കോവിഡ് – 19 മഹാമാരി സൃഷ്ടിച്ച ആഘാതങ്ങള്‍ മറികടക്കുന്നതില്‍ ഭാരതം കൈവരിച്ച വിജയം ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. വളരെ പെട്ടെന്ന് കോവിഡ് പൂര്‍വ്വ കാലത്തെ നിലയിലേക്ക് ഭാരത സാമ്പത്തിക മേഖല തിരിച്ചെത്തിയെന്ന വസ്തുത പരക്കെ ശ്ലാഘിക്കപ്പെടുന്നുണ്ട്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായുള്ള ഭാരതത്തിന്റെ കുതിപ്പ്, അത് ബ്രിട്ടനെ മറികടന്നു കൊണ്ടായതുകൊണ്ടുതന്നെ ഒരുതരം കാവ്യനീതിയായി ഗണിക്കപ്പെടാവുന്ന ഒന്നാണ്. ബ്രിട്ടന്‍ ഭാരതത്തിന്റെ മേല്‍ അധീശത്വം നേടുന്നതിനുമുമ്പ് ലോക സമ്പദ്‌വ്യവസ്ഥയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഭാരതം. ബ്രിട്ടീഷ് ആധിപത്യം കുടഞ്ഞെറിഞ്ഞ് സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തഞ്ചാം വര്‍ഷത്തില്‍ തന്നെ, ദാരിദ്ര്യത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും സാമൂഹ്യാസ്വസ്ഥതകളുടെയും പടുകുഴിയിലേക്ക് ഭാരതത്തെ ചവിട്ടിത്താഴ്ത്തിയ ബ്രിട്ടനെ മറികടക്കാനായത് ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നു കൂടിയാണ്.
ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടുന്ന സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. ചൈനയടക്കം അയല്‍പക്കരാജ്യങ്ങള്‍ സാമൂഹ്യമായും സാമ്പത്തികമായും വിഷമം പിടിച്ച ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഉയര്‍ന്ന ഭ ക്ഷ്യോല്‍പാദനവും അടിസ്ഥാന സൗകര്യമേഖലയില്‍ അഭൂതപൂര്‍വമായ കുതിച്ചു ചാട്ടവും ഭാരതം കൈ വരിച്ചത്. സാമൂഹ്യഘടനയില്‍ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള കോടിക്കണക്കിനു ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ എത്തിച്ചുനല്‍കുന്നതിലൂടെ വികസനത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്നതിന് അവരെക്കൂടി പങ്കാളികളാക്കുന്നതിലും ഭാരതം വിജയിച്ചു. ആഗോള രാഷ്ട്രീയത്തില്‍ വന്‍ശക്തികളായ അമേരിക്കന്‍ ഐക്യനാടുകള്‍, ചൈന, എന്നിവയുടെ സമ്മര്‍ദ്ദതന്ത്രങ്ങളെ ചെറുത്തുനിന്നും നൂറോളം ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിനും ഭക്ഷണവും മരുന്നുകളും എത്തിച്ച് നല്‍കിയും മറ്റൊരു രാജ്യത്തിനും സാധ്യമാകാത്ത തരത്തില്‍ എല്ലാവരുടെയും അംഗീകാരം പിടിച്ചു പറ്റുന്നതിനും ഭാരത ത്തിന് കഴിഞ്ഞിട്ടുണ്ട്.
