വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ധ്രുതഗതിയിലുള്ള വളര്‍ച്ചയേയും ആശാവഹമായ അവിടുത്തെ മാറ്റങ്ങളേയും കുറിച്ച് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത്ഷാ ഗുവാഹത്തിയില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ പ്രസംഗിച്ചത് ലോകം ശ്രദ്ധയോടെ കേട്ടു. 2014ന് ശേഷം അവിടെ സംഭവിച്ച മാറ്റങ്ങള്‍ ഒന്നൊന്നായി തന്റെ പ്രസംഗത്തില്‍ അമിത് ഷാ എടുത്തു പറഞ്ഞു. വടക്ക് കിഴക്കന്‍ പ്രദേശങ്ങളെ അറിയപ്പെടാത്ത സ്വര്‍ഗ്ഗം എന്നാണു ടൂറിസം മാപ്പില്‍ വിശേഷിപ്പിക്കുന്നത്. അത് സത്യമായിരുന്നു. കാരണം വടക്ക് കിഴക്കന്‍ മേഖലയെക്കുറിച്ചു പൊതുവെ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് ആര്‍ക്കും വലിയ അറിവില്ലായിരുന്നു. എന്നാല്‍ അല്പമെങ്കിലും അറിവുള്ളവരാകട്ടെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വടക്ക് കിഴക്കന്‍ മേഖലയെക്കുറിച്ചു പരിഭ്രാന്തി പരത്താനാണ് ശ്രമിച്ചത്. ‘പറക്കുന്നതില്‍ വിമാനം ഒഴികെ ഓടുന്നതില്‍ മോട്ടോര്‍ വാഹനങ്ങളൊഴികെ എല്ലാറ്റിനെയും തിന്നുന്നവര്‍’ എന്നൊരു ചൊല്ലുതന്നെ മറ്റു സംസ്ഥാനക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിവാസികളെക്കുറിച്ചു തമാശയായി പറയാറുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിന്റേയും ചൊല്‍പ്പടിയ്ക്ക് നില്‍ക്കാത്ത ഐപിഎസ് ഓഫീസര്‍മാര്‍ക്കും ഐഎഎസ് ഓഫീസര്‍മാര്‍ക്കും പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ കൊടുക്കാന്‍ വേണ്ടി ഒരു മേഖല എന്നായിരുന്നു പൊതുവെ ഡല്‍ഹിയിലെ ഭരണസിരാകേന്ദ്രങ്ങളില്‍ അടക്കംപറച്ചില്‍.
അത്രത്തോളം ഭീകരമായിരുന്നു വടക്ക് കിഴക്കന്‍ മേഖലകളുടെ 2014 വരെയുള്ള ചരിത്രം. 2014-വരെയുള്ള കാലഘട്ടത്തില്‍ ഭരണത്തില്‍ എത്തിയ സംസ്ഥാന സര്‍ക്കാറുകളും, കേന്ദ്ര സര്‍ക്കാരില്‍ വാജ്പേയി ഭരിച്ച കാലഘട്ടമൊഴികെയുള്ള സര്‍ക്കാറുകളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ബന്ദിന്റെയും ഹര്‍ത്താലിന്റെയും ഭൂമിയാക്കി മാറ്റി. എന്നാല്‍ അതേ സമയം വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും തേയിലയും കല്‍ക്കരിയും പെട്രോളിയവും അനുസ്യൂതം ഭാരതത്തിന്റെ ഇതരഭാഗങ്ങളിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. ബ്രിട്ടന്‍ ഇന്ത്യയെ കോളനിയാക്കി ഭരിച്ചപ്പോള്‍ ഇന്ത്യ വടക്കു കിഴക്കന്‍മേഖലയെ തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി കോളനിവല്‍ക്കരിച്ചിരിക്കുകയാണ് എന്നായിരുന്നു വിഘടനവാദികളുടെ വാദം. അവര്‍ക്ക് അതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ത്യാ വിരുദ്ധ രാജ്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഭാരതത്തെ അധിനിവേശ ശക്തിയായി കാണുന്ന ഒരു മനോഭാവം ഉടലെടുത്തത്. അതിന്റെ ഫലമായി ഭാരതത്തോടുള്ള വിരോധം വെറുപ്പാക്കി മാറ്റുന്നതില്‍ വിഘടനവാദികള്‍ വിജയിച്ചപ്പോള്‍ ”ഇന്ത്യന്‍ ഡോഗ്‌സ് ഗോ ബാക്ക്” എന്ന മുദ്രവാക്യം സാധാരണ ചുമരെഴുത്തായി മാറി. ആഗോള സാഹചര്യങ്ങള്‍ ശരിക്ക് ഉപയോഗപ്പെടുത്തിയാല്‍ അന്തര്‍ രാജ്യ വാണിജ്യ ബന്ധങ്ങളുടെ സിരാകേന്ദ്രം ആകേണ്ടിയിരുന്ന വിവിധ വിദേശ രാജ്യങ്ങളോടൊപ്പം അതിര്‍ത്തി പങ്കിടുന്ന വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ പൊതുജീവിതത്തില്‍ ശാന്തിയും, സമാധാനവും ഇല്ലാതെ സാംസ്‌കാരിക വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ്ണമായും പിന്തള്ളപ്പെട്ടു. 2014-വരെ വിദ്യാഭ്യാസമേഖലയില്‍ വടക്ക് കിഴക്ക് മേഖല സമ്പൂര്‍ണ്ണ പരാജയമായ നാളുകളായിരുന്നു.
