വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഉപജ്ഞാതാവെന്ന നിലയ്ക്കാണ് കാറല്‍ മാര്‍ക്‌സിനെ എക്കാലത്തെയും തത്വചിന്തകനായി മാര്‍ക്‌സിസ്റ്റുകള്‍ അവതരിപ്പിക്കാറുള്ളത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെയും സാമൂഹ്യ പുരോഗതിയില്‍ അത് വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള മാര്‍ക്‌സിന്റെ കണ്ടുപിടിത്തങ്ങള്‍ മൗലികമാണെന്നു വിലയിരുത്തി ഇങ്ങനെയൊരു അതുല്യ പദവി മാര്‍ക്‌സിന് നല്‍കുന്നത് ശരിയായിരിക്കില്ല. ഗ്രീക്ക്-യൂറോപ്യന്‍ തത്വചിന്തയുടെ ആവിര്‍ഭാവവും വികാസ പരിണാമവും പഠിക്കുന്ന ഒരാള്‍ക്ക് മാര്‍ക്‌സിന്റെ ചിന്ത രൂപപ്പെട്ട ചരിത്രപശ്ചാത്തലവും, മാര്‍ക്‌സിന് ഏറ്റുമുട്ടേണ്ടിവന്ന മുന്‍ഗാമികളും സമകാലികരുമായ തത്വചിന്തകന്മാര്‍ ആരൊക്കെയെന്നും അന്വേഷിക്കുമ്പോള്‍ വൈരുദ്ധ്യാത്മക ഭൗതികവാദം മാര്‍ക്‌സിന്റെ സ്വന്തമാണെന്ന് അവകാശപ്പെടാനും കഴിയില്ല.
സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ വൈരുദ്ധ്യാത്മക ഭൗതികവാദവും മാര്‍ക്‌സ് കടംകൊണ്ടതാണ്. മാര്‍ക്‌സിന് 48 വര്‍ഷം മുന്‍പ് ജനിക്കുകയും 52 വര്‍ഷം മുന്‍പ് മരിക്കുകയും ചെയ്ത യൂറോപ്യന്‍ തത്വചിന്തകന്‍ ജോര്‍ജ് വില്‍ഹെം ഫ്രെഡറിക് ഹെഗല്‍ എന്ന മതപണ്ഡിതന്റെ ആശയമാണിത്. മാര്‍ക്‌സും മാര്‍ക്‌സിസ്റ്റു ചിന്തകന്മാരും ഇക്കാര്യം നിഷേധിക്കാറില്ലെങ്കിലും ഹെഗലിനെ തിരുത്തിയ മഹാനാണ് മാര്‍ക്‌സ് എന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. തലകുത്തിനിന്ന ഹെഗേലിയന്‍ വൈരുദ്ധ്യവാദത്തെ തല നേരെയാക്കി നിര്‍ത്തുകയാണ് തങ്ങള്‍ ചെയ്തതെന്ന് മാര്‍ക്‌സും ഏംഗല്‍സും പറഞ്ഞിട്ടുള്ളതാണ് അനുയായികള്‍ ആയുധമാക്കിയത്. ഹെഗലിനെ സമ്പൂര്‍ണമായി നിരാകരിച്ച് പുതിയൊരു തത്വചിന്ത രൂപപ്പെടുത്തുകയായിരുന്നു മാര്‍ക്‌സ് എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇങ്ങനെയൊരു തെറ്റിദ്ധാരണ സൃഷ്ടിക്കാനും വിശ്വസിപ്പിക്കാനും കഴിഞ്ഞത് തീര്‍ച്ചയായും മാര്‍ക്‌സിസ്റ്റുകളുടെ വിജയമാണ്. സൈദ്ധാന്തിക പദാവലികള്‍ ഉപയോഗിച്ച് സംഘടിതവും ആസൂത്രിതവുമായി നടത്തുന്ന പ്രചാരവേലകൊണ്ട് സത്യത്തെ നിഷ്പ്രഭമാക്കുകയും സത്യം പറയുന്നവരെ അവഗണിച്ച് ഒറ്റപ്പെടുത്തുകയും ചെയ്യുന്ന രീതിയുടെ വിജയമാണിത്.
മാര്‍ക്‌സ് തത്വചിന്തകനോ?
