Saturday, January 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അഭിമുഖം

ഭാരതീയതയുടെ വിശൈ്വകദൗത്യം

അഭിമുഖം:ഡോ.രാംവൈദ്യ / സായന്ത് അമ്പലത്തില്‍

Print Edition: 30 September 2022

പ്രപഞ്ചാത്മാവുമായി താദാത്മ്യം പ്രാപിച്ച രാഷ്ട്രധര്‍മ്മമാണ് ഭാരതത്തിന്റേത്. സാര്‍വ്വലൗകിക മൂല്യങ്ങള്‍ കൊണ്ട് ലോകത്തെ സ്വാധീനിച്ച ധര്‍മ്മഭൂമിയായ ഭാരതത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു കൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന് പ്രേരണ നേടി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസേവകരുടെ കൂട്ടായ്മയാണ് വിശ്വവിഭാഗ്. സമാജസംഘാടനത്തിന്റെ സംഘമന്ത്രം ഹൃദയത്തിലേറ്റി വിശ്വകുടുംബമെന്ന സങ്കല്പം സാര്‍ത്ഥകമാക്കാനുള്ള ദൗത്യവുമായി വിശ്വവിഭാഗിന്റെ പ്രവര്‍ത്തനം സീമാതീതമായി മുന്നേറുകയാണ്. വിശ്വവിഭാഗിന്റെ സഹസംയോജകനായ ഡോ. രാം വൈദ്യയുമായി കേസരി സഹപത്രാധിപര്‍ സായന്ത് അമ്പലത്തില്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍…

വിശ്വവിഭാഗിന്റെ പ്രവര്‍ത്തനങ്ങളും ലക്ഷ്യവും എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ.

ഭാരതത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണോ അതുതന്നെയാണ് ഭാരതത്തിന് പുറത്ത് വിശ്വവിഭാഗിന്റെയും പ്രവര്‍ത്തനം. സംഘം ഭാരതത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ സംഘത്തിന്റെ ആശയത്തിലും പ്രവര്‍ത്തനരീതിയിലും ആകൃഷ്ടരായ സ്വയംസേവകര്‍ ഭാരതത്തിന് പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍ ഭാരതത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന സ്വയംസേവകരുടെ സംഘടനാരൂപമാണ് വിശ്വവിഭാഗ്. നിലവില്‍ നാല്പത്തിയൊമ്പത് രാജ്യങ്ങളില്‍ വിശ്വവിഭാഗിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. മറ്റു മുപ്പത് രാജ്യങ്ങളില്‍ കൂടി വിശ്വവിഭാഗിന് പ്രവര്‍ത്തകരുണ്ട്. ഇവയെല്ലാം സ്വതന്ത്രമായ പ്രവര്‍ത്തനരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. എങ്കിലും അവ തമ്മില്‍ പരസ്പര ബന്ധവും ഏകോപനവുമുണ്ട്. സമാജത്തിലേക്ക് സംസ്‌കാരം, സംഘടന, സേവനം എന്നീ ആശയങ്ങള്‍ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യവുമായാണ് വിശ്വവിഭാഗിന്റെ പ്രവര്‍ത്തനം.

ജന്മഭൂമി, കര്‍മ്മഭൂമി, ധര്‍മ്മഭൂമി എന്നീ മൂന്ന് ആശയങ്ങള്‍ വിശ്വവിഭാഗ് മുന്നോട്ടു വെക്കുന്നു. വിശ്വവിഭാഗിന്റെ ഒരു പ്രവര്‍ത്തകനെ സംബന്ധിച്ച് അയാളുടെ ജന്മഭൂമിയും കര്‍മ്മഭൂമിയും വ്യത്യസ്തമായിരിക്കാം. എന്നാല്‍ അയാളുടെ ധര്‍മ്മഭൂമി ഭാരതമാണ്. ഏതൊരു രാജ്യത്തെയും ജനങ്ങളുടെ പ്രാദേശിക രീതിക്കനുസരിച്ച് അവരിലേക്ക് ഭാരതീയ മൂല്യങ്ങള്‍ അതായത് സാര്‍വ്വലൗകികമായ മൂല്യങ്ങള്‍ (Universal Values) പകര്‍ന്നു നല്‍കാനാണ് വിശ്വവിഭാഗിന്റെ പ്രവര്‍ത്തനത്തിലൂടെ പരിശ്രമിക്കുന്നത്. ഇതുവഴി ഭാരതത്തെ വിശ്വഗുരുസ്ഥാനത്തേക്ക് അവരോധിക്കാന്‍ സാധിക്കും.

