പത്രത്തില്‍ വിഴിഞ്ഞത്തെ കാര്യങ്ങള്‍ വായിച്ചിരിക്കുമ്പോഴാണ് പ്ലംബര്‍ ടോണി കേറി വരുന്നത്.
ടോണി എന്റെ സഹോദരന്റെ സുഹൃത്താണ്. കണ്ടാല്‍ സാധു പയ്യന്‍. യോഗയും ധ്യാനവുമൊക്കെ ചെയ്യുന്ന സത്യക്രിസ്ത്യാനി. ടോണി വാസ്തവത്തില്‍ പ്ലമ്പറൊന്നും അല്ല, എല്ലാ പണിയും അറിയുന്നൊരാള്‍ അതും ചെയ്യുമെന്ന് മാത്രം. ആ വേഷത്തിലാണ് എന്റെ മുമ്പില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് അതുകൊണ്ടു ഞങ്ങള്‍ പ്ലംബര്‍ ടോണി എന്ന് വിളിച്ചു എന്ന് മാത്രം. ഇംഗ്ലീഷില്‍ ‘ജാക്ക് ഓഫ് ഓള്‍ ട്രേഡ്സ്’ എന്ന് പറയുംപോലെ എല്ലാം അറിയാമെന്ന് പറഞ്ഞു നടക്കുന്നൊരാള്‍. അങ്ങനെ ചെയ്തിട്ട് പലതും കുളമാക്കി വെച്ചിട്ടുണ്ട്. അതുകൊണ്ട് ശ്രീമതിയ്ക്ക് ആളെ അത്ര പിടിക്കില്ല. എന്നാലും ഞാന്‍ ചില്ലറ പണികള്‍ ഏല്‍പ്പിക്കും. വെള്ളം വരാത്ത പൈപ്പുകളുടെ വാഷര്‍ മാറ്റിയിട്ട് ടോണി ഉമ്മറത്തെത്തി പേപ്പര്‍ നോക്കി ഇരിപ്പായി.
കാശുമായി ഞാന്‍ വന്നപ്പോള്‍ ഹെഡ്ലൈന്‍ വായിച്ച് ടോണി പറഞ്ഞു ‘എല്ലാം കള്ളന്മാര്‍ രാജ്യദ്രോഹികള്‍..എല്ലാറ്റിനെയും പിടിച്ച് ജയിലിലിടണം’.
ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘നേതാക്കള്‍ പാതിരിമാരാണ് ബിഷപ്പുമാരാണ്. നിന്റെ പള്ളിക്കാരല്ലെങ്കിലും.’
അതിന് ടോണിയുടെ ഉത്തരം പെട്ടെന്നായിരുന്നു.
‘രാജ്യത്തിനു ഏറെ ഗുണകരമായ ഒരു പദ്ധതി. അതിനു തടസ്സം നില്‍ക്കേ?.. ആ ആശാപുര ഗ്രൂപ്പിന്റെ സീ.ഇ.ഓ പറഞ്ഞതു കേട്ടില്ലേ? ഈ ബിഷപ്പുമാരുണ്ടല്ലോ അവര്‍ നേരായ വഴിക്ക് പോണോരല്ല.’
‘എല്ലാവരും മോശക്കാരല്ല. അവരില്‍ നല്ലവര്‍ ഏറെയുണ്ട്. എങ്കിലും ചീത്ത പേരുള്ളവരുടെ എണ്ണം കൂടി വരികയാണ്.’ എന്ന് ഞാന്‍ ആശ്വസിപ്പിച്ചു.
ടോണി സ്വല്‍പ്പനേരം ആലോചിച്ച് പറഞ്ഞു. ‘വെറുതെയല്ല ചെസ്സ് കളിയില്‍ ബിഷപ്പിന്റെ നീക്കം നേരായ വഴിക്കല്ലാത്തത്’
‘ഹ..ഹ..’ അതെനിക്ക് ഇഷ്ടപ്പെട്ടു. ടോണി നല്ലൊരു ചെസ്സുകളിക്കാരനാണെന്നു കേട്ടിട്ടുണ്ട്.
