തിരുവനന്തപുരത്തെ ബാലരാമപുരത്തുള്ള വലിയ പള്ളിപോലുള്ള കേരളത്തിലെ പല മുസ്ലീം പ്രാര്‍ത്ഥനാലയങ്ങളിലും അടച്ചിട്ട ചില സ്വകാര്യ സ്ഥലങ്ങളിലും ഈയിടെ ചില കൂട്ടപ്രാര്‍ത്ഥനകള്‍ നടന്നു. അമേരിക്ക കാബൂളില്‍ വെച്ച് കാലപുരിയ്ക്കയച്ച, കൊടുംഭീകരനായ സവാഹിരിയുടെ ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളായിരുന്നു അത്. രാജ്യത്തിന്റെയും രാജ്യഭക്തിയുടെയും സമസ്തസീമകളും കടന്ന് മതമെന്ന ‘കറുപ്പി’ന്റെ ലഹരിയില്‍ മതച്ചൊരുക്കു തലയ്ക്കു കയറിയ ഒരു കൊടുംഭീകരനുവേണ്ടി, അയാള്‍ അനഭിമതമായി പ്രഖ്യാപിച്ച നമ്മുടെ നാട്ടില്‍ പ്രാര്‍ത്ഥന നടത്തുന്ന അവസ്ഥ! ഭാരതഭരണഘടന വാഗ്ദാനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിലഭ്യതയുടെ വിനാശകാരിയായ പാര്‍ശ്വഫലമാണ് കേരളത്തിലെ ചില മുസ്ലീം ആരാധനാലയങ്ങളില്‍ സവാഹിരിയുടെ മരണശേഷം അരങ്ങേറിയ ഈ മതാചാരണം കാണിക്കുന്നത്. രാജ്യദ്രോഹപരമായ ഈദൃശ പ്രവൃത്തികളില്‍ വ്യാപൃതരാകാനുള്ള ധൈര്യം, ഒസാമാ ബിന്‍ ലാദന്റെ മരണകാലത്ത് ‘ബിന്‍ലാദാ നീ മരിച്ചിട്ടില്ല’ എന്നു കവിതയെഴുതിയ മന്ത്രിപുംഗവനെപ്പോലുള്ളവരും ഭരണ-പ്രതിപക്ഷവ്യത്യാസമില്ലാതെ, വോട്ടുബാങ്കില്‍ കണ്ണും നട്ടിരിക്കുന്ന രാഷ്ട്രീയക്കാരും ഇൗ പരിഷകള്‍ക്ക് പരോക്ഷമായെങ്കിലും പ്രദാനം ചെയ്യുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. മതമെന്നു കേള്‍ക്കുമ്പോള്‍ രാജ്യത്തിന്റെ സുരക്ഷയെപ്പോലും തൃണവത്ക്കരിച്ചുകൊണ്ട് രാജ്യത്തിന്റെ ശത്രുവിനോട് ഐക്യദാര്‍ഢ്യം പ്രദര്‍ശിപ്പിക്കുന്നത് തീര്‍ച്ചയായും അപകടകരമായ പ്രവണതതന്നെയാണ്.
മതം തികച്ചും ഒരാളുടെ സ്വകാര്യതയാണ്. അത് അലങ്കാരമായും അഹങ്കാരമായും കൊണ്ടു നടക്കാനുള്ള അവകാശം തീര്‍ച്ചയായും അയാള്‍ക്കുണ്ട്. പക്ഷേ, മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹീനമെന്ന് ഒതുക്കി വെച്ച് തങ്ങള്‍ പിന്തുടരുന്ന മതത്തെ മാത്രം അമൂല്യമെന്ന് എല്ലാവരും നിനച്ച് നെഞ്ചേറ്റണമെന്ന് വാശി പിടിക്കുമ്പോഴാണ് മതം അപകടമാവുന്നത്. ആ അപകടം, ജീവന്‍ അപായപ്പെടുത്തിയവരില്‍ ചിലരാണ് ഒസാമാ ബിന്‍ ലാദനും അല്‍ഖ്വയ്ദയുടെ മറ്റൊരു ഭീകരനേതാവായിരുന്ന അഹമ്മദ് ഹസ്സന്‍ അബു ഖയര്‍ അല്‍ മസ്രിയും ഐ എസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയും ഇപ്പോള്‍ അമേരിക്ക തൊടുത്തുവിട്ട മിസൈല്‍ ഉയിര്‍ പറിച്ചെടുത്ത സവാഹിരിയും എല്ലാം.