ശോഭനമായ ഇത്രയും നേട്ടങ്ങള്‍ക്കിടയിലും നമ്മെ തുറിച്ചുനോക്കുന്ന ചില വെല്ലുവിളികളെ അവഗണിച്ചുകൊണ്ട് നമുക്കേറെ മുന്നോട്ട് പോകാന്‍ സാധ്യമല്ല. കോവിഡ് മഹാമാരിക്കാലത്ത് സമ്പദ് വ്യവസ്ഥയാകെ നിശ്ചലാവസ്ഥയിലായപ്പോള്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ ജീവനോപാധികള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ലക്ഷക്കണക്കിന് താത്കാലിക തൊഴിലാളികള്‍ മുന്‍കൂര്‍ നോട്ടീസ് പോലുമില്ലാതെ പിരിച്ചുവിടപ്പെട്ടു. ചെറുകിട വാണിജ്യ-വ്യവസായ രംഗങ്ങളിലെ ലക്ഷക്കണക്കിന് സ്ഥാപനങ്ങള്‍ക്ക് പൊടുന്നനെ ഉണ്ടായ അടച്ചിടലിന്റെ ആഘാതങ്ങളില്‍ നിന്ന് പിന്നീട് ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍ സാധിച്ചിട്ടില്ല. ഭാരതത്തിലെ തൊഴിലില്ലായ്മ നിരക്ക് 7% ആയി ഉയര്‍ന്നു. 18നും അറുപത്തഞ്ചിനും ഇടയിലുള്ളവര്‍ ജനസംഖ്യയുടെ 67 ശതമാനത്തോളം വരുന്ന രാജ്യത്ത് അവരില്‍ ഏഴു ശതമാനം പേര്‍ രാജ്യത്തിന്റെ വികസനചിത്രത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നത് വലിയ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
വെറും 7.5 ശതമാനം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ – പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴില്‍ അവസരങ്ങളുള്ളത്. വേറെ ഒരു പന്ത്രണ്ടര ശതമാനം പേര്‍ക്ക് സ്വകാര്യതൊഴില്‍ സ്ഥാപനങ്ങളില്‍ അവസരം ലഭിക്കുന്നുണ്ടാകും. ബാക്കി വരുന്ന 80 ശതമാനം ജനങ്ങളും അനൗപചാരികവും അസംഘടിതവുമായ തൊഴില്‍ മേഖലകളെയാണ് ആശ്രയിക്കുന്നത്. ഭാരതത്തിലെ 60 കോടിയോളം വരുന്ന തൊഴിലാളി സമൂഹത്തിന് ജീവിതമാര്‍ഗ്ഗം ഒരുക്കുന്നത് പ്രധാനമായും നാല് മേഖലകളാണ്. ഗ്രാമീണ മേഖലയിലെ 60 ശതമാനം പേരും കാര്‍ഷിക മേഖലയിലാണ് ഉപജീവനത്തിനുള്ള വഴികള്‍ കണ്ടെത്തുന്നത്. കൃഷിയും മൃഗസംരക്ഷണവും മത്സ്യബന്ധനവും വനവിഭവങ്ങളും ഉള്‍ക്കൊള്ളുന്ന കാര്‍ഷികമേഖല മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 20.19 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. സ്വാഭാവികമായും ഈ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ടെക്‌സ്‌റ്റൈയില്‍ മേഖലയില്‍ മൂന്നര കോടി ആളുകള്‍ക്ക് പ്രത്യക്ഷമായും വേറെ ഒരു കോടി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ 7.16 ശതമാനം വരുന്ന നിര്‍മ്മാണമേഖലയാണ് 16 ശതമാനം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നത്. വിനോദ സഞ്ചാരമേഖല 4 കോടിയോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ഉപജീവനമാര്‍ഗ്ഗം പ്രദാനം ചെയ്യുന്നുണ്ട്. ആറര കോടിയോളം വരുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് തൊഴിലവസരങ്ങള്‍ ഒരുക്കുന്ന മറ്റൊരു മേഖല. എന്നാല്‍ കോവിഡ് കാലത്തെ അനിശ്ചിതാവസ്ഥയും സ്തംഭനാവസ്ഥയും ഏറ്റവും അധികം ബാധിച്ചത് ഈ മേഖലകളെ തന്നെയാണ്. കാര്‍ഷികമേഖലയും നിര്‍മ്മാണമേഖലയും കോവിഡ് ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ സജീവമായിട്ടുണ്ട് എങ്കിലും മറ്റുമേഖലകള്‍ ഇനിയും ഉണര്‍ന്നിട്ടില്ല. പല ചെറുകിട സംരംഭകരും തൊഴില്‍ ദാതാക്കള്‍ എന്ന നിലയില്‍ നിന്നും തൊഴില്‍ അന്വേഷകരായി മാറിയ ചിത്രമാണ് ഈ മേഖലകള്‍ കാഴ്ചവെക്കുന്നത്.
