വൈവിദ്ധ്യങ്ങളിലൂടെ സഞ്ചരിച്ച് ഏകത്വത്തില്‍ വിലയിക്കുകയും പിന്നെ ആ ഏകത്വത്തില്‍ നിന്നു തന്നെ വൈവിദ്ധ്യങ്ങളിലേക്കു പടര്‍ന്നു കയറുകയും ചെയ്യുന്ന ധര്‍മ്മസംസ്‌കാരമാണല്ലോ ഭാരതത്തിന്റേത്. ഈ സനാതന ധര്‍മ്മശാസ്ത്രം പുലര്‍ത്തിവന്ന സാംസ്‌കാരികപ്രഭാവത്തെയാകെ മുപ്പത്തിമുക്കോടി ദേവതാ സങ്കല്പങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കയാണ്. അവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. പുരുഷനൊപ്പം ഈ പ്രപഞ്ചം പുലര്‍ത്തുന്നവളാണ് സ്ത്രീ. സൃഷ്ടിയുടെ സ്ഥിതികാരകരായി തുല്യമായ പ്രാധാന്യത്തോടെ വിശ്വപ്രകൃതി തന്നെ രൂപപ്പെടുത്തിയവരത്രേ സ്ത്രീയും പുരുഷനും. അതിനാല്‍ ശൈവം, വൈഷ്ണവം എന്നീ ആരാധനാ രീതികള്‍ക്കൊപ്പം ശാക്തേയം എന്ന സ്ത്രീപ്രധാനമായ ആരാധനാരീതികൂടി പ്രപഞ്ച ഘടനയില്‍ ഔചിത്യത്തോടെ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ലോകാതിശായിയും കാലാതിശായിയുമായ ഈ ആരാധനാരീതികളില്‍ സദ്ദേവതകളും ദുര്‍ദ്ദേവതകളുമുണ്ട്. നന്മതിന്മകള്‍ ഒരേ വസ്തുവിന്റെ രണ്ടുവശങ്ങളാണെന്ന് പ്രാചീന മനസ്സുകള്‍ തിരിച്ചറിഞ്ഞിരുന്നു. ഭാരതത്തിന്റെ തത്ത്വാത്മക വിശ്വദര്‍ശനം ലോകത്തിനാകെ നല്‍കിയ സംഭാവനയാണിത്.
എങ്കിലും ഈ ആരാധനാസങ്കല്പങ്ങള്‍, കൂടുതല്‍ സങ്കീര്‍ണ്ണവും അയുക്തികവും പ്രാകൃതവുമാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. ഷമാനിസം പോലെയുള്ള ഒരസംസ്‌കൃത മനോഭാവത്തിന്റെ സൃഷ്ടിയാണിതെന്നും വിമര്‍ശനങ്ങള്‍ വന്നു. ഇവിടെ ഒന്നോര്‍ക്കേണ്ടതുണ്ട്. കര്‍മ്മനൈരന്തര്യമാണ് സമൂഹത്തെ എന്നും നിലനിര്‍ത്തുന്നത്. കര്‍മ്മാഭിമുഖ്യമില്ലാതെ ഒന്നിനും നില്‍നില്‍ക്കാനാവില്ല. പക്ഷേ ഇതത്ര എളുപ്പമോ? നമ്മുടെ വിശ്വാസങ്ങളേയുംആചാരങ്ങളേയും ബലിഷ്ഠമായ ഒരു സങ്കേതത്തില്‍ സമര്‍പ്പിക്കണം. അനുഭവിച്ച വിഷമാവസ്ഥകളെയെല്ലാം ഒന്നിറക്കിവയ്ക്കണം, ശാന്തിയും സ്വപ്രത്യയസ്ഥൈര്യവും സ്വയം ആര്‍ജ്ജിക്കുകയും വേണം. എങ്കില്‍ മാത്രമേ ഈ കര്‍മ്മനൈരന്തര്യമുണ്ടാക്കാനാവൂ. സമൂഹം ഊര്‍ജ്ജസ്വലമായും സുരക്ഷിതമായും സുഭദ്രമായും നിലനില്‍ക്കണമെങ്കില്‍ പരജനഹിതമായും പരജനസുഖമായും കര്‍മ്മം ചെയ്തുകൊണ്ടിരിക്കണം. അതായത് വിവേകത്തോടെയും ഔചിത്യത്തോടെയുമുള്ള കര്‍മ്മനൈരന്തര്യം കൊണ്ടേ സമൂഹം സുഭദ്രമായി നിലനില്‍ക്കുകയുള്ളൂവെന്നര്‍ത്ഥം. എല്ലാവിധ ആരാധനകൊണ്ടും മനുഷ്യനുണ്ടാകേണ്ട നേട്ടവും ഇതുതന്നെയാണ്.