അങ്ങനെയിരിക്കുന്ന സമയത്താണ് പൊതുജനത്തിന്റെ മനസ്സുകവരുന്ന പുത്തന്‍ പ്രവര്‍ത്തന ശൈലിയും, മുദ്രാവാക്യങ്ങളുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വടക്കുകിഴക്കന്‍ മേഖലയെ മുഖ്യധാരയില്‍ അടുപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം തുടങ്ങിയത്. മോദിജി സപ്ത സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സിക്കിമിനെയും ചേര്‍ത്ത് അഷ്ടലക്ഷ്മിമാര്‍ എന്ന് പുനര്‍ നാമകരണം ചെയ്തു. അതിലൂടെ അതുവരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചു നിലവിലുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ മാറി. ഒരു കാലത്ത് ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും സഞ്ചാരികള്‍ പോകാന്‍ പേടിച്ചിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു പിന്നീട് കണ്ടത്. ടൂറിസം മേഖലയ്ക്ക് നല്‍കിയ പ്രാമുഖ്യം വരുമാനം മാത്രമല്ല സഞ്ചാരികളുടെ വാക്കുകളിലൂടെ വടക്കു കിഴക്കിന്റെ യഥാര്‍ത്ഥ ചിത്രം പുറം ലോകം അറിഞ്ഞു. അതുവരെ നിക്ഷിപ്ത താല്പര്യക്കാരായ മാധ്യമങ്ങളിലൂടെ മാത്രം വടക്കുകിഴക്കിനെക്കുറിച്ചറിഞ്ഞ ലോകത്തിനെ ആ പുതിയ അറിവുകള്‍ പ്രോത്സാഹിപ്പിച്ചു. അതിന്റെ ഫലമായി വ്യവസായ മേഖലയിലും, വാണിജ്യമേഖലയിലും, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നിക്ഷേപകരുടെ ഒഴുക്ക് തുടങ്ങി.
കേരളത്തിലെ എംപിമാരും, എംഎല്‍എമാരും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു എന്നാരോപിച്ചു ഹിന്ദിയ്‌ക്കെതിരെ രാഷ്ട്രപതിയ്ക്ക് കത്തയച്ചപ്പോള്‍ ഒരു ദിവസം തന്നെ ഹിന്ദി സംസാരിക്കുന്ന 60 ല്‍ ഏറെപ്പേരെ വെടിവച്ചുകൊന്ന ചരിത്രമുള്ള അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ എംപിമാരും, എംഎല്‍എമാരും ഹിന്ദി പഠിക്കാനും, ഹിന്ദി പഠിപ്പിക്കാനും മുന്നിട്ടിറങ്ങി. അതിന്റെ ഫലമായി മാതൃഭാഷയെപ്പോലെത്തന്നെ ഹിന്ദി സംസാരിച്ചുകൊണ്ട് റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി ജനക്കൂട്ടമുള്ള എല്ലായിടത്തും പൊതുഭാഷയായി ഹിന്ദിമാറി. ഹിന്ദി ഭാഷ അറിയുന്നതുകൊണ്ടുമാത്രം നിരവധി വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ക്ക് വലിയ കമ്പനികളില്‍ ജോലി ലഭിച്ചു.
വികസനത്തിന്റെ അടുത്ത ലക്ഷ്യമായി മോദി സര്‍ക്കാര്‍ കണ്ടത് ദുര്‍ഘടമായ മലനിരകള്‍ നിറഞ്ഞ വടക്കു കിഴക്കന്‍ മേഖലയിലെ സാധ്യമായ എല്ലാ പ്രദേശത്തും റോഡ് കണക്ടിവിറ്റിയും, റെയില്‍വേ കണക്ടിവിറ്റിയും, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വിമാനത്താവളങ്ങളുമാണ്. അതില്‍ പരമാവധി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം ആവശ്യമായിരുന്നത് ധനസഹായമായിരുന്നു. മോഡി സര്‍ക്കാര്‍ വടക്കു കിഴക്കന്‍ മേഖലയ്ക്കായുള്ള ബഡ്ജറ്റ് വിഹിതം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു.