ഒസാമ ബിന്‍ ലാദന്‍ അല്‍ ഖ്വയ്ദയുടെ മുഖമായിരുന്നുവെങ്കില്‍, അതിന്റെ മസ്തിഷ്‌ക്കമായി പ്രവര്‍ത്തിച്ചിരുന്ന തന്ത്രജ്ഞനായിരുന്നു മുച്ചൂടും ഇന്ത്യാവിരുദ്ധനായിരുന്ന സവാഹിരി. 2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമടക്കം മുന്നൂറിലേറെ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട, മൂന്നു തവണ മരിച്ചു എന്ന വാര്‍ത്ത വന്നിട്ടും തിരിച്ചു വന്ന, 25 ദശലക്ഷം ഡോളര്‍ തലയ്ക്കു വിലയുള്ള, പതിനായിരക്കണക്കിന് മനുഷ്യരുടെ മരണത്തിന് ഉത്തരവാദിയായ കൊടുംഭീകരന്‍. ലോകസംസ്‌ക്കാരത്തിന്റെ ഈറ്റില്ലങ്ങളിലൊന്നായ, ഈജിപ്‌റ്റെന്ന പിരമഡുകളുടെ നാട്ടിലെ കെയ്‌റോ നഗരത്തിനടുത്തുള്ള അല്‍ ഹസര്‍ എന്ന പ്രദേശത്താണ് പ്രശസ്തനായ മുസ്ലീം പുരോഹിതന്റെ പേരക്കുഞ്ഞായി 1951-ല്‍, സവാഹിരി ജനിക്കുന്നത്. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥന്മാരുമടങ്ങുന്ന വിശ്രുതമായ ഒരു കുടുംബമായിരുന്നു സവാഹിരിയുടേത്. ഇസ്ലാംമത നവീകരണാശയങ്ങളോട് ഓരം ചേര്‍ന്നു മേയുന്ന ചി ന്താശീലമുള്ളവരായിരു ന്നു സവാഹിരിയുടെ കുടുംബാംഗങ്ങളെല്ലാം. അതുകൊണ്ടുതന്നെ, അതിലൊരാള്‍ക്കുപോലുമുണ്ടായിരുന്നില്ല, തീവ്രവാദികളുമായി സമ്പര്‍ക്കം. അച്ഛന്‍ പ്രശസ്തമായ ഒരു മെഡിക്കല്‍ കോളേജിലെ ഫാര്‍മക്കോളജി പ്രൊഫസറായിരുന്നു. അച്ഛന്റെ പാത പിന്‍തുടര്‍ന്നുകൊണ്ട്, 1974-ല്‍ കെയ്‌റോ സര്‍വ്വകലാശാലയില്‍നിന്ന് വൈദ്യശാസ്ത്രത്തില്‍ എം.എസ് ബിരുദമെടുത്ത,് പൊതുവേ നാണംകുണുങ്ങിയായ സവാഹിരി ഔഷധമേഖലയില്‍ത്തന്നെ സര്‍ജനായി തന്റെ ലാവണം ഉറപ്പിച്ചു. തുടക്കത്തില്‍, മൂന്നു വര്‍ഷക്കാലം ഈജിപ്ഷ്യന്‍ പട്ടാളത്തില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുമ്പോള്‍ത്തന്നെ സവാഹിരി വീടിനടുത്ത് ഒരു സ്വകാര്യാശുപത്രിയും സ്ഥാപിച്ചു. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള പാടവമുണ്ടായിരുന്ന സവാഹിരി, ആ ഭാഷകള്‍ സംസാരിക്കുന്ന രോഗാതുരന്മാര്‍ക്ക് ആശ്രയമാകാനും ശ്രദ്ധിച്ചു.
പക്ഷേ, അതിനുമുമ്പുതന്നെ, കൃത്യമായിപ്പറഞ്ഞാല്‍, കെയ്‌റോയില്‍ എം.എസ് ബിരുദവിദ്യാര്‍ത്ഥിയായിരിക്കെ, ‘മുസ്ലീം ബ്രദര്‍ഹുഡി’ ന്റെ ചില ഗ്രൂപ്പുകള്‍ സംഘടിപ്പിച്ചിരുന്ന തീവ്രസ്വഭാവമുള്ള ഇസ്ലാംമതക്ലാസുകളില്‍ സവാഹിരി പങ്കെടുക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഈ ക്ലാസുകള്‍ അയാളുടെ മസ്തിഷ്‌ക്കത്തില്‍ മതച്ചൊരുക്കിന്റെ വിഷവിത്തുകള്‍ പാകി. തന്റെ മതമാണ് ശരിയെന്നും ലോകത്തെ ഇസ്ലാമിന്റെ ധാര്‍മ്മികപന്ഥാവിലെത്തിക്കാന്‍ അക്രമത്തിന്റെ വഴിപോലും സ്വീകാര്യമാണെന്നും സവാഹിരി ഉറച്ചു വിശ്വസിച്ചു.
തുടര്‍ന്ന്, മുസ്ലീംതീവ്രവാദപ്രസ്ഥാനമായ, ‘ഈജിപ്ഷ്യന്‍ ബ്രദര്‍ഹുഡി’ന്റെ പ്രവര്‍ത്തകനായി സവാഹിരി തീവ്രവാദത്തിന്റെ ഉഷ്ണഭൂമിയിലേക്ക് തന്റെ താവളം മാറ്റി. പിന്നീട്, ‘ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദ്’ എന്ന കൊടുംഭീകരസ്വഭാവമുള്ള ഒരു സംഘടനയ്ക്ക് രൂപം കൊടുത്ത് അതിന്റെ അമരത്ത് സ്വയം അവരോധിതനായി. മതം കണ്ണു മഞ്ഞളിപ്പിച്ച അയാളുടെ കണ്ണുകള്‍ക്ക് കാണുന്നതെല്ലാം അനിസ്ലാമികമായി അനുഭവപ്പെട്ടു. അക്കാലത്താണ് ഈജിപ്ഷ്യന്‍ പ്രസിഡണ്ടായിരുന്ന അന്‍വര്‍ സാദത്തിന്റെ ഉയിരെടുക്കാനുള്ള ഉദ്യമത്തില്‍ സവാഹിരി വ്യാപൃതനാവുന്നത്.
അയാള്‍ രൂപം കൊടുത്ത ‘ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദ്’ എന്ന ഈ ഭീകരസംഘടനയായിരുന്നു, 1981, ഒക്ടോബര്‍ മാസം 6-ാം തിയതി, അതിവിദഗ്ധമായി അന്‍വര്‍ സാദത്തിന്റെ കഥ കഴിച്ചത്. ഈജിപ്ഷ്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്ന് ബിരുദം സമ്പാദിച്ച്, ആ രാജ്യത്തിന്റെ പട്ടാളത്തില്‍ കേണലായി സേവനം ചെയ്യുന്ന ഖാലിദ് ഇസ്ലാം ബൗളി എന്ന പട്ടാളക്കാരനെ മസ്തിഷ്‌ക്കപ്രക്ഷാളനം ചെയ്ത് വശത്താക്കിയാണ് സവാഹിരിയുടെ സംഘടന അന്‍വര്‍ സാദത്തിന്റെ കഥ കഴിക്കാന്‍ നിയോഗിച്ചത്. സൂയസ് കനാല്‍ കടന്ന്, ഇസ്രയേലിന്റെ പക്കല്‍നിന്ന് സിനായ് ഉപദ്വീപിന്റെ ഒരു ഭാഗം പിടിച്ചടക്കിയതിന്റെ വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അപ്പോള്‍ അന്‍വര്‍ സാദത്ത്. ആഘോഷത്തിനിടയില്‍ പട്ടാളക്കാരുടെ സല്യൂട്ട് സ്വീകരിക്കാന്‍ തിരിഞ്ഞുനിന്ന സാദത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചുകൊണ്ടായിരുന്നു ഖാലിദ് ഇസ്ലാം ബൗളി, സവാഹിരി തന്നെ ഏല്പിച്ച ദൗത്യം നിറവേറ്റിയത്. പിടിയിലായ ബൗളിക്ക് ഈജിപ്ഷ്യന്‍ നിയമപാലകര്‍ വധശിക്ഷ വിധിച്ചു. ഗൂഢാലോചനാക്കുറ്റത്തിനും ആയുധങ്ങള്‍ കൈവശം വെച്ചതിനും ശിക്ഷിക്കപ്പെട്ട് സവാഹിരി കാരാഗൃഹത്തിലുമായി.