ചെസ്സിലെ ബിഷപ്പിന്റെ സഞ്ചാരമാര്‍ഗ്ഗം (ചെസ്സ് കളിയിലെ ആന എന്ന ബിഷപ്പ്) ഓര്‍ത്ത് ഞാന്‍ ചിരിച്ചു. ‘ഡയഗ്നലി.. കര്‍ണ്ണരേഖയില്‍ സഞ്ചാരം അല്ലെ?’
‘അതെ.. ഓരോന്ന് പറേണത് കേട്ടാല്‍.. ദുബായ് ഷെയ്ഖ് വല്ല്യൊരു.. തുക.. ഏതോ കോയയുടെ കയ്യില്‍ കൊടുത്തയക്കേ? വീഡിയോ കണ്ടില്ലേ? കഷ്ടം!.. ഈ പാതിരിമാരെ കുറിച്ച് എത്രയെത്ര വഞ്ചന കഥകളാണെന്ന് അറിയോ?’
‘പണ്ടത്തെ കഥകള്‍ അറിയാം സോക്രട്ടീസ്, ഗലീലിയോ.. തുടങ്ങി..’
‘ദൈവനിഷേധികള്‍ എന്ന് വിളിച്ച് കത്തോലിക്കാ പള്ളി കൊന്നു കൂട്ടിയ ആളുകളുടെ ലിസ്റ്റുണ്ട് വിക്കിപീഡിയയില്‍.. ഒന്ന് കാണേണ്ടത് തന്നെയാണ്’
ടോണിയ്ക്ക് അത് അറിയാം.
ഞാന്‍ ചോദിച്ചു ‘ടെംപ്ലാര്‍സിന്റെ കഥ കേട്ടിട്ടിട്ടുണ്ടോ ?’
‘എന്താ അത് ?’
‘ക്രിസ്ത്യാനിറ്റിയ്ക്ക് വേണ്ടി കുരിശുയുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരാണ് ടെംപ്ലാറുകള്‍ (knights of Templars). അവര്‍ കൊള്ളയും കൊലയും ചെയ്ത് ധനികരായി.
അക്കാലത്ത് നിരവധി യുദ്ധങ്ങള്‍ മൂലം ദാരിദ്ര്യം നേരിട്ട ഫ്രാന്‍സിലെ രാജാവ് ഫിലിപ്പ് നാലാമന്‍ ഈ ടെംപ്ലാര്‍ പ്രഭുക്കന്മാരോട് ധാരാളം പണം കടം മേടിച്ചു. പിന്നീട് അത് മടക്കി കൊടുക്കാതിരിക്കാന്‍ വേണ്ടി പോപ്പ് ക്ലമന്റ് അഞ്ചാമന്റെ ഒത്താശയോടെ ടെംപ്‌ളാറുകളെ ദൈവ നിഷേധികളായി പ്രഖ്യാപിച്ചു. താമസിയാതെ എല്ലാ ടെംപ്‌ളാറുകളെയും പിടിച്ച് കൊന്നൊടുക്കി. അതി ക്രൂരമായാണ് വധിച്ചത്. അക്കഥകളൊക്കെ ഇന്നും യൂറോപ്യന്‍ മനസ്സുകളിലുണ്ട്. ചരിത്രം വായിക്കുമ്പോള്‍ അവര്‍ അവരുടെ മത പുരോഹിതന്മാരെ അങ്ങേയറ്റം വെറുക്കുന്നുണ്ടാവും.’
‘യൂറോപ്പിലും മറ്റും ആളുകളുടെ വിശ്വാസം ഇല്ലാതായത് പഴയ ക്രൂരകഥകള്‍ വായിച്ചായിരിക്കണം. പള്ളികളൊക്കെ വില്‍ക്കുകയാണ് എന്നാ കേട്ടത്.’