എല്ലാ പ്രകൃതിശക്തികളേയും മനുഷ്യന്‍ ആരാധിച്ചുപോന്നു. എന്താവാം അതിനു കാരണം? തന്റെ കഴിവുകള്‍ക്കും നിര്‍ധാരണശേഷിക്കും വഴങ്ങാതെയും ഒതുങ്ങാതെയും വന്ന എല്ലാത്തിനേയും അവന്‍ ഭയപ്പെടുകയോ, അവയെക്കുറിച്ച് അത്ഭുതംകൊള്ളുകയോ ചെയ്തു. അവന്റെ ഉത്കണ്ഠാഭരിതമായ മനസ്സ് ഓരോന്നിനെക്കുറിച്ചും തനിക്കു കഴിയാവുന്ന യുക്തിബോധം കൊണ്ടു നിര്‍ധരിക്കുകയായിരുന്നു. കിട്ടിയ അറിവുകളെയെല്ലാം അവന്‍ സഹര്‍ഷം ഏറ്റുവാങ്ങുകയും, അവയുടെ അടിത്തറയില്‍ നിന്നുകൊണ്ട് ആശയങ്ങളുടെ മഹാദുര്‍ഗ്ഗങ്ങള്‍ പണിതുയര്‍ത്തുകയും ചെയ്തു. അന്തര്‍മ്മുഖവും ബഹിര്‍മ്മുഖവുമായ മനനാദികള്‍ക്കു വിധേയമായ മനസ്സുകളില്‍ നവംനവങ്ങളായ ദര്‍ശനങ്ങളുണ്ടായി. അങ്ങനെ മനസ്സിന്റെ നിലവറകള്‍ അറിവിന്റെ നിലവറകളായി. കണ്ടറിവിലൂടെയും കൊണ്ടറിവിലൂടെയും കേട്ടറിവിലൂടെയും കൊടുത്തറിവിലൂടെയും ഗ്രഹിച്ചു സൂക്ഷിച്ച വിവിധ വിഷയങ്ങള്‍ മനുഷ്യനെ നിരന്തരം പുരോഗമനത്തിലേക്കു നയിച്ചുവെന്നാണ് ചരിത്രം. ഓരോ വിഷയങ്ങളുടേയും രഹസ്യതന്ത്രങ്ങളിലേക്ക് കടക്കുന്തോറും തന്റെ അറിവുകള്‍ക്ക് ആധാരമാകുന്ന അസ്തിത്വത്തിനുമേല്‍ അനിര്‍ധാര്യമായ ഒരു ഐശ്വര്യസത്തയുടെ സാന്നിദ്ധ്യം ഒരുവെളിപാടുപോലെ തോന്നുകയും അതുകൂടുതല്‍ വ്യക്തമായ അനുഭവസാക്ഷ്യങ്ങളിലേക്ക് അവനെ കൊണ്ടെത്തിക്കുകയും ചെയ്തു. അറിവിന്റെ വിനിമയോപാധിയായ അക്ഷരങ്ങളും വാക്കുകളും ആശയങ്ങളെ ആവിഷ്‌കരിക്കാന്‍ സദാ സജ്ജവും സന്നദ്ധവുമായി. അറിവെന്ന വിദ്യ ഒരുവന്റെ ജനനത്തോടെ സമാരംഭിച്ച് മരണത്തോടെ സമാപിക്കുന്നു. എന്നാല്‍ ലേഖനവിദ്യയിലൂടെ അവ രേഖപ്പെടുത്തി എത്രകാലവും സൂക്ഷിക്കാനും, അനന്തരതലമുറകളിലേക്കു പകരാനും സാധിക്കുമെന്ന സൗകര്യം, മനുഷ്യന്റെ വിജ്ഞാനാധികാരത്തിന് ആക്കംകൂട്ടി. ഓരോരുത്തരിലും നിലനിന്നു വരുന്ന ഈ വിദ്യാവ്യവസായത്തിന് ദാര്‍ശനികമായി ലഭിച്ച അധിദേവതയാകുന്നു സരസ്വതി. വിദ്യയുടേയും വാക്കിന്റേയും അധിദേവത. ഏതു വിഷയത്തിനും ദൈവികമായ പരിവേഷം ചാര്‍ത്തുന്ന മിത്തുകള്‍ ലോകസംസ്‌കാരത്തില്‍ തന്നെ നിരവധിയുണ്ട്. ഈ മിത്തുകളുടെ പുറന്തോടു പൊളിച്ചു ചെല്ലുമ്പോള്‍ അന്വേഷകനെ കാത്തിരിക്കുന്നത് ഉദാത്തവും സുന്ദരവുമായ അനുഭൂതികള്‍ തന്നെയാവും. നമ്മുടെ ബൗദ്ധിക സഞ്ചാരങ്ങള്‍ക്ക് ഇത്തരം ധാരണകള്‍ കടിഞ്ഞാണായി മാറുന്നത് ശുഭകരവുമാണ്.