ഹെഗലിന്റെയും മാര്‍ക്‌സിന്റെയും തത്വചിന്തകള്‍ താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാനപരമായി വൈരുദ്ധ്യമല്ല, പൊരുത്തമാണ് ഇവ തമ്മില്‍ ഉള്ളതെന്ന് ബോധ്യമാവും. ഹെഗലിന്റെ ആശയങ്ങളില്‍ ചില മിനുക്കുപണികള്‍ മാത്രമാണ് മാര്‍ക്‌സ് നടത്തിയിട്ടുള്ളത്. മാര്‍ക്‌സിസത്തിന്റെ താത്വികാടിത്തറയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ഭൗതികവാദിയായിരുന്ന മാര്‍ക്‌സ് ഹെഗലില്‍നിന്ന് വൈരുദ്ധ്യാത്മ രീതി കടമെടുക്കുകയായിരുന്നു. പക്ഷേ ‘ആശയം’ അല്ല, വസ്തു അഥവാ പദാര്‍ത്ഥമാണ് പ്രപഞ്ചത്തിന്റെ സത്തയെന്ന് മാര്‍ക്‌സ് പറഞ്ഞു. വസ്തുവില്‍ ഉള്ളടങ്ങിയിരിക്കുന്ന വൈരുദ്ധ്യങ്ങളുടെ ഫലമായി അത് മാറ്റത്തിനു വിധേയമാകുന്നു. പുരോഗതിയുടെ ഏറ്റവും ഉന്നതമായ തലം നിലവില്‍ വരുന്നതുവരെ ഈ മാറ്റം തുടരും. ഇതാണ് മാര്‍ക്‌സ് പറയുന്നത്. ഇവിടെ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. മാര്‍ക്‌സ് പൂര്‍ണമായിത്തന്നെ ആശ്രയിക്കുന്ന വൈരുദ്ധ്യാത്മക രീതി കണ്ടുപിടിച്ചത് ഹെഗലാണ്. പ്രാഥമിക യാഥാര്‍ത്ഥ്യത്തെ ഉണ്‍മ, സങ്കല്‍പ്പം (തീസിസ്) ആയാണ് ഹെഗല്‍ കണ്ടത്. ഇതിനെതിരെ രൂപപ്പെടുന്ന പ്രതിസങ്കല്‍പ്പം (ആന്റി തീസിസ്). ഇതില്‍നിന്ന് ഉളവാകുന്ന സത്യത്തിന്റെ ഉയര്‍ന്ന തലം(സിന്തസിസ്). പൂര്‍വപക്ഷം-അപരപക്ഷം-ഉത്തരപക്ഷം എന്നൊക്കെ എം.പി.പരമേശ്വരനെപ്പോലുള്ള മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ ഭാരതീയ ദാര്‍ശനിക പദാവലികള്‍കൊണ്ട്(29) ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.
ഹെഗലിന്റെ രീതിയെ ‘വൈരുദ്ധ്യാത്മക ആശയവാദം’ എന്നു പേരിട്ട് വിളിച്ചശേഷം ഈ രീതിയെ അതേപടി സ്വീകരിച്ച് ‘വൈരുദ്ധ്യാത്മക ഭൗതികവാദം’ എന്നു വിശേഷിപ്പിക്കുകയാണ് മാര്‍ക്‌സ് ചെയ്തത്. ഹെഗലിനെ പോലെ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ഒരു രീതിശാസ്ത്രമെന്ന നിലയ്ക്ക് താത്വികമായി വിശദീകരിക്കാനുള്ള ശ്രമങ്ങള്‍ മാര്‍ക്‌സ് നടത്തിയിട്ടില്ല. ”ഒരു രീതിശാസ്ത്രമെന്ന നിലയ്ക്ക് മാര്‍ക്‌സ് വൈരുദ്ധ്യവാദത്തെ പ്രത്യേകമായി കൈകാര്യം ചെയ്യുകയുണ്ടായിട്ടില്ല” എന്ന് എം.പി. പരമേശ്വരന്‍ സമ്മതിക്കുന്നുണ്ട്.(30) പ്രകൃതിയിലെ വൈരുദ്ധ്യാത്മകതയെക്കുറിച്ചുള്ള രചന ഏംഗല്‍സിനും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ലെനിന്‍ ഇങ്ങനെയൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിന് തൃപ്തികരമായ വിശദീകരണമൊന്നും ലഭ്യമല്ല. വൈരുദ്ധ്യാത്മകത താത്വികമായി വിശദീകരിക്കുന്നതിനേക്കാള്‍ അത് പ്രയോഗിക്കുന്നതിനായിരുന്നല്ലോ മാര്‍ക്‌സിനും ഏംഗല്‍സിനും തിടുക്കം. ലെനിനാണെങ്കില്‍ വിപ്ലവം സംഘടിപ്പിക്കുന്നതിലും സോവിയറ്റ് യൂണിയന്‍ കെട്ടിപ്പടുക്കുന്നതിലുമുള്ള തിരക്കില്‍ ഇതിന് വേണ്ടത്ര സാവകാശം ലഭിച്ചിരിക്കില്ല. വൈരുദ്ധ്യാത്മക ഭൗതികവാദത്തെ താത്വികമായി വിശദീകരിക്കാന്‍ പോയാല്‍ കൂടുതല്‍ കുഴപ്പങ്ങളില്‍ ചെന്നു ചാടുമെന്ന് മാര്‍ക്‌സിന് തോന്നിയിട്ടുണ്ടാവാം. 2005 ല്‍ ബിബിസി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഇതേ മാര്‍ക്‌സിനെ ചരിത്രത്തിലെ ഏറ്റവും മഹാനായ തത്വചിന്തകനായി തെരഞ്ഞെടുത്തതിലെ വിരോധാഭാസം ചില മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ഇവിടെ ഓര്‍ക്കാം.
