സിദ്ധാന്തം അപൂര്‍ണമായിരിക്കുകയും പ്രവചനങ്ങള്‍ പാളിപ്പോവുകയും, പ്രയോഗങ്ങള്‍ മാനവരാശിക്കുതന്നെ വിനാശകരമായിത്തീരുകയും ചെയ്തിട്ടും മാര്‍ക്‌സിസം അതിജീവിക്കാനും, അതില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അക്കാദമിക് രംഗത്തുപോലും ആളുകളുണ്ടാവുന്നതിന് ഒറ്റക്കാരണമേയുള്ളൂ. കാറല്‍ മാര്‍ക്‌സ് അതിമഹത്തായ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞനും, മാര്‍ക്‌സിസം അനിഷേധ്യമായ ശാസ്ത്രവുമാണെന്ന വമ്പന്‍ തെറ്റിദ്ധാരണ. മാര്‍ക്‌സിന്റെ ശാസ്ത്രജ്ഞ പദവിയും മാര്‍ക്‌സിസത്തിന്റെ ശാസ്ത്രപദവിയും നിരന്തരം ചോദ്യംചെയ്യപ്പെട്ടിട്ടുള്ളതാണ്. പക്ഷേ ഇതിനെ മറികടക്കാന്‍ സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്നതോടെ അധികാരത്തിന്റെ പിന്‍ബലത്തില്‍ ലോകത്തിന്റെ വിദൂരകോണുകളില്‍പ്പോലും സജീവവും ഏകപക്ഷീയവുമായി നടന്ന പ്രചാരണത്തിലൂടെ കഴിഞ്ഞു എന്നതാണ് സത്യം.
മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നവരല്ല, അതിനെ വിമര്‍ശിക്കുന്നവരാണ് ശാസ്ത്ര വിരുദ്ധര്‍ എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെടുകയും അത് നിലനിര്‍ത്തുകയും ചെയ്തു. മാര്‍ക്‌സിന്റെ കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന പല ശാസ്ത്ര തത്വങ്ങളും തെറ്റാണെന്നു തെളിയുകയും കാലഹരണപ്പെടുകയും ചെയ്തിട്ടും മാര്‍ക്‌സിസം സത്യമാണെന്ന അന്ധവിശ്വാസം ഇപ്പോഴും പുലരുന്നു. ‘മാര്‍ക്‌സിസം അജയ്യമാണ്, കാരണം അത് സത്യമാണ്’ എന്നതുപോലുള്ള പൊള്ളയായ പ്രഖ്യാപനങ്ങള്‍ ഇതിനിടയാക്കുന്നു. ക്ലാസിക്കല്‍ ഭൗതികത്തിന്റെ ലോകം മാറിമറിഞ്ഞ്, ക്വാണ്ടം ഭൗതികത്തിന്റെ മേഖലയിലെ അമ്പരപ്പിക്കുന്ന കണ്ടുപിടുത്തങ്ങള്‍ക്കു മുന്‍പില്‍ ആധുനിക മനുഷ്യന്‍ അമ്പരന്നു നില്‍ക്കുമ്പോഴും അവയെല്ലാം കപടശാസ്ത്രങ്ങളാണെന്നു പറയാനുള്ള ലജ്ജയില്ലായ്മ മാര്‍ക്‌സിസത്തിന്റെ വക്താക്കള്‍ പ്രകടിപ്പിച്ചു. മാര്‍ക്‌സിന്റെ ഇരുന്നൂറാം വാര്‍ഷികവും, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും ദാസ്‌ക്യാപ്പിറ്റലിന്റെയും 150-ാം വാര്‍ഷികവും ആഘോഷിച്ചുകൊണ്ട് മാര്‍ക്‌സ് തിരിച്ചുവരികയാണെന്ന അതിഭീകരമായ ഒരു തെറ്റിദ്ധാരണ സ്ഥാപിതതാല്‍പ്പര്യക്കാര്‍ ആഗോളതലത്തില്‍ പരത്തുകയുണ്ടായി. മാര്‍ക്‌സിന് ഇപ്പോഴും എന്താണ് പറയാനുള്ളതെന്ന നിരര്‍ത്ഥകമായ ചോദ്യവും ഉന്നയിച്ചു. മാര്‍ക്‌സിസം ശാസ്ത്രമാണെന്ന വികലധാരണയാണ് ഇതിനു കാരണം.
ബേക്കണ്‍ പറഞ്ഞ ശാസ്ത്ര രീതി
മാര്‍ക്‌സിസം ശാസ്ത്രമല്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നയാള്‍ മാര്‍ക്‌സ് തന്നെയായിരുന്നു. പക്ഷേ മുതലാളിത്ത സാമൂഹ്യവ്യവസ്ഥിതിയോടുള്ള എതിര്‍പ്പിന്റെ പ്രതികരണങ്ങളായി രൂപംകൊണ്ട ആശയങ്ങള്‍ക്കും സിദ്ധാന്തത്തിനും ശാസ്ത്രത്തിന്റെ പദവി ലഭിക്കണമെന്ന് മാര്‍ക്‌സ് തീവ്രമായി ആഗ്രഹിച്ചു. സ്വന്തം നിലയ്ക്കും മറ്റുള്ളവരുടെ സഹായത്തോടെയും ഇതിനുവേണ്ടി കഠിനമായി അധ്വാനിച്ചു.