സരസവതിയായ സരസ്വതിയും ഗൗരിയായ പാര്‍വ്വതിയും
വാണിദേവിയായ സരസ്വതി ബ്രഹ്‌മസൃഷ്ടയാണ്. ബ്രഹ്‌മാവിനെ പഞ്ചമുഖനാക്കാന്‍ പോന്ന സൗന്ദര്യാതിരേകമുള്ളവള്‍ ഗായത്രി, സാവിത്രി എന്നീ പേരുകളും സരസ്വതിക്കുണ്ട് (മത്സ്യപുരാണം). അക്ഷരാത്മികയായ ആദിപരാശക്തിയായും ലക്ഷ്മിയായും കാളിയായുമെല്ലാം ഈ ദേവതാ ഭാവത്തിന് നാമാന്തരങ്ങളുണ്ട്. സരസവതിയായ സരസ്വതി ത്രഗുണാത്മികയായ പ്രകൃതിതന്നെയാണ്. പ്രകൃതിയും ശക്തിയും പരസ്പരം മേളിച്ച് ജഗത്തിന്റെ യോഗക്ഷേമത്തെ നിലനിര്‍ത്തുന്ന നിരന്തര കര്‍മ്മപരതയാണ് സരസ്വതിയെ സരസവതിയാക്കുന്നത്. ഇതിലെ ശക്തി ഊര്‍ജ്ജമാണ്. ഊര്‍ജ്ജത്തിന്റെ സഹായമില്ലാതെ ആര്‍ക്കും ചലിക്കാന്‍ പോലുമാവില്ലല്ലോ. യോഗക്ഷേമം ഐശ്വര്യം തന്നെ. അതിനാല്‍ ഐശ്വര്യകാരിണിയാണ് സരസ്വതി. ഐശ്വര്യദേവത ലക്ഷ്മിയാകയാല്‍ സരസ്വതിയില്‍ ലക്ഷ്മിയും സംപൃക്തയാകുന്നു.
‘ശ’ എന്ന അക്ഷരത്തിന് ഐശ്വര്യമെന്നും ‘ക്തി’ എന്നതിന് പരാക്രമം എന്നുമാണര്‍ത്ഥം. ശക്തി ദുര്‍ഗ്ഗയാണ്. ദുര്‍ഗ്ഗമനെ നിഗ്രഹിച്ച് ഐശ്വര്യം നല്കിയവളാണ് ദുര്‍ഗ്ഗ. ദുര്‍ഗ്ഗ പാര്‍വ്വതിയുടെ നാമാന്തരവുമാണ്. ഹിമവല്‍പുത്രിയായ പാര്‍വ്വതിയുടെ ശരിയായ പേര് കാളി എന്നായിരുന്നു. കറുത്തനിറമായിരുന്നു കാളിക്ക്. പ്രണയ മസൃണരായിരുന്നു ശിവകാളിമാര്‍. വിനോദമായി ശിവന്‍ ”കാളി”! ”കാളി”! എന്നു സംബോധന ചെയ്തത് തന്നെ പരിഹസിക്കാനാണെന്ന് ദേവി തെറ്റായി ധരിച്ച് ശിവനോടു പിണങ്ങി തപസ്സിനുപോയി. അതിഘോരമായ തപസ്സിനൊടുവില്‍ ബ്രഹ്‌മദേവന്‍ കാളിക്ക് ഇഷ്ടവരം കൊടുത്തു കാളി ഇച്ഛിച്ചതുപോലെ തന്റെ ശരീരത്തിലെ പുറന്തൊലി താനേ ഉരിഞ്ഞുപോവുകയും, ഗൗരിയായി (വെളുത്തവള്‍) മാറുകയും ചെയ്തു. കറുത്ത പുറന്തൊലി ഉടന്‍ തന്നെ മറ്റൊരുമൂര്‍ത്തിയായി മാറി. അതാണ് കാര്‍ത്ത്യായനി. ഈ കാര്‍ത്ത്യായനിയെ ഇന്ദ്രന്‍ സ്വന്തം ഭഗിനിയായി സ്വീകരിച്ച് വിന്ധ്യാപര്‍വ്വതത്തില്‍ പ്രതിഷ്ഠിച്ചു. ഈ ദേവിയത്രേ പില്‍ക്കാലത്ത് മഹാകാളിയെന്നു വിളികൊണ്ട ദേവി. സരസ്വതിയെ രസവതിയാക്കുന്ന കഥാസങ്കല്പങ്ങള്‍ ഇനിയുമുണ്ട്.