ഹെഗലിനെ തള്ളാതെയും കൊള്ളാതെയും
ഹെഗലിനെ തിരുത്തിയ ചിന്തകനായി മാര്‍ക്‌സിനെ പ്രതിഷ്ഠിക്കുന്നത് മാര്‍ക്‌സിനുപോലും സ്വീകാര്യമാവില്ല എന്നതാണ് രസകരം. മാര്‍ക്‌സിലൂടെയാണ് പലരും ഹെഗലിനെ കാണുന്നത്. എന്നാല്‍ ഹെഗലിനെ വന്‍തോതില്‍ ആശ്രയിക്കുന്ന മാര്‍ക്‌സിനെ കാണാതെ പോവുകയും ചെയ്യുന്നു. മാര്‍ക്‌സിന്റെ കൃതികളില്‍ ഈ സ്വാധീനം പ്രകടമാണ്. ഹെഗലിന്റെ വിമര്‍ശകരെപ്പോലും മാര്‍ക്‌സ് രോഷത്തോടെ നേരിടുന്നുണ്ട്. മൂലധനത്തിന്റെ ഒന്നാം വാള്യത്തില്‍ 1873 ല്‍ എഴുതിയ അനുബന്ധത്തിലും, 1866-70 കാലയളവില്‍ സുഹൃത്തുക്കള്‍ക്ക് എഴുതിയ കത്തുകളിലും ഹെഗലിനെ പുകഴ്ത്തുകയും ന്യായീകരിക്കുകയും ചെയ്യുന്ന മാര്‍ക്‌സിനെ കാണാം. ഹെഗലിന്റെ ആശയങ്ങളെയാണ് താന്‍ മറ്റൊരു തരത്തില്‍ ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് മാര്‍ക്‌സിനുണ്ടായിരുന്നു. ഹെഗല്‍ ആശയവാദിയും മാര്‍ക്‌സ് ഭൗതികവാദിയുമായിരുന്നു എന്ന പ്രസ്താവനകൊണ്ട് ലളിതമായി വിശദീകരിക്കാവുന്നതല്ല മാര്‍ക്‌സിന് ഹെഗലിനോടുള്ള ആശ്രിതത്വം. ”ഹെഗല്‍ തലകുത്തി നില്‍ക്കുകയാണ്. നിഗൂഢതയുടെ പുറംതോട് പൊട്ടിച്ച് സത്ത പുറത്തുകൊണ്ടുവരുന്നതിന് അത് തിരിച്ചാക്കേണ്ടതുണ്ട്” എന്നു മാര്‍ക്‌സ് പറഞ്ഞത് ഒരര്‍ത്ഥത്തില്‍ അനാവശ്യമായിരുന്നു. അത്ര നിഗൂഢതയൊന്നും അതിലില്ലെന്ന് ഹെഗലിന്റെ ആശയങ്ങള്‍ പഠിക്കുന്നവര്‍ സമ്മതിക്കും. ഹെഗലിന്റെ തത്വചിന്തയെ മുന്‍നിര്‍ത്തി താന്‍ മഹത്തായ ഒരു കാര്യം ചെയ്യുന്നു എന്നുവരുത്താന്‍ ഇങ്ങനെയൊരു പ്രസ്താവന മാര്‍ക്‌സിന് ആവശ്യമായിരുന്നിരിക്കാം. പറയാനുള്ളത് ഹെഗല്‍ പറഞ്ഞുകഴിഞ്ഞിരുന്നു. മറ്റൊരാള്‍ അതിനുമേല്‍ അടയിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.
”30 കൊല്ലം മുമ്പ് ഹെഗലിന്റെ വൈരുദ്ധ്യവാദം ഒരു ഫാഷനായിരുന്ന കാലത്ത്, അതിന്റെ ദുര്‍ഗ്രാഹ്യവശങ്ങളെ ഞാന്‍ വിമര്‍ശനത്തിനു വിധേയമാക്കുകയുണ്ടായി. എന്നാല്‍ ‘മൂലധന’ ത്തിന്റെ ഒന്നാംവാള്യം ഞാന്‍ എഴുതിക്കൊണ്ടിരുന്ന കാലത്ത് ഇന്ന് ജര്‍മനിയില്‍ വളരെയേറെ ഒച്ചപ്പാടുണ്ടാക്കുന്നവരും ധിക്കാരികളും രണ്ടാംതരക്കാരും ഭീരുക്കളുമായ ചില ആളുകള്‍ക്ക്-യോഗ്യനായ നേതാവിന്റെ അയോഗ്യരായ ശിഷ്യന്മാര്‍ക്കും-ലെസ്സിങ്ങിന്റെ കാലത്ത് ധീരനായ മോസസ് മെന്‍ഡല്‍സോണ്‍ എന്ന ദാര്‍ശനികന്‍ സ്പിനോസയോടു പെരുമാറിയപോലെ-അതായത് ഒരു ചത്ത പട്ടിയോടെന്നപോലെ-ഹെഗലിനോട് പെരുമാറുന്നത് ഒരു രസമായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് ഞാന്‍ ആ മഹാനായ ചിന്തകന്റെ ശിഷ്യനാണെന്നു പരസ്യമായി ആണയിട്ടു. എന്റെ പുസ്തകത്തില്‍ മൂല്യസിദ്ധാന്തത്തെക്കുറിച്ചുള്ള അധ്യായത്തില്‍ അങ്ങിങ്ങ്, വിശേഷിച്ചും ഹെഗലിന് സവിശേഷമായിരുന്ന ശൈലീപ്രയോഗം ഞാന്‍ ഉപയോഗിക്കുക പോലും ചെയ്തു. വൈരുദ്ധ്യവാദം ഹെഗലിന്റെ കൈയില്‍ ദുര്‍ഗ്രാഹ്യമാണെന്നതു