കമ്മ്യൂണിസത്തെ, പ്രയോഗത്തിലും പ്രസിദ്ധീകരണങ്ങളിലും വിലയിരുത്തുമ്പോള്‍, എങ്ങനെ എത്രത്തോളം പ്രയോഗവിരുദ്ധമാണെന്ന് തൊലിയുരിച്ച് അവതരിപ്പിച്ച മലയാള സിനിമയായിരുന്നു ‘ലഫ്റ്റ് റൈറ്റ് ലഫ്റ്റ്’. മുരളി ഗോപിയാണ് കഥയെഴുതിയത് (2013). അതേ മുരളി ഗോപിയുടെ 2022ലെ സിനിമയാണ് ‘തീര്‍പ്പ്’- പത്രപ്രവര്‍ത്തകനും സ്വതന്ത്ര രാഷ്ട്രീയ ബോധക്കാരനുമായതിനാല്‍ സമകാലികസംഭവങ്ങളോടുള്ള പ്രതികരണവും, വിമര്‍ശനവും, സ്ഥായിയായ സാമൂഹ്യ മാനുഷിക നിലപാടുകളും, മുരളിയുടെ സിനിമകളിലുണ്ട്. ജോണ്‍സണ്‍ മാവുങ്കലെന്ന വ്യാജപുരാവസ്തു സൂക്ഷിപ്പുക്കാരനും അയാളെ സഹായിക്കുന്ന പോലീസ് ഐജിയും റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തട്ടിപ്പും ചതിയും, സാമ്പത്തിക പരിഷ്‌കരണവും അതിലൂടെ സംഭവിച്ച വിദേശവല്‍ക്കരണവും ആഗോള വഞ്ചനയുമൊക്കെ സിനിമയിലുണ്ട്. തരംകിട്ടുമ്പോള്‍ നാടിന്റെ സംസ്‌കാരത്തെ ആക്ഷേപിക്കുകയും ഹിറ്റ്‌ലറേയും മുസോളനിയേയും ചെഗുവേരയേയും സദ്ദാം ഹുസൈനെയും ആരാധ്യ നായകരായിക്കാണുകയും ചെയ്തുവരുന്നവരുടെ വഞ്ചനകളും ചതികളും പറയുന്ന കഥഒടുവില്‍ ഒരു കൊലപാതകത്തിലെത്തുന്നു. കൊല്ലപ്പെട്ട അബ്ദുള്ളയുടെ മൃതദേഹം കടലില്‍ രഹസ്യമായി മറവുചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന ഐജി, പുരാവസ്തു ശേഖരത്തില്‍ നിന്ന്, കുറ്റകൃത്യത്തിന് സഹായകമായി വേഷം മാറാന്‍ കണ്ടെത്തുന്നത് ഹിറ്റ്‌ലറുടേയും മുസ്സോളിനിയുടേയും യൂണിഫോമാണ്. തല്ലിക്കൊന്നയാളിന്റെ മൃതദേഹം കത്തികൊണ്ട് വയര്‍ കുത്തിപ്പിളര്‍ക്കുന്നുണ്ട് ‘ഹിറ്റ്‌ലറും’ ‘മുസ്സോളിനി’യും ചേര്‍ന്ന്. ഈ സിനിമ പലരീതിയില്‍ കണ്ട് വ്യാഖ്യാനിക്കാവുന്നതാണ്. പക്ഷേ, സമകാലിക സംസ്ഥാന രാഷ്ട്രീയത്തിന്റെ കോണിലൂടെയുള്ള കാഴ്ചയ്ക്ക് പ്രസക്തിയേറെയുണ്ട്.
