മലയാളം വാരികയില്‍ മൂന്നു കവിതകളുണ്ട്; ശിവദാസ് കുഞ്ഞയ്യപ്പന്റെ രണ്ടും ജീനു ചെമ്പിളാവിന്റെ ഒന്നും. മൂന്നും ഗദ്യകാവ്യങ്ങളാണ്. അതുകൊണ്ടു പ്രത്യേക തകരാറൊന്നുമില്ലെങ്കിലും വായനയ്ക്കു ശേഷം ഒന്നും മനസ്സില്‍ ശേഷിക്കുന്നില്ല. ശിവദാസിന്റെ ‘ഞാന്‍’ കാവ്യതന്ത്രങ്ങളൊന്നുമില്ലാത്ത രചനയാണെങ്കിലും വലിയ ഒരു രാഷ്ട്രീയ ധ്വനിയുള്ളതാണ്; മാവോയിസ്റ്റുകള്‍ പറഞ്ഞു നടക്കുന്ന രാഷ്ട്രീയത്തിന്റെ ധ്വനി. കവിയ്ക്ക് അവരോടു സഹതാപമുണ്ടാകാം. പക്ഷെ, രാഷ്ട്രീയമെന്നത് രാഷ്ട്രത്തിനുവേണ്ടിയുള്ളതാണ്, പ്രസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ളതല്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. വെറുതെ റിബലാകുന്നതിലര്‍ത്ഥമില്ല. ആര്‍ക്കുവേണ്ടിയാണോ നമ്മള്‍ റിബലാകുന്നത് ആ റെബല്യന്‍ (rebellion – കലാപം) കൊണ്ട് അവര്‍ക്കു പ്രയോജനമുണ്ടാകുമോ എന്ന് മനുഷ്യസ്‌നേഹിയായ കലാപകാരി ചിന്തിക്കേണ്ടതാണ്. കുറച്ചുപേര്‍ വിളക്കില്‍ വന്നു വീഴുന്ന ഈയാംപാറ്റകളായിട്ട് ആര്‍ക്ക് എന്തു പ്രയോജനം!
ശിവദാസ് കുഞ്ഞയ്യപ്പന്റെ രണ്ടാം കവിത ‘പൂക്കാലത്തിന്റെ ഓര്‍മകളും’ സ്വാനുഭവത്തിന്റെ വിവരണം എന്നതില്‍ക്കവിഞ്ഞ് കവിത എന്ന പദവിയിലേയ്‌ക്കെത്തുന്നില്ല. ‘പ്രശോഭിനി ദാലിന്റെ കൃശഗാത്രംപോലെ’ എന്നു കവി എഴുതുമ്പോള്‍ മറ്റു വായനക്കാര്‍ക്കൊപ്പം ഞാനും പകച്ചു പോകുന്നു. എന്താണീ പ്രശോഭിനിദാല്‍? വടക്കേയിന്ത്യയിലെ പരിപ്പു കറിയ്ക്ക് ‘ദാല്‍’ എന്നു ചിലര്‍ പറയുന്നതു കേട്ടിട്ടുണ്ട്. അതാവുമോ. ഇത്തരം സംജ്ഞകള്‍ പ്രയോഗിക്കുമ്പോള്‍ അടിക്കുറിപ്പ് കൊടുക്കാന്‍ ശ്രദ്ധിക്കണം. കവി വൈലോപ്പിള്ളിയുടെ കവിതകള്‍ ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ചെറിയ പല കാര്യങ്ങള്‍ക്കും അദ്ദേഹം അടിക്കുറിപ്പുകള്‍ നല്‍കുമായിരുന്നു.
