ആദര്‍ശജീവിതത്തിന് അന്ത്യമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതായിരുന്നു ഒരു വര്‍ഷം നീണ്ടുനിന്ന ഭാസ്‌കര്‍റാവുജിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ സമാപനം. 17 വര്‍ഷം മുന്നേ ജീവന്‍വെടിഞ്ഞ ഭാസ്‌കര്‍റാവുജി സ്വയംസേവകരുടെ മനസ്സില്‍ എത്ര തെളിമയോടെ ഇന്നും ജ്വലിച്ചുനില്‍ക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു ഒക്‌ടോ.5ന് എറണാകുളം ഭാസ്‌കരീയത്തില്‍ നടന്ന പരിപാടി. കേരളത്തിന്റെ തെക്കുമുതല്‍ വടക്കുവരെ ഭാസ്‌കര്‍ റാവുജിയുടെ സ്‌നേഹാമൃതം നുകര്‍ന്ന നൂറുകണക്കിന് സ്വയംസേവകര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കാനും പഴയ സഹപ്രവര്‍ത്തകരെ കണ്ടുമുട്ടാനുമായി ഒരിക്കല്‍ കൂടി ഒരുമിച്ചുവന്നു. കേരളത്തിന്റെ ആദ്യത്തെ പ്രാന്തപ്രചാരകനും വനവാസി കല്യാണ്‍ ആശ്രമത്തിന്റെ അഖില ഭാരതീയ സംഘടനാ കാര്യദര്‍ശിയുമായിരുന്ന ഭാസ്‌കര്‍റാവുജിയുടെ ദീപ്ത സ്മരണകള്‍ക്കു മുന്‍പില്‍ എല്ലാവരും ഗദ്ഗദകണ്ഠരായി.
ഒരു പകല്‍ നീണ്ടുനിന്ന പരിപാടി ആരംഭിച്ചത് ഭാസ്‌കര്‍റാവുജി ഏറെക്കാലം പ്രവര്‍ത്തിച്ച വനവാസി മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടായിരുന്നു. പിന്നീട് പ്രൗഢ സ്വയംസേവകരുടെ സംഗമം നടന്നു. തുടര്‍ന്ന് നടന്ന സമാപനസമ്മേളനം പ്രൗഢ ഗംഭീരമായിരുന്നു. തലമുതിര്‍ന്ന സംഘകാര്യകര്‍ത്താക്കളുടെ സാന്നിധ്യം പരിപാടിക്ക് കൊഴുപ്പേകി. ഭാസ്‌കര്‍റാവുജി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന്റെ ആശയവാഹകരായ ജനപ്രതിനിധികള്‍-കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും കേരളത്തിലെ എം.എല്‍.എയും-പരിപാടിയില്‍ പങ്കെടുത്തത് ഏറെ ആനന്ദകരമായി. സംഘത്തില്‍ വ്യക്തിപൂജയില്ല, തത്വപൂജയാണുള്ളത് എന്ന് പറയുമ്പോഴും വ്യക്തി വികസിച്ച് തത്വമായി മാറിയാല്‍ പിന്നീടുള്ള വ്യക്തിപൂജ തത്വപൂജതന്നെയാണെന്ന് ഡോക്ടര്‍ജിയേയും ഭാസ്‌കര്‍റാവുജിയേയും പോലുള്ള മഹദ്‌വ്യക്തികളുടെ ജീവിത യാത്ര പഠിച്ചാല്‍ നമുക്ക് മനസ്സിലാകും. ഓരോരുത്തര്‍ക്കുമുണ്ടായ ആ അനുഭവമാണ് മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ ഓര്‍മ്മകളെ താലോലിച്ചുകൊണ്ട് ആയിരങ്ങള്‍ക്ക് ഒരുമിച്ചുകൂടാന്‍ പ്രേരണയാകുന്നത്.
