ഗുവാഹത്തി: സമാജത്തിലെ ഓരോ വ്യക്തിയും രാഷ്ട്രത്തിന് പ്രാമുഖ്യം നല്‍കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഉത്തര അസമിലെ ചന്ദ്രപൂര്‍ വിദ്യാഭാരതി സ്‌കൂളില്‍ മൂന്ന് ദിവസമായി തുടര്‍ന്നു വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രേരണാശിബിരത്തിന്റെ സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭിന്നതകള്‍ക്കും വൈവിധ്യ ങ്ങള്‍ക്കുമപ്പുറം രാജ്യത്തിനുവേണ്ടി അവിശ്രമം പ്രയത്‌നിക്കുമെന്ന ഭാവം സമാജത്തിലാകെ ഉണ്ടാകണം. സമാജം രാഷ്ട്രത്തിനുവേണ്ടി എന്തുചെയ്യാനും പ്രതിജ്ഞാബദ്ധരായി മാറണം. ഏത് ദൗത്യത്തിന്റെയും വിജയകരമായ പൂര്‍ത്തീകരണത്തിന് കൂട്ടായ പരിശ്രമമല്ലാതെ മറ്റ് വഴികളില്ല. രാജ്യത്തിന് വേണ്ടി എല്ലാം സമര്‍പ്പിക്കാനുള്ള മനുഷ്യശേഷിയുടെ വികാസത്തിനുവേണ്ടിയാണ് ഡോ. ഹെഡ്‌ഗേവാര്‍ സംഘം സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംഘപ്രവര്‍ത്തനം നൂറ് വര്‍ഷം പിന്നിടാന്‍ പോകുകയാണ്. ആറാമത്തെ തലമുറയാണ് ഇപ്പോള്‍ പ്രവര്‍ത്തനനിരതരായിരിക്കുന്നത്. ഭാരതത്തിലെ ഓരോ ഗ്രാമത്തിലും സംഘശാഖകളുണ്ടാകണം. അതുവഴി സമാജത്തെ രാഷ്ട്രാനുകൂലമാക്കി ശക്തിപ്പെടുത്താന്‍ കഴിയും. ദേശീയമായ പാരമ്പര്യത്തിലും അഭിമാനത്തിലുമൂന്നി രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സമാജത്തെ സജ്ജമാക്കുകയാണ് സംഘം ചെയ്യുന്നത്. സമാജത്തെ ശക്തിശാലിയാക്കി യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനമാണത്. ദുര്‍ബലമായ സമാജത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ഫലമാസ്വദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.