അഗ്നിസാക്ഷിയായ് വേട്ടു
ഞാനൊരു സ്ത്രീയെ സഹ-
ധര്‍മ്മിണിയാക്കീ, ഞങ്ങള്‍
ദമ്പതിമാരാ, യെന്നാല്‍
സത്യമൊന്നുരയ്ക്കട്ടെ,
ഞങ്ങളെ പരസ്പരം
നിത്യമായ് ബന്ധിപ്പിച്ച
കണ്ണിനീയാണെന്നുണ്ണീ.
ജന്മസാഫല്യം ഞങ്ങള്‍
കൈവരിച്ചതു നിന്റെ
ജന്മത്താലല്ലോ; ബന്ധം
പുണ്യമായതുമോര്‍ത്താല്‍.
വേളിതൊട്ടന്നോളം സ്ത്രീ-
പുരുഷന്മാരായ് ക്രീഡാ-
വേളയില്‍ പങ്കാളികള്‍
മാത്രമായിരുന്നൂ ഞങ്ങള്‍.
ആറ്റുനോറ്റിരുന്നുനീ
ജാതനാകവേ, ഞങ്ങ-
ളാത്മബന്ധത്തിന്നാദ്യ
സൗരഭം നുകര്‍ന്നല്ലോ.
പതിയെ പിതാവാക്കി
പത്‌നിയെ മാതാവാക്കി
ക്ഷിതിയില്‍ കുടുംബത്തെ
ചമയ്ക്കും പുണ്യം നീ താന്‍.
കേവലം ഭൗതികമാം
പുരുഷ സ്ത്രീ ബന്ധത്തെ
പാവനമാക്കുമഷ്ട-
ബന്ധമാണല്ലോ ഉണ്ണി.
ദേഹബന്ധത്തെപ്പരി-
പൂതമാക്കുന്നതും നീ,
സ്‌നേഹബന്ധത്തെപ്പരി-
പൂര്‍ണ്ണമാക്കുന്നതും നീ.
ജീവിത ഹോമാഗ്നിയില്‍
ഹവിസ്സും നെയ്യും ഞങ്ങള്‍;
ഈവിധം നീയാണുണ്ണീ
യജ്ഞത്തിന്‍ സാക്ഷാല്‍ഫലം!