2022 ആഗസ്റ്റ് 31ന് അന്തരിച്ച മിഖായേല്‍ സെര്‍ജിയേവിച്ച് ഗോര്‍ബച്ചേവിനെക്കുറിച്ച് എഴുതാനാണ് ഇങ്ങനെ തുടങ്ങിയത്. വിക്ടര്‍ എന്ന കുട്ടി, ക്രിസ്ത്യന്‍ മതാചാരപ്രകാരം ജ്ഞാന സ്‌നാനം ചെയ്തശേഷമാണ് മിഖായേല്‍ ഗോര്‍ബച്ചേവായത്. പതിനഞ്ചാം വയസ്സില്‍ യൂത്ത് കമ്മ്യൂണിസ്റ്റ് ലീഗില്‍ ചേര്‍ന്നു. മിഖായേല്‍ സുല്‍സോവ് എന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് പാര്‍ട്ടിയിലെത്തിച്ചത്. നേരായ പാര്‍ട്ടി വഴിയില്‍ത്തന്നെ. 1985ല്‍ ഗോര്‍ബച്ചേവ് സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. 85 മുതല്‍ 1991 വരെ സോവ്യറ്റ് യൂണിയന്റെ ഭരണത്തലപ്പത്തും പാര്‍ട്ടിത്തലപ്പത്തുമുണ്ടായിരുന്നു. സോവ്യറ്റ് യൂണിയന്‍ വിഘടിച്ച് റഷ്യയായി മാറുന്നതിനു മുമ്പ്, സോവ്യറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ, ആ പാര്‍ട്ടിയുടെ ലോകോത്തര ഭരണ മാതൃകയായി പറയപ്പെട്ട സോവ്യറ്റ് യൂണിയനേയും ജനങ്ങള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ ഇടയാക്കിയ ‘ഗ്ലാസ്‌നോസ്റ്റ്,’ ‘പെരിസ്‌ട്രോയ്ക്ക’ എന്നീ പരിഷ്‌കാരങ്ങള്‍ക്ക് കാരണക്കാരനായ ഗോര്‍ബച്ചേവിന്, രാജ്യം വിഘടിക്കപ്പെട്ട്, സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളില്‍പ്പെട്ടതിനെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്നു. അങ്ങനെ അധികാരത്തില്‍ നിന്ന് ഗോര്‍ബച്ചേവ് എന്നേക്കുമായി പുറത്തായി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകനായാണ് ഗോര്‍ബച്ചേവ് തുടങ്ങിയത്; അവിടെ നിന്നും വളര്‍ന്ന് പാര്‍ട്ടിയും രാജ്യവും നയിക്കുന്ന പരമാധികാരിയായി. ഗോര്‍ബച്ചേവ് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കേന്ദ്ര നേതാക്കളില്‍ പ്രമുഖനായിരുന്നിട്ടും 1982ലെ ഒരു ബജറ്റ് കോപ്പി കിട്ടാന്‍ ശ്രമിച്ചിട്ട് അക്കാലത്ത് ലഭിച്ചില്ല. യുഎസ്എസ് ആറിന്റെ ജനറല്‍ സെക്രട്ടറിയോട് ചോദിക്കൂ എന്നായിരുന്നു ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ഗോര്‍ബ്ബച്ചേവിന് കിട്ടിയ മറുപടി. പാര്‍ട്ടിയിലെ ആ മുതിര്‍ന്ന നേതാവിന് സ്വന്തം സര്‍ക്കാരിന്റെ പൊതുരേഖയായ ബജറ്റ് കിട്ടാതിരുന്ന രഹസ്യ കാലം, ഇരുമ്പുമറക്കാലം സോവ്യറ്റ് യൂണിയനിലുണ്ടായിരുന്നു. രാജ്യം 1970കളുടെ ആദ്യം തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്, ഗോര്‍ബച്ചേവ് തിരിച്ചറിഞ്ഞിരുന്നു; രാജ്യവും പാര്‍ട്ടിയും കെട്ടിമൂടിവച്ചിരിക്കുന്നത് പൊങ്ങച്ചവും പാപ്പരത്തവുമാണെന്നും. അങ്ങനെയാണ് ഭരണകാര്യങ്ങളിലും പാര്‍ട്ടികാര്യങ്ങളിലും സുതാര്യതയ്ക്കായി ഗ്ലാസ്‌നോസ്റ്റും സാമ്പത്തിക പരിഷ്‌കരണമുള്‍പ്പെടെ ലക്ഷ്യമിട്ട് പെരിസ്‌ട്രോയ്കയും നയമാറ്റങ്ങളായി 1988ല്‍, പ്രസിഡന്റായപ്പോള്‍ ഗോര്‍ബച്ചേവ് നടപ്പാക്കിയത്. തുടര്‍ന്ന്, അമേരിക്കയുമായി റഷ്യയ്ക്കുണ്ടായിരുന്ന ശീതയുദ്ധം (കോള്‍ഡ് വാര്‍) ഗോര്‍ബച്ചേവ് അവസാനിപ്പിച്ചു. യുദ്ധത്തിന് പകരം വിനിമയവും സഹകരണവും തുടങ്ങി. പലവിധ ഭരണ പരീക്ഷണങ്ങള്‍ നടപ്പാക്കി. സമാധാനത്തിനുള്ള നോബല്‍ സമ്മാനം 1990ല്‍ നേടി. അപ്പോഴേക്കും സോവ്യറ്റ് യൂണിയനും സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടപ്പെട്ടു. പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും കാപട്യങ്ങള്‍ ജനങ്ങളറിഞ്ഞു. അതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഗോര്‍ബച്ചേവിനെ അമേരിക്കയുടെ ‘ട്രോജന്‍ കുതിര’യാണെന്ന് വ്യാഖ്യാനിച്ചു. ഗോര്‍ബച്ചേവിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു.
