“”Ganga was sunken, and limp leaves waited for rain, while the black clouds gathered far distant, over Himavant. The Jungle crouched, humped in silence. Then spoke the thunder”. (ഗംഗ വറ്റിക്കിടന്നു. വാടിയ ഇലകള്‍ മഴയ്ക്ക് വേണ്ടി കാത്തിരുന്നു. കറുത്ത മേഘങ്ങള്‍ വളരെ ദൂരെ ഹിമവാന്റെ മുകളില്‍ തടിച്ചു കൂടിയപ്പോള്‍ കാടുകുന്തിച്ചിരുന്നു. നിശ്ശബ്ദതയില്‍ കൂനിയിരുന്നു. അപ്പോള്‍ ചൊല്ലി – ഇടിമുഴക്കം).
ഇരുപതാം നൂറ്റാണ്ടിലെ വിശ്വസാഹിത്യത്തെ ഞെട്ടിച്ച ”തരിശു ഭൂമി” (The waste land) എന്ന കൃതിയില്‍ നിന്നുള്ള ഒരു ഭാഗമാണിത്. ഒന്നാം ലോക മഹായുദ്ധം യൂറോപ്പിലുണ്ടാക്കിയ നടുക്കത്തിന് സമാനമായ ഒരു ഞെട്ടലാണ് ”തരിശുഭൂമി” സാഹിത്യ ലോകത്തുണ്ടാക്കിയത്. കാത്തലിക് മതവിഭാഗത്തില്‍പെട്ട ടി.എസ്. എലിയട്ട് താന്‍ ഒരു കാത്തലിക്ക് ആയതില്‍ അഭിമാനിക്കുന്നു എന്ന് എഴുതിയിട്ടുണ്ട്. യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ആത്മീയമായ വരള്‍ച്ചയെ കുറിച്ച് ”തരിശു ഭൂമി” സംസാരിക്കുന്നു.
”ദത്ത, ദയധ്വം, ദാമ്യത,
ശാന്തി, ശാന്തി, ശാന്തി”.
എന്ന ഉപനിഷത്ത് വാക്യത്തോടെയാണ് ഈ മിനി എപിക് അവസാനിക്കുന്നത്. ലോകമഹായുദ്ധം മുറിവേല്‍പിച്ച മനസ്സുകള്‍ക്ക് സാന്ത്വനം തേടി ഭാരതീയ ദര്‍ശനത്തിന്റെ തീരത്ത് എത്തിയ ഈ പാശ്ചാത്യ കവി ഭാരതീയദര്‍ശനം ആഴത്തില്‍ പഠിച്ച പണ്ഡിതനാണെന്ന് പറയാന്‍ കഴിയില്ല, പക്ഷേ, ഡബ്ല്യു.ബി. യേറ്റ്‌സ്, എമേഴ്‌സണ്‍, വാള്‍ട്ട് വിറ്റ്മാന്‍, ഹെര്‍മണ്‍ ഹെസ്സി തുടങ്ങിയ അനേകം പണ്ഡിതന്മാരും, കവികളും, പോള്‍ഡോയിസണ്‍, മാക്‌സ് മുള്ളര്‍ തുടങ്ങിയ മഹാപണ്ഡിതന്മാരും വര്‍ഷങ്ങള്‍ ചിലവഴിച്ച് ഭാരതീയ ചിന്തയും ഓറിയന്റല്‍ മിസ്റ്റിസിസവും പഠിച്ചെടുത്തു. ഇസ്‌ലാമില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു കൈവഴിയാണ് ‘സൂഫിസം’. ‘അനല്‍ ഹഖില്‍’ വിശ്വസിക്കുന്ന ഈ ചിന്താപദ്ധതിയും, ഭാരതീയ ദര്‍ശനമാണ് പ്രതിഫലിപ്പിക്കുന്നത്. എന്തുകൊണ്ട് സൗദി അറേബ്യയിലും, മറ്റും സൂഫിസത്തെ നിരോധിച്ചു എന്ന ചോദ്യത്തിനുള്ള ഏക ഉത്തരം ‘സൂഫിസം’ മുഖ്യാധാരാ ഇസ്‌ലാമിക് തിയറിയുടെ തീവ്രമുഖം കാണിക്കുന്നില്ല