യൂറോപ്പുകാരനായിരുന്നിട്ടും കാറല്‍ മാര്‍ക്‌സ് മനസ്സിലാക്കാതിരുന്ന യൂറോപ്യന്‍ ദേശീയതകളെക്കുറിച്ച് ശരിയായി മനസ്സിലാക്കിയ ഇന്ത്യക്കാരുണ്ട്. അവരിലൊരാളാണ് ഏകാത്മമാനവ ദര്‍ശനത്തിന്റെ ഉപജ്ഞാതാവായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ. വ്യത്യസ്തമായ ചരിത്രപശ്ചാത്തലവും ഉത്ഭവവും രൂപപരിണാമങ്ങളുമൊക്കെയുള്ള യൂറോപ്യന്‍ ദേശീയതകളെക്കുറിച്ചും ഉള്‍ക്കാഴ്ചയോടെയാണ് ദീനദയാല്‍ ഉപാധ്യായ എഴുതിയിട്ടുള്ളത്.
യൂറോപ്പിന്റെ ചരിത്രത്തില്‍ കത്തോലിക്കാ രാജ്യങ്ങളും പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളും തമ്മില്‍ 30 വര്‍ഷം (1618-1648) നീണ്ട യുദ്ധത്തിനൊടുവില്‍ റോമാ സാമ്രാജ്യം രൂപപ്പെട്ടു. ഇതിനെത്തുടര്‍ന്ന് വിവിധ കക്ഷികള്‍ തമ്മില്‍ എത്തിച്ചേര്‍ന്ന ഉടമ്പടികള്‍ യൂറോപ്പിന്റെ ഭൗമരാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തി. അങ്ങനെയാണ് ആധുനിക ദേശരാഷ്ട്രങ്ങളും നിശ്ചിതമായ അതിര്‍ത്തികളും സ്ഥാപിതമായത്. ഒരു രാജ്യത്തെ ജനങ്ങള്‍ അവിടുത്തെ നിയമത്തിന് വിധേയരാവണമെന്ന വ്യവസ്ഥയും നിലവില്‍ വന്നു. ”ഈ രാജ്യങ്ങള്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിനു പുറത്തേക്കും തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കുകയും, മറ്റു രാജ്യങ്ങളെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ദേശീയത രാഷ്ട്രത്തെയും ഭരണസംവിധാനത്തെയും ഒന്നിപ്പിച്ചതിന്റെ ഫലമായി ദേശരാഷ്ട്രങ്ങള്‍ പിറവികൊണ്ടു.” (85)
പതിമൂന്നാം നൂറ്റാണ്ടു മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടുവരെയുള്ള ചരിത്രത്തില്‍ യൂറോപ്പിന്റെ ഭൂപടം ദേശീയാഭിലാഷങ്ങള്‍ക്ക് അനുസൃതമായി വരയ്ക്കുകയും മാറ്റിവരയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു എന്നാണ് ദീനദയാല്‍ ഉപാധ്യായ എഴുതുന്നത്. ”ദേശീയത ജനങ്ങളെ ഐക്യപ്പെടുത്തുകയും, അതുവഴി ദേശീയ ഭരണസംവിധാനത്തിനുവേണ്ടി വ്യത്യസ്തമായ സ്വന്തം പ്രദേശങ്ങളുടെ സ്വയംഭരണം ഉപേക്ഷിക്കുകയും ചെയ്തു. ഇത് ഒരു വിഭാഗം ജനതയെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു. പിന്നീട് വ്യക്തികളുടെ ആഗ്രഹത്തെക്കാള്‍ ദേശീയ താല്‍പ്പര്യങ്ങള്‍ യുദ്ധത്തിന്റെയും സമാധാനത്തിന്റെയും സ്വഭാവം നിര്‍ണയിക്കുന്നതായി. രാഷ്ട്രങ്ങള്‍ നിശ്ചിത സ്വഭാവം ആര്‍ജ്ജിക്കാന്‍ തുടങ്ങിയതോടെ ഭരണസംവിധാനത്തിന്റെ രൂപം താല്‍പ്പര്യ വസ്തുവും ചര്‍ച്ചാവിഷയവുമായി.”(86)
യൂറോപ്യന്‍ ദേശീയതയുടെ കാര്യത്തില്‍പ്പോലും ഇങ്ങനെയൊരു തെളിഞ്ഞ കാഴ്ചപ്പാട് മാര്‍ക്‌സിനുണ്ടായിരുന്നതായി കാണുന്നില്ല. അപ്പോള്‍പ്പിന്നെ ഇന്ത്യയുടെ കാര്യത്തില്‍ അങ്ങനെയുണ്ടാകുമെന്ന് വിചാരിക്കുന്നതുതന്നെ അബദ്ധമായിരിക്കും. ‘ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങള്‍’ എന്ന ലേഖനത്തില്‍ മാര്‍ക്‌സ് എഴുതുന്നു. ”ഇന്ത്യന്‍ സമൂഹത്തിന് ചരിത്രമേയില്ല, കുറഞ്ഞപക്ഷം അറിയപ്പെടുന്ന ചരിത്രം. ചെറുത്തുനില്‍പ്പും മാറ്റവുമില്ലാതെ ആ സമൂഹത്തിന്റെ നിഷ്‌ക്രിയമായ അടിത്തറയില്‍ സ്വന്തം സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ തുടര്‍ച്ചയായി എത്തിക്കൊണ്ടിരുന്ന കടന്നുകയറ്റക്കാരുടെ ചരിത്രത്തെയാണ് നാം അതിന്റെ ചരിത്രമെന്ന് വിളിക്കുന്നത്.”(87) ഈയൊരു പ്രസ്താവനയില്‍ നിന്നുതന്നെ മാര്‍ക്‌സിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എത്ര ഉപരിപ്ലവവും വികലവും ദുരുദ്ദേശ്യപരവുമാണെന്ന് വ്യക്തമാവും.