അഗ്നിയുടെ അനുഗ്രഹത്താല്‍ രംഭാസുരന്‍ ത്രിലോക ഭയങ്കരനായിരിക്കേ, അയാള്‍ക്ക് ഒരു എരുമയില്‍ ഒരു മകനുണ്ടായി. അതാണ് മഹിഷാസുരന്‍. ആ അസുരനെ മഹാകാളിയാണ് നിഗ്രഹിച്ചത്. അന്നുമുതല്‍ കാളി മഹിഷാസുരമര്‍ദ്ദിനിയായി. വിവേകരഹിതമായ മൃഗീയതയെ അതിജീവിച്ച് വിവേകിതമായ വിദ്യയെ സാക്ഷാത്കരിക്കുകയായിരുന്നു ദേവി. അത് ശാരദ വസന്ത ഋതുക്കള്‍ യോജിക്കുന്ന ഋതു സന്ധിയിലായിരുന്നു. നമ്മുടെ തുലാമാസത്തിലെ അഷ്ടമിദിവസമാണിതെന്നാണ് വിശ്വാസം. വിദ്യയുടെ ദുര്‍ഗ്ഗമത്വത്തെ കീഴ്‌പ്പെടുത്തി, വിധേയപ്പെടുത്തിയ ദുര്‍ഗ്ഗാദേവി കാലികയെന്ന് അറിയപ്പെടുന്നു. കാലിക മഹാകാളിയാണ്. എല്ലാത്തിന്റെയും കലനാധികാരം (നശിപ്പിക്കാനുള്ള അധികാരം) കാലത്തിനാണ്. ‘കലനാത് സര്‍വ്വഭൂതാനാം’ – കാലം സംഹാരമൂര്‍ത്തിയാകുന്നതാണ് കാലി. കാലിവിഗ്രഹത്തെ അല്പനേരം നോക്കിനില്‍ക്കുന്ന ദര്‍ശകനായ ഉപാസകന് സംഹാരത്തിന്റെ ഭയങ്കരത അനുഭവപ്പെടുമെന്നാണ് അഭിജ്ഞ മതം. സംഹാരഭൈരവമൂര്‍ത്തിയാണ് കാലം. സാക്ഷാല്‍ ശിവന്‍പോലും ഇതിനധീനനാണെന്ന് കാലികാപുരാണം പറയുന്നു. ‘കാല:പചിത ഭൂതാനി’ എന്നും, ‘കാലഃ സംഹരതി പ്രജാ’ എന്നും, കാലാഹി ജഗദാധാരഃ എന്നുമെല്ലാം കാലികാപുരാണത്തില്‍ കാലത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. വിദ്യയുടെ ദുര്‍ഗമത്വത്തെ അതിജീവിച്ച് അതിനെ സ്വായത്തമാക്കാന്‍ കാലികാസങ്കല്പനം കൊണ്ടു സാദ്ധ്യമാണെന്നു വിശ്വസിക്കപ്പെടുന്നു. ഉപാസനാഹേതുകമായ ദേവതാസങ്കല്പംകൊണ്ടു മാത്രമേ വിദ്യാഭ്യാസത്തിന് യോഗ്യമായ ചിത്തസ്ഥിതി കൈവരികയുള്ളു.
വിദ്യ അക്ഷരമാണ്, ക്ഷരമില്ലാത്തത് അക്ഷരം. ക്ഷരം-നാശം. അക്ഷരം പ്രണവമാണ്, പ്രണവം ബ്രഹ്‌മമാണ്. ‘അക്ഷരം ബ്രഹ്‌മ പരമം’ എന്നാണല്ലോ. ബ്രഹ്‌മാത്മകമായ അക്ഷരസംഘാതമാകട്ടെ, വിവിധാശയപ്രധാനമായ വാണിയും. ഹിതവാണി മധുരവും അനുഭൂതിപരവും ദിവ്യവും ഔഷധവുമാണ്. ധര്‍മ്മാദൃതമായ വചോവിന്യാസം ശ്രോതാക്കളില്‍ ആരോഗ്യകരമായ അഭിഭാവം സൃഷ്ടിക്കുന്നു.’