നേരാണ്. എന്നാല്‍, വൈരുദ്ധ്യവാദം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സാമാന്യരൂപം സമഗ്രമായി ബോധപൂര്‍വം അവതരിപ്പിച്ച ആദ്യത്തെ ആള്‍ എന്ന ഹെഗലിന്റെ സ്ഥാനത്തിന് ആ പരിമിതിയൊന്നും പ്രതിബന്ധമാകുന്നില്ല. അദ്ദേഹത്തിന്റെ കൈയില്‍ വൈരുദ്ധ്യവാദം തലകുത്തി നില്‍ക്കുകയാണ്. ദുര്‍ഗ്രാഹ്യമായ അതിന്റെ പുറന്തൊണ്ടിന് അകത്തു കിടക്കുന്ന യുക്തിബദ്ധമായ കാതല്‍ കണ്ടുപിടിക്കാന്‍ അതിനെ വീണ്ടും തല മേലോട്ടായി തിരിച്ചുനിറുത്തണമെന്നേയുള്ളൂ.”(31)
യഥാര്‍ത്ഥത്തില്‍ തള്ളാനോ കൊള്ളാനോ കഴിയാത്ത ഒരു അവസ്ഥ ഹെഗലിന്റെ കാര്യത്തില്‍ മാര്‍ക്‌സിനുണ്ടായിരുന്നു എന്നുവേണം കരുതാന്‍. മൂലധനത്തിലെ ഈ പ്രസ്താവംതന്നെ ഇതിനു തെളിവാണ്. ഹെഗലിന്റെ ആശയങ്ങളോട് അടിസ്ഥാനപരമായി വിയോജിക്കുന്നു എന്നുപറയുമ്പോഴും 30 വര്‍ഷത്തിനുശേഷവും അതിന്മേലുള്ള മാര്‍ക്‌സിന്റെ ആഭിമുഖ്യത്തിന് കുറവൊന്നും വരുന്നില്ല.
തലകുത്തി നില്‍ക്കുന്നത് മാര്‍ക്‌സും
ഹെഗലിന്റെ വൈരുദ്ധ്യാത്മക രീതിക്കും അതിന്റെ ഗൂഢാത്മകതയ്ക്കും ചില കുറവുകളുണ്ട്. എന്നാല്‍ അത് ആദ്യമായി സമഗ്രമായും സചേതനമായും അവതരിപ്പിച്ചത് ഹെഗലാണെന്ന് മാര്‍ക്‌സ് സമ്മതിക്കുകയാണ്. ഹെഗലിന്റെ വൈരുദ്ധ്യാത്മക രീതിയെ ശക്തമായ അടിത്തറയില്‍ ഉറപ്പിക്കുകയായിരുന്നു മാര്‍ക്‌സെന്ന് പറയുന്നതില്‍തന്നെ വൈരുദ്ധ്യമുണ്ട്. കാരണം താന്‍ സ്വീകരിച്ച വൈരുദ്ധ്യാത്മക രീതി ഹെഗലിന്റേതിന് കടകവിരുദ്ധമാണെന്നും മാര്‍ക്‌സ് അവകാശപ്പെടുന്നു. ആരെങ്കിലും ഒരു ആശയത്തിന്റെ അടിസ്ഥാനപരമായ ഘടകത്തെ നിഷേധിച്ചുകൊണ്ട് അതിന് കൂടുതല്‍ വിശ്വാസ്യത നല്‍കിയെന്നു പറയുന്നത് യുക്തിസഹമാവില്ലല്ലോ.
ഹെഗലിനെക്കുറിച്ച് ‘മൂലധന’ത്തില്‍ പറയുന്ന കാര്യങ്ങള്‍ ഏറെക്കുറെ അതേ ഭാഷയില്‍ത്തന്നെ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുന്ന കത്തുകളിലും മാര്‍ക്‌സ് ആവര്‍ത്തിക്കുന്നു. മാര്‍ക്‌സിന്റെ പ്രസിദ്ധീകൃത രചനകളില്‍ ഈ കത്തുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അവയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. തന്നെയുമല്ല ഈ കത്തുകളയ്ക്കുന്നത് ഏംഗല്‍സിനെപ്പോലെ തന്റെ ചിരകാല ബൗദ്ധിക സുഹൃത്തുക്കള്‍ക്കാണ്. ഏംഗല്‍സിന് എഴുതിയ ഒരു കത്തില്‍ മാര്‍ക്‌സ് പറയുന്നത് ഇങ്ങനെയാണ്: ”മ്യൂസിയത്തില്‍ (ലൈബ്രറിയില്‍) കാറ്റലോഗുകള്‍ വെറുതെ മറിച്ചുനോക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാതിരുന്നപ്പോള്‍ ഡ്യൂറിംഗ് വലിയ തത്വചിന്തകനാണെന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചു. ഹെഗലിന്റെ കൃത്രിമമായ വൈരുദ്ധ്യാത്മകയ്‌ക്കെതിരെ സ്വാഭാവിക വൈരുദ്ധ്യത്തെക്കുറിച്ച് എഴുതിയതുകൊണ്ടാണിത്. ഹെഗലിന്റെ വൈരുദ്ധ്യാത്മകത ഒരു ചത്തപട്ടിയാണെന്ന് ഈ മാന്യന്‍ വിശ്വസിക്കുന്നു, ഫോയര്‍ബാഗാണ് ഇയാളുടെ തലയ്ക്കുള്ളില്‍.”