ഇന്ത്യാ ചരിത്രക്കുറിപ്പുകള്‍ മോസ്‌കോയില്‍നിന്ന്
ഇന്ത്യയ്ക്ക് അറിയപ്പെടുന്ന ഒരു ചരിത്രമില്ലെങ്കില്‍ പിന്നെ അതൊരു രാഷ്ട്രമാവുന്ന പ്രശ്‌നമില്ലല്ലോ. മാര്‍ക്‌സ് ഇക്കാര്യം എടുത്തു പറയുന്നില്ലെങ്കിലും ഇന്ത്യയുടെ സുവര്‍ണ ഭൂതകാലത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ”ക വെമൃല ിീ േവേല ീുശിശീി ീള വേീലെ ംവീ യലഹശല്‌ല ശി മ ഴീഹറലി മഴല ീള ഒശിറൗേെമി” എന്നാണ് മാര്‍ ക്‌സിന്റെ വാക്കുകള്‍. യൂറോപ്പിനെ അപേക്ഷിച്ച് ഇന്ത്യയുടെ ദീര്‍ഘമായ ചരിത്രത്തെക്കുറിച്ച് മാര്‍ക്‌സ് അജ്ഞനായിരുന്നു. മാര്‍ക്‌സിന്റെ ‘ഇന്ത്യാചരിത്രക്കുറിപ്പുകള്‍’ ആരംഭിക്കുന്നതുതന്നെ ഇസ്ലാമിക ഭരണാധികാരികളുടെ കടന്നാക്രമണങ്ങള്‍ മുതലാണ്. ഇതിനും മുന്‍പ് സഹസ്രാബ്ദങ്ങള്‍ നീളുന്ന ചരിത്രത്തിലേക്ക് മാര്‍ക്‌സ് കണ്ണുപായിച്ചതേയില്ല. പലരില്‍നിന്നും കടംകൊണ്ട മുന്‍വിധികള്‍ അതിന് അനുവദിച്ചില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഇന്‍ഡോളജി ഏറെ പുരോഗമിക്കുകയും, മാര്‍ക്‌സ് മുള്ളറെപ്പോലുള്ള ജര്‍മന്‍ പണ്ഡിതന്മാര്‍ അതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയും (ഇതിലേറെയും ഇന്ത്യയുടെ പൗരാണിക ചരിത്രത്തോടും സംസ്‌കാരത്തോടും നീതി പുലര്‍ത്തുന്നതായിരുന്നില്ല എന്നതു വേറെ കാര്യം) ചെയ്തിരുന്നു. ഇന്ത്യയെ സംബന്ധിക്കുന്ന ‘സ്വന്തം ധാരണകള്‍’ സ്വരൂപിക്കുമ്പോള്‍ മാര്‍ക്‌സ് ഇവയൊന്നും പരിഗണിച്ചില്ല. ഇന്ത്യയുടെ മതത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ചിലതു പറയാന്‍ പതിവുപോലെ ഹെഗലിനെത്തന്നെയാണ് മാര്‍ക്‌സ് ആശ്രയിച്ചത്. അപഹാസ്യമായിരുന്നു ഹെഗലിന്റെ ഇന്ത്യയെ കണ്ടെത്തലും.
അപൂര്‍ണവും അവ്യക്തവും പൊരുത്തക്കേടുകള്‍ നിറഞ്ഞതുമാണ് മാര്‍ക്‌സിന്റെ ഇന്ത്യാ ചരിത്രക്കുറിപ്പുകള്‍. മാര്‍ക്‌സിന്റെ മരണശേഷം കയ്യെഴുത്തുകളില്‍നിന്ന് ശേഖരിച്ച് 1947 ലാണ് ‘ഇന്ത്യാ ചരിത്രക്കുറിപ്പുകള്‍’ മോസ്‌കോയില്‍നിന്ന് പ്രസിദ്ധീകരിക്കുന്നത്. ജീവിതാവസാനത്തോട് അടുപ്പിച്ച് 1880 കാലത്താണ് ഈ കയ്യെഴുത്തു പ്രതികള്‍ മാര്‍ക്‌സ് തയ്യാറാക്കിയത്. മൗണ്ട്സ്റ്റുവര്‍ട്ട് എല്‍ഫിന്‍സ്റ്റണ്‍ എഴുതിയ ഇന്ത്യയുടെ ചരിത്രം, റോബര്‍ട്ട് സീവെല്‍സിന്റെ ബ്രിട്ടീഷുകാര്‍ ഇന്ത്യ കീഴടക്കിയതിന്റെ അപഗ്രഥനാത്മക ചരിത്രം എന്നീ പുസ്തകങ്ങളാണ് മാര്‍ക്‌സ് ഇതിനുപയോഗിച്ചത്.
