സാമൂഹ്യ പുരോഗതിയില്‍ ക്ഷേത്രങ്ങള്‍ക്ക് സുപ്രധാന പങ്ക് -ഇന്ദിര കൃഷ്ണകുമാര്‍
കോഴിക്കോട്: സാമൂഹ്യ പുരോഗതിയില്‍ ക്ഷേത്രങ്ങള്‍ക്ക് സുപ്രധാനമായ പങ്കുണ്ടെന്ന് റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഇന്ദിര കൃഷ്ണകുമാര്‍. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കേസരി ഭവനില്‍ സംഘടിപ്പിച്ച സര്‍ഗ്ഗസംവാദത്തില്‍ ‘ക്ഷേത്രകേന്ദ്രീകൃത സാമൂഹ്യജീവിതത്തിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ക്ഷേത്രങ്ങള്‍ പകര്‍ന്നു നല്‍കുന്ന മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനാകണം ഭരണസമിതി പ്രാധാന്യം നല്‍കേണ്ടത്. ദേവസ്വം എന്നത് മഹത്തായ വാക്കാണ്. എന്നാല്‍ ഈ കാലഘട്ടത്തില്‍ അത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതിഷേധം തോന്നുന്ന അവസ്ഥയുണ്ട്. ദേവസ്വം ഭരണം വിശ്വാസികള്‍ക്ക് നല്‍കണം. ക്ഷേത്രമെന്നത് വരവ് ചെലവ് കണക്കുകള്‍ നോക്കി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമല്ലെന്നും അവര്‍ പറഞ്ഞു.
മനുഷ്യന്റെ ജീവിതാഭിവൃദ്ധിക്ക് ആവശ്യമായ എല്ലാ തലങ്ങളെയും പരിപോഷിപ്പിക്കുന്ന ആദ്ധ്യാത്മിക കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നതില്‍ ക്ഷേത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രോവിഡന്‍സ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ ബിന്ദു ആമാട്ട് അധ്യക്ഷയായി. സബിത പ്രഹ്‌ളാദന്‍, ബീന സന്തോഷ് എന്നിവര്‍ സംസാരിച്ചു. കുമാരി ഗൗരി കൃഷ്ണ പ്രാര്‍ത്ഥന ആലപിച്ചു. തുടര്‍ന്ന് വേദിയില്‍ ആറ്റുവാശ്ശേരി മോഹനന്‍ പിള്ളയുടെ നേതൃത്വത്തില്‍ സംഗീത സദസ്സ് നടന്നു.
പുരുഷാര്‍ത്ഥങ്ങളില്‍ ശ്രേഷ്ഠം ധര്‍മ്മം -ഡോ.ലക്ഷ്മി വിജയന്‍
കോഴിക്കോട്: ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളില്‍ ശ്രേഷ്ഠം ധര്‍മ്മമാണെന്ന് ഡോ. ലക്ഷ്മി വിജയന്‍ പറഞ്ഞു. നവരാത്രി സര്‍ഗ്ഗസംവാദത്തില്‍ ‘വിശ്വവ്യാപകമാകുന്ന സനാതനധര്‍മ്മം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ധര്‍മ്മത്തിന്റെ പ്രഭു അച്യുതനാണ്. അച്യുതന്‍ എന്നതിനര്‍ത്ഥം നാശമില്ലാത്തവന്‍ എന്നാണ്. ധര്‍മ്മം സനാതനമാണെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. അഡ്വ. ജിഷ പള്ളിക്കര അദ്ധ്യക്ഷയായി. രജനി സുധീഷ്, ശുഭ പി.സി എന്നിവര്‍ സംസാരിച്ചു. കുമാരി നിവേദിത സുധീഷ് പ്രാര്‍ത്ഥന ആലപിച്ചു. തുടര്‍ന്ന് സര്‍ഗ്ഗോത്സവ വേദിയില്‍ മനുരാജും സംഘവും അവതരിപ്പിച്ച സുവര്‍ണ്ണഗീതങ്ങള്‍ അരങ്ങേറി. നൃത്താര്‍ച്ചന, ലളിതഗാന മത്സരം എന്നിവയും നടന്നു.
