സരസ്വതീ ക്ഷേത്രങ്ങളായിരിക്കേണ്ട വിദ്യാലയങ്ങള്‍ ഇന്ന് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപണന – വിതരണ കേന്ദ്രങ്ങളാകുന്ന ഭയാനകമായ കാഴ്ചയാണ് നാം കാണുന്നത്. ശാരീരിക മാനസിക വളര്‍ച്ചയുടെയും വികാസത്തിന്റെയും ഘട്ടത്തില്‍ തന്നെ യുവാക്കളെ ലഹരിക്ക് അടിമകളാക്കി അതിന്റെ സ്ഥിരം ഉപഭോക്താക്കളായി തളച്ചിടാനുള്ള സംഘടിത ശ്രമം ഡ്രഗ് മാഫിയ നടത്തുന്നു. കലാലയങ്ങളില്‍ പുരോഗമന വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ കൗമാരക്കാരെ പ്രലോഭിപ്പിച്ച് ചൂഷണം ചെയ്ത് കൂടെ നിര്‍ത്താന്‍ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളും ലഹരി ഉപയോഗത്തിലും വിതരണത്തിലും ഭാഗമാകുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കള്‍ക്ക് യാതൊരു വിധമായ ഗന്ധവുമില്ലാത്തത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രചോദനമാകുന്നു. വെറും ഒരു തമാശയ്ക്ക് വേണ്ടി, സുഹൃദ് ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്താന്‍ വേണ്ടി, അല്ലെങ്കില്‍ ഉന്മാദം എന്തെന്നറിയാന്‍ വേണ്ടി ഉപയോഗിച്ച് തുടങ്ങുന്ന ലഹരി, ഉപയോക്താവിനെ പിന്നീട് അതില്‍ നിന്ന് മുക്തനാകാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. മദ്യവും കഞ്ചാവുമാണ് തൊഴിലിടങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തുക്കള്‍. ഒരു സാധാരണ തൊഴിലാളി, കുടുംബത്തിന്റെ ഏക ആശ്രയമായ വ്യക്തി, ലഹരിക്കടിമപ്പെട്ടാലുള്ള അവസ്ഥ വളരെ ദയനീയമാണ്. വല്ലപ്പോഴും ആഘോഷ അവസരങ്ങളില്‍ തുടങ്ങുന്ന മദ്യപാനം ഇടവേള കുറഞ്ഞു മാസത്തിലേക്കോ ആഴ്ചയിലേക്കോ ചുരുങ്ങി നിത്യജീവിതത്തിന്റെ ഭാഗമാകുന്ന അവസ്ഥയിലെത്തുന്ന കാഴ്ച നമുക്ക് ചുറ്റും കാണാം. ക്രമേണ മദ്യത്തിന്റെ കാര്യമായ അളവ് ശരീരത്തില്‍ ഇല്ലാതെ വരുമ്പോള്‍ പിന്‍വാങ്ങല്‍ (withdrawal) ലക്ഷണങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയിലെത്തുന്നു. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ പോലും സമയത്ത് കുടിക്കാനുള്ള ഒരു ത്വര നമ്മളില്‍ പലര്‍ക്കും അനുഭവിച്ചറിയാന്‍ കഴിയും അപ്പോള്‍. ലഹരിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
തലച്ചോറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് Neurotransmitter substances(ഒരു നാഡീ തന്തുവില്‍ നിന്നും മറ്റൊന്നിലേക്ക് സംവേദനങ്ങളെ കടത്തിവിടാന്‍ വേണ്ടി നാഡീ കോശം ഉത്പാദിപ്പിക്കുന്ന രാസ പദാര്‍ഥം) ആണ്. നാഡികള്‍ വഴിയുള്ള സംവേദനം അയയ്ക്കുക, സ്വീകരിക്കുക, പാകപ്പെടുത്തുക തുടങ്ങി എല്ലാ ഘട്ടങ്ങളിലും ന്യൂറോട്രാന്‍മിറ്റര്‍ പ്രവര്‍ത്തിക്കുന്നു. ഉല്ലാസം, വ്യസനം, സന്തോഷം, ലൈംഗികത, മാനസിക നിയന്ത്രണം തുടങ്ങി എല്ലാ മാനസിക വ്യാപാരങ്ങളെയും നിയന്ത്രിക്കുന്നത് ഈ രാസ പദാര്‍ഥങ്ങളാണ്. മരിജ്വാന, ഹെറോയിന്‍ പോലെയുള്ള ലഹരി പദാര്‍ഥങ്ങളുടെ രാസഘടന ന്യൂറോട്രാസ്മിറ്ററിനോട് സാമ്യമുള്ളതിനാല്‍ ഇവയ്ക്ക് തലച്ചോറിന്റെ നിയന്ത്രണം എളുപ്പത്തില്‍ ഏറ്റെടുക്കാന്‍ കഴിയും. എംഡിഎംഎ, കോകൈന്‍ തുടങ്ങിയ മരുന്നുകള്‍ അമിതമായി ഈ രാസ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.