മാര്‍ക്‌സ് ഈ കുറിപ്പുകള്‍ ഉപയോഗിച്ചതിന് തെളിവൊന്നുമില്ല. മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍ സുശോഭന്‍ സര്‍ക്കാര്‍ ‘ഇന്ത്യാ ചരിത്രത്തെക്കുറിച്ച് മാര്‍ക്‌സ്’ എന്ന ലേഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ”ഇന്ത്യയുടെ ചരിത്രം വ്യവസ്ഥാപിതമായി പഠിച്ചതിന്റെ തെളിവൊന്നും മാര്‍ക്‌സ് നല്‍കിയിട്ടില്ല. അതില്‍ മാര്‍ക്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചതുമില്ല. ഇന്ത്യയിലെ ചില പ്രശ്‌നങ്ങളെക്കുറിച്ച് ജനശ്രദ്ധയാകര്‍ഷിക്കുന്ന നിരീക്ഷണങ്ങള്‍ നടത്തുകയാണ് ചെയ്തത്. മാര്‍ക്‌സിന്റെ കാലത്തുതന്നെ ചില യൂറോപ്യന്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള ഹിന്ദുകാലഘട്ടത്തെ മാര്‍ക്‌സ് പൂര്‍ണമായി ഒഴിവാക്കിയിരിക്കുന്നത് വലിയൊരു വീഴ്ചയാണ്.” (88)
ഇന്ത്യയെക്കുറിച്ചുള്ള തന്റെ അറിവുകള്‍ പരിമിതമാണെന്ന് ഏംഗല്‍സിന് എഴുതിയ കത്തില്‍ മാര്‍ക്‌സ് പറയുന്നതായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ജി. അധികാരി ‘മാര്‍ക്‌സും ഇന്ത്യയും’ എന്ന ലേഖനത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. ”പിന്നീട് ഞാന്‍ ട്രിബ്യൂണിനുവേണ്ടി ഇന്ത്യയെക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ടെങ്കിലും തീരെ ശോഷിച്ചിരുന്ന എന്റെ വരുമാനത്തിലേക്ക് എന്തെങ്കിലും ചിലത് കൂട്ടിച്ചേര്‍ക്കുന്നതിനുവേണ്ടിയായിരുന്നു അത്. പക്ഷേ എനിക്ക് വളരെക്കുറച്ച് വിവരങ്ങളെ കിട്ടിയിരുന്നുള്ളൂ. ഇന്ത്യ എന്റെ വകുപ്പില്‍പ്പെടുന്നതല്ല.” (89) എന്ന് മാര്‍ക്‌സ് സമ്മതിച്ചിട്ടുള്ളതായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയിട്ടുള്ള അധികാരി ചൂണ്ടിക്കാട്ടുന്നു. ഇതേ അധികാരി തന്നെ മറ്റൊരിക്കല്‍ മനുവിനെ ഉദ്ധരിക്കാന്‍ കഴിയുമാറ് മാര്‍ക്‌സിന് ഇന്‍ഡോളജിയില്‍ അവഗാഹമുണ്ടായിരുന്നുവെന്ന് രാഷ്ട്രീയപ്രേരിതമായി പ്രസ്താവിക്കുന്നുണ്ട്.
