ബംഗളൂരു: ഓരോരുത്തരും മാനവരാശിയുടെ സേവനത്തില്‍ സ്വയം മുഴുകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സേവാഭാരതിയും ലോകഹിത ട്രസ്റ്റും സംഘടിപ്പിച്ച കുഷ്ഠരോഗികള്‍ക്കുള്ള ദൈനംദിന ഭക്ഷണവിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസുധൈവ കുടുംബകം എന്ന ആദര്‍ശത്തില്‍ ഊന്നിയാണ് എല്ലാവരും ജീവിക്കേണ്ടത്. ലോകമാകെ ഒരു കുടുംബമായി കാണുന്ന സങ്കല്പമാണത്. അതിലൂടെ നാം എല്ലാ വ്യത്യാസങ്ങളും മറക്കുകയും അന്യോന്യം സഹായിക്കുകയും വേണം. സ്വന്തം കുടുംബത്തിലെ രോഗികളെ സേവിക്കുന്നതുപോലെ സമൂഹത്തിലെ രോഗികളെയും അശരണരെയും പാവപ്പെട്ടവരേയും സേവിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലെ വിജയപുരയിലെ കുഷ്ഠരോഗ പുനരധിവാസ കേന്ദ്രത്തിലെ രോഗികളോടൊപ്പം ദത്താത്രേയ ഹൊസബാളെ ഉച്ചഭക്ഷണം കഴിച്ചു. ജാതി, മതവിശ്വാസം, വംശം, ലിംഗം തുടങ്ങിയ കാര്യത്തിലുള്ള ഭിന്നതകള്‍ മറന്ന് സഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 1980ല്‍ വിജയപുരയില്‍ കുഷ്ഠരോഗികള്‍ക്കുള്ള കേന്ദ്രം ആരംഭിച്ച വെങ്കടേഷ് ഗുരുനായക് എന്ന സാമൂഹ്യ പ്രവര്‍ത്തകനെയും അദ്ദേഹം അനുസ്മരിച്ചു.