ഭാരതം എന്നും വ്യത്യസ്തമായ ഒരു ലോകവീക്ഷണം വെച്ചുപുലര്‍ത്തിയിട്ടുണ്ട്. ‘വസുധൈവ കുടുംബകം’, ‘യത്രവിശ്വം ഭവത്യേകനീഡം’ എന്നിങ്ങനെയുള്ള ദര്‍ശനങ്ങള്‍ അതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഭാരതത്തിന്റെ ലോകവീക്ഷണവും വിശ്വവിഭാഗിന്റെ പ്രവര്‍ത്തനവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.

ഭാരതത്തിന്റെ ലോകവീക്ഷണമെന്നാല്‍ ഹിന്ദു ലോകവീക്ഷണം തന്നെയാണ്. ഇവ രണ്ടും പരസ്പരപൂരകമാണ്. ആ ദര്‍ശനമാണ് വിശ്വവിഭാഗും പിന്തുടരുന്നത്. അതിനനുസരിച്ചാണ് അതിന്റെ പ്രവര്‍ത്തനരീതി രൂപപ്പെടുത്തിയിട്ടുള്ളതും. ‘വസുധൈവ കുടുംബകം’ എന്നും ‘യത്ര വിശ്വം ഭവത്യേകനീഡം’ എന്നും ഒക്കെയുള്ള ആശയങ്ങള്‍ക്കനനുസരിച്ച് ആളുകളുടെ മനോഭാവത്തെ മാറ്റിയെടുക്കുന്ന കാര്യമാണ് വിശ്വവിഭാഗ് നിര്‍വ്വഹിക്കുന്നത്. കാരണം ഇത്തരമൊരു പ്രപഞ്ചവീക്ഷണത്തിലൂടെ മാത്രമേ ലോകത്ത് ശാശ്വത ശാന്തിയും ഐക്യവും സാധ്യമാകുകയുള്ളൂ. ലോകത്തെ ഒരു കമ്പോളമായി മാത്രം കാണുന്ന ചിന്തകള്‍ ഇന്ന് നിലവിലുണ്ട്. അര്‍ഹതപ്പെട്ടവന്റെ അതിജീവനം (Survival of the Fittest) എന്നതുപോലുള്ള തത്വങ്ങളൊക്കെ അതിന് ഉപോല്‍ബലകമായി രൂപപ്പെട്ടതാണ്. ഗ്ലോബല്‍ വില്ലേജ് എന്ന ആശയവും ഇതിന് സമാനമാണ്. അവിടെ എല്ലാവരും അപരിചിതരാണ്. എന്നാല്‍ ആഗോളകുടുംബം അഥവാ ഗ്ലോബല്‍ ഫാമിലി എന്ന് പറയുമ്പോള്‍ അത് വ്യത്യസ്തമായ ഒരു ചിന്തയാണ്. ലോകകുടുംബം അല്ലെങ്കില്‍ വിശ്വകുടുംബം എന്ന സങ്കല്പം സാര്‍ത്ഥകമാകുമ്പോള്‍ മാത്രമേ ശാശ്വതമായ സന്തോഷവും ശാന്തിയും കൈവരികയുള്ളൂ. അത്തരമൊരു ലോകവീക്ഷണമാണ് ഭാരതം മുറുകെപ്പിടിക്കുന്നത്.

2014 ന് ശേഷം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ നേതൃത്വവും സ്വാധീനവും ഒരു ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. ഭാരതത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രചാരകനെന്ന നിലയില്‍ താങ്കളുടെ അനുഭവമെന്താണ്.