ജയിലില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങള്‍ സവാഹിരിയിലെ മതഭ്രാന്തിന്റെ തീവ്രത ശതഗുണീകരിച്ചു. 1985-ല്‍, ശിക്ഷയുടെ കാലാവധി കഴിഞ്ഞ് പുറത്തെത്തിയപ്പോഴേക്കും അയാള്‍ സ്ഫുടം ചെയ്‌തെടുത്ത തീവ്രവാദിയായി മാറിക്കഴിഞ്ഞിരുന്നു.
ജയില്‍വിമുക്തനായ ശേഷം സൗദി അറേബ്യയിലെ, പ്രവാചകന്റെ ജന്മഭൂമിയില്‍ കുറച്ചുകാലം ചെലവാക്കിയ അയാള്‍, അവിടെനിന്ന് തീവ്രവാദത്തിന്റെ കൃഷിയിടമായ പാകിസ്ഥാനിലെത്തി. അമേരിക്കയുടെ ആശീര്‍വാദത്തോടെ, അഫ്ഗാനിസ്ഥാനില്‍ ‘മുജാഹിദു’കള്‍ എന്ന, മതഭ്രാന്തന്മാരുടെ ഒരു സംഘടന, സോവിയറ്റ് ഭടന്മാരോട് ഏറ്റുമുട്ടിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. സോവിയറ്റ് യൂണിയന്റെ പട്ടാളക്കാരോട് പൊരുതി വീഴുന്ന ‘മുജാഹിദീനു’കള്‍ക്ക് സാന്ത്വനമാവാനായി സവാഹിരി, പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനിലെ പോര്‍മുഖത്തെത്തി. അവിടെ, റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ പരിക്കേല്ക്കുന്ന മുജാഹിദീനുകളെ പരിചരിക്കാന്‍ അയാള്‍ ‘റെഡ് ക്രസന്റി’-നൊപ്പം നിന്നു പ്രവര്‍ത്തിച്ചു.
അവിടെവെച്ചായിരുന്നു സവാഹിരി, ആദ്യമായി ബിന്‍ ലാദനെ കണ്ടുമുട്ടുന്നത്. ഒസാമാ ബിന്‍ ലാദന്റെ പ്രഭാഷണങ്ങളിലും ആഹ്വാനങ്ങളിലും ആകൃഷ്ടനായ അയാള്‍, ലാദന്റെ സഹായിയായി ‘അല്‍ ഖ്വയ്ദ’ എന്ന ഭീകരപ്രസ്ഥാനത്തിന്റെ തുരുത്തില്‍ തന്റെ വിനാശവേലകള്‍ക്കുള്ള താവളം കണ്ടെത്തി. പ്രായേണ, ബിന്‍ലാദന്റെ പേഴ്‌സണല്‍ ഡോക്ടറുടെ പദവിയിലേക്കുയര്‍ന്ന സവാഹിരി, ലാദന്റെ അതീവ വിശ്വസ്തന്മാരില്‍ ഒരാളായി മാറി. 1997-ല്‍, 5 വയസ്സുള്ള ഒരിംഗ്ലീഷുകാരി പെണ്‍കുട്ടിയടക്കം 62 പേരടങ്ങുന്ന ഈജിപ്ഷ്യന്‍ വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണമഴിച്ചുവിട്ട്, അവരെയൊന്നടങ്കം കാലപുരിയ്ക്കയച്ച് അയാള്‍ ബിന്‍ലാദന്റെ നല്ല പുസ്തകത്തില്‍ ഒരിടമുറപ്പിച്ചു. അതീവനികൃഷ്ടമായ ഈ ക്രൂരപ്രവൃത്തിയിലൂടെ, ‘ലാദന്റെ മരണശേഷം അല്‍ഖ്വയ്ദയെ നയിക്കാനാര്’ എന്ന ചോദ്യത്തിന് ഉത്തരം വെളിപ്പെടുത്തിക്കൊണ്ട്, ലാദന്‍ ബീജാവാപം ചെയ്ത ‘അല്‍ ഖ്വയ്ദ’എന്ന ഭീകരപ്രസ്ഥാനത്തില്‍ തന്റെ ഇടം വ്യക്തമായി അടയാളപ്പെടുത്തി, സവാഹിരി. ഇതോടെയാണ് സവാഹിരി എന്ന വിനാശകാരിയായ കൊടുംഭീകരനെക്കുറിച്ച് പുറംലോകം അറിയാന്‍ തുടങ്ങുന്നത്.
പിന്നീട് ഒസാമ ബിന്‍ ലാദന്റെ മസ്തിഷ്‌ക്കമായി പ്രവര്‍ത്തിച്ച് അയാള്‍ പല വിനാശപ്രവൃത്തികള്‍ക്കും വേണ്ടി പദ്ധതികള്‍ ചമച്ചു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു, അയാള്‍ പദ്ധതിയിട്ട ് വിജയകരമായി അരങ്ങേറ്റിയ അമേരിക്കയിലുള്ള വേള്‍ഡ് ട്രേഡ് സെന്ററിനു നേരെയുള്ള ആക്രമണം.