സെമിനാര്‍
വനവാസികളുടെ ധര്‍മ്മവും സംസ്‌കാരവും മനസ്സിലാക്കാതെ അവരുടെ വളര്‍ച്ചയ്‌ക്കെന്ന പേരില്‍ വനവാസികള്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവരെ താഴ്ത്താനേ ഉപകരിക്കൂ എന്ന് പാഞ്ചജന്യ മുന്‍ എഡിറ്ററും എം.പിയുമായിരുന്ന തരുണ്‍ വിജയ് ‘വനം-വനവാസി വികസനം-പരാജയപ്പെട്ട കേരളം’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വനവാസികളെ പരിഷ്‌കാരികളാക്കാന്‍ ശ്രമിക്കുന്നത് അവരുടെ സ്വത്വവും സ്വാഭിമാനവും നശിപ്പിച്ചിട്ടാകരുത്, മറിച്ച് അവ സംരക്ഷിച്ചുകൊണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വനത്തില്‍ താമസിക്കുന്നവരല്ല വനവാസികള്‍. അവര്‍ രാജ്യത്തിന്റെ അതിരുകള്‍ കാക്കുന്ന ആദ്യ പോരാളികളാണ്. രാജ്യത്തിന്റെ സംസ്‌കാരവും യഥാര്‍ത്ഥ ചരിത്രവും തനിമയോടെ നിലനിര്‍ത്തുന്നത് അവരാണ്. അവരെ ആദിവാസികളെന്ന് വിളിച്ച് അകറ്റി നിര്‍ത്തുന്നത് ബ്രിട്ടീഷ് കാലത്തു നടപ്പാക്കിത്തുടങ്ങിയ തന്ത്രമാണ്. അത് ഇന്നും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാശ്രയത്വമുള്ള മഹാസമുദായമാണ് വനവും വനവാസികളുമെന്നും നിലനില്പിന് ഒന്നും ആരില്‍ നിന്നും ആവശ്യമില്ലാത്തതിനാല്‍ അതേപടി നിലനില്‍ക്കാന്‍ അവകാശമുള്ളവരാണ് അവരെന്നും സെമിനാറില്‍ പങ്കെടുത്തുകൊണ്ട് ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ് പറഞ്ഞു. ബ്രിട്ടീഷ് ഭരണകൂടമാണ് വനവാസികളെ പിന്നാക്ക ജാതിക്കാര്‍ എന്ന ഗണത്തില്‍പ്പെടുത്തിയതെന്നും അതോടെ അവരുടെ നാശം സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റെല്ലാ മേഖലകളിലേയും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ കേരളത്തിലെ വനവാസികള്‍ക്ക് ഭൂമി നല്‍കണമെന്ന വിധി നടപ്പാക്കാത്തതെന്തെന്ന് വനവാസി കല്യാണാശ്രമം സംസ്ഥാന അധ്യക്ഷന്‍ കെ.സി.പൈതല്‍ ചോദിച്ചു. വനവാസി ക്ഷേമത്തിനെന്ന പേരില്‍ മാറ്റിവെക്കുന്ന കോടികള്‍ എങ്ങോട്ടേക്കാണ് മറയുന്നതെന്ന് സര്‍ക്കാരുകള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വനവാസികളുടെ ഭക്ഷണവും ചികിത്സയും കൃഷിയും നമ്മള്‍ കവര്‍ന്നെടുത്തു. അവര്‍ക്ക് അര്‍ഹമായത് കൊടുക്കുന്നുമില്ല. മണ്ണും മരവും നാടും രാജ്യവും തമ്മിലുള്ള ബന്ധം അറിയുന്നവരാണ് വനവാസികളെന്നും അവര്‍ വേറെയാണെന്ന ചിന്ത അവരില്‍ ഉണ്ടാക്കാതിരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും കൊച്ചിന്‍ സര്‍വ്വകലാശാലയിലെ അധ്യാപിക ഡോ. വനജ പറഞ്ഞു.
ഭൂമാഫിയയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുമാണ് വനവാസി ക്ഷേമത്തിന്റെ ശത്രുവെന്ന് വനവാസിക്ഷേമ സംഘടനയായ പീപ്പിന്റെ ഡയറക്ടര്‍ എസ്. രാമനുണ്ണി പറഞ്ഞു. വനവാസികളെ കാടിറക്കുകയും അവരുടെ ഭൂമി അന്യധീനപ്പെടുത്തി സ്വന്തമാക്കുകയും ചെയ്യുന്നു. ട്രൈബല്‍ ടൂറിസത്തിന്റെ പേരില്‍ തത്വദീക്ഷയില്ലാതെ റിസോര്‍ട്ടും ഹോംസ്റ്റേയും മറ്റുമായി വനവാസികളുടെ സംസ്‌കാരവും ജീവിത സാഹചര്യങ്ങളും നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രൗഢ സ്വയംസേവക സംഗമം
ഉച്ചയ്ക്ക് നടന്ന പ്രൗഢ സ്വയംസേവകരുടെ സംഗമത്തില്‍ ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാസ്‌കര്‍റാവുജിയോടുള്ള സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കേണ്ടത് അദ്ദേഹം ഏറ്റെടുത്തിരുന്ന ദൗത്യം പൂര്‍ത്തീകരിക്കാന്‍ നാം പ്രവര്‍ത്തിക്കുന്നതിലൂടെയാണ്. ജീവിതം തന്നെ സന്ദേശമാക്കിയ കര്‍മ്മയോഗിയായിരുന്നു ഭാസ്‌കര്‍റാവു. സംഘത്തിന്റെ ഭാഗമായി ആജീവനാന്തം പ്രവര്‍ത്തിക്കണം. ഇടയ്ക്ക് മാറി നില്‍ക്കുമ്പോഴുണ്ടാകുന്ന വിടവാണ് ചില വിമര്‍ശനങ്ങള്‍ ഉണ്ടാക്കുന്നത്. സംഘപ്രവര്‍ത്തനം 30 വര്‍ഷം മുമ്പത്തെപ്പോലെയല്ല ഇന്ന്. അന്ന് ശാഖാ പ്രവര്‍ത്തനം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇന്ന് 32 ഓളം വിവിധ സംഘപരിവാര്‍ സംഘടനകളുണ്ട്. അവയ്ക്ക് പോഷകസംഘടനകള്‍ വേറെയുണ്ട്. അവയിലെല്ലാം പ്രവര്‍ത്തിക്കുന്നത് സ്വയംസേവകരാണെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. സംഘടനയോടൊത്ത് സഞ്ചരിക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. വിവിധതരത്തിലുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സംഘത്തിനുണ്ട്. അതില്‍ ഏതിലെങ്കിലും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഭാസ്‌കര്‍റാവുവിനെക്കുറിച്ച് അഖിലഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്‍ എഴുതിയ ‘ഭാസ്‌കര്‍ റാവു ഒരനുപമ സംഘാടകന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം വനവാസി കല്ല്യാണ്‍ ആശ്രമം രക്ഷാധികാരി പള്ളിയറ രാമന് ആര്‍.എസ്.എസ്. ക്ഷേത്രീയ സംഘചാലക് ഡോ.വന്നിയ രാജന്‍ നല്‍കി നിര്‍വ്വഹിച്ചു.
സമാപന സമ്മേളനം
തുടര്‍ന്ന് വൈകുന്നേരം നടന്ന സമാപന സമ്മേളനം ആര്‍.എസ്.എസ്. സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഭാസ്‌കര്‍റാവുവിന്റെ പ്രവര്‍ത്തനകാലഘട്ടം അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഒരുവശത്ത് ക്രിസ്ത്യന്‍-മുസ്ലീങ്ങളുടെ ശക്തമായ മതപരിവര്‍ത്തനം, മറുഭാഗത്ത് കമ്മ്യൂണിസ്റ്റ് ഭരണവും. ഈ വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറമേ വനവാസി കല്ല്യാണ്‍ ആശ്രമത്തിലൂടെ ഭാരതത്തിലാകമാനം പ്രത്യേകിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അദ്ദേഹം വരുത്തിയ സാമൂഹ്യപരിവര്‍ത്തനം മഹത്തരമാണെന്നും ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു.
കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ചടങ്ങില്‍ പ്രഭാഷണം നടത്തി. കേരളത്തിന്റെ യഥാര്‍ത്ഥ നവോത്ഥാനം രേഖപ്പെടുത്തുന്നവര്‍ക്ക് ഭാസ്‌കര്‍ റാവുവിനെ ഒഴിവാക്കിക്കൊണ്ട് അത് സാധിക്കില്ല. കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണത്തില്‍ ഭാസ്‌കര്‍ റാവുവിന് വലിയ പങ്കുണ്ട്. മൂന്ന് പതിറ്റാണ്ട് കേരള സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചയാള്‍ മറ്റേതെങ്കിലും സംഘടനയിലായിരുന്നെങ്കില്‍ പ്രതിമയും സ്മാരകങ്ങളും ഗ്രന്ഥങ്ങളും ഉണ്ടായേനെ എന്നും മുരളീധരന്‍ പറഞ്ഞു. രാജ്യത്തെ പൊതുധാരയില്‍ നിന്ന് മാറിനില്‍ക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുഐക്യത്തിനുവേണ്ടി കേരളത്തില്‍ ആദ്യം നേതൃത്വം നല്‍കിയവരില്‍ അധികവും കേരളത്തിന് പുറത്തു നിന്ന് വന്നവരാണെന്ന് മുതിര്‍ന്ന പ്രചാരകന്‍ ആര്‍.ഹരി പറഞ്ഞു. രാമകൃഷ്ണാശ്രമം, ആര്യസമാജം, ആര്‍.എസ്.എസ്. എന്നിവയുടെ പ്രചാരകര്‍ പുറത്തു നിന്ന് വന്നവരാണെങ്കിലും ഇതില്‍ ആര്‍.എസ്.എസ്. മാത്രമാണ് കേരളത്തില്‍ പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്നത്. കേരളത്തിലെ ഹിന്ദു ഐക്യത്തിന്റെ മുഴുവന്‍ ചൈതന്യസ്രോതസ്സും ഭാസ്‌കര്‍ റാവുവില്‍ കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സി.എം.ഡിയും ഭാസ്‌കര്‍റാവു ജന്‍മശതാബ്ദി ആഘോഷകമ്മറ്റി ചെയര്‍മാനുമായ മധു എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്. അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ ആമുഖഭാഷണം നടത്തി. വനവാസി കല്ല്യാണാശ്രമം ദേശീയ സംഘടനാ സെക്രട്ടറി ഹര്‍ഷ ചൗഹാന്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍, ഓ.രാജഗോപാല്‍ എം.എല്‍.എ. ബി.എം.എസ്. ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ.സജിനാരായണന്‍, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, ആര്‍.എസ്.എസ്. പ്രാന്തസഹകാര്യവാഹ് എം.രാധാകൃഷ്ണന്‍, ഭാരതീയ വിചാരകേന്ദ്രം അസി.ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, തരുണ്‍ വിജയ്, രേണുദേവ്, ഡോ. വന്നിയരാജന്‍, പി.പി.രമേശ് ബാബു, ദേശീയ അധ്യാപകപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ കെ.ജി. വേണുഗോപാല്‍ സ്വാഗതവും സി.പി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ 32 വര്‍ഷമായി വനവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞച്ചേച്ചിയെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ശ്രദ്ധാഞ്ജലിയോടെ പരിപാടി സമാപിച്ചു.