‘സംബന്ധമാഭാഷണപൂര്‍വ്വമാഹുഃ’ – (കാളിദാസന്‍) എന്ന നിലയില്‍ ഭാഷണം അന്വര്‍ത്ഥമാകണം. അപ്പോഴാണ് അത് സംഭാഷണമാകുന്നത്. അര്‍ത്ഥസാന്ദ്രമായ വായു ആത്മാവിനേയും ബുദ്ധിയേയും സമരസപ്പെടുത്തി, ജഠരാഗ്നിമൂലം മുകളിലേക്കു ത്വരിച്ചു നീങ്ങുകയും കണ്ഠം, താലു (മേലണ്ണാക്ക്) എന്നിവയിലും, ദന്താദി സ്ഥാനങ്ങളിലും ഓഷ്ഠാധരങ്ങളിലും തട്ടിയും മുട്ടിയും തെന്നിയും നിന്നും ചിതറിയും പുറത്തേക്ക്, വാഗര്‍ത്ഥങ്ങളായി പ്രേഷണം ചെയ്യപ്പെടുന്നു. ഈ ശാബ്ദികമാത്രകളെ നാം ആശയങ്ങളായി ധരിക്കുന്നു. നാദബ്രഹ്‌മ രസാര്‍ദ്രമായ ഈ ആശയസംഗ്രഹണ ക്ഷമത നമ്മുടെ ഉപനിഷത്തുകളടക്കമുള്ള കൃതികള്‍ വാഴ്ത്തുന്നുമുണ്ട്. വിവിധാര്‍ത്ഥസൂചകമായ ഈ അക്ഷരവ്യാപാരത്തിന്റെ അനന്തസാധ്യതകളാണ് ലോകവ്യവഹാരത്തിനു പ്രയോജനപ്പെടുന്നത്. ഇങ്ങനെയാണ് വാഗ്‌ദേവത അക്ഷരത്തിന്റെ അകംപൊരുളായി, ബീജാക്ഷരസ്വരൂപിണിയായി പ്രപഞ്ചത്തെ അടക്കിവാഴുന്നത്.
അക്ഷരമെന്ന വിദ്യ
ദിവ്യതയുടെ പരിവേഷത്തിന് ഒരു വിശേഷമുണ്ട്. ഭൂതവര്‍ത്തമാനാദികളെ വിസ്മരിക്കുകയോ, തെല്ലു മാറ്റിനിര്‍ത്തുകയോ ചെയ്തുകൊണ്ട് ഭാവിയെ മുന്നില്‍ കാണുകയും, മുന്നില്‍ വരുന്നത് എത്ര അപകടംപിടിച്ചതായാലും ഒരു മുന്‍വിധികളുമില്ലാതെ അവയെ നേരിടുകയും ചെയ്യുകയെന്നതാണത്. നമ്മുടെ ദൈവികാവതാരങ്ങളിലൊക്കെ ഈ സ്വഭാവമുണ്ട്. ദേവിയെ ദുര്‍ഗ്ഗയായും മഹിഷാസുര മര്‍ദ്ദിനിയായുമൊക്കെ സങ്കല്പിക്കുമ്പോള്‍ ഇക്കാര്യം സ്പഷ്ടമാണ്. അവതാരങ്ങള്‍ എന്ന സങ്കല്പം ഭാരതീയര്‍ ലോകത്തിനു നല്‍കിയ പ്രമുഖമായ ഒരു സംഭാവനയാണ്. സ്വാമി വിവേകാനന്ദന്‍ തന്റെ പ്രസംഗങ്ങളില്‍ ഈ കാര്യം എടുത്തു പറയുന്നുണ്ട്. ഉപരിസ്ഥാനത്തിരുന്നുകൊണ്ട് അധഃസ്ഥാനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, സമൂഹത്തിനു വിപത്കരമാകാവുന്നവയെ ഉന്മൂലനം ചെയ്കയും സ്ഥിതികാര്യങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നവയാണ് നമ്മുടെ അവതാരങ്ങളെല്ലാം. ത്രേതായുഗത്തില്‍ വളരാന്‍ തുടങ്ങിയ അധര്‍മ്മത്തെ ശ്രീരാമനും ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണനും അമര്‍ച്ച ചെയ്തു.
പ്രണവാത്മകമായ വിദ്യ എവിടെത്തുടങ്ങണം? ഹരിയേയും ശ്രീയേയുംഗണപതിയേയും നമിക്കുന്നതാണ് ആദ്യപടി. ഹരിഃ-സാക്ഷാല്‍ വിഷ്ണു തന്നെ. എവിടെയും വ്യാപിച്ചിരിക്കുന്നവനായ വിഷ്ണുവിനെത്തന്നെയാണ് ആദ്യം നമിക്കുന്നത്. കാരണം സ്ഥിതികാരകനും വിഷ്ണുവാണ്. ലോകത്തിന്റെ നിലനില്പുതന്നെ വിഷ്ണുവിനെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ എങ്ങനെയാണ് ഹരിയിലേക്ക് എത്തിച്ചേരേണ്ടത്? എങ്ങനെ? ബ്രഹ്‌മാണ്ഡ സൂചകമായ പൂജ്യത്തിനു ശേഷം, അതില്‍ നിന്നുണ്ടാകുന്നത് എന്ന അര്‍ത്ഥത്തില്‍ തിരശ്ചീനമായി ചെറുവരയിട്ടശേഷമാണ് ഹരിയെന്നു കുറിക്കുക.
