാണ് അവള്‍. കേളുവിനത് വലിയ ആശ്വാസമായി. ചില സമയങ്ങളില്‍ മനുഷ്യത്വത്തേക്കാള്‍ മഹത്വമുണ്ട് മൃഗത്വത്തിന്. നന്ദിയുള്ള മൃഗത്വം. ഒരു കണ്ണുനീരിന്റെ നനവോടെ കേളു ജാനുവിനെ ഓര്‍ത്തു. മണിക്കുട്ടിയുടെ തലയിലും ഞാന്ന ചെവിയിലും തലോടി. രാത്രിയില്‍ ജാനുവിനും ഇതേ ചൂടാണ്. അതു കൊണ്ടാവാം അന്നത്തെ പനിച്ചൂട് ഞാനറിയാതെ പോയത്. കേളു നെടുവീര്‍പ്പിട്ടു. മണിക്കുട്ടി അയാളുടെ മെലിഞ്ഞ വാരിയെല്ലുകളോട് ചേര്‍ന്ന് കിടന്നു.
കാതടപ്പിക്കുന്ന ശബ്ദം. ഭൂമി കുലുങ്ങുന്നതുപോലെ തോന്നി. അമ്മിത്തറയിലെ പാത്രങ്ങള്‍ താഴെ വീണു. കേളു ഉണര്‍ന്നു. അയാള്‍ എഴുന്നേറ്റ് വേലിക്കരികിലേക്ക് ഓടി. മുന്‍കാലുകള്‍ വേലിയില്‍ ഉയര്‍ത്തി വച്ച് മണിക്കുട്ടിയവിടുണ്ട്. ആകെ അന്തം വിട്ടാണ് അവളുടെ നില്‍പ്പ്. വേലിക്കകത്ത് പൈലിങ് നടക്കുകയാണ്. ആകാശത്തോളം ഉയരത്തുനിന്ന് ഭാരമുള്ള ഇരുമ്പ് തൂണുകൊണ്ടിടിച്ച് പിളര്‍ക്കുകയാണ് ഭൂമിയെ. അതിനടിയിലായിരിക്കണം ജാനു ഉറങ്ങുന്നത്. അവളിപ്പോള്‍ പിളര്‍ന്നു പോകുന്നുണ്ടാകും. തൊട്ടപ്പുറത്തു തന്നെയാണ് പൊടിമോനും.
”ന്റെ മോന്‍”
അവിടം കൂര്‍ത്ത യന്ത്രം കൊണ്ട് നേരത്തേ തുരന്നു തുടങ്ങിയിരിക്കുന്നു. സഹിക്കാനാവുന്നില്ല കേളുവിന്. അയാള്‍ ഇരുമ്പുവേലിയില്‍ പിടിച്ചുവലിച്ചു. ഉറക്കെ തെറി വിളിച്ചു കരഞ്ഞു. ആര് കേള്‍ക്കാന്‍?
കണ്ണീര്‍ വറ്റിയപ്പോള്‍ വല്ലാത്ത ദാഹം. മണിക്കുട്ടിയുടെ ദയനീയമായ കരച്ചില്‍. അവള്‍ക്കും വിശന്നു തുടങ്ങിയെന്ന് തോന്നുന്നു. മെല്ലെ മുരളുന്നുണ്ട്. പാത്രമെടുത്ത് കിണറിനടുത്തെത്തിയപ്പോഴാണ് കേളു ഞെട്ടിപ്പോയത്. കല്ലുകളും മണ്ണും ഇട്ട് കിണര്‍ നികത്തിയിരിക്കുന്നു. നിസ്സഹായനായി കേളു. ദൂരെയുള്ള ഒരു പഴയ കിണറിനോട് അല്പം ജീവനീര്‍ അയാള്‍ കടംചോദിച്ചു. അതിരുവരും പങ്കിട്ട് വിശപ്പടക്കി. നീരൊഴുകിയ നാഡികളില്‍ എരിയുന്നതു പോലെ. എങ്ങനേയും കൂരയ്ക്കകത്ത് കയറണം. കൈക്കോട്ടും പിക്കാസും കൊണ്ട് അയാള്‍ കൂരയുടെ ചുവര്‍ തുരന്നു തുടങ്ങി. ക്ഷീണിച്ച പെരുച്ചാഴിയെ പോലെ തുരന്ന് തുരന്ന് ഒരു വലിയ മാളം തന്നെ ഉണ്ടാക്കി. വെട്ടിനിരത്തി വിശാലമായ ആകാശത്ത് സന്ധ്യ ചുവന്നുതുടങ്ങി. മൗനിയായ ആകാശം അയാളെ ഭയപ്പെടുത്തി. കൂരയ്ക്കകത്ത് മൂലയില്‍ ചാരിവച്ച വലിയ ചാക്കില്‍ അയാള്‍ ചാഞ്ഞിരുന്നു. ആ ചാക്കിനെ കെട്ടിപ്പിടിച്ച് കേളു വീണ്ടും കരഞ്ഞു. അയാളുടെ കണ്ണുനീര്‍ വീര്‍ത്ത ചാക്കില്‍ പതിഞ്ഞിറങ്ങി. വിതക്കാന്‍ പാകമായ വിടരാന്‍ വെമ്പിയ നെല്‍ വിത്തുകളായിരുന്നു അതിനകത്ത്.
