അത്യാവശ്യം മരുന്ന് വാങ്ങിക്കാന്‍ പുറത്ത് ഇറങ്ങിയതായിരുന്നു.
അപ്പോഴാണ് വഴിയില്‍ രാമേട്ടന്‍
‘എന്താ സുഖമില്ലായിരുന്നു എന്ന് കേട്ടു’
‘അതെ’ അസുഖ വിവരങ്ങള്‍ കൈമാറിയ ശേഷം ഞാന്‍ പറഞ്ഞു.
‘സുഖമില്ലാത്തതിനാല്‍ ഇത്തവണ സപ്താഹം കേള്‍ക്കാന്‍ പറ്റിയില്ല.’
രാമേട്ടന്റെ ഇടതുപക്ഷ കണക്ഷന്‍ തല്ക്കാലം വിസ്മരിച്ച് കൊണ്ടാണ് ഞാന്‍ അത് പറഞ്ഞത്.
‘അല്ലെങ്കിലും അത് കേട്ടിട്ട് വല്ല ഗുണവുമുണ്ടോ?’
‘ഹ..ഹ..ഹ..’ ഞാന്‍ ചിരിച്ചിട്ട് പറഞ്ഞു.
‘മനസ്സും മനസ്സാക്ഷിയും ഉണ്ടാക്കിയെടുത്തതിന് ശേഷം അത് കേട്ടാല്‍ ഗുണമുണ്ടാവും ഇല്ലെങ്കില്‍ ഒന്നുമില്ല.’
ഞങ്ങള്‍ തണലത്തേയ്ക്ക് മാറി നിന്നു. ഒരു നിമിഷം ആലോചിച്ചിട്ട് രാമേട്ടന്‍ പറഞ്ഞു.
‘ഈശ്വരവിശ്വാസിയല്ലാത്തയാള്‍ക്ക് അതൊന്നും ഇല്ലെന്ന് കരുതുന്നുണ്ടോ?’
ഞാന്‍ തത്വചിന്തകനായി.
‘ഗീതയില്‍ പറയുംപോലെ നമ്മുടെ ജീവന്‍ നിലനില്‍ക്കുന്നത് ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, ആത്മാവ് എന്ന ക്രമത്തിലാണ്.
അതില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് ശരീരം ഉണ്ടെന്നു എല്ലാവര്‍ക്കുമറിയാം. ചില കാമപ്രാന്തന്മാരായ സഖാക്കള്‍ക്ക് ഇന്ദ്രിയങ്ങളും ഉണ്ടെന്നു പ്രത്യക്ഷത്തില്‍ കണ്ടിട്ടുണ്ട്.
അതിനപ്പുറമാണ് മനസ്സ്. അതുള്ളവര്‍ വളരെ കുറവാണ്. അല്ലെങ്കില്‍ കുട്ടികളുടെ മുന്നിലിട്ട് അധ്യാപകന്റെ തല വെട്ടിയപ്പോഴും സ്വന്തം കൂടപ്പിറപ്പായ സഖാവിനെ അമ്പത്തൊന്നു വെട്ട് വെട്ടി കൊന്നപ്പോഴും ഇളകാത്തവര്‍ക്ക് മനസ്സുണ്ടെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. രാമേട്ടനെപ്പോലെ ചില സഹൃദയര്‍ കാണും ഒറ്റയ്ക്കിരുന്ന് ദുഃഖിക്കുന്നവര്‍. മനസ്സില്ലാതെ എന്ത് മനസ്സാക്ഷിയാ? മനസ്സിന്റെ അപ്പുറത്താണ് ബുദ്ധി. അതില്ലെന്ന് സുവിദിതമല്ലേ? അതല്ലേ ചിലര്‍ അന്തം കമ്മി എന്നൊക്കെ വിളിക്കുന്നത്? പിന്നെ ബാക്കി പറയണ്ടല്ലോ?’
രാമേട്ടന്റെ മുഖം മ്ലാനമായി. ഞാനുമായി ഒരു തര്‍ക്കത്തിനില്ലെന്ന് ആ കണ്ണുകള്‍ പറഞ്ഞു.
രാമേട്ടന്‍ എന്നെ സമാധാനിപ്പിക്കാന്‍ എന്ന വണ്ണം ഇങ്ങനെ പറഞ്ഞു. ‘ഇത്തരത്തിലൊക്കെ സാമാന്യ ജനം ചിന്തിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് കാരണം.