എങ്ങനെയാണ് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതെന്ന് പതിനേഴാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ചിന്തകന്‍ ഫ്രാന്‍സിസ് ബേക്കണ്‍ പറയുന്നുണ്ട്. നിരീക്ഷണത്തിലൂടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞന്‍ ഒരു സങ്കല്‍പ്പത്തിനോ പൊതുതത്വത്തിനോ രൂപംനല്‍കുന്നു. എന്നിട്ട് അത് വ്യവസ്ഥാപിതമായി വിശദീകരിക്കുന്നു. അങ്ങനെ അത് ശാസ്ത്രീയ സിദ്ധാന്തമാവുന്നു. പിന്നീടുള്ള പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ആര്‍ക്കുവേണമെങ്കിലും ഈ സിദ്ധാന്തത്തിന്റെ ശാസ്ത്രീയത നിര്‍ണയിക്കാം. കാലം തെളിയിച്ച നിലവിലെ ശാസ്ത്രീയ നിയമങ്ങളുടെ അംഗീകാരം ലഭിക്കുമ്പോള്‍ മാത്രമേ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് സാധുത ലഭിക്കുകയുള്ളൂ. മുന്‍ നിയമങ്ങളുടെ അംഗീകാരമില്ലെങ്കില്‍ പുതിയത് തിരസ്‌കരിക്കപ്പെടും.(33) ഇതാണ് ബേക്കണ്‍ വിശദീകരിക്കുന്ന പാശ്ചാത്യ രീതി. ഇക്കാര്യം മാര്‍ക്‌സിന് നന്നായി അറിയാമായിരുന്നു.
മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് എഴുതി 1848 ല്‍ പ്രസിദ്ധീകരിച്ച ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ’ എന്ന ചെറുകൃതിയില്‍ മാര്‍ക്‌സിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ എല്ലാ തത്വങ്ങളുമുണ്ട്. ഈ തത്വങ്ങള്‍ വിശദീകരിക്കാനും സമര്‍ത്ഥിക്കാനുമാണ് പിന്നീടുള്ള എല്ലാ രചനകളിലും മാര്‍ക്‌സ് ശ്രമിച്ചിട്ടുള്ളത്. ഇതിനുവേണ്ടി നീക്കിവച്ച സമയവും ചെലവഴിച്ച ഊര്‍ജ്ജ വും പ്രദര്‍ശിപ്പിച്ച ക്ഷമയും വീറും വാശിയുമൊക്കെ അസാധാരണമാണ്. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും മാര്‍ക്‌സിസത്തിന് ശാസ്ത്രപദവി ലഭിച്ചില്ല. അതിനാല്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് മാര്‍ക്‌സ് ഇതിനുവേണ്ടി കഠിനമായി പ്രയത്‌നിച്ചു. ആരുമായും തര്‍ക്കിച്ചു. തന്റെ സിദ്ധാന്തത്തിന് സാധൂകരണം നല്‍കുന്ന ആശയങ്ങള്‍ എവിടെ കണ്ടാലും മാര്‍ക്‌സ് സ്വീകരിച്ചു. അത്തരം ആശയങ്ങളുടെ ഉപജ്ഞാതാക്കളുമായി സൗഹൃദം സ്ഥാപിച്ചു. ഇതിന് വഴങ്ങാത്തവരെ തള്ളിപ്പറയുകയും ചെയ്തു.
വൈരുദ്ധ്യാത്മക ഭൗതികവാദവും അതിന്റെ പ്രയോഗമായ ചരിത്രപരമായ ഭൗതികവാദവുമാണ് മാര്‍ക്‌സ് കണ്ടെത്തിയ സിദ്ധാന്തങ്ങള്‍. പ്രയോഗം കണ്ടുപിടിച്ചതിനുശേഷമാണ് തത്വത്തിന് രൂപം നല്‍കിയതെന്നും പറയാവുന്നതാണ്. ഇതുവരെയുള്ള സമൂഹങ്ങളുടെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്ന് (34) പ്രഖ്യാപിച്ചശേഷം പ്രാകൃത കമ്യൂണിസം, ഫ്യുഡലിസം, മുതലാളിത്തം, സോഷ്യലിസം, കമ്യൂണിസം എന്നിങ്ങനെയാണ് സാമൂഹ്യവികാസത്തിന്റെ നാള്‍വഴിയെന്നും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിശദീകരിക്കുന്നു. ചരിത്രഗതിയുടെ അനിവാര്യതയാണിത്. ഓരോ ഘട്ടത്തിലും രണ്ട് വര്‍ഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നു. മുതലാളിത്ത ഘട്ടമെത്തിയാല്‍ ഒരു വിപ്ലവത്തിലൂടെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം ഉപയോഗിച്ച് സോഷ്യലിസം സ്ഥാപിക്കാമെന്നും, ഈ അവസ്ഥ സ്വയം കമ്യൂണിസമായി മാറിക്കൊള്ളും എന്നുമാണ് മാര്‍ക്‌സിസത്തിന്റെ സാരം.
ഡാര്‍വിനെ പ്രശംസിച്ച് മാര്‍ക്‌സും ഏംഗല്‍സും
താന്‍ രൂപംനല്‍കിയ സിദ്ധാന്തത്തിന്റെ വൈരുദ്ധ്യങ്ങളെക്കുറിച്ചും, പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും മാര്‍ക്‌സ് ബോധവാനായിരുന്നു. ഇത് പരിഹരിക്കാനുള്ള എളുപ്പവഴി ശാസ്ത്രത്തിന്റെ പദവി ആര്‍ജിക്കലാണെന്നും മനസ്സിലാക്കി. മാര്‍ക്‌സ് സ്വന്തം നിലയ്ക്കും, ഏംഗല്‍സുമായി ചേര്‍ന്നും ഇതിനുള്ള വഴികള്‍ ആലോചിച്ചിരുന്നതായി ഊഹിക്കാം. ഇക്കാര്യത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടരുതെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്‍ ‘ജീവിവര്‍ഗങ്ങളുടെ ഉല്‍പ്പത്തി’ എന്ന ലോകപ്രസിദ്ധ പുസ്തകം പ്രസിദ്ധീകരിച്ചത് ഒരു സുവര്‍ണാവസരമായി മാര്‍ക്‌സും ഏംഗല്‍സും കണ്ടു. ഭൂമുഖത്തെ ജീവജാതികള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട പരിണാമത്തിന്റെ ഫലമായി ഉണ്ടായവയാണെന്നും, പ്രകൃതി നടത്തുന്ന തെരഞ്ഞെടുപ്പ് അഥവാ ‘പ്രകൃതി നിര്‍ധാരണം’ ആണ് ഇതിന്റെ ചാലക ശക്തിയെന്നും സമര്‍ത്ഥിക്കുന്ന ഡാര്‍വിന്റെ ആശയങ്ങള്‍ വലിയ കോളിളക്കമുണ്ടാക്കിയെങ്കിലും അധികം വൈകാതെ ശാസ്ത്രമായി സ്വീകാര്യത നേടി. ഡാര്‍വിന്‍ ചരിത്രഗതി തിരിച്ചുവിട്ട ശാസ്ത്രജ്ഞനായും അംഗീകാരം നേടി. തങ്ങള്‍ രൂപംകൊടുത്ത സിദ്ധാന്തത്തിന്റെ ശാസ്ത്രീയത അംഗീകരിച്ചു കിട്ടാന്‍ മാര്‍ക്‌സും ഏംഗല്‍സും ഡാര്‍വിനെ ആശ്രയിക്കാന്‍ തീരുമാനിച്ചത് സ്വാഭാവികം.
