ഏകദേശം പതിനാലു കൊല്ലം മുന്‍പാണ്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിനിയായ ഒരു പെണ്‍കുട്ടി, മാതാപിതാക്കള്‍ക്ക് ജോലി മൈസൂരിലായിരുന്നത് കൊണ്ട് അവിടെയാണ് അവള്‍ വളര്‍ന്നത്. ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ കണ്ണൂ രില്‍ വന്നതാണ്. കല്യാണ ബസിന്റെ ഡ്രൈവറുമായി കുട്ടി സൗഹൃദത്തിലായി. സൗഹൃദം വളര്‍ന്നു പ്രണയവുമായി, പ്രണയം ഒരു സിനിമാക്കഥ പോലെ വിവാഹത്തിലുമെത്തി.
കാര്യങ്ങള്‍ പക്ഷേ അവിടെ അവസാനിച്ചില്ല. വിവാഹത്തിനായി അച്ഛനും അമ്മയും അറിയാതെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് കേരളത്തിലേക്ക് ഒളിച്ചു വരികയായിരുന്നു. പിന്നീട് നാം കേള്‍ക്കുന്നത് കേരളത്തിലെ ഒരു ഇസ്ലാമിക പഠന കേന്ദ്രത്തില്‍ നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വിളിക്കുന്ന അവളുടെ ഫോണ്‍കോള്‍ ആണ്. ഇതോടെ മകളെ കാണാനില്ലെന്ന പരാതിയിലൂടെ സംഭവം വാര്‍ത്തയായി.
സമൂഹമാദ്ധ്യമങ്ങളൊന്നും ആ കാലത്ത് ഇത്ര സജീവമല്ല. കേരളത്തിലെ അന്നത്തെ ഒരു പ്രധാന ദൃശ്യമാദ്ധ്യമം സംഭവത്തെ കുറിച്ച് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ വിഷയം വിവാദമായി. പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന് പറയുന്ന ഇതരമതസ്ഥനായ ആ ചെറുപ്പക്കാരന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. കണ്ണൂരുകാരനായ ആ ചെറുപ്പക്കാരന്‍ താമസിച്ചിരുന്നത് ഈരാറ്റുപേട്ടയിലാണ്. പെണ്‍കുട്ടിയെ ഒളിവില്‍ താമസിപ്പിച്ചതും ഈരാറ്റുപേട്ടയില്‍ തന്നെ. വാഗമണ്‍ തീവ്രവാദ ക്യാമ്പ് നടത്തിയ മുഖ്യകണ്ണിയുടെ സഹായിയാണ് ഈ ചെറുപ്പക്കാരനെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന കിട്ടി.
രക്ഷിതാക്കളുടെ ദുഖം കണ്ട് മൈസൂര്‍ മലയാളി അസോസിയേഷനോ മറ്റോ ആണ് സംഭവത്തില്‍ ആദ്യം ഇടപെടുന്നത്. ഒരു പക്ഷെ കേരളത്തിലെ ആദ്യത്തെ ലവ് ജിഹാദ് വാര്‍ത്ത ഇതായിരിക്കണം. അതിന് മുന്‍പും പിന്‍പും ഇങ്ങനെ എത്ര പെണ്‍കുട്ടികള്‍, ഈ വഴിയിലൂടെ നടന്ന് വീണു പോയിട്ടുണ്ടാവണം. വീണിടത്തു നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ടാവണം.
ഇങ്ങനെയുള്ള അനേകം കേസുകള്‍ വന്നപ്പോള്‍, ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ ഹാജരാകാനായി വലിയ വലിയ ആഡംബര കാറുകളില്‍ വന്നിറങ്ങി കറുപ്പില്‍ മൂടിയ വസ്ത്രമണിഞ്ഞ് അനേകം അംഗരക്ഷകരോടൊത്ത് മാതാപിതാക്കളെ നോക്കി ഒന്നു ചിരിക്കാന്‍ പോലും കഴിയാ തെ കോടതിമുറികളില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളെ കണ്ടപ്പോഴാണ് ഇതിനു പിന്നിലെ പണമൊഴുക്കലിനെയും സംഘടിത ശക്തിയെയും പറ്റി എല്ലാവരും ആകുലരായത്. കാസര്‍കോട്ടെയോ പാറശ്ശാലയിലേയോ കുഗ്രാമങ്ങളിലെ അത്താഴപ്പട്ടിണിക്കാരിയായ പെണ്‍കുട്ടിയുടെ ‘വ്യക്തി സ്വാതന്ത്ര്യത്തിനു’ വേണ്ടിയും തനിക്ക് മാതാപിതാക്കളില്‍ നിന്ന് ഓടിയൊളിക്കണമെന്ന ‘അവകാശത്തിന്’ വേണ്ടിയുംവാദിക്കാന്‍ സിറ്റിങ്ങിന് ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീലന്മാര്‍ എത്തിയതോടെയാണ് ഇത് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഹൈക്കോടതി ജഡ്ജിമാര്‍ പോലും ഞെട്ടിയത്.
