മാനന്തവാടി: ഇക്കഴിഞ്ഞ നവംബര്‍ 30-ന് മാനന്തവാടി വള്ളിയൂര്‍ക്കാവ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശിഷ്ടാതിഥിയായും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷകനായും പങ്കെടുത്ത 217-ാമത് പഴശ്ശി വീരാഹുതി ദിനാചരണമായിരുന്നു അത്.
ആസാദി കാ അമൃത് മഹോത്സവ് സമിതിയുടെയും വനവാസി ആശ്രമം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പഴശ്ശി ദിനാചരണം, രാവിലെ പഴശ്ശി കുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയോടെ ആരംഭിച്ചു. അതിന് ശേഷം നടന്ന പഴശ്ശി അനുസ്മരണ പരിപാടിയില്‍ നമ്മുടെ മറവികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, അധിനിവേശ ഭാരതത്തിന്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെയും ചരിത്രത്തിലെ അട്ടിമറികളും തമസ്‌ക്കരണങ്ങളും ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പ്രസംഗിച്ചു.
”സ്വാതന്ത്ര്യലബ്ധിയുടെ മദ്യലഹരിയില്‍ നാം പഴശ്ശിത്തമ്പുരാനെ മറന്നു, ഈ നെടുങ്കോട്ട വാണ വീരനെ മറന്നു” എന്ന പി. കുഞ്ഞിരാമന്‍ നായരുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ചുരുക്കം ചില വ്യക്തികളിലേയ്ക്കും, കുടുംബങ്ങളിലേയ്ക്കും സ്വാതന്ത്ര്യസമര ചരിത്രത്തെ ചുരുക്കിക്കളഞ്ഞ അപകടകരവും അപഹാസ്യവുമായ അവസ്ഥയെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപുറവും നിന്നാക്രമിച്ച ടിപ്പുവിനെയും ബ്രിട്ടീഷുകാരെയും ഒരുപോലെ നേരിട്ട വൈക്കം പദ്മനാഭപിള്ള, ഡച്ചുകാരെ തുരത്തിയോടിച്ച വീരമാര്‍ത്താണ്ഡ വര്‍മ്മ, വെളുത്തമ്പി ദളവ എന്നിവരെപ്പോലെ തന്നെ തന്റെ യൗവ്വനം മുഴുവനും ജനിച്ച മണ്ണിനു വേണ്ടി പോരാടിയ വീരപഴശ്ശിയ്ക്കും സ്വാതന്ത്ര്യസമര ചരിത്രത്തിലോ പുസ്തകങ്ങളിലോ സ്ഥാനം നല്‍കാന്‍ നാം തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. പഴശ്ശിരാജയ്ക്കു വേണമെങ്കില്‍ മറ്റ് പലരെയും പോലെ തനിക്ക് ലഭിക്കുമായിരുന്ന സ്ഥാനമാനങ്ങള്‍ സ്വീകരിച്ച് സുഖമായി ജീവിക്കാമായിരുന്നു. പക്ഷേ, ആത്മാഭിമാനം പണയം വെച്ച് നാണംകെട്ട് ജീവിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മലബാര്‍ മേഖലയില്‍ നിന്ന് സര്‍വ്വ രാജാക്കന്മാരും പിന്‍വാങ്ങിയപ്പോള്‍ ഈ നാടിന്റെ നന്മയെ കാക്കാന്‍, ധര്‍മ്മത്തെ കാക്കാന്‍, ഭഗവതിയെ കാക്കാന്‍ പെരുമാള്‍ക്ക് തുണയായി, സ്വന്തം ജനതയ്‌ക്കൊപ്പം ഞാനുണ്ട് എന്ന് പ്രഖ്യാപിച്ച ധീരദേശാഭിമാനിയ്ക്ക് പോരാട്ടത്തിന്റെ അഗ്‌നിപഥത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുമ്പോള്‍ വയസ്സ് വെറും ഇരുപത്തിയൊന്ന് മാത്രമായിരുന്നു.
നാം ഓര്‍ക്കാന്‍ മറന്നു പോയ പഴശ്ശിത്തമ്പുരാനെ ഇന്ന് ഭാരതം മുഴുവന്‍ ഓര്‍ക്കുകയാണ്. ആസാദി കാ അമൃത് മഹോത്സവ് ഉദ്ഘാടനം ചെയ്തപ്പോള്‍ ചെങ്കോട്ടയില്‍ തയ്യാറാക്കിയ മ്യൂസിയത്തില്‍ പ്രധാന സ്ഥാനങ്ങളില്‍ ഉള്ള ചിത്രങ്ങളില്‍, ശില്പങ്ങളില്‍ ഒന്ന് പഴശ്ശിയുടേതാണെന്നത് വയനാടിന് അഭിമാനകരമായ ഒന്നാണ്. അദ്ദേഹം ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ക്കെതിരെ മാത്രമല്ല, ഭീകരമായ മതവെറിയിലൂടെ നമ്മുടെ സംസ്‌കാരത്തെ മുച്ചൂടും മുടിക്കാന്‍ വന്ന മൈസൂര്‍ പടയ്‌ക്കെതിരെയും യുദ്ധം ചെയ്ത് പോര്‍ക്കലിയമ്മയുടെ ഈ മണ്ണിനേയും ധര്‍മ്മത്തെയും സംരക്ഷിക്കാന്‍ പോരാടിയ, അതിനായി ജനങ്ങള്‍ക്കൊപ്പം പൊരുതി മരിക്കുമെന്ന് പ്രതിജ്ഞയെടുത്ത അമ്മയുടെ ശരിയായ പുത്രനായിരുന്നു.
വയനാടിന്റെ വീരപുത്രന്മാരായ തലക്കര ചന്തു, എടച്ചന കുങ്കന്‍, കരിന്തണ്ടന്‍, രാമന്‍ നമ്പി തുടങ്ങിയവര്‍ക്കും ജയഘോഷം മുഴക്കിക്കൊണ്ടായിരുന്നു പഴശ്ശി സ്മൃതി കുടീരത്തിലെ പരിപാടി അവസാനിച്ചത്.