കൊച്ചി: സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ പ്രതിരൂപമായിരുന്നു കെ.ഭാസ്‌കര്‍റാവുജിയെന്ന് ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍. കെ.ഭാസ്‌കര്‍റാവു സ്മാരക സമിതി എറണാകുളം ലക്ഷ്മീഭായ് ടവേഴ്‌സില്‍ സംഘടിപ്പിച്ച ഭാസ്‌കര്‍റാവു സ്മൃതിദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥി കാലത്ത് തന്നെ സംഘസ്ഥാപകനായ ഡോക്ടര്‍ജിയുമായി അടുത്തിടപഴകാന്‍ കഴിഞ്ഞ ഭാസ്‌കര്‍റാവുവിന് സംഘത്തിന്റെ ആദര്‍ശം അദ്ദേഹത്തില്‍ നിന്ന് നേരിട്ട് സ്വാംശീകരിക്കാന്‍ സാധിച്ചു. പല കാര്യങ്ങളിലും അവര്‍ തമ്മില്‍ സമാനതകളുണ്ടായിരുന്നു. ആദര്‍ശത്തില്‍ അടിയുറച്ച പ്രായോഗികതയായിരുന്നു ഭാസ്‌കര്‍റാവുജിയുടെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ധര്‍മപ്രകാശന്‍ ട്രസ്റ്റ് ട്രസ്റ്റി എം. മോഹന്‍ അധ്യക്ഷത വഹിച്ചു. ‘കേരളം വിടുന്ന യുവത- ഒരു അന്വേഷണം’ എന്ന വിഷയത്തില്‍ പി.ആര്‍. ശിവശങ്കര്‍ വിഷയാവതരണം നടത്തി. മുഖ്യമന്ത്രിയുടെ മുന്‍ സ്‌പെഷല്‍ സെക്രട്ടറി ഡോ. എം.പി. സുകുമാരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.സതീശന്‍, സി.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.