ഭാരതത്തിന്റെ സ്വാധീനം എന്നത് ഇന്ന് ഒരു ചര്‍ച്ചാവിഷയം മാത്രമല്ല. അത് അംഗീകാരത്തിന്റെ കാര്യം കൂടിയാണ്. ഉദാഹരണത്തിന് യോഗയുടെ കാര്യമെടുത്താല്‍ ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര യോഗദിനം അംഗീകരിച്ചു. യോഗ അതിനു മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര യോഗദിനം പോലുള്ള ഒരു കാര്യം ഭാരതം മുന്നോട്ടു വെച്ചപ്പോള്‍ അത് സര്‍വ്വത്ര സ്വീകരിക്കപ്പെട്ടു. അതുകൊണ്ടാണ് ഭാരതത്തിന്റെ സ്വാധീനമെന്നത് ഇന്ന് ഒരു ചര്‍ച്ചാവിഷയം മാത്രമല്ല, അംഗീകാരത്തിന്റെ വിഷയം കൂടിയാണ് എന്ന് പറഞ്ഞത്. മറ്റൊരു കാര്യം നയതന്ത്ര രംഗവുമായി ബന്ധപ്പെട്ടതാണ്. മുന്‍പ് റഷ്യയുമായും അമേരിക്കയുമായും കൂട്ടുചേരുന്നതിനെയും ഒരു ചേരിയിലും ചേരാതിരിക്കുന്നതിനെയുമൊക്കെ കേന്ദ്രീകരിച്ചായിരുന്നു ലോകരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നത്. ഇപ്പോള്‍ ഭാരതം സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ലോക രാജ്യങ്ങള്‍ ഭാരതവുമായി കൂട്ടുചേരുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. ആ നിലയില്‍ ഭാരതത്തോടുള്ള മറ്റു രാജ്യങ്ങളുടെയും ജനതയുടെയും മനോഭാവത്തില്‍ കാതലായ മാറ്റം വന്നിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്ക് ഭാരതത്തെക്കുറിച്ചുള്ള വിശ്വാസവും പ്രതീക്ഷയും വര്‍ദ്ധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ ദൃശ്യമാകുന്ന അനുകൂല അന്തരീക്ഷം ഇതിന്റെ സൂചനയാണ്. റഷ്യ- ഉക്രൈയിന്‍ സംഘര്‍ഷത്തിലും മറ്റു വിഷയങ്ങളിലും ഭാരതത്തിന്റെ നിലപാടുകള്‍ വളരെ ശ്ലാഘനീയമായിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ഭാരതം സ്വീകരിച്ച ഉറച്ച നിലപാടുകള്‍ നമ്മുടെ സമീപനത്തിലുണ്ടായ മാറ്റത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പര്യാപ്തമായിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പല രാജ്യങ്ങളുടെയും, ഭരണകൂടങ്ങളുടെയും ഭാരതത്തോടുള്ള സമീപനത്തില്‍ ഗുണപരമായ പരിവര്‍ത്തനം ദൃശ്യമാണ്. ഭാരത ഭരണകൂടത്തിന്റെ സമീപനത്തോടൊപ്പം ലോകഗതിയിലുണ്ടായ മാറ്റവും ഇതിന് കാരണമായിട്ടുണ്ട്. ധാര്‍മ്മികജീവിതവും ആദ്ധ്യാത്മികതയുമാണ് ആത്യന്തികമായി ലോകത്തെ ഭാരതത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. 2014 ന് ശേഷമുണ്ടായ ഭരണമാറ്റം അതിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ചു എന്നുമാത്രം. ഭാരതത്തില്‍ എക്കാലവും രാഷ്ട്രീയമാറ്റത്തെക്കാള്‍ സാംസ്‌കാരികമായ പരിവര്‍ത്തനത്തിനായിരുന്നു പ്രാമുഖ്യം. തീര്‍ച്ചയായും രാഷ്ട്രീയമാറ്റവും സാംസ്‌കാരിക മുന്നേറ്റത്തിന് പ്രേരണപകര്‍ന്നിട്ടുണ്ട്.

സംഘം ശതാബ്ദിയിലേക്ക് അടുക്കുകയാണ്. അതിന്റെ ഭാഗമായി ശാഖകള്‍ വര്‍ദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനും വേണ്ടിയുള്ള പദ്ധതികള്‍ അഖിലഭാരതീയ തലത്തില്‍ ആവിഷ്‌കരിച്ചു വരികയാണ്. ശതാബ്ദി വിസ്താരക് യോജന ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഇതിന്റെ ഭാഗമാണ്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിശ്വവിഭാഗ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ എന്തൊക്കെയാണ്.

