പാര്‍ട്ടി സാഹിത്യം നിര്‍ത്തി രാമായണം വായിക്കാന്‍ തുടങ്ങിയപ്പോഴാണ് ജി. സുധാകരന് ‘നഷ്ടപ്പെടുവാനില്ലൊന്നും കൈവിലങ്ങുകളല്ലാതെ’ എന്നതിന്റെ അര്‍ത്ഥം ശരിക്കും പിടികിട്ടിയത്. വലിയ സഖാക്കള്‍ കൈനിറയെ വാരിക്കൂട്ടിയപ്പോള്‍ സിദ്ധാന്തത്തിന്റെ കൈവിലങ്ങുമായി നിന്ന സുധാകരന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രിയായിട്ടും കയ്യിലൊന്നും ഉണ്ടാക്കിയില്ല. തന്റെ കാല്‍ച്ചുവട്ടില്‍ നിന്നു പൊന്തിവന്നവര്‍ രാഷ്ട്രീയവും മതവും കളിക്കുമ്പോഴാണ് എഴുത്തച്ഛന്റെ വരികളുടെ ഉള്ളിലുള്ളത് തലയില്‍ കയറിയത്. അതോടെ സഖാവ് സുധാകരന്‍ പ്രതികരിക്കാന്‍ തുടങ്ങി. ഫലമോ എം.എല്‍.എ സ്ഥാനത്ത് നിന്നു ചീട്ടുകീറി. സംസ്ഥാനകമ്മറ്റിയില്‍ നിന്ന് താഴ്ത്തി ബ്രാഞ്ച് കമ്മറ്റിയില്‍ ആണിയടിച്ചിരുത്തി. വിജയന്‍ സഖാവിന്റെ ആചാരലംഘനവും വനിതാമതിലും കണ്ടിട്ടും പാര്‍ട്ടിക്കൂറ് കൊണ്ട് വായപൂട്ടിയ സഖാവ് ഇപ്പോള്‍ ശബരിമലയിലെ ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും നിലപാട്തറയാണ് തന്റേതെ ന്നു പറയാന്‍ തുടങ്ങുന്നു.
സുധാകരന് ബോധോദയമുണ്ടായത് തന്റെ കീഴിലുള്ള എ.എം.ആരിഫ് പൊന്തിവന്നു തന്നെ ചവിട്ടാന്‍ തുടങ്ങിയപ്പോഴാണ്. സുധാകരന്റെ കാലത്തെ ദേശീയപാത 66-ലെ പണികളില്‍ അഴിമതി കാണുന്നവിധം അതു വളര്‍ന്നു: പാര്‍ട്ടി പടവു കയറി എം.പിയായ ആരിഫ് സഖാവിന്റെ പുറം ചുകപ്പാണെങ്കിലും അകം നല്ല പച്ചയാണെന്നും തെളിഞ്ഞുവരാന്‍ തുടങ്ങി. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ നടന്ന റെയ്ഡ് ഏകപക്ഷീയമാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ നിറം സഖാക്കള്‍ കണ്ടു. അതിനുമുമ്പ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രസിദ്ധീകരണത്തിന്റെ പ്രചരണ പരിപാടി ആലപ്പുഴ ജില്ലാ തലത്തില്‍ ഉദ്ഘാടനം ചെയ്തതും ഈ സഖാവാണ്. ഇയ്യിടെ മുജാഹിദുകളുടെ സമ്മേളനത്തിന്റെ ഭാഗമായ പ്രചരണ പരിപാടിക്ക് നല്‍ കിയ വീഡിയോ സന്ദേശത്തില്‍ ‘അല്ലാഹുവിന്റെയല്ലാതെ മറ്റാരുടെയും മു മ്പില്‍ കിഴടങ്ങേണ്ടതില്ല’ എന്നും ‘അല്ലാഹുവിനെയും റസൂലിനെയും മാത്രമേ ഭയപ്പെടേണ്ടതുള്ളൂ’ എന്നും ആശംസിച്ചയാളുമാണ് മതമില്ലാത്ത ജീവന്റെ പാര്‍ട്ടിയുടെ എം.പി. സഖാവ്. ജി. സുധാകരന്‍ ഇതേ രീതിയില്‍ കേസരിയുടെയോ ജന്മഭൂമിയുടെയോ പ്രചരണത്തില്‍ പങ്കെടുത്താലോ ഹിന്ദു ഐക്യവേദിയുടെ പരിപാടിയ്ക്ക് ആശംസ നല്‍കിയാലോ എന്തായിരിക്കും ഭൂമികുലുക്കം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.