ബോസ്റ്റണില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് 81 യാത്രക്കാരെയും വഹിച്ച് 440 നാഴിക വേഗത്തില്‍ പറന്നുകൊണ്ടിരുന്ന, അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ്ങ് 767-200 E-R എന്ന വിമാനം റാഞ്ചിയെടുത്താണ് 9417 ഗാലന്‍ ഇന്ധനത്തോടെ ട്രേഡ് സെന്ററിന്റെ വടക്കന്‍ ഗോപുരത്തിലേക്ക് അല്‍ഖ്വയ്ദക്കാര്‍ അന്ന് വിമാനം ഇടിച്ചു കേറ്റിയത്. അതോടൊപ്പംതന്നെ റാഞ്ചപ്പെട്ട മറ്റൊരു ബോയിങ്ങ് വിമാനമായ യുനൈറ്റഡ് ഫൈ്‌ളറ്റ് 175, അതിലുണ്ടായിരുന്ന 56 പേരുടെ ഉടലുകള്‍ ഭസ്മമാക്കിക്കൊണ്ട് തെക്കന്‍ ഗോപുരവും നിലം പരിശാക്കി. അതുകൂടാതെ, അമേരിക്കന്‍ എയര്‍ലൈന്‍സിന്റെതന്നെ മറ്റൊരു വിമാനം റാഞ്ചിയെടുത്ത് പെന്റഗണിനകത്തേയ്ക്കും തുളച്ചു കയറ്റി അല്‍ഖ്വയ്ദയിലെ അപകടകാരികളായ അക്രമികള്‍. ഒരു പരുന്തുപോലും മേലെ പറക്കാന്‍ ഭയപ്പെടുന്ന പ്രദേശമാണ് അമേരിക്കയുടെ സേനാകേന്ദ്രമായ പെന്റഗണ്‍ എന്നോര്‍ക്കണം. 2996 മനുഷ്യജീവനുകളാണ് അന്ന് വിമാനബോംബുകളടെ അഗ്നിജിഹ്വകള്‍ നിഷ്‌ക്കരുണം നക്കിയെടുത്തത്. ഈ അഗ്നിവിളയാട്ടുകള്‍ക്ക് അല്‍ഖ്വയ്ദയ്ക്ക് ബലി കഴിക്കേണ്ടി വന്നതാകട്ടെ, വെറും 19 ഭീകരരുടെ ജീവന്‍ മാത്രമായിരുന്നു. 2001 സപ്തംബര്‍ മാസം 11-ാം തീയതിയാണ് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് അല്‍ഖ്വയ്ദ ഭീകരന്മാരുടെ ആക്രമണത്തിന് അടിയറവു പറഞ്ഞുകൊണ്ട് ഇരട്ടഗോപുരങ്ങള്‍ നിലം പൊത്തുന്നത്.
ഈ പദ്ധതിയുടെ വിജയത്തോടെ സവാഹിരി ഒസാമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വിധം പ്രിയപ്പെട്ടവനായി. അയാളുടെ വാക്കുകള്‍ക്ക് അല്‍ ഖ്വയ്ദയില്‍ മറുവാക്കില്ല എന്ന അവസ്ഥ സംജാതമായി. പിന്നീട് 2011-ല്‍ യു.എസ് നേവി സീലുകള്‍ ഒസാമയെ വധിക്കുന്നതുവരെ അയാള്‍ ഒസാമയുടെ നിഴലായി അല്‍ ഖ്വയ്ദയില്‍ നാളുകള്‍ കഴിച്ചു.
അതിനുമുമ്പ്, 1998ല്‍, 213 പേരുടെ ഉയിര്‍ച്ഛേദത്തിനും 85 പേര്‍ക്ക് ഗുരുതരമായ പരിക്കിനും കാരണെമാരുക്കിക്കൊണ്ട്, ടാന്‍സാനിയയിലെ ദാറുസ്സലാമിലും കെനിയയിലെ നെയ്‌റോബിയിലും പ്രവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ എമ്പസികളില്‍ ബോംബിട്ടതോടെത്തന്നെ സവാഹിരി അമേരിക്കന്‍ സൈന്യത്തിന്റെ നോട്ടപ്പുള്ളിയായി മാറിക്കഴിഞ്ഞിരുന്നു. അത്യന്തം അപകടകാരികളായ ജൈവായുധങ്ങള്‍ അഫ്ഗാനിസ്ഥാനില്‍, അയാളുടെ അധീനതയിലുള്ള പരീക്ഷണശാലകളില്‍ രൂപംകൊണ്ടുകിടക്കുന്നുണ്ടെന്ന് അമേരിക്ക മനസ്സിലാക്കി. അമേരിക്കന്‍ ഭടന്മാരുടെ, തുടര്‍ന്നുണ്ടായ, താണ്ഡവം സഹിക്കാനാവാതെ, അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന് കയ്യൊഴിയേണ്ടി വന്ന സാഹചര്യത്തില്‍, സവാഹിരി എന്ന ‘ഭീകരതയുടെ താത്വികാചാര്യ’ന് പ്രസ്തുത ലാബ് അടച്ചുപൂട്ടി സ്ഥലം വിടേണ്ടി വന്നു.
കള്ളനോട്ടും മയക്കുമരുന്നും ഭാരതത്തിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളിലെത്തിച്ച് നമ്മുടെ നാടിന്റെ സാമ്പത്തികവും സാംസ്‌ക്കാരികവുമായ സുരക്ഷിതത്വത്തിന്റെ നട്ടെല്ലു തകര്‍ക്കാനും അതിലൂടെ സ്വന്തം നിലനില്പ് ഉറപ്പാക്കി സംഘടനയെ ബലപ്പെടുത്താനും അല്‍ ഖ്വയ്ദയു ടെ നെടുംതൂണായി വര്‍ത്തിച്ചത് സവാഹിരിയായിരുന്നു. ഭാരതത്തിലേക്ക് മാത്രമല്ല, ലോകത്തിലെ മറ്റു പല ‘അവിശ്വാസികളുടെ പാപഭൂമി’-കളിലേക്കും അയാള്‍ നിര്‍ബാധം മയക്കുമരുന്നുകളും ആ രാജ്യങ്ങളുടെ കള്ളനോട്ടുകളും എത്തിക്കുകയും അതിലൂടെ വമ്പിച്ച സാമ്പത്തികനേട്ടമുണ്ടാക്കുകയും ചെയ്തു. ഒരുകാലത്ത്, എല്‍.ടി.ടി ഇ-ക്കുപോലും ആയുധങ്ങളെത്തിച്ചു കൊടുത്തിരുന്നത് അല്‍ഖ്വയ്ദതന്നെയായിരുന്നുവല്ലൊ.