വാസ്തവത്തില്‍ സംഘം ശതാബ്ദി ആഘോഷിക്കുന്നില്ല. കാരണം സഹസ്രാബ്ദങ്ങളായി വ്യക്തിനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ചെയ്തുപോരുന്ന ഒരു സാംസ്‌കാരിക ധാരയുടെ നവീന രൂപവും തുടര്‍ച്ചയും മാത്രമാണ് സംഘം. സമര്‍ത്ഥരാമദാസ സ്വാമികളും സ്വാമി വിവേകാനന്ദനും മഹര്‍ഷി അരവിന്ദനും ചാണക്യനും ഉള്‍പ്പെടെയുള്ള ഋഷിപരമ്പരയാല്‍ പരാമര്‍ശിക്കപ്പെടുകയും നിര്‍വ്വഹിക്കപ്പെടുകയുമൊക്കെ ചെയ്തുവന്നിട്ടുള്ള കാര്യമാണ് സംഘവും ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ശതാബ്ദി ആഘോഷത്തെ സംഘം സവിശേഷമായ ഒരു കാര്യമായി കാണുന്നില്ല. എന്നാല്‍ സംഘടനാപരമായ പ്രവര്‍ത്തനവികാസത്തിന്റെ ദൃഷ്ടിയില്‍ ശതാബ്ദി വിസ്താരക് യോജന പോലുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. വിശ്വവിഭാഗും അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ഭാരതത്തിലെ സംഘപ്രവര്‍ത്തനത്തിന് സമാനമായി ആദ്യം പ്രവര്‍ത്തനവികാസത്തെയും ഏകീകരണത്തെയും ദൃഢീകരണത്തെയും കുറിച്ച് ചിന്തിക്കുകയും രണ്ടാം ഘട്ടമെന്ന നിലയില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സമാജത്തില്‍ ഉണ്ടാക്കിയെടുക്കേണ്ട സ്വാധീനതയ്ക്ക് ഊന്നല്‍ നല്‍കുകയുമാണ് വിശ്വവിഭാഗും ചെയ്യുന്നത്. ഈ രണ്ടു കാര്യങ്ങളും തുടരുകയും ചെയ്യും.

സനാതനധര്‍മ്മത്തിന്റെ പ്രൗഢിയും പ്രചാരവും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. കാശി അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കുകയാണ്. ഇന്തോനേഷ്യയിലെ മുന്‍ പ്രസിഡന്റിന്റെ മകള്‍ ഇസ്ലാം ഉപേക്ഷിച്ച് സനാതനധര്‍മ്മം സ്വീകരിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ സനാതനധര്‍മ്മത്തിന്റെ വിശ്വവ്യാപ്തിയെക്കുറിച്ച് എന്ത് തോന്നുന്നു.

എന്റെ അഭിപ്രായത്തില്‍ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഹിന്ദു സമാജത്തിന്റെ സംഘടിതമായ പരിശ്രമത്തിന്റെയും പ്രക്ഷോഭത്തിന്റെയും തുടര്‍ച്ചയായി രൂപപ്പെട്ടു വന്നതാണ്. മറ്റുള്ളവയൊക്കെ സമാജത്തില്‍ ഉണ്ടായ ശുഭകരമായ അന്തരീക്ഷത്തിന്റെ ഫലമായി സ്വാഭാവികമായി സംഭവിച്ചതാണ്. അവയ്ക്കുവേണ്ടി പ്രത്യേകമായ പരിശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. വസന്തകാലത്ത് പൂക്കള്‍ വിരിയുന്നതുപോലെ സമാജത്തിലുണ്ടായ ഗുണപരമായ അന്തരീക്ഷത്തിന്റെ സ്വാഭാവിക പരിണതിയാണ് കാശിയില്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുള്ളത്. സമാജത്തില്‍ ശുഭകരമായ അന്തരീക്ഷം സംജാതമാകുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ സ്വാഭാവികമായി തന്നെ കടന്നു വരും. അതുകൊണ്ട് തന്നെ അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ധാരാളമായി ഉണ്ടാവണം. അന്താരാഷ്ട്ര തലത്തില്‍ ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ആദ്ധ്യാത്മികത അതിലൊന്നാണ്. സംസ്‌കൃതം, യോഗ തുടങ്ങിയവയ്ക്കും ഈ കഴിവുണ്ട്. സ്വാമി വിവേകാനന്ദനെയും മഹര്‍ഷി അരവിന്ദനെയും സ്വാമി നാരായണയെയും പ്രഭുപാദയെയും പോലെ ധാരാളം പേര്‍ ഇത്തരം അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ട് ഓഫ് ലിവിങ്, അമൃതാനന്ദമയി മഠം എന്നിവയും ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