എന്നതാണ്. ‘അനല്‍ ഹഖ്’ എന്ന പദത്തിനര്‍ത്ഥം ”അഹം ബ്രഹ്‌മാസ്മി” എന്നാണ്. ആ മഹാസത്യം നീ തന്നെയാണ് എന്ന ആഴത്തിലുള്ള ചിന്തയെ ആഞ്ഞ് പുല്‍കാന്‍ സെമിറ്റിക് മതങ്ങള്‍ ആദ്യകാലത്ത് തയ്യാറായിട്ടില്ല. ജൂത, ക്രിസ്ത്യന്‍, ഇസ്‌ലാം മത വിഭാഗങ്ങള്‍ പിന്തുടരുന്ന ‘ഥോറ’യും ‘ബൈബിളും’, ‘ഖുറാനും’ ഏറെക്കുറെ സമാനമായ പ്രപഞ്ച വീക്ഷണമാണ് വെച്ച് പുലര്‍ത്തുന്നത്. വിശ്വവിഖ്യാതനായ വിക്‌ടോറിയന്‍ ചിന്തകന്‍ തോമസ് കാര്‍ലൈല്‍ എഴുതിയ””Heroes and Hero worshippers’എന്ന കൂറ്റന്‍ ഗ്രന്ഥത്തിന്റെ അവസാനത്തെ അധ്യായത്തില്‍ അദ്ദേഹം ബൈബിളും, ഖുറാനും, ജൂതന്മാരുടെ വേദഗ്രന്ഥമായ ”ഥോറ”യുടെ നിഴലാണെന്ന് പറയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഗണിതശാസ്ത്രപണ്ഡിതനും, ചിന്തകനും, സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ബര്‍ട്രാന്‍ഡ് റസ്സല്‍”Why I am not a christian” എന്ന വിഖ്യാത ഗ്രന്ഥത്തിന് ശേഷം “”Why I am not a communist”’ എന്ന ഗ്രന്ഥവും എഴുതിയിട്ടുണ്ട്.സെമിറ്റിക് മതഗ്രന്ഥങ്ങളും കമ്മ്യൂണിസ്റ്റ് ആശയലോകവും മനുഷ്യരില്‍ ശത്രുത വളര്‍ത്തുകയും, പരസ്പരം വിഭാഗീയത പടര്‍ത്തുകയും ചെയ്യുന്നു എന്ന റസ്സലിന്റെ നിഗമനത്തെ തള്ളാന്‍ കഴിയില്ല. ലോകത്തിന്റെ അവസാനത്തെ രക്ഷകന്‍ ‘ജീസസ്’മാത്രമാണ് എന്ന് ബൈബിളും, ”എന്നിലും ഏക ദൈവത്തിലും വിശ്വസിക്കാത്തവര്‍ പാപികള്‍” ആണ് എന്ന് മുഹമ്മദ് നബിയും പറയുന്നു. ആത്യന്തികമായി കമ്യൂണിസമാണ് സത്യം എന്നും, മറ്റുള്ളവര്‍ വര്‍ഗ്ഗ ശത്രുക്കളാണ് എന്ന് കമ്യൂണിസവും പറയുന്നു. വിവേകാനന്ദന്‍ സെമിറ്റിക് മതങ്ങളുടെ കെട്ടുറപ്പിനെ പ്രശംസിക്കുമ്പോഴും, ഈ മതങ്ങള്‍ ”മനുഷ്യ മനസ്സുകളെ വിഭജിക്കുന്നു” എന്ന് പറയുന്നു (വിവേകാനന്ദ സാഹിത്യ സര്‍വ്വ സ്വം വാല്യം 3 പേജ് 134). ഇന്ത്യയിലെ ഹിന്ദുമതത്തില്‍ 5000 വിഭാഗങ്ങളുണ്ട് എന്ന് “The Caste” എന്ന ഗ്രന്ഥത്തില്‍ സോഷ്യലിസ്റ്റ് ആചാര്യന്‍ ഡോക്ടര്‍ ലോഹ്യ പറയുന്നു. ഹിന്ദുമതത്തിലെ വിഭാഗങ്ങള്‍ തമ്മില്‍ അകലങ്ങള്‍ ഉണ്ട്, താഴ്ന്ന വിഭാഗത്തെ പടുകുഴിയില്‍ ചവിട്ടിയിടുന്നു. പക്ഷേ വിഭാഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ല. ക്രിസ്തുമതത്തിലും, ഇസ്‌ലാം മതത്തിലും കമ്യൂണിസ്റ്റ് ആശയ ലോകത്തും ഒരേ താത്വിക ഗ്രന്ഥങ്ങള്‍ വായിക്കുന്നവര്‍ തന്നെ അനേകം വിഭാഗങ്ങള്‍ ആയി രൂപാന്തരീകരണം പ്രാപിച്ച് ചോര ചിന്തി ലക്ഷങ്ങള്‍ മരിച്ചു വീണു. 