പ്രമുഖ ചരിത്രകാരന്‍ എ.കെ. വാര്‍ധര്‍ പറയുന്ന ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. ഹെഗല്‍ രൂപം നല്‍കിയ തന്റെ കാലത്തെ സാമാന്യമായ യൂറോപ്യന്‍ കാഴ്ചപ്പാടില്‍ തറഞ്ഞുകിടന്നയാളാണ് മാര്‍ക്‌സ്.” ഈ കാഴ്ചപ്പാട് അനുസരിച്ച് ”ഏഷ്യന്‍ ജനത കാടന്മാരാണ്. പുരാതന ഗ്രീക്കുകാരാണ് വളരെ അത്ഭുതകരമായി നാഗരികത സൃഷ്ടിച്ചത്. പില്‍ക്കാല യൂറോപ്യന്‍ ജനത ഇതിന്റെ അവകാശികളുമായി… തത്വചിന്ത, കല തുടങ്ങിയവയോടൊപ്പം ശരിയായ ചരിത്രവും സാമൂഹ്യ പുരോഗതിയും ആരംഭിക്കുന്നത് ഗ്രീക്കുകാരാണ്. സ്വാഭാവികമായും അത് യൂറോപ്പിന്റെ ചരിത്രമായി” (90)
ഇറ്റലിയും അയര്‍ലന്റും പിന്നെ ഇന്ത്യയും
ഇന്ത്യാ ചരിത്ര കുറിപ്പുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ‘ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണ്‍’ എന്ന അമേരിക്കന്‍ പത്രത്തിലെഴുതിയ ലേഖനങ്ങളാണ് മാര്‍ക്‌സിന്റെ ഇന്ത്യാചരിത്രം. ഈ ലേഖനങ്ങളില്‍ ചിലത് എടുത്തുചേര്‍ത്തിട്ടുള്ള ‘മൂലധന’ത്തില്‍ ഇന്ത്യയെക്കുറിച്ച് മാര്‍ക്‌സ് പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നില്ല. ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണ്‍ മാര്‍ക്‌സിന്റെ പേരില്‍ പ്രസിദ്ധീകരിച്ച പല ലേഖനങ്ങളും എഴുതിയത് ഏംഗല്‍സായിരുന്നു. പിന്നീടാണ് ഇക്കാര്യം അറിയുന്നതെങ്കിലും ഈ ലേഖനങ്ങളുടെ ബഹുമതി ഏംഗല്‍സിന് നല്‍കിയില്ല. ഇതിനു പകരം ചില ലേഖനങ്ങള്‍ വിഷയാടിസ്ഥാനത്തില്‍ സമാഹരിച്ച് ‘ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം 1857-1859’ എന്ന ശീര്‍ഷകത്തില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോള്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പേരുവച്ചു. ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണില്‍ ഏംഗല്‍സും സ്വന്തം നിലയ്ക്ക് ലേഖനങ്ങള്‍ എഴുതിയിരുന്നു. ഈ പുസ്തകം പ്രസിദ്ധീകരിച്ചത് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി നേതൃത്വം നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്‌സിസം-ലെനിനിസം ആണ്. റഷ്യന്‍ പതിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷയാണിത്.
ഇറ്റലിയോടും അയര്‍ലന്റിനോടുമൊക്കെ താരതമ്യപ്പെടുത്തുന്നതില്‍നിന്നുതന്നെ ഇന്ത്യയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ ധാരണകള്‍ എത്ര പരിമിതവും പരിഹാസ്യവുമാണെന്ന് വ്യക്തമാവും. ”അക്രമികളുടെ ഖഡ്ഗം ഇറ്റലിയിലെ ദേശീയതയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതുപോലെ ഹിന്ദുസ്ഥാനവും, മുഹമ്മദീയരുടെയോ മുഗളന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ സമ്മര്‍ദ്ദത്തിന് വിധേയമല്ലാതിരുന്നപ്പോഴെല്ലാം, ഇവിടെ എത്ര ഗ്രാമങ്ങളോ പട്ടണങ്ങളോ ഉണ്ടായിരുന്നുവോ അത്രയും സ്വതന്ത്രങ്ങളും അന്യോന്യം യുദ്ധത്തിലേര്‍പ്പെട്ടിരുന്നവയുമായ രാജ്യങ്ങളായി ചിന്നിച്ചിതറിക്കിടന്നു.” (91)
”പൗരസ്ത്യ ദേശത്തെ അയര്‍ലന്റാണ് അത്. ഇറ്റലിയുടെയും അയര്‍ലന്റിന്റെയും വിചിത്രമായ ഈ സംഘാതം, സുഖഭോഗങ്ങളുടെ ലോകവും ദുരിതങ്ങളുടെ ലോകവും തമ്മിലുള്ള ഈ ചേരുവ ഹിന്ദുസ്ഥാനിലെ പ്രാചീനമായ മതപാരമ്പര്യങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ള ഒന്നാണ്. അമിതമായ കാമാസക്തിയുടെയും ആത്മപീഡനത്തോളം എത്തുന്ന സര്‍വസംഗപരിത്യാഗത്തിന്റെയും മതമാണ് അത്. ലിംഗാരാധനയുടെയും ആത്മബലിയുടെയും മതമാണ്. ഭിക്ഷുവിന്റെയും അതേസമയം ദേവദാസിയുടെയും മതം.” (92) ഇതൊക്കെയാണ് മാര്‍ക്‌സിന്റെ കണ്ടെത്തലുകള്‍!