പതുക്കെയാണെങ്കിലും പാശ്ചാത്യ ജനത അവരുടെ തനതായ രാഷ്ട്ര സംസ്‌കാരത്തെ തിരിച്ചറിയുകയും വീണ്ടെടുക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സെമറ്റിക് മതങ്ങളുടെ കടന്നു വരവിന് മുന്‍പ് തങ്ങളുടെ പൂര്‍വ്വികര്‍ പുലര്‍ത്തിപ്പോന്നിരുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും വീണ്ടെടുക്കാന്‍ അവര്‍ തയ്യാറെടുക്കുകയാണ്. ഭാരതീയ സംസ്‌കാരവുമായി വളരെ ബന്ധമുള്ള ആചാരവും ജീവിതശൈലിയുമാണ് സെമറ്റിക് മതങ്ങളുടെ ആവിര്‍ഭാവത്തിന് മുന്‍പ് അവര്‍ വെച്ചുപുലര്‍ത്തിയിരുന്നത്. അത്തരം വിശ്വാസങ്ങളിലേക്ക് മടങ്ങിപ്പോവാന്‍ പാശ്ചാത്യ ജനത സന്നദ്ധമാവുകയാണ്. സനാതനധര്‍മ്മത്തിന്റെ ആദ്ധ്യാത്മികമായ നേതൃത്വം അവര്‍ ആഗ്രഹിക്കുന്നു. ഇതോടൊപ്പം മൂല്യാധിഷ്ഠിതമായ ഒരു ജീവിതരീതി ആവശ്യമാണെന്ന് ലോകരാജ്യങ്ങളെല്ലാം തിരിച്ചറിയുന്നുമുണ്ട്. മൂല്യാധിഷ്ഠിത ജീവിതരീതി അനുവര്‍ത്തിച്ചുപോന്ന ഒരു പാരമ്പര്യം ഭാരതത്തിനുണ്ട്. അതും ഭാരതത്തോടും സനാതനധര്‍മ്മത്തോടുമുള്ള പാശ്ചാത്യ ലോകത്തിന്റെ ആഭിമുഖ്യം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

ലേഖകന്‍ ഡോ. രാം വൈദ്യയോടൊപ്പം

സ്വാതന്ത്ര്യസമരകാലത്ത് സുഭാഷ് ചന്ദ്രബോസിനെയും സാവര്‍ക്കറെയും പോലുള്ളവര്‍ ഭാരതത്തിന് പുറത്ത് നിന്നുകൊണ്ട് സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്നു. ഭാരതത്തെ ഉണര്‍ത്താനുള്ള ദൗത്യമാണ് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗത്തിലൂടെ ഏറ്റെടുത്തത്. വിശ്വവിഭാഗും ഭാരതത്തിന്റെ പരമവൈഭവത്തിനുവേണ്ടി പുറത്ത് നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെ എങ്ങനെ കാണുന്നു.

സ്വാതന്ത്ര്യസമരകാലത്ത് അത്തരം പരിശ്രമങ്ങള്‍ അനിവാര്യമായിരുന്നു. കാരണം അന്ന് ഭാരതം ഭരിച്ചിരുന്നത് പുറത്ത് നിന്നുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ ഭാരതത്തിന് പുറത്തുനിന്നുള്ള പ്രവര്‍ത്തനം ആവശ്യമായിരുന്നു. സാവര്‍ക്കറും സുഭാഷ് ചന്ദ്രബോസും ഒക്കെ ഭാരതത്തിന് പുറത്ത് പോവുകയും അവിടെ നിന്നുകൊണ്ട് സ്വാതന്ത്ര്യത്തിനായി പരിശ്രമിക്കുകയും ചെയ്തു. സ്വാമി വിവേകാനന്ദനും അമേരിക്കയില്‍ പോയി പ്രസംഗിക്കേണ്ടത് അനിവാര്യമായിരുന്നു. കാരണം ഒരു അന്താരാഷ്ട്ര വേദിയില്‍ നിന്നുള്ള വാക്കുകള്‍ക്ക് വളരെ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. അതുകൊണ്ട് തന്നെ പരിശ്രമങ്ങള്‍ എവിടെ നിന്നും ആവാം. എല്ലായിടത്ത് നിന്നും പരിശ്രമങ്ങള്‍ ഉണ്ടാവേണ്ടതും ആവശ്യമാണ്. ഭാരതത്തിന് പുറത്ത് നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും വലിയ പ്രാധാന്യമുണ്ട്. കാരണം ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളെല്ലാം ഇപ്പോഴും ഭാരതത്തിന് പുറത്താണുള്ളത്. കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് ഉള്‍പ്പെടെ ലോകത്തിന്റെ വീക്ഷണഗതിയെ സ്വാധീനിക്കുന്ന അക്കാദമിക് കേന്ദ്രങ്ങളും പുറത്താണ്. അതുകൊണ്ട് തന്നെ ഭാരതത്തിന് പുറത്തു നിന്നുകൊണ്ടുള്ള വിശ്വവിഭാഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. ഭാരതത്തിന് പുറത്ത് പ്രവര്‍ത്തിക്കുമ്പോഴും വിശ്വവിഭാഗിന്റെ കേന്ദ്രം ഭാരതമാണ്. ഭാരതത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് അതിന്റെ പ്രവര്‍ത്തനം. ഭാരതം പ്രസക്തമായിരിക്കുന്ന കാലത്തോളം ഭാരതത്തിന് പുറത്തു നിന്നുകൊണ്ടുള്ള വിശ്വവിഭാഗിന്റെ പ്രവര്‍ത്തനവും പ്രസക്തമായിരിക്കും.