വലിയ നേതാവ് തന്നെ ഗുരുനിന്ദ നടത്തുക, അജ്ഞത നടിക്കുക, അവഹേളിക്കുക എന്നിവ ചെയ്യുമ്പോള്‍ ചെറിയവര്‍ പിന്നെ എന്തെല്ലാം ചെയ്യില്ല?’
‘വളരെ ശരിയാണ്. സകല ആചാര്യന്മാരെയും മാത്രമോ ശങ്കരാചാര്യരെ വരെ അവഹേളിക്കുക. ഹിന്ദുനിന്ദ പതിവ് പരിപാടിയാണ്. മാത്രമല്ല അതേസമയം മറ്റു മതങ്ങളെ പുകഴ്ത്തി പറയുക അങ്ങോട്ട് പോയി കാലു പിടിക്കുക, അവരുടെ ആചാരങ്ങള്‍ പാലിച്ചു തലയില്‍ വസ്ത്രമിട്ട് കോമാളി വേഷം കെട്ടുക. ഇത്രയ്ക്ക് വോട്ട് ദാഹം അരുത്!’
‘ഹ..ഹ..ഹ.. യു ആര്‍ റൈറ്റ്’ എന്ന് രാമേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. ഞാന്‍ അദ്ദേഹത്തെ നോവിച്ച് ശത്രുവാക്കിയില്ലല്ലോ എന്ന തോന്നല്‍.
‘തമ്മില്‍ തല്ലിക്കുക, കുത്തിത്തിരുപ്പുണ്ടാക്കി കലാപാഹ്വാനം നടത്തുക. എല്ലാം കാണുന്നില്ലേ?’
‘ശരിയാണ്. ഇതൊക്കെ പാര്‍ട്ടിയുടെ നാശത്തിനേ ഉതകൂ. പക്ഷെ ആരോട് പറയാന്‍?’
രാമേട്ടന്‍ സത്യസന്ധനായതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. അണികള്‍ എന്ന് വിളിക്കപ്പെടുന്ന സാധാരണ കമ്മ്യൂണിസ്റ്റുകള്‍ അന്ധരാണ്. ചിന്താശേഷി തീരെ ഇല്ലാത്തവരാണ്. അല്ലെങ്കില്‍ അമ്പലത്തില്‍ പോകുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങനെ ഈ ഹിന്ദുനിന്ദ പൊറുക്കുന്നു? സഹിക്കുന്നു?’
‘ദേശീയതയോടും ഹിന്ദു മതത്തോടുമുള്ള ഒടുങ്ങാത്ത വൈരാഗ്യമാണ് മാര്‍ക്‌സിസ്റ്റുകള്‍ക്ക്. മാര്‍ക്‌സിസം ഒരു വൈദേശികമതമായതുകൊണ്ടാണോ? രാമേട്ടന് എന്ത് തോന്നുന്നു?’
‘അല്ല.. പാര്‍ട്ടി സ്ഥാപക സമയത്തെ നേതാക്കളുടെ അജ്ഞത. മാവോ ചൈനീസ് ദേശീയതയെയും കണ്‍ഫ്യൂഷ്യനിസത്തെയും കൂട്ടി ചേര്‍ത്ത് മാവോയിസം ഉണ്ടാക്കിയപോലെ ഒന്ന് ഇവിടെയും ആകാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ആ വഴി ഉത്തരേന്ത്യയില്‍ കാലുറപ്പിക്കാമായിരുന്നു. അത് ചെയ്തില്ല.’
‘സത്യഭക്തനെ കുറിച്ച് രാമേട്ടന്‍ കേട്ടിട്ടില്ലേ? രാജസ്ഥാന്‍കാരനായ സത്യഭക്ത് ഹിന്ദുയിസവും കമ്മ്യൂണിസവും കൂടി കൂട്ടി കലര്‍ത്തി ‘ഹിന്ദു കമ്മ്യൂണിസം’ ഉണ്ടാക്കി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നൊരു പാര്‍ട്ടിയും ഉണ്ടാക്കിയിരുന്നു. 1925 ഡിസംബര്‍ 26 ലെ കാണ്‍പൂര്‍ കോണ്‍ഫറന്‍സിലെ നെടുനായകത്വം അദ്ദേഹം വഹിച്ചു. അദ്ദേഹത്തിന്റെ നല്ല പല നിര്‍ദ്ദേശങ്ങളും തള്ളിയാണ് സി.പി.ഐ എന്ന് നാമകരണം ചെയ്ത് മുന്നോട്ട് പോയത്. അദ്ദേഹം പറഞ്ഞത് എന്തായിരുന്നു. ആശയം എന്തായിരുന്നു എന്ന് കൂടി ഇന്നത്തെ അണികള്‍ക്ക് അറിഞ്ഞുകൂടാ.’