18ഉം 19ഉം നൂറ്റാണ്ടുകളില്‍ ക്രിസ്റ്റ്യന്‍ സെക്‌ടേറിയനിസത്തിന്റെ പേരില്‍ കോടികള്‍ മരിച്ച കാര്യം””The Man Kind the Mother Earth”’ എന്ന ഗ്രന്ഥത്തില്‍ വിഖ്യാത ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്‍ബി പറയുന്നു. ഇന്നത്തെ യൂറോപ്പ് ശാന്തമാണ്. പക്ഷേ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഷിയാ- സുന്നി പ്രശ്‌നങ്ങളുടെ ശരതല്‍പത്തില്‍ കിടന്ന് പുളയുന്നു. ഒരേ വിശുദ്ധ ഖുറാന്‍ (Holy Koran) വായിക്കുന്ന സുന്നി വിഭാഗവും, ഷിയാ വിഭാഗവും ഇന്നത്തെ ലോകത്ത് സൃഷ്ടിക്കുന്ന അരാജകത്വവും, രക്തപ്പുഴകളും ചെറുതല്ല.
ആവിഷ്‌കാര സ്വാതന്ത്ര്യം
സ്റ്റാലിനിസ്റ്റ് ആശയത്തില്‍ നി ന്ന് പ്രേരണനേടി തങ്ങള്‍ക്കെതിരെ എഴുതുന്നവരെ കൊന്നൊടുക്കുക എന്ന യുദ്ധതന്ത്രം, ഇന്നും ചൈനയിലും, മറ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും നടക്കുന്നു. കംപൂച്ചിയായിലെ പോള്‍പോട്ടും, ഇന്നത്തെ ചൈനീസ് ഭരണകൂടവും കലാകാരന്മാരെ കൂട്ടിലിട്ട് ചിറകരിഞ്ഞവരാണ്. പുടിന്‍ എന്ന റഷ്യന്‍ ഭരണാധികാരി കൊന്നൊടുക്കിയ പത്രപ്രവര്‍ത്തകരുടെ എണ്ണം കുറവല്ല. കേരളത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടുന്ന സി.പി.എം. തങ്ങളുടെ പഴയ സഹയാത്രികനായ കവി കെ.സി. ഉമേഷ് ബാബുവിനെതിരെ കത്തിയോങ്ങിയത് എത്ര തവണയാണ്? ടി.പിയുടെ അറുകൊലക്ക് ശേഷം പ്രതികരിച്ചവരെ സി.പി.എം തിരിച്ചടിച്ചു. എന്‍.പ്രഭാകരനും, വി.എസ്. അനില്‍കുമാറും, സി.വി.ബാലകൃഷ്ണനും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇന്ന് ഇസ്‌ലാമിക ലോകത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കുന്നത് ഇന്തോനേഷ്യയും മലയയും, മാത്രമാണ്. കേരളത്തില്‍ ബഷീറും, പുനത്തിലും എന്‍.പി.മുഹമ്മദും, കെ.ടി. മുഹമ്മദും, യൂസഫലി കേച്ചേരിയും, ചലച്ചിത്ര നടന്‍ പ്രേംനസീറും, മുഖ്യധാരാ മുസ്‌ലിം പണ്ഡിതവിഭാഗം വെറുക്കുന്നവരാണ്.