ഭാരതീയ സ്ത്രീത്വം ആത്മവീര്യത്തിന്റെ പ്രതീകം -ഡോ. ലക്ഷ്മി ശങ്കര്‍
കോഴിക്കോട്: ഭാരതീയ സ്ത്രീത്വം ആത്മവീര്യത്തിന്റെ പ്രതീകമാണെന്ന് ഡോ. ലക്ഷ്മി ശങ്കര്‍. നവരാത്രി സര്‍ഗ്ഗസംവാദത്തില്‍ ‘ആത്മവീര്യത്തിന്റെ സ്ത്രൈണ ഭാവങ്ങള്‍ മഹാഭാരത നായികമാരില്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മഹാഭാരതത്തിലുടനീളം ശക്തമായ സ്ത്രീ ഭാവങ്ങള്‍ കാണാം. ഭാരതീയ പാതിവ്രത്യ സങ്കല്പം പതിയോടുള്ള ധര്‍മ്മം മാത്രമല്ല. മറിച്ച് നാടിന്റെ സംസ്‌കാരത്തോടും മൂല്യങ്ങളോടുമുള്ള താദാത്മ്യം കൂടി ഉള്‍ച്ചേര്‍ന്നതാണ് അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭാഗവത വിദുഷി ആനന്ദവല്ലി അങ്ങേപ്പാട്ട് അദ്ധ്യക്ഷയായി. കെ. സോന, ഷിനി രാജേഷ് എന്നിവര്‍ സംസാരിച്ചു. വൃന്ദ ലക്ഷ്മി പ്രാര്‍ത്ഥന ആലപിച്ചു. തുടര്‍ന്ന് സര്‍ഗ്ഗോത്സവ വേദിയില്‍ ദ്യുതി സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നേതൃത്വത്തില്‍ ലാസ്യകേളി അരങ്ങേറി.
ഭാരതത്തിന്റേത് പ്രകൃതിയെ പരിഗണിച്ച ഋഷിസംസ്‌കാരം- ആഷാമേനോന്‍
കോഴിക്കോട്: പ്രകൃതിയെ പരിഗണിച്ച ഋഷിസംസ്‌കാരമാണ് ഭാരതത്തിന്റേതെന്ന് പ്രശസ്ത സാഹിത്യനിരൂപകന്‍ ആഷാമേനോന്‍. നവരാത്രി സര്‍ഗ്ഗോത്സവത്തോടനുബന്ധിച്ചുള്ള സര്‍ഗ്ഗസംവാദത്തില്‍ ‘വേദങ്ങളിലെ പരിസ്ഥിതിദര്‍ശനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് സംസ്‌കാരങ്ങള്‍ മനുഷ്യനില്‍ മാത്രം കേന്ദ്രീകരിച്ചപ്പോള്‍ സകലജീവജാലങ്ങളും പരിസ്ഥിതിയും ഉള്‍പ്പെടെയുള്ള പഞ്ചഭൂതാത്മകസത്തയെയാണ് ഭാരതീയ സംസ്‌കാരം പരിഗണിച്ചത്.
ഋഗ്വേദത്തിലെ ഗീതങ്ങള്‍ നിഷ്‌കളങ്കവും നിരുപാധികവുമാണ്. സാമവേദത്തിലൂടെ ഉരുത്തിരിഞ്ഞ നമ്മുടെ സംഗീതം എന്നും ശമാത്മകവും സ്വസ്ഥി തരുന്നതുമാണ്. യോഗയും ഗായത്രീമന്ത്രവുമൊക്കെ ഹൈന്ദവം എന്നതിലുപരി മാനുഷികമാണ്. ആസ്തിക്യം പരിസ്ഥിതിദര്‍ശനവുമായി ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നു. ശ്രുതിബദ്ധമായ ഏതും പരിസ്ഥിതിയാണെന്നു പറയാം. ഭൂമിയില്‍ നിന്ന് വന്ന് ഭൂമിയിലേക്ക് തന്നെ മടങ്ങിയ സീതാദേവിയാണ് നമ്മുടെ പാരിസ്ഥിതിക ദേവത. ഭാരതേതിഹാസങ്ങളില്‍ തന്നെ രാമായണത്തില്‍ മാത്രമേ അത്തരമൊരു സങ്കല്‍പമുള്ളൂ. മിതത്വമാണ് ഏറ്റവും അടിസ്ഥാനപരമായ പാരിസ്ഥിതിക പാഠം എന്നും അദ്ദേഹം പറഞ്ഞു.
കവയിത്രി ശ്രീരമ ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുജാത ജയഭാനു സ്വാഗതവും ലക്ഷ്മിദേവി നന്ദിയും പറഞ്ഞു. ആര്യ നന്ദ പ്രാര്‍ത്ഥന ആലപിച്ചു. മഹാകവി കുമാരനാശാന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യത്തെ അടിസ്ഥാനപ്പെടുത്തി ഡോ. മധു മീനച്ചില്‍ രചിച്ച നൃത്ത നാടകം, ഭജന, വീണക്കച്ചേരി എന്നീ പരിപാടികളും നടന്നു.
