തമാശകേട്ടാല്‍ മനസ്സിലാകാത്ത അരസികന്മാര്‍ ഉണ്ടായാല്‍ എന്തു ചെയ്യും? അത്തരമൊരു ഗതികേടിലായി മുസ്ലിംലീഗിന്റെ രാജ്യസഭാംഗം പി.വി. അബ്ദുള്‍ വഹാബ്. സഭയ്ക്കകത്തെ പ്രസംഗത്തിനിടയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ അംബാസിഡറാണ് എന്ന് അദ്ദേഹം പറഞ്ഞു. അള്ളാഹുവാണേ സത്യം അതു തമാശയായിരുന്നു, മുരളീധരനെ പരിഹസിക്കാന്‍ പറഞ്ഞതാണേ എന്ന് അദ്ദേഹത്തിന് തലയില്‍ കൈവെച്ചു പറയേണ്ട ഗതികേടുണ്ടായിരിക്കുന്നു. പ്രസംഗം കേട്ട പത്രക്കാരുള്‍പ്പെടെയുള്ള ആര്‍ക്കും അതു തമാശയായി തോന്നിയില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും തോന്നിയില്ല. ‘വഹാബി സാഹിത്യ’ ത്തിലെ തമാശയും പ്രശംസയും തിരിച്ചറിയണമെങ്കില്‍ അദ്ദേഹത്തിന്റെ വകയായ ടിപ്പണി കൂടിവേണം. രണ്ടുനാള്‍ കഴിഞ്ഞ് വഹാബ് ഒരു ടിപ്പണി പുറത്തിറക്കി. വി. മുരളീധരന്‍ അംബാസിഡര്‍ ചമയുകയാണ് എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് ടിപ്പണി. പ്രസംഗത്തോടൊപ്പം ടിപ്പണികൂടി നല്‍കാന്‍ അദ്ദേഹം ഇനി മറക്കില്ല.
പത്രക്കാര്‍ക്ക് ഈ ടിപ്പണികൊണ്ട് കാര്യം ബോധ്യപ്പെടും. എന്നാല്‍ ടിപ്പണി വെച്ചുനോക്കി തമാശ മനസ്സിലാക്കാനുള്ള ത്രാണി പാണക്കാട് തങ്ങള്‍ക്കില്ല. അതുകൊണ്ട് ടിപ്പണിക്കുപകരം ഒരു ഖേദപ്രകടനക്കുറിപ്പാണ് വഹാബ് അവിടെ നല്‍കിയത്. അറിയാതെ പ്രശംസവന്നു പോയതാണ്, ചിലവാക്കുകളില്‍ വീഴ്ചപറ്റി, ഖേദമുണ്ട് എന്നൊക്കെയാണ് തങ്ങള്‍ക്കു നല്‍കിയ കത്തിലുള്ളത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുനീറിനെ പോലുള്ളവര്‍ നല്‍കിയ കത്ത് വഹാബ് പകര്‍ത്തിയതാവാം. ഖേദപ്രകടനം കിട്ടിയതോടെ തങ്ങള്‍ തണുത്തു. മുമ്പ് തെങ്ങിന്‍ കുണ്ടില്‍ വീണ അന്ത്രുമാന്‍ പറഞ്ഞ ഒരു വാക്യമുണ്ട്: ‘കുണ്ടില്‍ വീണാലും ഞമ്മന്റെ കാല് പുറത്താണ്’ എന്ന്. അന്ത്രുമാനും വഹാബും തമ്മിലെന്ത് വ്യത്യാസം!
Comments