”നീയും, ഞാനും, എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന്, അവസാനം, നീ മാത്രമായി അവശേഷിക്കുവാന്‍ പോകുകയാണ്”. ബഷീറിന്റെ ‘അനര്‍ഘ നിമിഷം’ എന്ന വി ഖ്യാത കഥയുടെ തുടക്കമാണിത്. പല ഘട്ടങ്ങളിലായി നാല് തവണ ഞാന്‍ ബഷീറിനെ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തോട് വിശ്വാസത്തിന്റെ കാര്യം ചോദിച്ചപ്പോള്‍ ”ദൈവമയമാണ് ഈ പ്രപഞ്ചം എന്നും, ഹിന്ദുവില്ല, മുസ്‌ലിം ഇല്ല, ക്രിസ്ത്യാനിയില്ല, ബുദ്ധമതമില്ല, മനുഷ്യമതം മാത്രം” എന്നാണ് പറഞ്ഞത്. ബഷീര്‍ ”അനല്‍ ഹഖ്” എഴുതിയപ്പോള്‍ മുസ്‌ലിം പണ്ഡിത വിഭാഗം മുഴുവന്‍ എതിര്‍ത്തിരുന്നു. മന്‍സൂര്‍ അല്‍ ഹജ്ജാജ് എന്ന സൂ ഫി പണ്ഡിതനെ കൊന്ന് കഷ്ണങ്ങളാക്കി യൂഫ്രട്ടീസ് നദിയില്‍ ഒഴുക്കിയ സംഭവമാണീ കഥ പറയുന്നത്. ”ഞാന്‍ സത്യമാകുന്നു” (അനല്‍ ഹഖ്) എന്നില്‍ നിന്ന് വിട്ട് ദൈവത്തിന് അസ്തിത്വമില്ല എന്ന് ഉദ്‌ഘോഷിച്ചതാണ് മന്‍സൂര്‍ ചെ യ്ത തെറ്റ്. സൂഫികളുടെ ചിന്താസരണിയെ ഇന്നും, ഇറാനും ഇറാ ഖും മറ്റും അംഗീകരിക്കുന്നില്ല. ഖലീല്‍ ജിബ്രാന്റെ ”പ്രവാചകനും” ”യേശു മനുഷ്യപുത്രനും” ഇന്നും സൗദി അറേബ്യയില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു.
റുഷ്ദി
സല്‍മാന്‍ റുഷ്ദി “The Mid Night’s Children”അര്‍ദ്ധരാത്രിയുടെ സന്താനങ്ങള്‍) എന്ന കൃതിയിലൂടെ പ്രശസ്തനായി. ബുക്കര്‍ സമ്മാനത്തിന്റെ പിന്തുണയുള്ള ഈ നോവല്‍ മികച്ചത് എന്ന് ഞാന്‍ പറയില്ല. ഇന്ത്യന്‍ ഗ്രാമങ്ങളുടെ ശോച്യാവസ്ഥയും, ദാരിദ്ര്യവും, പട്ടിണിപ്പാവങ്ങളുടെ വിലാപവും, അല്‍പം പരിഹാസത്തോട് കൂടി അവതരിപ്പിച്ച് യൂറോപ്പില്‍ നിന്ന് കൈയ്യടി വാങ്ങുന്ന റുഷ്ദി ഒരു മസാലക്കൂട്ട് എഴുത്തുകാരനാണ്. ഇംഗ്ലീഷ് ഭാഷയില്‍ കാവ്യാത്മകമായി എഴുതാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. “”Satanic verses” (സാത്താന്റെ വചനങ്ങള്‍) 1988ല്‍ പുറത്തുവന്നപ്പോള്‍ കാശ്മീരിലും, പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലും, എതിര്‍പ്പുണ്ടായി. ഇന്ത്യയില്‍ ഈ പുസ്തകം രാജീവ്ഗാന്ധി നിരോധിച്ചു. യഥാര്‍ത്ഥത്തില്‍ ഡി. മിസ്റ്റിഫിക്കേഷനിലൂടെ മുഹമ്മദ് നബിയുടെ കാലഘട്ടത്തെ അവതരിപ്പിക്കുകയാണ് റുഷ്ദി ചെയ്തത്. ഈ നോവല്‍ വായിക്കാതെയാണ് പല രാജ്യങ്ങളും നിരോധിച്ചത്. കസാന്‍ദ് സാക്കീസും, ടോള്‍സ്റ്റോയിയും, ജിബ്രാനും, ഡി. മിസ്റ്റിഫൈ ചെയ്തിട്ടുണ്ട്. ഷിയാവിഭാഗത്തിന് സ്വാധീനമുള്ള ഇറാനിലെ പണ്ഡിതവിഭാഗം റുഷ്ദിയെ വധിക്കാന്‍ ശ്രമം നടത്തി. 