‘മൂലധന’ത്തില്‍ ഹെഗലിന്റെ അരസികന്മാരും അഹങ്കാരികളും നിലവാരമില്ലാത്തതുമായ ശിഷ്യന്മാരെക്കുറിച്ച് മാര്‍ക്‌സ് പറയുന്നുണ്ടല്ലോ. അതിലൊരാളാണ് ഈ ഡ്യൂറിംഗും. ഹെഗല്‍ വിരുദ്ധരായ ഇവര്‍ക്കൊപ്പം മാര്‍ക്‌സ് ഫോയര്‍ബാഗിനെയും പരാമര്‍ശിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഹെഗല്‍ കാലഹരണപ്പെട്ടവനാണെന്ന് കരുതിക്കൂട്ടി തള്ളിപ്പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മാര്‍ക്‌സ് ഇവിടെ പറഞ്ഞുവയ്ക്കുന്നു.
ജര്‍മന്‍ സാമൂഹ്യചിന്തകനും തന്റെ വിശ്വസ്തനുമായ ലുദ്‌വിംഗ് കൂഗെല്‍മാന് അയച്ച കത്തിലും മാര്‍ക്‌സ് ഡ്യൂറിംഗിനെ പരിഹസിക്കുന്നുണ്ട്. രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലെ വിപ്ലവകാരിയാണ് താനെന്ന് സ്വയം നടിക്കുന്ന അഹങ്കാരിയും ധിക്കാരിയുമായ ചെറുക്കനാണിവനെന്നും പറയുന്നു. ഹെഗലിനെ വിമര്‍ശിച്ചുകൊണ്ടും ദേശീയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും രണ്ട് പുസ്തകങ്ങളെഴുതുകയാണ് ഡ്യൂറിംഗ് ചെയ്തിട്ടുള്ളതെന്നും, ഇവ രണ്ടും താന്‍ കുഴിച്ചുമൂടിയതാണെന്നും മാര്‍ക്‌സ് പരിഹസിക്കുന്നു. തന്റെ പുസ്തകം ഡ്യൂറിംഗ് നിരൂപണം ചെയ്തത് വിദ്വേഷത്തോടെയാണെന്നും, വഞ്ചനയാണിതെന്നും മാര്‍ക്‌സ് കുറ്റപ്പെടുത്തുന്നു. ആശയവാദിയായ ഹെഗലില്‍നിന്ന് ഭൗതികവാദിയായ തന്റെ രീതി തികച്ചും വ്യത്യസ്തമാണെന്ന് അറിയാമായിരുന്നിട്ടും ഡ്യൂറിംഗ് വിമര്‍ശിക്കുന്നുവെന്നാണ് മാര്‍ക്‌സിന്റെ പരാതി. അവകാശപ്പെടുന്നതുപോലെ മാര്‍ക്‌സിന്റെ ചിന്തകള്‍ മൗലികമല്ലെന്നും ഹെഗലിനെ പിന്‍പറ്റുകയാണെന്നും അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു എന്നര്‍ത്ഥം.
ഹെഗലിന്റെ രീതി എല്ലാ വൈരുദ്ധ്യങ്ങളുടെയും അടിസ്ഥാനരൂപമാണെന്നു സമ്മതിക്കുമ്പോള്‍ തന്നെ തന്റേത് വ്യത്യസ്തമാണെന്നും, അതിനുകാരണം ഹെഗല്‍ ആശയവാദിയും താന്‍ ഭൗതികവാദിയും ആയതിനാലാണെന്നും ആവര്‍ത്തിക്കുകയാണ് മാര്‍ക്‌സ് ചെയ്യുന്നത്. പറയുന്ന കാര്യങ്ങളിലെ ഉറപ്പില്ലായ്മയാണ് ഈ അവ്യക്തതയ്ക്ക് ഇടയാക്കുന്നത്. കാറല്‍മാര്‍ക്‌സ് കൂഗെല്‍മാന് അയച്ച മറ്റൊരു കത്തിലും വൈരുദ്ധ്യാത്മക ഭൗതികവാദം സംബന്ധിച്ച തന്റെ ബുദ്ധിപരമായ അരക്ഷിതാവസ്ഥ പ്രകടിപ്പിക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് ഭൗതികവാദം തള്ളിയ ജര്‍മന്‍ തത്വചിന്തകന്‍ ഫ്രെഡറിക് ലാന്‍കെയെയാണ് ഈ കത്തില്‍ മാര്‍ക്‌സ് വിമര്‍ശിക്കുന്നത്. ഹെഗലിന്റെ വൈരുദ്ധ്യത്തെക്കുറിച്ചും അതില്‍ താന്‍ നടത്തിയ പ്രയോഗത്തെക്കുറിച്ചും ലാന്‍കെ പറയുന്നത് ബാലിശമാണെന്ന് മാര്‍ക്‌സ് വിമര്‍ശിക്കുന്നു. ഒന്നാമതായി, ഹെഗലിന്റെ രീതിയെക്കുറിച്ച് ലാന്‍കെയ്ക്ക് ഒന്നുമറിയില്ല. രണ്ടാമതായി, ഞാന്‍ അത് വിമര്‍ശനാത്മകമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. തന്നെ സംബന്ധിച്ചിടത്തോളം ജര്‍മന്‍കാരനായ ജൂതമതചിന്തകന്‍ മോസസ് മെന്‍ഡല്‍സോണിനെയാണ് ലാന്‍കെ ഓര്‍മിപ്പിക്കുന്നതെന്നും മാര്‍ക്‌സ് പറയുന്നു. ‘ആ ചത്തപട്ടിയായ സ്പിനോസയെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നു’ എന്നാണ് വൃഥാ ജല്‍പ്പനം നടത്തുന്ന ലാന്‍കെ ഒരിക്കല്‍ തത്വചിന്തകനും കലാനിരൂപകനുമായ ലെസ്സിംഗിനോട് ചോദിച്ചതത്രേ. ഇതുപോലെയാണ് ‘ചത്തപട്ടിയായ ഹെഗലി’നെ താനും ഏംഗല്‍സും ഉള്‍ക്കൊള്ളുന്നതില്‍ ലാന്‍കെ അത്ഭുതം പ്രകടിപ്പിക്കുന്നതെന്ന് മാര്‍ക്‌സ് പറയുന്നു. ഹെഗലിനെ താന്‍ പണ്ടേ കുഴിച്ചുമൂടിയതാണെന്ന വിചാരമാണ് ലാന്‍കെയ്ക്കും ഡ്യൂറിംഗിനും മറ്റുമുള്ളത്.