ചരിത്രം കണ്‍തുറന്നപ്പോള്‍ ഇന്ത്യയുണ്ട്. ആരെയും വിസ്മയിപ്പിക്കുന്ന സാംസ്‌കാരിക വൈവിധ്യം നിറഞ്ഞ, സത്യാന്വേഷണത്തിന്റെയും ദര്‍ശനത്തിന്റെയും അവസാന വാക്ക് പറഞ്ഞിട്ടുള്ള ഒരു രാജ്യത്തെയാണ് മാര്‍ക്‌സ് ലോകഭൂപടത്തില്‍ ഭൂതക്കണ്ണാടി വച്ചാല്‍ മാത്രം കാണാന്‍ കഴിയുന്ന ചെറുരാജ്യങ്ങളുമായി ഒരു സങ്കോചവുമില്ലാതെ താരതമ്യം ചെയ്യുന്നത്. കിഴക്കിനെ സംബന്ധിച്ച മാര്‍ക്‌സിന്റെ ചരിത്രബോധത്തിന്റെയും വിജ്ഞാനത്തിന്റെയും സാമാന്യബോധത്തിന്റെ പോലും പരിമിതിയാണ് ഇങ്ങനെയൊരു സാഹസത്തിന് മാര്‍ക്‌സിനെ പ്രേരിപ്പിക്കുന്നത്. ”വിദേശികള്‍ (മുസ്ലിങ്ങളും ബ്രിട്ടീഷുകാരും) ഇവിടെ കാലെടുത്തുകുത്തുന്നതിന് എത്രയോ മുന്‍പുതന്നെ ഭാരതത്തില്‍ മൗര്യ, ഗുപ്ത, ഹര്‍ഷ, ചാലൂക്യ, രാഷ്ട്രകൂട, പല്ലവ, ചേര, ചോള, പാണ്ഡ്യ സാമ്രാജ്യങ്ങള്‍ നിലനിന്നിരുന്നു. എന്നുമാത്രമല്ല അവയിലോരോന്നും ഇറ്റലിയെക്കാള്‍ വലിപ്പമുള്ളവയായിരുന്നുവെന്നും, അവയില്‍ പലതും ഇടതടവില്ലാതെ ശതാബ്ദങ്ങളോളം പ്രബലങ്ങളും സമൃദ്ധങ്ങളുമായി ജീവിച്ചുവെന്നും ഭാരത ചരിത്രത്തില്‍ ഉപരിപ്ലവമായ പരിജ്ഞാനമുള്ള വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാവുന്നതാണ്.” (93) ഈ യാഥാര്‍ത്ഥ്യം ജീവിതകാലം മുഴുവന്‍ മാര്‍ക്‌സിന് അജ്ഞാതമായി തുടര്‍ന്നു.
മാര്‍ക്‌സിന്റെ അവിവേകങ്ങള്‍
ഇന്ത്യയെ മനസ്സിലാക്കാനുള്ള ക്ഷമയോ ബുദ്ധിപരമായ സത്യസന്ധതയോ കാണിക്കുന്നതിനുപകരം, അപഹസിക്കുകയെന്ന അവിവേകമാണ് മാര്‍ക്‌സ് പ്രകടിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ മാര്‍ക്‌സിന്റെ ഉദ്ദേശ്യശുദ്ധിതന്നെ ചോദ്യം ചെയ്യപ്പെടണം എന്ന അഭിപ്രായം പല മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ക്കുമുണ്ട്. ഏംഗല്‍സിനെ ആശ്രയിക്കുന്നതല്ലാതെ കൃത്യമായ വരുമാനമൊന്നും ഇല്ലാതിരുന്ന മാര്‍ക്‌സ് താന്‍ നേരിട്ട സാമ്പത്തിക സമ്മര്‍ദ്ദത്തെ മറികടക്കാനുള്ള എളുപ്പവഴി എന്ന നിലയ്ക്കാണല്ലോ ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണിന്റെ ഇന്ത്യാകാര്യ ലേഖകനാവുന്നത്. ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും അടുത്തറിയാന്‍ അവസരം ലഭിക്കാതിരിക്കുകയും, അവ്യക്തമായ ധാരണകള്‍ സ്വരൂപിക്കുകയും ചെയ്ത ഹെഗലിന്റെ എഴുത്ത് പരിശോധനയൊന്നും കൂടാതെ പകര്‍ത്തിവയ്ക്കുകയാണ് പലയിടങ്ങളിലും മാര്‍ക്‌സ്. ”ഹിന്ദുക്കള്‍ക്ക് ചരിത്രമില്ല, വ്യതിരിക്തമായ രാഷ്ട്രീയ വ്യവസ്ഥയിലേക്ക് വികസിക്കുന്ന വളര്‍ച്ചയില്ല” എന്ന് ഹെഗല്‍ പറയുന്നതാണ് മാര്‍ക്‌സ് അതേപടി ആവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഗ്രാമസമൂഹത്തെക്കുറിച്ചുള്ള യാന്ത്രികമായ കാഴ്ചപ്പാടും ഹെഗലില്‍നിന്നാണ് മാര്‍ക്‌സ് കടംകൊണ്ടത്. അകലെ നിന്നു കാണുന്നതിന്റെ വൈകല്യം ഹെഗലിനും മാര്‍ക്‌സിനും ഒരേപോലെയുണ്ട്.