‘അതിനാണല്ലോ അവര്‍ ഇവിടെ വന്നു മതം മാറ്റി എണ്ണം കൂട്ടുന്നതും ഇനി ഏഷ്യയുടെ ഊഴമാണെന്നൊക്കെ പറയുന്നതും. നിലനില്‍പ്പ് വേണ്ടേ?’
‘ഹിന്ദുക്കള്‍ ദേവസ്വം ബോര്‍ഡിനെ പഴിക്കുന്ന പോലെയാണ് ക്രിസ്ത്യാനികള്‍ മത നേതാക്കന്മാരെ പഴിക്കുന്നത്. രണ്ടു കൂട്ടരും ചൂഷകര്‍ തന്നെ.’
ടോണി എഴുന്നേറ്റിട്ട് പറഞ്ഞു:
‘കേരളത്തിലും അഴിമതിയും അവിഹിത കഥകളും കൊണ്ട് പുരോഹിതര്‍ക്ക് വിലയില്ലാതായി, മതിപ്പില്ലാതായിപ്പോയി.’
‘ശരിയാ ..എങ്കിലും സ്വാര്‍ത്ഥരാണെങ്കിലും ക്രിസ്തീയ സമൂഹം ചെയ്ത സേവനങ്ങളെ നാം വിസ്മരിച്ചുകൂടാ.’
ടോണി പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പലതും ഓര്‍ത്തു. ആശുപത്രികളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ മാത്രമല്ല കേരളത്തിലെ ആദ്യത്തെ ബസ്സ് സര്‍വീസ് തുടങ്ങിയ മുതലാളി തൊട്ട് സാബു ജേക്കബ്, ചിറ്റിലപ്പിള്ളി വരെയുള്ളവര്‍ എന്റെ മനസ്സില്‍ മിന്നി മാഞ്ഞു. പലരെയും കൃതജ്ഞതയോടെ സ്മരിച്ചു.
ഉറ്റ സ്‌നേഹിതരെക്കുറിച്ചും അവരോടൊപ്പം ഒന്നിച്ച് കഴിഞ്ഞ നാളുകളും ഓര്‍ത്തു. ചിരി വന്നു. മനസ്സിലെ കന്മഷം നീങ്ങി.
യൂറോപ്പിലും അമേരിക്കയിലും ക്രിസ്തീയ മത പുരോഹിതര്‍ പരിഹാസ കഥാപാത്രങ്ങളാണ്. എത്രയെത്ര തമാശകളാണ് അവരെപ്പറ്റി പത്ര മാസികകളില്‍. കോമഡി ഷോകളില്‍.
ഒരു പഴയ തമാശ ഓര്‍മ്മ വരുന്നു.
ഒരിക്കല്‍ ഒരു പ്ലമ്പറും ബിഷപ്പും കൂടി ഗോള്‍ഫ് കളിക്കാന്‍ പോയി. ഒരു ഹോള്‍ മിസ്സായപ്പോള്‍ പ്ലംബര്‍ പറഞ്ഞു ‘ഛേ.. അത് മിസ്സായി.. ദൈവത്തിന്റെ ശാപം! ‘ബിഷപ്പ് പ്ലംബറെ ഉപദേശിച്ചു’ ‘അങ്ങനെ ചീത്ത വാക്കുകള്‍ ഉപയോഗിക്കരുത്. പ്രത്യേകിച്ചും ദൈവനാമത്തില്‍.!’..
രണ്ടാമതും പന്ത് കുഴിയില്‍ വീണില്ല. പ്ലംബര്‍ പഴയ പല്ലവി ആവര്‍ത്തിച്ചു ‘ഛേ.. അത് മിസ്സായി.. ദൈവത്തിന്റെ ശാപം!’
ബിഷപ്പിന് അത് തീരെ രസിച്ചില്ല.
മൂന്നാമതും പ്ലംബര്‍ അടിച്ച ബാള്‍ കുഴിയില്‍ വീഴാതെ തെന്നി മാറി.