ഹെഗലിനോടുള്ള ലാന്‍കെയുടെ ബാലിശമായ സമീപനത്തെയും, ഹെഗലിന്റെ രീതിയെക്കുറിച്ചും അതില്‍ താന്‍ നടത്തിയ പ്രയോഗത്തെക്കുറിച്ചും ലാന്‍കെയ്ക്കുള്ള സമ്പൂര്‍ണ അജ്ഞതയെ പുച്ഛിക്കുകയാണ് മാര്‍ക്‌സ് ഇവിടെ ചെയ്യുന്നത്. ഹെഗലിനെ വിമര്‍ശിക്കുന്നു എന്ന കാരണത്താല്‍ ലാന്‍കെയെ ജല്‍പ്പനം നടത്തുന്നയാള്‍ എന്ന് അധിക്ഷേപിക്കാന്‍ പോലും മാര്‍ക്‌സ് മടിക്കുന്നില്ല. 1870 ലാണിത്. മൂന്നുവര്‍ഷം കഴിഞ്ഞ് മൂലധനത്തിന് എഴുതിയ അനുബന്ധത്തിലാണ് ‘ആ വലിയ ചിന്തകന്റെ ശിഷ്യനാണ് ഞാനെന്ന് പരസ്യമായി ഏറ്റുപറയുന്നു’ എന്ന് മാര്‍ക്‌സ് എഴുതിയത്. ഹെഗലിനോടുള്ള മാര്‍ക്‌സിന്റെ തീവ്രമായ ആഭിമുഖ്യമാണിത്.
ജര്‍മന്‍ സാമൂഹ്യ ചിന്തകനും പത്രപ്രവര്‍ത്തകനുമായ ജോസഫ് ഡൈറ്റ്ഡിജെനും മാര്‍ക്‌സ് ഒരു കത്തെഴുതുന്നുണ്ട്. ‘രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ’യുടെ ഭാരം ഒഴിവാകുമ്പോള്‍ ഞാന്‍ വൈരുദ്ധ്യാത്മകതയെക്കുറിച്ച് എഴുതുമെന്നാണ് ഇതില്‍ പറയുന്നത്. ”വൈരുദ്ധ്യാത്മകതയുടെ ശരിയായ നിയമം ഹെഗലില്‍ ഇപ്പോള്‍ തന്നെയുണ്ട്. പക്ഷേ അത് ഗൂഢമായ രൂപത്തിലാണെന്നു മാത്രം. ഈ രൂപം മാറ്റേണ്ടതുണ്ട്.” മൂലധനത്തിന്റെ രണ്ടാം വാള്യത്തിനുവേണ്ടി 1870കളില്‍ തയ്യാറാക്കിയ ഒരു കുറിപ്പിലും മാര്‍ക്‌സ് ഇതുതന്നെ ആവര്‍ത്തിക്കുന്നു. മൂലധനത്തിന്റെ ഒന്നാം വാള്യത്തെ ഡ്യൂറിംഗ് വിമര്‍ശിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ”ഹെഗലുമായുള്ള എന്റെ ബന്ധം വളരെ വ്യക്തമാണ്. ഞാന്‍ ഹെഗലിന്റെ ശിഷ്യനാണ്. ഈ മഹാനായ ചിന്തകനെ കുഴിച്ചുമൂടിയെന്ന് കരുതുന്ന ശിഷ്യന്മാരുടെ മര്യാദകെട്ട ജല്‍പ്പനങ്ങള്‍ അപലപനീയമാണ്. എന്റെ ഗുരുവിനോട് വിമര്‍ശനാത്മക സമീപനം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ എടുത്തിട്ടുണ്ട്. ഹെഗലിന്റെ വൈരുദ്ധ്യാത്മകതയില്‍ വലിയ മാറ്റം വരുത്തി നിഗൂഢതയുടെ ഭാരം കുറയ്ക്കുകയാണ് ഞാന്‍ ചെയ്തത്.” ഇതാണ് മാര്‍ക്‌സിന്റെ കുറിപ്പിലുള്ളത്. വിമര്‍ശിക്കുമ്പോഴും ഹെഗലിന്റെ ശിഷ്യനാണ് താനെന്ന് മാര്‍ക്‌സ് ഏറ്റുപറയുന്നു എന്നതാണ് ഇതിലെ കാര്യം. ഔപചാരികമായ കടപ്പാട് രേഖപ്പെടുത്തുന്നതിനുവേണ്ടിയാണ് ഹെഗലിന്റെ വിദ്യാര്‍ത്ഥിയെന്നും ശിഷ്യനെന്നുമൊക്കെ മാര്‍ക്‌സ് പറയുന്നതെന്ന മാര്‍ക്‌സിസ്റ്റുകളുടെ അവകാശവാദം തെറ്റാണെന്നു ചുരുക്കം.
ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍
ഹെഗലിന്റെ ആശയം ഉപയോഗിച്ച് താന്‍ നടത്തിയ കണ്ടുപിടുത്തത്തിന്റെ മഹത്വം വ്യക്തമാക്കാന്‍ ആധുനിക രസതന്ത്രത്തില്‍ ഫ്രഞ്ച് ശാസ്ത്രജ്ഞരായ അഗസ്റ്റെ ലോറന്‍സും ചാള്‍സ്് ഗെര്‍ഹാര്‍ട്ടും ചേര്‍ന്ന് വികസിപ്പിച്ച മോളിക്യൂളര്‍ തിയറി വച്ച് ചാള്‍സ് വുര്‍ട്‌സ് കണ്ടുപിടുത്തങ്ങള്‍ നടത്തിയതിനെ മാര്‍ക്‌സ് ഉദാഹരിക്കുന്നു. ഇവരില്‍ യഥാര്‍ത്ഥത്തില്‍ മഹാന്‍ വുര്‍ട്‌സ് ആണെന്നും, ഇതുപോലെയാണ് ഹെഗലിനെ അപേക്ഷിച്ച് താന്‍ മഹാനാകുന്നതെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് മാര്‍ക്‌സ്. എന്നാല്‍ ഹെഗലിന്റെ ചെലവില്‍ മാര്‍ക്‌സ് പേരെടുത്തതിനെ കൃത്യമായി വിശദീകരിക്കാന്‍ കഴിയുന്ന മറ്റൊരു ഉദാഹരണം, സസ്യങ്ങള്‍ക്കും ജീവനുണ്ടെന്ന് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞന്‍ ജെ.സി.ബോസിന്റെ ജീവിതത്തിലുണ്ട്. റേഡിയോയുടെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ടാണിത്. റേഡിയോ സാങ്കേതികവിദ്യയ്ക്കു പിന്നിലെ ശാസ്ത്രം ആദ്യമായി കണ്ടുപിടിച്ചതും വിജയകരമായി പരീക്ഷിച്ചതും പ്രദര്‍ശിപ്പിച്ചതും ജെ.സി.ബോസായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം ബോസിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച ഇറ്റലിക്കാരന്‍ മാര്‍ക്കോണിയാണ് റേഡിയോയുടെ ഉപജ്ഞാതാവായി ചരിത്രത്തില്‍ സ്ഥാനംപിടിച്ചത്. ഇതുപോലെ ഹെഗലിന്റെ കണ്ടുപിടുത്തം മാര്‍ക്‌സും സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നുവല്ലോ.
അഹങ്കാരികളും മുരടന്മാരുമായ ഹെഗലിന്റെ വിമര്‍ശകരെ കഠിനമായി നിന്ദിക്കുന്ന മാര്‍ക്‌സ് മറ്റൊരാളെ പുകഴ്ത്തുന്നത് വിചിത്രമായി തോന്നും. ജര്‍മന്‍ നരവംശ ശാസ്ത്രജ്ഞനും തത്വചിന്തകനുമായ ലുദ്‌വിംഗ് ഫോയര്‍ബാഗ് ആണിത്. ഹെഗലിന്റെ തത്വചിന്തയെ വിമര്‍ശിക്കാന്‍ മാര്‍ക്‌സ് വളരെയധികം ആശ്രയിക്കുന്നത് ഫോയര്‍ബാഗിനെയാണ്. മാര്‍ക്‌സ് ദീര്‍ഘമായിത്തന്നെ ഫോയര്‍ബാഗിനെ ഉദ്ധരിക്കുന്നുണ്ട്. ”ഹെഗലിന്റെ വൈരുദ്ധ്യാത്മകതയോട് ഗൗരവമുള്ള വിമര്‍ശനരീതി സ്വീകരിക്കുകയും, ശരിയായ കണ്ടെത്തലുകള്‍ നടത്തുകയും ചെയ്തത് ഫോയര്‍ബാഗ് മാത്രമാണ്. പഴഞ്ചന്‍ തത്വചിന്തയെ കീഴടക്കിയയാള്‍. കാപട്യമില്ലാത്ത ലാളിത്യത്തിനൊപ്പം ലോകത്തിന് നല്‍കിയ നേട്ടങ്ങളും ഫോയര്‍ബാഗിനെ മറ്റുള്ളവരുടെ (ഹെഗല്‍ വിമര്‍ശകരുടെ) എതിര്‍ദിശയില്‍നിര്‍ത്തുന്നു” (32) എന്നാണ് മാര്‍ക്‌സ് എഴുതുന്നത്. ഫോയര്‍ബാഗിന്റെ ‘ക്രിസ്തുമതസാരം'(ഋലൈിരല ീള രവൃശേെശമിശ്യേ) എന്ന കൃതിയെ വാഴ്ത്തിക്കൊണ്ട് ഏംഗല്‍സും ആഹ്ലാദം കൊള്ളുന്നു. ഹെഗലിനോടു സ്വീകരിച്ച വിമര്‍ശനാത്മകമായ സമീപനത്തിന്റെ പേരില്‍ ആത്മപ്രശംസ നടത്തുന്ന മാര്‍ക്‌സ് ഹെഗലിനെ വിമര്‍ശിക്കാനും മറ്റൊരാളെ കൂട്ടുപിടിച്ചു എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്.