‘ശരിയാണ് നേരിയ എന്തോ പരാമര്‍ശമേ ഞാനും കേട്ടിട്ടുള്ളൂ.’ രാമേട്ടനും തന്റെ അജ്ഞത വെളിവാക്കിയപ്പോള്‍ ഞാന്‍ തുടര്‍ന്നു.
‘വാസ്തവത്തില്‍ സത്യഭക്തന്റെ കമ്മ്യൂണിസമായിരുന്നു ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യം. രാമരാജ്യമാണ് കമ്മ്യൂണിസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ആയിരുന്നു അദ്ദേഹം. അക്കാലത്തെ കമ്മ്യൂണിസ്റ്റുകള്‍ ഗാന്ധിജിയെ ജാതി വ്യവസ്ഥയുടെ കടും പിടുത്തക്കാരന്‍ എന്ന് വിളിച്ച് കളിയാക്കുന്നതിനോട് അദ്ദേഹം യോജിച്ചില്ല. പാര്‍ട്ടിയിലെ പല നേതാക്കന്മാരും ബ്രാഹ്‌മണരായിരുന്നു. വാചകക്കസര്‍ത്ത് നിര്‍ത്തി പ്രായോഗികവാദികളാവാന്‍ സത്യഭക്ത് അവരെ വെല്ലുവിളിച്ചു. സ്വയം ഒരു ദളിത് സ്ത്രീയെ വിവാഹം കഴിച്ചു പ്രവര്‍ത്തിച്ചു കാണിച്ചു. അതിനാല്‍ പല ദുരിതങ്ങളും അനുഭവിക്കേണ്ടി വന്നു. നിരവധി ഹിന്ദി പത്രമാസികകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ച സത്യഭക്ത് മുന്നോട്ടു വെച്ച പല ആശയങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘പ്രസ്താവയോഗ്യമല്ല’ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. അന്ന് തുടങ്ങിയതാണ് അവരുടെ ഹിന്ദു വിരോധം.
ബ്രിട്ടീഷ് ഏജന്റുമാരുടെ പാവകളായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍. കമ്മ്യൂണിസത്തില്‍ ഹിന്ദുത്വം കലരുന്നത് അവര്‍ എങ്ങനെ സഹിക്കും?.. ഇന്നും അത് തുടരുന്നു. മാര്‍ക്‌സിസം വൈദേശിക മതമായതുകൊണ്ട് അബ്രഹാമിക് മതാദര്‍ശങ്ങള്‍ എളുപ്പത്തില്‍ അതില്‍ ലയിപ്പിക്കാം. എന്നാല്‍ സര്‍വ്വാശ്ലേഷിയും ഭൗതികവാദം കൂടി ഉള്‍ക്കൊള്ളുന്നതുമായ ഹിന്ദു മതത്തോട് സമരസപ്പെട്ട് പോകാന്‍ അവര്‍ക്ക് വയ്യ താനും. അതേ സമയം ആഗോള ഇസ്ലാമിന്റെ അജണ്ടകള്‍ക്കൊപ്പം നീങ്ങി അധ:പ്പതിച്ച് തറയില്‍ വീഴാനും അവര്‍ തയ്യാറാണ്. എന്തൊരു ഭോഷ്‌ക്ക്!’
രാമേട്ടന്‍ ചിരിച്ചു. ‘ഹിന്ദുത്വവും കമ്മ്യൂണിസവും രണ്ടു വിരുദ്ധ ആശയങ്ങള്‍ അല്ലേ എങ്ങനെ ഒന്നിക്കാന്‍?’ ഒന്നിച്ച ചരിത്രമുണ്ടല്ലോ. നോക്കൂ 77 ല്‍ എമര്‍ജന്‍സിയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ മുംബൈയില്‍ ഒരു വോട്ടറായിരുന്നു. അന്ന് സൗത്ത് മുംബൈയില്‍ എം.പി.സ്ഥാനത്തേയ്ക്ക് സുബ്രഹ്‌മണ്യന്‍ സ്വാമിയും (ജനത പാര്‍ട്ടി) എം.എല്‍.എ സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിന്റെ പ്രഭാകര്‍ സന്ജഗിരിയും ആയിരുന്നു. ആര്‍.എസ്സ്.എസ്സുകാരും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ച് പ്രവര്‍ത്തിച്ചു. ആര്‍.എസ്സ്.എസ്സ് കാര്യാലയത്തിലാണ് മലയാളികളായ സി.പി.എമ്മുകാര്‍ കിടന്നുറങ്ങിയിരുന്നത്. സംഘത്തിനു മഹാരാഷ്ട്രയില്‍ നല്ല ശക്തിയാണ് സി.പി.എം ദുര്‍ബ്ബലവും. എന്തായാലും ഇരുകൂട്ടരും യോജിച്ച് പ്രവര്‍ത്തിച്ച് നല്ല മാര്‍ജിനോട് കൂടി വിജയിച്ചു.’ രാമേട്ടന്‍ ചിന്താധീനനായി. എന്നിട്ട് പറഞ്ഞു.