1988ല്‍ പുറത്ത് വന്ന ഈ കൃതി ഇതിനകം ലോകമെമ്പാടും 25 ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. റുഷ്ദിയെ മുള്‍മുനയില്‍ നിര്‍ത്തിയ കാലഘട്ടം കഴിഞ്ഞു എന്നാണ് പലരും കരുതിയത്, പക്ഷേ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ ഒരു സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഒരു ഭീകരന്‍ 30 വര്‍ഷം മുന്‍പുള്ള പണ്ഡിത ഫത്ത്‌വ ഓര്‍മിച്ച് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചത്. ലോകമെമ്പാടുമുള്ള എഴുത്തുകാരും കലാകാരന്മാരും റുഷ്ദിയെ പോലുള്ള ഒരു വൃദ്ധനെ മാരകമായി കുത്തി മരണശയ്യയില്‍ കിടത്തിയതിനെതിരെ പ്രതിഷേധിച്ചു. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളില്‍ ഏതാണ്ട് എല്ലാവരും മൗനത്തിന്റെ തിരശ്ശീലക്ക് പിറകിലായിരുന്നു. സി.പി.എം. നാഴികയ്ക്ക് നാല്‍പത് വട്ടം ഗൗരീലങ്കേഷിന്റേയും, ഗോവിന്ദ് പന്‍സാരയുടേയും കാര്യം പറയുന്നു. അടുത്ത കാലത്ത് കണ്ണൂരില്‍ നടന്ന പാര്‍ട്ടി പ്ലീനത്തിലും, ”ഇന്ത്യയിലെ കലാകാരന്മാര്‍ മോദിയുടെ ഭരണത്തില്‍ സുരക്ഷിതരല്ല” എന്ന വിഷയത്തെ കുറിച്ച് പലരും സംസാരിച്ചിരുന്നു. എം.എ ബേബിയും മറ്റും അവ്യക്തമായി ചില കാര്യങ്ങള്‍ റുഷ്ദിക്ക് അനുകൂലമായി ആര്‍ക്കും മനസ്സിലാകാത്ത കോഡ് ഭാഷയില്‍ പറഞ്ഞു. എം.ടിയും എം. മുകുന്ദനും, ആസ്ഥാനകവിയും, നവ കമ്യൂണി സ്റ്റ് ബുദ്ധിജീവിയുമായ സച്ചിദാനന്ദനും ഇതേക്കുറിച്ച് ഒന്നും എഴുതിയില്ല. കേരളസാഹിത്യ അക്കാദമിയുടെ രാജവീഥിയില്‍ കാറ്റ് കൊണ്ടിരിക്കുന്ന സച്ചിദാനന്ദന് 50,000 രൂപ ശമ്പളവും, ഇന്നോവ കാറുമാണ് സി.പി.എം നല്‍കുന്നത്. ടി.പിയും, അരിയില്‍ ഷുക്കൂറും, ശുഹൈബും കൊല്ലപ്പെട്ടപ്പോള്‍ ഇടതു ഫാസിസവും, വലത് ഫാസിസവും ഒരുപോലെ അപകടമാണ് എന്ന് തലശ്ശേരിയില്‍ വെച്ച് സച്ചിദാനന്ദന്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിരുന്നു. കേരള സാഹിത്യ അക്കാദമിയിലെ ഉയര്‍ന്ന സ്ഥാനം തന്റെ അപാരമായ കഴിവിന്റെ സാക്ഷിപത്രമായി ഇടത് ആസ്ഥാനകവി സച്ചിദാനന്ദന്‍ കരുതുന്നുണ്ടോ? ”എനിക്ക് രാഷ്ട്രീയമില്ല, ആരുടേയും