കവിതകള്‍ പ്രത്യേക ആനന്ദമൊന്നും പകരാത്തതുകൊണ്ടാണ് ചന്ദ്രന്‍മുട്ടത്തിന്റെ കഥ ‘ഒരു ബ്ലാക്ക് & വൈറ്റ് പ്രസവകഥ’ വായിച്ചു നോക്കിയത്. കഥയില്‍ ഒരു ഗുണപാഠമുണ്ട്. മറ്റുള്ളവരെ സഹായിക്കാന്‍ നടക്കുന്നവര്‍ക്ക് ദുരിതമൊഴിയില്ല എന്ന സന്ദേശം. ആ സന്ദേശം എല്ലാ വായനക്കാര്‍ക്കും മനസ്സിലായിക്കൊള്ളണമെന്നില്ല. അത്ര ഗോപ്യമായാണ് കഥാകൃത്ത് അക്കാര്യം നിബന്ധിച്ചിരിക്കുന്നത്. അഥവാ മനസ്സിലായാലും ഇനി ആരും മറ്റുള്ളവരെ സഹായിക്കാതിരിക്കാനൊന്നും സാധ്യതയില്ല.
കഥയില്‍ വര്‍ണിക്കുന്നത് ഒരു നാടന്‍ പ്രസവാനുഭവമാണ്. ധാരാളം കഥകളിലും നോവലുകളിലും ഈ സന്ദര്‍ഭം നമ്മള്‍ വായിച്ചിട്ടുണ്ട്. കുറച്ചുകൂടി വിശദാംശങ്ങളിലേയ്ക്ക് കഥാകൃത്ത് കടക്കുന്നുണ്ട്. പ്രസവ സന്ദര്‍ഭങ്ങളിലെ മറുപിള്ള മുറിക്കല്‍ പോലുള്ള ചടങ്ങുകള്‍, പ്രസവാനന്തര ശുശ്രൂഷയുടെ നാടന്‍ മരുന്നുകളും പ്രയോഗങ്ങളും ഒക്കെ കഥാകൃത്ത് മനസ്സിലാക്കിയിരിക്കുന്നു. എന്നാല്‍ അടിസ്ഥാനപരമായ ചില അനുഭവദാരിദ്ര്യങ്ങള്‍ കഥയിലുണ്ട്. ‘പെണ്ണെഴുത്ത്’ പെണ്ണുങ്ങള്‍ക്കു മാത്രം സാധ്യമാകുന്നതാണെന്ന് എലന ഷോവാള്‍ട്ടറിനെ (Elai ne Showalter) പോലുള്ള സ്ത്രീപക്ഷ വിമര്‍ശകര്‍ (gynocritics) പറഞ്ഞത് ശരിയാണെന്ന് തോന്നിപ്പോകുന്നു.
ഒന്നാമത്തെ കാര്യം കഥയിലെ നാട്ടുപേറ്റിച്ചി കുട്ടികളില്ലാത്ത സ്ത്രീയാണ്. അത് അസാധാരണമാണ്. കാരണം ഇത്തരം ഗ്രാമീണ പതിച്ചിമാരെല്ലാം എട്ടും പത്തും പ്രസവിച്ച് അനുഭവപരിചയം നേടിയവരാണ്. അല്ലാത്തവര്‍ക്ക് ‘പേറെടുപ്പ്’ എന്ന കര്‍മം ചെയ്യാന്‍ ചങ്കൂറ്റം ഉണ്ടാകാനിടയില്ല. പൊതുവെ നാട്ടുപതിച്ചികളായി കണ്ടിട്ടുള്ള സ്ത്രീകളില്‍ കുട്ടികളില്ലാത്തവര്‍ ഉണ്ടായിരുന്നതായി എവിടെയും കേട്ടിട്ടില്ല. മറ്റൊന്നു പ്രസവിക്കാത്ത സ്ത്രീ മുലയൂട്ടി എന്നു കഥാകൃത്ത് പറയുന്നു. അതും ജീവശാസ്ത്രപരമായി സാധ്യമാകുമെന്നു തോന്നുന്നില്ല. പ്രസവിച്ചു കഴിഞ്ഞ സ്ത്രീകളിലെ മുലപ്പാല്‍ ഉണ്ടാകൂ എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ഇതൊക്കെ കൃത്യമായി പറയാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണ് എന്നുള്ളതുകൊണ്ടാണ് സ്ത്രീകളുടെ കാര്യം അവര്‍ തന്നെ പറയട്ടേ എന്നു ഫെമിനിസ്റ്റ് എഴുത്തുകാര്‍ പറയുന്നത്. അതിനുവേണ്ടി മാത്രമായി ലിംഗമാറ്റ ശസ്ത്രക്രിയ ഒന്നും ചെയ്യാനാവില്ലല്ലോ!