‘കാലം ആവശ്യപ്പെടുമ്പോള്‍ കടുവയും കാട്ടുപന്നിയും ഒന്നിയ്ക്കും.’
ഞാന്‍ ചിരിച്ചിട്ട് പറഞ്ഞു. ‘കാലം ആവശ്യപ്പെടാതെ തന്നെ ഇവിടെ ഇപ്പോള്‍ കാട്ടുപന്നിയും പെരുമ്പാമ്പുമാണ് കൂട്ട് . ഈ പെരുമ്പാമ്പ് കാട്ടു പന്നിയെ വിഴുങ്ങും ഉറപ്പാ.’
‘ഹ..ഹ..ഹ..’ രാമേട്ടന്‍ ഉറക്കെ ചിരിച്ചു.
‘സത്യഭക്തന്റെ കഥ കേള്‍ക്കൂ.. ഭാഗവത പുരാണം, ഗരുഡ പുരാണം, രാമചരിത മാനസ് എന്നിവ വായിച്ച് അദ്ദേഹം പ്രബുദ്ധനായി. രാമചരിത മാനസ് ഹിന്ദി ഭാഷയുടെ ആത്മാവ് എന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും രാമായണത്തിലെ സീതാപരിത്യാഗം തുടങ്ങി ചില കാര്യങ്ങളില്‍ വിരുദ്ധാഭിപ്രായം ഉണ്ടായിരുന്നു. തന്റെ ‘സാമ്യവാദ് കെ സിദ്ധാന്ത്’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ചില ജുഗുപ്‌സാവഹമായ കാര്യങ്ങള്‍ പറഞ്ഞു വെച്ചത് ഇരുകൂട്ടരെയും അകറ്റി. ഏഴു കൊല്ലത്തിനുള്ളില്‍ പ്രളയം ഉണ്ടാവുമെന്നും അതിനു ശേഷം സത്‌യുഗം വരും അതില്‍ സര്‍വ്വ ജീവജാലങ്ങളും പരസ്പരം സ്‌നേഹിച്ച് സഹകരിച്ചു ജീവിക്കും എന്നൊക്കെയുള്ള പ്രവചനങ്ങള്‍ വിശേഷിച്ചും. അവസാനം അഖണ്ഡ ജ്യോതി ആശ്രമത്തില്‍ താമസിച്ച് 1985 ല്‍ ആര്‍ക്കും വേണ്ടാത്ത അനാഥനായി അദ്ദേഹം മരിച്ചു.’


എന്നെ സുഖിപ്പിക്കാനോ എന്തോ രാമേട്ടന്‍ പറഞ്ഞു.
‘അത് ഏഴു കൊല്ലാമാവില്ല, 70 കൊല്ലമായിരിക്കും. മോദി ഭരണം സത്യയുഗമല്ലേ ?’
‘ഹ..ഹ..എന്താ സംശയം? 2024 കൂടി കഴിഞ്ഞോട്ടെ.. നോക്കിക്കോളൂ.. എന്തായാലും രാമേട്ടന്‍ സത്യഭക്തന്റെ അനുയായി ആയിത്തീര്‍ന്നു. ഇനി കുറച്ചു ദൂരമേയുള്ളൂ.’
‘ഹിന്ദു കമ്മ്യുണിസത്തില്‍ നിന്ന് ഹിന്ദുത്വയിലേയ്ക്ക്.. അല്ലേ ?’
‘അതെ അതെ ..’ എന്ന് പറഞ്ഞു ഞാന്‍ അവിടെ നിന്ന് തിരിച്ചപ്പോള്‍ ഒരു പല്ലി ചിലച്ചു..