ഭാരതത്തില്‍ പ്രതിവര്‍ഷം ഒരു കോടിയോളം പേരാണ് ഒരു വര്‍ഷം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴില്‍ അന്വേഷകരായി സമൂഹമധ്യത്തിലെത്തുന്നത്. നിലവില്‍ തന്നെ ഉയര്‍ന്ന തൊഴിലില്ലായ്മ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവരുടെ കടന്നുവരവ് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കുന്നതിന് 7 മുതല്‍ 8 ശതമാനം വരെ മാത്രം വളര്‍ച്ച നേടുന്ന സമ്പദ്‌വ്യവസ്ഥക്ക് സാധ്യമല്ലതന്നെ. രണ്ടക്ക സാമ്പത്തിക വളര്‍ച്ച കൈവരിക്കാനായാല്‍ മാത്രമേ ഇത്രയും തൊഴില്‍ അന്വേഷകരെ ഉള്‍ക്കൊള്ളാന്‍ ഉള്ള ശേഷി സമ്പദ്‌വ്യവസ്ഥക്ക് കൈവരിക്കാനാവൂ. 2050 ആകുമ്പോഴേക്കും ഭാരതത്തിന്റെ ജനസംഖ്യാ വര്‍ദ്ധനവിന് ശമനമുണ്ടാകുമെന്നും 25 മില്യണ്‍ ഡോളറിലധികം വരുന്ന സാമ്പത്തിക ശക്തിയായി ഭാരതം ലോകത്തിന്റെ നെറുകയില്‍ എത്തിച്ചേരുമെന്നും പല സാമ്പത്തിക വിദഗ്ദ്ധരും പ്രവചിക്കുന്നുണ്ട്. പക്ഷെ ഇന്നത്തെ യുവതലമുറ ഇത്തരം സ്ഥിതിവിവര കണക്കുകള്‍ കൊണ്ട് മാത്രം തൃപ്തരാകുകയില്ലല്ലോ. അവര്‍ക്ക് ഉപജീവനത്തിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സാധിക്കുകയുമില്ല. പൊതു സമൂഹത്തിനും സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക രംഗത്തുള്ള പ്രസ്ഥാനങ്ങള്‍ക്കും ഈ പ്രശ്‌നപരിഹാരത്തില്‍ ഏറ്റവും വലിയ പങ്കാണ് വഹിക്കാനുള്ളത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ മേഖലകളില്‍ സജീവമായി ഇടപെടുന്ന 12 പ്രസ്ഥാനങ്ങളും ഗ്രാമവികസന രംഗത്ത് സജീവമായ സംഘസ്വയംസേവകരും ഒത്തുചേര്‍ന്ന് സ്വാവലംബി ഭാരത് അഭിയാന്‍ എന്ന പേരില്‍ ഒരു പുതിയ മുന്നേറ്റത്തിന് കളമൊരുക്കുന്നത്. ഭാരതീയ മസ്ദൂര്‍സംഘം, സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ കിസാന്‍ സംഘ്, അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, അഖിലഭാരത ഗ്രാഹക് പഞ്ചായത്ത്, വനവാസികല്യാണ്‍ ആശ്രമം, സഹകാര്‍ഭാരതി, ലഘുഉദ്യോഗ് ഭാരതി, ഭാരതീയ ജനതാപാര്‍ട്ടി, സേവാഭാരതി, വിശ്വഹിന്ദുപരിഷത്ത് എന്നീ പ്രസ്ഥാനങ്ങളും സംഘത്തിന്റെ ഗ്രാമവികാസ് ഗതിവിധിയിലെ കാര്യകര്‍ത്താക്കളും ചേര്‍ന്നാണ് ഈ അഭിയാന് നേതൃത്വം നല്‍കുന്നത്.
