മുന്‍കാലങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ പ്രതിസന്ധിയാണ് സി.പി.ഐ (എം) കേരളത്തില്‍ നേരിടുന്നത്. ഒരു കാലത്ത് ഭാരതത്തില്‍ പകുതിയിലേറെ സംസ്ഥാനങ്ങളില്‍ പ്രമുഖ കക്ഷിയെന്ന നിലയും മൂന്നു സംസ്ഥാനങ്ങളില്‍ ഭരണ നേതൃത്വവും വഹിച്ചിരുന്ന പാര്‍ട്ടി ഇന്ന് ഇവിടെ മാത്രമാണ് പിടിച്ചു നില്‍ക്കുന്നത്. ഒരളവുവരെ മികച്ച സംഘടനാ ക്രമീകരണങ്ങളും സ്ഥാപനവല്‍കൃത വ്യവസ്ഥകളും പാര്‍ട്ടിയെ അതിന് പ്രാപ്തമാക്കുന്നു. ഇതിനൊക്കെ ഉപരിയാണ് പാര്‍ട്ടി കേഡര്‍മാരും അനുഭാവിക്കൂട്ടവും പാര്‍ട്ടിയോട് കാണിക്കുന്ന കൂറും വിധേയത്വവും. എന്നാല്‍ കാലം പോകുന്നതിനിടയില്‍ അതൊക്കെ വിലമതിക്കപ്പെടാതെ പോകുന്നു എന്ന നിരാശ കലര്‍ന്ന തോന്നല്‍ പാര്‍ട്ടിക്കാരില്‍ ശക്തിപ്പെടുകയും പതുക്കെയാണെങ്കിലും ഇതിനെല്ലാം ഉലച്ചില്‍ തട്ടുകയുമാണ്.
കണ്ണൂരിലെ പ്രബലരായ ജയരാജ ദ്വയങ്ങളുടെ പരസ്പരമുള്ള അങ്കംവെട്ട് നാട്ടുകാരെ അമ്പരപ്പിച്ചു കൊണ്ട് മറനീക്കി പുറത്തു വന്നിരിക്കുന്നു. കേന്ദ്രക്കമ്മറ്റി അംഗമായ ഇ.പി. ജയരാജന്‍ മന്ത്രിയായിരിക്കെ സ്വന്തം നാട്ടില്‍ കുടുംബാംഗങ്ങള്‍ താക്കോല്‍ സ്ഥാനത്തുള്ള സംരംഭത്തിന് അവിഹിതമായി സഹായം ചെയ്തു എന്ന ആരോപണമുയര്‍ത്തിയത് സംസ്ഥാന സമിതി അംഗമെന്ന താരതമ്യേന കനം കുറഞ്ഞ സ്ഥാനത്തിരിക്കുന്നെങ്കിലും പാര്‍ട്ടിയില്‍ കരുത്തനായ പി.ജയരാജനാണ്. കള്ളപ്പണത്തിന്റെയും അവിഹിത സമ്പാദ്യത്തിന്റെയും വിനിയോഗം, അവര്‍ ആശുപത്രിയെന്നും മറ്റുള്ളവര്‍ റിസോര്‍ട്ടെന്നും വിശേഷിപ്പിക്കുന്ന കച്ചവട സ്ഥാപനത്തിന്റെ പേരില്‍ നടന്നിട്ടുണ്ടെന്നാണ് പൊതുവെയുള്ള ബോധ്യം. സ്വര്‍ണക്കടത്തുകാരുടെ സംരക്ഷകനും തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിക്കാരനും ആഢംബര പ്രിയനും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ കൊലപാതക രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരനുമൊക്കെയാണ് പി.ജയരാജന്‍ എന്ന മറുവാദത്തോടെയാണ് ഇ.പി അനുകൂലികള്‍ രംഗം കൊഴുപ്പിക്കുന്നത്. രണ്ടു കൂട്ടരെയും ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്ന മൂല്യമേറെയുള്ള നിശ്ശബ്ദ വ്യക്തിത്വങ്ങള്‍ എത്ര വേണമെങ്കിലും കണ്ണൂരിലുണ്ട്.