‘ഹ’ യെന്നുള്ളതു വിഷ്ണുവാണതിനുമുമ്പുള്ളോരു നീട്ടിന്റെ
പേരന്തര്യാമിവിരാട് ഹന്ത ചെറുതാം രേഖയ്ക്കു ബ്രഹ്‌മന്‍ തഥാ
രായെന്നുള്ളതുമാം മഹേശ്വരിയുമാം വള്ളിക്കനന്തന്‍ തഥാ
പിന്നുള്ളോരു വിസര്‍ഗ്ഗമാഭരണമാം മായാമഹാദേവിയാം – എന്നാണ് ഇതിനു പ്രമാണമായി കേട്ടിട്ടുള്ളത്.
അടുത്തത് ശ്രീയാണ്. ശ്രീ – ലക്ഷ്മിയാണ്, ഐശ്വര്യമാണ്, സര്‍വ്വലോകക്ഷേമകാരിണിയാണ്. വിഷ്ണുപുരാണത്തില്‍ വിഷ്ണു ശ്രീകളെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു.
‘അര്‍ത്ഥോ വിഷ്ണുരിയം വാണീ നീതിരേഷാ ങ്കനയോ ഹരിഃ
ബോധോ വിഷ്ണുരിയം ബുദ്ധിര്‍ ധര്‍മ്മോ ങ്കസൗ സത്ക്രിയാത്വിയം”
വിഷ്ണു അര്‍ത്ഥമെങ്കില്‍ ലക്ഷ്മി വാക്കാണ്. വിഷ്ണു ബോധമെങ്കില്‍ ലക്ഷ്മി ബുദ്ധിയത്രേ! വിഷ്ണു ധര്‍മ്മമെങ്കില്‍, ലക്ഷ്മി സഫലക്രിയയാണ്. വാഗ്‌ദേവതാ സങ്കല്പത്തിന് ഇവിടെയുള്ള പൊരുത്തം നോക്കുക! അടുത്തതായി ഗണപതിയെ നമിക്കുന്നു. ഗണങ്ങളുടെ പതിയാണ് ഗണപതി. വിവിധങ്ങളായ വിദ്യകള്‍ തന്നെഗണം. ഒരുതരം കര്‍മ്മവിഘ്‌നങ്ങളും വരുത്താത്ത ദേവനാണ് ഈ ഗജാനനന്‍. വിഘ്‌നേശ്വരനല്ല – (വിഘ്‌നങ്ങള്‍ വരുത്തുന്ന) – ഗണപതി, വിഘ്‌നാപഹനാണ്. വിഘ്‌നങ്ങള്‍ക്ക് ഒരീശ്വരനെന്തിന്? പൂജിച്ചാല്‍ പ്രസാദിക്കുകയും, പൂജിച്ചില്ലെങ്കില്‍ വിഘ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്ന ദേവനാണ് ഗണങ്ങളുടെയെല്ലാം പതിയായ ഗണപതിയെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഹരിഃ ശ്രീകളോടൊപ്പം വിഘ്‌നാപഹനായ ഗണപതിയേയും നമിച്ചിട്ടാണ് ‘അ’കാരാദി പഠിക്കുക. എഴുതിയും ശ്രവിച്ചും അക്ഷരത്തിന്റെ വര്‍ണ്ണവും രൂപവും മനഃപാഠമാക്കുകയാണ് ഈ അക്ഷരപഠനത്തിലൂടെ.
പരാവിദ്യ, അപരാവിദ്യ എന്നു വിദ്യകള്‍ രണ്ടുവിധമാണ്. ബ്രഹ്‌മജ്ഞാനമാണ് പരാവിദ്യ. പ്രാപഞ്ചികാവസ്ഥകളെക്കുറിച്ചുള്ള പഠനമാണ് അപരാവിദ്യ. എല്ലാ വിധത്തിലുമുള്ള വിദ്യകളും ഈ രണ്ടുതരം വിദ്യകളില്‍ ഉള്‍പ്പെടുന്നു. ഐശ്വര്യം, കര്‍മ്മശേഷി, കായശേഷി, വാക്‌ശേഷി ഇവ നാലുമാണ് ഒരാള്‍ക്ക് ഈ ലോക ജീവിതത്തിന് ആവശ്യമായി വരുന്നത്. ഈ നാലു കാര്യങ്ങളേയും പ്രതിനിധാനം ചെയ്താണ് ലക്ഷ്മി, പാര്‍വ്വതി, ദുര്‍ഗ്ഗ, സരസ്വതി എന്നീ നാലുദേവതമാരേയും ആരാധിക്കുന്നത്.