ബിഷപ്പ് പ്ലംബറെ രൂക്ഷമായി നോക്കി.. പെട്ടെന്ന് ഒരു ഇടി മിന്നലുണ്ടായി. അത് ബിഷപ്പിനെ ഇടിച്ചു വീഴ്ത്തി. അപ്പോള്‍ ആകാശത്ത് നിന്ന് ഒരു അശരീരി ഉണ്ടായി ‘ഛേ.. അത് മിസ്സായി… ദൈവത്തിന്റെ ശാപം!’
ഇതാ മറ്റൊന്ന്.
മരണാനന്തരം ഒരു പാതിരി സ്വര്‍ഗ്ഗകവാടത്തില്‍ എത്തി. സെയ്ന്റ് പീറ്റര്‍ ഓരോരുത്തരെ ചോദ്യം ചെയ്ത് തീരുമാനിക്കുകയാണ്. സ്വര്‍ഗ്ഗത്തില്‍ പോകേണ്ടവര്‍ക്ക് ഒരു പട്ടു ഷാളും ഒരു സ്വര്‍ണ്ണവടിയും കൊടുക്കുന്നുണ്ട്. അവരെ വലത് വാതിലിലേക്ക് ആനയിക്കുന്നു. നരകത്തിലേക്ക് പോകേണ്ടവര്‍ക്ക് ഒന്നുമില്ല. ഇടത്ത് കണ്ട വാതിലിലൂടെ പൊക്കോളാന്‍ പറയുന്നു. പാതിരിയ്ക്ക് മുന്നേ വരിയില്‍ ഒരു ടാക്‌സി ഡ്രൈവര്‍ ആയിരുന്നു . സെയ്ന്റ് പീറ്റര്‍ ടാക്‌സി ഡ്രൈവറോട് ‘ടാക്‌സി ഡ്രൈവര്‍ ആയിരുന്നു അല്ലെ? എവിടെ?’ ഉത്തരം: ‘ന്യൂയോര്‍ക്കില്’ അടുത്ത ചോദ്യം: ‘പള്ളിയില്‍ പോകാറുണ്ടായിരുന്നുവോ?’ ഉത്തരം’ ‘ഏയ് എവിടെ?.. അതിനൊന്നും സമയം കിട്ടാറില്ല.. സദാ ഓട്ടം തന്നെയല്ലേ?’ ‘ശരി’ സെയ്ന്റ് പീറ്റര്‍ പട്ടു ഷാളും സ്വര്‍ണ്ണവടിയും കൊടുത്ത് യാത്രയാക്കി. അടുത്തത് നമ്മുടെ പാതിരിയുടെ ഊഴമായിരുന്നു. സെയ്ന്റ് പീറ്റര്‍ പാതിരിയെ നന്നായി ഒന്ന് നോക്കി ഒന്നും ചോദിച്ചില്ല. അപ്പോള്‍ പാതിരി പറഞ്ഞു ‘ഞാന്‍ സദാ സമയം പള്ളിയില്‍ തന്നെയായിരുന്നു.’ സെയ്ന്റ് പീറ്റര്‍ ഒന്നും കൊടുത്തില്ല. ഇടതു വാതിലിലൂടെ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. അപ്പോള്‍ പാതിരി : ‘ഒരു സംശയം ചോദിച്ചോട്ടെ’.
‘ചോദിക്കൂ’..
‘ഇതെന്തു നീതിയാണ്? പള്ളിയില്‍ പോകാത്ത ടാക്‌സി ഡ്രൈവര്‍ക്ക് സ്വര്‍ഗ്ഗവും സദാ പള്ളിയില്‍ പ്രഭാഷണം നടത്തുന്ന എനിക്ക് നരകവും?’
അതിനു സെയ്ന്റ് പീറ്റര്‍ ഇങ്ങനെ മറുപടി നല്‍കി: ‘നിങ്ങള്‍ പള്ളിയില്‍ പ്രസംഗിക്കുമ്പോള്‍ എല്ലാവരും ഉറങ്ങുകയായിരുന്നു. ടാക്‌സി ഡ്രൈവര്‍ വണ്ടി ഓടിക്കുമ്പോള്‍ യാത്രക്കാരെല്ലാം പ്രാര്‍ത്ഥിക്കുകയായിരുന്നു.’