മാസങ്ങള്‍ക്ക് മുന്‍പു വരെ വിത്തെറിഞ്ഞ വയലില്‍ കേളു ഉറങ്ങാതിരിക്കുമായിരുന്നു. എല്ലാം നിശബ്ദമാകുന്ന, മറ്റാരും ഉണര്‍ന്നിരിക്കാത്ത, ആദ്യ മലങ്കാറ്റ് ചുരമിറങ്ങുന്ന സമയത്ത് കേളു മണ്ണില്‍ ചെവിയോര്‍ത്ത് കിടക്കും. അപ്പോള്‍ ഒരായിരം ഗര്‍ഭപാത്രങ്ങള്‍ പൊളിഞ്ഞിറങ്ങുന്ന കരച്ചില്‍ വയലിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വരുന്നത് അയാള്‍ക്ക് മാത്രം കേള്‍ക്കാമായിരുന്നു. വിത്തു പൊട്ടി മുളവരുന്നതിന്റെ ശബ്ദം! ആയിരം കുഞ്ഞുങ്ങളുടെ അച്ഛനെപ്പോഴും ആ വയലില്‍ ചെവിയോര്‍ത്ത് കിടക്കുകയായിരിക്കും. ഇതൊന്നും ഇനിയില്ല. എല്ലാം ഇനി അപ്രാപ്യം. ഒരായിരം ചാപിള്ളകളെ പേറുന്ന ആ വലിയ ഗര്‍ഭപാത്രത്തെ പുണര്‍ന്ന് കേളു കരഞ്ഞ് കരഞ്ഞുറങ്ങി.
ചീവീടുകളുടെ കൂര്‍ത്ത ശബ്ദത്തെ പോലും നിശബ്ദമാക്കി തമിഴന്‍ കാവല്‍ക്കാരന്റേയും കൂട്ടരുടേയും ശബ്ദം വിശാലമായ മൈതാനത്തുയര്‍ന്നു. വല്ലാത്ത ബഹളം. അവര്‍ ഉറക്കെ പാടുകയും പരസ്പരം തെറിവിളിക്കുകയും ചെയ്തു. വൃത്തികെട്ട ഒരു നാറ്റം കേളുവിന്റെ ഉറക്കത്തെ തടസ്സപ്പെടുത്തി. മനുഷ്യ വിസര്‍ജ്യത്തിന്റെ രൂക്ഷമായ നാറ്റം. കേളുവിന് ഉണരാതിരിക്കാന്‍ കഴിഞ്ഞില്ല. തന്റെ കൂരയ്ക്ക് മുന്‍പില്‍ അവര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയിരിക്കുന്നു. മലമെല്ലാം വാരിയെടുത്ത് ചുവരിലേക്കെറിഞ്ഞിരിക്കുന്നു. ആ സാമൂഹ്യദ്രോഹികള്‍ എന്തിനാണ് ഈ പടുവൃദ്ധനെ ഇങ്ങനെ ദ്രോഹിക്കുന്നത്. കേളു മൂക്കുപൊത്തി ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ ടെന്റിനു മുന്നില്‍ തീകൂട്ടി മദ്യപിക്കുന്ന കാവല്‍ക്കാരനും കൂട്ടരും ആര്‍ത്തു ചിരിച്ചു.
”കാലമാടന്മാര്‍”
കേളു തിരിഞ്ഞു നടന്നപ്പോഴാണ് അത് ശ്രദ്ധിച്ചത്. മണിക്കുട്ടിയുടെ കൂട് തുറന്നു കിടക്കുന്നു!
”കൂടും തുറന്ന് ഇവളിതെവിടെ പോയി”
കേളു ഉറക്കെ വിളിച്ചു: ”മണിക്കുട്ടീ… മണിക്കുട്ടീ..”
ഇതുകേട്ടതും കാവല്‍ക്കാരനും കൂട്ടരും വീണ്ടും ആര്‍ത്താര്‍ത്തു ചിരിച്ചു.
” ഹോയ് … ഉങ്കളുടെ മാട് റൊമ്പ സൂപ്പറാ ഇരുക്ക്… നല്ല പൂ മാതിരി… എപ്പടി?”