നവരാത്രിക്കാലം കാലദംഷ്ട്രകള്‍ എന്നുകൂടി അറിയപ്പെടുന്നുണ്ട്. വ്യാധിപീഡകളും മരണങ്ങളും ഇക്കാലത്ത് അധികമാണത്രേ. ദോഷശാന്ത്യര്‍ത്ഥം വ്രതാനുഷ്ഠാനങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ ഋതുസന്ധിയിലെ ശാരദാഷ്ടമിനാളിലാണ് ദുര്‍ഗ്ഗാദേവിയുടെ ജനനം. രംഭാസുര നിഗ്രഹം സാധിച്ച ദിനമാണിതെന്നും വിശ്വാസമുണ്ട്. അതിനാലിത് വിജയാഘോഷവേളയുമാണ്. ഇതോടനുബന്ധിച്ചുള്ള നവമി തിഥിയില്‍ ആയുധപൂജയും ദശമിയില്‍ വിദ്യാരംഭവും നടത്തുന്നു.
ദേവീപൂജയും സാധകത്വവും
പൂജാദികള്‍ക്കു പരമ പ്രാധാന്യമുള്ള നാടാണ് നമ്മുടേത്. പൂജകന്‍ ഉപാസകനും ഭക്തനും വ്രതനിഷ്ഠനുമായിരിക്കണം. നിര്‍മ്മമത്വവും നിര്‍മ്മോഹത്വവും നിരഹങ്കാരത്വവും സഗുണ നിര്‍ഗുണാരാധനകളില്‍ നല്ല അവഗാഹവും അയാള്‍ക്കുണ്ടായിരിക്കണം, ഈശ്വരനില്‍ നിന്ന് അന്യമായി ഒന്നുമില്ലെന്ന ബോധമുണ്ടാകയും സമത്വകല്പന ആദര്‍ശമായി സ്വീകരിക്കുകയും വേണം. പൂജയ്ക്ക് ആധാരമായ ഐശ്വരസത്തയുമായി താദാത്മ്യം പ്രാപിക്കാന്‍ പൂജകനു സാദ്ധ്യമാകണം. ജന്മത്തെ പരിപൂതമാക്കാനുള്ള ഏതുകര്‍മ്മവും പൂജയാണെന്ന തിരിച്ചറിവ് സാധകനുണ്ടായിരിക്കണം. മാതൃത്വത്തിന്റെ മഹാപ്രതീകമായി ദേവീ സങ്കല്പത്തെ അനുഭവിച്ചറിയാനാണ് അയാള്‍ക്കു കഴിയേണ്ടത്. ശ്രീരാമകൃഷ്ണപരമഹംസന് അതിനു സാധിച്ചിരുന്നുവത്രേ! ദേവിയോട് നേരിട്ടു സംവദിക്കാനുള്ള ഉപാസന അദ്ദേഹം നേടിയിരുന്നു. സത്ത്വ ഗുണാധികൃതമായ മനസ്സുള്ളവര്‍ക്കേ ശമാധാനവും സമാധാനവുമുണ്ടാവുകയുള്ളു. അതാണ് ത്രിഗുണങ്ങളില്‍ സത്ത്വഗുണത്തിനു കൂടുതല്‍ പ്രാധാന്യം ലഭിക്കാനുണ്ടായ കാരണം. ശ്രീയെന്നും ശക്തിയെന്നും വാണിയെന്നുമൊക്കെ വ്യവഹരിക്കുന്ന ദേവീ സങ്കല്പത്തെ സാക്ഷാത്കരിക്കുന്നതിന് സാദ്ധ്യന് മനോവാക്കായജങ്ങളായ ശുദ്ധി അനിവാര്യമാണ്.
ഉത്തമാ സഹജാവസ്ഥാ ദ്വിതീയാ ധ്യാനധാരണം
തൃതീയാ പ്രതിമാപൂജാ ഹോമയാത്രാ ചതുര്‍ത്ഥികാ – ഇതില്‍ പ്രതിമാപൂജയാണ് ലൗകിക സാധാരണമായ ആരാധനാ പ്രതീകം. പ്രതിമാനിര്‍മ്മാണമാകട്ടെ ശില്പകലയുമാണ്. അങ്ങനെ ശില്പകല പൂജയുമായി ബന്ധപ്പെട്ടു വളര്‍ന്നു. പ്രതിമയില്‍ പ്രാണപ്രതിഷ്ഠ നടത്തി ദേവചൈതന്യമുള്ള വിഗ്രഹമായി ആരാധിക്കുന്നു. പശുവിന്റെ ദേഹത്തിലാകമാനം വ്യാപിച്ചുകാണുന്ന ക്ഷീരം അകിടിലൂടെ മാത്രമേ പുറത്തുവരുന്നുള്ളു. അതുപോലെ ഈശ്വരഭാവം സര്‍വ്വവ്യാപകമെങ്കിലും അതു വിഗ്രഹത്തിലൂടെ മാത്രമേ പുറത്തുവരുന്നുള്ളുവെന്ന് കുലാര്‍ണ്ണവതന്ത്രം പറയുന്നു. പ്രതിമാരാധനത്തിലൂടെ ചിച്ഛക്തി വര്‍ദ്ധിക്കുന്നു. അത് കായശക്തിയായും കായശക്തി കര്‍മ്മശക്തിയായും മാറുന്നു. ഇവയുടെ പ്രതീകസുന്ദരമായ അദ്ധ്യാരോപമാകുന്നു ശക്തി സ്വരൂപിണിയായ ദേവിയെന്നത്.