അതിവിചിത്രമാണ് മാര്‍ക്‌സ്-ഡാര്‍വിന്‍ ബന്ധത്തിന്റെ കഥ. ക്രൈസ്തവമതത്തിന്റെ സൃഷ്ടി സങ്കല്‍പ്പങ്ങളെ നിഷ്‌കരുണം തള്ളിക്കളയുന്ന ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പില്‍ക്കാലത്ത് മാര്‍ക്‌സിസ്റ്റുകളുടെ ഇഷ്ടവിഷയമായി. ശാസ്ത്രത്തിന്റെ അപ്രമാദിത്വത്തിന് തെളിവായി ഇത് പ്രചരിപ്പിക്കുമെങ്കിലും, മാര്‍ക്‌സിന് ഡാര്‍വിനോടുണ്ടായിരുന്ന ഇഷ്ടാനിഷ്ടങ്ങളുടെ കഥ അവരില്‍ പലര്‍ക്കും അജ്ഞാതമാണ്. അറിയാവുന്നവര്‍ ബോധപൂര്‍വമായ മൗനം അവലംബിക്കുകയും ചെയ്യും. മാര്‍ക്‌സിസത്തിന്റെ ശാസ്ത്രപരിവേഷം സംരക്ഷിക്കാന്‍ ഇങ്ങനെ ചെയ്യേണ്ടത് ആവശ്യവുമായി.
ഇംഗ്ലണ്ടുകാരനായ ചാള്‍സ് ഡാര്‍വിനും (1809-1882) ജര്‍മന്‍കാരനായ കാറല്‍ മാര്‍ക്‌സും (1818-1883) സമകാലീനരായിരുന്നു. മാര്‍ക്‌സിന്റെ ഗ്രന്ഥശേഖരത്തില്‍നിന്ന് 1880 ഒക്ടോബര്‍ 12 തീയതിവച്ചുള്ള ഡാര്‍വിന്റെ ഒരു കത്ത് കണ്ടുകിട്ടിയിരുന്നു. ഒരു മുന്‍കത്തിന്റെ മറുപടിയായിരുന്നു ഇത്. മാര്‍ക്‌സിന്റെ കൃതിയായ ‘മൂലധന’ ത്തിന്റെ രണ്ടാം വാള്യം ഡാര്‍വിന്റെ പേരില്‍ സമര്‍പ്പിക്കുന്നതിനുള്ള അനുമതി ചോദിക്കുന്നതാണ് ആദ്യ കത്തെന്ന് കരുതപ്പെട്ടു. എന്നാല്‍ ഇത് ശരിയായിരുന്നില്ല. മാര്‍ക്‌സിന്റെ മകള്‍ എലീനറെ വിവാഹം ചെയ്ത എഡ്‌വേര്‍ഡ് എവെലിംഗിന്റേതായിരുന്നു ഈ കത്ത്. ‘വിദ്യാര്‍ത്ഥികളുടെ ഡാര്‍വിന്‍’ എന്ന പേരില്‍ എവെലിംഗ് ഒരു പുസ്തകമെഴുതിയിരുന്നു. ക്രിസ്തുമതത്തെയും ആസ്തിക്യവാദത്തെയും വിമര്‍ശിക്കുന്ന ഈ കൃതി ഡാര്‍വിന് സമര്‍പ്പിച്ചാല്‍ അതിലെ ആശയങ്ങള്‍ക്ക് പ്രചാരം നേടാനാവുമെന്ന് എവെലിംഗ് കരുതി. ഈ അഭ്യര്‍ത്ഥന ഡാര്‍വിന്‍ നിരസിക്കുകയായിരുന്നു. മാര്‍ക്‌സിന്റെ ഗ്രന്ഥശേഖരം സൂക്ഷിക്കാനുള്ള അവകാശം മകള്‍ക്കും മരുമകനും ലഭിച്ചപ്പോള്‍ രേഖകള്‍ കൂടിക്കുഴഞ്ഞതുകാരണം കത്ത് മാര്‍ക്‌സ് എഴുതിയതാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയായത്രേ.