വികേന്ദ്രീകൃതമായ ഉദ്പാദനം, സ്വദേശി ഉത്പന്നങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും സംരംഭകത്വശീലം വളര്‍ത്തിയെടുക്കല്‍, സഹകരണമേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കല്‍ എന്നീ നാല് മാര്‍ഗ്ഗങ്ങളിലൂടെയാണ് സ്വാവലംബി ഭാരത് അഭിയന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. ഇന്ന് ലോകത്ത് ഏറ്റവും ചെറുപ്പമായ രാജ്യമായാണ് ഭാരതം അറിയപ്പെടുന്നത്. 37 കോടിയോളം വരുന്ന യുവജനങ്ങള്‍ 30 വയസ്സിന് താഴെ ഉള്ളവരാണ് എന്നതാണ് ഭാരതത്തിന്റെ സവിശേഷത. ലോകചരിത്രത്തില്‍ തന്നെ യുവത്വത്തിന്റെ സാമൂഹ്യ ഇടപെടലുകളാണ് അതിവേഗം വികസനവും പരിവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യമാക്കുന്നത്. ധാരളമായുളള ഈ യുവശക്തിയെ സംരംഭകത്വ വഴിയിലൂടെ നയിക്കാനായാല്‍ ഭാരതം അതിവേഗം ഒരു വികസിത രാജ്യമായിത്തീരും എന്നുറപ്പാണ്. താഴെപറയുന്ന അഞ്ച് തത്വങ്ങളില്‍ ഊന്നിയാണ് അഭിയാന്‍ യുവജനങ്ങളില്‍ സംരംഭകത്വ ശീലം വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നത്.
1. പഠനകാലത്തുതന്നെ വരുമാനദായകമായ സംരംഭങ്ങളില്‍ പങ്കാളികളാകുക.
2. ജോലിക്ക് ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്ക് ജോലി നല്‍കുന്നവരാകുക.
3. പുതുതായി ചിന്തിക്കുക, പുതിയ കാര്യങ്ങളെപ്പറ്റി ചിന്തിക്കുക, സാധാരണ പുതുമയുള്ളതുമായ ആശയങ്ങള്‍ മുന്നോട്ട് വച്ച് പ്രാവര്‍ത്തികമാക്കുക.
4. ഒരു മികച്ച സംരംഭകനാകും എന്ന ഇച്ഛാശക്തിയോടെ മുന്നേറുക. കഠിനാധ്വാനം, സാഹസിക ബോധം, സമയനിഷ്ഠ, നിശ്ശബ്ദത എന്നീ മൂല്യങ്ങള്‍ സ്വായത്തമാക്കുക. പുതിയ പുതിയ സാങ്കേതിക വിദ്യകളും തന്ത്രങ്ങളും സ്വായത്തമാക്കുക.
5. രാജ്യതാത്പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുക. സ്വദേശി ഉല്പന്നങ്ങളെ (കഴിയുന്നതും അതത് ചുറ്റുവട്ടത്തുള്ള ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം) പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അവ.