റഷ്യ- ഉക്രൈയിന്‍ സംഘര്‍ഷത്തില്‍ സേവാ ഇന്റര്‍നാഷണല്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിശ്വവിഭാഗിന്റെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച്.

റഷ്യ- ഉക്രൈന്‍ സംഘര്‍ഷ കാലത്ത് നടത്തിയ സേവാപ്രവര്‍ത്തനങ്ങളില്‍ ഞാനും പങ്കാളിയായിരുന്നു. ഏപ്രില്‍ മാസത്തില്‍ ഞാന്‍ ഉക്രൈന്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ സംഘര്‍ഷം ആരംഭിച്ച ദിവസം മുതല്‍ തന്നെ നമ്മുടെ സേവാപ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ഭൂകമ്പം മുതലാണ് ഭാരതത്തിന് പുറത്ത് സേവാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇപ്പോള്‍ അനേകം രാജ്യങ്ങളില്‍ സേവാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സേവാ ഇന്റര്‍നാഷണല്‍ ആരംഭിച്ചത് യു.കെയിലാണ്. അതൊരു സ്വതന്ത്ര സംഘടനയാണ്. അതിനു മുമ്പ് തന്നെ കെനിയയില്‍ മറ്റൊരു പേരില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അവിടെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണവിതരണം, വൃക്ഷത്തൈ നടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. യുഎസ്എയില്‍ ഭൂട്ടാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസം നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സേവാ ഇന്റര്‍നാഷണല്‍ നടത്തിയിട്ടുണ്ട്. അതോടൊപ്പം മറ്റു ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും സേവാ ഇന്റര്‍നാഷണല്‍ സജീവമാണ്. യുകെയിലും ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കോവിഡ് കാലത്ത് സേവാ ഇന്റര്‍നാഷണല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിരുന്നു. നമ്മുടെ സംഘടനാപരമായ പ്രവര്‍ത്തന ലക്ഷ്യത്തെ സഫലമാക്കുന്നതില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രധാനമായ പങ്ക് വഹിക്കാന്‍ സാധിക്കും. നിസ്വാര്‍ത്ഥ സേവനമെന്ന നമ്മുടെ സങ്കല്പത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉള്‍പ്പെടെ അഭിനന്ദിച്ചിട്ടുണ്ട്.

താങ്കളുടെ പിതാവ് മാ.ഗോ. വൈദ്യാജി സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താവായിരുന്നു. ഇപ്പോള്‍ താങ്കളും സഹോദരനും പ്രചാരകന്മാരായി പ്രവര്‍ത്തിക്കുകയാണ്. ഒരു കുടുംബത്തില്‍ നിന്നു തന്നെ രണ്ടു പേര്‍ പ്രചാരകന്മാരായതിനെക്കുറിച്ച് എന്തുതോന്നുന്നു.