”ഒരു ചെറുതുണ്ട് ഭൂമിയില്‍ അള്ളിപ്പിടിച്ചുകിടന്ന പ്രാകൃതമായ അഹംഭാവം, സാമ്രാജ്യങ്ങള്‍ മണ്ണടിയുന്നതും, വന്‍നഗരങ്ങളില്‍ ജനങ്ങളെ കൂട്ടക്കശാപ്പു ചെയ്യുന്നതുമൊക്കെ ഏതെങ്കിലും പ്രകൃതികോപങ്ങളില്‍ കവിഞ്ഞ ഒരു പരിഗണനയും നല്‍കാതെ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയും, അതേസമയം ഏതെങ്കിലും ആക്രമണകാരിയുടെ കണ്ണില്‍പ്പെട്ട് അവന്‍ തന്റെ മേല്‍ ചാടിവീഴാന്‍ വന്നാല്‍ നിസ്സഹായനായി കീഴ്‌പ്പെടുകയും ചെയ്തിരുന്നതിനെ നാം വിസ്മരിക്കരുത്. മറുവശത്ത് അന്തസ്സാര ശൂന്യവും ചൊടികെട്ടതുമായ ഈ വെറുങ്ങലിച്ച ജീവിതം, നിഷ്‌ക്രിയമായ ഈ നില്‍പ്പ് വന്യവും ലക്ഷ്യരഹിതവുമായ സംഹാരശക്തികളെ കെട്ടഴിച്ചുവിടുകയും, നരഹത്യയെപ്പോലും മതാചാരമായി മാറ്റുകയും ചെയ്തുവെന്ന വസ്തുതയും നാം വിസ്മരിക്കരുത്. ജാതി വ്യവസ്ഥയും അടിമത്തവും എന്നും ഈ കൊച്ചുകൊച്ച് സമുദായങ്ങളുടെ തീരാശാപമായിരുന്നു. ഇവര്‍ മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനന്‍ ആക്കുന്നതിനു പകരം അവനെ ബാഹ്യസാഹചര്യങ്ങളുടെ ദാസനാക്കി മാറ്റുകയാണ് ചെയ്തത്. സ്വയം വികസിച്ച ഒരു സാമൂഹ്യവ്യവസ്ഥയെ ഒരിക്കലും മാറാത്ത തലവിധിയാക്കി മൃഗപ്രായമായ പ്രകൃതി പൂജയ്ക്ക് ജന്മം നല്‍കി എന്ന വസ്തുതയും നാം വിസ്മരിക്കരുത്. ഈ അധഃപതനം പ്രകൃതിയുടെ യജമാനനായ മനുഷ്യനെക്കൊണ്ട് ഹനുമാന്‍ എന്ന കുരങ്ങിന്റെയും ശബള (കാമധേനു) എന്ന പശുവിന്റെയും മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്യിപ്പിച്ചു.”(94) ‘ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം’ എന്ന ലേഖനത്തില്‍ ഇങ്ങനെയൊക്കെ കൂസലില്ലാതെ എഴുതുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് മാര്‍ക്‌സിനുണ്ടായിരുന്ന അജ്ഞതയുടെ ആഴവും പരപ്പും വ്യക്തമാവുന്നുണ്ട്.
വിവര സാങ്കേതിക വിദ്യയും വിരല്‍ത്തുമ്പിലെ വിജ്ഞാനവുമൊക്കെ കേട്ടുകേള്‍വിപോലും അല്ലാതിരുന്ന ഒരു കാലത്ത് പൂര്‍ണമായി തപാല്‍ മാര്‍ഗത്തെ ആശ്രയിച്ച് അപ്പപ്പോള്‍ കിട്ടിയിരുന്ന വിവരങ്ങള്‍ വച്ച് തിടുക്കത്തില്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയാണ് മാര്‍ക്‌സ് ചെയ്തത്. ലേഖനങ്ങള്‍ തയ്യാറാക്കുന്നതിന്റെ വ്യഗ്രതയില്‍ ഇത്തരം വിവരങ്ങള്‍ യഥാസമയം ലഭ്യമാകാതിരിക്കുന്നതിന്റെ ആശങ്ക ഏംഗല്‍സിന് എഴുതിയ കത്തില്‍ മാര്‍ക്‌സ് പ്രകടിപ്പിക്കുന്നുണ്ട്. ചില യാത്രാ വിവരണങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനി റിപ്പോര്‍ട്ടുകളും, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളുമൊക്കെയാണ് ഇന്ത്യയെക്കുറിച്ച് ‘ആധികാരികമായി’ എഴുതാന്‍ മാര്‍ക്‌സ് ഉപയോഗിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സവിശേഷവും ആകര്‍ഷകവുമായ ഭാഷാ പ്രയോഗങ്ങളും, ആവര്‍ത്തിക്കപ്പെടുന്ന അത്യുക്തികളുമാണ് ഇന്ത്യയെക്കുറിച്ചുള്ള എഴുത്തില്‍ മാര്‍ക്‌സിന്റെ സ്വന്തമായുള്ളതെന്നു പറയാം.