ഔദാര്യം പറ്റുന്നില്ല” എന്ന നാണം കെട്ട വര്‍ത്തമാനം പറയുന്ന ഈ ഇടത് ബുദ്ധിജീവി ആവശ്യത്തിന് രാഷ്ട്രീയം ഉപയോഗപ്പെടുത്തി ഉയര്‍ന്ന പദവികള്‍ നേടിയെടുത്തു. ”മോദിയുടെ അസഹിഷ്ണുത പടരുന്ന കാലത്ത് കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ മടക്കി ഏല്‍പ്പിക്കുന്നുവെന്ന് ഗീര്‍വാണം വിട്ടവരില്‍ സച്ചിദാനന്ദനും ഉണ്ടായിരുന്നു. പക്ഷേ മടക്കി കൊടുത്തവരില്‍ സാറാജോസഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ അക്കാദമി പ്രസിഡന്റ് സ്ഥാനം ഔദാര്യം തന്നെയല്ലേ? ഡോ. കെ.അയ്യപ്പപ്പണിക്കരും, സൂര്യാകൃഷ്ണമൂര്‍ത്തിയും, വി.സി. സ്ഥാനം കൈയ്യില്‍ കിട്ടിയിട്ടും അത് വേണ്ട എന്ന് വെച്ചു. വയലാര്‍ അവാര്‍ഡ് കെ. അയ്യപ്പപ്പണിക്കര്‍ വേണ്ട എന്ന് വെച്ചതും ഓര്‍ക്കേണ്ടതാണ്.
കേരളത്തിലെ സി.പി.എം. ബുദ്ധിജീവികളുടെ തലതൊട്ടപ്പന്മാരില്‍ ഒരാളായ പി.കെ.പോക്കര്‍ നവ ഇടതുപക്ഷം എന്ന തൊപ്പിയിട്ട് പു.കാ.സയുമായി ബന്ധപ്പെടാതെ വീട്ടില്‍ കുത്തിയിരിപ്പാണ്. കെ.ഇ.എന്‍ ജമാഅത്ത് ഇസ്‌ലാമിയുടെ വേദികളെ ഇളക്കിമറിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ വാണിദാസ് എളയാവൂര്‍, കെ.പി. രാമനുണ്ണി, പി. സുരേന്ദ്രന്‍ തുടങ്ങിയവരെ വേദികളില്‍ അണിനിരത്തി ബി.ജെ.പി.ക്കെതിരെ ആഞ്ഞടിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നു. ഇതിന് ഇരയായ കെ.ഇ.എന്‍ ഇപ്പോള്‍ സിപി.എം നിരീക്ഷണത്തിലാണ്. ഇറാനിലെ പെണ്‍കുട്ടികള്‍ ഇസ്‌ലാമിക ഫണ്ടമെന്റലിസത്തിനെതിരെ കാടിളക്കി മുന്നോട്ട് കുതിക്കുമ്പോള്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദും, സച്ചിദാനന്ദനും ബേബിയും അനങ്ങാപ്പാറകളായി ഇരിക്കുന്നത് മുസ്‌ലിം വെറുപ്പ് ഇടതുപക്ഷ വോട്ടിനെ ബാധിക്കുമോ എന്ന പേടികൊണ്ടാണ്. ഇസ്‌ലാമിക ലോകത്ത് ഫണ്ടമെന്റലിസം കൊടികുത്തി വാഴുന്ന സൗദി അറേബ്യയില്‍ ഇപ്പോള്‍ മാറ്റത്തിന്റെ ചെറുകാറ്റ് വീശുന്നു. പക്ഷേ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി, ഏ.പി. സുന്നി, വിഭാഗങ്ങള്‍ സൗദിയിലെ മാറ്റങ്ങളെ അംഗീകരിക്കുന്നില്ല, ഇറാനിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ തലയെടുപ്പ് അംഗീകരിക്കാത്ത കേരളത്തിലെ ഇടതുപക്ഷം താലിബാനിസത്തിനെതിരെ ഒരക്ഷരം പറഞ്ഞതായി അറിയില്ല.