ഒസാമയുടെ കാലശേഷം, അല്‍ഖ്വയ്ദ എന്ന ഭീകരപ്രസ്ഥാനത്തിന്റെ അമരക്കാരനായി സവാഹിരി അവരോധിക്കപ്പെട്ടു. ഒസാമയുടെ വധത്തിനു ശേഷം അല്‍ഖ്വയ്ദയില്‍ നിന്നു പിരിഞ്ഞു പോയി, ‘ഇസ്ലാമിക്ക് സ്‌റ്റേറ്റ്’ രൂപീകരിച്ച,് അംഗങ്ങളില്‍ ഭൂരിഭാഗവും ആ ഭീകരപ്രസ്ഥാനത്തില്‍ ചേക്കേറിയ കാലത്താണ് സവാഹിരി അല്‍ ഖ്വയ്ദയുടെ ചുക്കാന്‍ പിടിക്കാനെത്തുന്നത്. അതിനിടയ്ക്ക് താലിബാന്റെ ഉപദേശകസംഘത്തിലെ പ്രമുഖസ്ഥാനവും സവാഹിരിയെത്തേടി എത്തിക്കഴിഞ്ഞിരുന്നു. അല്‍ഖ്വയ്ദയുടെ പ്രാദേശിക വിഭാഗങ്ങളായ, ‘അല്‍ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനന്റ്’, ‘അല്‍ഖ്വയ്ദ ഇന്‍ അറേബ്യന്‍ പെനിന്‍സുല’, ‘അല്‍ ഷബാബ്’ എന്നീ വിനാശകാരികളായ പ്രസ്ഥാനങ്ങള്‍ സവാഹിരിയുടെ കാലത്താണ് തെഴുത്തുയര്‍ന്ന് വേരു പിടിക്കുന്നത്.
2014 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍, ഇറാഖിലും സിറിയയിലും ഖിലാഫത്ത് സ്ഥാപിക്കാന്‍ മനുഷ്യനെ കൂട്ടക്കുരുതി നടത്തിയ ‘ഇസ്ലാമിക്ക് സ്‌റ്റേറ്റ്’ ക്രമേണ തകര്‍ന്നടിഞ്ഞതോടെ, അതിലെ പ്രവര്‍ത്തകരെ താലിബാന്‍ സര്‍ക്കാരിന്റെ പിന്‍തുണയോടെ അല്‍ഖ്വയ്ദയിലേക്ക് തിരിച്ചുകൊണ്ടുവന്ന് തന്റെ പ്രസ്ഥാനത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള പ്രക്രിയയില്‍ വ്യാപൃതനായി സവാഹിരി. ഈ സന്ദര്‍ഭത്തിലാണ് അമേരിക്കയുടെ ഡ്രോണ്‍ വര്‍ഷിച്ചുവിട്ട മിസൈലൊന്ന് പറന്നുവന്ന് സവാഹിരിയുടെ ഉയിര്‍ പറിച്ചെടുക്കുന്നത്.
മുമ്പ് സൂചിപ്പിച്ചതുപോലെ, കടുത്ത ഇന്ത്യാവിരുദ്ധനായിരുന്നു സവാഹിരി. സവാഹിരിക്ക് ഭാരതം മുഖ്യശത്രുതന്നെയായിരുന്നു. നബി ആഗ്രഹിച്ചതുപോലെ, ഇന്ത്യയ്‌ക്കെതിരെ പുണ്യപ്പടയെ (Ghazwae Hind) നിയോഗിച്ച് ഈ നാടിനെ ദാറുല്‍ ഇസ്ലാമാക്കാന്‍ അയാള്‍ കശ്മീരി മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തു. ഭാരതത്തില്‍ ജിഹാദു നടത്തുന്നതിനായി ‘ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജിഹാദിന്റെ ബേസ് ഓര്‍ഗനൈസേഷന്‍’-(Base Organisation Of Jihad Of Indian Peninsula) എന്ന പേരില്‍ ഒരു സംഘടനയ്ക്കുകൂടി രൂപം കൊടുത്തു അയാള്‍.
‘ജിഹാദികള്‍ ഭാരതത്തിന്റെ അതിര്‍ത്തി ഭേദിക്കുമെന്നും അതിനുവേണ്ടി ഇന്ത്യയിലെ മുസ്ലീം സമൂഹം ഒരുമിച്ചുനിന്ന് സഹായമൊരുക്കണമെന്നും അയാള്‍ പല തവണ ശബ്ദസന്ദേശങ്ങളിലൂടെ ‘തന്റെ ജനങ്ങളോട്’ ആവശ്യപ്പെട്ടു. മൗലാന അസീം ഒമര്‍ എന്ന വിശ്വസ്തനായ അനുയായിയെയാണ് ഭാരതത്തിലെ മുസ്ലീങ്ങളെ അല്‍ഖ്വയ്ദയിലേയ്ക്ക് വലിച്ചടുപ്പിക്കാനും അതിലൂടെ ബര്‍മ്മ, കശ്മീര്‍, ഇസ്ലാമാബാദ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലീങ്ങളുടെ രക്ഷയ്‌ക്കെത്തുവാനും സവാഹിരി തെരഞ്ഞെടുത്തത്. (ഈയാള്‍ പിന്നീട് അഫ്ഗാനിസ്ഥാനില്‍ വെച്ച്, 2019-ല്‍ കൊല്ലപ്പെട്ടു). ഞങ്ങള്‍ നിങ്ങളെ മറന്നിട്ടില്ലെന്നും അടിച്ചമര്‍ത്തലില്‍നിന്ന് ഞങ്ങള്‍ നിങ്ങളെ മോചിപ്പിക്കുമെന്നും സവാഹിരി മുസ്ലീങ്ങളോട് തന്റെ ശബ്ദസന്ദേശങ്ങളിലൂടെ ഉരുവിട്ടോര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
മാത്രവുമല്ല, ഇന്ത്യയെ തുണയ്ക്കുന്ന ഇസ്ലാമികരാജ്യങ്ങളെ അപലപിച്ചുകൊണ്ടും കശ്മീരിനെ പാലസ്തീനിനോട് ഉപമിച്ചുകൊണ്ടും ഭാരതത്തിനെതിരെ അണിനിരക്കാന്‍ ലോകമുസ്ലീങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടും ഭാരതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടുകൊണ്ട് അയാള്‍ നമ്മുടെ നാടിന് തലവേദനയൊരുക്കാന്‍ തുടങ്ങി. ബി.ജെ.പി വക്താവായ നൂപുര്‍ ശര്‍മ്മയുടെ ചാനല്‍ പരാമര്‍ശത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താനും പ്രധാനമന്ത്രി മോദിയെ വധിക്കാനും അല്‍ഖ്വയ്ദയുടെ അമരത്തിരുന്നുകൊണ്ട് അയാള്‍ പ്രസ്താവനയിറക്കി.