തലച്ചോറിലെ ബേസല്‍ ഗാംഗ്ലിയ എന്ന ഭാഗത്ത് ഉണ്ടാകുന്ന അമിത ഉത്തേജനം കൊണ്ട് ഒരു ഉത്തേജിത (high feeling) അവസ്ഥ ഉണ്ടാകുന്നു. പക്ഷേ ലഹരി പദാര്‍ഥങ്ങളുടെ നിരന്തരമായ പ്രവര്‍ത്തനം കൊണ്ട് കുറെ കഴിയുമ്പോഴേക്കും ഇവയില്ലാതെ ഉല്ലാസം സാധ്യമാകാത്ത അവസ്ഥ വരും. ലഹരി മരുന്നിന്റെ അളവ് കുറയുന്നതോടെ ഉത്കണ്ഠ, മറ്റ് അസ്വസ്ഥതകള്‍ എന്നിവ പ്രത്യക്ഷപ്പെടുന്നു. സാധാരണ അവസ്ഥയില്‍ ഇരിക്കാന്‍ പോലും ലഹരി ആവശ്യമായി വരും. അങ്ങിനെ കൂടുതല്‍ ലഹരി മരുന്ന് ആവശ്യമായി വരികയും ചെയ്യും. പ്രേരണകളെ (impulses) നിയന്ത്രിക്കാന്‍ കഴിയാതെ വരും. ലഹരി മരുന്നിനോട് അത്യാര്‍ത്തി ഉണ്ടാകും.
തലച്ചോറിലെ പ്രീ ഫ്രൊണ്ടല്‍ കോര്‍ടെക്‌സ് എന്ന ഭാഗം നിയന്ത്രിക്കുന്ന വിധി നിര്‍ണയം, തീരുമാനം എടുക്കാനുള്ള ശേഷി, ഓര്‍മ, ശ്രദ്ധ, സ്വയം നിയന്ത്രണം എന്നിവയെ ലഹരി വിപരീതമായി ബാധിക്കുന്നു. ക്രമേണ വ്യക്തി സ്വത്വം നഷ്ടപ്പെട്ട് ലഹരി നിയന്ത്രിത ഭാവത്തിലേക്ക് മാറുന്നു.
ലഹരി മരുന്നിനോട് അമിതമായ അഭിനിവേശം ഉണ്ടാകുന്ന അവസ്ഥയാണ് ആസക്തി. അതില്ലാതെ ജീവിക്കാനാവില്ല എന്നുള്ള അവസ്ഥ. ലഹരി ഉപയോഗിച്ച് തുടങ്ങുന്നവരില്‍ വീണ്ടും ഉപയോഗിക്കാനുള്ള ത്വര കണ്ടുവരുന്നു. ഈ ആസക്തി കുടുംബ – സാമൂഹ്യ ജീവിതങ്ങളെ, വ്യക്തി വികാസത്തെ ഒക്കെ പ്രതികൂലമായി ബാധിക്കുന്നു. ലഹരി കരസ്ഥമാക്കാന്‍ ഉള്ള പണം കണ്ടെത്താന്‍ എന്തുതരം പ്രവൃത്തികളും ചെയ്യാന്‍ സന്നദ്ധനാകും. മറ്റെല്ലാം മാറ്റി വച്ച് സമയത്ത് ലഹരി ഉറപ്പാക്കുക മാത്രമാകുന്നു ജീവിത ലക്ഷ്യം. കുടുംബവും സമൂഹവും തൊഴിലും പഠനവും ഒക്കെ അപ്രസക്തമാകുന്നു. വ്യക്തിഗതവും ( genetic) മാനസികവും സാമൂഹികവും ആയ സാഹചര്യങ്ങളും ആസക്തിക്ക് കാരണമാകാം. ജീവിതം ലഹരി കേന്ദ്രീകൃതമായി മാറുന്നു.
ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ട് പോകുന്ന അവസ്ഥയാണ് അടിമത്തം. ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് അറിഞ്ഞിട്ടും അമിതമായ ഉപയോഗം നിമിത്തം മാനസിക – ശാരീരിക ആരോഗ്യത്തെയും, നാഡീ വ്യൂഹത്തെയും ബാധിക്കുന്നത് മൂലം ലഹരിയില്ലതെ ജീവിക്കാന്‍ പറ്റാത്ത നിലയിലേക്കു എത്തിച്ചേരുന്നു. രോഹിപ്‌നോള്‍ തുടങ്ങിയ ചില മരുന്നുകള്‍, പെട്ടെന്ന്, ഉപയോഗിക്കുന്ന ആളിനെ ഉറക്കത്തിലേക്ക് നയിക്കുന്നത് കാരണം ക്ലബ്ബുകളില്‍ ലൈംഗിക ചൂഷണം പോലെയുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇവ ഉപയോഗിക്കുന്നുണ്ട്. സെക്‌സ് റാക്കറ്റുകള്‍ ലഹരിയുടെ ഉപയോക്താക്കളാണെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.
മദ്യവും മയക്കുമരുന്നും ഒരളവില്‍ ശരീരത്തില്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ആശ്രിതത്വം. ശരീരത്തില്‍ ഇവയുടെ അളവ് വേണ്ടത്ര ഇല്ലാതെയാകുമ്പോള്‍ രോഗി മറ്റൊരു മാനസിക ശാരീരിക നിലയിലേക്ക് (withdrawal symptoms) മാറുകയും ചെയ്യും. ലഹരി വസ്തുക്കളുടെ സഹായമില്ലാതെ ശാരീരികവും മാനസികവുമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കാതെവരും. ഏതവസരത്തിലും ലഹരിയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന അവസ്ഥയിലേക്ക് വ്യക്തി എത്തുന്നു. പാരമ്പര്യം, ചെറുപ്പത്തിലേ തന്നെയുള്ള ഉപയോഗം എന്നിവ വളരെ വേഗം ഈ അവസ്ഥയിലേക്ക് നയിക്കും. ചില മാനസിക വൈകല്യങ്ങളും, അപരിഹൃതമായ നഷ്ട ബന്ധങ്ങളുടെ വൈകാരികതയും ഈ അവസ്ഥയ്ക്ക് കാരണമായേക്കാം.
ലഹരിയോടുള്ള അമിത വിധേയത്വം ആളുകളെ മറ്റ് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും. റോഡപകടങ്ങളുടെ ഒരു പ്രധാന കാരണവും ലഹരിയാണ്.
മദ്യത്തിന്, അല്ലെങ്കില്‍ മറ്റു ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമയാകുന്ന വ്യക്തി അത് നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പിന്‍വാങ്ങല്‍ (withdrawal) ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. വിറയല്‍, നെഞ്ചിടിപ്പ്, അമിത വിയര്‍പ്പ്, ലഹരിക്ക് വേണ്ടി യുള്ള അനിയന്ത്രിതമായ ത്വര തുടങ്ങിയവ.
ദുഖം, വിഷാദം, മാനസിക സമ്മര്‍ദം എന്നിവ പലരെയും മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന കുടുംബാംഗത്തെയോ സുഹൃത്തിനെയോ ആശ്വസിപ്പിക്കാനോ പരിഹാരം കാണാനോ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ന് മനുഷ്യ ബന്ധങ്ങള്‍ ചുരുങ്ങിയിരിക്കുന്നു. വിദൂര സ്ഥലങ്ങളിലേക്ക് നന്നേ ചെറു പ്രായത്തില്‍ തന്നെ അധ്യയനത്തിനായി പോകേണ്ടി വരുന്ന സാഹചര്യം ചിലപ്പോഴെങ്കിലും വിപരീത ഫലമുണ്ടാക്കുന്നുണ്ട്. സ്ഥിരമായി ദീര്‍ഘദൂര യാത്ര ചെയ്യുന്ന കുട്ടികളെ ലഹരി മരുന്നുകളുടെ വാഹകരാക്കാന്‍ ലഹരി മാഫിയ ശ്രമിക്കുന്നുണ്ട്.
അണുകുടുംബങ്ങളായതോടെ കുട്ടികള്‍ക്ക് അവരുടെ ഇമോഷന്‍സ് പങ്ക് വയ്ക്കാനും പരിഹാരം തേടാനും ഒരു പരിധിവരെ കഴിയാതെ വരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോകുന്നതോടെ കുട്ടികളുടെ മുകളിലുള്ള അവരുടെ ശ്രദ്ധയും കുറഞ്ഞു വരുന്നു. തോല്‍വികള്‍ മറക്കാനും, മാനസിക സമ്മര്‍ദം കുറയ്ക്കാനും ചിലര്‍ ലഹരിയുടെ ഉന്മാദത്തില്‍ ലയിക്കുന്നു. ലഭ്യത വളരെ കൂടുതലായതിനാല്‍ അതിനുള്ള സാധ്യതയും വര്‍ധിക്കുന്നു.