ഏറെ പ്രത്യാഘാതങ്ങള്‍ക്ക് വഴിമരുന്നിടുന്ന പാര്‍ട്ടിയിലെ കണ്ണൂര്‍ നേതാക്കള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ചര്‍ച്ച ചെയ്യാനുള്ള ധൈര്യം പരമോന്നത സമതിയായ പോളിറ്റ് ബ്യൂറോയ്ക്ക് നഷ്ടപ്പെട്ടുവെന്ന കൗതുകകരമായ സ്ഥിതിവിശേഷം പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ രൂക്ഷത വെളിവാക്കുന്നു. വിഷയം സംസ്ഥാനത്ത് ചര്‍ച്ച ചെയ്താല്‍ മതിയെന്ന ജനറല്‍ സെക്രട്ടറിയുടെ നിലപാട് സൗകര്യപൂര്‍വ്വമുള്ള ഒഴിഞ്ഞു മാറലാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് പരാതിയും അന്വേഷണവുമൊക്കെ മരവിപ്പിച്ചുവെങ്കിലും പുറംലോകമറിഞ്ഞതിനേക്കാള്‍ ആഴത്തിലാണ് കുടിപ്പകയുടെ വേരുകള്‍. പാര്‍ട്ടിയുടെ ഫ്രാക്ഷനായ ശാസ്ത്രസാഹിത്യ പരിഷത്തും മറ്റും ഇതില്‍ കക്ഷി ചേര്‍ന്നതും ഇ.പി.യ്‌ക്കെതിരെ ഉയര്‍ന്ന വിജിലന്‍സ് പരാതിയും അന്തര്‍നാടകങ്ങളുടെ മേള തന്നെയാണൊരുക്കുന്നത്. ഈ സംഭവ വികാസങ്ങള്‍ സി.പി.ഐ.(എം) നെ കൊണ്ടെത്തിച്ചിരിക്കുന്നത് വിസ്മയം ജനിപ്പിക്കുന്ന അപചയത്തിലേക്കാണ്.
ഉണ്ണാനും ഉടുക്കാനുമില്ലാത്തവരും തലചായ്ക്കാന്‍ ചെറ്റക്കുടില്‍ പോലുമില്ലാത്തവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നിരാലംബരുമായ പാവങ്ങളുടെ മനസ്സിലിടം നേടി വളര്‍ന്നു വികസിച്ച് പടര്‍ന്നു പന്തലിച്ച ചരിത്രമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത്. അനുഭവിച്ച യാതനകളുടെ വിലയായി നേടിയ വമ്പിച്ച ജനപിന്തുണ നേതാക്കളെ വിനയാന്വിതരാക്കുന്നതിനു പകരം ധിക്കാരികളും ധാര്‍ഷ്ട്യക്കാരുമാക്കി. അധികാരവും പദവികളും അവരെ മദോന്മത്തരാക്കി. പണത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയും അതു നല്‍കുന്ന അളവറ്റ സുഖസൗകര്യങ്ങളും നേതാക്കളെ മാത്രമല്ല, അവരുടെ ബന്ധുക്കളെയും വഴിതെറ്റിച്ചു. മകള്‍ക്ക് സാരി വാങ്ങിക്കൊടുക്കാന്‍ കയ്യില്‍ തല്‍ക്കാലം പണമില്ലാതെ തുണിക്കടക്കാരന് കടം ചോദിച്ച് കത്തെഴുതേണ്ടി വന്ന മുഖ്യമന്ത്രിയെ കാണിച്ച പാര്‍ട്ടിയാണിത്. ഇന്ന് കോടികളുടെ ആസ്തിയുള്ള മകളുടെ അച്ഛനായി വിലസുന്ന ഒരു മുഖ്യമന്ത്രിയെ കാണിച്ചുതരുന്നതും അതേ പാര്‍ട്ടി തന്നെ. മക്കള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് അവസാന കാലത്ത് കണ്ണീര്‍ വാര്‍ത്ത സംസ്ഥാന സെക്രട്ടറി ഈ പാര്‍ട്ടിക്കുണ്ടായിരുന്നു. മുപ്പതോളം കോര്‍പ്പറേറ്റ് കുത്തക സ്ഥാപനങ്ങളുടെ ഉടമസ്ഥരോ പങ്കാളികളോ ആയി പഞ്ചനക്ഷത്ര ലോകത്ത് വിഹരിക്കുന്നവരും ചില്ലറ ‘മസാല’ വിനോദങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ വന്നുപെട്ട പുത്രദോഷം മാറ്റിയെടുക്കാന്‍ കോടികള്‍ മുടക്കിയുള്ള ഒത്തുതീര്‍പ്പ് സംരംഭം വിജയിപ്പിച്ചവരുമായ പുത്രന്മാരുള്ള പിതാവായ സെക്രട്ടറിയേയും ഇതേ പാര്‍ട്ടി കാണിച്ചു തന്നു.