എന്തായാലും പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മനസ്സിലാക്കാനിടയില്ലാത്ത ‘ഒരു ബ്ലാക് ആന്റ് വൈറ്റ് കാലം’ അവരുടെ ‘സൂതി കര്‍മ’ ത്തില്‍ ഉണ്ടായിരുന്നെന്ന് ഓര്‍മ്മിപ്പിക്കാന്‍ കഥാകൃത്തിനു കഴിഞ്ഞു. കഥയുടെ തലക്കെട്ടും വളരെ അര്‍ത്ഥവത്താണ്. മറ്റു കഥകളില്‍ നമ്മള്‍ വായിച്ചിട്ടുള്ള സന്ദര്‍ഭങ്ങളുടെ ആവര്‍ത്തനമൊക്കെയുണ്ടെങ്കിലും മറ്റുള്ളവര്‍ പറയാത്ത ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ചന്ദ്രന്‍ മുട്ടത്തിനു കഴിഞ്ഞിട്ടുണ്ട്. എല്ലാം പരിഗണനയിലെടുക്കുമ്പോള്‍ ‘ബ്ലാക് ആന്റ് വൈറ്റ് പ്രസവകഥ’ ഒരു മോശം കഥയല്ലെന്ന് നമുക്കു തീരുമാനിക്കാം. കഥാകൃത്തിന്റെ ശ്രമം പരാജയപ്പെട്ടിട്ടില്ല എന്നു പറയാം.
എഴുമാവില്‍ രവീന്ദ്രനാഥ് എന്ന കവി ഉരുള്‍പൊട്ടലിനെക്കുറിച്ച് മനോഹരമായ ഒരു ചൊല്‍ക്കവിത എഴുതി നല്ല ശബ്ദത്തിലും ഈണത്തിലും അവതരിപ്പിക്കുന്നതു കേട്ട് ഒരിക്കല്‍ കണ്ണുനിറഞ്ഞുപോയത് ഓര്‍ത്തുപോയി. അതിനുകാരണം ഹൃഷികേശന്‍ പി.ബി.’ഉരുള്‍പൊട്ടിയിടത്ത് ഉറങ്ങുന്നവര്‍’ എന്നൊരു കവിത ഒക്‌ടോബര്‍ ലക്കം പച്ചക്കുതിരയില്‍ എഴുതിയിരിക്കുന്നത് വായിച്ചതുകൊണ്ടാണ്. എഴുമാവിലിന്റെ കവിത കേട്ടപ്പോള്‍ ഉണ്ടായ കണ്ണുനീരിന്റെ നനവൊന്നും ഈ കവിതയുടെ പാരായണത്തി ല്‍ നിന്നുണ്ടാകുന്നില്ലെങ്കിലും കവിതയുടെ ധര്‍മങ്ങള്‍ ഒരളവുവരെ സാക്ഷാത്ക്കരിക്കാ ന്‍ ഹൃഷികേശനുകഴിഞ്ഞിരിക്കുന്നു.