മദ്യവും മയക്കുമരുന്നുകളും ശാരീരിക മാനസിക വ്യാപാരങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഒരാളിന്റെ പ്രവര്‍ത്തന ക്ഷമത അയാളറിയാതെ തന്നെ ചോര്‍ന്നു പോകുന്നു. ഉപയോഗിക്കുന്ന വ്യക്തിക്ക് തന്റെ പ്രവര്‍ത്തനക്ഷമത കൂടിയതായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്. വ്യക്തിയില്‍ അസ്വാഭാവിക സ്വഭാവ വിശേഷങ്ങള്‍ കണ്ട് തുടങ്ങുന്നു.
അഡിക്ഷന്‍ ലക്ഷണങ്ങള്‍
♠ ലഹരി ദിവസവും, ഒരു പക്ഷെ, ഒരു ദിവസം തന്നെ പല പ്രാവശ്യം ഉപയോഗിക്കാനുള്ള ത്വര.
♠ ആവശ്യത്തിലധികം ഉപയോഗിക്കാനുള്ള വ്യഗ്രത.
♠ പണമില്ലെങ്കില്‍ പോലും എങ്ങനെയും ലഹരി മരുന്ന്
വാങ്ങി സൂക്ഷിക്കുന്ന അവസ്ഥ.
♠ ഉപയോഗിക്കാതിരിക്കുമ്പോള്‍ അസ്വസ്ഥതകള്‍
പ്രകടിപ്പിക്കുക.
♠ സ്വത്വത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ഉള്ള
ബോധം കുറഞ്ഞു വരിക.
ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍
♠ മാനസിക ഉല്ലാസം നേടാന്‍
♠ പിരിമുറുക്കങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍
♠ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന മിഥ്യാ ബോധം
♠ ഉല്‍ക്കണ്ഠ ഒഴിവാക്കാന്‍, പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍
♠ശരി തെറ്റുകള്‍ വിലയിരുത്തുന്നതില്‍ വീഴ്ച
♠തീരുമാനങ്ങളെടുക്കുന്നതില്‍ അവ്യക്തത
♠ഓര്‍മ്മ നഷ്ടപ്പെടുക
♠ശ്രദ്ധയും പഠനോത്സുകതയും കുറഞ്ഞു വരിക.
പഠനത്തില്‍/തൊഴിലില്‍ ഉള്ള താല്പര്യം കുറഞ്ഞു വരികയും ക്രമേണ അതുപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകും. സാമ്പത്തിക നില പരുങ്ങലില്‍ ആകുന്നതോടെ ലഹരി വാഹകരും വിതരണക്കാരും ആയിത്തീരുകയും ചെയ്യും. പെട്ടെന്ന് പണമുണ്ടാക്കാന്‍ കഴിയുന്ന ഏര്‍പ്പാടായതിനാല്‍ ധാരാളം വിദ്യാര്‍ഥികളും യുവാക്കളും ഈ വഴിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.
തലച്ചോറിലെ രാസ പദാര്‍ഥങ്ങളായ ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സിനെ ആണ് മദ്യവും മയക്കുമരുന്നുകളും സ്വാധീനിക്കുന്നത്. ആദ്യമൊക്കെ ഒരു ഉന്മാദവും ഉത്സാഹവും തോന്നുമെങ്കിലും ക്രമേണ ഇത്തരം അനുഭൂതി ഉണ്ടാകാന്‍ വേണ്ടിവരുന്ന ലഹരിയുടെ അളവ് വര്‍ധിപ്പിക്കേണ്ടി വരുന്നു. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് പോകുന്നു. ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗമുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കുന്നതിനും ഇത് കാരണമാകാം. ഈ മരുന്നുകളെ ശരീരത്തില്‍ നിന്നും പുറത്ത് കളയേണ്ടുന്ന ജോലി കരളിനാണെന്നതിനാല്‍, ഉയര്‍ന്ന ഡോസിലുള്ള മരുന്നുപയോഗം അതിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. വ്യക്തി ശുചിത്വം ഒരു വിഷയമേ അല്ലാതാവുകയും രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്യും. തൊഴിലില്‍ കാര്യക്ഷമത കുറയാനും തൊഴില്‍ നഷ്ടപ്പെടാനും ഇടയാകുന്നു.
അനിയന്ത്രിതമായ മദ്യത്തിന്റെ ഉപഭോഗം കരളിനെ സാരമായി ബാധിക്കുന്നു. ഇതുമൂലം Alcoholic liver disease, സിറോസിസ് തുടങ്ങിയ മാരകമായ കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നു. ഒരു ഘട്ടം കഴിഞ്ഞാല്‍ കരള്‍ വീക്കം ചികിത്സ കൊണ്ടും ശരിയാക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നു.