പണ്ടുകാലത്ത് പാര്‍ട്ടി ഫണ്ട് സമാഹരിക്കുന്നതിനായി നേതാക്കളടക്കം ബക്കറ്റുമായി ജനങ്ങളെ സമീപിച്ചിരുന്നു. അന്ന് കാതിലും മൂക്കിലും വിരലുകളിലും കൈകളിലുമണിഞ്ഞ ഇത്തിരിപ്പൊന്ന് ഊരിയെടുത്ത് സന്തോഷത്തോടെ പിരിവു ബക്കറ്റിലിട്ടു കൊടുത്ത പാവങ്ങളായിരുന്നു പാര്‍ട്ടിയുടെ കരുത്ത്. ഇന്നാകട്ടെ, സ്വര്‍ണക്കട്ടികളോടും സ്വര്‍ണ ബിസ്‌കറ്റുകളോടും സ്വര്‍ണവ്യാപാരികളോടുമാണ് പാര്‍ട്ടിക്കു താല്പര്യം. സ്വര്‍ണക്കടത്തുകാരാണ് നേതാക്കളുടെ സ്വന്തക്കാര്‍! ചുകപ്പിനേക്കാള്‍ ഇന്ന് അവരെ ആകര്‍ഷിക്കുന്നത് തിളങ്ങുന്ന മഞ്ഞ വര്‍ണമാണ്. ബഹുജന പ്രക്ഷോഭം നയിച്ച് ലോക്കപ്പുകളെ കിടപ്പറയാക്കിയവര്‍ക്ക് ഇന്ന് ബാങ്ക് ലോക്കറുകളോടാണ് പ്രിയം. മാര്‍ക്‌സിസ്റ്റ് ജനിതക പാരമ്പര്യമനുസരിച്ചുള്ള സംഘടനകളുടെ രീതിശാസ്ത്രത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ഈ വ്യതിയാനം വിഭാഗീയതയെന്നോ ഭിന്നിപ്പെന്നോ വിളിക്കാവുന്ന, പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ജീര്‍ണതയായി വളര്‍ന്നിരിക്കുന്നു.
ഒന്നാം പിണറായി സര്‍ക്കാരില്‍ അല്പ കാലത്തെ ഇടവേള ഒഴിച്ചാല്‍ രണ്ടാമനായി കണക്കാക്കപ്പെട്ടിരുന്ന ഇ.പിയ്ക്ക് പക്ഷെ, പിണറായി സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലഭ്യമായപ്പോള്‍ അതിന്റെ പേരിലുള്ള സൗഭാഗ്യങ്ങള്‍ നുകരാന്‍ അവസരം ലഭിച്ചില്ല (ആരും നല്‍കിയില്ല എന്നു പറയുന്നതാവും ഉചിതം). കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കു നേരെ ഒന്നു രണ്ടു യൂത്തുകോണ്‍ഗ്രസ്സുകാര്‍ പതിഞ്ഞ ശബ്ദത്തില്‍ മുദ്രാവാക്യം വിളിച്ച് നടത്തിയ ‘വധശ്രമം’ അതിസാഹസികമായി പ്രതിരോധിച്ച് പരാജയപ്പെടുത്തിയെങ്കിലും പിണറായിയുടെ കനിവ് ഇ.പി യ്ക്ക് നേരെ ഒഴുകിയില്ല! മാത്രവുമല്ല, വിമാനക്കമ്പനി കരുണയില്ലാത്ത നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ വിമാനം ബഹിഷ്‌ക്കരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇ.പി. നടത്തുമ്പോള്‍ മുഖ്യമന്ത്രി ഉള്ളാലെ ചിരിക്കുകയായിരുന്നില്ലേ….?