വാസ്തവത്തില്‍ മാര്‍ക്‌സിന്റെ ഒരുതരം ബൗദ്ധിക കസര്‍ത്തായിരുന്നു ഇതെല്ലാം എന്നാണ് കരുതേണ്ടത്. ഹെഗലിനോട് താത്വികമായി വിയോജിക്കേണ്ടത് അത്ര ഗൗരവമുള്ള കാര്യമാണെന്ന് തോന്നുന്നില്ല. ഭാരതീയ ഋഷിമാരെപ്പോലെ പ്രപഞ്ച രഹസ്യം തേടിയുള്ള അന്വേഷണമൊന്നുമല്ല ഹെഗല്‍ നടത്തിയിട്ടുള്ളത്. ആത്മസാക്ഷാത്ക്കാരത്തിന്റെ മാര്‍ഗം ഹെഗലിന് അന്യവും അജ്ഞാതവുമായിരുന്നു. ക്രിസ്തുമതത്തെ വിമര്‍ശനാത്മകമായി സമീപിക്കുകയും, യേശുവിനെ മര്‍ത്യാവസ്ഥയെ പുണര്‍ന്നു നില്‍ക്കുന്ന അമര്‍ത്യതയുടെ മാധ്യമമായി കാണുകയുമാണ് ഹെഗല്‍ ചെയ്തത്. യൂറോപ്യന്‍ തത്വചിന്തയുടെ പിതാമഹനായി കരുതാവുന്ന ഇമ്മാനുവല്‍ കാന്റ് രൂപംകൊടുത്ത ശുദ്ധ ആശയവാദത്തില്‍നിന്ന് വൈരുദ്ധ്യാത്മക ആശയവാദത്തിന് രൂപംകൊടുത്തയാളെന്ന ചരിത്രപരമായ പ്രസക്തി ഹെഗലിനുണ്ട്.
ഭാരതീയ ദര്‍ശനങ്ങളോട് തീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന ജര്‍മന്‍ തത്വചിന്തകന്‍ ആര്‍തര്‍ ഷോപ്പനോവര്‍, ഹെഗലിന്റെ തത്വചിന്തയുടെ നിശിത വിമര്‍ശകനായിരുന്നു. ഒരു തലമുറയുടെ മനസ്സിനെ മുഴുവന്‍ താളംതെറ്റിച്ച തട്ടിപ്പുകാരന്‍ ആയാണ് ഹെഗലിനെ ഷോപ്പനോവര്‍ കണ്ടത്. ”വാക്കുകള്‍കൊണ്ട് ഹെഗല്‍ നിര്‍മിച്ച അര്‍ത്ഥശൂന്യമായ വല നേരത്തെ ഭ്രാന്താലയങ്ങളില്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂവെന്നും ഷോപ്പനോവര്‍ പരിഹസിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ വിഖ്യാത ചിന്തകനും കപടീകരണ സിദ്ധാന്തത്തിന്റെ (Theory of Falsification) ഉപജ്ഞാതാവുമായ കാള്‍ പോപ്പറും ലോകത്തിന് വലിയ നാശം വരുത്തിവച്ചയാളായാണ് ഹെഗലിനെ കണ്ടത്. നാസി പ്രത്യയശാസ്ത്രത്തിന്റെ ക്രൂരതകള്‍ക്ക് താത്വികമായ അടിത്തറ പാകിയത് ഹെഗല്‍ ആയിരുന്നുവെന്നാണ് കാള്‍ പോപ്പര്‍ പറഞ്ഞിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ വിഖ്യാത യൂറോപ്യന്‍ ചിന്തകന്‍ ബെര്‍ട്രാന്റ് റസ്സലും ഹെഗലിന്റെ ചിന്തയെ അംഗീകരിച്ചില്ല. തത്വചിന്തയുടെ പരിധിയില്‍ ഒതുങ്ങുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ മാത്രമാണ് ഹെഗലും മാര്‍ക്‌സും തമ്മിലുള്ളത്. ചരിത്രത്തെ വക്രീകരിക്കുന്ന സിദ്ധാന്തങ്ങളുടെ അടിസ്ഥാനം അജ്ഞതയും വസ്തുതകളെ വളച്ചൊടിക്കാനുള്ള കഴിവുമാണെന്നും, ഹെഗലും മാര്‍ക്‌സും ഈ രണ്ട് യോഗ്യതകളും തികഞ്ഞവരാണെന്നും റസ്സല്‍ പ്രഖ്യാപിച്ചതാണ് ശരി.
(തുടരും)
അടിക്കുറിപ്പുകള്‍
29. വൈരുദ്ധ്യാത്മക ഭൗതികവാദം, എം.പി. പരമേശ്വരന്‍, ചിന്ത പബ്ലിഷേഴ്‌സ്
30. Ibid
31. മൂലധനം (ഒന്നാം വാള്യം), കാറല്‍ മാര്‍ക്‌സ്, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം.
32. Economic and Philosophical Manuscript of 1844, Karl Marx
നാലാം ഭാഗം വായിക്കുവാന്‍ https://kesariweekly.com/31807 സന്ദര്‍ശിക്കുക