”ഹാ… ഹാ…ഹാ..”
അവര്‍ വീണ്ടും പൊട്ടിച്ചിരിച്ചു. ഹൃദയം തകര്‍ക്കുന്ന കാഴ്ച്ച. മണിക്കുട്ടിയെ അവര്‍ കൊന്നിരിക്കുന്നു! കാലമാടന്മാര്‍ അവളെ ചുട്ടു തിന്നുകയാണ്. കേളു നെഞ്ചില്‍ കൈവച്ച് നിലവിളിച്ചു.
”ന്റെ മണിക്കുട്ടീ…”
അവ്യക്തമായ ശബ്ദങ്ങളുണ്ടാക്കി കേളു നിലവിളിച്ചോടി. വേലി തുറന്ന് അകത്തുചെന്നു. കാവല്‍ക്കാരനെ കടന്നു പിടിച്ചു. അയാള്‍ തന്റെ ബലിഷ്ഠമായ കൈകളാല്‍ കേളുവിനെ എടുത്തെറിഞ്ഞു. ഇതുകണ്ട് കൂട്ടാളികള്‍ കൈകള്‍ കൊട്ടി ഉറക്കെ ചിരിച്ചു. അഭ്യാസിയായ കാവല്‍ക്കാരന്‍ അയാളുടെ കറുത്ത തടിയന്‍ വടികൊണ്ട് കേളുവിന്റെ നെഞ്ചില്‍ കുത്തി. ശ്വാസം കിട്ടാതെ കേളു നിലത്ത് കിടന്നുരുണ്ടു. അവരെ പ്രാകിക്കൊണ്ട് കേളു അവിടെ നിന്ന് എഴുന്നേറ്റ് നടന്നു. ശ്വാസം കിട്ടാതെ ഇടയ്ക്കിടെ എവിടെയൊക്കെയോ ഉരുണ്ട് വീണു. ഇരുമ്പു വേലി കൊണ്ട് ദേഹം മുറിഞ്ഞു കീറി. വിഷമം സഹിക്കാനാവുന്നില്ല. ഒഴിഞ്ഞകൂട്ടിലേക്ക് നോക്കി കേളു കൂരയുടെ ഇറയത്ത് കിടന്നു കരഞ്ഞു.
നേരം പുലര്‍ന്നപ്പോള്‍ കേളു വെള്ളവുമായെത്തി ചുമരിലെ വിസര്‍ജ്യങ്ങള്‍ കഴുകിക്കളഞ്ഞു. മുറ്റത്ത് മണിക്കുട്ടിയുടെ കൂട് നിശബ്ദം ഒഴിഞ്ഞു കിടക്കുന്നു. പാതി ചവച്ചതും വാടിയതുമായ ചില പ്ലാവിലകള്‍ മാത്രമേ അതിനകത്ത് ശേഷിച്ചിരുന്നുള്ളൂ.
”ന്റെ മണിക്കുട്ടീ.. നിന്നെ രക്ഷിക്കാനെനിക്ക് കഴിഞ്ഞില്ലല്ലോ” അവളുടെ ഗന്ധമവശേഷിക്കുന്ന കൂട്ടില്‍ കൈവച്ച് കേളു കരഞ്ഞു.
മണിക്കുട്ടിയില്ലാഞ്ഞിട്ടും അവള്‍ക്ക് കുടിക്കാന്‍ അയാള്‍ പാത്രത്തില്‍ വെള്ളം നിറച്ചു വച്ചു. പ്ലാവിലകള്‍ പെറുക്കി കൊണ്ടുവന്നു. രാത്രിയായപ്പോള്‍ കൂരയ്ക്കുള്ളിലെ വലിയ ചാക്കില്‍ തലവച്ച് ചാരിക്കിടന്നു. എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചില്‍! ഒന്നല്ല. രണ്ട്, നാല്, എട്ട്, പത്ത്… ആ കൂരയ്ക്കുള്ളില്‍ അനേകം കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചില്‍ മാത്രം. കേളു ഭയന്നു വിറച്ചു. ക്രമേണ നിലവിളികളുടെ ശബ്ദം കൂടി വന്നു. കേളുവിന് സമനില നഷ്ടപ്പെടുന്നതു പോലെ തോന്നി. അയാള്‍ ചെവികള്‍ മുറുക്കെ പൊത്തി. ശോഷിച്ച വൃദ്ധശരീരം വിയര്‍ത്തുരുകി. അയാള്‍ സ്വയം മുഖത്ത് നഖങ്ങള്‍ കൊണ്ട് മുറിവുകളുണ്ടാക്കി. ഒരു മുഴു ഭ്രാന്തനെ പോലെ.