സത്യത്തില്‍ എല്ലാവരും ചേര്‍ന്ന് ഇ.പി.യെ ചതിക്കുകയായിരുന്നു. പക്ഷെ ജീവിക്കുന്ന രക്തസാക്ഷിയായി പാര്‍ട്ടിയെ സേവിക്കുന്ന അദ്ദേഹത്തിന് അത് മനസ്സിലായില്ല. കേന്ദ്ര കമ്മറ്റി അംഗമായ ഇ.പിയ്ക്ക് ഇടതു മുന്നണിയെ നയിക്കാനായിരുന്നു പാര്‍ട്ടി നിയോഗം. ഇടതു മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ ഒന്നു പയറ്റിക്കളയാം എന്ന ആവേശമൊക്കെ ആദ്യ നാളുകളില്‍ ഇ.പിയില്‍ കണ്ടതുമാണ്. ആ ആവേശത്തില്‍ മുന്നണി വികസനത്തെക്കുറിച്ച് ലീഗിനെ ഉന്നം വെച്ച് പൊട്ടിച്ച വെടി പൊയ് വെടിയായിപ്പോയെങ്കിലും ആവേശം കെട്ടിരുന്നില്ല. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരിയുടെ വിയോഗം ഇ.പിയില്‍ പുതിയ പ്രതീക്ഷകള്‍ക്ക് വിത്തുപാകി. പക്ഷെ നിരാശ തന്നെയായിരുന്നു ഫലം. ഏറെ കൊതിച്ചിരുന്ന സംസ്ഥാന സെക്രട്ടറി പദം എം.വി.ഗോവിന്ദനിലേക്കു പോയി. കാമത്തില്‍ നിന്ന് ക്രോധമുണ്ടാകുന്നു എന്ന സനാതന തത്വം ഇവിടെയും ബാധകമായി. ക്രുദ്ധനായ ഇ.പി കണ്ണൂരിലേക്കു മടങ്ങി. ആരോഗ്യ പ്രശ്‌നം കാരണം അവധിയില്‍ പോകുന്നു എന്നായിരുന്നു മാമൂല്‍ വിശദീകരണം. പക്ഷെ അദ്ദേഹം പ്രകടിപ്പിച്ച പ്രതിഷേധം സ്വയം വിനയായി മാറി എന്നതാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. പാമ്പിനെയാണ് നോവിച്ചുവിട്ടതെന്ന് കൃത്യമായ തിരിച്ചറിവുള്ളവര്‍ അത് ഫണം വിടര്‍ത്തി തിരിഞ്ഞു കൊത്തുമെന്ന് ദീര്‍ഘവീക്ഷണം നടത്തുകയും ചെയ്തു. നല്ല തരത്തിലുള്ള കൂടൊരുക്കാനും അവര്‍ മറന്നില്ല. അതിനുള്ള ഉപകരണമായാണ് പി.ജെ എന്ന മറ്റൊരു കരുത്തനെ രംഗത്തിറക്കിയത്.