സാരസ്വത പൂജയോടനുബന്ധിച്ച് കുമാരി പൂജയും നടത്തിവരുന്നു. അതിന്റെ ക്രമം ഇങ്ങനെയാണ്. അമാവാസിയില്‍ പൂജയ്ക്കുള്ള പുഷ്പങ്ങള്‍ സംഭരിക്കണം. അന്നു ഹവിസ്സു മാത്രം ഭുജിക്കണം. പിറ്റേദിവസം പ്രതിപാദം. അന്ന് – പതിനാറുമുഴം ചുറ്റളവും, ഒരു മുഴം ഉയരവുമുള്ള ഒരു വേദി നിര്‍മ്മിച്ച്, അതില്‍ സിംഹാസനമിട്ട് ചതുര്‍ബ്ബാഹുക്കളോടു കൂടിയ ദേവിയെ പ്രതിഷ്ഠിക്കണം. വിഗ്രഹത്തിനു മുമ്പില്‍ കെടാവിളക്കു കൊളുത്തി വയ്ക്കണം. പിന്നെ സത്കഥാകീര്‍ത്തനം നടത്തണം. ഇത് ശ്രോതാക്കളുടെ ഭക്തിനിര്‍ഭരമായ മനസ്സിനെ കൂടുതല്‍ വിമലീകരിക്കും. പ്രാര്‍ത്ഥനയാലും പൂജകളാലും മനഃശുദ്ധിവന്ന സജ്ജനങ്ങള്‍ രണ്ടു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നിലവിളക്കിനുമുമ്പിലിരുത്തി യഥാവിധി പൂജിക്കണം. ഇഷ്ടഭോജ്യങ്ങള്‍ നല്‍കിയും ചിത്താമോദകരമായ വാത്സല്യങ്ങള്‍ ചൊരിഞ്ഞും അവളെ പ്രീതിപ്പെടുത്തണം. ദ്വിതീയ തിഥിയില്‍ മൂന്നു വയസ്സുള്ള പെണ്‍കുട്ടിയെയും തൃതീയയില്‍ നാലുവയസ്സുള്ള പെണ്‍കുട്ടിയേയും, അങ്ങനെതുടര്‍ന്നു വരുന്ന ഓരോ ദിവസവും ഓരോവയസ്സു കൂടുതലുള്ള പെണ്‍കുട്ടികളെ മുമ്പത്തെപ്പോലെ പൂജിക്കണം. പത്തുവയസ്സുവരെയായിരിക്കും ഇവരുടെ പ്രായം. ഒന്നാംദിവസം കുമാരി, രണ്ടാംദിവസം മൂര്‍ത്തി, മൂന്നാം ദിവസം കല്യാണി അങ്ങനെ യഥാക്രമം രോഹിണി, കാളി, ചണ്ഡിക, ശാംഭവി, ദുര്‍ഗ്ഗ, സുഭദ്ര എന്നീ പേരുകള്‍ സങ്കല്പിച്ചാണ് പൂജിക്കുക. ഈ ഒമ്പതു കുമാരിമാര്‍ നവരാത്രികളുടേയും പ്രതിനിധികളത്രേ. നവരാത്രിയുടെ ആദ്യ പകുതിയില്‍ മഹാശക്തിയേയും രണ്ടാം പകുതിയില്‍ വാഗ്‌ദേവതയേയും പൂജിക്കുന്നു. ശക്തിയായും കാലികയായും ദുര്‍ഗ്ഗയായും ലക്ഷ്മിയായും രാധയായും ഉമയായും സരസ്വതിയായുമൊക്കെ ആരാധനീയയായിട്ടുള്ളതാണ് ഈ മഹാദേവി സങ്കല്പം. ഈ ആരാധനകളെല്ലാം കര്‍മ്മശക്തി സമാരൂഢമായ ജീവിതവിജയത്തെ ലക്ഷ്യമിടുന്നു.