വിദ്യാഭ്യാസത്തോടൊപ്പം തന്നെ സംരംഭകത്വശീലം വളര്‍ത്തിയെടുക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസമേഖലയുടെ സമൂലമായ പൊളിച്ചെഴുത്തിന് പുതിയ ദേശീയ വിദ്യാഭ്യാസനയം വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം. ഇതിന്റെ പ്രതിഫലനം രാജ്യത്ത് പുതിയ അനേകകോടി സംരംഭങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനിടയാക്കാതിരിക്കുകയില്ല. എല്ലാ കൈകള്‍ക്കും തൊഴില്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതോടെ ദാരിദ്ര്യരേഖക്ക് താഴെ ഉള്ള മുഴുവന്‍ പേരെയും ദാരിദ്ര്യത്തിന്റെ ഭീഷണമായ കരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ സാധിക്കും. 2030 ആകുന്നതോടെ ഇക്കാര്യം സഫലമാക്കാന്‍ മുഴുവന്‍ പൗരസമൂഹവും സര്‍ക്കാരുകളോടൊത്ത് പരിശ്രമിക്കണം. കുടുംബങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കാത്ത രീതിയില്‍ അമ്മമാരും സഹോദരിമാരുമടങ്ങുന്ന കുടുംബത്തിലെ മുഴുവന്‍ പേരും ഏതെങ്കിലും ഒരു സംരംഭത്തില്‍ പങ്കാളികളാകുന്നതിന് തയ്യാറാകണം. അഭ്യസ്തവിദ്യരായ കോടിക്കണക്കിന് സ്ത്രീജനങ്ങള്‍ കുടുംബിനികളാകുന്നതോടെ തങ്ങളുടെ ജോലി ഉപേക്ഷിക്കുന്ന കാഴ്ച കാണാം. മറ്റു തിരക്കുകള്‍ക്കിടയിലും കുറച്ച് മണിക്കൂര്‍ സ്വന്തമായി എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുന്നതിന് അവര്‍ തയ്യാറാകണം. കുടുംബത്തിന്റെ സാമ്പത്തിക സുസ്ഥിരതക്കും ഇന്നത്തെക്കാലത്ത് ഇത് അത്യാവശ്യമാണ്. സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിലെ സ്ത്രീകളും തൊഴില്‍ രംഗത്തേക്ക് വരേണ്ടതുണ്ട്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ തങ്ങളുടേതായ പങ്ക് വഹിക്കാന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ മേന്മകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പല തൊഴിലുകളും വീടുകള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ടുതന്നെ ചെയ്യാന്‍ സാധിക്കും എന്നതാണ് കൊറോണ നമുക്ക് നല്കിയ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ആത്മാഭിമാനവും സാമൂഹ്യബോധവുമുള്ള ഏതൊരു വ്യക്തിയും സര്‍ക്കാരില്‍ നിന്നോ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഉള്ള ഔദാര്യം സ്വീകരിക്കുന്നതില്‍ വിമുഖരായിരിക്കും. തന്റെ അദ്ധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന ധനം കൊണ്ട് സ്വന്തം ജീവിതം കരുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാരാണ് ഒരു രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ കരുത്ത്.
കോവിഡ് മഹാമാരിയുടെ കാലത്ത് 80 കോടി ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ഗിരീബി കല്യാണ്‍ അന്നയോജനയുടെ ഭാഗമായി സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുകയുണ്ടായി. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളും സ്വാവലംബനത്തിന്റെ പടികള്‍ കയറി തുടങ്ങുന്നതോടെ ഈ ഇനത്തില്‍ ചിലവഴിക്കുന്ന കോടിക്കണക്കിന് രൂപ രാജ്യവികസനത്തിനായി പ്രയോജനപ്പെടും. യൂറോപ്യന്‍ നിലവാരത്തിലുള്ള ഗതാഗത സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ – ആരോഗ്യമേഖലകളില്‍ മെച്ചപ്പെട്ട സേവനങ്ങളും പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതിന് നികുതികള്‍ ഉയര്‍ത്താതെ തന്നെ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്ന അവസ്ഥ വന്നുചേരും. അന്ത്യോദയ കാഴ്ചപ്പാടുള്ള ഒരു സര്‍ക്കാരിന് ഏറ്റവും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കികൊടുക്കാനും ഇത് വഴിതെളിയിക്കും. വികസനത്തിന്റെ വണ്ടിയില്‍ എല്ലാവര്‍ക്കും ഇരിപ്പിടം ലഭിക്കുന്ന ഒരവസ്ഥയാണ് നമ്മുടെ സ്വപ്‌നത്തിലുള്ളത്.
സ്വാവലംബനത്തിന്റെ ദിശയില്‍ മുന്നേറാനുദ്ദേശിക്കുന്ന ഒരു ജനത തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ കൂടുതലായി വാങ്ങുന്ന മനോഭാവം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമരകാലത്തു മുതല്‍ സ്വദേശി നമ്മുടെ ജീവ മന്ത്രമായിരുന്നു. മഹാത്മജിയും മഹാകവി ടാഗൂറും സ്വദേശിയുടെ മഹത്വം തിരിച്ചറിഞ്ഞ് അതിനെ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യഘടകമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തരഭാരതം സ്വാതന്ത്ര്യസമരകാലത്തെ മൂലമന്ത്രങ്ങള്‍ ഒന്നൊന്നായി കൈയൊഴിയുന്ന അവസ്ഥയാണുണ്ടായത്. 1990 കളില്‍ ഭാരതത്തിന്റെ സാമ്പത്തിക രംഗം തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിയത് ഇതുകൊണ്ടാണ്. എന്നാല്‍ അധികാരത്തിലിരുന്ന മുന്‍ സര്‍ക്കാരുകള്‍ കരുതല്‍ സ്വര്‍ണ്ണം പണയം വെച്ചും കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ക്കായി വിപണി തുറന്നു കൊടുത്തുകൊണ്ടുമുള്ള സൂത്രപ്പണികളിലൂടെ പ്രതിസന്ധി മറികടക്കാനാണ് ശ്രമിച്ചത്. ഇറക്കുമതി നിയന്ത്രിച്ചുകൊണ്ടും കയറ്റുമതി പ്രോത്സാഹിപ്പിച്ചുകൊണ്ടും മാത്രമേ ഏതൊരു രാജ്യത്തിനും വിദേശനാണ്യശേഖരം സംരക്ഷിക്കാനാവൂ എന്ന ബാലപാഠം മറന്നുകൊണ്ടാണ് അവര്‍ പെരുമാറിയത്. ഈ സാഹചര്യത്തിലാണ് വൈദേശിക ശക്തികള്‍ക്ക് ഭാരതത്തെ പണയം വെക്കുന്ന സാമ്പത്തിക നയങ്ങള്‍ക്ക് ബദലായി സ്വദേശി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ദേശീയ പ്രസ്ഥാനങ്ങള്‍ തുടക്കംകുറിച്ചത്. വലിയ മുതല്‍മുടക്ക് ആവശ്യമായ വന്‍കിട കമ്പനികളിലൂടെ ഉള്ള വന്‍തോതിലുള്ള ഉത്പാദനത്തിനുപകരം കൂടുതല്‍ ജനകീയമായതും തൊഴില്‍ അവസരങ്ങള്‍ വികസിപ്പിച്ചുകൊണ്ടുമുള്ള ബദല്‍ ആണ് സ്വദേശി പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്. ആയതിന്റെ സ്വാഭാവികമായ തുടര്‍ നടപടിയാണ് സ്വാവലംബി ഭാരത് അഭിയാനിലൂടെ ലക്ഷ്യമിടുന്നത്. 140 കോടിയോളം വരുന്ന മുഴുവന്‍ ഭാരതീയര്‍ക്കും അന്തസ്സോടെയും ജീവിതസൗഭാഗ്യങ്ങള്‍ അനുഭവിച്ചുകൊണ്ടും ജീവിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്നതിലൂടെ ഭാരതത്തെ ദാരിദ്ര്യമുക്തമാക്കാനും ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറ്റാനുമുള്ള ദൃഢനിശ്ചയമാണ് ഈ അഭിയാന്റെ യഥാര്‍ത്ഥ ഊര്‍ജ്ജസ്രോതസ്.