‘മൂലധനം’ ഡാര്‍വിന്‍ തിരസ്‌കരിച്ചപ്പോള്‍
ഡാര്‍വിനെ ആശ്രയിച്ച് മരുമകന്‍ ചെയ്ത അതേകാര്യം മറ്റൊരു തരത്തില്‍ മാര്‍ക്‌സും ചെയ്യുകയുണ്ടായി. ഡാര്‍വിന്റെ ‘ജീവജാതികളുടെ ഉല്‍പ്പത്തി’ 1859 ല്‍ പുറത്തുവന്നപ്പോള്‍ മാര്‍ക്‌സും അതില്‍ ആകൃഷ്ടനായി. പുസ്തകം വായിച്ചശേഷം 1860 ഡിസംബറില്‍ സന്തോഷം പ്രകടിപ്പിച്ച് മാര്‍ക്‌സ്, ഏംഗല്‍സിന് ഒരു കത്തെഴുതി. ”മുരടന്‍ ഇംഗ്ലീഷിലാണ് എഴുതിയിട്ടുള്ളതെങ്കിലും പ്രകൃതി ശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ ഈ പുസ്തകത്തിലുണ്ട്.” (35) എന്നായിരുന്നു മാര്‍ക്‌സിന്റെ പ്രഖ്യാപനം. ഇക്കാലത്തുതന്നെ ജര്‍മന്‍ സോഷ്യലിസ്റ്റും സുഹൃത്തുമായ ഫെര്‍ഡിനാന്റ് ലാസെല്ലെയ്ക്ക് എഴുതിയ കത്തിലും ”ഡാര്‍വിന്റെ പുസ്തകം വളരെ പ്രധാനപ്പെട്ടതാണ്. പ്രകൃതിശാസ്ത്രമെന്ന നിലയ്ക്ക് ചരിത്രത്തിലെ വര്‍ഗസമരത്തിനും അത് അടിത്തറ നല്‍കുന്നു” എന്നാണ് മാര്‍ക്‌സ് പറയുന്നത്. (വര്‍ഗസമരത്തിന് അടിത്തറ നല്‍കുന്നു എന്ന പരാമര്‍ശം ശ്രദ്ധേയമാണ്.) ഭൂമിയിലെ ജീവജാലങ്ങളെപ്പോലെ സമൂഹവും ചരിത്രപരമായ മാറ്റങ്ങളുടെ ഫലമാണെന്ന ഡാര്‍വിന്റെ നിഗമനത്തെയാണ് മാര്‍ക്‌സ് പിന്തുണച്ചത്.
എന്നാല്‍ ഇതുസംബന്ധിച്ച് ഏംഗല്‍സിന് എഴുതിയ രണ്ടാമത്തെ കത്തില്‍ ഡാര്‍വിനെ മാര്‍ക്‌സ് കടന്നാക്രമിക്കുകയാണ്. ഡാര്‍വിന്‍ അവതരിപ്പിച്ച ആശയങ്ങള്‍ വിക്ടോറിയന്‍ മാതൃക പ്രകൃതിയില്‍ പ്രയോഗിക്കുന്നതാണ് എന്നായിരുന്നു മാര്‍ക്‌സ് പറഞ്ഞത്. ”ജീവികള്‍ക്കും സസ്യങ്ങള്‍ക്കുമിടയില്‍ തൊഴില്‍ വിഭജനം, മത്സരം, പുതിയ വിപണി തുറക്കല്‍ എന്നിവയൊക്കെയുള്ള തന്റെ ഇംഗ്ലീഷ് സമൂഹത്തെ ഡാര്‍വിന്‍ വീണ്ടും കണ്ടുപിടിച്ചിരിക്കുന്നത് അത്ഭുതകരമായിരിക്കുന്നു” എന്ന് സഹജമായ ശൈലിയില്‍ മാര്‍ക്‌സ് വിമര്‍ശിക്കുന്നു. ഹെഗല്‍ സമൂഹത്തെ ‘ആത്മീയജന്തു സാമ്രാജ്യം’ ആയാണ് കണ്ടതെങ്കില്‍ ‘ജന്തുസാമ്രാജ്യം’ ആണ്് ഡാര്‍വിന്റെ കണ്ടുപിടുത്തം എന്ന് പരിഹസിക്കുകയും ചെയ്യുന്നു. ‘അര്‍ഹതയുള്ളത് അതിജീവിക്കും’ എന്ന ആശയം ബ്രിട്ടീഷ് സാമ്പത്തിക ചിന്തകനും ജനസംഖ്യാ ശാസ്ത്രജ്ഞനുമായ തോമസ് മാല്‍ത്തൂസില്‍നിന്ന് ഡാര്‍വിന്‍ സ്വീകരിച്ചതാണ് മാര്‍ക്‌സിനെ പ്രകോപിതനാക്കിയത്. മാര്‍ക്‌സിന്റെ ആജന്മ ശത്രുവായിരുന്നു മാല്‍ത്തൂസ്.
പക്ഷേ ഡാര്‍വിനില്‍നിന്ന് ഏതെങ്കിലും തരത്തില്‍ അകലം പാലിക്കുകയെന്നത് മാര്‍ക്‌സിന്റെ ഉദ്ദേശ്യമായിരുന്നില്ല. ഇംഗ്ലണ്ടുകാരനും പിന്നീട് അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗവുമായ രാഷ്ട്രീയ ചിന്തകന്‍ ജോണ്‍ സ്പാര്‍ഗോ, മാര്‍ക്‌സ് ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു: ”എന്റെ പേര് ഡാര്‍വിനുമായി ബന്ധിപ്പിക്കുന്നതിനെക്കാള്‍ വലിയ സന്തോഷമൊന്നും എനിക്കില്ല. ഡാര്‍വിന്റെ അത്ഭുതകരമായ കൃതി എന്റെ ആശയങ്ങളെ തീര്‍ത്തും അലംഘനീയമാക്കുന്നു. ഡാര്‍വിന്‍ ഇത് അറിയുന്നില്ലായിരിക്കാം, പക്ഷേ അദ്ദേഹം സാമൂഹ്യവിപ്ലവത്തിന്റെ സ്വന്തമാണ്.” മാര്‍ക്‌സ്, ഡാര്‍വിന്റെ വിമര്‍ശകന്‍ എന്നതിനെക്കാള്‍ ആരാധകനായിരുന്നു എന്നര്‍ത്ഥം. ഡാര്‍വിനെ പ്രശംസിച്ച് മാര്‍ക്‌സ് നിരന്തരം പ്രസ്താവനകളിറക്കി. ‘മൂലധന’ ത്തില്‍ രണ്ടിടത്ത് ഡാര്‍വിനെക്കുറിച്ച് മാര്‍ക്‌സ് പരാമര്‍ശിക്കുന്നുണ്ട്. ‘ജീവിവര്‍ഗങ്ങളുടെ ഉല്‍പ്പത്തി’യെ ‘ഐതിഹാസികമായ കൃതി’ എന്നാണ് അതില്‍ വിശേഷിപ്പിക്കുന്നത്.