പിന്നീടാണ് കേരളത്തിലെ പ്രമുഖ മാദ്ധ്യമമായ കലാകൗമുദി അതിന്റെ 2012 ജൂണ്‍ 10 ലക്കത്തില്‍ ലവ് ജിഹാദിനെപ്പറ്റി കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചത്. ഒരു മാസം 180 മുതല്‍ 200 വരെ പെണ്‍കുട്ടികള്‍ മതം മാറുന്നു എന്നും അന്നുവരെ 6129 പേര്‍ മതം മാറിയെന്നും അവര്‍ മുഖചിത്രത്തില്‍ തന്നെ അച്ചടിച്ചു. അതോടെ സാമുദായിക നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.
ഈ കവര്‍സ്റ്റോറി വന്ന കലാകൗമുദി വാരിക പ്രമുഖ നഗരങ്ങളിലെല്ലാം കടകളില്‍ നിന്ന് മൊത്തമായി ചിലര്‍ വാങ്ങിക്കൊണ്ടുപോയി കത്തിച്ചുകളഞ്ഞിരുന്നു. എന്നാല്‍ അതിനും മുന്‍പ് 2010 ഒക്ടോബര്‍ 24ന് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചില്ലെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഈ ഭീകരവാദപ്രവണതയെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു.
”20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലിം രാജ്യമാകും. മുസ്ലിം ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട് പണം കൊടുത്തിട്ട് അവരെ മുസ്ലിമാക്കുക, അമുസ്ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്ലിം കുട്ടികളെ ജനിപ്പിക്കുക. ആ തരത്തില്‍ മറ്റ് സമുദായങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോട് കൂടിയുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്” എന്നാണ് വി.എസ്. അന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത്.
പത്തനംതിട്ട ജില്ലയിലെ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളെ പ്രണയത്തിന്റെ പേരില്‍ മതം മാറ്റാന്‍ ശ്രമിച്ച സംഭവമാണ് കേരള ഹൈക്കോടതിയെ ലവ് ജിഹാദ് എന്ന യാഥാര്‍ത്ഥ്യത്തെകുറിച്ച് അന്വേഷിക്കാനുള്ള ഉത്തരവിടാന്‍ പ്രേരിപ്പിച്ചത്. അന്ന് മുതല്‍ ആ വാക്കിനെ അടര്‍ത്തിമാറ്റി ആക്രമിക്കാനായിരുന്നു ഇടതു ജിഹാദി സംഘടിത ശക്തികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ആ വാക്കിനുമേല്‍ പുകമറ സൃഷ്ടിച്ച് സത്യം മൂടിവയ്ക്കുക എന്ന പരമ്പരാഗത കുപ്രചരണതന്ത്രം. എന്നാല്‍ ആ ആക്രമണം കാരണമാണ് കേരളത്തില്‍ മെറിന്‍ ജോസഫും, സോണിയ സെബാസ്റ്റ്യനും, നിമിഷാ ഫാത്തിമമാരും ഐഎസിലെത്തി എന്ന സത്യം കേരളമറിഞ്ഞത്.
ആള്‍ക്കാരെ നിരത്തിനിര്‍ത്തി കഴുത്തറുത്ത് കൊന്ന് വീഡിയോകള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഐസിസ് പോലെയുള്ള നരാധമന്മാരോടൊപ്പം ചേരാന്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം നാടുവിട്ട മലയാളികളായ നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനുമൊന്നും കെട്ടുകഥകളിലെ കഥാപാത്രങ്ങളല്ല. അഫ്ഗാനിലെ ചില പ്രവിശ്യകള്‍ താലിബാന്‍ പിടിച്ചെടുത്തതോടെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഈ പെണ്‍കുട്ടികളുടെ വീഡിയോകളും പുറത്തുവന്നിരുന്നു.
കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. പഠിച്ചിരുന്ന കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായ ആയിശ, മറിയം എന്നിവര്‍ വഴിയാണ് ബെക്‌സിന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നാലു ദിവസത്തെ പരിചയം വച്ചാണ് അവര്‍ വിവാഹിതരായതെന്നാണ് മറ്റൊരു വസ്തുത.
ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കേരളത്തില്‍ നടക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്. വിപുല്‍ അമൃത് ലാല്‍ നിര്‍മ്മിച്ച് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ‘കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലര്‍ തന്നെ ചിലരെ പേടിപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യങ്ങള്‍ പൊതു മദ്ധ്യത്തിലേക്കെത്തും എന്നതു കൊണ്ടാവാം. കേരളത്തില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനവും തീവ്രവാദ റിക്രൂട്ടിങ്ങും ചര്‍ച്ചയാവരുതെന്ന വാശിയാണ് ഈ സിനിമയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത്.
ആയിരക്കണക്കിന് പെണ്‍കുട്ടികളെ മതംമാറ്റി അഫ്ഗാനിലേക്കും സിറിയയിലേക്കും എത്തിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന്റെ പല ഭാഗത്തും യാത്രചെയ്താണ് സുദീപ്‌തോ സിനിമ ചിത്രീകരിച്ചിരുന്നത്. മതപരിവര്‍ത്തനത്തിന് ഇരകളായ നിരവധി കുടുംബങ്ങളുമായി സംവിധായകന്‍ നേരിട്ട് സംസാരിച്ചാണ് സിനിമയിലേക്ക് എത്തിച്ചേര്‍ന്നത്. കേരളത്തില്‍ നടക്കുന്ന ഐഎസ് റിക്രൂട്ടിങ്ങിന്റെ പച്ചയായ മുഖമാണ് സിനിമ വരച്ചുകാണിക്കുന്നത്. എന്നാല്‍ 32,000 പെണ്‍കുട്ടികളെ മതം മാറ്റി എന്ന് സിനിമയിലൂടെ സൂദീപ്‌തോ പറയുന്നതാണ് വിവാദത്തിന് കാരണമത്രേ!
ലവ് ജിഹാദ് എന്ന വാക്ക് പൂര്‍ണ്ണമായ സത്യം മനസ്സിലാക്കുന്നതില്‍ നിന്ന് നമ്മളെ തടയുന്ന ഒരു വാക്കു തന്നെയാണ് എന്ന് പറയാതെ സാദ്ധ്യമല്ല. ഇസ്ലാമിക ഭീകരവാദവത്ക്കരണത്തിന് ലോകം മുഴുവന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപകരണം മാത്രമാണ് പ്രണയം.
ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ ഇസ്ലാമിക ഭീകരവാദികള്‍ അനുവര്‍ത്തിക്കുന്ന ഒരു ഉപകരണമാണ് ലവ് ജിഹാദ്. ബ്രിട്ടനില്‍ സാധാരണക്കാരിയായി ജീവിച്ച സാലി റോബര്‍ട്ട്‌സിനെപോലെയുള്ള സ്ത്രീകളും പത്ത് വയസ്സുപോലും പ്രായമാവാത്ത അവരുടെ മകനുമൊക്കെ സിറിയയില്‍ ചെന്ന് ഐസിസിന്റെ ആരാച്ചാരുമാരായി ഇരകളുടെ തലയറുക്കുന്ന വീഡിയോകള്‍ പുറത്തുവന്നപ്പോഴാണ് ഇവരെങ്ങനെ സിറിയയിലെത്തിപ്പെട്ടു എന്ന് എല്ലാവരും ഞെട്ടിയത്. അതിനുത്തരവും വേറൊന്നുമായിരുന്നില്ല. ഒരു ഭീകരവാദിയെ പ്രണയിക്കുകയും അതുവഴി മതം മാറി സിറിയയിലെത്തിപ്പെടുകയുമായിരുന്നു സാലി റോബര്‍ട്ട്‌സ്. അതുപോലെ യൂറോപ്പില്‍ നിന്നുള്ള നൂറുകണക്കിന് പേരാണ് മതംമാറി ഐസിസില്‍ എത്തിയത്. യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ ഇത്തരത്തിലുള്ള പ്രണയ, സൗഹൃദ മതംമാറ്റത്തിന്റെയും ഭീകരവാദ റിക്രൂട്ടിങ്ങിന്റെയും കേന്ദ്രങ്ങളാവുന്നുവെന്ന് പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
ലിബറല്‍ മുഖംമൂടി അണിഞ്ഞ് ഭീകരവാദത്തിനോട് സഹതപിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ വ്യവസ്ഥാപിതമായ ശ്രമങ്ങള്‍ ചില ഇസ്ലാമിക രാജ്യങ്ങള്‍ അമേരിക്കയിലെ പല യൂണിവേഴ്‌സിറ്റികളിലും നടത്തുവെന്നാണ് അന്താരാഷ്ട്ര തിങ്ക് ടാങ്കുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമിക ഭീകരവാദത്തിനോട് സന്ധിയില്ലാത്ത നേരിട്ടുള്ള യുദ്ധം നടത്തുന്ന അമേരിക്കയിലെ സ്ഥിതി ഇതാണെങ്കില്‍ പൊതുവെ ഇസ്ലാമോ-ലെഫ്റ്റിസ്റ്റ് നാട്യക്കാരായ യൂറോപ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ?
ഇത്തരത്തിലുള്ള ജിഹാദിവത്ക്കരണം വന്‍തോതില്‍ നടക്കുന്ന മറ്റൊരു സ്ഥലമാണ് യൂറോപ്പിലെ ജയിലുകള്‍. ഈ വിഷയത്തെകുറിച്ച് പ്രമുഖ സാമൂഹ്യശാസ്ത്ര ജേര്‍ണലുകളില്‍ അനേകം പ്രബന്ധങ്ങള്‍ പോലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജയിലുകളില്‍ എത്തുന്നവരെ മുസ്ലിമാകാന്‍ സമ്മതിക്കുന്നതുവരെ ക്രൂരമായി മര്‍ദ്ദിക്കുകയും മതം മാറിയ ശേഷം എല്ലാവിധ സംരക്ഷണവും നല്‍കുകയും ചെയ്യുന്ന ഗ്യാങ്ങുകള്‍ യുറോപ്യന്‍ ജയിലുകളില്‍ സജീവമാണെന്ന് പ്രമുഖ മാദ്ധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത്, അവരുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും കൈക്കലാക്കി ഭീഷണിപ്പെടുത്തി അവരെ പലര്‍ക്കും കാഴ്ചവെയ്ക്കുകയും അറബ്‌നാടുകളിലേക്കുള്‍പ്പെടെ ലൈംഗിക അടിമകളാക്കി വില്‍ക്കുകയും ചെയ്യുന്ന മുസ്ലിം ഗ്രൂമിംഗ് ഗ്യാങ്ങുകള്‍ യൂറോപിലെമ്പാടും സജീവമാണ്.
ഇംഗ്ലണ്ടില്‍ റോതറാം എന്നു പറയുന്ന ചെറിയ പട്ടണത്തില്‍ മാത്രം ആയിരത്തി നാന്നൂറോളം പെ ണ്‍കുട്ടികളെയാണ് അത്തരത്തില്‍ ഗ്രൂമിംഗ് ഗ്യാങ്ങുകള്‍ പീഡിപ്പിച്ചിട്ടുള്ളത്. യുകെയിലെ അത്തരത്തിലെ മുഴുവന്‍ കുട്ടികളുടെയും കണക്കെടുത്താല്‍ ലക്ഷക്കണക്കിനാവും സംഖ്യ എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒറ്റ മുസ്ലിം പെണ്‍കുട്ടി പോലും ഈ ഗ്രൂമിംഗ് ഗ്യാങ്ങുകളുടെ ഇരയായിട്ടില്ല. വെള്ളക്കാരോ, ഹിന്ദുക്കളോ, സിഖുകാരോ ഒക്കെയാണ് അവരുടെ ഇരകളിലെല്ലാവരും. അവരില്‍ നിന്ന് രക്ഷകിട്ടാനായി പെണ്‍കുട്ടികളെ അന്യനാടുകളില്‍ ഒളിപ്പിച്ച് താമസിപ്പിക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണ് പല മാതാപിതാക്കളും. ആദ്യകാലങ്ങളില്‍ ഈ ഗ്യാങ്ങുകളെ തൊടാന്‍പോലും പോലീസ് മടിച്ചിരുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അന്വേഷിച്ചാല്‍ ഇസ്ലാമോഫോബിയ എന്നും വംശീയവാദികള്‍ എന്നുമുള്ള ആരോപണങ്ങള്‍ പോലീസിനു നേര്‍ക്കുണ്ടാവും എന്നതായിരുന്നു ബ്രീട്ടിഷ് പോലീസിന്റെ ഭയം.