ചരിത്രപരമായി മാത്രമല്ല, സാംസ്‌കാരികവും സാമ്പത്തികവുമായ മേഖലയിലും ഗോര്‍ബച്ചേവിന് അബദ്ധം പറ്റി. അതുപക്ഷേ ഗോര്‍ബച്ചേവിന്റെ തെറ്റാണെന്ന് കമ്മ്യൂണിസ്റ്റുകള്‍ വാദിക്കുന്നതാണ് കൗതുകം. അതോടെ അത് ആ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ നയനിലപാടിലെ തെറ്റാണെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണ്. ഏറ്റവും ചുരുക്കി വിശദീകരിച്ചാല്‍ ഇങ്ങനെയാണ്:- ഒന്ന്: സോവ്യറ്റ് യൂണിയന്‍ ഒരു പൊതു സാംസ്‌കാരമുള്ള പല ഭൂപ്രദേശങ്ങളുടെ സമന്വയമാണെന്ന് തിരിച്ചറിയുന്നതിലും അംഗീകരിക്കുന്നതിലും ഗോര്‍ബ്ബച്ചേവ് പരാജയപ്പെട്ടുവെന്നാണ് കമ്യൂണിസ്റ്റ് കുറ്റപത്രം. അങ്ങനെയാണ്, ഒരു കാലത്ത് വന്‍ലോക ശക്തിയായിരുന്ന സോവ്യയറ്റ് യൂണിയന്‍ പല രാജ്യങ്ങളായത്, റഷ്യയും ഉക്രൈനും തമ്മില്‍ ഇപ്പോള്‍ പോലും യുദ്ധം ചെയ്യുന്ന സ്ഥിതി വന്നത്. രണ്ട്: സാമ്പത്തിക സ്ഥിതി സമത്വം വഴി, മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രാധിഷ്ഠിതമായ സാമ്പത്തിക നയ നിലപാടുകള്‍ വഴി എല്ലാ ലോകപ്രശ്‌നങ്ങള്‍ക്കും സമാധാനമെന്ന പരിഹാരവാദം തെറ്റെന്ന് വ്യക്തമായി. സോവ്യറ്റ് യൂണിയന്‍ ഗോര്‍ബച്ചേവ് ഭരിക്കും മുമ്പ് സാമ്പത്തിക പൊള്ളത്തരത്തിന്റെ രഹസ്യക്കോട്ടയായിരുന്നു. അത് കമ്മ്യൂണിസത്തിന്റെ പരാജയം. അതില്‍ പരിഷ്‌കാരം കൊണ്ടു വന്നിട്ട് ഗോര്‍ബച്ചേവിനും ആ രാജ്യത്തെ രക്ഷിക്കാനായില്ല. അതായത് പ്രായോഗികതലത്തില്‍ ആ സമ്പദ്ശാസ്ത്രം ഭരണ സംവിധാനത്തില്‍ അപര്യാപ്തമാണ്.