രാഖി റാസ് ‘പച്ചക്കുതിര’യില്‍ എഴുതിയിരിക്കുന്ന ‘ക്ലീനിങ്ങ്’ എന്ന കവിത ഗദ്യത്തില്‍ നല്ല കവിത എഴുതാനാകും എന്നതിനുള്ള തെളിവാണ്. ”നാല്പത്തിയെട്ടു വര്‍ഷം കൊണ്ടു ചവറു കൂനകൂടിയ മനസ്സ് അടിച്ചുവാരി പ്രായം കുറയ്ക്കാന്‍ തീരുമാനിച്ചു” എന്നു തുടങ്ങുന്ന കവിതയിലെ ഓരോ വരിയും സൂക്ഷ്മമായ അന്വേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ‘മനസ്സിലെ ചവറ് അടിച്ചു വാരുക എന്നതു തന്നെ സവിശേഷമാണല്ലോ. ‘ഭാര്യയെ വിളിച്ച തെറിയുടെ ദുര്‍വാട’യും ‘ഒറ്റരാത്രിയിലെ ഫേസ്ബുക്ക് കാമുകിമാരെ ആസ്‌ട്രേയിലിട്ടതും ഒക്കെ മനോഹരം തന്നെ. ‘ദുര്‍’ എന്ന ഉപസര്‍ഗം വാട എന്ന തനി ദ്രാവിഡമായ പദത്തോടൊപ്പം ചേര്‍ത്ത് ഉപയോഗിച്ചിരിക്കുന്നത് ഭാഷയുടെ പുതിയ ചേരുവുകള്‍ സൃഷ്ടിക്കാനുള്ള കവി മനസ്സിന്റെ വ്യഗ്രതയെ സൂചിപ്പിക്കുന്നു.
ആകാശവാണിയിലെ ദേശീയ കവി സമ്മേളനത്തിന് അവതരിപ്പിക്കാനായി ഇന്ത്യയിലെ പല ഭാഷകളിലെയും കവിതകളും അവയുടെ ഇംഗ്ലീഷ് തര്‍ജ്ജമയും എനിക്ക് ലഭിച്ചിട്ടുണ്ട്. അവ മലയാളത്തിലേയ്ക്ക് മൊഴിമാറ്റി അവതരിപ്പിക്കുകയായിരുന്നു എന്റെ ദൗത്യം. കാശ്മീരി, ഒഡിയ തുടങ്ങി പലഭാഷകളിലെയും കവിതകള്‍ ഇത്തരത്തില്‍ അവതരിപ്പിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷെ കവിത എന്ന നിലയ്ക്ക് അവയൊന്നും എനിക്കു തൃപ്തി നല്‍കിയിട്ടില്ല. പച്ചക്കുതിരയില്‍ നല്‍കിയിരിക്കുന്ന ആസാമീസ് കവിതയുടെ വിവര്‍ത്തനം ലളിതമാണ്. എന്നാല്‍ ഒട്ടും ധ്വന്യാത്മകമല്ല. ഒക്കെയും നേരിട്ടു പറഞ്ഞുപോയിരിക്കുന്നു. ‘കൗശിക് കിശലയ’ എന്ന ഈ കവിയെ ഇതിനു മുമ്പ് കേട്ടിട്ടേയില്ല. വിവര്‍ത്തനത്താല്‍ ചോര്‍ന്നു പോകുന്നതാണ് കവിതയെന്ന് പണ്ട് റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞത് (Poetry is what lost in Translation) ഒരുപക്ഷെ ശരിയായിരിക്കാം. ഒരു ഭാഷയുടെ പദങ്ങളുടെ ധ്വനനസിദ്ധി അവിടത്തെ സന്ദര്‍ഭങ്ങളുമായി ചേര്‍ന്നതാണ്. മാത്രവുമല്ല ശൈലികള്‍ മറ്റുഭാഷക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയണമെന്നുമില്ല. മറ്റൊരു പ്രശ്‌നം പലപ്പോഴും ഇംഗ്ലീഷിലൂടെ കയറിയിറങ്ങിയാണ് ഇവയൊക്കെ നമ്മുടെ അടുത്ത് എത്തുന്നത് എന്നുള്ളതാണ്.