നേരം പുലര്‍ന്നിട്ടും കൂരയ്ക്കുള്ളില്‍ ഇരുട്ടാണെന്ന് കേളുവിന് തോന്നി. വെളിച്ചത്തും വിളക്ക് കത്തിച്ച് അയാള്‍ കൂരയ്ക്കുള്ളില്‍ തപ്പി നടന്നു. പരിഭ്രാന്തനായി പിറുപിറുത്തു. പൂര്‍ണ്ണമായും സമനില തെറ്റിയ അയാള്‍ തന്റെ മേല്‍ക്കൂരയിലെ ഓലകള്‍ പറിച്ചെറിയാന്‍ തുടങ്ങി. കൂരയില്‍ നാലു ചുവരുകള്‍ മാത്രം ബാക്കിയായപ്പോള്‍ അയാള്‍ സന്തോഷത്തോടെ കൈകൊട്ടി. കേളു പുറത്തേക്കോടി വെള്ളം കോരിക്കൊണ്ടിരുന്നു. അന്നു മുഴുവന്‍ അയാള്‍ നിര്‍ത്താതെ വെള്ളം കോരി മുറിയിലൊഴിച്ചു. നേരം ഇരുട്ടിയിട്ടും ക്ഷീണിതനാകാതെ അയാള്‍ വെള്ളം കൊണ്ടുവന്നു.അതു കണ്ട് അത്ഭുതപ്പെട്ട കാവല്‍ക്കാരന്‍ വേലിക്കരികില്‍ വന്ന് ചോദിച്ചു.
”ഹോയ്, എന്നാത്… ഇന്ത തണ്ണിയെല്ലാം ഉനക്ക് എതുക്ക് ?”
”ഹേയ്, സെവി തെരിയാതാ? എന്നാ പൈത്യമാ ഉനക്ക് ?”
കേളു കണ്ണുരുട്ടി ആക്രോശിച്ചുകൊണ്ട് കാവല്‍ക്കാരനു നേരെ എടുത്തുചാടി. പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു. കാര്‍ക്കിച്ചു തുപ്പി. തെറി വിളിച്ചു. അയാളുടെ അസാധാരണ പെരുമാറ്റം കണ്ട് കാവല്‍ക്കാരന്‍ ഭയന്നോടി. കേളു ഉറക്കെ അട്ടഹസിച്ചു. കൂരയ്ക്ക് ചുറ്റും പരിഭ്രാന്തനായി നടന്നു. അന്ന് രാത്രിയും അയാള്‍ നിര്‍ത്താതെ വെള്ളം കൊണ്ടുവന്നു. പിറ്റേ ദിവസം കേളുവിനെ പുറത്തേക്കൊന്നും കണ്ടില്ല. അന്ന് മുറിക്കകത്ത് നിന്ന് കരച്ചിലും തെറിവിളിയുമെല്ലാം കേള്‍ക്കാമായിരുന്നു. നാലു ദിവസം പിന്നിട്ടിട്ടും കേളു പുറത്തിറങ്ങിയിട്ടില്ല. കൂരയ്ക്കു മുകളില്‍ കാക്കകള്‍ വട്ടമിട്ട് പറക്കുന്നു. അട്ടഹാസവും തെറിവിളികളുമെല്ലാം ഉയര്‍ന്ന കൂരയില്‍ ഭീകരമായ നിശബ്ദത മാത്രം. കാവല്‍ക്കാരനും സംഘത്തിനും പേടിയായി തുടങ്ങി. മറ്റാരെയൊക്കെയോ കൂട്ടി അവര്‍ കൂരയ്ക്കടുത്തു ചെന്നു. രൂക്ഷമായ നാറ്റം കാരണം അവര്‍ അകലെ മാറി നിന്നു. മുറ്റം മുഴുവന്‍ വിസര്‍ജിച്ച് വച്ചിരിക്കുകയാണ്. വളരെ പ്രയാസപ്പെട്ട് കാവല്‍ക്കാരന്‍ കൂരയ്ക്കകത്ത് കയറി. അയാളുടെ തടിച്ച ശരീരം ചെറിയ മാളത്തിനുള്ളിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ നന്നേ പണിപ്പെട്ടു. അലറി വിളിച്ച് പേടിച്ച് കിതച്ച് അയാള്‍ പുറത്തേക്കോടി.
ആ മുറിയിലാകെ നെല്‍ച്ചെടികള്‍ മുളപൊട്ടി വളര്‍ന്ന് നില്‍ക്കുകയായിരുന്നു! ഒരു ചെറിയ വയല്‍… അതിനു നടുവില്‍ ചീഞ്ഞളിഞ്ഞ് കേളുവും…