ലഹരി ഉപയോഗം, വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണമാണ്. പൊതു ഇടങ്ങളില്‍ പോലും അസഭ്യമായ പെരുമാറ്റം കൊണ്ട് ലഹരിക്ക് അടിമകളായുള്ളവര്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പേടി സ്വപ്‌നങ്ങളാകുന്നു. എച്ച്‌ഐവി/എയ്ഡ്‌സ് മറ്റു ലൈംഗിക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മാരക രോഗങ്ങള്‍ മയക്കുമരുന്ന് ഉപയോക്താക്കളുടെ ഇടയില്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. എംഡിഎംഎ പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.
നമ്മുടെ പൂര്‍വ്വികര്‍ക്ക് ഭക്തിയും കര്‍മവും ദാനവും കുടുംബ ബന്ധങ്ങളും അറിവും ധര്‍മാധിഷ്ഠിത ജീവിതവുമായിരുന്നു ലഹരി. അവരെ പിന്തള്ളി ആധുനികതയിലേക്ക് പോകുന്ന പുത്തന്‍ തലമുറ പുതിയ പുതിയ ലഹരി മരുന്നുകള്‍ കണ്ടെത്തുന്നു. ഉപയോഗിച്ച് സ്വയം നാശക്കയത്തിലേക്ക് പ്രയാണം ചെയ്യുന്നു. രാജ്യത്തിന്റെ തന്നെ സാമ്പത്തിക ഭദ്രതയും സാംസ്‌കാരിക മഹിമയും തകര്‍ക്കാന്‍ പോലും ലഹരിമാഫിയ പ്രാപ്തരായിക്കൊണ്ടിരിക്കുന്നു.
പരിഹാരമാര്‍ഗ്ഗങ്ങള്‍
♠ ലഹരി മുക്ത വ്യക്തി, ലഹരി മുക്ത കുടുംബം, ലഹരിമുക്ത ഗ്രാമം, ലഹരി മുക്ത രാഷ്ട്രം എന്ന ഭാവന എല്ലാവരിലും എത്തിക്കുക.
♠ ലഹരിക്കടിമപ്പെട്ടു പോകുന്നവരുടെ ചികിത്സയും പുനരധിവാസവും സമൂഹത്തിന്റെ/ സര്‍ക്കാരിന്റെ പ്രഥമ പരിഗണനാ വിഷയമായി കാണുക.
♠ ലഹരിക്ക് അടിമപ്പെട്ടു പോകുന്നവരെ വെറുക്കുന്നതിന് പകരം അവരെ അതിലേക്ക് നയിച്ച സാഹചര്യത്തെ കണ്ടെത്തുകയും തിരുത്തുകയും ചെയ്യുക.
♠ വിദ്യാഭ്യാസ പദ്ധതിയില്‍ ദേശസ്‌നേഹം, സാമൂഹ്യ സമരസത, പാരമ്പര്യം, സേവന തല്‍പരത തുടങ്ങിയ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തുക.
♠ ലഹരി നിര്‍മ്മാണം, വിതരണം, ഉപഭോഗം എന്നിവ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക.
♠ കുട്ടികളോട് സംസാരിക്കാനും, അവരെ സ്‌നേഹിക്കാനും അവരുടെ ആവശ്യങ്ങള്‍ അറിയാനും നിറവേറ്റാനും സമയം കണ്ടെത്തുക. വീട്ടിലെ ബുദ്ധിമുട്ടുകളും പ്രാരബ്ധങ്ങളും കുട്ടികള്‍ കൂടി അറിയണം. അവര്‍ക്കിഷ്ടമില്ലാത്ത കോഴ്‌സുകള്‍ക്ക് അവരെ നിര്‍ബന്ധിച്ച് അയക്കാതിരിക്കുക. അവരെ അംഗീകരിക്കുകയും അവരുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം. അവരില്‍ മാനസിക ധൈര്യവും ആത്മാഭിമാനവും ഉണ്ടാകണം.
♠ മദ്യത്തിന്റെയും മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെയും ദോഷ വശങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
♠ മയക്കുമരുന്ന് നിര്‍മാതാക്കളും വിതരണക്കാരും മാതൃകാപരമായി ശിക്ഷിക്കപ്പടണം.
(പട്ടാഴി അമൃത മെഡിക്കല്‍ സെന്റര്‍ ഡയറക്ടറാണ് ലേഖകന്‍)