ഗോര്‍ബച്ചേവ് പരാജയപ്പെട്ട, ഗോര്‍ബച്ചേവിന് വീഴ്ച പറ്റിയ അതേ നയനിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയിലും (ചൈനയുടെ കാര്യം വിട്ടേക്കുക; അവര്‍ക്ക് പേരിലേ കമ്മ്യൂണിസമുള്ളൂ. അതാവട്ടെ, ബംഗളൂരു, മുംബൈ, തിരുവനന്തപുരം എന്നിങ്ങനെ പേരുമാറ്റിയിട്ടും ബാംഗ്ലൂര്‍, ബോംബെ, ടിവാന്‍ഡ്രം എന്ന് പറയും പോലെയാണ്. അഥവാ ഫ്രാന്‍സിസ് ആരായാലും ”അരിപ്രാഞ്ചി”യായി തുടരും പോലെയാണ്). ഇന്ത്യ ഒരു രാഷ്ട്രമല്ല, പല പ്രദേശങ്ങളുടെ കൂട്ടമാണ് എന്നു പറയുന്നവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍. അവരുടെ ഭരണശേഷി അവശേഷിക്കുന്ന കേരളത്തില്‍ നിന്നേ ആ ശബ്ദം ഇപ്പോള്‍ കേള്‍ക്കുന്നുള്ളൂവെങ്കിലും ഇന്ത്യയുടെ വിഘടനം തന്നെയാണ് അവരുടെ ലക്ഷ്യം. അത് റഷ്യയ്ക്കു പറ്റിയപ്പോള്‍ തെറ്റായതുപോലെയല്ലേ ഇന്ത്യയ്ക്കും ബാധകമാകുക? രണ്ട്: കമ്മ്യൂണിസ്റ്റ് സാമ്പത്തിക നയവും നടത്തിപ്പും ഭരണത്തിന്റെ പ്രായോഗികതലത്തില്‍ പരാജയമെന്ന് തുടര്‍ഭരണം ലഭിച്ചിട്ടും അവര്‍ തെളിയിക്കുകയാണല്ലോ. ഗോര്‍ബച്ചേവിന് തെറ്റിയെന്നു പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇക്കാര്യം ആദ്യം സമ്മതിക്കണം. അതായത് പരാജയപ്പെട്ടത് ഗോര്‍ബച്ചേവും സോവ്യറ്റ് യൂണിയനുമല്ല, കമ്മ്യൂണിസമാണെന്നു സമ്മതിക്കണം.
സോവ്യറ്റ് യൂണിയന്റെ ഇരുളടഞ്ഞ കമ്മ്യൂണിസ്റ്റ് സെല്‍മുറികളിലേക്ക് കാറ്റും വെളിച്ചവും കടത്തിവിട്ട്, അവയുടെ വാതിലുകള്‍ തുറന്നിട്ട ഗോര്‍ബച്ചേവ് വിവരാവകാശ വ്യവസ്ഥയുടെ ആധുനിക ലോകത്തെ ആദ്യസംസ്ഥാപകനാണ്. കോണ്‍സ്റ്റാന്റിന്‍ ചെര്‍ണെയോ മരിച്ചപ്പോള്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ ഏകകണ്ഠമായി തീരുമാനിച്ചാണ് ഗോര്‍ബച്ചേവിനെ പ്രസിഡന്റാക്കിയത്. അതുവരെ രാജ്യത്ത് ഇല്ലാതിരുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം, വിവരാവകാശസ്വാതന്ത്ര്യം, പത്രപ്രവര്‍ത്തനസ്വാതന്ത്ര്യം, രഹസ്യബാലറ്റവകാശം തുടങ്ങിയവ അനുവദിച്ച ഗോര്‍ബച്ചേവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും മാത്രം പുറത്തുവിടുന്നത് വിശ്വസിക്കുന്ന, പ്രചരിപ്പിക്കുന്ന സമ്പ്രദായം പരിഷ്‌കരിക്കുകയായിരുന്നു. ”സോവ്യറ്റ് എന്ന നാട്ടില്‍ പിറക്കാഞ്ഞ തില്‍ സങ്കടം പാടിയ ‘നാണിയുടെ വിലാപ’ങ്ങള്‍ ലോകത്ത് നാലുപാടും കേട്ടിരുന്ന സ്ഥിതി മാറി, പകരം ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നു; അതും ആധികാരികമായി. സ്റ്റാലിന്റെ റഷ്യയെക്കുറിച്ച് കേട്ടിരുന്നത് കെട്ടുകഥയല്ലെന്ന് ലോകത്തിന് തിരിഞ്ഞു. രഹസ്യാത്മകത പോയപ്പോള്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ അവരുണ്ടാക്കിയ ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നു. ഇരുമ്പുമറകള്‍ നീങ്ങിയിടത്തെല്ലാം കമ്മ്യൂണിസം ഏറ്റവും ദുര്‍ബലമായ ഒരു പ്രത്യയശാസ്ത്രമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പൊള്ളത്തരത്തെ തുറന്നുകാട്ടാന്‍ ലോകത്തെ സഹായിച്ചതാണ് ഗോര്‍ബച്ചേവിന്റെ ജീവിത ദൗത്യം. ആ ഗോര്‍ബച്ചേവ് അന്തരിച്ചപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഐ) മാത്രമാണ് ഔദ്യോഗികമായി അനുശോചിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) അഥവാ സിപിഎം അറിയാഞ്ഞതല്ല. അവര്‍ക്ക് ക്രിസ്തീയ മതാചാരപ്രകാരം ജ്ഞാനസ്‌നാനം ചെയ്‌തെങ്കിലും മിഖായേല്‍ ഗോര്‍ബച്ചേവ് ‘നികൃഷ്ടജീവി’യും ‘വെറുക്കപ്പെട്ടവനു’മാണ്. സോവ്യറ്റ് പ്രധാനമന്ത്രിയായിരുന്ന, ചരിത്രത്തിലെ ക്രൂരഭരണാധികാരികളില്‍ ഒരാളായ കമ്മ്യൂണിസ്റ്റ് ജോസഫ് സ്റ്റാലിനെ ആയിരുന്നു ഇറാഖിലെ യുദ്ധക്കൊതിയനായിരുന്ന സദ്ദാം ഹുസൈന്‍ ഏറ്റവും ആരാധിച്ചത്. അവര്‍ക്കു തമ്മില്‍ ഏറെ സാമ്യം പ്രവൃത്തിയില്‍ ഉണ്ടായിരുന്നു. മുസ്ലിമായ സദ്ദാം, മുസ്ലിങ്ങളില്‍ ഒരു വിഭാഗത്തെ ഇറാഖില്‍ വംശഹത്യ ചെയ്തയാളാണ്. പക്ഷേ, അമേരിക്ക സദ്ദാമിനെ വധിച്ചപ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ഹര്‍ത്താലാചരിച്ചു. എന്നാല്‍ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ മരണത്തില്‍ അനുശോചനം പോലും ഉണ്ടായില്ല എന്നുമാത്രമല്ല, ആക്ഷേപങ്ങള്‍ ധാരാളമായിരുന്നു.
അതാണ് കമ്മ്യൂണിസം. അത് ഗോര്‍ബച്ചേവിന്റേതായാലും സ്റ്റാലിന്റേതായാലും വ്യത്യസ്തമല്ല. അത് നേരിട്ടറിയാന്‍ അവസരമൊരുക്കിയതാണ് ഗോര്‍ബച്ചേവ് ലോകത്തിന് ചെയ്ത സേവനം. അതുകൊണ്ടുതന്നെ ഗോര്‍ബച്ചേവ് സ്മരിക്കപ്പെടുകയും ചെയ്യും.
ശീതയുദ്ധം അവസാനിപ്പിച്ച ഗോര്‍ബച്ചേവിന് ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു ദൗത്യവുമുണ്ടായിരുന്നു. അതില്‍ സംഘര്‍ഷമല്ല, സമവായവും സമന്വയുമാണ് ഭാവിക്കും സത്യത്തിനും ശാശ്വതമായ അടിത്തറയാവുകയെന്ന തത്ത്വമുണ്ടായിരുന്നു. അത് ഭാരതീയ ദര്‍ശന സാരമായിരുന്നു. അത് കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന് എതിരായിരുന്നു. അതില്‍ ആധുനിക കാലത്തെ വിപ്ലവോര്‍ജ്ജമുണ്ടായിരുന്നു. അത്, ഗോര്‍ബച്ചേവ് പ്രയോഗിക്കുന്നതിന് വര്‍ഷങ്ങള്‍ മുമ്പ് മഹാകവി അക്കിത്തം ഇങ്ങനെ കുറിച്ചിട്ടു:
”തോക്കിനും വാളിനും വേണ്ടി
ച്ചെലവിട്ടൊരിരുമ്പുകള്‍
ഉരുക്കി വാര്‍ത്തെടുക്കാവൂ
ബലമുള്ള കലപ്പകള്‍”
കവിയുടെ ക്രാന്തദര്‍ശിത്വവും കാലത്തിന്റെ അനിവാര്യ ദൗത്യവും സന്ധിച്ചത് അങ്ങനെയായിരുന്നു.