മരിച്ചുവെന്ന് പരക്കെ വിശ്വസിക്കപ്പെട്ട സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന അഭ്യൂഹങ്ങള്‍ അമേരിക്കയെ ജാഗരൂകമാക്കിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. ലോകത്തിന്റെ എല്ലാ മുക്കിലേക്കും മൂലയിലേക്കും സവാഹിരിയെത്തേടി അമേരിക്ക കണ്ണും കാതും തുറന്നു വെച്ചു.
ഈ സമയത്താണ്, കര്‍ണ്ണാടകയില്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. കേരളത്തിലെ ‘അല്‍-കേരള’ എന്ന താലിബാന്‍ പ്രേമികളായ ഇസ്ലാമികരാഷ്ട്രീയസംഘടന പ്രസ്തുത വിഷയം താലിബാന്‍ ഭീകരന്മാരുടെ ശ്രദ്ധയിലെത്തിച്ചു. ഇതറിഞ്ഞ സവാഹിരി ഭാരതത്തിലെ കാഫിറുകളുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നിര്‍മ്മാര്‍ജ്ജനത്തിലൂടെ മാത്രമേ അവിടെ ഇസ്ലാമിന്റെ ശാന്തി പുലര്‍ത്താനാവൂ എന്നു പോകുന്ന ഒരു ശബ്ദസന്ദേശം 2022 ഏപ്രില്‍ മാസത്തില്‍ തന്റെ അനുയായികള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. അതുവരെ സവാഹിരി മരിച്ചു എന്നു വിശ്വസിച്ചിരുന്ന അമേരിക്കയ്ക്ക് തങ്ങളുടെ വിശ്വാസത്തിലുള്ള അബദ്ധം ബോധ്യമായി. തങ്ങളുടെ രഹസ്യാന്വേഷണസേനയെ നിയോഗിച്ച് അമേരിക്ക, സവാഹിരി ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലെല്ലാം വലയിട്ടു തിരഞ്ഞു. കാബൂളിലെ ഷേര്‍പ്പൂരുള്ള സിറാജുദ്ദീന്‍ ഹഖാനിയുടെ വീട്ടില്‍ സവാഹിരി താമസിക്കുന്നുണ്ടെന്ന് 2022-ന്റെ ആരംഭത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. ഈ വിവരം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 2022 ജൂലായ് മാസം 25-ാം തിയതി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, സവാഹിരിയെ വധിക്കാന്‍ സി.ഐ.എയ്ക്ക് ഉത്തരവു നല്‍കി.
പിന്നെ നടന്നതെല്ലാം ഒരു സിനിമയുടെ തിരക്കഥപോലെ, വളരെ ആസൂത്രിതമായിട്ടായിരുന്നു. 1500 കിലോമീറ്റര്‍ അകലെയുള്ള വടക്കന്‍ കിര്‍ഗിസ്ഥാനിലെ ഗാന്‍സി എയര്‍ ബേസില്‍ നിന്ന് കാബൂളിലേക്ക് ഒരു ആളില്ലാവിമാനം വലിയ കോലാഹലങ്ങളൊന്നുമില്ലാതെ പറന്നെത്തി. 2020-ല്‍, ‘ഇറാന്റെ ജയിംസ് ബോണ്ട്’ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന െൈസനിക കമാണ്ടര്‍ ഖാസിം സുലൈമാനിയെ ബാഗ്ദാദ് അന്തരാഷ്ട്രവിമാനത്താവളത്തിനടുത്തു വെച്ച് വകവരുത്തിയ തരത്തിലുള്ള, ‘എം ക്യു-9 റിപ്പര്‍’ മോഡല്‍ ഡ്രോണായിരുന്നു അത്. ജൂലായ് മാസം 31-ാം തിയതി, ഇന്ത്യന്‍ സമയം രാവിലെ 6 മണി കഴിഞ്ഞ് 18 മിനിറ്റായിരുന്നു അപ്പോഴത്തെ സമയം. കാബൂളിലെ ഷേര്‍പ്പൂരിലുള്ള വീടിന്റെ ബാല്‍ക്കണിയില്‍ വിശ്രമിക്കുകയായിരുന്നു അപ്പോള്‍ കൊടുംഭീകരനായ അയ്മന്‍ അല്‍ സവാഹിരി. അഫ്ഗാന്‍ ഭരണകൂടത്തില്‍ വന്‍സ്വാധീനമുള്ള സിറാജുദ്ദീന്‍ ഹഖാനി എന്ന ഹഖാനി സംഘത്തലവന്റെ വീട്ടിലായിരുന്നു സവാഹിരി താമസിച്ചിരുന്നത്. ആകാശസീമകള്‍ താണ്ടി പറന്നെത്തിയ ഡ്രോണില്‍നിന്ന് പുറപ്പെട്ട രണ്ടു ‘ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ്’ മിസൈലുകളിലൊന്ന് അഗ്നിച്ചിറകുള്ള കഴുകനെപ്പോലെ കുതിച്ചെത്തി ബാല്‍ക്കണിയില്‍ നിന്നുകൊണ്ടിരുന്ന സവാഹിരിയുടെ ശരീരം തലങ്ങും വിലങ്ങും വെട്ടിമുറിച്ചു കഷ്ണങ്ങളാക്കി അയാളുടെ കഥ കഴിച്ചു.