പരസ്പരം നടത്തിയ കത്തിടപാടുകളില്‍ ഡാര്‍വിന്റെ അനുയായിയെപ്പോലെയാണ് മാര്‍ക്‌സ് പെരുമാറുന്നത്. 1823 ല്‍ മാര്‍ക്‌സ്, ജര്‍മന്‍ ഭാഷയിലെ ‘മൂലധന’ത്തിന്റെ രണ്ടാം പതിപ്പ് ഡാര്‍വിന് അയച്ചുകൊടുത്തു. ഇതിന്റെ ആദ്യപേജില്‍ ‘മിസ്റ്റര്‍ ഡാര്‍വിന്‍/ അങ്ങയുടെ ആത്മാര്‍ത്ഥതയുള്ള ആരാധകന്‍’ എന്ന് ഒപ്പും ലണ്ടനിലെ മേല്‍വിലാസവും സഹിതം മാര്‍ക്‌സ് രേഖപ്പെടുത്തിയിരുന്നു. ജര്‍മന്‍ ഭാഷ വളരെ പ്രയാസപ്പെട്ട് വായിച്ച ഡാര്‍വിന്‍ അധികം പേജുകളും വിട്ടുകളഞ്ഞു. പെന്‍സില്‍കൊണ്ട് ഒന്നും രേഖപ്പെടുത്തിയതുമില്ല. പ്രത്യേക അഭിപ്രായമൊന്നും പറയാതെ ഉപഹാരത്തിന് നന്ദിയറിയിച്ച് മറുപടിയെഴുതുകയാണ് ഡാര്‍വിന്‍ ചെയ്തത്. ‘മൂലധന’ത്തെ ബ്രിട്ടീഷ് മാധ്യമങ്ങളൊന്നും ശ്രദ്ധിക്കാതിരിക്കുകയും, ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആരും തയ്യാറാവാതിരിക്കുകയും ചെയ്തപ്പോഴാണ് ഡാര്‍വിന് മാര്‍ക്‌സ് തന്റെ പുസ്തകം അയച്ചുകൊടുത്തതെന്ന പ്രത്യേകതയുമുണ്ട്.
ഡാര്‍വിനെ വശത്താക്കാന്‍ മാര്‍ക്‌സിന്റെ തന്ത്രം
സാമൂഹ്യശാസ്ത്രത്തിലെ ഡാര്‍വിനാണ് മാര്‍ക്‌സെന്ന് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഏംഗല്‍സും മറ്റ് സോഷ്യലിസ്റ്റുകളും പ്രചരിപ്പിച്ചു. മാര്‍ക്‌സ് ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ‘മൂലധന’ ത്തെ അവലോകനം ചെയ്ത് ഒരു ജര്‍മന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളും ഡാര്‍വിന്റെ സിദ്ധാന്തവും തമ്മിലുള്ള ബന്ധം വിശദീകരിക്കാന്‍ ഏംഗല്‍സിനെ മാര്‍ക്‌സ് ഉപദേശിച്ചു. ”ഡാര്‍വിന്‍ സ്വാഭാവിക പ്രകൃതിയുടെ പരിണാമനിയമങ്ങള്‍ കണ്ടുപിടിച്ചതുപോലെയാണ് മാര്‍ക്‌സ് മനുഷ്യചരിത്രത്തിന്റെ പരിണാമ നിയമങ്ങള്‍ കണ്ടുപിടിച്ചത്” എന്ന് മാര്‍ക്‌സിന്റെ ചരമപ്രസംഗത്തില്‍പ്പോലും ഏംഗല്‍സ് പറയുന്നുണ്ട്. മാര്‍ക്‌സിന്റെ ശവസംസ്‌കാര ചടങ്ങില്‍ ചില ശാസ്ത്രജ്ഞര്‍ പങ്കെടുത്തതാണ് ഇത്തരമൊരു പരാമര്‍ശം ഏംഗല്‍സ് നടത്താന്‍ കാരണം. മാര്‍ക്‌സിസം ഒരു ശാസ്ത്രമാണെന്ന മതിപ്പുണ്ടാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. മാര്‍ക്‌സിന്റെ മരണശേഷം മരുമക്കളായ എഡ്വേര്‍ഡ് എവലിംഗും പോള്‍ ലഫാര്‍ഗും, രണ്ടാം ഇന്റര്‍നാഷണലിലെ മുന്‍നിര സൈദ്ധാന്തികനായ കാള്‍ കൗട്‌സ്‌കിപോലും മാര്‍ക്‌സിസവും ഡാര്‍വിനിസവും താരതമ്യം ചെയ്ത് രണ്ടും ശാസ്ത്രമാണെന്ന് പറയുന്നുണ്ട്.