മേല്‍ പറഞ്ഞിരിക്കുന്ന വസ്തുതകളെല്ലാം ഗവണ്‍മെന്റ് റിപ്പോര്‍ട്ടുകളുടെയും, പോലീസ് റിപ്പോര്‍ട്ടുകളുടെയും, മുഖ്യധാര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലെഴുതിയതാണ്. അതിന്റെ വിശ്വസനീയത ആര്‍ക്കും പരിശോധിച്ചു നോക്കാവുന്നതേ ഉള്ളൂ.
ഇത്രയും വിശദമായി എഴുതിയതിന് ഒരു കാരണവുമുണ്ട്. കേരളം എന്ന പാവയ്ക്കാ പരുവത്തിലുള്ള പ്രദേശത്ത് ചില മതമൗലികവാദികള്‍ക്ക് ഉണ്ടിരുന്നപ്പോള്‍ തോന്നിയ വിളി അല്ല ‘ലവ് ജിഹാദ്’ അല്ലെങ്കില്‍ ജിഹാദി ഗ്രൂമിങ്ങ് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. അതൊരു ആഗോള ജിഹാദി ഭീകരവാദ ഉപകരണമാണ്. ലോകമെങ്ങും ഒരു അച്ചില്‍ വാര്‍ത്തതുപോലെ യൂണിവേഴ്‌സിറ്റികളിലും ഹോസ്റ്റലുകളിലും കബാബ് ഷോപ്പുകളിലും, ടാക്‌സി കാറുകളിലും, റീ ചാര്‍ജ് കടകളിലും എന്നുവേണ്ട കഴിയുന്നിടത്തെല്ലാം ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ട യുവാക്കളെയോ യുവതികളെയോ ഉപയോഗിച്ച് ഒരച്ചില്‍ വാര്‍ത്തപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി മറ്റ് മതസ്ഥരെ ജിഹാദിവത്ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിന് ആഗോളതലത്തില്‍ കേന്ദ്രീകൃതമായ രീതിയില്‍ കൃത്യമായ പരിശീലനം നല്‍കുന്നുണ്ട്, പണമൊഴുക്കുന്നുണ്ട്. ഇത്തരത്തിലുള്ള ജിഹാദിവത്ക്കരണത്തിന്റെ അസത്യസരണികളില്‍ പെട്ടുപോയവര്‍ രക്ഷപ്പെടാന്‍ ലോകമെമ്പാടും കുതറുന്നുമുണ്ട്. ഇത്രയുമൊക്കെയായിട്ടും ഇത്രയൊക്കെയറിഞ്ഞിട്ടും കേരളമിന്നും ലവ് ജിഹാദ് സത്യമോ?! എന്ന ഗതികെട്ട ചര്‍ച്ചയില്‍ കുടുങ്ങിക്കിടക്കുകയാണ്!
കഴിഞ്ഞ കുറേക്കാലമായി മലയാള സിനിമകളില്‍ തെളിഞ്ഞു തന്നെ ജിഹാദികളെ മഹത്വവത്ക്കരിക്കുന്ന ഭാഗങ്ങള്‍ ഒരു നാണവുമില്ലാതെ കാട്ടുന്നുണ്ട്. അതോടൊപ്പം ഈ നാടിന്റെ അടിസ്ഥാന സംസ്‌കാരത്തെ അങ്ങേയറ്റം ഇകഴ്ത്തുകയും ക്രൂരമായി അവഹേളിക്കുകയും ചെയ്യുന്നത് ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് ആയി മാറിയിട്ടുമുണ്ട്. അത് പുഴുവായാലും, ജനഗണമനയായാലും, ഉണ്ടയായാലും എല്ലാം ഒരേ അച്ചുതന്നെ.