അങ്ങനെ, ജൂലായ് 31-ാം തിയതി ഞായറാഴ്ച രാവിലെ 6 മണി കഴിഞ്ഞ് 18 മിനിറ്റായപ്പോള്‍, രാജ്യം തങ്ങളെ ഏല്പിച്ച ദൗത്യം കൃത്യമായി നിര്‍വ്വഹിച്ച് സി.ഐ.എ യുടെ ചുണക്കുട്ടികള്‍ കൃതകൃത്യരായി.
കോവിഡ് രോഗം ബാധിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ ക്ഷീണിതനായി വിശ്രമിക്കുകയായിരുന്നു അപ്പോള്‍ ജോ ബൈഡന്‍. ഈ സംഭവത്തെക്കുറിച്ചുള്ള തീ പറക്കുന്ന വിവരങ്ങള്‍ അദ്ദേഹം ശ്രവിച്ചത് അത്യാഹ്ലാദത്തോടെയായിരുന്നു. താനനുഭവിക്കുന്ന ആനന്ദാതിരേകത്തില്‍ രോഗാതുരത മറന്ന് അദ്ദേഹം ആ വിവരം ലോകത്തെ അറിയിച്ചു.
‘കൊടുംക്രൂരനായ ഈ കൊലയാളിയെ ഓര്‍ത്ത് ലോകം ഇനി ഭയപ്പെടേണ്ടതില്ല. നീതി നടപ്പായിക്കഴിഞ്ഞിരിക്കുന്നു. ഒന്നോര്‍ത്തുകൊള്ളുക: നിങ്ങള്‍ ഞങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുമെങ്കില്‍ എത്ര കാലമെടുത്തായാലും ശരി, ഒരിക്കല്‍ ഞങ്ങള്‍ നിങ്ങളെ വകവരുത്തിയിരിക്കും. അതില്‍നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ എവിടെപ്പോയൊളിച്ചിട്ടും കാര്യമില്ലെന്നാണ് ഈ നരാധമന്റെ ഉന്മൂലനത്തോടെ ഒരിക്കല്‍ക്കൂടി ഞങ്ങള്‍ തെളിയിച്ചിരിക്കുന്നത്.’ എന്നാണ് ആഹ്ലാദഭരിതനായി ബൈഡന്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്.
സവാഹിരിയുടെ വധവാര്‍ത്തയെ നിറഞ്ഞ മനസ്സോടെ ആദ്യം സ്വാഗതം ചെയ്തത് സൗദി അറേബ്യയായിരുന്നു. മുഹമ്മദിന്റെ തത്വങ്ങളെ കര്‍ക്കശമായി കാക്കാന്‍ തന്റെ ഭിഷഗ്വരവൃത്തിപോലുമുപേക്ഷിച്ചിറങ്ങിയ മതസംരക്ഷകന്റെ ഉച്ചാടനത്തില്‍ ആഹ്ലാദം കൊണ്ടത്, മുഹമ്മദ് നബിയുടെ ജന്മഭൂമിയും മുസ്ലീങ്ങളുടെ പ്രധാന ആരാധനാലയമായ ക്അബ നിലകൊള്ളുന്ന അറേബ്യയായിരുന്നു എന്നത് വൈരുദ്ധ്യമായി തോന്നാമെങ്കിലും ആ വസ്തുത വെളിപ്പെടുത്തുന്ന ഒരു വലിയ സത്യമുണ്ട്. എല്ലാ മുസ്ലീങ്ങളെയുംപോലെത്തന്നെ എല്ലാ മുസ്ലീം രാജ്യങ്ങളും തീവ്രവാദത്തെ ഒരുപോലെ പിന്‍തുണയ്ക്കുന്നില്ല എന്നുള്ളതാണ് ആ വാസ്തവം. (പക്ഷേ, പതിവുപോലെ നമ്മുടെ കേരളഭൂമിയിലെ ചില താലിബാന്‍ പ്രേമികള്‍, കൊടുംഭീകരനായ സവാഹിരിയുടെ ആത്മശാന്തിക്കുവേണ്ടിയും കൂട്ടപ്രാര്‍ത്ഥന നടത്തി എന്നുള്ളത് വേറെ കാര്യം).
അമേരിക്കയ്ക്ക് സവാഹരിയെക്കുറിച്ചും അയാളുടെ ഒളിസങ്കേതങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ കൈമാറിയത് പാകിസ്ഥാനായിരുന്നു എന്നാണ് അഫ്ഗാന്‍ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന വിദഗ്ധനായ ഫഹിം സാദത്ത് അഭിപ്രായപ്പെട്ടത്. അതിനുള്ള കാരണമെന്താണെന്നറിയണ്ടേ? ചൈന ഒരുക്കിയ കെണിയില്‍ കുടുങ്ങി സാമ്പത്തികമായ അരക്ഷിതത്വത്തിലേക്ക് കൂപ്പുകുത്തി പാപ്പരായിക്കൊണ്ടിരിക്കുന്ന പാകിസ്ഥാന,് ചൈനയോടുള്ള അമിതബാന്ധവത്തിന്റെ പേരില്‍ തങ്ങളില്‍ നിന്ന് അകന്നു പോയിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ പ്രീതി സമ്പാദിക്കണം. അതിലൂടെ, ഐ.എം.എഫില്‍ നിന്ന് ഒരു വന്‍ തുക വായ്പയായി നേടിയെടുക്കണം. അതിന് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം സവാഹിരിയുടെ ജീവന്‍. ഇസ്ലാമിന്റെയും മുഹമ്മദിന്റെയും സല്‍ക്കീര്‍ത്തിക്ക് ഭംഗമുണ്ടാക്കുന്ന ഒന്നിനെയും വച്ചുപൊറുപ്പിക്കാത്ത, മുസ്ലീങ്ങളുടെ രക്ഷകനെന്ന് അവകാശപ്പെടുന്ന പാകിസ്ഥാന്‍, അതേ ആശയത്തിനുവേണ്ടി ജീവിതമുഴിഞ്ഞുവെച്ച സവാഹിരിയുടെ ജീവനപകടപ്പെടുത്താന്‍ കൂട്ടു നിന്നു എന്നുള്ളത് ആ നാടിന്റെ വിശ്വാസ്യതയിലേക്കും കറകളഞ്ഞ സ്വാര്‍ത്ഥതയിലേക്കും തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. സവാഹിരിയുടെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്ന 25 മില്ല്യണ്‍ ഡോളര്‍ തരമായിക്കിട്ടിയാല്‍പ്പോലും അത് പാകിസ്ഥാന് ഈ വൈതരണിയില്‍ തെല്ലൊന്നുമല്ലല്ലൊ ആശ്വാസമാവുക!