1859ല്‍ ഡാര്‍വിന്‍ ‘ജീവിവര്‍ഗങ്ങളുടെ ഉല്‍പ്പത്തി’ പ്രസിദ്ധപ്പെടുത്തുന്നതിനു മുന്‍പുതന്നെ മാര്‍ക്‌സിന് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ലണ്ടനിലെ സുഹൃത്തായിരുന്ന വില്‍ഹെം ലിബ്‌നെക്ട് പറയുന്നത് സംശയിക്കേണ്ടതില്ല. ”മാസങ്ങളോളം ഞങ്ങളുടെയിടയിലെ (മാര്‍ക്‌സിന്റെയും സുഹൃത്തുക്കളുടെയും) ചര്‍ച്ച ഡാര്‍വിനെക്കുറിച്ചും ഡാര്‍വിന്റെ ശാസ്ത്രീയ ദിഗ്വിജയത്തെക്കുറിച്ചുമായിരുന്നു” എന്നാണ് ലിബ്‌നെക്ട് സാക്ഷ്യപ്പെടുത്തുന്നത്. ഡാര്‍വിന്റെ ആശയങ്ങള്‍ അതിന് ഉപകാരപ്പെടുമെന്ന് മാര്‍ക്‌സ് തുടക്കം മുതല്‍ തിരിച്ചറിഞ്ഞിരുന്നു. ‘ജീവിവര്‍ഗത്തിന്റെ ഉല്‍പ്പത്തി’ യെ പ്രശംസിച്ച് ഒരു മാസത്തിനുശേഷം ഫെര്‍ഡിനാന്റ് ലെസ്സല്ലെയ്ക്കും മാര്‍ക്‌സ് കത്തെഴുതിയതിന്റെ കാരണവും ഇതുതന്നെ. ഇതേ വര്‍ഷംതന്നെ ഡാര്‍വിന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് തോമസ് ഹെന്റി ഹക്‌സലി നടത്തിയ ഒരു പ്രഭാഷണ പരമ്പരയിലും മാര്‍ക്‌സ് പങ്കെടുത്തു. ഇതില്‍ പങ്കെടു ക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 1861-63 കാലത്ത് എഴുതിയ മാര്‍ക്‌സിന്റെ പ്രസിദ്ധീകരിക്കാത്ത കയ്യെഴുത്തു പ്രതികളിലും ‘ഉല്‍പ്പത്തി’ യെ ഉജ്വലകൃതിയായി വിശേഷിപ്പിക്കുന്നുണ്ട്. ഡാര്‍വിന്റെ ആശയങ്ങള്‍ക്ക് പരമാവധി പ്രചാരം കൊടുക്കുക, അതിന്റെ ബലത്തില്‍ തന്റെ സിദ്ധാന്തത്തിന്് സ്വീകാര്യത നേടിയെടുക്കുക എന്ന തന്ത്രമാണ് മാര്‍ക്‌സ് ഇവിടെ പ്രയോഗിക്കുന്നത്.
പ്രകൃതിനിയമങ്ങള്‍ സമൂഹത്തിന് ബാധകമാണെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുമ്പോഴും മൂലധനത്തിലെ നിരവധി ഭാഗങ്ങളില്‍ ഡാര്‍വിന്റെ നിയമങ്ങള്‍ മനുഷ്യര്‍ക്കും സാമൂഹ്യ വികാസത്തിനും ബാധകമാണെന്ന് മാര്‍ക്‌സ് പറയുന്നുണ്ട്. ”പ്രകൃതി നിയമത്തിന്റെ തത്വം അവര്‍ക്കിടയില്‍ (ഗ്രാമീണ തൊഴിലാളികള്‍ക്കിടയില്‍) സര്‍വശക്തമായി ഭരണം നടത്തുന്നു. ശക്തമായതിനെ മാത്രമേ അതിജീവിക്കാന്‍ അനുവദിക്കുന്നുള്ളൂ” (36) എന്നെഴുതുമ്പോള്‍ മാര്‍ക്‌സ് പൂര്‍ണമായും ഡാര്‍വിനെ പിന്‍പറ്റുകയാണ്.
അകലംപാലിച്ച് ഡാര്‍വിന്റെ കത്ത്
ജീവിതകാലത്ത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ‘ജര്‍മന്‍ ഐഡിയോളജി’ എന്ന പുസ്തകത്തിലൂടെ 1845-46 കാലത്തുതന്നെ മാര്‍ക്‌സും ഏംഗല്‍സും ചരിത്രത്തെക്കുറിച്ചുള്ള തങ്ങളുടെ ഭൗതികവാദപരമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയുണ്ടായി. 1848 ല്‍ ‘കമ്യൂണിസ്റ്റു മാനിഫെസ്റ്റോ’യും പ്രസിദ്ധീകരിച്ചു. 1859 ലാണ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പുസ്തകരൂപത്തില്‍ പുറത്തുവരുന്നത്. ഈ ഒന്നര നൂറ്റാണ്ടിനിടയിലും മാര്‍ക്‌സിസത്തിന് ശാസ്ത്രമെന്ന പദവി ലഭിച്ചില്ല. ഈ ദിശയില്‍ ഗൗരവമായ പരിഗണനപോലും ആരില്‍നിന്നും ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ഡാര്‍വിനിലേക്ക് മാര്‍ക്‌സ് ആകര്‍ഷിക്കപ്പെട്ടത്. പ്രകൃതി ശാസ്ത്രത്തില്‍ തന്റെ കണ്ടെത്തലുകളോട് പൊരുത്തമുള്ളതാണ് സാമൂഹ്യശാസ്ത്രത്തില്‍ മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങളെന്ന് ഡാര്‍വിന്‍ പറഞ്ഞുകിട്ടിയാല്‍ രക്ഷപ്പെടുമെന്ന് മാര്‍ക്‌സ് കരുതിക്കാണും. ഈയൊരു താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ‘മൂലധന’ത്തിന്റെ ജര്‍മന്‍ പതിപ്പ് മാര്‍ക്‌സ് സ്വന്തം നിലയ്ക്ക് കയ്യൊപ്പോടുകൂടി ഡാര്‍വിന് അയച്ചുകൊടുത്തത്. ‘മൂലധന’ത്തില്‍ ഡാര്‍വിനെ പരാമര്‍ശിച്ചതുപോലും ഇതിനായിരുന്നിരിക്കാം. പക്ഷേ ഡാര്‍വിന്റെ പ്രതികരണം മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു.