ഒന്നിലധികം പേര്‍ പ്രചാരകന്മാരായിട്ടുള്ള അനേകം കുടുംബങ്ങളുണ്ട്. അവയില്‍ ഒന്നു മാത്രമാണ് ഞങ്ങളുടേത്. വാസ്തവത്തില്‍ അതില്‍ അപൂര്‍വ്വമായി യാതൊന്നും തന്നെയില്ല. തികച്ചും സ്വാഭാവികമായ ഒരു കാര്യം മാത്രമാണത്. അച്ഛനെ സംബന്ധിച്ച് അദ്ദേഹം എപ്പോഴും സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. ചലനാത്മകതയില്ലാത്ത മാമൂലുകളില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. അദ്ദേഹം വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും ഒക്കെ സംഘജീവിതവുമായി സംയോജിപ്പിച്ചു. ജീവിതത്തില്‍ സംഘമുണ്ടെങ്കില്‍ നമ്മുടെ എല്ലാ പ്രവൃത്തിയിലും സംഘം പ്രതിഫലിക്കും. എനിക്ക് അച്ഛനുമായി ഒരിക്കല്‍പോലും സംഘത്തിന്റെ ചിന്തകളെക്കുറിച്ച് സംസാരിക്കേണ്ടി വന്നിട്ടില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം അച്ഛനില്‍ എനിക്ക് സംഘത്തെ കാണാമായിരുന്നു. അദ്ദേഹത്തിന്റെ നോക്കിലും നടപ്പിലും സംസാരത്തിലും തീരുമാനങ്ങളിലും എല്ലാം സംഘം നിറഞ്ഞുനിന്നിരുന്നു. പ്രചാരകനാവുക എന്ന തീരുമാനത്തില്‍ സവിശേഷമായ എന്തെങ്കിലുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതൊരു സ്വാഭാവികമായ കാര്യം മാത്രമാണ്.

സംഘം രൂപീകരിക്കപ്പെട്ട നാഗ്പൂരിലാണ് താങ്കളുടെയും ജനനം. ഇപ്പോള്‍ അങ്ങ് ലണ്ടന്‍ കേന്ദ്രീകരിച്ച് സംഘപ്രവര്‍ത്തനം നടത്തുകയാണ്. നാഗ്പൂരില്‍ നിന്ന് ലണ്ടനിലേക്കുള്ള സംഘത്തിന്റെ വളര്‍ച്ചയെയല്ലേ ഇത് സൂചിപ്പിക്കുന്നത്.

അത് യാദൃച്ഛികം മാത്രമാണ്. എന്നെക്കാള്‍ മുന്‍പ് ധാരാളം പ്രചാരകന്മാര്‍ ഭാരതത്തിന് പുറത്ത് പോയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഗ്പൂരില്‍ ജനിച്ച്, ബനാറസില്‍ പ്രൊഫസറായിരുന്ന ഒരാളായിരുന്നു എനിക്ക് മുന്‍പ് ലണ്ടനില്‍ പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നത്. അതിനൊക്കെ മുന്‍പ് ലക്ഷ്മണ്‍റാവു ഭിഡെജി ഉണ്ടായിരുന്നു. വിശ്വവിഭാഗിന്റെ പ്രവര്‍ത്തനവികാസത്തിന് കാരണക്കാരായി ആരെയെങ്കിലും ചൂണ്ടിക്കാണിക്കണമെങ്കില്‍ അത് ലക്ഷ്മണ്‍റാവുജിയെയും ചമന്‍ലാല്‍ജിയെയുമാവണം. ഇ-മെയിലോ മൊബൈലോ ഇല്ലാത്ത കാലത്ത് പോലും ചമന്‍ലാല്‍ജി ദല്‍ഹിയില്‍ നിന്നുകൊണ്ട് മുഴുവന്‍ ലോകവുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള നാഗഭൂഷണ്‍ജിയാണ് മറ്റൊരാള്‍. അദ്ദേഹം ബാംഗ്ലൂരില്‍ നിന്ന് പല രാജ്യങ്ങളിലുമുള്ള സ്വയംസേവകര്‍ക്ക് ‘രാഖി’ അയച്ചു കൊടുക്കുമായിരുന്നു. രവികുമാര്‍ജി അയ്യര്‍, ശങ്കര്‍ തത്വവാദിജി, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതത്തില്‍ നിന്ന് മൗറീഷ്യസിലേക്ക് പോയ മാധവ്ജി ബന്‍ഹട്ടി തുടങ്ങി നിരവധി പേരുടെ പ്രവര്‍ത്തനമാണ് വിശ്വവിഭാഗിന്റെ പ്രവര്‍ത്തനത്തിന് അടിത്തറ പാകിയത്. 1947 ല്‍ കെനിയയിലാണ് വിശ്വവിഭാഗിന്റെ ആദ്യത്തെ ശാഖ ആരംഭിച്ചത്. മണ്ണിലല്ല കപ്പലിലാണ് അതാരംഭിച്ചത്. ഗുജറാത്തില്‍ നിന്നുള്ള മാണിക് ചന്ദ്ര ഉഗാണി, ജഗദീഷ് ശാസ്ത്രി ശാര്‍ദ എന്നിവരാണ് അതിന് നേതൃത്വം നല്‍കിയത്. അതുകൊണ്ട് തന്നെ നാഗ്പൂരില്‍ നിന്ന് ലണ്ടനിലേക്കുള്ള എന്റെ യാത്രയല്ല മറിച്ച് മേല്പറഞ്ഞവരുടെയെല്ലാം സമര്‍പ്പിതമായ ജീവിതതപസ്യയാണ് വിശ്വവിഭാഗിന്റെ പ്രവര്‍ത്തനവികാസത്തിന് കാരണം.