ഇനി സവാഹിരി എന്ന കൊടും ഭീകരന്റെ ഉയിര്‍ പറിച്ചെടുത്ത ‘ഹെല്‍ഫയര്‍’ മിസൈലിനെക്കുറിച്ച് ഒരനുബന്ധം:
ആക്രമണസമയത്ത് സവാഹിരിയുടെ കുടുംബാംഗങ്ങളും അയാളുടെ കൂടെയുണ്ടായിരുന്നുവെങ്കിലും അവരെല്ലാം ആക്രമണത്തിന് വിധേയരാകാതെ രക്ഷപ്പെടുകയാണുണ്ടായത് എന്ന വസ്തുത എടുത്തു കാട്ടുന്നത് സവാഹിരി എന്ന കൊടും ഭീകരന്റെ ഉയിര്‍ പറിച്ചെടുത്ത ‘ഹെല്‍ഫയര്‍’ മിസൈലിന്റെ പ്രായോഗികകൃത്യതയെയാണ്. സവാഹിരിയുടെ ഉയിര്‍ മായിച്ചു കളഞ്ഞെങ്കിലും അടുത്തുള്ള മറ്റൊരാള്‍ക്കും ഒരു നേരിയ പോറല്‍പോലുമേല്പിക്കാതെ കിറുകൃത്യമായിട്ടായിരുന്നു ‘നരകത്തീ’ (ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ്) അതിന്റെ ദൗത്യം നിര്‍വഹിച്ചത്. സ്‌ഫോടനമേതുമുണ്ടാക്കാതെ ലക്ഷ്യത്തില്‍ കൃത്യമായി പ്രഹരമേല്പിക്കാന്‍ ശേഷിയുള്ളതാണ് ‘ഹെല്‍ഫയര്‍’ (നരകാഗ്നി) മിസൈലുകള്‍. റേസറിനു തുല്യമായ ആറു മൂര്‍ച്ചയുള്ള ബ്ലേഡുകളാണ് ഈ മിസൈലിന്റെ മുഖത്തു ഘടിപ്പിച്ചിട്ടുള്ള പ്രഹരായുധം. പൊട്ടിത്തെറിക്കുന്നതിനു പകരം ശത്രുവിനെ അരിഞ്ഞുതള്ളുന്ന പ്രകൃതമാണ് അമേരിക്കയുടെ ഈ വജ്രായുധത്തിനുള്ളത്. ഇതിനു മുമ്പ്, 2017 മാര്‍ച്ചില്‍, സിറിയയിലെ ഇബ്ലിക്ക് പ്രവിശ്യയില്‍ യാത്രയില്‍ ഏര്‍പ്പെട്ടിരുന്ന, അല്‍ഖ്വയ്ദയുടെ മറ്റൊരു ഭീകരനേതാവായിരുന്ന അഹമ്മദ് ഹസ്സന്‍ അബു ഖയര്‍ അല്‍ മസ്രിയെ നാമാവശേഷമാക്കിയതും ഇത്തരമൊരു മിസൈലായിരുന്നു. കാറിന്റെ മേല്‍ക്കൂരയില്‍ ഒരു വലിയ വിടവു സൃഷ്ടിച്ചുകൊണ്ടായിരുന്നു അന്ന് ‘നരകാഗ്നി’യുടെ ബ്ലേഡുകള്‍ മസ്രിയുടെ കഴുത്തറുത്തത്.
അബു അല്‍ ഖയര്‍ മസ്രിയുടെ വധത്തിനു മുമ്പ് ‘ഹെല്‍ഫയര്‍’ മിസൈലുകളും പൊട്ടിത്തെറിച്ച് വിനാശം വരുത്തുന്ന തരത്തിലുള്ളതായിരുന്നുവെങ്കിലും പ്രസ്തുത മിസൈലിന് ഇങ്ങനെയൊരു രൂപാന്തരം വരുത്തിയത് മസ്രിയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുതന്നെയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ബരാക് ഒബാമ അമേരിക്കയുടെ അമരം കാക്കുന്ന കാലത്താണ് മറ്റാര്‍ക്കും അപകടം വരുത്താതെ ശത്രുവിന്റെ മാത്രം കഥ കഴിക്കുന്ന ഇത്തരത്തിലൊരു മിസൈല്‍ ഉരുത്തിരിച്ചെടുക്കാന്‍ ഗവേഷണം തുടങ്ങുന്നതും അത് വിജയം പ്രാപിക്കുന്നതും. ഈ ആക്രമണത്തില്‍ അബു അല്‍ ഖയറും കൂടെ സഞ്ചരിച്ചിരുന്ന കൂട്ടാളിയും കൊല്ലപ്പെട്ടുവെങ്കിലും കാറിന്റെ മുന്‍വശത്തും പിന്‍വശത്തുമുള്ള ചില്ലുകള്‍പോലും തകര്‍ക്കാതെ അന്ന് മിസൈല്‍ പുലര്‍ത്തിയ വിനാശസൂക്ഷ്മത ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ചശിഷമ മാതൃകയിലുള്ള ഈ മിസൈലിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഈ വജ്രായുധത്തെക്കുറിച്ച് ലോകം അറിയുന്നത്.
വളരെ അപൂര്‍വ്വമായി മാത്രം ഉപയോഗിക്കപ്പെടുന്ന ഈ മിസൈലിനെക്കുറിച്ചുള്ള സൂക്ഷ്മവിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുകയാണ് അമേരിക്ക. പെന്റഗണിന്റെയും സി ഐ എയുടെയും പരിപൂര്‍ണ്ണനിയന്ത്രണത്തിലാണ് ഈ മിസൈല്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇതുവരെ, പതിനൊന്നു തവണ മാത്രമേ അമേരിക്ക ഈ വജ്രായുധത്തെ ആറു രാജ്യങ്ങളിലുള്ള ശത്രുപാളയങ്ങളിലേക്ക് തൊടുത്തുവിട്ടിട്ടുള്ളൂ.