ഭാരതം മുന്നോട്ടു വെക്കുന്നത് സ്ത്രീത്വത്തെ ആദരിക്കുന്ന സംസ്‌കാരം–പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ്
കോഴിക്കോട്: സ്ത്രീത്വത്തെ ആദരിക്കുന്ന പാരമ്പര്യമാണ് ഭാരതത്തിന്റേതെന്ന് ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ്. നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
രമാപതി, സീതാപതി എന്നൊക്കെ ഭഗവാന്മാരെ വിശേഷിപ്പിക്കുന്ന രീതി ഇവിടെ മാത്രമേ ഉള്ളൂ. സരസ്വതി ആശയവിനിമയത്തിന്റെ കൂടി ദേവതയാണ്. ആശയവിനിമയത്തിന്റെ പ്രസക്തി തിരിച്ചറിയേണ്ട കാലമാണിത്. ഭാരതം എന്നും ശാസ്ത്രത്തിന്റെ പുരോഗതിയോട് ആഭിമുഖ്യം കാണിച്ചിട്ടുണ്ട്. മറിച്ചുള്ള ആരോപണം ശരിയല്ലെന്നും അവര്‍ പറഞ്ഞു.
ലോകത്തെ സഹിഷ്ണുത പഠിപ്പിച്ച രാഷ്ട്രമാണ് ഭാരതമെന്ന് പരിപാടിയില്‍ സംസാരിച്ച കേരള പി.എസ്.സി. മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.
വാക്കുകള്‍ പോരാടാനുള്ള വാളുകളല്ലെന്ന് ഭാരതം ഉദ്‌ഘോഷിച്ചു. ശങ്കരാചാര്യര്‍ വാക്കുകള്‍ ഉപയോഗിച്ചതു പൊരുതാനല്ല, മറ്റുള്ളവര്‍ക്കു കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനാണ്. താന്‍ പറയുന്നതല്ലാതെ മറ്റാരും പറയുന്നതു ശരിയല്ലെന്ന നിലപാട് അപകടകരമാണ്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ജാഗ്രത പുലര്‍ത്തണം. ഇതാണു സഹിഷ്ണുതയുടെ രാജ്യം. ആരെയെങ്കിലും മാറ്റിനിര്‍ത്തുന്നതു ഭാരതീയമായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകമതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടിയത് ഒഴിവാക്കല്‍ എന്ന ആശയമില്ലാത്ത മതത്തെയാണു താന്‍ പ്രതിനിധാനം ചെയ്യുന്നത് എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവരാത്രി സര്‍ഗ്ഗോത്സവ സമിതി ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം പ്രശസ്ത തോല്‍പ്പാവക്കൂത്ത് കലാകാരന്‍ രാമചന്ദ്ര പുലവര്‍ക്ക് പി.ടി.ഉഷ എം.പി. സമ്മാനിച്ചു. രാഷ്ട്രപതി ഭവന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ടി.രതി അധ്യക്ഷത വഹിച്ചു. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍, കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍, രാമചന്ദ്ര പുലവര്‍ എന്നിവര്‍ പ്രസംഗിച്ചു. സുകന്യ മോഹന്‍ സ്വാഗതവും പി.ബാലഗോപാലന്‍ നന്ദിയും പറഞ്ഞു. കുമാരി മീര പ്രാര്‍ത്ഥന ആലപിച്ചു. തുടര്‍ന്ന് ഡോ. സുധ രഞ്ജിത്ത് സംഗീതക്കച്ചേരി അവതരിപ്പിച്ചു.
തുടര്‍ന്ന് രാമചന്ദ്ര പുലവരും സംഘവും തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ചു.
ശ്രദ്ധയാകര്‍ഷിച്ച് കോഴിക്കോട് പുസ്തകോത്സവം
കോഴിക്കോട്: നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി കേസരി ഭവനില്‍ പത്ത് ദിവസം നീളുന്ന പുസ്തകോത്സവം സംഘടിപ്പിച്ചു. പ്രമുഖ പ്രസാധകര്‍ അണിനിരന്ന പുസ്തകോത്സവ വേദിയില്‍ നിരവധി പുസ്തക ചര്‍ച്ചകളും അഭിമുഖങ്ങളും നടന്നു. സിനിമാതാരം വിധുബാല, ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ്, ഡോ. കെ.എസ്.രാധാകൃഷ്ണന്‍, ഡോ: ഇ ബാലകൃഷ്ണന്‍, തിരൂര്‍ ദിനേശ്, കെ.എം. നരേന്ദ്രന്‍, യു.കെ. കുമാരന്‍, എം. ശ്രീഹര്‍ഷന്‍, പി.പി. ശ്രീധരനുണ്ണി, പി.ആര്‍. നാഥന്‍, കെ.ജി. രഘുനാഥ് എന്നിവരുമായി വിവിധ ദിവസങ്ങളില്‍ അഭിമുഖങ്ങള്‍ നടന്നു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഷാബു പ്രസാദ്, എ.കെ. അനുരാജ്, സി.എം. രാമചന്ദ്രന്‍, ഹരീഷ് കടയപ്രത്ത്, കാവാലം ശശികുമാര്‍ എന്നിവര്‍ അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കി.