…. …. ….
അപ്പോഴേയ്ക്കും ടോണി പോയിക്കഴിഞ്ഞിരുന്നു. ചായയും കൊണ്ട് വന്ന ശ്രീമതി ചോദിച്ചു.
‘എന്താ വിഴിഞ്ഞം ആയിരുന്നല്ലോ സംസാരവിഷയം.. പദ്ധതി പൂര്‍ത്തിയാവുമോ?’
‘എന്താ സംശയം?.. കുറച്ചു വൈകും. പക്ഷെ തീര്‍ച്ചയായും പൂര്‍ത്തിയാകും.’
‘മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍, പുനരധിവാസം തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ ഉടന്‍ നടപ്പിലാക്കാത്തത് അല്ലെ കാരണം?’
‘അത് കേരള സര്‍ക്കാരിന്റെ പിടിപ്പ് കേടാണ്. പിന്നെ.. നടപ്പിലാക്കാത്തതു എന്തെല്ലാമാണ് എന്ന് നോക്കണം .. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ സമരനേതാവായ ഫാദര്‍ യൂജിന്‍ പെരേരയുമായി ഒരു അഭിമുഖം ഉണ്ടായിരുന്നു. താന്‍ വായിച്ചുവോ? ചോദ്യം രണ്ടു തവണ ആവര്‍ത്തിക്കുന്നുണ്ട് നിങ്ങളുന്നയിച്ച ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചാല്‍ നിങ്ങള്‍ സമരം നിര്‍ത്തുമോ? എന്ന്. ‘ഇല്ല’ എന്നാണു ഉത്തരം. അപ്പൊ ഉദ്ദേശം വേറെ ചിലതാണ്.’ ‘ഉം ..’..
പിന്നെ അവള്‍ അന്ധവിശ്വാസിയായി ‘കല്ലിടല്‍ ചടങ്ങില്‍ തേങ്ങാ ഉടച്ചിട്ടുണ്ടാവില്ല. ഉറപ്പാ. അല്ലെങ്കില്‍ ഇത്ര വിഘ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.’
‘ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആയിരുന്നു. അന്ന് ഒരു തടസ്സവും ആരും കണ്ടില്ല. എന്തായാലും ഇപ്പോള്‍ ശബരിമല പ്രക്ഷോഭത്തില്‍ ഭക്തരെ തല്ലിയ പൊലീസിന് നല്ല തല്ല് തിരിച്ചു കിട്ടി. തല്ലു കൊടുക്കാനും തിരിച്ചു കിട്ടാനും കാരണം ഒരാള്‍ തന്നെ. കാരണഭൂതന്‍!..
ഇപ്പോള്‍ കേന്ദ്ര സേനയുടെ, കണ്ണും മൂക്കും ഇല്ലാത്ത തല്ല്, സകലര്‍ക്കും കിട്ടിയേക്കുമെന്ന ഭയം സര്‍വ്വത്ര പരന്നിരിക്കുന്നു. അതിനാല്‍ കടലിലേക്കെറിഞ്ഞ സാമഗ്രികള്‍ മുങ്ങിത്തപ്പി എടുത്തു കൊടുക്കാനും സാധ്യതയുണ്ട്. അത്രയ്ക്കുണ്ട് ‘ഫയം’ !
‘ഹ..ഹ..’ അവള്‍ക്കത് നന്നേ രസിച്ചു.
അപ്പോള്‍ ഇത്രയും കൂടി ഞാന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇനി ഒരൊറ്റ പരിഹാരമേ ഉള്ളു ..ബിഷപ്പുമാര്‍ കര്‍ണ്ണരേഖ വിട്ട് നേരായ രേഖയില്‍ വന്നു പഴവങ്ങാടി ഗണപതിയ്ക്ക് മുമ്പില്‍ എത്തി ഏത്തമിട്ട് തേങ്ങ ഉടച്ചാല്‍ മതി. എല്ലാം ശുഭപര്യവസായി ആവും.’