രണ്ടായിരത്തി പതിനാറിലാണ് കേരളം ജിഹാദികളുടെ കേന്ദ്രമാകുന്നു എന്നും, ഐസിസ് റിക്രൂട്ട്‌മെന്റിന്റെ ലോകത്തിലെ വളക്കൂറുള്ള മണ്ണാകുന്നുവെന്നും ആഗോള ഇടതുപക്ഷ മാധ്യമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. ആഗോള ഭീകരവാദത്തിന് നല്‍കുന്ന സംഭാവനയുടെ പേരില്‍ ദൈവത്തിന്റെ സ്വന്തം നാട് ലോകം മുഴുവന്‍ കുപ്രസിദ്ധിയാര്‍ജിച്ചപ്പോഴും, ലോകം മുഴുവനും, അറബ് രാജ്യങ്ങള്‍ പോലും, കേരളത്തില്‍ നിന്നുള്ളവരെ സംശയത്തോടെ കാണാനൊരുങ്ങിയിട്ടും ഉണ്ടാകാത്ത നാണക്കേട് കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്നുവെങ്കില്‍ അത് നാണക്കേടല്ലെന്നും നേരിട്ടോ അല്ലാതെയോ ഇപ്പോഴും തങ്ങളുടെ സ്‌പോണ്‍സര്‍മാരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്നും ഏത് കൊച്ചുകുഞ്ഞിന് പോലും മനസ്സിലാക്കാവുന്നതേയുള്ളൂ. കേരള സ്റ്റോറി എന്ന സിനിമ ഭയപ്പെടുത്തുന്നത് ഇസ്ലാമിക ഭീകരവാദികളെയും അവരോട് സഹശയനം നടത്തുന്നവരെയുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കശ്മീര്‍ ഫയല്‍സിനുശേഷം കേരള സ്റ്റോറി
കാശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരമായ പീഡനങ്ങള്‍ അനാവരണം ചെയ്ത ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയ്ക്ക് ശേഷം ഭാരതത്തിലെ മതേതര രാഷ്ട്രീയക്കാരുടെ നെറ്റിചുളിപ്പിക്കുന്ന മറ്റൊരു സിനിമ കൂടി പുറത്തിറങ്ങാന്‍ പോവുകയാണ്. മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചതിന്റെ ചരിത്രം പറയുന്ന ഹിന്ദി സിനിമ ‘കേരളാ സ്റ്റോറി’യുടെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമയാണ് കേരള സ്റ്റോറി. സിനിമയുടെ ട്രെയ്‌ലര്‍ ഏതാനും ദിവസം മുന്‍പ് യുട്യൂബിലൂടെയാണ് പുറത്തുവന്നത്. ഇതൊടെ സിനിമയ്‌ക്കെതിരെ വ്യാപക പ്രചാരണവും ആരംഭിച്ചു. തമിഴ്‌നാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി. സിനിമ നിരോധിക്കണം എന്ന ആവശ്യമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി കേരളത്തെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതായും പരാതിയില്‍ ആരോപിക്കുന്നു.മുള്ളുവേലികള്‍ അതിരിടുന്ന ഒരു സ്ഥലത്തുനിന്ന് ഒരു യുവതി താന്‍ ശാലിനി ഉണ്ണികൃഷ്ണന്‍ ആണെന്നും ഒരു നഴ്‌സ് ആണെന്നും മതം മാറ്റി ഫാത്തിമ ഭായ് എന്ന പേര് സ്വീകരിച്ചു എന്നും അതിന് ശേഷം താന്‍ ഐഎസില്‍ എത്തപ്പെട്ടുവെന്നും ഇപ്പോള്‍ താന്‍ പാകിസ്ഥാന്‍ ജയിലിലാണെന്നുമാണ് ട്രെയ്‌ലറില്‍ പറയുന്നത്. ഇതുപോലെ നിരവധി യുവതികളെ ഐഎസില്‍ എത്തിച്ചതിന്റെ കഥയും സിനിമയില്‍ പ്രതിപാദിക്കുന്നു.