പുസ്തകം അയച്ചുതന്നതിന് നന്ദിരേഖപ്പെടുത്തിയ ഡാര്‍വിന്‍ ഒരുകാര്യം പറയാന്‍ മറന്നില്ല. വിഷയത്തെക്കുറിച്ച് മാര്‍ക്‌സ് കൂടുതല്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ തന്നോടുള്ള ആദരവിന്റെ മഹത്വം വര്‍ദ്ധിക്കുമായിരുന്നു എന്നാണ് ഡാര്‍വിന്‍ പറഞ്ഞത്. വിജ്ഞാനവ്യാപനത്തിന് തന്റെയും മാര്‍ക്‌സിന്റെയും പുസ്തകങ്ങള്‍ ഉപകരിക്കുമെന്ന് പറഞ്ഞ് കത്ത് അവസാനിപ്പിക്കുകയാണ് ഡാര്‍വിന്‍. സത്യം പറഞ്ഞാല്‍ മാര്‍ക്‌സിന്റെ മൂലധനം ഡാര്‍വിനില്‍ ഒരു മതിപ്പും ഉണ്ടാക്കിയില്ല. മാര്‍ക്‌സുമായും മാര്‍ക്‌സിന്റെ ആശയങ്ങളുമായും ബന്ധം തുടരാന്‍ ഡാര്‍വിന് താല്‍പ്പര്യവുമില്ലായിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞ് 1879 ല്‍ ആസ്ട്രിയന്‍ പ്രകൃതി ശാസ്ത്രജ്ഞനായ കാള്‍ വോണ്‍ ഷെര്‍ബെറിന് ഡാര്‍വിന്‍ അയച്ച കത്ത് ഇതിന് തെളിവാണ്. ചില ജര്‍മന്‍ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ കരുതുന്നതുപോലെ പ്രകൃതി നിര്‍ധാരണത്തിലൂടെ സോഷ്യലിസത്തെയും പരിണാമത്തെയും കൂട്ടിച്ചേര്‍ക്കാമെന്നത് ഒരു വന്യമായ ആശയമായാണ് താന്‍ കാണുന്നതെന്ന് ഈ കത്തില്‍ ഡാര്‍വിന്‍ പറയുന്നുണ്ട്.
ശാസ്ത്രം ജയിച്ചു മാര്‍ക്‌സ് തോറ്റു
മാര്‍ക്‌സിന്റെ മരുമകന്‍ എഴുതിയ ‘കുട്ടികളുടെ ഡാര്‍വിന്‍’ എന്ന പുസ്തകത്തിലെ മതവിമര്‍ശനത്തോട് യോജിക്കാതിരുന്ന ഡാര്‍വിന്‍ ഇതേ കാരണത്താല്‍ മാര്‍ക്‌സിനോടും വിയോജിച്ചു. ഇക്കാര്യം വ്യക്തമാക്കി മാര്‍ക്‌സിന് കത്തെഴുതുകയും ചെയ്തു. ക്രിസ്തുമതത്തെ കടന്നാക്രമിക്കേണ്ടതില്ലെന്നും, ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള വിമര്‍ശനം മതിയെന്നുമായിരുന്നു ഡാര്‍വിന്റെ നിലപാട്. ഇതിനര്‍ത്ഥം ഡാര്‍വിന്‍ ക്രിസ്തുമത വിശ്വാസിയായിരുന്നു എന്നല്ല. ദൈവീകമായ വെളിപാടുകളെന്ന നിലയില്‍ താന്‍ ബൈബിളില്‍ വിശ്വസിക്കുന്നില്ലെന്നും, അതുകൊണ്ടുതന്നെ ക്രിസ്തുവിനെ ദൈവപുത്രനായി കാണുന്നില്ലെന്നും അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ എഫ്. മക്‌ഡെര്‍മോട്ടിന് അയച്ച കത്തില്‍ ഡാര്‍വിന്‍ വ്യക്തമാക്കുന്നു. ഡാര്‍വിന്റെ അഭ്യര്‍ത്ഥനപ്രകാരം 100 വര്‍ഷം രഹസ്യമാക്കി വച്ച ഈ കത്ത് 2015 ല്‍ രണ്ട് ലക്ഷം യുഎസ് ഡോളറിനാണ് ലേലത്തില്‍ പോയത്.
ഡാര്‍വിന്‍ പ്രകൃതിശാസ്ത്രത്തിലെ പ്രയോജനവാദത്തെ തള്ളിപ്പറയുന്നത് ഏംഗല്‍സ്, മാര്‍ക്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. മാര്‍ക്‌സ് ‘ഉല്‍പ്പത്തി’ യെ പ്രശംസിച്ച് ലെസ്സല്ലെയ്ക്ക് എഴുതിയ കത്തിലും ഇതു പറയുന്നു. എന്തൊക്കെ അപൂര്‍ണതകളുണ്ടെങ്കിലും ഇതാദ്യമായി പ്രകൃതിശാസ്ത്രത്തിലെ പ്രയോജനവാദത്തിന് കനത്ത പ്രഹരമേറ്റിരിക്കുന്നുവെന്നു മാത്രമല്ല, അതിന്റെ യുക്തി അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് മാര്‍ക്‌സ് പറയുന്നത്. പ്രകൃതിയിലെ പ്രയോജനവാദത്തെ ഡാര്‍വിന്‍ തള്ളിക്കളഞ്ഞത് ആശയവാദികള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കുകയും, തന്റെ ഭൗതികവാദത്തിന് താങ്ങായും ഉപയോഗിക്കാനാണ് മാര്‍ക്‌സ് നോക്കിയത്. ഇവിടെയും ഡാര്‍വിനെ പ്രശംസിച്ച് തന്റെ സിദ്ധാന്തം ശാസ്ത്രമാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് മാര്‍ക്‌സ് ശ്രമിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. ‘പ്രകൃതിയില്‍ അര്‍ഹതയുള്ളത് അതിജീവിക്കും’ എന്ന സിദ്ധാന്തത്തിന് സമാന്തരമാണ് മനുഷ്യചരിത്രത്തിലെ വര്‍ഗസമരം എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു മാര്‍ക്‌സിന്റെ ശ്രമം.