വാസ്തവത്തില്‍ പി.ജയരാജന്‍ എന്ന മാര്‍ക്‌സിസ്റ്റ് നേതാവ് ഒരു പാഠപുസ്തകം തന്നെയാണ്. മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി നേതാവായിരുന്ന പത്തൊമ്പതുകാരന്‍ ഷൂക്കൂറിനെ താലിബാന്‍ മാതൃകയില്‍ കൊന്നതുള്‍പ്പടെ ഇതിനകം മൂന്ന് കൊലക്കേസുകളില്‍ അയാള്‍ പ്രതിസ്ഥാനത്തുണ്ട്. ചിലത് സി.ബി.ഐ അന്വേഷിക്കുന്ന കേസുകള്‍. പ്രതികാര രാഷ്ട്രീയത്തിന്റെ ഇര കൂടിയാണ് ജയരാജന്‍ എന്ന പ്രത്യേകതയുമുണ്ട്. തന്റെ തട്ടകമായ തലശ്ശേരി കതിരൂരിലും പരിസര പ്രദേശങ്ങളിലും ആര്‍.എസ്.എസ് പ്രവര്‍ത്തനം കരുത്താര്‍ജിക്കുന്നതില്‍ ഏറെ അസ്വസ്ഥനും അതില്‍ അസഹിഷ്ണുതയുള്ളയാളുമായിരുന്നു ഇയാള്‍. വര്‍ഷങ്ങള്‍ നീണ്ട അക്രമ പരമ്പരകള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരെ ഇയാളുടെ നേതൃത്വത്തിലും നിര്‍ദ്ദേശത്താലും അരങ്ങേറി. ബലിദാനികളുണ്ടായി. ചിലരൊക്കെ ജീവച്ഛവങ്ങളായി. പലരുടെയും വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നു. സഹികെട്ടപ്പോഴാണ് ചെറുത്തുനില്‍പ്പുണ്ടായത്. ജയരാജന്‍ ആക്രമിക്കപ്പെട്ടു. അതോടെ വീരപുരുഷനായി. മുമ്പത്തേക്കാള്‍ വീര്യം കൂടി. സ്വതവേ അസഹിഷ്ണുക്കളായ പാര്‍ട്ടി അണികള്‍ക്ക് ആവേശമായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അന്യമായിരുന്ന, നേതാവിനെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും സ്തുതി പാഠക സംഘവും പരക്കെ രൂപീകരിക്കപ്പെട്ടു. പാര്‍ട്ടിക്കും മീതെയായി നേതാവിന്റെ സ്ഥാനം. അതിന്റെ അലോസരങ്ങള്‍ പാര്‍ട്ടിയുടെ മുകള്‍ത്തട്ട് ഉടമസ്ഥരായവര്‍ വേണ്ടുവോളം അനുഭവിച്ചിട്ടുമുണ്ട്. പ്രമാദമായ ഒരു കേസിന്റെ വിചാരണ വേളയില്‍ കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയതോര്‍ക്കണം. പാര്‍ട്ടി ഗ്രാമങ്ങളിലെ സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്മാരാണ് ജനങ്ങളുടെ സമാധാനം കെടുത്തുന്നതെന്ന കോടതി പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ രൂപമെടുത്തിരിക്കുന്ന ഉപജാപങ്ങളില്‍ ആരാണ് യഥാര്‍ത്ഥ വില്ലന്‍ എന്നേ അറിയേണ്ടതുള്ളൂ. പിന്‍ഗാമിയെ സ്വന്തം വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കുന്ന മുഖ്യമന്ത്രിയോ, സ്വയം പിന്‍ഗാമി വേഷം ധരിക്കാനൊരുങ്ങുന്ന പാര്‍ട്ടി സെക്രട്ടറിയോ? രണ്ടു കൂട്ടരും സ്വന്തം നിലയ്ക്കും അടുപ്പക്കാരെ ഉപയോഗിച്ചും അടുത്ത കാലത്തായി പ്രകടിപ്പിക്കുന്ന ലീഗ് പ്രേമവും മുസ്ലീം സമുദായ പ്രീണനവും ദീര്‍ഘകാലീനമായ ആസൂത്രണമാണെന്നു കരുതണം. രണ്ടു കൂട്ടരുടെയും ഉള്ളിലിരിപ്പ് ഒരു വെടിക്ക് രണ്ടു പക്ഷികളാണെന്ന് അനുമാനിക്കേണ്ടി വരും. ആന്തൂരിലെ പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായിരുന്ന സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിരുദ്ധ പക്ഷങ്ങളിലായി നിലകൊണ്ട എം.വി.ഗോവിന്ദനും പി.ജയരാജനും ഇ.പിയ്‌ക്കെതിരെയുള്ള നീക്കത്തില്‍ ഐക്യമുന്നണിയുണ്ടാക്കിയിരിക്കുന്നു. പാര്‍ട്ടിയോഗത്തില്‍ അണികളുടെ കയ്യടി കൂടുതലായി ലഭിച്ചതിന്റെ പേരില്‍ പി.ജയരാജനോട് തുടങ്ങിയ നീരസം അയാളോടുള്ള ശത്രുതയായി വളര്‍ത്തിയെടുത്ത മുഖ്യമന്ത്രിയും പി.ജെയോട് സമരസപ്പെട്ടിട്ടുണ്ടെന്നോര്‍ക്കുക.
മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഇന്ന് അഭിമുഖീകരിക്കുന്ന അപചയത്തിന്റെ ആഴം നാം കരുതിയതിനേക്കാള്‍ വ്യാപ്തിയേറിയതാണ്. ഇതില്‍ നിന്ന് കരകയറാന്‍ പാര്‍ട്ടിക്ക് സാധിക്കില്ല. കാരണം, ഈ നാടിന്റെ തനിമയും പാരമ്പര്യവും കാത്തു പോന്ന മൂല്യങ്ങളെ നിഷ്‌ക്കരുണം ചവിട്ടിമെതിച്ചു കൊണ്ടാണ് ഇവര്‍ തേര്‍വാഴ്ച നടത്തിയത്. ദേശത്തിന്റെ കാവലാളുകളാവാന്‍ സ്വയം മുന്നോട്ടു വന്നവരെ സംഹരിച്ചു കൊണ്ടാണ് കോട്ടയുടെ ബലം അവര്‍ കാത്തത്. ഇത് കാലത്തിന്റെ കണക്കു ചോദിക്കലാണ്. വരും നാളുകളില്‍ കൂടുതല്‍ കരുത്തോടെ ആ പ്രക്രിയ തുടരും. പ്രകൃതി വിരുദ്ധമായ പ്രത്യയശാസ്ത്രവും സംഘടനയും തകര്‍ന്നടിയുക തന്നെ ചെയ്യും. ആദ്യത്തേത് എന്നേ സംഭവിച്ചു കഴിഞ്ഞു! ഏതായാലും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ഇപ്പോള്‍ കാണുന്ന ഭാവപ്പകര്‍ച്ചകള്‍ അവര്‍ക്ക് ശുഭ സൂചകങ്ങളല്ല. മുമ്പില്ലാത്ത വിധം രൂപപ്പെടുന്ന ദൂഷിത വലയങ്ങളിലാണ് സി.പി.ഐ(എം) അകപ്പെടുന്നത്. നേതാക്കള്‍ എങ്ങനെയൊക്കെ തലകുത്തി മറിഞ്ഞാലും ഞാണിന്‍മേലാടിക്കളിച്ചാലും ജനങ്ങള്‍ നിഷേധ മാര്‍ക്കിട്ടു കൊണ്ടേയിരിക്കുകയാണ്. പാര്‍ട്ടിയുടെ ഇരുമ്പുമറ സംവിധാനങ്ങള്‍ക്കൊന്നിനും അരമന രഹസ്യങ്ങളെ മറച്ചു വെയ്ക്കാന്‍ കഴിയുന്നില്ല. ഔദ്യോഗിക ഏജന്‍സികളുടെ കുറ്റാന്വേഷണങ്ങള്‍ക്കു പുറമെ മാധ്യമങ്ങളിലൂടെ പൊതു ഇടങ്ങളിലും വെച്ച് നേരിടേണ്ടി വരുന്ന ക്രോസ് വിസ്താരം അഭൂതപൂര്‍വമാണ്. ഒരുതരത്തില്‍ ആകെ വശംകെട്ടു പോകുന്ന അവസ്ഥ. ഇങ്ങനെയൊരവസ്ഥ പാര്‍ട്ടിയെ ആഴത്തിലും ആദ്യമായും ബാധിക്കുക കണ്ണൂര്‍ ജില്ലയില്‍ തന്നെയാണ്. കാരണം, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകരിലേറെയും, പാര്‍ട്ടി സെക്രട്ടറിയും അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളും ചേര്‍ന്ന് നയിക്കുന്ന, പറയപ്പെടുന്ന കണ്ണൂര്‍ ലോബിയുടെ കൈയ്യിലാണ് പാര്‍ട്ടിയുടെ നിയന്ത്രണം. അതുകൊണ്ട് ഏത് അനക്കവും ആദ്യം അനുഭവപ്പെടുന്നതും കണ്ണൂരില്‍ തന്നെ. അപചയത്തിന്റെ ജീര്‍ണിച്ച പന്ഥാവിലൂടെ സഞ്ചരിച്ച് മൂളിയും നിരങ്ങിയും കാലം കഴിക്കേണ്ടി വരുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് ആയുധ നിര്‍മ്മാണവും അക്രമവും ‘ആപത്ധര്‍മ്മ’മാകാറുണ്ട്! വര്‍ത്തമാനകാല സാഹചര്യത്തില്‍ അതെപ്പോള്‍ ആവിഷ്‌കൃതമാകും എന്നേയുള്ളൂ ആശങ്ക.
മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നിയന്ത്രിക്കുന്ന ഇടതുമുന്നണിയുടെ തുടര്‍ഭരണം കേരളത്തില്‍ യാഥാര്‍ത്ഥ്യമായി. ഒപ്പം രാഷ്ട്രീയ വിദ്യാര്‍ത്ഥികളില്‍ കൗതുകം ജനിപ്പിക്കുന്ന അവസ്ഥാന്തരങ്ങളും രൂപാന്തരങ്ങളും കൊണ്ട് സി.പി.എം കേരളത്തില്‍ സമ്പുഷ്ടമാവുകയാണ്. ജനാധിപത്യ കേന്ദ്രീകരണം എന്ന ലെനിനിസ്റ്റ് സംഘടനാ തത്വം ‘അവയിലബിള്‍ കമ്മറ്റി’ എന്ന സൗകര്യമായി, അഥവാ ഒരു വകഭേദമായി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ശീലമായി മാറിക്കഴിഞ്ഞു. വാമൊഴി ഭാഷയിലും ശരീരഭാഷയിലും താന്‍ പ്രമാണിത്തം പ്രകടമാക്കുന്ന പ്രതാപശാലിയായ ഒരു നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് സംഘടന ചലിക്കുന്ന അവസ്ഥയിലേക്ക് പാര്‍ട്ടി പരിവര്‍ത്തനം ചെയ്യപ്പെടുന്ന കാഴ്ചയുടെ പുതുമ നഷ്ടപ്പെടാന്‍ തുടങ്ങി. ലോകമെമ്പാടും മാര്‍ക്‌സിസ്റ്റ് സംവിധാനങ്ങള്‍ തകര്‍ന്നടിഞ്ഞതിന്റെ മുന്‍കൂര്‍ ലക്ഷണങ്ങളില്‍ ഒന്ന് ഈ പ്രതിഭാസമായിരുന്നു. ബംഗാളില്‍ ജ്യോതി ബസുവിലൂടെ ബുദ്ധദേവ് വഴിയും ത്രിപുരയില്‍ നൃപന്‍ ചക്രവര്‍ത്തി, ദശരഥ് ദേവ്, മണിക് സര്‍ക്കാര്‍ വഴിയും സംഭവിച്ച അപചയം മാര്‍ക്‌സിസ്റ്റ് സംഘടനകള്‍ അവശേഷിക്കുന്ന കേരളത്തില്‍ അടുത്ത മണിക്കൂറില്‍ സംഭവിക്കും എന്നല്ല, അധികം വൈകാതെ സംഭവിക്കും എന്നെങ്കിലും കരുതേണ്ടി വരും. പുറമേയ്ക്ക് എല്ലാം ഭദ്രം, ശോഭനം. പക്ഷെ, അകം വേവുകയാണ്. അധികാരവും നിര്‍ണയാവകാശങ്ങളും വ്യക്തി കേന്ദ്രിതമാകുമ്പോള്‍, ചോദ്യം ചെയ്യപ്പെടാതെ പോകുമ്പോള്‍ സംവിധാനങ്ങള്‍ തകരും, വ്യവസ്ഥിതി ദുഷിക്കും. ആ ദുഷിപ്പ് പ്രസ്ഥാനത്തിന്റെ അപചയത്തിലേക്കും സര്‍വനാശത്തിലേക്കുമുള്ള വഴിയാകും. എല്ലാ പ്രസ്ഥാനങ്ങള്‍ക്കും വ്യവസ്ഥിതികള്‍ക്കും ബാധകമായ പൊതു തത്വമാണിത്.