ബോഡോ, നാഗാ, കുക്കി, ദിമാസ, ബ്രൂ, കാര്‍ബി തുടങ്ങിയ എണ്ണമറ്റ വിഘടനവാദ ഗ്രൂപ്പുകളുമായി മധ്യസ്ഥന്മാരെവച്ചു സംസാരിച്ച് അവരെയെല്ലാം മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. 2014 മുതല്‍ 2022 വരെയുള്ള എട്ടു വര്‍ഷത്തിനകം 9000-ത്തോളം വിഘടനവാദികളായ യുവാക്കള്‍ ആയുധം ഉപേക്ഷിച്ചു കാടിനകത്തെ ഗറില്ലാ ജീവിതം അവസാനിപ്പിച്ച് ഇപ്പോള്‍ ശാന്തിയോടെ, സമാധാനത്തോടെ സ്വന്തം കുടുംബങ്ങളോടൊപ്പം മുഖ്യധാരയില്‍ അധ്വാനിച്ചു ജീവിക്കുന്നു.
മുമ്പ് ചെറുതും വലുതുമായ 8727 സംഭവങ്ങളിലായി 2300-ഓളം പൊതുജനങ്ങള്‍ക്കും, 500-ഓളം സായുധസേനാംഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍, കഴിഞ്ഞ എട്ടുവര്‍ഷത്തിനകം ആ സംഭവങ്ങള്‍ 2250 ആയി കുറച്ചുകൊണ്ടുവരാനും അങ്ങനെ പൊതുജനങ്ങളുടെ മരണം 350 ആയും സായുധസേനാംഗങ്ങളുടെ മരണം 128 ആയും കുറയ്ക്കാനും സാധിച്ചു.
ഇപ്പോള്‍ കേരളത്തില്‍ പണിക്ക് വരുന്ന അസം സ്വദേശികളെ പുച്ഛത്തോടെയാണ് മലയാളികള്‍ കാണുന്നത്. എന്നാല്‍ ആസാമില്‍ കോണ്‍ഗ്രസ്സ് ഭരണകാലത്ത് അവഗണിക്കപ്പെട്ടു കിടന്നിരുന്ന വിദ്യാഭ്യാസമേഖലയുടെ ബലിയാടുകളാണ് അവര്‍. അന്നത്തെ സര്‍ക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസം ലഭിക്കാത്തവര്‍ മാത്രമാണ് അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കൂലിപ്പണിയ്ക്ക് കുടിയേറുന്നത്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിരുദപഠനം പൂര്‍ത്തിയാക്കിയവരില്‍ എത്രപേര്‍ അന്യസംസ്ഥാനങ്ങളിലേയ്ക്ക് കുടിയേറുന്നുണ്ട്? പത്താം ക്ലാസ്, പ്ലസ് ടൂ, ബിരുദം പൂര്‍ത്തിയാക്കിയ യുവതീ യുവാക്കള്‍ക്ക് എല്ലാവര്‍ക്കും ഇപ്പോള്‍ സ്വന്തം പ്രദേശങ്ങളില്‍ തന്നെ മാന്യമായ വരുമാനമുള്ള ജോലി ലഭ്യമാക്കിയതിലാണ് ബിജെപി സര്‍ക്കാരുകളുടെ വിജയം. ഒരു ലക്ഷം യുവാക്കള്‍ക്ക് സ്വന്തം പ്രദേശങ്ങളില്‍ത്തന്നെ തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം പടിപടിയായി മുന്നേറിക്കൊണ്ടിരിക്കുന്നു.
ഇന്ന് ഗുവാഹത്തി മഹാനഗരം മുംബായ്, ദല്‍ഹി നഗരങ്ങളുടെ ശ്രേണിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു, ഉറങ്ങാത്ത നഗരം എന്ന പേര് ഇനി മുംബയ്ക്കും, ദല്‍ഹിയ്ക്കും മാത്രമല്ല ഗുവാഹതിയ്ക്കും ലഭിക്കാന്‍ അധികം വര്‍ഷങ്ങള്‍ വേണ്ട. കേരളത്തില്‍ ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ കോളേജില്‍ ഒരു വകുപ്പ് മാത്രമായി അവശേഷിക്കുമ്പോള്‍ അസം സംസ്ഥാനത്ത് ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി സ്ഥാപിക്കാന്‍ ഒരുങ്ങുന്നു.
വിഘടിച്ചു കിടന്നിരുന്ന വിവിധ സംസ്ഥാനങ്ങളെ വികസനത്തിനായി ഒരു ചരടില്‍കോര്‍ത്ത മുത്തുകളെപ്പോലെ മോദി സര്‍ക്കാര്‍ അണിനിരത്തിയപ്പോള്‍ സാധ്യമായത് ഒരുകാലത്തും വികസനം എത്തിനോക്കാതിരുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ വികസനത്തിന്റെ കുതിച്ചു ചാട്ടമാണ്. അതിന്റെ വേഗത നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതല്ലാതെ ഒരിക്കലും കുറയുന്നില്ല. കാരണം സുശക്തമായ സര്‍ക്കാരും ആ സര്‍ക്കാരില്‍സമ്പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്ന ജനതയും തമ്മിലുള്ള സമഞ്ജസ്യത്തോടെയുള്ള പ്രവര്‍ത്തനമാണ്. അതാണ് നരബലി നടക്കുന്ന ഈ കാലഘട്ടത്തില്‍ കേരളം പോലുള്ള ഒരു സംസ്ഥാനം വികസനത്തിനായി മാതൃകയാക്കേണ്ടതും.