ഇന്ത്യയെ സംബന്ധിക്കുന്ന മാര്‍ക്‌സിന്റെ എഴുത്തില്‍ പലരും ചര്‍ച്ച ചെയ്യുകയോ പരാമര്‍ശിക്കുകയോ പോലും ചെയ്യാത്ത ഒരു വശംകൂടിയുണ്ട്. സോവിയറ്റ് യൂണിയന്റെ പങ്കാണത്. ഇന്ത്യയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ കാഴ്ചപ്പാടുകള്‍ 1930 കള്‍ വരെ ഇന്ത്യയിലും യൂറോപ്പിലും അറിയപ്പെട്ടിരുന്നില്ല. മാര്‍ക്‌സിസത്തിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയുടെ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍ അതില്‍ ബൗദ്ധികമായ സംഭാവനയെക്കാള്‍ സാമര്‍ത്ഥ്യ പ്രകടനമാണ് കാണുന്നതെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റായ ഹാരോള്‍ഡ് ലാസ്‌കി പ്രസ്താവിച്ചപ്പോള്‍ (1927) ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉപദേശകനുമായിരുന്ന രജനി പാമെ ദത്ത് ഞെട്ടുകയാണുണ്ടായത്. 1919 ലാണ് സോവിയറ്റ് യൂണിയന്‍ ‘മാര്‍ക്‌സ്-ഏംഗല്‍സ് ആര്‍ക്കൈവ്‌സ്’ സ്ഥാപിച്ച് ഇരുവരുടെയും എഴുത്തുകള്‍ സമാഹരിക്കാന്‍ തുടങ്ങിയത്. 1933 ല്‍ രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ച ‘ഹിസ്റ്റോറിക്കല്‍ റൈറ്റിംഗ്‌സ് ഓഫ് മാര്‍ക്‌സ് ആന്‍ഡ് ഏംഗല്‍സ്’ എന്ന പുസ്തകത്തിലാണ് ഇന്ത്യയെ സംബന്ധിക്കുന്ന രണ്ട് ലേഖനങ്ങള്‍ (ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങള്‍) ഉള്‍പ്പെടുത്തിയത്.
മാര്‍ക്‌സിനെ തള്ളി കൊസാംബിയും
1917 ലെ ഒക്ടോബര്‍ വിപ്ലവം ലെനിന്റെ സൃഷ്ടിയല്ലെന്നും മാര്‍ക്‌സിന്റെ സിദ്ധാന്തപ്രകാരമാണെന്നും ബോള്‍ഷെവിക് പാര്‍ട്ടിയും, ലെനിന്‍ നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും കാര്യമായി പ്രചരിപ്പിക്കാന്‍ തുടങ്ങി. ‘ലണ്ടനിലേക്കുള്ള പാത കല്‍ക്കട്ടയിലൂടെയും പീക്കിംഗിലൂടെയുമാണ്’ എന്നും പ്രഖ്യാപിച്ചു. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരുടെ ആദ്യ പഥികരില്‍ പ്രമുഖനായിരുന്ന ഡി.പി. മുഖര്‍ജി മാര്‍ക്‌സിനെ ‘പരമോന്നതനായ ചരിത്രകാരന്‍’ എന്ന പദവിയില്‍ പ്രതിഷ്ഠിക്കുന്നുണ്ടെങ്കിലും അത് വെറുമൊരു വാഴ്ത്തിപ്പാടലായിരുന്നു
.
നിശ്ചലവും നിഷ്‌ക്രിയവും മാറ്റങ്ങളോട് വിമുഖത കാണിക്കുന്നതും എന്നൊക്കെ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വിലയിരുത്തലുകള്‍ പാടെ തെറ്റിക്കുന്നതായിരുന്നു 1857ലെ കലാപം. ഈ കലാപം പ്രതിലോമപരമാണെന്നും അതൊരു ദേശീയ മുന്നേറ്റമായിരുന്നില്ലെന്നും, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന വാണിജ്യ മുതലാളിത്തത്തിനെതിരെ അധികാരം പിടിക്കാന്‍ ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ നടത്തിയ സമരമാണെന്നും, അത് പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതായിരുന്നു എന്നൊക്കെയുള്ള കാഴ്ചപ്പാടാണ് മാര്‍ക്‌സിന് ഉണ്ടായിരുന്നത്. ബ്രിട്ടന്‍ ഇന്ത്യയില്‍ ഒരു സാമൂഹ്യവിപ്ലവം നടത്തിയിട്ടുണ്ടെന്നും, അതിന്റെ ഫലം ലഭിക്കാനിരിക്കുന്നതേയുള്ളൂവെന്നും ഉറച്ചു വിശ്വസിച്ച മാര്‍ക്‌സിനുള്ള മറുപടിയായിരുന്നു ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരം. മാര്‍ക്‌സിന് സംഭവിച്ച ഈ അബദ്ധം മറച്ചുപിടിക്കാനാവണം മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ഇന്ത്യയെ സംബന്ധിക്കുന്ന ലേഖന സമാഹാരത്തിന് ‘ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരം 1857-1859’ എന്ന ശീര്‍ഷകം നല്‍കിയത്. മാര്‍ക്‌സിനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വക്താവാക്കി മാറ്റുന്ന കൗശലമാണ് സോവിയറ്റ് യൂണിയന്‍ ഇവിടെ പ്രയോഗിച്ചത്.
ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ പഠിക്കാന്‍ ശ്രമിച്ച ഡി.ഡി. കൊസാംബി മാര്‍ക്‌സിനെ പരമോന്നത ചരിത്രകാരനാക്കുന്ന ഡി.പി. മുഖര്‍ജിയുടെ നിലപാടിനെ അംഗീകരിക്കുന്നില്ല. ഇന്ത്യന്‍ ചരിത്രത്തോടുള്ള മാര്‍ക്‌സിന്റെ സമീപനം ‘അപകടകരമായി വഴിതെറ്റിക്കുന്നത്’ എന്നു വിമര്‍ശിക്കാന്‍ കൊസാംബി മടിച്ചതുമില്ല. ”ഗ്രീസിനെയും റോമിനെയും പോലെ ഒരു അടിമ സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലുണ്ടായിരുന്നില്ല” (95) എന്നതുള്‍പ്പെടെ മാര്‍ക്‌സിന്റെ നിഗമനങ്ങളെ നിരാകരിക്കുന്ന പല നിരീക്ഷണങ്ങളും കൊസാംബി നടത്തുന്നുണ്ട്. ”മാര്‍ക്‌സ് ഇന്ത്യയെക്കുറിച്ച് പറഞ്ഞിട്ടുള്ളത് അതേപടി സ്വീകരിക്കാനാവില്ല”(96) എന്ന് കൊസാംബി വ്യക്തമാക്കുന്നു. ഇന്ത്യന്‍ സമൂഹത്തിന് ചരിത്രമില്ല, ആ സമൂഹം നിശ്ചലമായിരുന്നു, മൗര്യന്മാരും ശതവാഹനന്മാരും ഗുപ്തന്മാരുമൊക്കെ കടന്നുകയറ്റക്കാരാണ്. അവര്‍ മാറ്റത്തിന് വിധേയമാവാത്ത ഗ്രാമ സമ്പദ്‌വ്യവസ്ഥയുടെ സൂക്ഷിപ്പുകാരായിരുന്നു എന്നൊക്കെയുള്ള മാര്‍ക്‌സിന്റെ നിഗമനങ്ങള്‍ കൊസാംബി തള്ളിക്കളഞ്ഞു. ”മാര്‍ക്‌സിന്റെ സിദ്ധാന്തം സ്വീകരിക്കുക എന്നതിനര്‍ത്ഥം മാര്‍ക്‌സിന്റെ നിഗമനങ്ങളെ അന്ധമായി ആവര്‍ത്തിക്കുക എന്നല്ല.” എന്നതായിരുന്നു കൊസാംബിയുടെ നിലപാട്.
ഇന്ത്യയെ, ഇറ്റലിയും അയര്‍ലന്റുമായുള്ള കേവല താരതമ്യത്തില്‍ ഒതുക്കുകയല്ല മാര്‍ക്‌സ് ചെയ്യുന്നത്. അവിടങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ ക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകളും ഏതാണ്ട് അതേപടി ഇന്ത്യയ്ക്കുമേല്‍ വച്ചുകെട്ടാനും നോക്കുന്നു. അയര്‍ലന്റിന്റെ മോചനത്തിനുവേണ്ടി ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗം ബ്രിട്ടീഷ് ആധിപത്യം വലിച്ചെറിയേണ്ടതിനെക്കുറിച്ച് മാര്‍ക്‌സ് ഒരിക്കല്‍ ചിന്തിച്ചിരുന്നു. ഇന്ത്യയുടെ കാര്യത്തിലും മാര്‍ക്‌സ് കാണുന്നത് ഇങ്ങനെയൊരു സാധ്യതയാണല്ലോ. ബ്രിട്ടനിലെ തൊഴിലാളി വര്‍ഗം അവിടുത്തെ ഭരണവര്‍ഗത്തെ പുറന്തള്ളുകയോ ഹിന്ദുക്കള്‍ ഇംഗ്ലീഷ് നുകം വലിച്ചെറിയുകയോ ചെയ്യുമ്പോഴാണ് ഇന്ത്യ മോചനം നേടുക. ഇറ്റലിയെ കടന്നാക്രമണകാരികള്‍ നിരന്തരം അടിച്ചമര്‍ത്തിയതിനെക്കുറിച്ച് പറയുന്നതുപോലെയാണ് കാടന്മാരായ അധിനിവേശക്കാര്‍ ഇന്ത്യയെ കീഴടക്കിയതിനെക്കുറിച്ചും മാര്‍ക്്‌സ് പറയുന്നത്. അയര്‍ലന്റിനും ഇറ്റലിക്കും ഉപയോഗിച്ച മാനദണ്ഡങ്ങള്‍ യാന്ത്രികമായി ഇന്ത്യയ്ക്കും ബാധകമാക്കുകയാണ് മാര്‍ക്‌സ് ചെയ്തത് എന്നു ചുരുക്കം.
(തുടരും)
അടിക്കുറിപ്പുകള്‍
85. Integral Humanism, An Analysis of Some Basic Elements, Mahesh Sharma, ed.
86. Complete works of Deendayal Upadhyaya, Mahesh Sharma, ed.
87. The first Indian War of Independence 1857-1859, Marx- Engels
88. Homage to Karl Marx, P. C. Joshi, ed
89. Marx and India, G. Adhikari.
90. India Society Historical Probings: essays in memory of D.D. Kosambi, R.S.Sharma and Vivekananda Jha, ed.
91. On Colonialism, Marx-Engels
92. The first Indian War of Independence 1857-1859, Marx- Engels
93. Marx and Vivekananda: A Comparative Study, P. Parameswaran
94. An introduction to the study of Indian History, D.D. Kosambi.
95. Ibid
96. Ibid
ഭാഗം 15 വായിക്കാന്‍ https://kesariweekly.com/33788/ സന്ദര്‍ശിക്കുക