തന്റെ താല്‍പ്പര്യത്തിനും തന്ത്രത്തിനും വഴിപ്പെടുന്നില്ലെന്നുവന്നപ്പോഴായിരിക്കാം ഫ്രഞ്ച് പരിണാമ ശാസ്ത്രജ്ഞന്‍ പിയറി ട്രെമാക്‌സിനെ കൂട്ടുപിടിച്ച് മാര്‍ക്‌സ് ഡാര്‍വിന്റെ സിദ്ധാന്തത്തെ തള്ളിപ്പറഞ്ഞത്. ‘മനുഷ്യന്റെയും മറ്റു ജീവികളുടെയും ഉല്‍പ്പത്തിയും രൂപാന്തരങ്ങളും’ എന്ന പുസ്തകത്തില്‍ ഡാര്‍വിന്റെ ആശയങ്ങളെ ട്രെമാക്‌സ് നിരാകരിക്കുന്നതാണ് മാര്‍ക്‌സ് അവലംബിച്ചത്. ജീവിവര്‍ഗങ്ങളുടെ പരിണാമം ക്രമാനുഗതമാണെന്ന് ഡാര്‍വിന്‍ കണ്ടെത്തിയപ്പോള്‍, ഇക്കാര്യത്തില്‍ കുതിച്ചുചാട്ടങ്ങളുണ്ടാകുമെന്നാണ് ട്രെമാക്‌സ് പറഞ്ഞത്. ട്രെമാക്‌സിന്റെ സിദ്ധാന്തത്തിന് ചരിത്രപരവും രാഷ്ട്രീയവുമായ പ്രയോഗസാധുത ഉണ്ടെന്നു ധരിച്ചാണ് മാര്‍ക്‌സ് അതുപയോഗിച്ച് ഡാര്‍വിനെ നേരിട്ടത്. ട്രെമാക്‌സിന്റെ സിദ്ധാന്തം വെറും അസംബന്ധമാണെന്ന ഏംഗല്‍സിന്റെ അഭിപ്രായം മാര്‍ക്‌സ് കണക്കിലെടുത്തില്ല.
പ്രകൃതി നിര്‍ധാരണം എന്ന തത്വത്തിനു രൂപംനല്‍കാന്‍ ആശയപരമായി സഹായിച്ചതിന് ഡാര്‍വിന്‍ ജനസംഖ്യാ ശാസ്ത്രജ്ഞനായ മാല്‍ത്തൂസിനെ പ്രശംസിച്ചതും മാര്‍ക്‌സിനെ അരിശംകൊള്ളിച്ചു. മാല്‍ത്തൂസിനെ ഡാര്‍വിന്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മാര്‍ക്‌സ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ തെറ്റിദ്ധരിച്ചത് മാര്‍ക്‌സാണ്. ആവര്‍ത്തിച്ച് ശ്രമിച്ചിട്ടും തന്റെ ആശയങ്ങളോട് തെല്ലുപോലും അനുഭാവം പുലര്‍ത്താതെ തന്റെ എതിരാളിയുടെ ആശയങ്ങളെ ഡാര്‍വിന്‍ സ്വീകരിക്കുകയാണെന്ന തോന്നലാണ് മാര്‍ക്‌സിനെ രോഷാകുലനാക്കിയത്. മാല്‍ത്തൂസിന്റെ ആശയങ്ങള്‍ കീടനാശിനിയാണെന്നും, ജനസംഖ്യാ തത്വങ്ങള്‍ മോഷണമാണെന്നും മാര്‍ക്‌സ് ആക്ഷേപിച്ചു. ഇവിടെ ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ തന്റെ സിദ്ധാന്തം അവഗണിക്കപ്പെടുന്നതിലെ അമര്‍ഷം മാര്‍ക്‌സില്‍ പ്രകടമാണ്. ചരിത്രപുരോഗതിയുടെ അനിവാര്യത ഡാര്‍വിന്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്നാണ് മാര്‍ക്‌സ് ചോദിച്ചത്. എന്നാല്‍ ഇതിനു മറുപടി പറയേണ്ടതില്ലെന്ന് ഡാര്‍വിന്‍ തീരുമാനിച്ചു.
മാര്‍ക്‌സിന്റെ സാമൂഹ്യ ചിന്തകളില്‍ പരിണാമസിദ്ധാന്തങ്ങള്‍ക്ക് പ്രവേശനമില്ല. മനുഷ്യന്റെ അതുല്യതയിലാണ് മാര്‍ക്‌സ് ഊന്നുന്നത്. പ്രകൃതി നിയമങ്ങളെയും സാമൂഹ്യനിയമങ്ങളെയും കൃത്യമായി വേര്‍തിരിക്കുകയും ചെയ്യുന്നു. പക്ഷേ ഡാര്‍വിനെ വായിച്ചശേഷം മാര്‍ക്‌സ് ഈ നിലപാട് മാറ്റുന്നുണ്ട്. ശാസ്ത്രീയ തത്വങ്ങളെ മൂര്‍ത്തമായ തെളിവുകള്‍ വച്ചുകൊണ്ടല്ല, അത് തന്റെ കാഴ്ചപ്പാടിന് ചേരുന്നതാണോയെന്ന് നോക്കി മാത്രമാണ് മാര്‍ക്‌സ് അംഗീകരിച്ചത്. ഡാര്‍വിനെ അംഗീകരിക്കാതിരിക്കുകയും ശരിയായി മനസ്സിലാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ ഡാര്‍വിനെയും ഡാര്‍വിന്റെ ആശയങ്ങളെയും ആശ്രയിച്ച് ശാസ്ത്രജ്ഞന്‍ ചമയാനാണ് മാര്‍ക്‌സ് ശ്രമിച്ചത്. അത് സമ്പൂര്‍ണമായി പരാജയപ്പെടുകയും ചെയ്തു.
(തുടരും)
അടിക്കുറിപ്പുകള്‍:-
33. Beyond Red, P. Kesavan Nair, Pagan Books
34. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാര്‍ക്‌സ്-ഏംഗല്‍സ്
35. മൂലധനം(ഒന്നാം വാള്യം), കാറല്‍ മാര്‍ക്‌സ്, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം.
36.Ibid
അഞ്ചാം ഭാഗം വായിക്കുവാന്‍ https://kesariweekly.com/31868 സന്ദര്‍ശിക്കുക