ഈടുറ്റ ഒന്നു രണ്ടു ലേഖനങ്ങള്‍ ഈ ലക്കം പച്ചക്കുതിരയിലുണ്ട്. അതിലൊന്ന് ഡോക്ടര്‍ സുരേഷ്മാധവ് സദാനന്ദസ്വാമികളെക്കുറിച്ച് എഴുതിയതാണ്. ഇതേ വിഷയം അദ്ദേഹം ഭാഷാപോഷിണിയില്‍ എഴുതിയിരുന്നതിനെക്കുറിച്ച് കഴിഞ്ഞ ആഴ്ചയില്‍ കുറച്ചൊക്കെ വിശദമായി സൂചിപ്പിച്ചിരുന്നതു കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. മറ്റൊരു ലേഖനം ജോസഫ് പോള്‍ ചിറമേലിന്റെ ‘കര്‍ണാടകസംഗീതത്തിലെ പേര്‍ഷ്യന്‍ വഴിത്താരകള്‍’ എന്നതാണ്. ലേഖനകര്‍ത്താവിന്റെ പ്രധാന ഉദ്ദേശ്യം കര്‍ണാടക സംഗീതം ഉള്‍പ്പെടെ ഭാരതത്തിന്റെ സംഗീതപാരമ്പര്യമാകെ പേര്‍ഷ്യന്‍ സംഗീതത്തില്‍ നിന്നു കിട്ടിയതാണെന്നു സ്ഥാപിക്കലാണ്. അദ്ദേഹം ഒരുപിടി ഗ്രന്ഥങ്ങളുടെ പേരുകള്‍ സൂചിപ്പിക്കുന്നു (സദ് രാഗചന്ദ്രോദയം, രാഗതരംഗിണി, സംഗീതപാരിജാതം തുടങ്ങിയവ). അവയൊക്കെ മുഗള്‍കാലത്തുണ്ടായവയാണെന്നും അതിനു മുമ്പ് ഇന്ത്യയ്ക്ക് കാര്യമായ സംഗീത പാരമ്പര്യമൊന്നുമുണ്ടായിരുന്നില്ലെന്നുംസ്ഥാപിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ശാന്തം പാവം എന്നേ പറയാനാവൂ.
ജോസഫ് പോള്‍ ചിറമേല്‍ ഭരതമുനിയുടെ നാട്യശാസ്ത്രം മാത്രം ഒന്നു വായിച്ചു നോക്കിയാല്‍ മതി. അതിന്റെ 28 മുതല്‍ 33 വരെ അധ്യായങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് സംഗീതമാണ്. സപ്തസ്വരങ്ങള്‍, 22 ശ്രുതികള്‍, ഷഡ്ജ മധ്യമഗ്രാമങ്ങള്‍, വിവിധ മൂര്‍ച്ഛനകള്‍ എന്നിവയെല്ലാം ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നാട്യശാസ്ത്രം രചിച്ച കാലത്ത് ലോകത്തെവിടെയും കലാതത്വവിചാര സംബന്ധിയായി ഇതു പോലെ സമഗ്രമായ ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല എന്നു മനസ്സിലാക്കാന്‍ അരിസ്റ്റോട്ടിലിന്റെ ‘പൊയറ്റിക്‌സ്’ കൂടി ഒന്നു മറിച്ചു നോക്കിയാല്‍ മതി. ഭരതന്‍ എത്രയോ മുന്‍പിലാണ്. ലേഖകന്റെ ഉദ്ദേശ്യം അല്പം കടന്നകൈ ആയിപ്പോയി. അജ്ഞതയ്ക്ക് ഇത്രയും വലിയ ഒരു ഭാഷ്യം ചമയ്‌ക്കേണ്ടിയിരുന്നോ എന്നു സംശയം.