ഡോ. രാംവൈദ്യയോടൊപ്പം ഹിന്ദുസ്ഥാന്‍
പ്രകാശന്‍ ട്രസ്റ്റി മെമ്പര്‍ ടി.വി.വേണുഗോപാല്‍

സംഘപ്രചാരകന്റെ ജീവിതം ഭാരതമാതാവിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതാണല്ലോ. ഭാരത പൗരത്വം ഉപേക്ഷിച്ച് ബ്രിട്ടന്റെ പൗരത്വം സ്വീകരിച്ചപ്പോള്‍ പ്രചാരകനായ താങ്കള്‍ക്ക് എന്തുതോന്നി.

പൗരത്വം സ്വീകരിക്കുന്നത് പലപ്പോഴും സൗകര്യം കൂടി കണക്കിലെടുത്തുകൊണ്ടാണ്. ഒരു വ്യക്തിയുടെ മനോഭാവം പൗരത്വത്തിനനുസരിച്ച് മാത്രം രൂപപ്പെടുന്ന ഒന്നല്ല. അവ തമ്മില്‍ ചില ബന്ധങ്ങളുണ്ടെന്നത് ശരിയാണ്. ഉദാഹരണത്തിന് യു.കെയില്‍ ജനിച്ച ഒരു വ്യക്തിക്ക് ഭാരതത്തില്‍ പൗരത്വമില്ല. പക്ഷേ അയാള്‍ക്ക് ഒരു ഉറച്ച ഹിന്ദുവും ഭാരതമാതാവിനോട് ഭക്തിയുള്ളവനുമായി മാറാന്‍ സാധിക്കും. ഇവ രണ്ടും തമ്മില്‍ പരസ്പര സംഘര്‍ഷമില്ല. ഭാരതത്തിന്റെ പൗരത്വമുള്ള എല്ലാവരിലും ചിലപ്പോള്‍ ഭാരതത്തിന്റെ മനസ്സ് കണ്ടെന്നും വരില്ല. എവിടെയാണോ ജീവിക്കുന്നത് അവിടെയാണ് ഒരാള്‍ പൗരത്വമെടുക്കുന്നത്. മറ്റൊരു കാര്യം പ്രചാരകന്‍ മാത്രമല്ല ഓരോ സ്വയംസേവകനും രാഷ്ട്രത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ടവനാണ് എന്നതാണ്. സ്വയംസേവകനും പ്രചാരകനും തമ്മില്‍ അവരുടെ ജീവിതശൈലിയിലും നല്‍കുന്ന സമയത്തിലും മാത്രമേ വ്യത്യാസമുള്ളൂ. പ്രചാരകന്‍ പൂര്‍ണ്ണസമയം നല്‍കുന്നു. സ്വയംസേവകന്‍ കുറഞ്ഞ സമയം നല്‍കുന്നു. അത്രമാത്രം.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അയ്യപ്പധര്‍മ്മത്തിന്റെ അഗ്നിശോഭ

ഭാരതത്തിന്റെ ‘മണികിലുക്കം’

ഭൂമിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം

ജെ.എന്‍.യുവിലെ ‘ശാന്തിശ്രീ’

വിശ്വവ്യാപകമാകുന്ന ഭാരതീയത

ഹിന്ദു ഐക്യം അനിവാര്യം-ശ്രീ ശ്രീ നാരായണതീര്‍ത്ഥ സ്വാമികള്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies