ന്യൂദല്‍ഹി: ഭാരതത്തിന്റെ ദേശീയത ഭാവാത്മകമാണെന്നും അത് മറ്റൊരു രാജ്യത്തിനും ഭീഷണിയല്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. ദല്‍ഹിയില്‍ സങ്കല്‍പ്പ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസുധൈവ കുടുംബകം എന്ന ആശയമാണ് ഭാരതം മുന്നോട്ട് വയ്ക്കുന്നത്. ലോകത്തെ എല്ലാവരിലും കുടുംബഭാവം ഉണ്ടാകണമെന്നാണ് നാം ദേശീയതയിലൂടെ പറയുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്ത് നിന്ന് ഒരിക്കലും ഒരു ഹിറ്റ്ലര്‍ ഉണ്ടാകില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അയാളെ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ തന്നെ വലിച്ചെറിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് പലരും ആഗോള വിപണിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഭാരതം മാത്രമാണ് വസുധൈവ കുടുംബകം എന്ന ആശയത്തെ കുറിച്ച് സംസാരിക്കുന്നത്. ഭാരതം അതിനുവേണ്ടി സംസാരിക്കുക മാത്രമല്ല ലോകത്തെ ഒരു കുടുംബമാക്കി മാറ്റുന്നതിന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയുമാണ്. ഭാരതത്തിന്റെ ദേശീയതയെക്കുറിച്ചുള്ള ആശയം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചെയര്മാന് ഡോ. ജഗ്ബീര്‍ സിംഗ്, സങ്കല്പ് ഫൗണ്ടേഷന് പ്രസിഡന്റ് സന്തോഷ്കുമാര്‍ തനേജ, പ്രസന്നകുമാര്‍ ഐഎഎസ് തുടങ്ങിയവര്‍ സംസാരിച്ചു. സങ്കല്പിന്റെ ഭാരതത്തിലെ മുഴുവന്‍ ചാപ്റ്ററുകളും പങ്കെടുത്ത പരിപാടിയില്‍ സങ്കല്പ് ഐഎഎസ് കേരള കണ്ണൂരിനെ പ്രതിനിധീകരിച്ച് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്കപ്രമുഖ് കെ.വി. ജയരാജന് മാസ്റ്റര്‍ പങ്കെടുത്തു.